പ്രണയമംഗല്യം….. 13
പ്രണയമംഗല്യം 💞
രണ്ടുദിവസം കൂടി കഴിഞ്ഞുള്ള പ്രോഗ്രാമിന്റെ ആവശ്യത്തിനായി അരുന്ധതിയും മരുമക്കളും ഷോപ്പിങ്ങിനായി ഇറങ്ങി.
അന്നത്തെ ഇൻസിഡന്റ് ആർക്കും വലിയ രീതിയിൽ ഒന്നും മനസ്സിലായില്ലെങ്കിലും അരുന്ധതിയുടെ കുടുംബത്തിന് എന്തോ നാണക്കേട് ഉണ്ടാകുന്ന രീതിയിലുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
എന്നാലും പൂർണമായി എന്തു സംഭവിച്ചു എന്നും രുദ്രൻ എന്തിനാണ് ആ സമയം സ്റ്റേജിലേക്ക് കയറി വന്നതെന്നും ആർക്കും അറിയില്ല. പെട്ടെന്ന് വന്നവൻ അവളെയും കൂട്ടി മറ്റൊരിടത്തേക്ക് മാറുകയും പിന്നീട് പാർട്ടിയിൽ എല്ലാവർക്കും ഫുഡ് വിളമ്പുകയും ബാക്കി കാര്യങ്ങളിലേക്ക് കടത്തുകയും ചെയ്തു. എന്നിരുന്നാലും ആൾക്കാർക്കിടയിൽ അതൊരു സംശയമായി നിലകൊണ്ടു. ആർക്കും തുറന്നു ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ പരസ്പരം ചോദിച്ചും പറഞ്ഞു ഓരോന്ന് ഇല്ലാത്തത് ഉണ്ടാക്കിയും അവർ ആശ്വാസം കണ്ടെത്തി. അതിനിടയിലാണ് ഇപ്പോൾ അരുന്ധതിയെയും മരുമക്കളെയും പുറത്തുവച്ച് പലരും കാണുന്നത്.
തുറന്നു ചോദിക്കുവാൻ മടിയും ഒപ്പം ഭയവും ഉള്ളവർ ഒരു ചിരിയിലും സംശയത്തോടെയുള്ള ഒരു നോട്ടത്തിലും കാര്യങ്ങൾ ഒതുക്കി. മരുമക്കൾക്ക് രണ്ടുപേർക്കും യാതൊരുവിധ സങ്കടമോ നാണക്കേടോ തോന്നിക്കാത്തത് അവരിൽ ഒരു അത്ഭുതം സൃഷ്ടിച്ചു. സാധാരണ എന്തെങ്കിലും നാണക്കേട് ഉണ്ടാകുന്ന കാര്യങ്ങളിൽ പെൺകുട്ടികൾ പൊതുവേ പുറത്തേക്കിറങ്ങാനോ മറ്റുള്ളവരെ ഫെയ്സ് ചെയ്യുവാനോ ബുദ്ധിമുട്ട് കാണിക്കും. എന്നാൽ അരുന്ധതിയുടെ മരുമക്കൾ രണ്ടുപേരും ആർത്തുല്ലസിച്ച് കളിയും ചിരിയുമായി മുന്നോട്ടുപോകുന്നത് അവരുടെ തന്നെ സൊസൈറ്റിയിലെ കുറച്ച് സ്ത്രീകൾക്ക് കണ്ണുകടിക്കാൻ ഇടയാക്കി.
എല്ലാ കാര്യത്തിലും അരുന്ധതി തന്റെ മികവു തെളിയിക്കുന്നത് മറ്റുള്ള സ്ത്രീകൾക്ക് ദഹിക്കുന്ന കാര്യമായിരുന്നില്ല. എന്നിരുന്നാലും ആ സൊസൈറ്റിയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളാണ് അരുന്ധതി. അവളെ പിണക്കുന്നത് ശരിയല്ലെന്ന് ആ സ്ത്രീകൾ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവരുടെ ഒരു കാര്യത്തിലും കൂടുതലായി കയ്യിടാനോ തലകടത്താനോ ആരും ശ്രമിക്കാറില്ല.
