24/04/2026

ഭദ്ര : ഭാഗം 05

 

രചന – ആതിര ശിവദാസ്

ഈ പ്രാവശ്യം കാശി തിരികെ പോകുമ്പോൾ കഴിഞ്ഞ തവണത്തെ അത്ര സങ്കടം ഉണ്ടായിരുന്നില്ല ആർക്കും. എല്ലാ ആഴ്ചയും എത്തിക്കോളാമെന്ന വാക്കാലെയായിരുന്നു ദേവൻ കാശിയെ തിരികെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്. പുതിയ കാർ വന്നതിൽ പിന്നെ അതിലായിരുന്നു ഭദ്രയുടെയും ദേവന്റെയും കോളേജിലേക്കുള്ള യാത്ര. എന്നും കാലത്തെ ദേവനോടൊപ്പമുള്ള ആ യാത്രയായിരുന്നു ഭദ്രയ്ക്ക് ഏറെ പ്രിയം. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നവനെ അവനറിയാതെ നോക്കും. കാറിൽ നിറഞ്ഞു നിൽക്കുന്ന അവന്റെ മണം ആവോളം ആസ്വദിക്കും. ഇടയ്ക്കിടെ തന്നെ നോക്കാതെ നോക്കുന്നവന്റെ ചലനങ്ങളോരോന്നും നെഞ്ചിൽ വരച്ചിടുകയായിരുന്നു ആ പെണ്ണ്. ദേവേട്ടന്റെ കണ്ണുകൾക്കൊരു മാന്ത്രികതയുണ്ട്. ഏതൊരു ഭാവവും മുഖത്ത് പ്രതിഭലിക്കും മുൻപേ കണ്ണുകളിലാവും തെളിയുന്നത്. ദേവേട്ടനെ നോക്കുമ്പോഴൊക്കെ ആദ്യം മിഴികൾ ഉടക്കുന്നത് ആ കണ്ണിലാണ്.

കറുപ്പ് അല്ലാത്ത ചെറിയ കാപ്പിപ്പൊടി നിറമുള്ള കണ്ണുകളിൽ എന്റെ പ്രതിബിബം കാണാം. കുളപ്പടവിലാണ് അതിനോട് സാദൃശ്യമുള്ളൊരു കാഴ്ച ഇതിനു മുൻപ് കണ്ടിട്ടുള്ളത്. പടവിൽ നിന്നും നോക്കുമ്പോൾ കാണാം വെള്ളത്തിൽ വീണ് കിടക്കുന്ന നിലാവിനെ. ആകാശത്ത് കാണുന്നതിലും ചന്തം വെള്ളത്തിൽ വീണ് കിടക്കുന്ന നിലാവിനാണ്. അത്പോലെയാണ് ദേവേട്ടന്റെ കണ്ണിൽ കാണുന്ന ഞാനും. വല്ലാത്തൊരു തിളക്കം എനിക്ക് ഉണ്ടെന്ന് ഞാൻ തന്നെ ചിന്തിച്ചു പോകും. “എന്റെ പെണ്ണിനെ തൊടുന്നോടാ.” എന്ന് ദേവേട്ടൻ ഒരലർച്ചയോടെ ചോദിച്ചത് ഓർക്കവേ നെഞ്ചിലൊരു സുഖമുള്ള തണുപ്പറിയും. ദേവേട്ടന് എന്നെ ഇഷ്ടാണോ അതോ പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയതാണോ എന്നൊക്കെ ഇടയ്ക്ക് ചിന്തിച്ചു നോക്കും. പ്രണയമല്ല ഭദ്രയ്ക്ക് ഭ്രാന്ത്‌ തോന്നുകയാണ് ദേവനോട്… ഭദ്രയുടെ മാത്രം ദേവനോട്. “ഇറങ്ങുന്നില്ലേ ഭദ്ര.” ദേവൻ വിളിക്കുമ്പോഴാണ് കോളേജ് എത്തിയത് ഭദ്ര അറിയുന്നത്. അത്ര നേരവും സുഖമുള്ളോരോർമ്മയെ താലോലിക്കുകയായിരുന്നെന്ന് പ്രിയപ്പെട്ടവനറിയുന്നില്ലല്ലോ എന്നോർത്താണ് ഭദ്ര കാറിൽ നിന്നും ഇറങ്ങിയത്.

