ഇച്ചായന്റെപെണ്ണ്… 13
ഭാഗം പതിമൂന്ന് 🤍
“മോളേ ക്ലാരേ… എന്നെ ഓർമ്മയുണ്ടോ നിനക്ക്..”
ക്ലാര പതുക്കെ ഉണ്ടെന്ന് തലയാട്ടി…
“ഓർമ്മയുണ്ട് സാർ…!” അവൾ വർഗീസിനെ തിരിച്ചറിഞ്ഞു.
“ശോ സാർ എന്നൊന്നും വിളിക്കണ്ട മോളെ, നീ എന്നെ പപ്പ എന്നുതന്നെ വിളിച്ചോ, ഞങ്ങൾക്കും ഉണ്ട് നിന്റെ പ്രായത്തിൽ ഒരു മോള്, നമ്മടെ അലീനയും ക്ലാരയെപോലെ ആണെന്ന് തോന്നുന്നു അല്ലെ ആനി…” അയാൾ തന്റെ ഭാര്യയോട് ചോദിച്ചു.
“അതെ, ക്ലാരയെ കാണാൻ മാലാഖയെപ്പോലെ ഉണ്ട് ” ആനിയുടെ വായിൽനിന്ന് അറിയാതെ ആ വാക്കുകൾ വന്നുപോയി. അത് കേട്ട് ക്ലാര മെല്ലെ പുഞ്ചിരിച്ചു.
” നിന്നെ കാണാനാണ് ഞങ്ങൾ വന്നത് മോളെ, അച്ചൻ മോളോട് എല്ലാം പറഞ്ഞില്ലാരുന്നോ?” ചോദിച്ചുകൊണ്ട് വർഗീസ് തിരിഞ്ഞ് മകനെ ചൂണ്ടിക്കാണിച്ചു. “ഇതാണ് എന്റെ മകൻ… മാർക്കോ!”
ക്ലാരയുടെ കണ്ണുകൾ പതിയെ വർഗീസ് കാണിച്ചു കൊടുത്ത ഭാഗത്തേക്ക്, ആ ചെറുപ്പക്കാരന്റെ നേർക്ക് നീണ്ടു.
നല്ല ഉയരവും വിടർന്ന നെഞ്ചും ഉശിരുള്ള ശരീരത്തിൽ വെളുത്ത ഷർട്ടണിഞ്ഞ, അത്ഭുതത്തോടെ തന്നെ നോക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടതും ക്ലാരയുടെ നെഞ്ചൊന്ന് കാളി!
‘ഇയാൾ…! ഇയാളെയാണല്ലോ ഞാൻ കഴിഞ്ഞദിവസം വൈകുന്നേരം പള്ളിയിൽ വെച്ച് കണ്ടത്!’
ഇന്നലെ നിലവിളക്ക് അലങ്കരിക്കുമ്പോൾ അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന, പിന്നീട് പോകുന്നതിന് മുൻപ് തന്നെ തിരിഞ്ഞുനോക്കിയ ആ സുന്ദരനായ അച്ചായൻ! താൻ പുഞ്ചിരിച്ചപ്പോൾ, ഒന്നു തിരികെ പുഞ്ചിരിക്കുക പോലും ചെയ്യാതെ നടന്നുപോയ ആ അപരിചിതൻ!
‘ ഇന്നലെ പള്ളിയിൽ വെച്ച് കണ്ട ഈ മനുഷ്യൻ ആണോ എന്നെ വിവാഹം കഴിക്കാൻ പോകുന്നത്?!’
ക്ലാരയുടെ ഉള്ളിലൊരു വലിയ വിറയൽ പടർന്നു. അവളുടെ കവിളുകൾ അറിയാതെ ചുവന്നുതുടുത്തു.
ഇരു വ്യക്തികളുടെ, ഇതുവരെ പരസ്പരം തിരിച്ചറിയാതെ പോയ രണ്ടു മനസ്സുകളുടെ, അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ അവിടെ വലിയൊരു നിശബ്ദത തീർത്തു.
മാർക്കോയ്ക്ക് അവളുടെ മുഖത്തുനിന്നും കണ്ണുകളെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇന്നലെ കണ്ടതിനേക്കാൾ ആയിരം മടങ്ങ് വശ്യതയോടെ അവൾ തൻ്റെ മുന്നിൽ നിൽക്കുന്നു.
താൻ ആഗ്രഹിച്ച പരിശുദ്ധിയുടെ പ്രതീകം തനിക്ക് മുന്നിൽ തൻ്റെ വധുവാകാനായി നിൽക്കുന്നു എന്ന സത്യം അവന്റെ ഉള്ളിൽ വലിയൊരു ആനന്ദമായി പടർന്നു.