അവരായി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ മാത്രം അതിനെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യും. അതൊക്കെ ഇഷ്ടപ്പെട്ടാൽ ചിലപ്പോൾ അരുന്ധതിയുടെ വക എന്തെങ്കിലും സമ്മാനമോ അതല്ല എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കുകയോ റെക്കമെന്റേഷൻ പോലുള്ള കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യും. അതുകൊണ്ട് മിക്ക സ്ത്രീകളും അവരുടെ പുരുഷന്മാരുടെ വാക്കുകൾ കേട്ട് അരുന്ധതിയെ പിണക്കാറില്ല ഒരു കാര്യത്തിനും. കാരണം ബിസിനസ് രംഗങ്ങളിൽ കൂടുതലും നരേന്ദ്രന് എതിരാളികൾ പുരുഷന്മാരാണ്.
അതും വലിയ വലിയ കമ്പനികളിലെയും വലിയ രാജ്യങ്ങളിലെ ആളുകളും ആയിട്ട് നരേന്ദ്രൻ ഒപ്പം ചേർന്നുനിന്ന് സൊസൈറ്റിയിലെ കുറെ പുരുഷന്മാരും ഓരോ ബിസിനസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതിനൊക്കെ മറ്റുള്ള വമ്പൻമാരായ ആളുകളുമായി സമ്പർക്കം ഉണ്ടാക്കിയത് നരേന്ദ്രൻ കാരണമാണ്.
നരേന്ദ്രന്റെയും അരുന്ധതിയുടെയും റെക്കമെന്റേഷൻ കാരണം ഒരുപാട് കുടുംബങ്ങൾ രക്ഷപ്പെട്ടിട്ടുണ്ട്.
ഇന്ന് അവരൊക്കെ ചെറിയ രീതിയിൽ കോടീശ്വരന്മാരാണ് എന്ന് പറയാം അതുകൊണ്ട് തന്നെ ഇത്രയും പ്രഗൽഭരായ ഒരു നർത്തകിയെ നാണം കെടുത്താനോ അവരുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തികഞ്ഞു നോക്കി അതിനെ ഹാസ്യവൽക്കരിക്കാനോ ആരും ശ്രമിക്കാറില്ല. എല്ലാവർക്കും അവരവരുടെ ജീവിതം ആണല്ലോ വലുത്.അതുകൊണ്ട് തന്നെ ആവാം.
അവർ മൂന്നുപേരും നേരെ ചെന്നത് പ്രോഗ്രാംസിന്റെ ഡ്രസ്സുകൾ എടുക്കുന്ന സ്ഥിരമായി ഉള്ള ഒരു ഷോപ്പിലേക്കാണ് അവിടെ ഡ്രെസ്സും ഒരെണ്ണമെൻസും പ്രോഗ്രാമിന് ആവശ്യമുള്ള പ്രോപ്പർട്ടീസും എല്ലാം ലഭ്യമാകും.
അരുന്ധതി മിക്കപ്പോഴും ക്ലാസിക്കൽ ആണ് അവതരിപ്പിക്കുന്നത് ഇപ്രാവശ്യം മരുമക്കളും കൂടെയുള്ളതിനാൽ മൂന്നു ക്ലാസിക്കലും രണ്ട് ഗ്രൂപ്പും അങ്ങനെ തരം ധരിച്ചാണ് പ്രോഗ്രാമുകൾ ചെയ്യുന്നത്.
രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് തനുവിന് നല്ല രീതിയിൽ പഠിച്ചെടുക്കുവാൻ കഴിഞ്ഞു . അതിൽ അരം അഭിമാനം മാത്രമേ ഉള്ളൂ.