ചെറിയ ചമ്മലോടെയാണവൾ കാറിൽ നിന്നും ഇറങ്ങിയത്. ദേവന്റെ മുഖത്തേക്ക് നോക്കാനാവാതെ പലപ്പോഴും താൻ തളരുന്നതവളറിഞ്ഞു. ഡിപ്പാർട്മെന്റ് വരെ ദേവൻ ഇന്ന് ക്ലാസ്സ്‌ എടുക്കാൻ പോകുന്ന വിഷയത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. ഒക്കെ മൂളി കേൾക്കുന്ന ഭദ്രയുടെ ചലനങ്ങളെ ആസ്വദിക്കുകയായിരുന്നു അവനും. “സ്വപ്നം കാണൽ ഒക്കെ കൊള്ളാം. ക്ലാസ്സ്‌ എടുക്കുമ്പോൾ ശ്രദ്ധിച്ചിരിക്കണം കേട്ടല്ലോ.” ശബ്ദം അൽപ്പം കടുപ്പിച്ചു പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് കയറി പോകുന്നവനെ ഒരു നിമിഷം നോക്കി നിന്നവൾ. പിന്നെ തലയ്ക്കിട്ടൊന്ന് കൊട്ടി ക്ലാസ്സിലേക്ക് നടന്നു പോകുന്ന വഴിയിൽ തനിക്ക് നേരെ നീളുന്ന നോട്ടങ്ങളെ വെറുതെ തിരഞ്ഞു നോക്കി. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് എങ്കിലും അധികം പെൺകുട്ടികളാണ്. നെറ്റി ചുളിച്ചു ചുണ്ട് കൂർപ്പിച്ചു തന്നെ നോക്കുന്നവരൊക്കെ ദേവന്റെ ആരാധികമാരായിരിക്കണം എന്നോർക്കവേ നോട്ടങ്ങളെ ഒക്കെ ആസ്വദിച്ചു കൊണ്ട് തന്നെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സ്‌ എടുക്കുമ്പോൾ പല തവണ ദേവന്റെ കണ്ണുകൾ ഭദ്രയ്ക്ക് നേരെ വന്നിരുന്നു.

പലരും അടക്കം പറഞ്ഞു ചിരിക്കുമ്പോൾ അവനിൽ നിന്നും ശ്രദ്ധ മാറ്റി പഠിത്തത്തിൽ ശ്രദ്ധിക്കാൻ പാട് പെടുകയായിരുന്നവൾ. 🌼🌼 വൈകുന്നേരം ഗൗരിയ്ക്കും ദേവുവിനുമൊപ്പം അമ്പലത്തിലേക്ക് പോയി തിരികെ വരും വഴിയാണ് കടത്തിറങ്ങി വരുന്ന ഭരതനെ ഭദ്ര കണ്ടത്. അച്ഛനെ കണ്ടതും കയ്യിലിരുന്ന ആമ്പൽ മുട്ടുകളെല്ലാം ദൂരേക്ക് വലിച്ചെറിഞ്ഞു. പണ്ട് കുളത്തിൽ വീണതിൽ പിന്നെ വെള്ളത്തിൽ ഇറങ്ങരുതെന്ന് വിലക്കിയിട്ടുള്ളതാണ് അച്ഛനും ദേവേട്ടനുമൊക്കെ… ആമ്പൽ പൂവ് പൊട്ടിക്കാൻ കുളത്തിൽ ഇറങ്ങിയത് അച്ഛൻ എങ്ങാനും ദേവേട്ടനോട് പറഞ്ഞാൽ പിന്നെ കേമായി. ഭരതന്റെ അരികിലേക്ക് നടക്കുമ്പോഴാണ് തലയിൽ നിറയെ പൂവ് വച്ച് കടത്തിറങ്ങി വരുന്ന പെൺകുട്ടിയിലേക്ക് ദേവുവിന്റെ കണ്ണുകൾ നീണ്ടത്. “എനിക്കും വേണം…” മുല്ലപ്പൂവ് വച്ച പെൺകുട്ടിയ്ക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ദേവു പറഞ്ഞു. “അച്ഛന്റെ ദേവുട്ടന് വേണോ?? അച്ഛൻ നാളെ വാങ്ങി വരാമേ. മറ്റെന്നാൾ സ്കൂളിൽ പോകുമ്പോൾ ദേവുമോളും ഗൗരിക്കുട്ടിയും തല നിറയെ മുല്ലപ്പൂവ് വച്ചു പോയാൽ മതി.” ഭരതന്റെ മറുപടി കേട്ടിട്ടും ദേവുവിന്റെ മുഖം തെളിയാതെ തന്നെ നിന്നു.

