21/04/2026

പല്ലവി : ഭാഗം 47

രചന – അമ്മു സജീവ്

മരിയയെ വീട്ടിൽ ആക്കിയ ശേഷം ബാക്കി രണ്ടും കൂടി പാട്ടും പാടി വീട്ടിലെത്തി.

അച്ചുവിനെ പറഞ്ഞു വിട്ട ശേഷം അമ്മു ഗേറ്റ് തുറന്നു അകത്തേക്ക് കയറിയതും അവളെ തന്നെ കലിപ്പിച്ചു നോക്കുന്ന രണ്ടു ജോഡി കണ്ണുകളെയാണ് കണ്ടത്.

” ഈശ്വരാ… പണി പാളിയോ?? ”

പെട്ടന്നാണ് എന്തോ ഒന്ന് പറന്നു വരുന്നത് കണ്ടത്. ഒഴിഞ്ഞു മാറിയില്ലായിരുന്നേൽ കറക്റ്റ് ആയിട്ട് അത് അമ്മുവിന്റെ ദേഹത്ത് തന്നെ വീണേനെ..

ഒന്നും മനസിലായില്ലേൽ ഞാൻ തന്നെ പറഞ്ഞു തരാം..

നേരം വൈകി വീട്ടിൽ കയറിയതിനു പോരാളിയുടെ വക പ്രോത്സാഹന സമ്മാനമായ ചപ്പാത്തിപ്പലകയാണ് കുറച്ചു മുന്നേ ഭൂമിയിൽ വന്നു ലാൻഡ് ചെയ്തത്..

അമ്മയ്ക്ക് ഉന്നം കുറവായതുകൊണ്ടും അമ്മുവിന്റെ ആയുർരേഖയ്ക്ക് കുറച്ചൂടി ധൈർഘ്യമുണ്ടായതു കൊണ്ടും ഒന്നും പറ്റിയില്ല..

അപ്പനപ്പൂപ്പന്മാർ ചെയ്ത പുണ്യം…

ഒരു സഹായത്തിനായി സോഫയിൽ ഇരിക്കുന്ന അച്ഛനെ നോക്കിയെങ്കിലും പുള്ളി ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലും കാണിക്കുന്നില്ല..

അച്ഛനാണ് പോലും അച്ഛൻ.. പരട്ട തന്ത..

പിന്നെ അമ്മയോട് ഒരു അങ്കത്തിന് താല്പര്യം ഇല്ലാത്തത് കൊണ്ട് അമ്മു വേഗം അകത്തേക്ക് കയറി.

എന്തിനാ വെറുതെ അമ്മയുടെ കൈയ്ക്ക് പണി ഉണ്ടാക്കുന്നെ..

” ഡീ അസത്തെ.. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഊരുതെണ്ടി നടക്കരുതെന്ന്?? “( അമ്മ )

” യൂ കാൾ മീ ഊരുതെണ്ടി?? മേം അത്തരക്കാരി നഹി ഹേ അമ്മാ.. “( അമ്മു )

” ദേ പെണ്ണെ.. ഒരൊറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ. കല്യാണം ഉറപ്പിച്ച പെണ്ണാണെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്? നീ ഒരു പെൺകൊച്ചല്ലേ?”( അമ്മ )

ആ അവസാനം പറഞ്ഞത് അമ്മുവിന് അങ്ങോട്ട് പിടിച്ചില്ല..

” അതെന്താമ്മേ അങ്ങനൊരു ടോക്ക്..

കല്യാണം ഉറപ്പിച്ച പെൺകുട്ട്യോൾ അകത്തു തന്നെ ഇരിക്കണം എന്ന് ആരാ പറഞ്ഞേ?

പെൺകുട്ടികൾക്ക് ഇറങ്ങി നടന്നാൽ എന്താ പ്രശ്നം. ആരേലും പിടിച്ചോണ്ട് പോകുവോ??”( അമ്മു )

” നീ എന്റെ കയ്യിന്ന് വാങ്ങും അമ്മു. പറഞ്ഞേക്കാം.
.പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാ…
കേറിപ്പൊയ്ക്കോ അവിടുന്ന്.. ”

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് കയറി പോയി..

” ഏഹ്ഹ് പോയോ?? അങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ.. അമ്മ ഒന്നടിവിടെ നിന്നെ.. ”

വലിയ കാര്യത്തിൽ അമ്മയോട് അവിടെ നിൽക്കാൻ പറഞ്ഞെങ്കിലും അമ്മ അത് മൈൻഡ് പോലും ചെയ്യാത്തത് കൊണ്ട് അമ്മു തന്നെ അടുക്കളയിലേക്ക് പോയി..

(അല്ലേലും മൂത്തവരെ ബഹുമാനിക്കുന്ന പാരമ്പര്യം ഉള്ള കൂട്ടത്തിലാ ഞങ്ങൾ..
അല്ലാണ്ട് പേടിച്ചിട്ടൊന്നും നഹി ഹേയ്..)

