രചന – അമ്മു സജീവ്
” ഹമ്പടി കള്ളി.. അല്ല ആരാ ആള്? “(അമ്മു & മരിയ )
” മക്കളെ ദേ അവരിങ്ങെത്തി.. വേഗം വാ ”
അമ്മ വന്നു വിളിച്ചതും അവർ നാലുപേരും താഴേക്ക് പോയി..
താഴേക്ക് ചെന്നപ്പോൾ തന്നെ ഹാളിൽ സോഫയിൽ കുറെ പേർ ഇരിക്കുന്നത് കണ്ടു.
തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് തന്നെ ആരുടേയും മുഖം വ്യക്തമായിരുന്നില്ല..
അമ്മ വന്നു ചിന്നുവിനെയും കൂട്ടി അടുക്കളയിലേക്ക് പോയി..
അവളുടെ പുറകെ തന്നെ അമ്മുവും മരിയയും പോയി..
വന്നിരിക്കുന്നവരെ കാണാനുള്ള അതിയായ ആഗ്രഹം അഥവാ ആക്രാന്തം കൊണ്ട് അച്ചു നേരെ ഹാളിലേക്ക് തന്നെ പോയി..
ചിന്നുവാണേൽ ആകെ ടെൻഷൻ അടിച്ചു അടുക്കളയിലൂടെ തേരാ പാര നടക്കുവാണ്..
അവളുടെ കോപ്രായം കണ്ടു കൊണ്ട് അടുത്ത് തന്നെ അമ്മുവും മറിയാമ്മയും നിൽപ്പുണ്ട്..
” എന്റെ ചിന്നു, നീ ഈ സേതുരാമയ്യർ കളിക്കാതെ ഇവിടെ എങ്ങാനും വന്നു ഇരിക്കാൻ നോക്ക് “( മരിയ )
” നിനക്കൊക്കെ അങ്ങനെ പറയാം.. എന്റെ ടെൻഷൻ എനിക്കല്ലേ അറിയൂ.. ”
അതും പറഞ്ഞു അവൾ വീണ്ടും പഴയ പരിപാടി തന്നെ…
അമ്മയും അപ്പച്ചിയും ഒക്കെ ചായയും പലഹാരങ്ങളും എടുക്കുന്ന തിരക്കിലാണ്..
സമയം കഴിയുന്തോറും ചിന്നുവിന്റെ ടെൻഷനും കൂടി കൂടി വന്നു..
അമ്മയും അപ്പച്ചിയും അമ്മായിയും ഒക്കെ അടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെ അമ്മുവിന് അവളോട് ഒന്നും ചോദിക്കാനും പറ്റുന്നില്ല..
ഇപ്പൊ വരാം എന്ന് പറഞ്ഞുപോയ അച്ചുവിന്റെ പൊടി പോലും അവിടെങ്ങും ഇല്ല..
ആരെയെങ്കിലും വായിനോക്കി അവിടെ എവിടേലും നിൽക്കുവായിരിക്കും..
അപ്പോഴേക്കും മുതിർന്നവരിൽ ആരോ പെണ്ണിനെ വിളിച്ചോളൂ എന്ന് പറഞ്ഞു..
അയ്യോ ഇപ്പൊ ലതിന്റെ ബോധം ഒക്കെ പോവൂന്നാ തോന്നുന്നേ.. കണ്ണൊക്കെ ബുൾസൈ പോലെ ആയി..
തല്ലിക്കൊന്നാൽ പോവില്ല എന്ന് പറഞ്ഞു നിക്കുന്ന ചിന്നുനെ അമ്മ തല്ലിയോടിച്ചു..
ചായയും ട്രേയും കയ്യിൽ പിടിച്ചു പാവം നിന്ന് വിറയ്ക്കുവാണ്. ചായ തുളുമ്പി പോകുവോ ആവോ…
ഒരു ധൈര്യത്തിനാണെന്ന് പറഞ്ഞു അമ്മുവിനെയും മരിയയെയും കൂട്ടിനു വിളിച്ചോണ്ടാണ് പോകുന്നത്..
അവിടെ ചെന്ന് ചിരിപ്പിച്ചു കൊളമാക്കിയില്ലേൽ കൊള്ളാം..
ഹാളിലേക്ക് ചെന്നതും മുതിർന്നവർ എല്ലാവരും നല്ല സന്തോഷത്തിൽ ഇരുന്നു സംസാരിക്കുവാണ്..
