17/04/2026

നെഞ്ചോട് : ഭാഗം 26

രചന – കൃഷ്ണ

അച്ചു ഓഫീസിലേക്ക് പോകുന്നത് വരെ ജാനു അറിഞ്ഞു കൊണ്ട് പോലും ഒരു നോട്ടം അവനെ നോക്കിയില്ല… വേറൊന്നുമല്ല റൂമിൽ വെച്ചുണ്ടായ കാര്യം തന്നെ…

അച്ചു കാറിലേക്ക് കേറാൻ നേരം അനുസരണ തെറ്റി ആ മുഖത്തേക്ക് ജാനുവിന്റെ കണ്ണുകൾ പാഞ്ഞു… അവളുടെ നോട്ടം കണ്ട എന്നോണം അവൻ കള്ള ചിരിയോടെ സൈറ്റടിച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ച് കിസ്സ് കൊടുത്തു…
അവന്റെ ആ പ്രേവർത്തി കണ്ട് ജാനു ഞെട്ടി കൊണ്ട് അടുത്തു നിക്കുന്ന ദേവനെയും സുധയെയും നോക്കി… അവര് കണ്ടിരുന്നില്ല എന്നത് അവളിൽ സമാധാനമുണ്ടാക്കി… പിന്നെ അച്ചുവിന്റെ കാറ് മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടക്കുന്നത് വരെ ജാനു അവനെ നോക്കിയതേയില്ല…

അച്ചുവിനെ കുറിച്ച് ചിന്തിച്ച് ചെറു പുഞ്ചിരിയോടെ ജാനു ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു…

പെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്…

ഫോൺ എടുത്ത് നോക്കി… സ്‌ക്രീനിൽ ഏട്ടൻ എന്ന് തെളിഞ്ഞു കണ്ടതും അവൾ വേഗം കാൾ അറ്റന്റ് ചെയ്തു…

ഏട്ടാ… കാൾ അറ്റന്റ് ചെയ്ത് കൊണ്ടവൾ വിളിച്ചു…

ജാനൂട്ടിയെ… മറു തലയ്ക്കൽ നിന്ന് കൗസല്യയുടെ ശബ്‌ദം…

ആഹാ… കൗസു ആയിരുന്നോ…? എന്താണ് പെണ്ണേ ഒരു വിളിയൊക്കെ…?
അവൾ കുറുമ്പോടെ ചോദിച്ചു…

പോടീ പെണ്ണേ അവിടന്ന്… നിനക്ക് ഏട്ടനെ മാത്രം മതിയല്ലോ… ഈ പാവം കിളവിയെ വേണ്ടല്ലോ…

അച്ചോടാ… ആര് പറഞ്ഞു എന്റെ കൗസുനെ വേണ്ടന്ന്… എന്റെ മുത്തുമണിയല്ലേ… ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതല്ലേ…

മറു തലയ്ക്കൽ ചിരി കേൾക്കാം…

ഏട്ടനെത്യേ കൗസു…? അടുത്തുണ്ടോ…?

ചെക്കൻ ഈ തൊണ്ടനാ കുന്ത്രാണ്ടതിൽ മോളെ വിളിച്ചു തന്ന് മുറ്റത്തെ മാവിൽ പഴുത്തു കിടക്കുന്ന മാങ്ങ തോണ്ടി ഇടുവാണ്…

ടച്ചിന്റെ ഫോണിനെയാണ് ആള് അങ്ങനെ പറഞ്ഞത്… ജാനു അറിയാതെ ചിരിച്ചു പോയി…

ആമ് പിന്നെ അമ്മാമ്മ വിളിച്ചത് ഒരു കാര്യം പറയാൻ വേണ്ടിയിട്ടാ കുട്ടിയെ…

എന്താ കൗസു…?

