19/04/2026

പല്ലവി : ഭാഗം 49

രചന – അമ്മു സജീവ്

വീട്ടിലെത്തി അത്താഴം കഴിക്കാൻ നേരം എല്ലാവരിലും പതിവിലും വിപരീതമായി ഒരു മൗനം തളം കെട്ടി നിന്നു.

വളരെ കുറച്ചു കാലം കൊണ്ട് തന്നെ രോഹിണി എല്ലാവരുടെയും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു..

ഒരു നല്ല ഭാര്യയായും, മരുമകൾ എന്നതിലുപരി ഒരു മകളായും അമ്മുവിന്റെ കൂടെപ്പിറപ്പായും അതിലുപരി നല്ല കൂട്ടുകാരിയായും…

അതുകൊണ്ട് തന്നെ കുറച്ചു നാളത്തേക്കുള്ള ഈ അകൽച്ച പോലും എല്ലാവരെയും വല്ലാത്ത സങ്കടത്തിലാക്കി…

എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി അപ്പു അവന്റെ റൂമിലേക്ക് പോയി..

രോഹിണി ഇല്ലാത്ത ആ മുറി അന്നാദ്യമായി അവന് അപരിചിതം ആയി തോന്നി..

തലയിണയിൽ മുഖമമർത്തി കിടന്നെങ്കിലും അവൾ അടുത്തില്ലാത്ത ഓരോ നിമിഷവും അവനിൽ ഒരുതരം വീർപ്പുമുട്ടൽ ഉണ്ടാക്കി..

തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നെങ്കിലും നിദ്രാദേവി അവനെ തിരിഞ്ഞു പോലും നോക്കിയില്ല…

അവസാനം അവൻ ഹെഡ്സെറ്റ് ചെവിയിൽ തിരുകി ആ പാട്ടിൽ മുഴുകിയിരുന്നു..

” 🎶നിന്റെ നൂപുര മർമരം ഒന്ന് കേൾക്കാനായി വന്നു ഞാൻ……

നിന്റെ സാന്ത്വന വേണുവിൽ രാഗലോലമായി ജീവിതം….

നീയെന്റെ ആനന്ദ നീലാംബരി..

നീയെന്നുമണയാത്ത ദീപാഞ്ജലി…..

ഇനിയും ചിലമ്പണിയൂ…

എന്തിനു വേറൊരു സൂര്യോദയം….

എന്തിനു വേറൊരു സൂര്യോദയം….

നീയെൻ പൊന്നുഷ സന്ധ്യയല്ലേ…..

എന്തിനു വേറൊരു മധുവസന്തം, ഇന്ന് നീയെൻ അരികിലില്ലേ………

മലർ വനിയിൽ വെറുതെ..
എന്തിനു വേറൊരു മധുവസന്തം ……..🎶

ഹെഡ്സെറ്റിൽ കൂടി ഒഴുകുന്ന ആ വരികളിൽ ലയിച്ചു അവന്റെ കണ്ണുകൾ എപ്പോഴോ നിദ്രയെ പുൽകി…

💕

ഇതേസമയം മറ്റൊരിടത്തു അപ്പുവിന്റെ ഫോട്ടോ നോക്കി ഇരിക്കുവാണ് രോഹിണിയും..

തന്റെ ചെറിയ ഒരു ആഗ്രഹം പോലും സാധിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ പരിചരിക്കുന്ന അപ്പുവിനെ അവൾക്ക് വല്ലാണ്ട് മിസ്സ്‌ ചെയ്യാൻ തുടങ്ങി..

അപ്പുവിനെ വിട്ടു പിരിയാൻ രോഹിണിയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യവും..

ഒരുപാട് നേരം ഫോണിലെ അവർ ഒരുമിച്ചുള്ള ഫോട്ടോസ് നോക്കി നോക്കി എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു..

ഉറങ്ങാൻ ഒരുപാട് ലേറ്റ് ആയതുകൊണ്ട് തന്നെ അവൾ എഴുന്നേൽക്കാനും ഒരുപാട് വൈകി.

പരിചയമുള്ള ഒരു സ്വരമാണ് അവളെ ഉറക്ക ചടവിൽ നിന്ന് സ്വബോധത്തിലേക്ക് എത്തിച്ചത്..

പുറത്തേക്കുന്തിയ വയറും താങ്ങിപ്പിടിച്ചു റൂമിന് വെളിയിലേക്ക് ഇറങ്ങിയ രോഹിണി കാണുന്നത് അച്ഛനോടൊപ്പം സംസാരിച്ചു ചായ കുടിക്കുന്ന അപ്പുവിനെയാണ്..

ഒരു നിമിഷം അവൾക്ക് സ്വപ്നം കാണുവാണോന്ന് പോലും തോന്നിപ്പോയി..

