അലൈപ്പായുതേ… 13

ഭാഗം പതിമൂന്ന്

“താൻ ഇപ്പോൾ എന്നോട് മറുപടി പറയേണ്ട നക്ഷത്ര. ആലോചിക്കാൻ തനിക്ക് സമയമുണ്ട്. പക്ഷേ ഒന്നോർക്കുക… ഇത് രണ്ടുപേരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. തനിക്ക് ഈ നഗരത്തിൽ ഒരു സംരക്ഷണവും സാമ്പത്തിക അടിസ്ഥാനവും വേണം. എനിക്ക് എന്റെ ജീവിതത്തിന്മേലുള്ള സ്വാതന്ത്ര്യവും. ഇതിൽ രണ്ടുപേർക്കും നഷ്ടങ്ങളൊന്നുമില്ല.”

നക്ഷത്ര അവിടുന്ന് ഒന്നും എഴുന്നേറ്റ് മിണ്ടാതെ തിരിഞ്ഞുനടന്നു. അവളുടെ തല കറങ്ങുന്നത് പോലെ തോന്നി. കേബിനിന്റെ വാതിൽ തുറന്ന് അവൾ പുറത്തേക്ക് പോകുമ്പോൾ ധ്രുവ് പുറകിൽ നിന്നും പതുക്കെ പറഞ്ഞു:
“തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത് നക്ഷത്ര… ആലോചിക്കുക.”

….

അന്ന് വൈകുന്നേരം എങ്ങനെയാണ് ഓഫീസ് സമയം അവസാനിച്ചതെന്ന് നക്ഷത്രയ്ക്ക് ഓർമ്മയില്ലായിരുന്നു.
ഡെസ്കിലിരുന്ന് ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ധ്രുവിന്റെ ഓരോ വാക്കുകളും മുഴങ്ങിക്കൊണ്ടിരുന്നു.

‘ഒരു വർഷത്തെ കരാർ വിവാഹം… വലിയൊരു തുക… വിക്രം വർമ്മയിൽ നിന്നുള്ള സംരക്ഷണം… തുടർന്നുള്ള പഠനത്തിനുള്ള സഹായം’
അവൾ തൻറെ കയ്യിലെ ബാൻഡേജിലേക്ക് നോക്കി. തനിക്ക് അപകടം വന്നപ്പോഴൊക്കെ തണലായി നിന്നത് ആ മനുഷ്യനാണ്. പക്ഷേ… കല്യാണം? താൻ സ്വപ്നം കണ്ടിരുന്ന ജീവിതം ഇതല്ലല്ലോ! ഒരുവൻ തനിക്ക് തുളസിക്കതിരും ചാർത്തി, കാൽവിരലിൽ മിഞ്ചി അണിയിച്ച് കൂടെക്കൂട്ടുന്ന സുന്ദരമായൊരു ദാമ്പത്യമായിരുന്നില്ലേ അവൾ ആഗ്രഹിച്ചിരുന്നത്? അവന്റെ വിരനിനാൽ പ്രണയാർദ്രമായി തന്റെ സീമന്ത രേഖ ചുവെക്കുന്നതല്ലേ താൻ സ്വപ്നം കണ്ട വിവാഹം?!

പക്ഷേ, യാഥാർത്ഥ്യം എന്താണ്? പാലക്കാട്ടെ വലിയമ്മ ഇപ്പോഴും തന്നെ അന്വേഷിക്കുന്നുണ്ട്. തിരികെ ചെന്നാൽ ഏതെങ്കിലും വൃദ്ധന്റെ കൂടെ ഭാര്യ വേഷം കെട്ടാൻ. അവർക്ക് അതിന് പ്രതിഫലം ലഭിക്കും.

കൊച്ചിയിലെത്തിയപ്പോൾ ആദ്യ ദിവസം തന്നെ വിക്രം വർമ്മയെപ്പോലൊരു വില്ലന്റെ കണ്ണിൽപ്പെട്ടു! നാളെ ധ്രുവ് സാർ ഇല്ലെങ്കിൽ തനിക്ക് എന്ത് സംഭവിക്കും?

ഹോസ്റ്റൽ മുറിയിൽ തിരിച്ചെത്തിയ നക്ഷത്ര കട്ടിലിലേക്ക് തളർന്നിരുന്നു.
വാഷ്റൂമിൽ പോയി മുഖം കഴുകി വന്ന് അവൾ തന്റെ ചെറിയ പൂജാ കോണിലെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ നിലവിളക്ക് കൊളുത്തി.