വർഗീസ് മകന്റെ മുഖത്തേക്ക് നോക്കി. അത്രയും നേരം ദേഷ്യവും അമർഷവും നിറഞ്ഞുനിന്ന മകന്റെ കണ്ണുകളിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്ന അത്ഭുതം കണ്ടപ്പോൾ ആ അപ്പന്റെ മനസ്സ് നിറഞ്ഞു.
“മാർക്കോ…” വർഗീസ് പതുക്കെ വിളിച്ചു.
“നിനക്ക്… നിനക്ക് ഇവളെ ഇഷ്ടമായോടാ?”
മാർക്കോ പപ്പയുടെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. അവൻ വീണ്ടും ക്ലാരയുടെ വിറയ്ക്കുന്ന, നാണം കൊണ്ട് താഴ്ന്ന ആ മുഖത്തേക്ക് നോക്കി.
അവന്റെ ചുണ്ടുകളിൽ ഇതുവരെ ആരും കാണാത്ത മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.
“പപ്പാ…” അവൻ്റെ ശബ്ദം ആർദ്രമായി. “പപ്പയുടെ തീരുമാനം ഒട്ടും തെറ്റിയില്ല. എനിക്ക്… എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടമായി!” ആ വാക്കുകൾ കേട്ടതും വർഗീസിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു കവിഞ്ഞു. ആനിയുടെ മുഖത്തും ആശ്വാസം പടർന്നു. ജോർജ് അച്ചനും എൽസമ്മ സിസ്റ്ററും മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.
എന്നാൽ ക്ലാര പതുക്കെ തലയുയർത്തി മാർക്കോയെ ഒന്നുകൂടി നോക്കി. അവൻ തന്നിൽ നിന്നും കണ്ണുകളെടുക്കാതെ, അത്ഭുതത്തോടെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.
” എങ്കില് മക്കള് പോയിട്ട് സംസാരിക്ക് ഞങ്ങൾ ഇവിടെ പള്ളിക്കുള്ളിൽ ഇരിക്കാം.
ക്ലാര മോളെ മാർക്കോയേ ആ പൂന്തോട്ടത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയിക്കോ, നിങ്ങൾക്ക് അവിടെ സമാധാനത്തോടെ ഇരുന്ന് സംസാരിക്കാം ” ജോർജ് അച്ചൻ പറഞ്ഞതും ക്ലാര മാർക്കൊയെ ഒന്ന് നോക്കിയ ശേഷം മുന്നോട്ടേക്ക് നടന്നു. അവളുടെ പിന്നാലെ മാർക്കോയും.
അവർ ഒന്നിച്ച് നടന്നുപോകുന്നത് നോക്കി ബാക്കിയുള്ളവർ ചിരിയോടെ ഇരുന്നു…
പള്ളിക്കുള്ളിലെ ആ കുന്തിരിക്കത്തിന്റെ മണവും മനോഹരമായ നിശബ്ദതയും വിട്ടൊഴിഞ്ഞ്, മാർക്കോയും ക്ലാരയും സാവധാനം പള്ളിയുടെ പുറകുവശത്തുള്ള വലിയ പൂന്തോട്ടത്തിലേക്ക് നടന്നു. പ്രഭാതസൂര്യന്റെ ഇളംവെയിൽ പള്ളിയുടെ മേൽക്കൂരയിലൂടെ ഒഴുകിയിറങ്ങി ആ പൂന്തോട്ടത്തിലെ റോസാച്ചെടികളിലും പനിനീർപ്പൂക്കളിലും തട്ടി തിളങ്ങുന്നുണ്ടായിരുന്നു.
കൈകൾ രണ്ടും കൂട്ടിക്കെട്ടി, തലതാഴ്ത്തി, നെഞ്ചിടിപ്പോടെ ക്ലാര മുന്നോട്ടേക്ക് നടക്കുകയാണ്.