” അപ്പുവേട്ടൻ എപ്പോ വന്നു?? “( രോഹിണി )

” ആഹ് മോൾ എണീറ്റോ??അപ്പുമോൻ വെളുപ്പിന് തന്നെ വന്നു..
മോൾ നല്ല ഉറക്കം ആയിരുന്നു.. അതാ വിളിക്കാഞ്ഞേ.. മോനെ കൂട്ടി അകത്തേക്ക് ചെല്ല് മോളെ ”

അതും പറഞ്ഞു അച്ഛൻ അവരെ റൂമിലേക്ക് പറഞ്ഞു വിട്ടു..

” വന്നിട്ട് ഒരുപാടായോ? എന്നെ വിളിക്കാഞ്ഞേയെന്താ? ഇന്നലെ ഒരുപാട് വൈകിയാ ഉറങ്ങിയേ.. അതാ എണീക്കാൻ വൈകിയേ “( രോഹിണി )

” സാരല്ലടോ.. തന്നെ കാണാഞ്ഞിട്ട് അവിടെ എന്തോപോലെ അതാ ഞാൻ രാവിലെ ഇങ്ങ് പോന്നത്.. “( അപ്പു )

” എനിക്കും പറ്റണില്ല അപ്പുവേട്ടാ.. ഞാനും വരുന്നു..
ഒരു ദിവസവേ ആയുള്ളൂ എങ്കിലും അമ്മുവിനെയൊക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു… “( രോഹിണി )

( കണ്ടാ കണ്ടാ… ഞാൻ അന്നേരെ പറഞ്ഞില്ലേ.. അമ്മുന്ന് വച്ചാൽ ആരാ മോൾ…)

” ഞാൻ തന്നെ കൂട്ടിക്കൊണ്ട് പോകാൻ തന്നെയാ വന്നേ.. ഇന്ന് ഇവിടെ നിന്നിട്ട് നാളെ നമുക്ക് പോകാം അത് പോരെ… “( അപ്പു )

” മതി.. ” അവന്റെ നെഞ്ചിലേക്ക് ചാരിക്കൊണ്ടവൾ മറുപടി കൊടുത്തു…

💕

ഇതേ സമയം രാവിലെ അമ്പലത്തിൽ പോകാനായി അലമാരയുടെ മുന്നിൽ നിന്ന് തല ചൊറിയുവാണ് നമ്മുടെ ഗഥാ നായിക..

ഏത് ഡ്രസ്സ്‌ ഇടണം എന്ന കൺഫ്യൂഷനിലാണ് പുള്ളിക്കാരി.

നീലപ്പിത്തം പിടിച്ച അമ്മുവിന്റെ കണ്ണ് ആ നീല ധാവണിയിൽ തന്നെ തങ്ങി നിൽക്കുവാണ്.

പക്ഷെ ഇനിയും അത് തന്നെ ഇട്ടാൽ പോരാളി ചൂലെടുക്കും എന്ന് അറിയാവുന്നതു കൊണ്ട് അമ്മു ഒരു വൈൻ കളർ ഉടുപ്പും അതിനു ചേരുന്ന കസവിന്റെ പാവാടയും ഉടുത്തു..

അത്യാവശ്യം മേക്കപ്പ് കൂടി ഫിറ്റ്‌ ചെയ്തു വന്നപ്പോഴേക്കും ചിന്നു താഴെ ഹാജർ വച്ചിരുന്നു.

വെള്ളയിൽ റോയൽ ബ്ലൂ ബോർഡർ വരുന്ന ദാവണി ആണ് അവളുടെ വേഷം.

ചില പ്രത്യേക കാരണത്താൽ അച്ചു വരുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
അല്ലാണ്ട് കുളിക്കാൻ വയ്യാഞ്ഞിട്ടൊന്നുമല്ലാട്ടോ…

ഞങ്ങളൊക്കെ ഡെയിലി രണ്ടു വട്ടം കുളിക്കുന്നവരാ…

ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ തികച്ചും സ്വാഭാവികം മാത്രം…

രണ്ടുപേരും അമ്പലത്തിൽ എത്തി അമ്പലക്കുളത്തിൽ കയ്യും കാലും കഴുകി നടയിൽ ചെന്ന് തൊഴുതു പ്രസാദവും വാങ്ങി ഇറങ്ങി..

ഒരിക്കൽ കൂടി തിരിഞ്ഞു ഉമാമഹേശ്വരൻമാരെ പ്രാർത്ഥിച്ചു അവിടെയുള്ള അരഭിത്തിൽ ഇരിപ്പുറപ്പിച്ചു..

കുറച്ചു നേരം കഴിഞ്ഞു രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു..

നേരെ ചിന്നുവിന്റെ വീട്ടിലേക്ക് ആണ് പോയത്..