“എനിക്ക് നാളെ വേണം അച്ഛാ…” “എന്താ ദേവൂട്ടാ.. മഴ വരുന്നത് കണ്ടില്ലേ. അച്ഛൻ നാളെ വാങ്ങി വരും. ഇന്നിനി എന്തായാലും പോക്ക് നടക്കില്ല.” ഭദ്ര വിലക്കിയിട്ടും ദേവു കവിള് രണ്ടും വീർപ്പിച്ചു വെച്ചു നിന്നു. “അച്ഛൻ ദേവൂട്ടിയ്ക്ക് ഇന്ന് തന്നെ വാങ്ങി താരമേ.”പിണങ്ങി നിൽക്കുന്ന ദേവുവിന്റെ കവിളിൽ പിടിച്ചു കൊണ്ട് പറയുന്ന ഭരതനെ നോക്കി കുറുമ്പി പെണ്ണൊന്ന് ചിരിച്ചു. “വേണോ അച്ഛാ ഇന്ന് ഇനിയും.”ഭദ്രയുടെ ചോദ്യം കേട്ട ദേവു വീണ്ടും ഒന്ന് ചിണുങ്ങാനുള്ള തയാറെടുപ്പ് നടത്തുകയായിരുന്നു. “അച്ഛൻ പോയിട്ടു വരാം. മക്കള് വീട്ടിൽ പൊയ്ക്കോ.” “ഞാനും വരുന്നു അച്ഛാ..” തിരികെ നടക്കാൻ തുടങ്ങിയ ഭരതന്നെ ദേവു പിന്നിലൂടെ ചെന്ന് വട്ടം പിടിച്ചു. വേണ്ടാന്ന് പറയുമ്പോൾ ചുണ്ട് കൂർപ്പിക്കുന്ന പെണ്ണിന്റെ വാശി തന്നെ അവസാനം ജയിച്ചു. ഭരതനും ദേവുവും പോകുന്നത് അൽപ്പനേരം നോക്കി നിന്ന് ഗൗരിയും ഭദ്രയും വീട്ടിലേക്ക് തിരിച്ചു. രണ്ടാളും വീടെത്തും മുൻപേ മഴ പെയ്തിരുന്നു. “ഭദ്രേ” മഴയത്ത് വരമ്പിലൂടെ ഗൗരിയുടെ കയ്യും പിടിച്ചു ഓടുന്നതിനിടയിലാണ് പിന്നിൽ നിന്നും വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ ദേവനാണ്. ദേവന്റെ ശകാരങ്ങളെ പേടിച്ചു ഗൗരി ഭദ്രയുടെ മറ പറ്റി നിന്നു.

