20/04/2026

പല്ലവി : ഭാഗം 31

രചന – അമ്മു സജീവ്

 

കിടക്കാനായി റൂമിലേക്ക് വന്നപ്പോഴാണ് ബാൽക്കണിയുടെ വാതിലിന്റെ അടുത്ത് ഒരു നിഴലനക്കം കണ്ടത്.

ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീടത് ആരാന്ന് മനസിലായതും അവൾ മെല്ലെ ബാൽക്കണിയുടെ വാതിൽ തുറന്നു.
രാത്രിയിലെ തണുത്ത കാറ്റിനോടൊപ്പം നല്ല പരിജാതപ്പൂ പൂത്ത ഗന്ധവും അവളുടെ നാസികത്തുമ്പിലേക്ക് കയറി.

ബാൽക്കണിയുടെ സൈഡിൽ പിടിച്ചു ആകാശത്തെ ചന്ദ്രനെയും നക്ഷത്രത്തെയും നോക്കി നിൽക്കുന്ന ജിത്തു വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.

അമ്മുവിനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു. അവൾക്കായി അവന്റെ ചുണ്ടിൽ മനോഹരമായ ഒരു നറുപുഞ്ചിരി തത്തിക്കളിച്ചു.

” ജിത്തേട്ടൻ എപ്പോഴാ വന്നേ?? ഒരുപാട് നേരായോ വന്നിട്ട്?? “( അമ്മു )

” ശ്വാസം എടുത്തിട്ട് ചോദിക്കെന്റെ അമ്മൂട്ടാ… ഞാൻ വന്നിട്ട് കുറച്ചു നേരം ആയി.. “( ജിത്തു )

“ജിത്തേട്ടൻ ഫുഡ്‌ കഴിച്ചോ?”( അമ്മു )

” എന്റമ്മൂട്ടാ… ഞാൻ ഇത്രേം കഷ്ടപ്പെട്ട് ആ മതിലും ചാടി ഈ ഏണിയിലും വലിഞ്ഞു കേറി ഇവിടെ വന്നത് നിന്നെ ഒന്ന് കാണാനല്ലേ പെണ്ണേ….

അതിനിടയ്ക്ക് നീ ഇങ്ങനെ കോടീശ്വരൻ കളിച്ചാൽ ഞാൻ ippo പോകും പറഞ്ഞേക്കാം ”

അതും പറഞ്ഞു പിണക്കം നടിച്ചു അവൻ തിരികെ പോകാൻ തുനിഞ്ഞതും അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു.

” പോവല്ലേ.. ഞാൻ വെറുതെ പറഞ്ഞേയല്ലേ.. അപ്പോഴേക്കും പിണങ്ങിയോ?( അമ്മു )

” അച്ചോടാ നല്ല കിണി “( ജിത്തു )

” താങ്കു താങ്കു “( അമ്മു )

” ഇങ്ങ് വന്നേ.. എത്ര നാളായി ഒന്ന് ഇങ്ങനെ അടുത്ത് കണ്ടിട്ട്? ”

അതും പറഞ്ഞു അവൻ അവളെയും കൂട്ടി അവിടെയുള്ള കുഷ്യനിൽ ഇരുന്നു.

” ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.
നിങ്ങൾക്കല്ലായിരുന്നോ മനുഷ്യാ ആ ഒരു ബോധം പോലും ഇല്ലാതിരുന്നത്? “( അമ്മു )

“അച്ചോടാ… പറഞ്ഞപോലെ ഞാൻ അതങ്ങ് മറന്നു പോയി. ”

അതും പറഞ്ഞവൻ ചിരിച്ചുകൊണ്ട് ഒറ്റക്കണ്ണിറുക്കി കാണിച്ചു.

” താൻ പോടോ ഞാൻ പോകുവാ ”

ചുണ്ട് കോട്ടി മുഖം തിരിച്ചു പോകാനായി എണീറ്റ അമ്മുവിനെ പിടിച്ചു ജിത്തു അവന്റെ മടിയിൽ ഇരുത്തി.

അമ്മു പലയാവർത്തി കുതറി മാറാൻ നോക്കിയെങ്കിലും അവന്റെ കരവലയത്തിൽ നിന്ന് അവൾക്കു രക്ഷപ്പെടാൻ ആയില്ല..

അവന്റെ ഇരു കൈകളും അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു.

” അമ്മൂട്ടാ…… ”

ജിത്തുവിന്റെ ചുടു നിശ്വാസം മുഖത്തേക്ക് പതിച്ചതും അവളുടെ കൈകൾ ജിത്തുവിന്റെ ഷർട്ടിൽ മുറുകിയിരുന്നു.

അവളുടെ കണ്ണുകളിലേക്ക് നോക്കുന്തോറും പരിസരം പോലും മറന്നവൻ ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങുന്നത് പോലെ തോന്നി.

അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല..

ഇരുവരും ഒരു മായാജാലത്തിലകപ്പെട്ടത് പോലെ ഇരുന്നു.