” അമ്മേ,ഒന്നവിടെ നിന്നെ..എന്തേലും ചോദിക്കുമ്പോൾ കുറെ ലൊട്ടു ലൊടുക്ക് ന്യായം പറഞ്ഞു മുങ്ങുന്നത് അത്ര നല്ല ശീലം അല്ലാട്ടോ..”( അമ്മു )

” നിനക്ക് ഈയിടെയായി അഹങ്കാരം ലേശം കൂടുന്നുണ്ട് ട്ടോ.. “( അമ്മ )

” അമ്മ ഇതേതു കാലത്താ കഴിയുന്നെ.. ഈ ബൂർഷാ സ്വഭാവം ഒന്നും മാറ്റാറായില്ലേ ഇതുവരെ?? “(അമ്മു )

” ബൂർഷാ നിന്റെ തന്തയാടി കുരിപ്പേ.. “( അമ്മ )

” അച്ഛാ…..ദേ അമ്മ വിളിക്കുന്നു.. ”

“എന്താ ജാനിക്കുട്ടി, എന്തിനാ വിളിച്ചേ…?”(അച്ഛൻ )

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയതുകൊണ്ട് തന്നെ നമ്മുടെ പോരാളി ചെറുതായൊന്നു പരുങ്ങി..

“അത് പിന്നെ അച്ഛാ രാത്രിയിൽ ചപ്പാത്തിക്ക് ചിക്കൻകറി വേണോ അതോ മുട്ടക്കറി വേണോ എന്ന് ചോദിക്കാൻ ആയിരുന്നു അച്ഛാ..”( അമ്മു )

” ആണോ ജാനി”(അച്ഛൻ )

” ആഹ് അതെ അതെ.. അത് ചോദിക്കാനായിരുന്നു.. “( അമ്മ )

” എന്റെ ജാനിക്കുട്ടിക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കിക്കോ കേട്ടോ “(അച്ഛൻ )

” അതെന്താ അച്ഛാ, ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ.. മ്മ്മ്… ”

പുരികം പൊക്കിയും താത്തിയും അമ്മു ലേശം കപട ഗൗരവത്തിലാണ് ചോദിച്ചത്..

” അല്ല ശെരിക്കും ഇവളുടെ സ്വഭാവത്തിന് വേറെന്തെങ്കിലും ഒക്കെയാണ് പറയേണ്ടത്.. അതോണ്ട് ചോദിച്ചു പോയതാണേ.. ”

അതും പറഞ്ഞു അച്ഛൻ അവിടുന്ന് തടി തപ്പി..

” എന്തായാലും അച്ഛന് അമ്മയെ പറ്റി നല്ല അഭിപ്രായം തന്നെ ”
അതും പറഞ്ഞു കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ അപ്പുവിന്റെ റൂമിലേക്ക് പോയി..

…………..

” ഹെല്ലോ മിസ്സിസ് അധർവ് മേനോൻ, താങ്കൾ എന്താണിങ്ങനെ ഡാഷ് പോയ ഡാഷിനെപ്പോലെ ഇരിക്കുന്നെ?
എന്റെ കിഴങ്ങൻ ചേട്ടൻ എന്തെങ്കിലും പറഞ്ഞോ കുട്ടനെ? പറയ് ”

ഇടുപ്പിൽ കൈ കുത്തി അത് ചോദിച്ചു കഴിഞ്ഞപ്പോഴേക്കും രോഹിണി അവളുടെ കയ്യിൽ ഒരു അടി കൊടുത്തിരുന്നു..

” ഔ….. എന്തിനാ എന്നെ തല്ലിയെ.. ”

” പിന്നെ എന്റെ കൊച്ചിന്റെ അച്ഛനെ പറ്റി അപവാദം പറയുന്നോ? “( രോഹിണി )

” എനിക്കിതെന്തിന്റെ കേടായിരുന്നു..

ഒരെ ഒരു നാത്തൂൻ അല്ലേ എന്ന് കരുതി ഒന്ന് ക്ഷേമം അന്വേഷിക്കാൻ വന്ന ഞാൻ ഇത് തന്നെ കേൾക്കണം. ഞാൻ പോന്ന്..

ഗുഡ് ബൈ.. ഫുഡ് റെഡി ആവുമ്പോൾ വിളിച്ചാൽ മതി ”

അതും പറഞ്ഞു ചുണ്ട് കോട്ടി മുഖം വെട്ടിതിരിച്ചു അമ്മു അവളുടെ റൂമിലേക്ക് പോയി..

അവളുടെ പോക്ക് കണ്ടതും രോഹിണി അറിയാതെ ചിരിച്ചു പോയി..

പിറന്നത് ഒരേ അമ്മയുടെ വയറ്റിൽ അല്ലെങ്കിലും അമ്മു രോഹിണിയ്ക്ക് അവളുടെ സ്വന്തം അനിയത്തി തന്നെ ആണ്.

അല്ലെങ്കിലും ചില ബന്ധങ്ങൾ എന്നും രക്തബന്ധത്തേക്കാൾ വലുതാണല്ലോ..