“മഴക്കോള് കണ്ടിരുന്നില്ലേ ഭദ്രേ. കുട എടുത്തുകൂടെ നിനക്ക്.” കയ്യിലിരുന്ന കുട ഭദ്രയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറയുന്നവനെ നോക്കി നിന്നു ആ പെണ്ണ്.. “മ്മ് നടക്ക്.” രണ്ടാളെയും മുന്നിൽ നടത്തിക്കൊണ്ട് മഴ നനഞ്ഞു ദേവനും നടന്നു. “ദേവേട്ടൻ നനയണ്ട വാ…” തിരിഞ്ഞു നിന്നു പറയുന്ന പെണ്ണിനോട് വാത്സല്യം തോന്നി ദേവന്. “വേണ്ട. നിങ്ങള് നടന്നോ.” ശബ്ദത്തിൽ ആദ്യമുണ്ടായിരുന്ന ഗൗരവം കുറഞ്ഞിരുന്നു. ഗൗരിയെ ചേർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ ഇടയ്ക്കിടെ തിരിഞ്ഞു നോക്കാനും ഭദ്ര മറന്നില്ല. ദേവേട്ടൻ ആകെ നനഞ്ഞു… പനി പിടിക്കോ എന്ന ആധിയായിരുന്നു പെണ്ണിന്. വീട്ടിൽ എത്തി നനഞ്ഞു പോകാൻ തുടങ്ങിയ ദേവനെ സേതു നിർബന്ധിച്ചു വിളിച്ചു അകത്ത് കയറ്റി നനഞ്ഞ തല തുവർത്തികൊടുക്കുന്നത് ഒരുതരം കൊതിയോടെയാണ് ഭദ്ര നോക്കി നിന്നത്. തല തൂവർത്തുന്നതിനിടയിൽ നനഞ്ഞതിനു അവർ അവനെ ശകാരിക്കുന്നുണ്ട്. ദേവൻ നൽകിയ കുട വാങ്ങി അവനെ കുടയിൽ കയറ്റാതെ വന്നതിന് ഭദ്രയ്ക്കും കിട്ടി കണക്കിന്. “ഞാനാ അപ്പച്ചി കുട വേണ്ടെന്ന് അവരോട് പറഞ്ഞത്. ഭദ്ര വിളിച്ചതാ കുടയിൽ കയറാൻ.

” തല താഴ്ത്തി നിൽക്കുന്ന പെണ്ണിനെ കണ്ടതും ദേവൻ പറഞ്ഞു. ഇടിയും മിന്നലും തുടങ്ങിയതിൽ പിന്നെ ഭദ്രയ്ക്ക് വല്ലാത്തൊരു ഭയം തോന്നി. അല്ലെങ്കിലേ ഇടിയും മിന്നലും പേടിയാണ്, അതിന്റെ കൂടെ അച്ഛനും ദേവുവും പുറത്ത്. “ഭദ്രേ” പറഞ്ഞു കൊടുക്കുന്നത് ശ്രദ്ധിക്കാതെ ഇരിക്കുന്നവളെ കണ്ടപ്പോൾ ദേഷ്യം ഇരച്ചു കയറി ദേവന്. “ഈയിടെ ആയിട്ട് സ്വപ്നം കാണൽ കൂടുന്നുണ്ട് നിനക്ക്. ഞാൻ ഇവിടെ ആർക്ക് കേൾക്കാനാ പ്രസംഗം നടത്തുന്നത്” അടുത്ത നിമിഷം വെട്ടിയ ഇടിയുടെ ശബ്ദത്തിൽ ഒന്ന് ഞെട്ടി പേടിച്ചരണ്ട് ഇരിക്കുന്നവളെ കണ്ടപ്പോൾ ആണ് ദേവൻ നിർത്തിയത്. കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു ഭദ്ര അപ്പോഴേക്കും. “എന്തിനാ ദേവാ നീ അതിനെ ഇങ്ങനെ വഴക്ക് പറയുന്നത്. നിനക്കെന്താ…ഇന്ന് പഠിച്ചതൊക്കെ മതി. അവൾക്ക് ഇടി പേടിയല്ലേ… മോള് പഠിച്ചത് മതി.” “അമ്മാമേ.” തന്റെ തോളിൽ കൈ വെച്ചു പറഞ്ഞ പൊതുവാളിനെ വട്ടം പിടിച്ചു ഭദ്ര കരയുന്നത് കണ്ടപ്പോഴാണ് അവളെത്രമാത്രം പേടിച്ചിരുന്നുവെന്ന് ദേവനും ചിന്തിച്ചത്.