ഞാൻ നാളെ തിരിച്ച് തറവാട്ടിലേക്ക് പോകും… വീടും പരിസരവും വിട്ട് നീങ്ങി നിന്നിട്ടിപ്പോ കുറച്ചായില്ലേ…

കൗസുന് ഏട്ടന്റെ കൂടെ നിന്നൂടെ… അതാകുമ്പോൾ ഒരു കൂട്ടുമാകുമല്ലോ… ഏട്ടൻ കൗസുന്റെ കാര്യങ്ങൾ നന്നായി നോക്കേം ചെയ്യുമല്ലോ…

അമ്മാമ്മയ്ക്ക് താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല… നിങ്ങൾക്കറിയാല്ലോ നിങ്ങടെ അമ്മച്ചൻ ഉറങ്ങുന്ന മണ്ണാണ്… അതികം മാറി നിക്കാൻ പറ്റില്ല കുട്ടിയെ… പിന്നെ കാർത്തി മോനെ അങ്ങട് വിളിച്ചാൽ ചെക്കൻ വരത്തില്ലന്നറിയാം…

മമ്… അവളൊന്ന് മൂളി…

ആമ് പിന്നെ കുട്ടിയെ മോൾക്ക് ഇങ്ങടൊന്നു വരാൻ പറ്റുവോ ഇന്ന്… അമ്മാമ്മ തിരികെ പോകുന്നതിന് മുന്നേ ഒന്ന് കാണാനാണ്…
ഹർഷ മോനോട് ചോദിച്ചിട്ടാ കുട്ടിയെ വിളിച്ചത്…

വിളിച്ചു ചോദിച്ചിട്ട് താന്തോന്നി എന്ത് പറഞ്ഞു കൗസു…?

എന്താ കുട്ടിയെ ഇത്… താലി കേട്ടിയെ പുരുഷനെ ഇങ്ങനെയൊക്കെയാണോ വിളിക്കണത്… അടി കൊള്ളും നീയ്…

കൗസല്യയുടെ ശകാരം ഫോണിലൂടെ മുഴങ്ങി…

എന്റെ കൗസു ഇത് സ്നേഹം കൊണ്ട് വിളിക്കുന്നതാ…
അവൾ രക്ഷപ്പെടാനെന്നോണം പറഞ്ഞു…

അതെങ്ങനെ ഇപ്പോഴത്തെ തലമുറ തന്നെ ഇങ്ങനെയല്ലേ…

ഓ… ഇനി ഇതിൽ പിടിച്ച് തൂങ്ങേണ്ട എന്റെ കൗസുവേ… ഞാൻ വേഗം പോയി അമ്മയോട് പറഞ്ഞിട്ട് റെഡിയായി ഇറങ്ങാൻ നോക്കട്ടെ… ഇതിന്റെ ബാക്കി അവിടെ വന്നിട്ട് ഞാൻ കേൾക്കാം…
അതും പറഞ്ഞു കൊണ്ട് ജാനു കാൾ കട്ടാക്കി ഫോൺ ടേബിളിലേക്ക് വെച്ച് നേരെ സുധയുടെ അടുക്കലേക്ക് പോയി…

ജാനു കിച്ചണിൽ വന്നു നോക്കിയെങ്കിലും സുധയെ അവിടെ കണ്ടിരുന്നില്ല… അവൾ നേരെ അവരുടെ റൂമിലേക്ക് പോയി…

സുധ റൂമിൽ ഡ്രസ്സ്‌ മടക്കി വെക്കുമ്പോഴാണ് ജാനു അങ്ങോട്ടേക്ക് കേറി വന്നത്…

അമ്മ ഇവിടെ നിക്കുവായിരുന്നോ…? ഞാൻ അമ്മയെ നോക്കി കിച്ചണിലേക്ക് പോയിരുന്നു കണ്ടില്ല അപ്പോ പിന്നെ ഇവിടെ കാണുമെന്നു മനസിലായി…
അവർക്കടുക്കലേക്ക് വന്നു കൊണ്ട് ജാനു പറഞ്ഞു…

അമ്മ ഈ തുണിയൊക്കെ ഒന്ന് മടക്കി വെക്കുവായിരുന്നു…
സുധ തുണി മടക്കി വെക്കുന്നതിനിടെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

അല്ല എന്താ മോള് അമ്മയെ തിരക്കി വന്നേ…?