ഒരു കാര്യത്തിലും അവർ തനുവിനെ നിർബന്ധിച്ചില്ല. എങ്കിലും കണ്ടറിഞ്ഞ് അവൾ ഓരോ കാര്യങ്ങളും ചെയ്തിരുന്നു. നല്ല രീതിയിൽ പെർഫോമൻസ് കാഴ്ചവയ്ക്കാൻ തനുവിന് കഴിയും എന്ന് ഇപ്പോൾ എല്ലാവർക്കും ഒരു വിശ്വാസമുണ്ട്. പക്ഷേ ഇപ്പോഴും അവൾക്ക് പേടി കഴിഞ്ഞ ദിവസത്തെ പാർട്ടിയിൽ നടന്നതുപോലെ എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്നാണ് അതുകൊണ്ടുതന്നെ അത് മുൻകൂട്ടി അരുന്ധതി കണ്ടുകൊണ്ട് പ്രോഗ്രാമിന് ഉള്ള ഡ്രസ്സുകൾ ഒരേ പോലെ തന്നെ മൂന്നു നാല് ജോഡി വീതം സെപ്പറേറ്റ് ചെയ്യിപ്പിച്ചിരുന്നു.
പ്രോഗ്രാമിനുള്ള ഡ്രസ്സുകളും ഓർണമെൻസും ഒക്കെയും എടുത്ത് അവർ ചുമ്മാ ഒന്ന് കറങ്ങാനായി ഷോപ്പിംഗ് മോളിലേക്ക് കയറി അലങ്കാര ബൾബുകൾ ആയാലും ലൈറ്റുകളിലും ഒക്കെയും വർണ്ണാഭമായ ആ ഷോപ്പിംഗ് മാൾ തനുവിനും മാതുവിനും പുതിയ ഒരു അനുഭവം തന്നെയായിരുന്നു അരുന്ധതി ഒരു അമ്മ താറാവിനെ പോലെ തന്റെ രണ്ടു മരുമക്കളെയും കൂട്ടി അവരുടെ ഒപ്പം നടന്നു. അവർക്ക് ആവശ്യമുള്ളതൊക്കെയും വാങ്ങിച്ചു വാങ്ങിപ്പിച്ചും അവർ മുന്നോട്ടു നടന്നു.
അമ്മയെപ്പോലെ അമ്മായി അമ്മയെ കിട്ടുക എന്നത് എല്ലാ പെൺകുട്ടികൾക്കും കിട്ടുന്ന ഒരു ഭാഗ്യം അല്ല. ഇവിടെ തനുവിനും മധുവിനും കിട്ടിയത് മറ്റൊരു അമ്മയെ തന്നെയായിരുന്നു..
സ്നേഹവും കരുതലും സംരക്ഷണവും ഒക്കെയും സ്വന്തം അമ്മയെപ്പോലെ തന്നെ അരുന്ധതിയിൽ നിന്നും അവർക്ക് കിട്ടിയിരുന്നു. അതിനാൽ അമ്മായിയമ്മ എന്നതിലുപരി അമ്മ അങ്ങനെ ഒരു വാചകം മാത്രമേ അവരുടെ നാവിൽ നിന്നും പുറത്തേക്ക് വന്നിരുന്നുള്ളൂ.. നരേന്ദ്രനും അതേപോലെ തന്നെയായിരുന്നു, അമ്മായി അച്ഛൻ എന്ന് ഒരിക്കലും പറയരുതെന്ന് പലവട്ടം അയാൾ ആ കുട്ടികളെ ഉപദേശിക്കുമായിരുന്നു.
ആൺകുട്ടികൾ മാത്രമുള്ള വീട്ടിലേക്ക് രണ്ട് പെൺകുട്ടികൾ വന്നപ്പോൾ അവർ ഒരിക്കലും അവരെ മരു മക്കളായി അല്ല കണ്ടിരുന്നത് മക്കളെ പോലെ തന്നെയായിരുന്നു.
വന്നിട്ട് ഒരുപാട് ദിവസങ്ങളായില്ലെങ്കിൽ പോലും ഒരുപാട് വർഷത്തെ പരിചയവും സ്നേഹവും കരുതലും അവർ രണ്ടുപേരും ആ മരുമക്കൾ നൽകിയിരുന്നു.
ഏത് പ്രതിസന്ധികളിലും അവർക്ക് കൂട്ടായി ആ അച്ഛനും അമ്മയും ഉണ്ടാകുമെന്ന് പറയാതെ ഓരോ പ്രവർത്തിയിലൂടെയും കാണിച്ചു കൊടുത്തു.
