മംഗല്യസൂത്രം… 13
🧡മംഗല്യസൂത്രം : പതിമൂന്ന് 🧡
” ആണെങ്കിൽ അമ്മക്കെന്താ, അവന്റെ ബിസിനെസ്സ് കണ്ടല്ല ഞാൻ അവനെ സ്നേഹിച്ചത്, എനിക്ക് ജീവിക്കാനുള്ള പണമൊക്കെ ഞാൻ ഉണ്ടാക്കുന്നുണ്ട് അതിന് എനിക്ക് ഒരു ആണിന്റെയും ആവിശ്യം ഇല്ല…. പിന്നെ കൈലാസിന്റെ ബിസിനെസ്സ് അത്ര പെട്ടന്ന് തകരില്ല, അതെനിക്ക് ഉറപ്പാണ്…”
” എടി മോളെ പണമല്ല സ്നേഹമാണ് വലുത് എന്നൊക്കെ നിനക്കിപ്പോൾ തോന്നും പക്ഷേ ജീവിക്കാൻ പണം തന്നെ വേണം. നിന്റെ ശമ്പളം കൊണ്ട് നിനക്ക് നന്നായി ജീവിക്കാൻ പറ്റുമായിരിക്കും, പക്ഷേ നീ സ്വപ്നം പോലും കാണാത്ത ഒരു ജീവിതം ജീവിക്കണമെങ്കിൽ അമ്മ പറയുന്ന ആളെ തന്നെ കല്യാണം കഴിക്കണം അതാണ് നിനക്ക് നല്ലത്. അല്ലാതെ നിന്റെ കൈലാസിനെ കെട്ടിപിടിച്ചോണ്ട് ഇരുന്നാൽ ഉണ്ടല്ലോ ജീവിതം പശു നക്കിയത് പോലെയായി തീരും ” കൈലാസിന്റെ പേര് പറയുമ്പോഴൊക്കെ അവളുടെ അമ്മയുടെ മുഖത്ത് ഒരു പുച്ഛമായിരുന്നു. അത് കാണുന്തോറും ഇഷാനിയുടെ മുഖം വലിഞ്ഞു മുറുകി….
” ഓഹോ അപ്പൊ അതിനർത്ഥം ഡാഡിയുടെ കയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നെങ്കിൽ മമ്മ ഡാഡിയെ ഉപേക്ഷിച്ചു പോകുമായിരുന്നു അല്ലേ…? ” ഇഷാനിയുടെ ആ ചോദ്യത്തിന് മുന്നിൽ അവർ ഒന്ന് പതറി…
” അത് അന്നത്തെ കാലമായിരുന്നു, പിന്നെ എന്റെ മോള് എന്നെക്കാളും നന്നായി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹിക്കാൻ പാടില്ലേ? നിന്റെ ഡാഡിയുടെ കൂടെ ജീവിച്ചപ്പോൾ ഞങ്ങൾ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട് ശരിയാണ്. പക്ഷേ എന്റെ മോൾക്ക് അങ്ങനെ ഒരു ഗതി വരരുത് എന്ന് കരുതിയിട്ടാണ് അമ്മ പറയുന്നത്… ” വിട്ടുകൊടുക്കാൻ ഭാവമില്ല എന്നതുപോലെ അവർ പറഞ്ഞു…
അമ്മയും മകളും തമ്മിലുള്ള വാക്കുതർക്കം കുറച്ചുനേരം കൂടി നീണ്ടു.
അവസാനം അവളോട് തർക്കിച്ച് മടുത്തപ്പോൾ അമ്മ പതിയെ പറഞ്ഞു.
“ശരി. ഇപ്പോൾ തന്നെ കല്യാണം കഴിക്കണം എന്ന് ഞാൻ പറയുന്നില്ല. നിനക്ക് വിവാഹപ്രായമാകുമ്പോൾ നമുക്ക് ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കാം. അതുവരെ നീ നിന്റെ കരിയറിൽ ശ്രദ്ധിക്കൂ.”
ഇഷാനി കുറച്ചുനേരം മിണ്ടാതെ നിന്നു.
“ഓഹോ ഇപ്പൊ ഇങ്ങനെ ആയോ ?”
“അതെ. പക്ഷേ നീയും എന്റെ വാക്ക് കേൾക്കണം.”
അവൾ പതിയെ തലകുലുക്കി.