“അമ്മാ… അച്ഛാ…” അവൾ നിലവിളക്കിന്റെ നാളത്തിലേക്ക് നോക്കി വിങ്ങിപ്പൊട്ടി.

“എന്താ ഞാൻ ചെയ്യേണ്ടത്? എന്റെ മുന്നിൽ വലിയൊരു വഴിത്തിരിവാണ്. ആ മനുഷ്യൻ ചീത്തയല്ലെന്ന് എനിക്കറിയാം. പക്ഷേ… ഇങ്ങനെയൊരു ബന്ധത്തിന് ഞാൻ സമ്മതിച്ചാൽ എന്റെ ആത്മാഭിമാനം പണയം വെക്കലാകുമോ? അച്ഛൻ എനിക്ക് കാട്ടിത്തരുന്ന വഴി ഏതാണ്?”
അവൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു. ഉള്ളിൽ വലിയൊരു അസ്വസ്ഥതയും ഭയവും നിറഞ്ഞു നിന്നു.
അതേസമയം കൈലാസ് വില്ലയിൽ സായാഹ്നം അസ്വസ്ഥത നിറഞ്ഞതായിരുന്നു.

മുകളിലത്തെ ഹാളിലിരുന്ന്  സംസാരിക്കുകയായിരുന്നു ദിവ്യയും (ആരതിയുടെ അമ്മ) ശിവകാമിയും.

ധ്രുവ് ഓഫീസിൽ വെച്ച് കാണിച്ച പെരുമാറ്റം ദിവ്യയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

“ശിവകാമി… കണ്ടില്ലേ നിന്റെ മകൻ കാണിക്കുന്നത്?” ദിവ്യ വിഷം തുപ്പുന്ന ശബ്ദത്തിൽ പറഞ്ഞു. “എന്റെ മകളെ അവൻ ഓഫീസിൽ വെച്ച് അപമാനിച്ചു.
ആ ചെറുക്കന് വേണ്ടി എന്റെ മോള് ഇത്രയും നാൾ കാത്തിരുന്നതിന് ഇതാണോ ഫലം? വേറെ ആരെയും കിട്ടാഞ്ഞിട്ട് അല്ല എന്റെ മോൾക്ക്, അവളാകുമ്പോൾ നിന്റെ സ്വത്തുക്കൾ ഒക്കെ നിന്റെ കൈയ്യിൽ തന്നെ നിക്കും വേറെ പെമ്പിള്ളേർ ആണേൽ കിട്ടിയതൊക്കെ അടിച്ചോണ്ട് പോകും. അവൻറെ ആ പുതിയ പി.എ… ആ നക്ഷത്ര എന്ന പെണ്ണാണ് അവനെ ബ്രെയിൻ വാഷ് ചെയ്യുന്നത്!”

ശിവകാമി തൻറെ കയ്യിലെ ചായക്കപ്പ് മേശപ്പുറത്തേക്ക് വെച്ചു. “നീ പേടിക്കണ്ട ദിവ്യേ, അവൻറെ മുപ്പതാം പിറന്നാൾ അടുത്തുവരികയാണ്. അതിനുള്ളിൽ അവൻ ഒരു പെണ്ണിനെയും കൊണ്ടുവരാൻ പോകുന്നില്ല. അന്നോടെ അവന് ആരതിയെ വിവാഹം കഴിക്കേണ്ടി വരും. ആ പി.എ പെണ്ണിന്റെ കാര്യം… അവൾക്ക് എട്ടിന്റെ പണി ഞാൻ കൊടുക്കുന്നുണ്ട്!”
പെട്ടെന്നാണ് വൈഗ അങ്ങോട്ടേക്ക് വന്നത്.

അമ്മയും ദിവ്യയും സംസാരിക്കുന്നത് കേട്ടതും വൈഗയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി.

“അമ്മേ! എന്തിനാ എപ്പോഴും ഏട്ടനെ ഇങ്ങനെ നിർബന്ധിക്കുന്നത്?” വൈഗ ചോദിച്ചു. “ആരതി ചേച്ചിയെ ഏട്ടന് ഇഷ്ടമല്ലെന്ന് എത്ര തവണ പറഞ്ഞു? ഏട്ടന്റെ മനസ്സിന് ഇണങ്ങുന്ന ഒരു പെൺകുട്ടി വരട്ടെ അമ്മേ.”