അത് പിന്നെ അമ്മേ വീട്ടീന്ന് വിളിച്ചിരുന്നു… അമ്മാമ്മ നാളെ തറവാട്ടിലേക്ക് തിരിച്ചു പോകുവാ… പോണതിന് മുന്നേ എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു… ഇന്ന് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു കൊണ്ടാ വിളിച്ചത്… ഹർഷേട്ടനെ വിളിച്ചു സമ്മതം ചോദിച്ചെന്നു പറഞ്ഞു…

അതിനെന്താ മോളെ… അമ്മേടെ കുട്ടി പോയിട്ട് വായോ… ഇന്നൊരു ദിവസം അവിടെ നിന്നിട്ട് നാളെ അമ്മാമ്മ യാത്രയാക്കിയിട്ട് തിരിച്ചാൽ മതി…

സുധ പറഞ്ഞതു കേട്ട് ജാനുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു… അവൾ വേഗം അവരെ പോയി കെട്ടിപ്പിടിച് കവിളിൽ ഒരു ഉമ്മയും കൊടുത്ത് റൂമിലേക്കോടി…
അവളുടെ പോക്ക് കണ്ട് ചിരിയോടെ നോക്കി നിന്നു…

®®®®®®®®®®®®®®®

ജാനു വേഗം തന്നെ മാറ്റി ഒരുങ്ങി… പ്രേത്യേകം ഡ്രെസ്സൊന്നും എടുത്തില്ല…

റൂമിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ ജാനു കാർത്തിയെ വിളിച്ച് ബസ് സ്റ്റോപ്പിൽ വന്നു നിൽക്കാൻ പറഞ്ഞു…

പിന്നെ അച്ചുനെ കാൾ ചെയ്യാനും മറന്നില്ല… ചെറിയൊരു പതർച്ച തോന്നിയെങ്കിലും കാൾ ചെയ്തു… പക്ഷേ കക്ഷി അറ്റന്റ് ചെയ്തില്ല… ഓഫീസിൽ തിരക്കായത് കൊണ്ടാകുമെന്നോർത്ത് അവൾ പിന്നെ വിളിക്കാനും മുതിർന്നില്ല…

ജാനു ഒരുങ്ങി ഇറങ്ങി താഴെ വരുമ്പോൾ സുധ അവളെ നോക്കിയെന്ന കണക്കെ ഇരിപ്പുണ്ടായിരുന്നു…

അമ്മേ ഞാൻ പോയിട്ട് വരാം… വീട്ടീന്ന് വിളിച്ചിട്ടുണ്ടായിരുന്നെങ്കിലും ഞാൻ ഹർഷേട്ടനെ കാൾ ചെയ്തിരുന്നു… ബസി ആയതു കൊണ്ടായിരിക്കും കാൾ എടുത്തിരുന്നില്ല…

അത് സാരമില്ല മോളെ… അല്ല കൂട്ടി കൊണ്ട് പോകാൻ കാർത്തി മോൻ വരുവോ…?

ഏയ്… ഇല്ലമ്മേ… ഏട്ടനോട് ഞാൻ ബസ് സ്റ്റോപ്പിൽ വന്നു നിന്നാൽ മതിയെന്ന് പറഞ്ഞു…

അപ്പോ ഇവിടന്ന് ഒറ്റയ്ക്ക് പോകാനോ… അത് വേണ്ട അമ്മ രവിയെ വിളിക്കാം…

ഏയ്… അത് സാരമില്ല അമ്മേ… ഞാൻ ബസിന് പൊയ്ക്കോളാം… കുറച്ചായില്ലേ അങ്ങനെയൊക്കെ ഒന്ന് പോയിട്ട്… പ്ലീസ്…