“ആലോചിക്കാം….” ഇനിയും ഒരു വാക്ക് പോരിന് തയാറാല്ലാത്തതിനാൽ അവൾ അങ്ങനെ പറഞ്ഞു…
അങ്ങനെ ആ പ്രശ്നം താൽക്കാലികമായി അവിടെ അവസാനിച്ചു.
ഇനിയും ഒരു അവസരം കിട്ടിയാൽ, അമ്മ ഇതേ വിഷയം എടുത്ത് തർക്കിക്കാൻ വരുമെന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷേ… ഇഷാനിയുടെ മനസ്സിലെ കൈലാസിനോടുള്ള സ്നേഹം അതിനേക്കാൾ ശക്തമായിരുന്നു.
അവൾ മുറിയിലേക്ക് പോയി കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മയുടെ മനസ്സിലും കുറ്റബോധം തോന്നി.
മകളോട് കുറച്ച് അധികം കടുപ്പമായി സംസാരിച്ചുവെന്ന് അവർക്ക് തോന്നി.
“ഇഷാനിയോട് ഒന്ന് സോറി പറയണം, ഏതോ ഒരു ചെറുക്കന്റെ പേര് പറഞ്ഞിട്ട് ഞാൻ എന്തിനാ അവളോട് ചാടി കയറുന്നത്.”
അങ്ങനെ കരുതി അവർ മകളുടെ മുറിയിലേക്ക് നടന്നു.
വാതിൽ പൂർണ്ണമായി അടച്ചിരുന്നില്ല…. അകത്ത് ഇഷാനി ഇല്ലായിരുന്നു.
അവളുടെ മേശപ്പുറത്ത് ചില ചെറിയ പാക്കറ്റുകളും ബോക്സുകളും കിടക്കുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്ണുകൾ അതിലൊന്നിൽ പതിഞ്ഞു.
അവർ പതിയെ അതെടുത്തുനോക്കി.
അത് കണ്ടപ്പോൾ അവരുടെ മുഖത്ത് സംശയം തെളിഞ്ഞു.
“ഇതെന്താണ് ഈ സാനങ്ങൾ…?” അവർ ബോക്സ് കുറച്ചുനേരം പരിശോധിച്ചു.
ഇഷാനിയുടെ ബാഗ് മേശയുടെ അരികിൽ ഇരിപ്പുണ്ടായിരുന്നു.
അതിന്റെ ഉള്ളിൽ അതേ വസ്തു കാണാമായിരുന്നു.
അവർ കൂടുതൽ ഒന്നും ചെയ്യാതെ ബാഗിന്റെ ഉള്ളിൽ കിടന്നിരുന്ന പാക്കറ്റിന്റെ ഒരു ചിത്രം ഫോൺ ഉപയോഗിച്ച് എടുത്തു സൂക്ഷിച്ചു.
മുഖത്ത് ഇപ്പോൾ നേരത്തെയുണ്ടായിരുന്ന സ്നേഹമല്ല… ഒരു അമ്മയുടെ സംശയവും ഭയവുമായിരുന്നു.
“ഇഷാനി… നീ എന്താണ് എന്നിൽ നിന്ന് ഒളിപ്പിക്കുന്നത്?” മനസ്സിൽ വിചാരിച്ചുകൊണ്ട് അവർ പതിയെ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
ഇഷാനി ഇതൊന്നും അറിഞ്ഞിരുന്നില്ല.
അവൾ ബാത്റൂമിൽ ഫ്രഷ് ആവുകയായിരുന്നു…. എന്നാൽ തന്റെ ഉള്ളിലുള്ള ആ വലിയ രഹസ്യത്തിലേക്ക് തന്റെ അമ്മ കടന്നു വന്നുവെന്ന് അവൾ അറിഞ്ഞതെ ഇല്ല….
…….
ആയുഷിനോട് സംസാരിച്ചിറങ്ങിയതിന് ശേഷം അല്ലിയുടെ മനസ്സ് പഴയതുപോലെ ആയിരുന്നില്ല.
കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിന്റെ ജനൽച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നെങ്കിലും അവളുടെ കണ്ണുകൾ കാണുന്നത് റോഡുകളെയോ വഴിയരികിലെ കെട്ടിടങ്ങളെയോ ആയിരുന്നില്ല.
അവളുടെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞത് ഒരേയൊരു മുഖം.