എങ്ങലടിച്ചു കരയുന്ന പെണ്ണിനെ ഒന്ന് നെഞ്ചിൽ ചേർക്കണമെന്ന് ഉണ്ടായിരുന്നു അവന്. “അമ്മാമേ… അച്ഛനും ദേവുവും… മഴ…” പറയാൻ വരുന്നതെന്തോ ഏങ്ങലടികളിൽ മുങ്ങി പോകുന്നുണ്ടായിരുന്നു. “എന്താ ഭദ്ര മോളെ.” തന്നെ ചുറ്റി പിടിച്ചു കരയുന്ന പെണ്ണിന്റെ മുഖം കൈകളിലെടുത്തു അവളുടെ തലയിൽ ഒന്ന് തഴുകിക്കൊണ്ട് പൊതുവാള് ചോദിച്ചു. “അച്ഛനും ദേവുവും മുല്ലപ്പൂ വാങ്ങാൻ പോയേക്കാ… മഴ… മഴയ്ക്ക് മുന്നേ പോയതാ… വന്നില്ല ഇതുവരെ.” കരഞ്ഞു കൊണ്ട് പറയുന്നവളെ വീണ്ടും പൊതുവാള് ചേർത്ത് പിടിച്ചു. “അതിനാ ഭദ്ര മോള് കരെണെ. അവരിപ്പോ വരും. അമ്മാമയും ഏട്ടനും പോയി നോക്കിയിട്ട് വരാം. ” “അച്ഛൻ ഇവിടിരുന്നോ ഞാൻ നോക്കാം.” അതും പറഞ്ഞു കുടയുമായി ദേവൻ ഇറങ്ങുമ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു. പടിപ്പുര കടന്ന് ദേവൻ മറയും വരെ ഉമ്മറത്ത് അവനെ തന്നെ നോക്കി ഭദ്ര ഇരുന്നു. സമയത്തിനു ദൈർഘ്യം ഏറിയത് പോലെ. ദേവേട്ടൻ പോയിട്ടു മണിക്കൂറുകൾ ആയെന്നു തോന്നി. തോന്നലല്ല… ആയിട്ടുണ്ടാവണം. അമ്മയിലും അമ്മാമയിലും ഉള്ളിലെ ഭീതി വ്യക്തമാക്കുന്ന ഭാവങ്ങൾ. രാത്രി ഏറെ വൈകിയതും ആരൊക്കെയോ പടിപ്പുര കടന്ന് വരുന്നത് കണ്ടു. അവരുടെ കൂടെ ദേവേട്ടനും ഉണ്ടായിരുന്നോ… ഓർമ്മയില്ല.

പലരും മുറ്റത്ത് പലയിടത്തായി കൂട്ടം കൂടി നിന്നു. സഹദാപത്തോടെ ഞങ്ങളെയൊക്കെ നോക്കി. അമ്മയുടെ ഉറച്ച ശബ്ദത്തിലുള്ള നിലവിളി കേൾക്കുന്നത് വരെ മനസ്സിൽ പ്രതീക്ഷയുടെ തിരി കെടാതെ തന്നെ നിന്നിരുന്നു. “ദേവു… ” ന്ന് വിളിച്ചു ഗൗരി ഉറക്കെ കരയുന്നത് കേട്ടിട്ടും ഞാൻ മാത്രം മിണ്ടാതെ ഇരുന്നു. എന്റെ അവസ്ഥ കണ്ടിട്ടാവണം ദേവേട്ടൻ വന്നെന്റെ കയ്യിൽ പിടിച്ചു മുറിയിലേക്ക് കൊണ്ട് പോയത്. കട്ടിലിൽ എന്നെ കിടത്തി നിറമിഴികളോടെ എനിക്ക് അരികിൽ ഇരുന്നു. കണ്ണുകൾ അടക്കുന്നത് വരെ ദേവേട്ടൻ തലയിൽ തഴുകുന്നത് ഞാനറിയുന്നുണ്ടായിരുന്നു. സുഖമുള്ളൊരു മയക്കത്തിലായിരുന്നു പിന്നീട് ഒരുപാട് കാലം. അതിനിടയിൽ ഒരുപാട് എന്തൊക്കെയോ ഞാൻ കാണാതെ പോയി… അറിയാതെ പോയി… പിന്നെ കണ്ണുകൾ തുറക്കുന്നത് വർഷങ്ങൾക്കിപ്പുറമാണ്. പ്രിയമായിരുന്നതെന്തൊക്കെയോ നഷ്ടമായ ഇന്നത്തെ ഭദ്രയായി. ⏭️ ⏭️ ⏭️ ജനൽക്കമ്പികളിൽ മുറുകി പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു ഭദ്ര. ദേവന്റെ ഇളം നീല നിറത്തിലെ ഷർട്ടിൽ കളർ പെൻസിൽ കൊണ്ട് വരച്ചിട്ട് ദേവന്റെ ശകാരത്തെ ഭയന്ന് കള്ളച്ചിരിയോടെ ഓടുന്ന ദേവുവിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു.