എന്റെ ഈശ്വരാ… ഇതെങ്ങാനും ആ ചെക്കൻ അറിയണ്ട… അറിയാല്ലോ അവന്റെ സ്വഭാവം…

അമ്മാ പ്ലീസ്… ഹർഷേട്ടൻ അറിയാതെ ശ്രെദ്ധിച്ചോളാം…
അവൾ കെഞ്ചി…

മമ്… ശെരി… എന്നാൽ വേഗം ഇറങ്ങാൻ നോക്ക്… പിന്നെ വീട്ടിൽ എത്തിയാൽ ഉടൻ തന്നെ അമ്മയെ വിളിക്കണം…
സുധ കരുതലോടെ ജാനുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…

ആമ്… അമ്മേ വിളിക്കാം…
അവൾ യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി…

®®®®®®®®®®®

മാളികയ്ക്കൽ വീട്ടിൽ നിന്നും കുറച്ച് ദൂരം നടക്കണം ബസ് സ്റ്റോപ്പിലേക്ക്…

ജാനു വേഗം ബസ് സ്റ്റോപ്പ്‌ ലക്ഷ്യം വെച്ച് നടന്നു…
അതികം വൈകാതെ ബസ് സ്റ്റോപ്പിൽ എത്തി… കുറച്ചതികം നേരം നിന്നതിനു ശേഷമായിരുന്നു അവളുടെ റൂട്ടിലേക്ക് ഓടുന്ന ബസ് വന്നത്… ബസിൽ കേറിയ ഉടനെ കാർത്തിക്കിന്റെ നമ്പറിലേക്ക് വിളിച്ച് ബസ് കേറിയ കാര്യം പറഞ്ഞ് ഫോൺ വെച്ച് സീറ്റിലേക്ക് ചാരി ഇരുന്നു…

ബസ് ഒരുവിധം വേഗത്തിൽ കുതിച്ചു മുന്നോട്ട് പോകുവാണ്… ഒപ്പം സ്റ്റീരിയലിൽ നിന്നും പാട്ടോടിക്കൊണ്ടിരിക്കുന്നു…

🎶മാന്താരം കാറ്റിനെ പ്രണയിച്ചതോ…
കാറ്റേ നീ പൂവിനെ പ്രണയിച്ചതോ… 🎶

ഒരു നിമിഷം ജാനുവിന്റെ മനസിലേക്ക് അച്ചുവിന്റെ മുഖം തെളിഞ്ഞു വന്നു… ചുണ്ടിൽ മൊട്ടിട്ട പുഞ്ചിരിയോടെ അവൾ സീറ്റിലേക്ക് ചാരിയിരുന്നു…

സ്റ്റോപ്പ്‌ എത്തിയതും ജാനു ഇറങ്ങി… ബസ് മുന്നോട്ട് കൊതിച്ചതും കണ്ട് മറുവശത്ത് തന്നെ നോക്കിയെന്നോണം ബൈക്കിൽ ചാരി നിക്കുന്ന കാർത്തിക്കിനെ…

വണ്ടിയൊന്നുമില്ലന്ന് ഉറപ്പ് വരുത്തി ജാനു റോഡ് ക്രോസ്സ് ചെയ്ത് കാർത്തിക്കിനടുക്കലേക്ക് ചെന്ന് അവന്റെ കൈയ്യിലേക്ക് തൂങ്ങി…

എന്റെ ജാനൂട്ടിയെ നിന്റെ ഈ കൊച്ചു കുട്ടികളെ കൂട്ടുള്ള സ്വഭാവം മാറിയില്ലേ…?

