18/04/2026

പല്ലവി : ഭാഗം 08

രചന – അമ്മു സജീവ്

ചക്ക വീണ പോലെയുള്ള ശബ്ദം കേട്ട് വന്ന അമ്മ കാണുന്നത്,തറയിൽ വീണു കിടക്കുന്ന അമ്മുവിനെയാണ്.

ടുടു ടുടു ടൂ…………………
( ബിജിഎം ആണുട്ടോ. ചാവാൻ കിടക്കുന്ന നായികയ്ക്ക് ഒരു സാഡ് ബിജിഎം പോലും കൊടുക്കാത്ത ദുഷ്ടയല്ല ഞാൻ )

” അയ്യോ മോളെ എന്ത് പറ്റി.. “( അമ്മ )

” ഞാൻ ചക്ക വെട്ടിയിട്ട പോലെ കിടക്കുന്ന കണ്ടിട്ടും അമ്മയ്ക്ക് മനസിലായില്ലേ….. എന്റെ നടു പോയെ… എന്നെ എടുത്തു ആശുപത്രിയിൽ കൊണ്ട് പോ……… “(പല്ലവി )

” മോളെ നീ എങ്ങനാ വീണേ…?? “( അമ്മ)

” തറയിൽ വീണു കിടക്കുന്ന ഒരു മോളോട് പറയാൻ പറ്റിയ വർത്താനം ആണോ അമ്മേ ഇത്.. എങ്ങനാ വീണെന്ന് ഒന്നൂടി കാണിച്ചു തരാനൊന്നും പറ്റില്ല… “( പല്ലവി )

” വീണു കിടന്നാലും നാവിനു ഒരു കുറവുമില്ല..എണീക്ക് ഇങ്ങോട്ട്…… “( അമ്മ )

” അയ്യോ……………. “( പല്ലവി )

” ന്താ മോളെ… “( അമ്മ )

” അമ്മാ,കാൽ അനക്കാൻ വയ്യ നല്ല വേദനയുണ്ട്.. “( പല്ലവി )

” അമ്മ പിടിക്കാം മോൾ എണീക്ക്.. “( അമ്മ )

” ഇല്ലമ്മ, എനിക്ക് തീരെ വയ്യ. നല്ല വേദന “( പല്ലവി )

എങ്ങനെയോ അമ്മുവിനെ അമ്മ താങ്ങിയെടുത്തു സെറ്റിയിൽ കൊണ്ടിരുത്തി. സമയം കഴിയുന്തോറും കാലിൽ നീര് വയ്ക്കാൻ തുടങ്ങി. സഹിക്കാൻ കഴിയാത്ത വേദന കാരണം അമ്മു നിലവിളിക്കാൻ തുടങ്ങി. മീറ്റിംഗ് ആയതിനാൽ അച്ഛനെ വിളിച്ചിട്ട് കിട്ടിയില്ല. ബാങ്കിലെ തിരക്ക് കാരണം ചേട്ടനെയും കിട്ടിയില്ല.

എന്ത് ചെയ്യും എന്ന് അറിയാതെ ഇരുന്നപ്പോഴാണ്,അച്ചുവിന്റെ അമ്മ ലക്ഷ്മി അങ്ങോട്ട്‌ വന്നത്. വന്നു കേറിയതും ഹാളിൽ ഇരിക്കുന്ന അമ്മുവിനെയും ജാനകിയെയും കണ്ടു.

” അയ്യോ അമ്മുമോൾക്കെന്തു പറ്റി..? “( ലക്ഷ്മി )

” മോൾ സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ ഒന്ന് വീണു. ഇപ്പോൾ കാലിനു നല്ല വേദന. നീരും വച്ചിട്ടുണ്ട്.. “( ജാനകി )

” അയ്യോ.. ഇത് നന്നായി നീര് വച്ചല്ലോ… ലക്ഷണം കണ്ടിട്ട് ഒടിവാണെന്നാ തോന്നുന്നത്. വേഗം ആശുപത്രിയിൽ കൊണ്ട് പോകാം. “( ലക്ഷ്മി )