ഷോപ്പിംഗ് ഒക്കെയും കഴിഞ്ഞു തിരികെ കാറിലേക്ക് കയറാൻ നേരം മാധു തനുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.
എന്താടി….?
അങ്ങോട്ട് നോക്ക്
എങ്ങോട്ട് …?
എന്റെ മുഖത്തേക്ക് നോക്കാതെ നേരെ നോക്കെടി പുല്ലേ
തനിക്ക് നേരെ നോക്കി നിൽക്കുന്നവളുടെ തല നേരെ പിടിച്ചു നിർത്തി മറ്റൊരു കാറിനരികിലേക്ക് നടക്കുന്ന ഒരു പെൺകുട്ടിയെ മാധു ചൂണ്ടി കാണിച്ചു.
അത്… ഡി… അത്…
ആ അതുതന്നെ, നിന്റെ ചേച്ചി ദേവയാനി….
തനു അവളെക്കണ്ടു ഞെട്ടി നിന്നുപോയി.
ദേവുവിന്റെ പഴയ രൂപമൊക്കെ മാറി. കുറച്ചു ദിവസങ്ങൾകൊണ്ട് അവളാകെ കോലം കെട്ടുപോയി.
മുടിയൊക്കെ പോയി, കണ്ണിനു ചുറ്റും കറുപ്പായി ആകെ വല്ലാതെയായി.
വാ പോകാൻ സമയമായി.
അരുന്ധതി വന്നു വിളിച്ചതും പിന്നെ ഒന്നും പറയാതെ അവർ കാറിലേക്ക് കയറി.
മൗനം തളം കെട്ടിക്കിടന്നിരുന്നു ആ വണ്ടിയിൽ.
അവൾക്ക് അവന്റെ വീട്ടിൽ വലിയ സുഖങ്ങൾ ഒന്നുമില്ല. എന്നും ദുരിതമാണ്. അവന്റെ അമ്മയോ പെങ്ങളോ ഒന്നുമല്ല, അവിടെ അവളുടെ ശത്രുപക്ഷത്തുള്ളത് അവന്റെ അച്ഛന്റെ അമ്മ അവരൊരു മിലിറ്ററി ലേഡി ആണ് അച്ഛന്റെ അച്ഛനും മിൽട്രി ഉദ്യോഗസ്ഥനായിരുന്നു. അതിന്റെ തായ് ചിട്ടവട്ടങ്ങളാണ് അവരിപ്പോഴും കീപ്പ് ചെയ്യുന്നത്. മറ്റൊരു ജാതി മറ്റൊരു മതവും ആയതിനാൽ അവർക്ക് അവളെ അങ്ങോട്ട് അക്സെപ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അവൻ ഇല്ലാത്ത ദിവസങ്ങളിലാണ് അവൾക്ക് ഏറെയും കഷ്ടപ്പാടുകൾ എങ്കിലും അവന്റെ അമ്മ അവളോട് നല്ല രീതിയിലാണ് പെരുമാറുന്നത്. പക്ഷേ ആ വീടിന്റെ താക്കോൽ ഗ്രാന്മയിലായതുകൊണ്ട് ആ വീടിന്റെ സ്പന്ദനം പോലും ഗ്രാന്മയെ ഉൾക്കൊണ്ടു കൊണ്ടായതുകൊണ്ടും അവന്റെ അമ്മയ്ക്ക് മറുതൊന്നും പറയാൻ കഴിയാതെ വരുന്ന കുറെ നിമിഷങ്ങൾ ഉണ്ട്. എല്ലാ ജോലികളും ഏറ്റെടുക്കേണ്ടി വന്നത് എല്ലാ രീതിയിലും കഷ്ടപ്പെടുക തന്നെയാണ്. ജോ ഒരു നല്ല ജോലി അന്വേഷിക്കുന്നുണ്ട്. അവളെയും കൂടെ കൂട്ടാൻ വേണ്ടിയാണവൻ മറ്റൊന്ന് നോക്കുന്നത്.
