17/04/2026

പല്ലവി : ഭാഗം 12

രചന – അമ്മു സജീവ്

പിറ്റേന്ന് രാവിലെ കോളേജിലെത്തിയ അമ്മുവും കൂട്ടുകാരും മാവിൻചോട്ടിലിരുന്നു കത്തിയടിക്കുകയായിരുന്നു. അപ്പോഴാണ് നമ്മുടെ ക്ലാസ്സ്‌ റെപ്പ് ആയ കുട്ടി വന്നു പറഞ്ഞത്, കോമേഴ്‌സ് വിഭാഗം കുട്ടികൾക്കായി സെമിനാർ ഹാളിൽ ന്തോ ഒരു വെബിനാർ കണ്ടക്റ്റ് ചെയ്തിട്ടുണ്ടെന്ന്. എല്ലാവരും എത്രയും പെട്ടന്ന് അവിടേക്ക് ചെല്ലാൻ. ക്ലാസ്സ്‌ കേൾക്കുന്നത് നമ്മുടെ പണ്ടേ ഭയങ്കര ഇഷ്ടം ആയോണ്ട് നൈസ് ആയി മുങ്ങാം എന്ന് കരുതി. പിന്നെ അറ്റെൻഡൻസ് നിർബന്ധം ആയതുകൊണ്ട് നമ്മൾ ക്ലാസ്സ്‌ കേൾക്കാനായി പോകുവാ. നമ്മുടെ ക്ലാസ്സ്‌ പോലെ അല്ലാട്ടോ. ഇത് കേട്ടിരിക്കാൻ നല്ലതാ. അതോണ്ട് നല്ല ആക്റ്റീവ് ആയി ക്ലാസ്സ്‌ കേട്ടോണ്ടിരുന്നു. ഉച്ച കഴിഞ്ഞു അനിരുധ് സാർ വന്നു കുറെ അക്കൗണ്ടിങ് പ്രോബ്ലെംസ് ചെയ്യിച്ചു. ഇടയ്ക്കിടയ്ക്ക് വന്നു മനസ്സിലായോന്നൊക്കെ ചോദിക്കും. ശെരിക്കും സാറിനെന്തോ പറ്റിയിട്ടുണ്ട്.

അല്ലേൽ ഒരു മനുഷ്യൻ ഇങ്ങനെയും മാറുമോ. ഇനി ഓന്തിനു പരിണാമം സംഭവിച്ചത് വല്ലോം ആണോ ഈ സാർ. ഏയ്, ഓന്തിന്റെ ലുക്ക്‌ ഒന്നുമില്ല. എന്നാലും എന്ത് പറ്റിയതാവും. ഇതെപ്പറ്റി ആലോചിച്ചിണ്ടിരുന്നപ്പോഴാണ് ന്തോ ഒരു സാധനം തലേൽ വന്നു വീണത്.. ആരും പേടിക്കണ്ട ഉൽക്ക വീണതൊന്നുമല്ല. വായിനോക്കിയിരുന്നതിനു സാർ ചോക്ക് എടുത്തെറിഞ്ഞതാ.. എണീറ്റ് നിർത്തി എല്ലാരുടെയും മുന്നിൽ വച്ചു എന്തൊക്കെയോ പറഞ്ഞു. വഴക്ക് കേട്ട് മനംനൊന്തു കയ്യിലിരുന്ന പേന വരെ ഇറങ്ങി ഓടി. അല്ല ന്റെ ഭാഗത്തും തെറ്റുണ്ട്. ഇങ്ങേരു മാറിയെന്നു ഞാൻ അല്ലാണ്ട് വേറെ ആരേലും കരുതുവോ… അമ്മുസേ വന്നു വന്നു നിനക്ക് തീരെ ഉത്തരവാദിത്തം ഇല്ല. പിന്നെ ശ്രദ്ധിച്ചിരുന്നു അക്കൗണ്ട്സ് വരയ്ക്കാൻ തുടങ്ങി. ക്ലാസ്സ്‌ കഴിഞ്ഞു അച്ചുവിനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. അതു പറഞ്ഞപ്പോഴാ, നാളെ അച്ചുവിന്റെ പിറന്നാളാ. ലക്ഷ്മി ആന്റി അമ്മയോട് പറയുന്നത് ഞാൻ ഒളിഞ്ഞു നിന്ന് കേട്ടതാ. ( ഒളിഞ്ഞു നോട്ടം പണ്ടേ നമ്മുടെ വീക്നെസ് ആണ് )