” രാഖവേട്ടനെയും അപ്പുവിനെയും വിളിച്ചിട്ട് കിട്ടുന്നില്ല… ചേച്ചി ഇവിടെ ഒന്നിരിക്കാമോ, ഞാൻ വല്ല ടാക്സിയും കിട്ടുവോന്നു നോക്കട്ടെ… “( ജാനകി )

“നിക്ക് ജാനി, ജിത്തു വീട്ടിൽ ഉണ്ട്. അവനോടു പറയാം കാർ എടുത്തുകൊണ്ടു വരാൻ…”( ലക്ഷ്മി )

അതും പറഞ്ഞു ലക്ഷ്മി അവിടുന്ന് പോയി.ജിത്തുവിനെയും കൂട്ടി തിരികെ വന്നപ്പോഴേക്കും അമ്മു കരഞ്ഞു കരഞ്ഞു തളർന്നിരുന്നു.

ജിത്തു കാറുമായി വന്നപ്പോഴേക്കും ലക്ഷ്മിയും ജാനകിയും അമ്മുവിനെ താങ്ങിപ്പിടിച്ചു കാറിൽ കയറ്റി. ആശുപത്രിയിൽ എത്തിയപ്പോൾ കാലിൽ പ്ലാസ്റ്റർ ഇട്ടു.

കാവടി കളിച്ചു നടന്ന കൊച്ചാ . ഇപ്പൊഞൊണ്ടി ഞൊണ്ടി നടക്കണ നടപ്പ് കണ്ടാ…..

ജിത്തു തന്നെ പോയി ബിൽ ഒക്കെ അടച്ചു.തിരികെ വീട്ടിലെത്തിയപ്പോൾ അമ്മുവിനെ താഴത്തെ റൂമിൽ ആക്കി.ലക്ഷ്മിയും ജിത്തുവും അവരുടെ വീട്ടിലേക്ക് പോയി.

വെറുതെ ഇരുന്ന് അമ്മുന് ബോർ അടിക്കാൻ തുടങ്ങി.അമ്മ കഴിക്കാൻ കൊടുത്ത ചോറും കഴിച്ചിട്ട് കുറച്ചു നേരം ഫോണിൽ കുത്തി എപ്പോഴോ അവൾ ഉറങ്ങിപ്പോയി. ഇടയ്ക്ക് വേദന വന്നപ്പോൾ അമ്മു എണീറ്റു. മരുന്ന് കഴിച്ചു കഴിഞ്ഞു വീണ്ടും കുറേനേരം വെറുതെ ഇരുന്നു.

വൈകുന്നേരം ആയപ്പോഴേക്കും അച്ഛനും ചേട്ടനും വന്നു. മോളുടെ പരിതാപകരമായ അവസ്ഥയിൽ മനം നൊന്തു അവളുടെ അച്ഛൻ കടയിൽ പോയി കുറച്ചു ഫ്രൂട്ട്സ് വാങ്ങിക്കൊണ്ട് വന്നു. പാവം അച്ഛൻ.

പിന്നീട് അമ്മുവിനെ കാണാൻ ഫ്രൂട്സും പലഹാരങ്ങളുമായി കുറേപേർ വന്നു.
( അയിന് ഇവളെന്താ വല്ല ഒളിമ്പിക്സും കഴിഞ്ഞു വന്നെയാണോ എന്ന് നിങ്ങൾക്ക് തോന്നാം. പാവം അല്ലെ ജീവിച്ചു പോട്ടെ ഒന്ന് ക്ഷമിച്ചു കളയെന്നേ…..)

” ഹാ ഇതിപ്പോ ലാഭം ആയല്ലോ.. കോളേജിൽ പോകണ്ട, ജോലി ചെയ്യണ്ട, സമയസമയം ഫുഡും കഴിച്ചിരിക്കാം. ആദ്യം കുറച്ചു വേദനിച്ചെങ്കിലെന്താ, ലോട്ടറി അല്ലെ അടിച്ചേ…. “( അമ്മു ആത്മ )

അമ്മുവിനെ കാണാൻ എന്നാ പേരിൽ മൂന്നെണ്ണം അവിടെ കേറിയിറങ്ങി നടക്കുന്നുണ്ട്. വേറാരുമല്ല അച്ചുവും ചിന്നുവും മറിയാമ്മയും.