അവർ അറിഞ്ഞോ അറിയാതെയോ നമ്മുടെ കമ്പിനിയിലേക്കും ഒരു ബയോഡാറ്റ വന്നിട്ടുണ്ട്.
ആരും ഒന്നും മിണ്ടുന്നില്ലെന്ന് അറിയവേ… ദേവൂവൂനെക്കുറിച്ചാണ് രണ്ടുപേരും ആലോചിക്കുന്നതെന്നും അറിഞ്ഞുകൊണ്ടാവും അരുന്ധതി അത്രയും പറഞ്ഞത്.
അവർ പറഞ്ഞതൊക്കെയും കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു തനുവും മാധുവും. കാരണം, തറവാട്ടിലെ ഏറ്റവും മുതിർന്നവൾ ആയിരുന്നു ദേവയാനി.
അവളെ നല്ല ആർഭാടപരമായ രീതിയിൽ തന്നെ വിവാഹം കഴിപ്പിച്ചയക്കണമെന്നും നല്ല രീതിയിൽ നോക്കുന്ന ഒരാളെ ഏൽപ്പിക്കണമെന്നുമുള്ളത് തറവാട്ടിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിനെയാണ് തച്ചുടച്ചുകൊണ്ട് അവൾ അന്യ മതസ്ഥനായ ഒരാളുമായി പ്രണയത്തിൽ ആയതും കല്യാണ മണ്ഡപത്തിൽ വെച്ച് അവരെയും നാണംകെടുത്തി ഇറങ്ങിപ്പോയതും.
അവൾക്ക് ഇങ്ങനെ ഒരു തിരിച്ചടി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാധുവും തനുവും ഒരേ നിമിഷം ചിന്തിച്ചത് ഇതേ കാര്യങ്ങൾ തന്നെയായിരുന്നു.
അച്ഛനോട് അങ്ങനെ അവതരിപ്പിക്കും.? എവിടെ എത്ര ദൂരത്താണെങ്കിലും സന്തോഷവതിയായിരിക്കട്ടെ തന്റെ മകൾ എന്നാണ് ആ പിതാവ് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ആ ഹൃദയത്തിന് ഇത് താങ്ങാൻ ആകുമോ? എങ്ങനെ ഇത് പറയും?
അവളുടെ ഭർത്താവിന് തങ്ങളുടെ കമ്പനിയിൽ നല്ലൊരു പോസ്റ്റിങ്ങിലേക്ക് ജോലി നൽകണമെന്ന് എങ്ങനെ അമ്മയോട് പറയും. തനിക്ക് പറയാനുള്ള അധികാരമോ അവകാശമോ ഉണ്ടോ?
താൻ അങ്ങനെ പറഞ്ഞാൽ അത് തന്റെ ധിക്കാരമാകുമോ?
ഒരിക്കലും തന്റെ കൂടെപ്പിറപ്പ് വഴിയാധാരമാകുന്നതോ കഷ്ടപ്പാടനുഭവിക്കുന്നത് കാണാനുള്ള ത്രാണി തനിക്കില്ല.
ഒരു രീതിയിൽ നോക്കിയാൽ അവള് കാരണമല്ലേ തനിക്ക് ഇത്രയും നല്ലൊരു കുടുംബവും സൗഭാഗ്യങ്ങളും ഉണ്ടായത്.
അവളോട് എന്നും കടപ്പെട്ടിരിക്കണം,
അതിന്റെ സ്നേഹസൂചകമായി ജോലി നൽകാൻ അമ്മയോട് പറഞ്ഞാലോ..?
അതോ അച്ഛനോട് പറഞ്ഞാലോ…?
അമ്മയോട് പറയാതെ അച്ഛനോട് പറഞ്ഞാൽ അതൊരു പ്രശ്നം ആയി തീരുമോ?
അതല്ലെങ്കിൽ ദേവേട്ടനോട് ചോദിക്കാം.
ശിവേട്ടനോടു ഒന്ന് തിരക്കാൻ മാധുവിനോട് പറയാം.