ഈ തെണ്ടി ഇത് വരെ നമ്മളോട് ഒരു വാക്ക് പറഞ്ഞിട്ടില്ല. കാണിച്ചു കൊടുക്കാം… പിറ്റേന്ന് അവധി ദിവസമായതുകൊണ്ട് അച്ചു താമസിച്ചേ എണീക്കൂ എന്നറിയാവുന്നതുകൊണ്ട് മൂവർസംഘം രാവിലെ തന്നെ അച്ചുവിന് സർപ്രൈസ് കൊടുക്കാൻ അവളുടെ വീട്ടിലേക്ക് പോകുവാ. അമ്മു ആദ്യായിട്ടാ അവരുടെ വീട്ടിലേക്ക് പോകുന്നത്. താഴെ ചെന്ന് ലക്ഷ്മി ആന്റിയോടും അങ്കിളിനോടും കാര്യം പറഞ്ഞു. ആന്റി അവളുടെ മുറി പറഞ്ഞു കൊടുത്തു. അവരോടു അച്ചുവിനെ വിഷ് ചെയ്യാൻ വന്നതാണെന്നാ പറഞ്ഞെ.. അവളെ പഞ്ഞിക്കിടാൻ വന്നെയാന്ന് നമുക്കല്ലേ അറിയൂ…. സിഗ്നൽ തരനായി മറിയാമ്മയും ചിന്നുവും അവിടെ ഡോറിന് വെളിയിൽ നിന്നു. അമ്മു ഒറ്റയ്ക്കാണ് അകത്തേക്ക് കയറിയത്. അകത്തേക്ക് കയറിയ അമ്മുവിന്റെ കണ്ണ് രണ്ടും പ്ലിങ്ങോ ന്ന് പറഞ്ഞു വെളിയിൽ ചാടി. ” ശ്യേ, ഇവൾക്കിത്രേം വൃത്തി ഉണ്ടായിരുന്നോ… നല്ല ഭംഗിയിൽ പുസ്തകം ഒക്കെ അടുക്കി വെച്ചേക്കുന്നു .

ഇവൾക്കീ വായനാശീലം ഒക്കെ ഉണ്ടായിരുന്നോ. അറിഞ്ഞില്ല്യ… ആരും പറഞ്ഞില്ല….. ” കിടക്കണ കിടപ്പ് കണ്ടാ….. ചങ്കും കരളുമായി നടന്നിട്ട് ബർത്ഡേയുടെ കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ…. എന്നിട്ടവൾ കിടന്നുറങ്ങുവാ…. അങ്ങനെ നീയിപ്പോ ഉറങ്ങണ്ട.. ഇത് നിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ബർത്ഡേ ആണ് മോളുസേ…. നീ ഇന്ന് ഞെട്ടിപ്പൊട്ടി തെറിക്കും.. ബുഹഹഹ…… ഇതും പറഞ്ഞു അമ്മു കട്ടിലിൽ കിടക്കുന്ന അച്ചുവിന്റെ പുറത്തേക്ക് ഒരൊറ്റ ചാട്ടം വച്ചു കൊടുത്തു. രണ്ടൂടി കട്ടിലിൽ കിടന്നു അടിപിടി കൂടുവാ…. ” ഇതെന്താ ഗദയോ….. ഇന്നലെ വരെ ഇവൾക്കിത്ര വണ്ണം ഇല്ലായിരുന്നല്ലോ…. നത്തു പോലെയിരുന്ന കൈ ഇതെന്താ തുമ്പിക്കൈ പോലെയിരിക്കുന്നെ…… “( അമ്മു ആത്മ )