” എന്നാലും എന്താവും ആ സർപ്രൈസ്? നിനക്ക് വല്ല ക്ലൂവും കിട്ടിയോ? “( അമ്മു )

” ഇല്ലടി ഞാൻ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.. “( ചിന്നു )

” ആഹ് എന്തായാലും പോയി നോക്കാം.. വാ “( അമ്മു )

അങ്ങനെ അവർ വീട്ടിലെത്തിയപ്പോൾ അമ്മ കുറെ പലഹാരങ്ങൾ ഒക്കെ എടുത്തു വയ്ക്കുന്ന തിരക്കിലാണ്..

അതെന്താന്ന് കരുതി അമ്മുവും ചിന്നുവും മുഖത്തോട് മുഖം നോക്കിക്കൊണ്ട് നിന്നപ്പോഴാണ് അച്ചുവും മരിയയും ലാൻഡ് ചെയ്തത്…

” ഇതെന്താ അമ്മേ.. ഇവിടെ ആരെങ്കിലും വിരുന്നുകാർ ഉണ്ടോ? “( അച്ചു )

” ആഹ് അതാ ഇന്നലെ പറഞ്ഞ സർപ്രൈസ്.. ചിന്നുമോൾക്ക് ഒരു ആലോചന വന്നു..
നല്ല കൂട്ടരാ..
ഇവളോട് പറഞ്ഞാൽ എന്തെങ്കിലും മുടക്കത്തരം പറയുമെന്നറിയാവുന്നത് കൊണ്ടാണ് ഇത് വരെ പറയാതിരുന്നത്.. “( അമ്മ )

അത് കേട്ടതും നാലുപേരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി..
അച്ചു അറിയാതെ ചിന്നുവിനെ തന്നെ നോക്കിപ്പോയി.

” അമ്മ എന്തൊക്കെയാ ഈ പറയുന്നേ? ഇത് നടക്കില്ല.. ഞാൻ ഇതിനു സമ്മതിക്കില്ല…”

അതും പറഞ്ഞു അവൾ റൂമിലേക്ക് കയറിപ്പോയി..

അതിനു പുറകെ തന്നെ ബാക്കി മൂന്നെണ്ണവും വച്ചു പിടിച്ചു..

” ടാ നീ ഇങ്ങനെ ടെൻഷൻ ആവാതെ..അവര് വന്നു ഒന്ന് കണ്ടിട്ട് പോകട്ടെ. അതിലിപ്പോ എന്താ? “( മരിയ )

” നിങ്ങളിത് എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ?? “( അച്ചു )

അത് കേട്ടതും ചിന്നു അവളെ നോക്കി കണ്ണ് കൊണ്ട് അരുത് എന്ന് പറഞ്ഞു..

” ഇനിയെങ്കിലും പറഞ്ഞില്ലേൽ ഇനി എപ്പോഴാ ചേച്ചി… “( അച്ചു )

” എന്താടാ, എന്താ? നീ കാര്യം പറയ് “( അമ്മു )

” അത്.. അത് ഒന്നുല്ലടാ.. ഇവൾ വെറുതെ..”( ചിന്നു )

” വെറുതെയൊന്നുമല്ല..എന്തോ ഉണ്ട്.. നീ എന്ന് മുതലാ ഞങ്ങളിൽ നിന്ന് ഒളിക്കാൻ തുടങ്ങിയത്? “( മരിയ )

” വേറെയൊന്നുമല്ല ഈ കല്യാണം നടക്കാൻ പാടില്ല. “( അച്ചു )

” നീ എന്തൊക്കെയാ അച്ചു ഈ പറയുന്നേ.. കല്യാണം നടക്കാൻ പാടില്ലെന്നോ? നിനക്കെന്താ ഭ്രാന്തുണ്ടോ? “( അമ്മു )

” ഭ്രാന്ത് എനിക്കല്ല.. ദേ ഈ നിക്കുന്ന സാധനത്തിനാ.. ദിവ്യ പ്രേമം മൂത്ത് ഭ്രാന്തായതാ.. “( അച്ചു )

” എന്തോന്നാ? ഒന്ന് തെളിച്ചു പറയ് പെങ്കൊച്ചേ.. “( മരിയ )

” അതായത് ഉത്തമാ.. ഈ നിൽക്കുന്ന ചൈതന്യ എന്ന ചിന്നുവിന് ഒരാളോട് മുടിഞ്ഞ പ്രേമം..
ഇതുവരെ ആരോടും തുറന്ന് പറഞ്ഞിട്ടില്ല…
അതുകൊണ്ട് ഈ കല്യാണം നടക്കാൻ പാടില്ല.അത്രതന്നെ “( അച്ചു )

” ഹമ്പടി കള്ളി… അല്ല ആരാ ആള്? “( അമ്മു & മരിയ )

” മക്കളെ…, ദേ അവരിങ്ങ് എത്തി വേഗം താഴേക്ക് ഇറങ്ങി വാ.. ”
അതും പറഞ്ഞു അമ്മ അവരെ താഴേക്ക് വിളിച്ചു കൊണ്ട് പോയി…

തുടരും……..