പൂന്തോട്ടത്തിലെ വലിയൊരു തണൽമരത്തിന് അരികിലെത്തിയപ്പോൾ മാർക്കോ നടപ്പ് നിർത്തി. ക്ലാരയും അവന്റെ അടുത്ത് നിന്നും ഏതാനും അടി അകലെയായി ചുവടുറപ്പിച്ചു
അവളുടെ മനസ്സിൽ ആകാംക്ഷയുടെ വലിയൊരു കടൽ തന്നെ അലതല്ലുന്നുണ്ടായിരുന്നു. ‘ഇയാൾ എന്തായിരിക്കും എന്നോട് പറയാൻ പോകുന്നത്?’ എതൊക്കെ കാര്യങ്ങൾ ചോദിക്കണമെന്നും, ഉള്ളിലെ സംശയങ്ങൾ എങ്ങനെ തുറന്നുപറയണമെന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ മുഖഭാവത്തിന് മുന്നിൽ അവളുടെ വാക്കുകളെല്ലാം തൊണ്ടക്കുഴിയിൽ കുടുങ്ങിപ്പോയി. ശബ്ദം പുറത്തേക്ക് വന്നില്ല. ‘ഇയാൾ എന്താണോ പറയാൻ പോകുന്നത്, അതിനനുസരിച്ച് മാത്രം മറുപടി പറയാം’ എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
മാർക്കോ സാവധാനം അവളുടെ മുഖത്തേക്ക് നോക്കി.
അതെ… അന്ന് പള്ളിയിൽ വെച്ച് കണ്ട, കയ്യിൽ മുല്ലപ്പൂ കുട്ടയുമായി നിലവിളക്കിന് അരികിലൂടെ നടന്ന അതേ പെൺകുട്ടി! താൻ രാത്രി മുഴുവൻ ചിന്തിച്ച, ക്യാൻവാസിൽ പകർത്തിവെച്ച, സ്വപ്നത്തിൽ പ്രണയാതുരമായി ചുംബിച്ച ആ അതേ രൂപം! താൻ അറിയണമെന്നും അടുത്തറിയണമെന്നും ആഗ്രഹിച്ച പെണ്ണാണ് ഇപ്പോൾ തനിക്ക് മുന്നിൽ, തന്റെ വധുവാകാൻ നിൽക്കുന്നത്!
പക്ഷേ… ആ നിമിഷം അവന്റെ മനസ്സിലേക്ക് ജെന്നിഫറിന്റെ മുഖം ഓടിയെത്തി.
താൻ ജെന്നിഫറിന് കൊടുത്ത വാക്ക്… തങ്ങൾ തമ്മിലുള്ള പ്രണയം… കുടുംബത്തിന്റെ സ്വത്തിന് വേണ്ടി താൻ തയ്യാറാക്കിയ പദ്ധതികൾ…
മാർക്കോ ഒരു നിമിഷം കണ്ണുകളടച്ചു. അവന്റെ നെഞ്ചിലൊരു കനത്ത ഭാരം വന്നു പതിച്ചു. താൻ ആഗ്രഹിച്ച പെൺകുട്ടി ഇതാണെങ്കിലും, മനസ്സ് കൊണ്ട് എത്രയൊക്കെ അടുത്താലും ക്ലാരയെ തന്നിലേക്ക് അത്രമേൽ അടുപ്പിക്കാൻ അവന് കഴിയില്ല. ജെന്നിഫറിന് കൊടുത്ത വാക്ക് തെറ്റിക്കാൻ അവൻ്റെ ആത്മാഭിമാനം അനുവദിച്ചില്ല. അതുകൊണ്ടുതന്നെ, മനസ്സിൽ തോന്നിത്തുടങ്ങിയ ആ കൊച്ചു പ്രണയത്തെയും ആഗ്രഹങ്ങളെയും അവിടെവെച്ച് തന്നെ വെട്ടിമാറ്റാൻ അവൻ ഉറപ്പിച്ചു. ക്ലാരയെ തന്റെ മനസ്സിൽ നിന്നും അകറ്റിനിർത്താൻ അവൻ ഉറച്ച തീരുമാനമെടുത്തു.
ക്ലാരയോട് യാതൊരു ചതിയും ചെയ്യാൻ അവന് കഴിയില്ല. അതുകൊണ്ട്, തന്റെ ജീവിതത്തിലെ സകല സത്യങ്ങളും അവളോട് തുറന്നു പറയാൻ തന്നെ അവൻ നിശ്ചയിച്ചു.
മാർക്കോ ഒരു ദീർഘശ്വാസമെടുത്ത് അവളെ നോക്കി സംസാരിച്ചു തുടങ്ങി:
“ക്ലാരേ…” അവന്റെ ശബ്ദം ആ പൂന്തോട്ടത്തിൽ മുഴങ്ങി.