ജിത്തുവിന്റെ മുഖം മെല്ലെ താണുവന്നു അവളുടെ അധരങ്ങളെ കവർന്നു.

ദീർഘ നേരം നീണ്ടു നിന്ന ആ സ്നേഹചുംബനത്തിൽ മതിമറന്നു നിൽക്കുവായിരുന്നു അമ്മുവും ജിത്തുവും.

അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു..

അവളുടെ കൈകൾ അവന്റെ ഷർട്ടിൽ കൊരുത്തു പിടിച്ചു ചുളിവുകൾ വീഴ്ത്തിയിരുന്നു.

അവരുടെ പ്രണയ നിമിഷങ്ങൾക്ക് നിലാവും താരകങ്ങളും സാക്ഷിയായി…

ശ്വാസം വിലങ്ങുതടിയായതുകൊണ്ട് വിട്ടുമാറേണ്ടി വന്നതും അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചായ്ച്ചു.

അവന്റെ നെഞ്ചിലെ ചൂടിൽ ആ ഹൃദയതാളം കേട്ട് കുറെ നേരം അവൾ അവിടെ ഇരുന്നു.

” ജിത്തേട്ടൻ ഇത്രയും ദിവസം എന്താ എന്നെ ഒന്ന് വിളിക്ക പോലും ചെയ്യാഞ്ഞത്.. “(അമ്മു )

അത് വരെ ശാന്തമായിരുന്ന ജിത്തുവിന്റെ മുഖത്തു പെട്ടന്ന് ഗൗരവം നിറഞ്ഞു.

” എന്താ ജിത്തേട്ടാ, എന്തേലും പ്രശ്നം ഉണ്ടോ? “( അമ്മു )

” പുതിയ ഒരു കേസ് കിട്ടി.
ഒരു മർഡർ കേസ്.അന്ന് ഞാൻ പറഞ്ഞില്ലേ..

അത് നോക്കി കഴിഞ്ഞപ്പോഴാണ് മനസിലായത് പല പ്രമുഖരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്..

ഞാൻ ഇതുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. മുകളിൽ നിന്നൊക്കെ നല്ല പ്രഷർ ഉണ്ട്.. “( ജിത്തു )

” ജിത്തേട്ടാ ന്തേലും കുഴപ്പമുണ്ടോ? എനിക്കെന്തോ പേടി തോന്നുന്നു… “( അമ്മു )

” ആഹാ എന്റെ അമ്മൂട്ടന് പേടിയോ??.
നിനക്ക് ഞാൻ ഇല്ലേ പെണ്ണെ.. പിന്നെ നീയെന്തിനാ പേടിക്കുന്നെ?? “( ജിത്തു )

” ഈ ജിത്തൂവേട്ടന് എല്ലാം തമാശയാ… പോ അവിടുന്ന് “( അമ്മു )

” ഹാ പിണങ്ങാതെടാ…
പിണക്കം മാറ്റാനുള്ള മരുന്നൊക്കെ എന്റേൽ ഉണ്ട്. എന്താ വേണോ? ”

ഒരു കള്ളച്ചിരിയോടെ അതും പറഞ്ഞു അടുത്തേക്ക് വരുന്ന ജിത്തുവിന്റെ വയറ്റിൽ ഒരു കുത്ത് വച്ചു കൊടുത്തു അമ്മു.

” ഔച്…. കൊല്ലുവോ പെണ്ണേ.. നീയെന്നെ… “( ജിത്തു )

” കള്ളപ്പോലീസേ… പോയെ കളിക്കാതെ… ”

അതും പറഞ്ഞു ചിരിക്കുന്ന അമ്മുവിനെ ചേർത്തു പിടിച്ചു അവളുടെ നെറ്റിമേൽ ചുണ്ട് ചേർത്തു.

അവളെ റൂമിലാക്കിയിട്ട് അവൻ ബാൽക്കണി വഴി തിരികെ പോയി..

അവന്റെ ചുടുനിശ്വാസം അപ്പോഴും അവളിൽ നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നിയവൾക്ക്…

അവന്റെ ഓർമയിൽ അവൾ കിടക്കയിലേക്ക് വീണു എപ്പോഴോ ഉറക്കത്തെ പുൽകി..

🍂

പിറ്റേന്ന് ഉറക്കം ഉണർന്നതും ഒന്ന് ഫ്രഷ് ആയി അമ്മു താഴെ അടുക്കളയിലേക്ക് പോയി..

അവിടെ ചെന്നതും അമ്മ തകർത്തു വച്ച പാചകത്തിലാണ്..

അവിയലിന് വേണ്ടിയുള്ള പച്ചക്കറി ഒക്കെ അരിഞ്ഞു കൊടുത്തപ്പോഴാണ് അമ്മ കടുക് വറുക്കാനായി ഉള്ളി അരിയാൻ പറഞ്ഞത്..

അമ്മ പറഞ്ഞതല്ലേ, അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ..

അതോണ്ട് അമ്മു നല്ല കുട്ടിയായി ഉള്ളി അരിയുവായിരുന്നു..