സിഗ്നൽ കൊടുക്കാൻ നിന്ന മറിയാമ്മയും ചിന്നുവും ലക്ഷ്മി ആന്റി കൊടുത്ത ചിപ്സും മുണുങ്ങിക്കൊണ്ടിരുന്നപ്പോഴാണ് പരിചയം ഉള്ള ആരോ അതുവഴി തലയും ചൊറിഞ്ഞു പോകുന്നത് കണ്ടത്. മുഖത്തേക്ക് നോക്കി ചിരിച്ചിട്ട് തിരിഞ്ഞപ്പോഴാണ്. ഞെട്ടിതിരിഞ്ഞു ആ രൂപം അവരെ നോക്കിയത്.. “ചേച്ചിമാരെ നിങ്ങളെന്താ ഇവിടെ???”( അച്ചു ) ” ഞങ്ങൾ അച്ചുവിനെ ഒന്ന് കാണാൻ. ഏഹ്ഹ്ഹ്ഹ് നീയെന്താ ഇവിടെ… അമ്മു എവിടെ?? “( ചിന്നു ) ” അമ്മു ചേച്ചി എന്തിയെന്ന് എന്നോടാണോ ചോദിക്കുന്നെ?? “( അച്ചു ) ” നീ ഇവിടെ കിടന്നതല്ലേ… എന്നിട്ടിപ്പോ അവിടുന്ന് വരുന്നു… “( മറിയാമ്മ ) ” നിങ്ങൾക്കിതെന്താ പറ്റിയത്. ഞാൻ ഇപ്പൊ എണീറ്റതല്ലേ ഉള്ളൂ. ഞാൻ എന്റെ റൂമിൽ നിന്നാ വരുന്നത്… “( അച്ചു ) ” അപ്പൊ ഇതല്ലേ നിന്റെ റൂം?? “( ചിന്നു ) ” അയ്യോ അല്ല ചേച്ചി…. ദേ അതാ എന്റെ റൂം… ” അടുത്ത് കണ്ട റൂം ചൂണ്ടി കാട്ടികൊണ്ട് അച്ചു പറഞ്ഞു. ” അപ്പൊ ഇതാരുടെ റൂമാ..??? “( മറിയാമ്മ ) ” അത് ജിത്തുവേട്ടന്റെ റൂമാ.. നിങ്ങൾക്കെന്താ പറ്റിയെ. അമ്മുചേച്ചി എന്തിയെ…. “( അച്ചു ) ഇനി അവിടെ നിന്നാൽ ശെരിയാകില്ലന്ന് മനസിലായി. ” അമ്മുസേ… പണി പാളി. ഇറങ്ങി ഓടിക്കോ… ” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് രണ്ടും കൂടി അച്ചുവിനെയും പിടിച്ചു വലിച്ചു താഴേക്കു ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു..

അമ്മുവിന് എന്തോ പന്തികേട് മണത്തപ്പോഴാ ചിന്നുവിന്റെ വിളി കേട്ടത്. പണിപാളി ഇറങ്ങി ഓടിക്കോളാൻ…. പി ടി ഉഷയെ മനസ്സിൽ ധ്യാനിച്ചു ഇറങ്ങി ഓടാൻ നിന്നതും രണ്ടൂടി ചക്ക വെട്ടിയിട്ട പോലെ നിലത്തു വീണു. തലയിൽ നിന്ന് ഷീറ്റ് മാറ്റിയപ്പോഴാണ് ഇത് വരെ അടിപിടി കൂടിയ ആ മൊതലിന്റെ മുഖം കണ്ടത്. ആരാന്ന് ഇനി ഞാൻ പറഞ്ഞു തരേണ്ടല്ലോ… നമ്മുടെ എസ് ഐ സേട്ടൻ… ( ഇതിപ്പോ അച്ചുനെ ഞെട്ടിക്കാൻ വന്നിട്ട് ഞാനാണല്ലോ ഞെട്ടിയത് ) കണ്ണൊക്കെ തള്ളി കിളി പറന്ന അവസ്ഥയിലാണ് ഇപ്പൊ നമ്മുടെ അമ്മു. ” എന്താ…..?? ” ( ജിത്തു ) ” എ.. എന്ത്…?? “( അമ്മു ) ” എന്താ.. ഇവിടെ കാര്യംന്ന്..?? “( ജിത്തു ) ഇവിടെ എവിടെയോ ഉത്സവം ആണെന്ന് തോന്നുന്നു. ഭയങ്കര ചെണ്ടമേളം… ( അമ്മു ആത്മ ) ( ആഹ് പഷ്ട്… ഹാർട്ട്‌ ബീറ്റും ചെണ്ടമേളവും തിരിച്ചറിയാത്ത ഇതിനെയൊക്കെ ഈ പണിക്ക് വിട്ടാൽ ഇങ്ങനിരിക്കും…….) ” അ.. അത്.. അത്.. പിന്നെ.. അച്ചു… ഞാൻ…. ബർത്ഡേ….. സർപ്രൈസ്….. “( അമ്മു ) ” ന്തോന്ന്..?? നിനക്ക് വിക്കുണ്ടായിരുന്നോ……??? “( ജിത്തു )