ക്ലാര പതുക്കെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
“നിനക്ക് ഇപ്പോൾ ഒത്തിരി സംശയങ്ങൾ കാണും. പെട്ടെന്ന് ഒരു പെണ്ണുകാണൽ, അതും വലിയൊരു തറവാട്ടിലെ ആലോചന… ഇതെല്ലാം കണ്ട് നീ അന്തംവിട്ടു നിൽക്കുകയാണെന്ന് എനിക്കറിയാം. പക്ഷേ… ഞാൻ ഇപ്പോൾ നിന്നോട് പറയാൻ പോകുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു കേൾക്കണം.”
ക്ലാര തലയാട്ടിക്കൊണ്ട് അവന്റെ വാക്കുകൾക്കായി കാതോർത്തു.
“നീ വിചാരിക്കുന്നത് പോലെ പരിശുദ്ധനായ ഒരു രാജകുമാരനൊന്നുമല്ല ഞാൻ. എന്റെ ജീവിതം നന്മകൾ നിറഞ്ഞതുമല്ല. ബിസിനസ്സ് ലോകത്തെ മത്സരങ്ങളും ശത്രുതയും കപടതയുമൊക്കെ നിറഞ്ഞ, ലോകത്തിന്റെ സകല തിന്മകളിലും മുഴുകിക്കഴിയുന്ന ഒരു ജീവിതമാണ് എന്റേത്. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എന്റെ ഒപ്പം ജീവിക്കുക എന്നത് നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല.”
അവൻ അല്പം മാറിനിന്ന്, പൂന്തോട്ടത്തിലെ റോസാപ്പൂക്കളിലേക്ക് നോക്കിക്കൊണ്ട് തുടന്നു:
“നിന്നോട് ഞാൻ ഒരു സത്യവും മറച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ല ക്ലാരേ. എന്നെപ്പറ്റി എല്ലാം നീ അറിയണം, അതിന് ശേഷം നിനക്ക് തീരുമാനിക്കാം എന്റെ താലി ഏറ്റുവാങ്ങണോ വേണ്ടയോ എന്ന്. കാരണം എന്റെ ജീവിതത്തിൽ വേറൊരു പെണ്ണുണ്ട്… ജെന്നിഫർ! ഞാൻ അവളെ കണ്ടുമുട്ടിയിട്ട് വെറും ഒരു വർഷമേ ആകുന്നുള്ളൂ. എങ്കിലും… ഞങ്ങൾ തമ്മിൽ എല്ലാ അർത്ഥത്തിലും ഒന്നായവരാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ ഒന്നായിക്കഴിഞ്ഞു. എന്റെ ജീവിതത്തിൽ ഒരു പെണ്ണിന് കൊടുക്കാവുന്ന സ്ഥാനമെല്ലാം ഞാൻ അവൾക്ക് കൊടുത്തു കഴിഞ്ഞു.”
ആ വാക്കുകൾ കേട്ടതും ക്ലാരയുടെ നെഞ്ചൊന്ന് കാളി! ഒരു നിമിഷം അവളുടെ ശ്വാസമൊന്ന് നിലച്ചുപോയി. യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഇത്രയും ക്രൂരമായ സത്യങ്ങൾ തനിക്ക് മുന്നിൽ തുറന്നടിക്കുന്ന ആ ചെറുപ്പക്കാരനെ അവൾ തരിച്ചുനോക്കി.
“പക്ഷേ…” മാർക്കോ വീണ്ടും അവളെ നോക്കി. “എന്റെ പപ്പയ്ക്ക് ഈ ബന്ധം ഇഷ്ടമല്ല. പപ്പയുടെ നിർബന്ധവും, എന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ഭയവുമാണ് എന്നെ ഇപ്പോൾ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്. ക്ലാരെ… നീ വളരെ നിഷ്ക്കളങ്കയായ ഒരു പെൺകുട്ടിയാണ്. പ്രാർത്ഥനയും ദൈവഭയവുമുള്ള നിന്നെപ്പോലൊരു കുട്ടിക്ക് എന്റെ കൂടെയുള്ള ജീവിതം വലിയൊരു മടുപ്പായിരിക്കും. അതുകൊണ്ട്, ഈ കാര്യങ്ങളെല്ലാം അറിഞ്ഞതിന് ശേഷം, നിനക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യമില്ലെങ്കിൽ… ഈ ബന്ധത്തിന് നിർബന്ധിക്കാൻ ഞാൻ ആളല്ല. നിനക്ക് ഇപ്പോൾ തന്നെ ഈ വിവാഹം വേണ്ട എന്ന് പറയാം. ഞാൻ അതിന് ഒട്ടും എതിര് നിൽക്കില്ല.”
മാർക്കോ പറഞ്ഞു നിർത്തി.