” ആഹ്ഹ്ഹ്………………….. ”

ആരും പേടിക്കണ്ട നമ്മുടെ അമ്മുവാണ്…

തിരിഞ്ഞു നിന്ന അമ്മുവിന്റെ കയ്യിൽ തിളച്ച എണ്ണയിലിട്ട് ഇളക്കിയ സ്പൂൺ കൊണ്ട് വെച്ചതാണ് നമ്മുടെ ജാനിക്കുട്ടി…

” എന്തോന്നാ അമ്മാ ഇത്?? “(അമ്മു )

” മോൾക്ക് വേദനിച്ചോ? “( അമ്മ )

” ഏയ്യ് ഇല്ല.. നല്ല സുഖം… തിളച്ച എണ്ണയ്ക്ക് നല്ല തണുപ്പല്ലേ…? “( അമ്മു )

” സോറി മോളു.. സ്നേഹം കൊണ്ടല്ലേ.. “( അമ്മ )

” എന്റമ്മേ.. ന്തുവാ ഇത്? നാളെ എന്നെ തല്ലിക്കൊന്നിട്ട് പറയുവല്ലോ സ്നേഹം കൊണ്ടാണെന്നു… “( അമ്മു )

” എന്തുവാ കുട്ടാ.. ഒന്ന് ക്ഷെമിക്ക്… ”

അതും പറഞ്ഞു അമ്മ അവളെ കവിളിലൊന്ന് പിച്ചി.

” എന്നെ അങ്ങട് കൊല്ല് “( അമ്മു )

അപ്പോഴാണ് അവിടുത്തെ ബഹളം കേട്ട് രാഘവൻ അങ്ങോട്ട് വന്നത്.

” എന്താ ഇവിടെ ഒരു ബഹളം? “(അച്ഛൻ )

” ഇത് കണ്ടോ അച്ഛാ.. ഈ അമ്മ എന്റെ കൈ പൊള്ളിച്ചു.. ”

അമ്മു അത് പറഞ്ഞതും രാഘവൻ ജാനകിയെ ഒന്ന് നോക്കി.

അത് കണ്ടതും ജാനകി കൊച്ചു കുട്ട്യോളെ പോലെ തല കുനിച്ചു നിൽക്കുവാണ്..

അമ്മുവാണേൽ കൈ തണുത്ത വെള്ളത്തിൽ കഴുകുവാണ്.

” അച്ഛന് ഈ സാധനത്തിനെ എവിടുന്നേലും കളഞ്ഞു കിട്ടിയത് വല്ലോം ആണോ?? “( അമ്മു )

“അതെന്താ മോൾ അങ്ങനെ ചോദിച്ചേ?”( അച്ഛൻ )

” വെറുതെ കിട്ടിയതല്ലേൽ ഇതിനെ ഒക്കെ ആരെങ്കിലും എടുക്കുവോ? “( അമ്മു )

” പോടീ അവിടുന്ന്..
ഞങ്ങളുടെ കല്യാണം രണ്ട് വീട്ടുകാരും കൂടി നടത്തി തന്നതാ…

പിന്നെ ഞാൻ വെറുതെ കൈയ്യും വീശി ഒന്നുമല്ല വന്നത്.. ഹും…..
വായിനോക്കി നിക്കാതെ അങ്ങോട്ട്‌ പറയ് മനുഷ്യാ… “( അമ്മ )

” ആഹ് അങ്ങനെ പറ..

സ്ത്രീധനം വാങ്ങുന്നത് ഒക്കെ തെറ്റാണെന്ന് അറിയില്ലേ അച്ഛാ…

കുറച്ചു കാശും സ്വർണവും കിട്ടുവെന്ന് അറിഞ്ഞപ്പോൾ കണ്ണ് മഞ്ഞളിച്ചു വായും പൊളിച്ചു നിന്നു കാണും…

സ്വബോധത്തോടെ അച്ഛൻ എന്തായാലും ഇതിനെ എടുക്കൂല..

കെട്ടുമ്പോൾ നല്ലതിനെ നോക്കി കെട്ടിക്കൂടെ? “( അമ്മു )

” അത് തന്നെയാ എനിക്ക് ജിത്തുമോനോടും പറയാനുള്ളത്….

നിങ്ങൾക്ക് ജോലിയൊന്നുമില്ലേ മനുഷ്യാ..
ഇവിടെ വന്നു വായിനോക്കി നിക്കാതെ പോയി റെഡി ആവാൻ നോക്കങ്ങോട്ട് ”

അതും പറഞ്ഞു അമ്മ അടുത്ത ജോലിയിലേക്ക് തിരിഞ്ഞു.

‘ എനിക്കിതെന്തിന്റെ കേടായിരുന്നു ‘ എന്ന എക്സ്പ്രഷനും ഇട്ട് അമ്മുവിനെ ഒന്ന് ദയനീയമായി നോക്കിയിട്ട് അച്ഛൻ റൂമിലേക്ക് പോയി..

തുടരും……..