അച്ഛനെ ഓർക്കവേ ആദ്യം ഉള്ളിൽ തെളിയുന്നത് അവസാന കൂടിക്കാഴ്ച്ചയാണ്. ദേവുവിന്റെ കയ്യും പിടിച്ചു ദൂരേക്ക് നടന്നു പോയ അച്ഛന്റെ മുഖം. കണ്ണുകൾ തുറക്കുമ്പോഴേക്കും വിയർത്തു പോയിരുന്നവൾ… 🍁🍁 “ഭദ്രയുടെ അനിയത്തിയെ പറ്റി നിങ്ങളാരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലല്ലോ ഞാൻ.” അമ്പലക്കുളത്തിന്റെ പടവിലിരുന്നു കൊണ്ട് ഹരി ചോദിച്ചു. “ഞങ്ങളുടെ പോലും സംഭാഷണങ്ങളിൽ അവൾ കടന്നു വരുന്നത് വിരളമാണ് ഹരിയേട്ടാ… ഒരാത്മാവും രണ്ട് ശരീരങ്ങളും ആയിരുന്നു ഞങ്ങൾ. ഭദ്രേച്ചിയ്ക്ക് ഞങ്ങൾ രണ്ടാളും കുഞ്ഞുങ്ങളായിരുന്നു. എന്നെക്കാളും കുറുമ്പും വാശിയുമൊക്കെ കൂടുതൽ ആയിരുന്നു ദേവുവിന്… അവളെ പറ്റി ഓർക്കാറുണ്ടാവും എല്ലാവരും. പക്ഷേ മനഃപൂർവം ആ പേര് ഒഴിവാക്കും… അമ്പാട്ട് ഉള്ളവരെ അത്രയും നോവിക്കുന്നതാണ് ഹരിയേട്ടാ ആ ഓർമ്മകളൊക്കെ ” കണ്ണ് തുടച്ചു കൊണ്ട് ഗൗരി പറഞ്ഞു.

ഏറെ നേരം നിശബ്ദതയായിരുന്നു ഇരുവർക്കുമിടയിൽ… ഗൗരിയുടെ ഉള്ളിൽ ദേവു ആയിരിക്കണമെന്ന് ഹരി ഊഹിച്ചു. ഇത്ര മാത്രം പൊള്ളിക്കുന്നൊരു കനൽ ഉള്ളിൽ എരിയുന്ന നിമിഷങ്ങളിലും പുഞ്ചിരിയോടെ മാത്രം നോക്കുന്ന അമ്പാട്ടുള്ളവരുടെ മുഖമോർത്തു ഹരി. നഷ്ടങ്ങൾ തളർത്തിക്കളഞ്ഞൊരു കുടുംബം… ഉള്ളിൽ വേദന തോന്നിയെങ്കിലും സംശയങ്ങളായിരുന്നു ഉള്ളു നിറയെ. “കാശി…” ഹരിയുടെ ചോദ്യം കേട്ട് വീണ്ടും ഓർമ്മകളിലേക്ക് ഊളിയിടാൻ തുടങ്ങവേ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു ഗൗരിയുടെ. തുടരും…