ശെരിക്കും പറഞ്ഞാൽ ആദ്യായിട്ടാ ഇങ്ങേരെ ഇത്രയും അടുത്ത് കാണുന്നത്.. ഒരു സ്കെയിൽ കിട്ടിയിരുന്നേൽ കറക്റ്റ് ആയിട്ട് അളന്നു പറഞ്ഞു തരാരുന്നു…. ഇങ്ങേരുടെ മുഖം കണ്ടിട്ട് കലിപ്പാണോ അല്ലയോ എന്നൊന്നും പറയാൻ പറ്റുന്നില്ലല്ലോ…. അതെ നിങ്ങളാരെലും എന്നെ കേൾക്കുന്നുണ്ടേൽ, എന്റെ സഞ്ചയനയത്തിനു ഉഴുന്നു വടയുടെ കൂടെ ഒരു പരിപ്പുവട കൂടി ആരെങ്കിലും തരാൻ പറയണം കേട്ടോ.. എന്നെ ഇപ്പൊ ഇങ്ങേരു കൊല്ലും ന്നാ തോന്നുന്നേ….. ഇവിടുന്ന് രക്ഷപെടാൻ ന്താ ഒരു മാർഗം. ആലോചിക്കമ്മു ആലോചിക്ക്…. ” നീയെന്താ പകൽകിനാവ് കാണുവാണോ????.”( ജിത്തു ) ” ദേ ലക്ഷ്മി ആന്റി….. “( അമ്മു ) ജിത്തു അങ്ങോട്ടേക്ക് നോക്കിയ തക്കത്തിനു ഇറങ്ങി ഓടാൻ നോക്കിയ അമ്മുവിനെ ജിത്തു പൊക്കിയെടുത്തു ടേബിളിന്റെ മുകളിൽ വച്ചു.. ( മുകളിൽ വയ്ക്കാൻ ഇതെന്താ പ്ലാസ്റ്റിക് ടിൻ വല്ലോം ആണോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ ഡെയിലി ജിമ്മിൽ പോയി മസിൽ ഉരുട്ടി കേറ്റുന്ന ജിത്തുവിനിതൊക്കെ എന്ത്??) ” നീയെന്തിനാ എന്നെ ചവിട്ടിയത്.?? “( ജിത്തു ) ” ഞാനോ,ഞാൻ ചേട്ടനെ ചവിട്ടിയോ..?? “( അമ്മു ) ” ആഹ് നീ തന്നെ… “( ജിത്തു )

” എന്നാ ഞാൻ ഒരു സത്യം പറയട്ടെ. എനിക്കൊന്നും ഓർമയില്ല… “( അമ്മു ) ” ഓ നിനക്കൊന്നും ഓർമയില്ലല്ലേ…. സാരമില്ല ഓർമിപ്പിക്കാനുള്ള വഴിയൊക്കെ എനിക്കറിയാം.. ” അതും പറഞ്ഞു ജിത്തു അമ്മുവിന്റെ അടുത്തേക്ക് വന്നതും അമ്മു നിന്ന് വിറയ്ക്കാൻ തുടങ്ങി.. ഈശ്വരാ, ഏത് സമയത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്..( അമ്മു ആത്മ ) ഇപ്പോൾ ജിത്തു അമ്മുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിക്കുവാണ്. ഇനിയും ഇങ്ങനെ നിക്കുന്നത് പന്തി അല്ലെന്ന് അറിയാവുന്നത് കൊണ്ട് അമ്മു പത്തൊൻപതാമത്തെ അടവ് പുറത്തെടുത്തു. കാറിപ്പൊളിക്കാൻ തുടങ്ങി. ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് തന്നെ ജിത്തു അവളുടെ വായ പൊത്തിപ്പിടിച്ചു. ” നീയെന്തിനാ പെണ്ണെ കിടന്നു വിളിച്ചു കൂവുന്നത്. ഞാൻ ഒന്നും ചെയ്തില്ലല്ലോ..??? “( ജിത്തു ) ” നീയെന്താ കഥകളി കാണിക്കുന്നേ… നിനക്ക് വായിൽ നാക്കില്ലേ… “( ജിത്തു ) വീണ്ടും അവൾ കണ്ണ് കാണിച്ചപ്പോഴാ കൈ കൊണ്ട് വായ പൊത്തിപ്പിടിച്ച കാര്യം ഓർമ വന്നത്. പെട്ടന്ന് അവൻ കൈ മാറ്റി.