ക്ലാരയുടെ മനസ്സ് ആകെ കലുഷിതമായി. അവളുടെ ഉള്ളിൽ വല്ലാത്തൊരു സങ്കടവും ആശങ്കയും ഇരച്ചുകയറി. അനാഥയായ തനിക്ക് സ്നേഹമുള്ള ഒരു കുടുംബം കിട്ടാൻ പോകുന്നു എന്നൊരു ചെറിയ പ്രതീക്ഷ ആൻസിയമ്മ സംസാരിച്ചപ്പോൾ അവളുടെ ഉള്ളിൽ വിരിഞ്ഞിരുന്നു. ഒരു ഭർത്താവും കുടുംബവും നൽകുന്ന സ്നേഹവും സുരക്ഷിതത്വവും അവളും ചെറുതായി ആഗ്രഹിച്ചുപോയിരുന്നു. പക്ഷേ… ആ പ്രതീക്ഷകളെല്ലാം ഒറ്റനിമിഷം കൊണ്ട് തവിടുപൊടിയായിരിക്കുന്നു!
മുന്നിൽ നിൽക്കുന്നത്, തന്റെ ഭാര്യയായി മറ്റൊരു പെണ്ണിനെ പ്രതിഷ്ഠിച്ച ഒരു പുരുഷനാണ്!
എന്നാൽ… അതേസമയം തന്നെ അവളുടെ ഉള്ളിൽ മറ്റൊരു ചിന്ത ഉണർന്നു.
കുടുംബത്തേക്കാളും ഭർത്താവിനേക്കാളും ഉപരിയായി അവൾ ആഗ്രഹിച്ചത് തന്റെ പഠനമാണ്! ഒരു ഡോക്ടറാകണം എന്നുള്ള തന്റെ വലിയ സ്വപ്നം!
അവൾ ചിന്തിച്ചു: ‘ഈ ആലോചന വേണ്ടെന്ന് വെച്ചാൽ… ഇപ്പോൾ കിട്ടിയ സ്പോൺസർഷിപ് കൈവിട്ട് പോകും. ഇനി എന്നെ പഠിപ്പിക്കാൻ മറ്റൊരു സ്പോൺസർ എന്നെ തേടി വരുമോ? ഇനി ഒരു സ്പോൺസറെ കിട്ടണമെങ്കിൽ ഞാൻ എത്രനാൾ കാത്തിരിക്കേണ്ടി വരും? ആ കാത്തിരിപ്പ് എത്ര വർഷങ്ങൾ നീളുമെന്ന് പോലും എനിക്കറിയില്ല! എൻ്റെ ഡോക്ടറാകാനുള്ള സ്വപ്നം എന്നന്നേക്കുമായി പൊലിഞ്ഞുപോകില്ലേ?’
പക്ഷേ… അതേ സമയം തന്നെ ‘കരാർ വിവാഹം’ അല്ലെങ്കിൽ ‘വേറൊരു പെണ്ണിനെ മനസ്സിൽ വെച്ചുകൊണ്ടുള്ള കല്യാണം’ എന്നൊക്കെ പറയുന്നത് അവൾക്ക് കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ്.
ദേവാലയത്തിന്റെ പരിശുദ്ധിയിൽ വളർന്ന അവൾക്ക് അത് ചിന്തിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. അവൾ മൊത്തത്തിൽ ആശയക്കുഴപ്പത്തിൽ ആയിപ്പോയി!
അവളുടെ മുഖത്തെ മാറിക്കൊണ്ടിരിക്കുന്ന ഭാവങ്ങൾ കണ്ടതും മാർക്കോ വീണ്ടും സംസാരിച്ചു:
“ക്ലാര… നീ ഒരുപാട് ചിന്തിച്ച് കാടുകയറേണ്ട. ഞാൻ നിനക്ക് ഉറപ്പുതരാം… എന്നെ വിവാഹം കഴിച്ചു എന്ന് കരുതി നിന്റെ നിലവിലെ ജീവിതത്തിനോ പഠനത്തിനോ യാതൊരു മാറ്റവും വരാൻ പോകുന്നില്ല. നിന്റെ ഡോക്ടറാകാനുള്ള ആഗ്രഹത്തിന് ഞാൻ പൂർണ്ണ പിന്തുണ നൽകും. അതിനുള്ള എല്ലാ ചെലവുകളും ഞാൻ നോക്കിക്കൊള്ളാം.”
അവൻ അവളുടെ അടുത്തേക്ക് ഒരടി കൂടി അടുത്തുവെച്ചു.
തുടരും… 🤍