അമ്മുവിന് ശക്തി കിട്ടണ്ടേ അതോണ്ട് ഫ്രൂട്സ് ഒക്കെ എങ്ങനാ കഴിക്കുന്നത്‌ എന്ന് കാണിച്ചു കൊടുക്കുവാ നമ്മടെ പിള്ളേർ… ( അല്ലാണ്ട് ആർത്തി മൂത്തിട്ടല്ലാട്ടോ….)

തീറ്റി കണ്ടാൽ വർഷങ്ങളായി പട്ടിണിയ്ക്കിട്ടേക്കുവാണെന്ന് തോന്നിപ്പോകും. അത്രയും ഭീകരം.

ക്ലാസിനു പോകാത്തത് കൊണ്ട് നോട്സ് ഒക്കെ മറിയാമ്മയും ചിന്നുവും കൊണ്ട് വന്നു തരും. അവരിപ്പോ വീട്ടിലെ നിത്യസന്തർഷകർ ആണ്. അച്ചു പിന്നെ വീട്ടിൽ പോകാറേയില്ലെന്ന് വേണേൽ പറയാം.

ഇടയ്ക്ക് ഒരു ദിവസം ജിത്തു വന്നിരുന്നു അമ്മുവിനെ കാണാൻ.
ഒരു കൊച്ചു കൊച്ചിനെ ഒരു കണ്ണിൽ ചോരയും ഇല്ലാണ്ട് കുറ്റപ്പെടുത്തുവാണെന്നേ.. ശ്രദ്ധിച്ചു നടക്കില്ലന്നൊക്കെ പറഞ്ഞു.
ഇങ്ങനൊക്കെ പറയാൻ കൊള്ളാമോ. പാവം ഞാൻ……

പിന്നെ അപ്പുവേട്ടന്റെ അടുത്തേക്ക് പോയി. അവർ ഒരുപാട് നേരം വർത്താനം ഒക്കെ പറഞ്ഞിരുന്നു.ആഹാരം കഴിച്ചിട്ട് അച്ചുവും ജിത്തൂവേട്ടനും അവരുടെ വീട്ടിലേക്ക് പോയി.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഇപ്പോൾ അമ്മുവിന്റെ കാൽ ഏകദേശം ശെരിയായി.

തിങ്കളാഴ്ച മുതൽ അമ്മു ക്ലാസ്സിലേക്ക് പോകുകയാണ്.
അങ്ങനെ കോളേജിൽ എത്തിയപ്പോൾ അതാ മുറ്റത്തൊരു മൈന. സുരേഷ് തിരിഞ്ഞു നോക്കി.

അതാ നോക്കൂ, കുടു കുടു വണ്ടിയിൽ സുന്ദരക്കുട്ടപ്പനായി ജിത്തു സേട്ടൻ. അനിരുധ് സാറുമായി സംസാരിക്കുന്നു.

” ഈശ്വര ഇവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ..? സൾഫ്യൂറിക് ആസിഡും അഗ്നിപർവതവും അടുത്തിരുന്നു അവസാനം എനിക്ക് പണിയാകുവോ “( പല്ലവി )

” അത് കണ്ടറിയണം… “( ചിന്നു )

” ഞാൻ ആത്മിച്ചത് നീ എങ്ങനെ അറിഞ്ഞു. നീ എന്നെ ഹാക്കിയോ…? (പല്ലവി )

” മൈക്ക് എടുത്തു അലറുന്നത് പോലെയാണോ നീ അത്മിക്കുന്നത്. ഇങ്ങനാണേൽ അവര് നിന്റെ മറ്റേ കാൽ കൂടി തല്ലിയൊടിക്കും. ” ( മറിയാമ്മ )

” എന്റെ പൊന്നെ നീ നാവ് എടുത്തു വളയ്ക്കല്ലേ.. ഒന്ന് നേരെ ആയി വരുന്നതേയുള്ളു….. “( പല്ലവി )

“വാ ക്ലാസ്സിൽ പോകാം.. ബാക്കി ഒക്കെ വരുന്നിടത്തു വച്ചു കാണാം..”( ചിന്നു )

 

തുടരും ………………..💞