“നീ മിണ്ടാതിരിക്കെടീ കൊച്ചേ!” ശിവകാമി അലറി. “നിനക്ക് വലിയവരുടെ കാര്യത്തിൽ ഇടപെടാൻ പ്രായമായിട്ടില്ല. പോയി ഇരുന്ന് പഠിക്കാൻ നോക്ക്!”

വൈഗ ദേഷ്യത്തോടെ തന്റെ മുറിയിലേക്ക് നടന്നുപോയി. അവൾക്ക് തൻറെ ഏട്ടനെ ഓർത്ത് വലിയ സങ്കടം തോന്നി. പാവം ഏട്ടൻ! പുറമേക്ക് വലിയ ഗൗരവക്കാരനാണെങ്കിലും ഉള്ളിൽ കുടുംബത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ സഹിക്കുന്നയാളാണ്.

……

രാത്രി ഒൻപതു മണിയോടെ ധ്രുവിന്റെ കാർ കൈലാസ് വില്ലയുടെ മുറ്റത്ത് വന്നു നിന്നു.
ധ്രുവ് കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു. അവൻറെ മുഖത്ത് കനത്ത ക്ഷീണമുണ്ടായിരുന്നു.

ഹാളിലിരുന്ന ശിവകാമിയും ദിവ്യയും അവനെ ദേഷ്യത്തോടെ നോക്കി. എങ്കിലും ധ്രുവ് അവരെ ഗൗനിക്കുകപോലും ചെയ്യാതെ മുകളിലെ തൻറെ മുറിയിലേക്ക് നടന്നു.

മുറിയിലെത്തിയ അവൻ സ്യൂട്ട് അഴിച്ചുവെച്ച് ഫ്രഷായി വന്നു.
ജനലിനടുത്ത് നിൽക്കുമ്പോൾ അവൻറെ ഫോൺ ശബ്ദിച്ചു.

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് ധ്രുവിന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.

‘നക്ഷത്ര’
അവൻ പതുക്കെ ഫോൺ അറ്റൻഡ് ചെയ്തു.

“ഹലോ… നക്ഷത്ര?”
മറുതലയ്ക്കൽ കനത്ത നിശബ്ദതയായിരുന്നു. തുടർന്ന് നേർത്തൊരു ശ്വാസോച്ഛ്വാസം കേട്ടു.

“സാ… സാർ…” അവളുടെ ശബ്ദത്തിൽ വല്ലാത്തൊരു ഇടർച്ചയുണ്ടായിരുന്നു.

“പറയൂ നക്ഷത്ര… എന്താ ഈ സമയത്ത്?” ധ്രുവ് മൃദുവായി ചോദിച്ചു.

“സാർ… സാർ ഉച്ചയ്ക്ക് പറഞ്ഞ കാര്യത്തെക്കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചു,” അവൾ വിറച്ചുകൊണ്ട് പറഞ്ഞു.

ധ്രുവ് ശ്വാസമടക്കിപ്പിടിച്ചു നിന്നു. “ഹ്മമ്മ്… എന്നിട്ട്?”

“എനിക്ക്… എനിക്ക് ചില കണ്ടീഷൻസ് ഉണ്ട് സാർ. അത് സാർ സമ്മതിക്കുകയാണെങ്കിൽ… ഞാൻ… ഞാൻ ഈ എഗ്രിമെന്റിന് തയ്യാറാണ്!”

ധ്രുവ് വലിയൊരു ആശ്വാസത്തോടെ ഒന്ന് ദീർഘനിശ്വാസമയച്ചു. അവന്റെ മുഖത്ത് നേർത്തൊരു പുഞ്ചിരി വിടർന്നു.

“തന്റെ കണ്ടീഷൻ എന്തൊക്കെയാണെങ്കിലും എനിക്ക് സമ്മതമാണ് നക്ഷത്ര. നാളെ രാവിലെ ഓഫീസിൽ വെച്ച് നമുക്ക് അത് വിശദമായി സംസാരിക്കാം. താൻ സമാധാനമായി ഉറങ്ങാൻ നോക്ക്.”

“ശ… ശരി സാർ. ഗുഡ് നൈറ്റ്.”

“ഗുഡ് നൈറ്റ് നക്ഷത്ര.”
ഫോൺ കട്ടായ ശേഷവും ധ്രുവ് ആ ഫോണിലേക്ക് നോക്കിനിന്നു.
തന്റെ ജീവിതത്തിൽ വലിയൊരു കൊടുങ്കാറ്റ് വീശാൻ പോകുകയാണ്. വിധി തങ്ങളെ രണ്ടുപേരെയും ഒന്നിപ്പിക്കാൻ പോകുന്നത് ഒരു കരാറിലൂടെയാണെങ്കിലും, അതൊരു വലിയ തുടക്കമാണെന്ന് ധ്രുവിന്റെ മനസ്സ് പറഞ്ഞു.