അച്ഛന്റേം ചെറിയച്ഛന്റേം ഒക്കെ മുഖത്ത് നിന്ന് പയ്യനെ ഇഷ്ടപ്പെട്ടു എന്ന് തിരിച്ചറിയാൻ വലിയ താമസം ഒന്നും വന്നില്ല..
അവിടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും അമ്മുവും മറിയാമ്മയും അവളുടെ അടുത്തേക്ക് പോയി..
അച്ചുവിന്റെ മുഖം കണ്ടു വന്ന പയ്യനെ നോക്കിയതും അമ്മുവിന്റെയും മറിയാമ്മയുടെയും കിളികൾ മൊത്തം കൂടും കുടുക്കയും എടുത്ത് ഫ്ലൈറ്റ് പിടിച്ചു ഈ രാജ്യം വിട്ടു തന്നെ പോയി..
” അനിസാർ….. ”
അവരുടെ നാവിൽ നിന്ന് ആ പേര് വീണപ്പോഴാണ് ചിന്നുവും വന്നയാളുടെ മുഖത്തേക്ക് നോക്കുന്നത്..
” അവിടെ ഒരു കള്ളച്ചിരിയോടെ തന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്ന അനിസാറിനെ കണ്ടിട്ടും ചിന്നു അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുവാണ്.
” നീയെന്താ ഞെട്ടാത്തെ? “( അമ്മു & മരിയ )
” ഞാൻ ഒരുവട്ടം ഞെട്ടിയതാ.. എപ്പോഴും എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ല “( അച്ചു )
” ന്റെ പൊന്നോ.. ഈ സിനിമ ഡയലോഗ് ഒക്കെ ഈ ടൈമിംഗ് അനുസരിച്ചു എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് കിട്ടുന്നു.. “( അമ്മു )
” കഴിവാ കഴിവ്… ”
” ഒന്ന് മിണ്ടാതിരിക്കുവോ രണ്ടും “( മരിയ )
ബോസ്സ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. രണ്ടും വായ പൂട്ടി സീൽ വച്ചു..
അവിടെ എല്ലാവരും ചിന്നുവിനെ നോക്കി നിൽക്കുകയാണ്.
“എന്താ മോളുടെ പേര്?? “(കൂടെ വന്ന ആരോ ഒരാൾ )
” ആാാ…… ”
” ഓ ഇവൾ ഇത് ചളവാക്കും.. ”
അതും പറഞ്ഞു മരിയ അവളുടെ കാലിൽ ഒന്ന് ചവിട്ടി..
” അയ്യോ…. ഏഹ്.. എന്താ ചോദിച്ചേ? “( ചിന്നു )
” പേര് പറഞ്ഞു കൊടുക്കെടി.. “( അമ്മു )
” ചിന്നു… അല്ല ചൈതന്യ.. ”
അതിന് അവർ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു..
അവളുടെ നിൽപ്പ് കണ്ടിട്ട് അനി ചിരി കടിച്ചുപിടിച്ചു നിൽക്കുവാണ്..
ചിന്നുവിന് കാര്യങ്ങൾ ഒന്നും അറിയില്ലെന്ന് നേരത്തെ അവൻ വീട്ടുകാരോട് പറഞ്ഞിരുന്നു..
” ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം “( വകയിലെ ഏതോ ഒരു അമ്മാവൻ )
അത് പറഞ്ഞു വീട്ടുകാരെല്ലാം ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി..
അനിസാർ മുറ്റത്തെ മാവിൻചോട്ടിലേക്ക് നടന്നു..
” ചെല്ല്.. എന്തായാലും പോയി സംസാരിക്ക്..”( മരിയ )
” അയ്യോ ഞാനോ??( ചിന്നു )
” വേണ്ട, വടക്കേലെ അമ്മിണി അമ്മയെ വിളിക്കാം.. പോയി സംസാരിക്കെടി.. “( അമ്മു )
” എന്റെ കൂടെ ഒന്ന് വരുവോ.. ഒരു കൂട്ടിന്.. “( ചിന്നു )
” ഓഹ് ശവം.. ഇവളെ ഞാൻ മിക്കവാറും തല്ലിക്കൊല്ലും.. ഒന്നിറങ്ങി പോകുന്നുണ്ടോ?
”
അമ്മുവിന്റെ ഒറ്റ ആട്ടിൽ ചിന്നു തെറിച്ചു ദേ മാവിൻ ചുവട്ടിൽ എത്തിച്ചു.. ഹല്ല പിന്നെ. നമ്മളോടാ കളി..