ഞാൻ എന്റെ ഏട്ടന്റെ കുട്ടി തന്നെയല്ലേ…
ജാനു കാർത്തിയെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു…

ഈ പെണ്ണിന്റെ ഒരു കാര്യം…
അവൻ ചിരിയാലെ ജാനുവിന്റെ തലക്കിട്ട് മെല്ലേ കൊട്ടി പറഞ്ഞതും അവളും ചിരിച്ചു പോയി…

വാ കേറ്… ബൈക്കിലേക്ക് കേറി സ്റ്റാൻഡ് മാറ്റി കൊണ്ട് കാർത്തി പറഞ്ഞു…

ജാനു പിന്നിലേക്ക് കേറിയിരുന്നതും അവൻ ബൈക്ക് മുന്നോട്ടെടുത്തു…

അവിടന്ന് ഇറങ്ങും നേരം അളിയനെ വിളിച്ചിരുന്നോ ജാനൂട്ടി നീയ്…?

ബൈക്ക് ഓടിക്കുന്നതിനിടെ കാർത്തി ചോദിച്ചു…

വിളിച്ചിരുന്നു ഏട്ടാ… പക്ഷേ കാൾ എടുത്തിരുന്നില്ല… ബസി ആയിരിക്കുമെന്ന് കരുതി പിന്നെ വിളിച്ചില്ല…

മമ്…
അവനൊന്ന് മൂളി…

കുറച്ച് സമയത്തിനുള്ളിൽ ഇരുവരും വീട്ടിലേക്ക് എത്തി ചേർന്നു…
അവരെ കാത്ത് കൗസല്യ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു…

ജാനു ബൈക്കിൽ നിന്നും ഇറങ്ങി കൗസല്യക്കടുക്കലേക്ക് ചെന്ന് അവരെ കെട്ടിപ്പിടിച് കവിൾ ചുണ്ട് ചേർത്തു…
അവളെ വാത്സല്യത്തോടെ അവര് ചേർത്തു പിടിച്ചു…

ഞങ്ങളെ നോക്കിയിരുന്നു മുഷിഞ്ഞോ കൗസുവേ…?

പോടീ കുറുമ്പി…
ജാനുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…

മോള് ചെന്ന് ഈ വേഷമൊക്കെ മാറി വായോ… അമ്മാമ്മ ചക്ക പുഴുക്ക് ഇണ്ടാക്കി വെച്ചിട്ടുണ്ട്…

എന്ന ചക്ക പുഴുക്ക് പ്ലേറ്റിലാക്കിക്കോ… ഞാൻ പോയിട്ട് ഇപ്പോ വരാം… അതും പറഞ്ഞു കൊണ്ട് ജാനു അകത്തേക്ക് ഓടി…

ഈ പെണ്ണിന് ഒരു മാറ്റവും വന്നിട്ടില്ല…
അവൾ പോയിടം നോക്കി കാർത്തി ചിരിയാലെ പറഞ്ഞു പോയി…

®®®®®®®®®®®®®®®®®®

ഇപ്പോ വരാമെന്ന് പറഞ്ഞു റൂമിലേക്ക് പോയിട്ട് എത്ര നേരായി കുട്ടി…? വേഷം മാറ്റി വരാൻ ഇത്രനേരമോ…?

ഇങ്ങു എത്തി കഴിയുമ്പോൾ അമ്മയെ വിളിക്കണമെന്ന് പറഞ്ഞിരുന്നു കൗസു… ഇവിടെ എത്തിയ കാര്യവും പിന്നെ ഇവിടത്തെ കാര്യവും ചോദിച്ച് കുറച്ച് നേരം നിന്നു പോയി…

ആമ്… എന്നാ കുട്ടി ഇരിക്ക്…
കൗസല്യ പാത്രത്തിലേക്ക് പുഴുക്ക് ഇട്ടു കൊണ്ട് പറഞ്ഞു…

അവിടെ അവർക്കൊക്കെ സുഖല്ലേ…?
അവൾക്ക് അടുക്കലായുള്ള കസേര വലിച്ചിട്ടിരുന്നു കൊണ്ട് കൗസല്യ ചോദിച്ചു…