❤️

റൂമിൽ ചെന്ന് അലമാരയിൽ നിന്ന് ഡ്രെസ്സും എടുത്തു അവൾ കുളിക്കാൻ കയറി.

നമ്മുടെ ചിത്രാമ്മയെ പോലെ ഒരുപാട് പാവങ്ങളുടെ അവസരം കളയണ്ടല്ലോ എന്ന് ഓർത്തു സ്വന്തം കഴിവിനെ ഉള്ളിലൊതുക്കിയ വിശാല മനസിന് ഉടമയായ നമ്മുടെ അമ്മു എല്ലാ കഴിവുകളും കുളിമുറിയിലാണ് കെട്ടഴിക്കുന്നത്..

സ്വര മധുരമായ ശബ്ദത്തിന്റെ പിച്ചിൽ വന്ന ചില ഏറ്റക്കുറച്ചിലുകൾ കൊണ്ട് അമ്മുവിന് എന്തോ അപായം പറ്റിയെന്നു കരുതി അടുക്കളയിൽ നിന്ന് അമ്മ വരെ ഓടി റൂമിലെത്തി..

പിന്നല്ലാഹ് നമ്മളോടാ കളി..

അങ്ങനെ കുളിയും നനയും ഒക്കെ കഴിഞ്ഞു അമ്മു കുറച്ചു നേരം പഠിക്കാൻ ഇരുന്നു..

( കണ്ട കണ്ടാ… നല്ല ശീലങ്ങളൊക്കെ ഉണ്ട് )

എഴുതാനും പഠിക്കാനും ഉള്ളതൊക്കെ കഴിഞ്ഞു എല്ലാവരും ഫുഡ് കഴിക്കാനായി ഹാളിലെത്തി..

ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് അപ്പുവും അമ്മുവും കൂടി ചിക്കൻ കാലിന് വേണ്ടി അടിയിട്ടത്..

രണ്ടു പേരും വിട്ടു കൊടുക്കുന്ന ലക്ഷണം ഇല്ല..

അമ്മുവിന്റെ പ്ലേറ്റിൽ നിന്ന് അപ്പു ചിക്കൻ കാൽ എടുത്തോണ്ട് പോയതാണ് തുടക്കം..

ബഹളം കണ്ടിട്ട് അച്ഛന്റെ പ്ലേറ്റിൽ നിന്ന് രണ്ടു ചിക്കൻ കഷ്ണം എടുത്ത് അവൾക്ക് കൊടുത്തെങ്കിലും ആ ചിക്കൻ കാൽ തന്നെ വേണം എന്ന വാശിയിലാണ് അമ്മു.

കൊടുക്കില്ലെന്ന വാശിയിൽ അപ്പുവും….

അവസാനം അമ്മ തന്നെ വരേണ്ടി വന്നു പ്രശ്നം പരിഹരിക്കാൻ..

” മിണ്ടിപോവരുത് രണ്ടും. ഇപ്പോഴും കൊച്ചു കുട്ടികളാന്നാ വിചാരം..
വേണേൽ കഴിച്ചിട്ട് എണീറ്റ് പൊയ്ക്കോ..

അതെങ്ങനാ തന്തയെ കണ്ടല്ലേ പഠിക്കുന്നെ..

 

അതും പറഞ്ഞു തവി വച്ചു ടേബിളിൽ രണ്ടു തട്ട് തട്ടിയതും അമ്മുവും അപ്പുവും നല്ല കുട്ടികളായി വായ പൂട്ടി സീൽ വച്ചു..

ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ അവിടിരുന്നു കഴിച്ചോണ്ടിരുന്ന അച്ഛൻ അമ്മയുടെ അവസാന ഡയലോഗിൽ അന്തം വിട്ടു നിക്കുവാണ്.

” ശ്യെടാ, ഇത് വഴിയേ പോന്ന കുരിശ് മൊത്തം എന്റെ തലയിൽ തന്നെ വന്നു കേറുവാണല്ലോ..
ഏത് നേരത്താണാവോ എനിക്കിവിടെ വന്നിരിക്കാൻ തോന്നിയത്.. “( അച്ഛൻ )

” വല്ലതും പറഞ്ഞാരുന്നോ?? “( അമ്മ )

” ഞാൻ ഒന്ന് ശ്വാസം വിട്ടതാ.. “( അച്ഛൻ )

മ്മ്മ്.,..

❤️

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി..

രോഹിണിയ്ക്ക് ഇത് ഏഴാം മാസം ആണ്..
നാളെയാണ് അതിന്റെ ചടങ്ങുകൾ..

എല്ലാവരും അതിന്റെ തിരക്കിലാണ്…

അപ്പൊ ഇനി ചടങ്ങിന് കാണാം.. എല്ലാവരും വരണം കേട്ടോ… പിന്നെ കണ്ടില്ല,കേട്ടില്ല, അറിഞ്ഞില്ല, പറഞ്ഞില്ല എന്നൊന്നും പറയല്ല്.. അപ്പൊ എല്ലാം പറഞ്ഞപോലെ……..

തുടരും…….