സീൻ പിടിക്കൽ പണ്ടേ നമുക്ക് ശീലം അല്ലാത്തത് കൊണ്ട് നമ്മൾ മാവിന്റെ അടുത്തേക്ക് ഒന്നും പോയില്ല..
അതിനടുത്തുള്ള ഗാർഡനിൽ ചെവി കൂർപ്പിച്ചു ഇരുന്നതേയുള്ളു…
” ഒന്നും കേൾക്കുന്നില്ലല്ലോ .. “( അമ്മു )
” അതിനു അവര് വല്ലതും സംസാരിക്കട്ടെ.. നീ ഒന്ന് സമാധാനിക്ക്.. “( മരിയ )
❣️
ഇതേസമയം അനിയുടെ പുറകിൽ നിന്ന് പരുങ്ങുവാണ് ചിന്നു..
തിരിഞ്ഞു നിന്ന് ഫോണിൽ നോക്കിക്കൊണ്ടിരുന്ന അനി പുറകിൽ നിഴലനക്കം കണ്ടിട്ടാണ് തിരിഞ്ഞത്..
” എടോ താൻ ഇതെങ്ങനെ എടുക്കും എന്നെനിക്കറിയില്ല…
തനിക്ക് ഒരു സർപ്രൈസ് തരാം എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ..
ഇപ്പോഴത്തെ പിള്ളേരെ പോലെ പുറകെ ഒലിപ്പിച്ചു നടക്കാനും പഞ്ചാര വാക്ക് പറയാനും ഒന്നും എനിക്ക് പരിചയമില്ല..
ഉള്ളിൽ തോന്നിയ ഒരിഷ്ടം തുറന്നു പറയണം എന്ന് കരുതിയതാ..
പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് അതെല്ലാം നീങ്ങി നീങ്ങി പോവും..
പലപ്പോഴും തന്റെ കണ്ണിൽ കണ്ട ആ തെളിച്ചം എന്നെ എന്തോരം സന്തോഷിപ്പിച്ചിട്ടുണ്ടെന്നോ??
എനിക്ക് തന്നോടുള്ള ഇഷ്ടം അത് ഒരൊറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതൊന്നുമല്ല..
അതിനു കാരണം എന്താന്ന് ചോദിച്ചാൽ അതിന് വ്യക്തമായൊരുത്തരം തരാനും എനിക്കറിയില്ല..
ഒന്നറിയാം എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാ..
താനല്ലാതെ മറ്റൊരാളെ ന്റെ ഭാര്യയായി സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല..
എന്ന് കരുതി താൻ എന്നെ ഇഷ്ടപ്പെടണം എന്നൊന്നും ഞാൻ പറയില്ലാട്ടോ.. തനിക്ക് പൂർണമനസുണ്ടേൽ മാത്രം ഈ വിവാഹത്തിന് സമ്മതിച്ചാൽ മതി.. ”
ഇതെല്ലാം കൂടി കേട്ട് ചിന്നു ആകെ ഷോക്ക് ആയി നിൽക്കുവാണ്..
അത് കഴിഞ്ഞു അനി ചോദിക്കുന്നതൊന്നും അവൾ കേട്ടിരുന്നില്ല..
” എടോ താൻ ഓക്കേ ആണോ?
എടോ എനിക്കങ്ങനെ ഒരിഷ്ടം തോന്നിയപ്പോൾ ഞാൻ തന്റെ ഇഷ്ടങ്ങളെ പറ്റി ചിന്തിച്ചില്ല..
സോറി ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം.. തന്നോട് കൂടി അഭിപ്രായം ചോദിക്കേണ്ടതായിരുന്നു..
തനിക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ തന്നെ ഇതിൽ നിന്ന് ഒഴിഞ്ഞു മാറിക്കോളാം… ”
അതും പറഞ്ഞു അനി തിരിഞ്ഞു നടക്കാനായി ആഞ്ഞതും അവൾ കാറ്റുപോലെ ഓടിച്ചെന്നാ നെഞ്ചിലേക്ക് വീണു..
” എത്ര നാളായി ഇത് കേൾക്കാൻ കാത്തിരിക്കുവായിരുന്നെന്നോ?
പെട്ടന്ന് അത് കേട്ടപ്പോഴുള്ള ഷോക്കിൽ സൗണ്ട് പോലും വെളിയിലേക്ക് വന്നില്ല അതല്ലേ..
ദേ ഈ ഉള്ളിൽ നിറയെ നിങ്ങളോടുള്ള സ്നേഹവാ… ”
അതും പറഞ്ഞു അവൾ ഒന്നൂടി അവനോട് ചേർന്ന് നിന്നു..