ഹാമ് കൗസു… അവിടെ എല്ലാവരും ഹാപ്പിയായിട്ട് ഇരിക്കുന്നു… അമ്മയ്ക്കും അപ്പയ്ക്കും എന്നെ വലിയ കാര്യാ… സ്വന്തം മോളെ കണക്കെയാ നോക്കുന്നേ…
ജാനു പറയുന്നത് കേട്ട് കൗസല്യയ്ക്ക് വല്ലാതെ സന്തോഷം തോന്നി…

അപ്പോ ഹർഷയ്ക്കോ ജാനൂട്ടിയെ…?
ജാനുനടുക്കലേക്ക് വന്ന് പാത്രത്തിൽ നിന്നും ഒരു പിടി പുഴുക്കെടുത്തു വായിലിട്ടു കൊണ്ട് ചോദിച്ചു…

ഏഹ്… ആമ്… കുഴപ്പമില്ല…
കാർത്തിക്ക് മുഖം കൊടുക്കാതെ അവൾ പറഞ്ഞതെങ്കിലും ചുണ്ടിന്റെ കോണിൽ അവനെ ഓർത്ത് പുഞ്ചിരി തത്തിയിരുന്നു…

®®®®®®®®®®®®®®®®®®

പെന്റിങ് ആയാ കുറച്ച് ഫയൽസ് ചെക് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ സമയം വൈകിയിരുന്നു…
മുന്നിലെ ലാപ് അടച്ച് കൊണ്ട് അച്ചു തൊട്ടടുത്തിരുന്ന ഫോൺ എടുത്ത് ഓൺ ആക്കിയപ്പോൾ കണ്ട് ജാനുവിന്റെ മിസ്സ്‌ കാൾ…

അവന്റ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… തന്നോടുള്ള അവളിലെ മാറ്റം അവനിൽ വല്ലാത്തൊരു സന്തോഷം തന്നെ നിറച്ചു…

ഇന്ന് കാർത്തി വിളിച്ചപ്പോൾ പെണ്ണിനെ വീട്ടിലേക്ക് വിടണമെന്ന് ഒട്ടും മനസില്ലായിരുന്നു… എങ്കിലും കാർത്തി കാര്യമായിട്ട് ചോദിച്ചത് കൊണ്ടും പിന്നെ എന്റെ പെണ്ണിനെ വിഷമിപ്പിക്കണ്ടല്ലോ എന്നോർത്തും സമ്മതിച്ചതായിരുന്നു…

പെണ്ണിനെ കാണാതെ ഇന്ന് തന്റെ കാര്യം പോക്ക് തന്നെ… ഹോ uk യിൽ മീറ്റിംഗിന് രണ്ട് ഡേ പോയത് ഓർക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന കണക്കെ ഇപ്പോഴും…

അച്ചു ഓർത്ത് കൊണ്ട് അവളെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു…
റിങ് പോകുന്നുണ്ട്… കാൾ അറ്റന്റ് ചെയ്യാത്തത് കണ്ട് അവൻ മുഖം ചുളിച്ചു കൊണ്ട് സ്ക്രീനിലേക്ക് നോക്കി…

അച്ചു ചെയറിൽ നിന്നുമേണീറ്റ് ക്യാബിൽ നിന്ന് പുറത്തേക്ക് നടന്നു…
ഓഫീസ് ടൈം കഴിഞ്ഞ് സ്റ്റാഫ്സ് ഒക്കെ പോയിരുന്നു…

സമയം വൈകിപ്പിക്കാതെ അച്ചു ജാനുവിനടുക്കലേക്ക് തിരിച്ചു…

®®®®®®®®®®®®®®®®®®®®®

എന്റെ കുട്ടിയെ ആവിശ്വമുള്ള മാങ്ങ കാർത്തി മോൻ പൊട്ടിച്ചിട്ടുണ്ടല്ലോ ഇനിയും എന്തിനാ…?
മുറ്റത്തെ മാവിൽ നിന്നും പഴുത്ത മാങ്ങ പൊട്ടിച്ചിടെ കൗസല്യ ചോദിച്ചു…