” മനപ്പൂർവം ചെയ്തതല്ല. അച്ചുവിന്റെ ബർത്ത് ഡേ ആയതുകൊണ്ട് അവൾക്കൊരു സർപ്രൈസ് കൊടുക്കാൻ വന്നെയാ.. “( അമ്മു ) ” അതിനാണോ എന്നെ ചവിട്ടി താഴെ ഇട്ടത്..?? “( ജിത്തു ) ” അത് പിന്നെ ആളുമാറി പോയതാ. അച്ചുവാണെന്ന് കരുതി.. “( അമ്മു ) ” അപ്പൊ എന്റെ പെങ്ങളെ നീ ചവിട്ടി താഴെയിടും അല്ലേ…?? “( ജിത്തു ) ” അയ്യോ ഇല്ല. ഞാൻ ഇനി ഈ ഏരിയയിൽ പോലും വരില്ല. സത്യം… “( അമ്മു ) ” മ്മ്.. ചെല്ല് എന്നാ… “( ജിത്തു ) കേൾക്കേണ്ട താമസം അമ്മു ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു. ചുണ്ടിൽ തത്തിക്കളിക്കുന്ന ആ ചെറു പുഞ്ചിരിയോടെ ജിത്തു ടവലും എടുത്തു ബാത്‌റൂമിലേക്ക് പോയി. താഴെ ചെന്നപ്പോഴുണ്ട് പുളിമടയിലേക്ക് എന്നെ ഒറ്റയ്ക്ക് തള്ളി വിട്ട ജന്തുക്കൾ അവിടിരുന്നു അപ്പവും മുട്ടക്കറിയും കുത്തിക്കേറ്റുന്നു. ഇവിടൊരുത്തി ഇരിക്കുന്നെന്ന ഭാവം പോലും മൂന്നിനും ഇല്ല. പിന്നെ ഫുഡ്‌ കഴിക്കുമ്പോൾ നമ്മൾ അതൊന്നും ശ്രദ്ധിക്കാറില്ലല്ലോ. കഴിച്ചോണ്ടിരുന്നപ്പോഴേക്കും ജിത്തുവേട്ടൻ അങ്ങോട്ടേക്ക് വന്നു. (ഈശ്വരാ, ഇനി ഈ ഏരിയയിൽ പോലും വരില്ലെന്ന് പറഞ്ഞു ഇറങ്ങിയിട്ട് ഇവിടിരുന്നു അപ്പവും മുട്ടക്കറിയും കഴിക്കുന്ന എന്നെ ഇങ്ങേരു തൂക്കിയെടുത്തു വെളിയിൽ തള്ളുമോ. ന്താന്ന് പറഞ്ഞാലും, ഈ അപ്പോം മുട്ടയും എന്റെയാ.. ഞാൻ തരൂല്ല )

അവിടിരുന്നു ഞെളി പിരി കൊള്ളുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, കണ്ണ് ചിമ്മി ഒന്ന് ചിരിച്ചിട്ട് കണ്ണ് കൊണ്ട് കഴിച്ചോ എന്ന് കാണിച്ചു. (അല്ലേലും ജിത്തുവേട്ടൻ പാവാ….) പിന്നെ ഫുൾ അവിടെയായിരുന്നു. വൈകുന്നേരം ചെറിയ ഒരു കേക്ക് മുറിക്കൽ ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.. അധികം ആരുമില്ല. ഈ നാലുപേരുടെയും വീട്ടുകാർ മാത്രമേയുള്ളു.. പിന്നെ വീട് മുഴുവൻ അലങ്കരിക്കാൻ തുടങ്ങി. ജിത്തൂവേട്ടനെ കാണുമ്പോൾ ചെറുതായിട്ടൊന്ന് എസ്‌കേപ്പ് ആവും. എന്തിനാ വെറുതെ തടി കേടാക്കുന്നേ….. തുടരും……………