ആയുഷ്…. അവന്റെ ശബ്ദം… അവൻ ചോദിച്ച ചോദ്യങ്ങൾ… തന്റെ മറുപടികൾക്കിടയിൽ അവൻ കണ്ടെത്തിയ അർത്ഥങ്ങൾ… താൻ പോലും ശ്രദ്ധിക്കാതെ പോയ തന്റെ സ്വഭാവത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും അവൻ ശ്രദ്ധിച്ചിരുന്നത്…
അവയെല്ലാം അവളുടെ മനസ്സിൽ ഒന്നിനുപിറകെ ഒന്നായി ഓടിക്കൊണ്ടിരുന്നു.
കാറിന്റെ പിൻസീറ്റിൽ ചാരിയിരുന്ന അല്ലി പതിയെ കണ്ണുകൾ അടച്ചു.
” നിന്നെ കുറച്ചൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും നീ ആരാണെന്ന്….” ആയുഷിന്റെ ശബ്ദം വീണ്ടും അവളുടെ കാതുകളിൽ മുഴങ്ങി.
അവൾ പതിയെ കണ്ണുകൾ തുറന്നു.
അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
തന്നെ ആരെങ്കിലും ഇത്രയും ശ്രദ്ധിച്ചിട്ടുണ്ടോ…?
ആ ചോദ്യം അവളുടെ മനസ്സിൽ ഉയർന്നതും ആ പുഞ്ചിരി കുറച്ചുകൂടി ആഴമായി.
അവളുടെ ജീവിതത്തിൽ പലരും അവളെ സ്നേഹിച്ചിരുന്നു.
അമ്മ… നിർമ്മല ആന്റി… ദിവ്യ… അടുത്ത ബന്ധുക്കൾ…
പക്ഷേ… താൻ എങ്ങനെയുള്ള ആളാണെന്ന് അറിയാൻ ഒരാൾ ഇത്രയും ആഴത്തിൽ ശ്രമിച്ചിട്ടുണ്ടോ? അവൾക്ക് ഓർമ്മയില്ല. അമ്മ അവളെക്കുറിച്ച് ഒരുപാട് ചിന്തിച്ചിരുന്നു.
അവളുടെ സുരക്ഷയെക്കുറിച്ച് പേടിച്ചിരുന്നു.
അവളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു.
തന്റെ ഇഷ്ട്ടങ്ങൾ എന്താണെന്ന് പോലും ആരും ചോദിച്ചിട്ടില്ല, എല്ലാവരും അവരുടേതായ പലതും തന്നിൽ അടിച്ചു ഏൽപ്പിക്കുകയാണ് ചെയ്തത്…
പക്ഷേ… അമ്മ എപ്പോഴും ചെയ്തിരുന്നത്,
“അല്ലി എന്ത് ചെയ്യണം?” എന്ന് കൽപ്പിക്കൽ ആയിരുന്നു….
ഇന്ന് ആദ്യമായിയാണ് ഒരാൾ ചോദിച്ചത്,
“അല്ലി യഥാർത്ഥത്തിൽ എങ്ങനെയുള്ള ആളാണ്?” എന്ന്…
ആ ചോദ്യം അവളുടെ ഉള്ളിൽ എവിടെയോ ആഴത്തിൽ പതിഞ്ഞിരുന്നു.
അവൾ ജനൽച്ചില്ലിൽ നെറ്റി ചേർത്തു.
പുറത്ത് സായാഹ്നനതിന്റെ വെളിച്ചം പതിയെ മങ്ങിത്തുടങ്ങിയിരുന്നു.
റോഡിലൂടെ ആളുകൾ തങ്ങളുടെ വീടുകളിലേക്ക് തിരക്കിട്ട് പോകുന്നു.
അവൾ വീണ്ടും ആയുഷിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. താൻ പറഞ്ഞ ഓരോ വാക്കും അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.
താൻ ബിസിനസ്സിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞ ആ ശ്രദ്ധ…
“ഇതാണ് നീ ശരിക്കും ഇഷ്ടപ്പെടുന്നത്…”
എന്ന് പറഞ്ഞപ്പോൾ അവൾക്ക് തോന്നിയ സന്തോഷം…
അവൻ തന്നെ മനസ്സിലാക്കിയിരുന്നു. അതായിരുന്നു ഏറ്റവും വലിയ കാര്യം.
അല്ലി പതിയെ തന്റെ വിരലുകൾ തമ്മിൽ കോർത്തു.
“എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത്…?” അവൾ സ്വയം ചോദിച്ചു.
ഇത്രയും ദിവസമായി ആയുഷിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലേ? ആദ്യമായി ലൈബ്രറിയിൽ കണ്ട ദിവസം മുതൽ അവന്റെ മുഖം മനസ്സിൽ പതിഞ്ഞിരുന്നില്ലേ? ക്ലാസ്സിൽ അവൻ സംസാരിക്കുമ്പോൾ അവന്റെ ശബ്ദം മറ്റുള്ളവരുടേതിനേക്കാൾ ശ്രദ്ധിച്ചിരുന്നില്ലേ? അവൻ തന്നെ നോക്കുമ്പോൾ ഹൃദയം വേഗത്തിൽ മിടിച്ചിരുന്നില്ലേ?
പക്ഷേ ഇന്ന്… ഇന്ന് അതെല്ലാം മറ്റൊരു അർത്ഥം കൈവരിച്ചതുപോലെ.
ഇത് വെറും സൗഹൃദം പോലെ ആണോ ? അല്ലി കുറച്ചുനേരം ആലോചിച്ചു.
“അല്ലെങ്കിൽ…” അവളുടെ മനസ്സ് ആ ഒരു വാക്ക് പറയാൻ പോലും മടിച്ചു.
പ്രണയമാണോ!?….
ആ ചിന്ത വന്നതും അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.
അവൾ പെട്ടെന്ന് കണ്ണുകൾ അടച്ചു.
“അയ്യോ…”അവൾ പതിയെ തല കുലുക്കി.
“എനിക്ക് എന്തൊക്കെയാ തോന്നുന്നത് എന്റെ ഈശ്വര…”
പക്ഷേ ആ ചിന്തയെ എത്ര തള്ളിപ്പറയാൻ ശ്രമിച്ചാലും അത് വീണ്ടും വീണ്ടും അവളുടെ മനസ്സിലേക്ക് തന്നെ തിരിച്ചുവന്നു.
ഇങ്ങനെയാണോ ഒരാളോട് പ്രണയം തോന്നുന്നത്?
ഒരാളെ കാണുമ്പോൾ ഹൃദയം വേഗത്തിൽ മിടിക്കുക… അവന്റെ ശബ്ദം കേൾക്കാൻ തോന്നുക… അവൻ പറഞ്ഞ ഓരോ വാക്കുകളും വീണ്ടും വീണ്ടും ഓർക്കുക… അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുക… അവനോടൊപ്പം കുറച്ചുകൂടി സംസാരിക്കണമെന്ന് തോന്നുക… അവൻ അടുത്തുണ്ടാകുമ്പോൾ മനസ്സിൽ ഒരു വിചിത്രമായ സമാധാനവും അതേ സമയം ഒരു വെപ്രാളവും ഉണ്ടാകുക…
അവൾ പതിയെ ചുണ്ടുകൾ കടിച്ചു.
“ഇതൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണോ…?”
ആ ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു.
പ്രണയത്തെക്കുറിച്ച് അവൾ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്, സിനിമകളിൽ കണ്ടിട്ടുണ്ട്, പാട്ടുകളിൽ കേട്ടിട്ടുണ്ട്, പക്ഷേ… സ്വന്തം മനസ്സിൽ സംഭവിക്കുന്ന ഒരു വികാരത്തെ പ്രണയമെന്ന് വിളിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരുന്നു.
അവൾ പെട്ടെന്ന് അമ്മയെ ഓർത്തു.
മിത്രയുടെ മുഖം. അമ്മ പറഞ്ഞ വാക്കുകൾ.
“ആൺകുട്ടികളോട് അധികം അടുക്കരുത്, റിഷിയോട് പോലും കുറച്ച് അകലം പാലിക്കുന്നത് നന്നായിരിക്കും, നീ ഒരു ചെറിയ തെറ്റ് ചെയ്താൽ പോലും അതിന്റെ വില നീ തന്നെ കൊടുക്കേണ്ടി വരും.”
അവളുടെ ഹൃദയത്തിൽ ഒരു ചെറിയ കുറ്റബോധം നിറഞ്ഞു.
അമ്മയോട് താൻ വാക്ക് നൽകിയതല്ലേ? അമ്മയെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്ന്.
അപ്പോൾ… ആയുഷിനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് പോലും ആ വാക്കിന് എതിരല്ലേ?