അത് നല്ലോണം പഴുത്തട്ടില്ല കൗസു… അതല്ലേ…
തോട്ടി ഒന്ന് കൂടി മുറുക്കനെ പിടിച്ചു കൊണ്ട് കൗസല്യയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…

ഈ പെണ്ണിന്റെ കാര്യം…?
കൗസല്യ അവളെ നോക്കി കൊണ്ട് പറഞ്ഞ് അകത്തേക്ക് നടന്നു…

ജാനു വീണ്ടും മാങ്ങ പൊട്ടിക്കുന്നതിലേക്ക് തിരിയെ അച്ചുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നു…

ജാനു തോട്ടി മണ്ണിലേക്ക് കുത്തി തിരിഞ്ഞു…

കാറിൽ നിന്നുമിറങ്ങുന്നവനെ അവൾ നോക്കി…

അച്ചുവാണേൽ അവളെ വേഷം കണ്ട് മൊത്തത്തിലൊന്നു കണ്ണോടിച്ചു…

ഒരു ലൈറ്റ് പച്ചയും ആഷ് കളറും ചേർന്ന ലോങ്ങ്‌ സ്കാർട്ടും ടോപ്പും… സ്കാർട്ട് അൽപ്പം മടക്കി എടുപ്പിലേക്ക് കുത്തിയിരിക്കുന്നു… മുടി മുഴുവനും പിന്നിലേക്ക് പിന്നിയിട്ടിരിക്കുന്നു…

അച്ചു ഇമ ചിമ്മാതെ ജാനുവിനെ നോക്കി നിന്നു പോയി… സത്യം പറഞ്ഞാൽ ആ വേഷത്തിൽ അവളെ കണ്ടതും ഓടി ചെന്ന് ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് മുഖം മുഴുക്കെ ചുമ്പിക്കാൻ തോന്നിപ്പോയി അവന്…

അച്ചുവിന്റെ നോട്ടം കണ്ടതും കൈയ്യിലെ തോട്ടിയവൾ മാവിലെ കൊമ്പിലേക്ക് ചായ്ച് ഇടുപ്പിലേക്ക് കുത്തിയ സ്കാർട്ട് വലിച്ച് നേരെയിട്ടു…

അച്ചു അവൾക്കടുക്കലേക്ക് വന്ന് നിന്നു…

ഇതിപ്പോ എന്റെ ഭാര്യയാണോ അതോ സ്കൂളിൽ പടിക്കുന്ന കുട്ടിയോ…?
ജാനുവിനെ കുറുമ്പ് പിടിപ്പിക്കാനെന്ന കണക്കെ ചിരിയോളിപ്പിച്ചു കൊണ്ട് അച്ചു ചോദിച്ചു…

അവന്റെ ചോദ്യം കേട്ട് ജാനു അവനെ കൂർപ്പിച്ചു നോക്കി…

ഹോ എന്റെ പെണ്ണേ നീ ഇങ്ങനെ നോക്കാതെ…
അച്ചു നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു…

ജാനു അവനിൽ നിന്നും നോട്ടം മാറ്റി… ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തിയെങ്കിലും സമർദ്ധമായി മറച്ചു പിടിച്ചു…
അച്ചു അത് വ്യക്തമായി കാണുകയും ചെയ്തിരുന്നു…

ഹാമ്… ഹർഷ മോൻ വന്നോ…? വണ്ടിയുടെ ശബ്‌ദം കേട്ടപ്പോൾ തോന്നി…
ഉമ്മറത്തേക്ക് വന്ന് കൊണ്ട് കൗസല്യ അച്ചുവിനെ നോക്കി കൊണ്ട് ചോദിച്ചു…

കൗസല്യയുടെ ചോദ്യം കേട്ട് രണ്ട് പേരുടെയും നോട്ടം അവർക്ക് നേരെ തിരിഞ്ഞു…

തുടരും…