റോഡിലെ വിളക്കുകളുടെ വെളിച്ചത്തിലേക്ക് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ആ ഇളം നീല അനാർക്കലിയണിഞ്ഞ പെൺകുട്ടിയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു നിന്നു…

……

രാത്രിയുടെ നിശബ്ദതയിൽ ഫോൺ കട്ടായ ശേഷവും നക്ഷത്ര തന്റെ മുറിയിലെ ചെറിയ കട്ടിലിൽ നിശ്ചലയായി ഇരുന്നു.
താൻ എന്താണ് ചെയ്തുവെച്ചത്? താൻ സമ്മതം മൂളിയിരിക്കുന്നു! ഒരു കരാർ കല്യാണത്തിന്… തനിക്ക് യാതൊരു ബന്ധവുമില്ലാത്ത, എന്നാൽ ഭയം തോന്നിക്കുന്ന ഗൗരവക്കാരനായ തന്റെ ബോസ്സിന് മുന്നിൽ!

തന്റെ വിറയ്ക്കുന്ന കൈകളിലേക്ക് അവൾ നോക്കി. ഹൃദയമിടിപ്പ് ഇനിയും അടങ്ങിയിട്ടില്ലായിരുന്നു. പാലക്കാട്ടെ വീട്ടിൽ വലിയമ്മയുടെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെടാൻ ഓടിപ്പോന്നപ്പോൾ, കൊച്ചി എന്ന ഈ വലിയ നഗരത്തിൽ തനിക്ക് തണലാവുക ഇങ്ങനെയൊരു വിധിയായിരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

‘എന്റെ ദൈവമേ… ഞാൻ എടുത്ത തീരുമാനം ശരിയാണോ?’ അവൾ നിലവിളക്കിന്റെ നാളത്തിലേക്ക് നോക്കി കൈകൾ കൂപ്പി.

‘അമ്മയും അച്ഛനും എന്നെ ശപിക്കുമോ? ഇല്ല… സാർ പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്ന് തോന്നുന്നു. തനിക്ക് ഇവിടെ ഒരു സുരക്ഷിതത്വം വേണം, വിക്രം വർമ്മയിൽ നിന്നുള്ള ഒരു കാവൽ വേണം. സാറിന് അദ്ദേഹത്തിന്റെ അമ്മയുടെ അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്ന് ഒരു മോചനവും. ആർക്കും ഒരു ദോഷവും വരാത്ത ഒരു കരാർ മാത്രമാണിത്. ഒരു വർഷം… വെറും ഒരു വർഷം മാത്രം!’

അവൾ പതുക്കെ എഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നു. പുറത്ത് മഴ പെയ്തൊഴിഞ്ഞതിന്റെ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
മനസ്സിൽ ധ്രുവിന്റെ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങി: “തന്റെ കണ്ടീഷൻ എന്തൊക്കെയാണെങ്കിലും എനിക്ക് സമ്മതമാണ് നക്ഷത്ര…”

ആ വാക്കുകളിൽ നിറഞ്ഞ ആശ്വാസവും ഉറപ്പും അവൾക്ക് തന്ന ധൈര്യം ചെറുതല്ല. ഒരു പെൺകുട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ആളല്ല ധ്രുവ് കാർത്തിക് എന്ന് അവൾക്ക് ബോധ്യമായിരുന്നു.

എങ്കിലും, നാളെ രാവിലെ ഓഫീസിൽ വെച്ച് അവന്റെ  കണ്ണുകളിലേക്ക് എങ്ങനെ നോക്കും എന്നോർത്തപ്പോൾ അവളുടെ കവിളുകളിൽ വല്ലാത്തൊരു ഭയവും നാണവും ഒരുമിച്ച് വന്നു നിറഞ്ഞു. തന്റെ ഉള്ളിൽ അവനെ കണ്ട നിമിഷം മുതൽ പൊട്ടിമുളച്ച ആ മൃദുല വികാരം അവളിൽ വേരുറയ്ക്കുന്നത് അവൾപോലും അറിഞ്ഞിരുന്നില്ല…

….

അതേസമയം, കൈലാസ് വില്ലയിലെ തന്റെ മുറിയിൽ ധ്രുവ് കാർത്തിക് ലൈറ്റുകൾ അണച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.

തുടരും….

Similar Posts

Leave a Reply