അല്ലി പതിയെ തല താഴ്ത്തി.
“ഞാൻ എന്താണ് ചെയ്യുന്നത്…?” അവൾക്ക് തന്നെ മനസ്സിലായില്ല.
ആയുഷിനെ പൂർണ്ണമായി മനസ്സിൽ നിന്ന് മാറ്റിനിർത്താൻ അവൾ ശ്രമിച്ചു.
പക്ഷേ… അത് സാധിച്ചില്ല.
അവന്റെ മുഖം ഓർത്താൽ അവളുടെ ഉള്ളിൽ ഒരു പുഞ്ചിരി. അവന്റെ ശബ്ദം ഓർത്താൽ ഒരു കുളിർമ.
അവൻ തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ ഓർത്താൽ ഒരു വിചിത്രമായ സന്തോഷം.
അവനെ മറക്കണം എന്ന് മനസ്സ് പറയുമ്പോഴും, അവനെക്കുറിച്ച് കൂടുതൽ ചിന്തിക്കണമെന്നാണ് ഹൃദയം പറയുന്നത്.
കാറിന്റെ വേഗം പതിയെ കുറഞ്ഞു. അല്ലി ജനൽച്ചില്ലിലൂടെ പുറത്തേക്ക് നോക്കി… അപാർട്മെന്റിന്റെ അടുത്തെത്തിയിരുന്നു.
അവൾ പെട്ടെന്ന് തന്റെ മുഖത്ത് കൈവെച്ചു.
“ഇതൊന്നും അമ്മ അറിയാൻ പാടില്ല…” അവൾ പതിയെ പറഞ്ഞു.
അത് പറഞ്ഞപ്പോഴേക്കും അവളുടെ മനസ്സിൽ മറ്റൊരു ചിന്ത കൂടി വന്നു.
എന്തുകൊണ്ടാണ് അമ്മയോട് ആയുഷിനെക്കുറിച്ച് പറയണമെന്ന് പോലും തോന്നാത്തത്?
റിഷിയെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. അത് പോലും അമ്മയുടെ നിർബന്ധം കൊണ്ടായിരുന്നു.
പക്ഷേ ആയുഷ്… അവന്റെ പേര് പറയാൻ പോലും അവളുടെ മനസ്സ് തയ്യാറായിരുന്നില്ല.
കാരണം… അവന്റെ പേര് പറഞ്ഞാൽ തന്റെ മനസ്സിലെ ഈ വികാരത്തിനും ഒരു പേര് ലഭിക്കുമെന്നൊരു പേടി അവൾക്കുണ്ടായിരുന്നു. തന്റെ അധ്യാപകൻ ആണ് ആയുഷ് എന്ന് പറഞ്ഞാലും അമ്മ അയാളിൽനിന്ന് അകലമിട്ട് നിൽക്കാനേ പറയു.. പിന്നെ നിർമ്മലാന്റിയോട് പറഞ്ഞു ഞങ്ങളെ നിരീക്ഷിക്കും, അതിലും നല്ലത് ഒന്നും പറയാതെ ഇരിക്കുന്നതാണ്…. അവൾ കണ്ണുകൾ അടച്ചു.
“ഇത് പ്രണയം ആണെങ്കിലും…” അവൾ നിശ്ശബ്ദമായി നിന്നു. “ഞാൻ അത് ആരോടും പറയില്ല.”
അവളുടെ ഉള്ളിൽ നിന്നൊരു ഉറച്ച തീരുമാനം ഉയർന്നു.
അമ്മയ്ക്ക് കൊടുത്ത വാക്ക് താൻ പാലിക്കും. ആയുഷിനെക്കുറിച്ച് ആരോടും പറയില്ല. തന്റെ മനസ്സിലുള്ള ഈ ഇഷ്ടം… ഇത് എന്താണെന്ന് മനസ്സിലാകുന്നതുവരെ… അത് തന്റെ മനസ്സിൽ തന്നെ സൂക്ഷിക്കും.
പക്ഷേ… അവനെ മറക്കാൻ കഴിയുമോ? അവൾക്ക് അറിയില്ലായിരുന്നു.
അവൾക്കറിയാമായിരുന്ന ഒരേയൊരു കാര്യം…
ആയുഷ് ഇതിനകം തന്നെ അവളുടെ മനസ്സിൽ ഒരിടം സ്വന്തമാക്കിയിരുന്നു.
തുടരും… 🧡