ഓഫീസിലെ മെയിൽസ് അല്ലേ ബയോഡേറ്റ വന്നിട്ടുണ്ടെന്ന് പറഞ്ഞത് അപ്പോൾ ഇവർ കണ്ടു കാണുമല്ലോ?
പിന്നെന്താ എന്നോട് പറയാഞ്ഞത്?
ചേച്ചിയുടെ ഹസ്ബൻഡ് ആണ് അതെന്ന് അവർക്ക് മനസ്സിലായി കാണില്ലേ?
ഒരുപാട് ചിന്തകളുമായി തനു കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു.
വീട്ടിൽ ചെന്നിട്ട് എന്തായാലും ശിവയോട് ഇത് തിരക്കണമെന്ന് തന്നെ മാധു തീരുമാനിച്ചു.
ഷോപ്പിങ്ങിന് പോയവർ തിരികെ വന്നത് ഹാപ്പി ആയിട്ടല്ലായിരുന്നു. അങ്ങോട്ട് പോയതിന്റെ അത്രയും സന്തോഷം അവരുടെ മുഖങ്ങളിൽ വ്യക്തമായിരുന്നില്ല.
നരേന്ദ്രന്റെ നെറ്റി ഒന്ന് ചുളിഞ്ഞു. ശേഷം ഏറ്റവും പുറകിലായി വരുന്ന അരുന്ധതിയെ ഒന്ന് നോക്കി കണ്ണുകൊണ്ട് എന്തെന്ന് തിരക്കി. അതിനവർ കണ്ണുകൾ രണ്ടും ചിമ്മി ഒന്നുമില്ലെന്ന് സൂചന നൽകി.
വെറും ഒരു മങ്ങിയ പുഞ്ചിരി നൽകിയ ശേഷം രണ്ട് പെൺകുട്ടികളും അവരവരുടെ റൂമിലേക്ക് കയറി പോയി.
അരുന്ധതിയും സാധനങ്ങളുമായി തങ്ങളുടെ റൂമിലേക്ക് കയറി. കുറച്ചുനേരം സോഫയിൽ പത്രവും വായിച്ചിരുന്നതിനു ശേഷം കാര്യമന്വേഷിക്കാനായി നരേന്ദ്രനും മുറിയിലേക്ക് കടന്നു. യാത്ര ക്ഷീണം കാരണം അരുന്ധതി ഫ്രഷ് ആയി ഒന്ന് മയങ്ങുകയായിരുന്നു. ആ സമയമാണ് കാൽപാദത്തിൽ ആരുടെയോ സ്പർശനമേറ്റവർ കണ്ണ് തുറന്നു നോക്കിയത്. ആലോചനയോടെ നരേന്ദ്രൻ അവരെയും നോക്കിയിരിക്കുന്നു.
എന്തുണ്ടായി?
ഞങ്ങളിന്ന് തനുവിന്റെ ചേച്ചിയെ ഇന്നവിടെ വെച്ചുകണ്ടു.
നിങ്ങളെ കണ്ടോ?
ഇല്ല.
മിണ്ടിയോ?
ഇല്ല, അവർ ഞങ്ങളെ കണ്ടില്ല, കുട്ടികൾ കണ്ടു. വണ്ടിയിൽ കയറിയപ്പോൾ മിണ്ടാതെ രണ്ടും എന്തൊക്കെയോ ആലോചിച്ചിരിക്കുന്നത് കണ്ടപ്പോ ഒന്നും പറയാതിരുന്നിട്ട് കാര്യമില്ലെന്ന് തോന്നി.
അപ്പോൾ ഒരു റെക്കാമെന്റെഷൻ മണക്കുന്നുണ്ട്
ചിരിയോടെ പറയുന്നയാളെ നോക്കി അവരും ചിരിയോടെ എഴുന്നേറ്റിരുന്നു.
ആരോടാവും…?
നാലുപേർക്കും പ്രതീക്ഷിക്കാം.
ചിരിയോടെയവർ തനുവിന്റെയും മാധുവിന്റെയും വരവിനായി കാത്തിരുന്നു.
💞
തുടരും…….