💞
അവിടെ ഗാർഡനിൽ ഇരിക്കുവാണ് അമ്മുവും മരിയയും.അവരുടെ അടുത്തേക്ക് അപ്പോഴാണ് അച്ചുവും വന്നത്..
” ആഹ് അച്ചൂസേ.. നീ വന്നോ.. വേഗം വാ.. കുറെ കാര്യങ്ങൾ തീരുമാനിക്കാനുണ്ട്… “( മരിയ )
” എന്താ ചേച്ചി.. പറയ്.. “( അച്ചു )
” വാ.. അവൾക്ക് ഒരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞില്ലേ.. അത് സത്യം ആണോ? നിനക്കറിയാമോ അത്? “( അമ്മു )
” ആഹ് എനിക്കറിയാം.. ചിന്നുചേച്ചിക്ക് പുള്ളിയെ ഒരുപാട് ഇഷ്ടാ… “( അച്ചു )
” എന്നിട്ടവൾ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ “( അമ്മു & മരിയ )
” അങ്ങേർക്ക് പോലും അതറിയില്ല പിന്നല്ലേ നിങ്ങൾക്ക് “( അച്ചു )
” അറിയില്ലേ.. അപ്പൊ അവൾ പറഞ്ഞിട്ടില്ലേ..?? ”
” അതല്ലേ പറഞ്ഞേ.. ഇല്ലന്ന്.. “( അച്ചു )
” ആഹ് എന്തായാലും അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉള്ളപ്പോൾ ഈ കല്യാണം നടന്നാൽ ശെരിയാവില്ല..
എത്ര റിസ്ക് എടുത്തായാലും ഈ കല്യാണം നമുക്ക് മുടക്കണം.. “( അമ്മു )
” എന്തോന്നാ?? മുടക്കാനോ?? “( അച്ചു )
” ഒന്ന് പതുക്കെ പറയ് പെൺകൊച്ചേ… ”
പെട്ടന്ന് അവളുടെ വായ തപ്പിപ്പിടിച്ചു കൊണ്ട് മരിയ പറഞ്ഞു..
” കല്യാണം മുടക്കാനോ? നിങ്ങൾക്കെന്താ വട്ടാണോ? “( അച്ചു )
” വട്ട് നിങ്ങടെ അപ്പൂപ്പന്.. പിന്നെ അവൾക്കൊരാളെ ഇഷ്ടം ആണെന്ന് നീ തന്നെയല്ലേ പറഞ്ഞേ… “( അമ്മു )
” ന്റെ വിവരം ഇല്ലാത്ത ചേച്ചിമാരെ… ആ ആള് തന്നെയാണ് ദോ ല്ല നിക്കണ ആള്.. “(അച്ചു )
” എന്താ നീ പറഞ്ഞേ?? ”
” അതെ അതെ നിങ്ങൾ കേട്ടത് തന്നെയാ പറഞ്ഞേ.. “( അച്ചു )
അങ്ങനെ നോക്കിയതും കാണുന്നത് അനിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിന്നുവിനെയാണ്..
” എടി മറിയാമ്മേ.. ഞാൻ കാണുന്നത് തന്നെയാണോ നീയും കാണുന്നെ?? “( അമ്മു )
” അവള് സാറിനെ കെട്ടിപ്പിടിക്കുന്നതാ ഞാൻ കാണുന്നെ… നീ എന്താ കാണുന്നെന്ന് എനിക്കറിയാൻ വയ്യ.. “( മരിയ )
” ഞാനും അത് തന്നെയാ കാണുന്നെ.. അല്ല ഇതൊക്കെ എപ്പോ?? ഇന്ന് മൊത്തം ഞെട്ടൽ ആണല്ലോ ദേവി.. ”
അപ്പോഴേക്കും അവര് രണ്ടുപേരും അടുത്തെത്തിയിരുന്നു..
അങ്ങനെ എല്ലാവരും സംസാരിച്ചു വളരെ ഭംഗിയായി കാര്യങ്ങൾ നടന്നു..
പിന്നീട് അവരുടെ പ്രണയത്തിന്റെ കാലം ആയിരുന്നു…
അമ്മുവും ജിത്തുവും, ചിന്നുവും അനിരുദ്ധ് ഉം മറിയാമ്മയും എബിനും…
ഒറ്റയാനെ കണ്ടെത്തൂ പംക്തിയിലെ ഒറ്റയാനെ പോലെ കൂടെ നമ്മുടെ അച്ചുവും….
തുടരും….

by