22/04/2026

പല്ലവി : ഭാഗം 05

രചന – അമ്മു സജീവ്

പ്രോഗ്രാം എല്ലാം വളരെ ഭംഗിയായി അവസാനിച്ചു. പാട്ടും ഡാൻസും ഒക്കെ ആയി അടിപൊളി ആയിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു പോയിരുന്നു എല്ലാരും. വീട്ടിൽ വന്ന് ഒരു ചായയും കുടിച്ചു അന്നത്തെ വിശേഷം അമ്മയോട് പറയുന്ന തിരക്കിലാണ് അമ്മു. പാട്ടിന്റെ കാര്യം ഒന്നും പറഞ്ഞില്ലാട്ടോ. അല്ലേൽ തന്നെ അടിക്കാനുള്ള വടി നമ്മൾ തന്നെ കൊടുക്കുന്നത് ശരിയല്ലല്ലോ .അപ്പോഴേക്കും അച്ഛനും ചേട്ടനും എത്തി. എല്ലാരും കൂടി അന്നത്തെ വിശേഷം ഒക്കെ പറഞ്ഞു അത്താഴവും കഴിഞ്ഞു ഉറങ്ങാൻ പോയി. പിറ്റേന്ന് അമ്മു കോളേജിലെത്തിയപ്പോൾ പതിവുപോലെ ചിന്നുവും മറിയാമ്മയും അവിടെ ഉണ്ടായിരുന്നു.ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും മൂന്നുപേർക്കും വിശപ്പിന്റെ വിളി വന്നു. മൂന്നുപേരൂടി നേരെ കാന്റീനിലേക്ക് വച്ചു പിടിച്ചു. അവിടെ ചെന്ന് മൂന്നു ലെമൺ ജ്യൂസും മൂന്നു പപ്സും പറഞ്ഞു ( അത് ഇനി ന്തൊക്കെ ബന്നാലും പപ്സും ലൈമും നമ്മുടെ അന്താരാഷ്ട്ര ഭക്ഷണം ആണല്ലോ ).

കിട്ടിയതൊക്കെ വലിച്ചു വാരി തിന്നിട്ട് വരുമ്പോൾ ആണ് ക്ലാസ്സിലെ ആസ്ഥാന കോഴിക്കുഞ്ഞായ ആരതിയുടെ വരവ്. ” നിങ്ങൾ അറിഞ്ഞോ നമ്മുടെ രാജീവ്‌ സാർ ട്രാൻസ്ഫർ ആയിപ്പോയി.പുതുതായി ഒരു ചുള്ളൻ സാറാണ് വരുന്നതെന്ന് കേട്ടു .പുള്ളി നാളെ ജോയിൻ ചെയ്യുമെന്നാ അറിഞ്ഞത്. “(ആരതി ) അതും പറഞ്ഞു അവൾ പോയി. ” ഇവൾ ന്താ വിക്കിപീഡിയ വല്ലോം ആണോ. ജോയിൻ ചെയ്യുന്നതിനുമുന്നേ പുള്ളിയുടെ ജാതകം വരെ എടുത്തുന്ന് തോന്നുന്നു “( പല്ലവി ) ” ആഹ് ന്തായാലും നാളെ വരുമല്ലോ അപ്പൊ നോക്കാം. “( മറിയാമ്മ ). തിരികെ ക്ലാസ്സിലെത്തിയപ്പോഴേക്കും മിസ്സ്‌ ക്ലാസ്സിൽ കേറിയിരുന്നു. പെർമിഷൻ ചോദിച്ചു അകത്തു കയറി സീറ്റിൽ വന്നിരുന്നിട്ട് ടെക്സ്റ്റ്‌ തുറന്നു വച്ചു. ഇരുത്തം ഒക്കെ കണ്ടാൽ ഇപ്പൊ ഏതാണ്ട് മറിച്ചിടുമെന്ന് തോന്നുന്നു. വെറും ആക്ടിങ് ആണെന്ന് നമുക്കല്ലേ അറിയൂ. കണ്ണും തുറന്ന് വച്ചു ഉറങ്ങുന്ന ഒരു പ്രേത്യേക സ്വഭാവത്തിന് അടിമകളാണ് ഈ മൂവർസംഘം. ദിവസം ഒക്കെ എത്ര പെട്ടന്നാ പോകുന്നെ അല്ലെ. ബലൂണിൽ നിന്ന് കാറ്റ് പോകുന്ന പോലെ വേഗത്തിൽ ആ ദിവസവും കൊഴിഞ്ഞുപോയി.

പിറ്റേ ദിവസം പുതിയ സാറിനെ കാണാൻ ആയതുകൊണ്ട് എല്ലാരും നേരത്തെ എത്തി. ഫസ്റ്റ് പീരീഡ് തന്നെ പുതുതായി ജോയിൻ ചെയ്ത സാർ ക്ലാസ്സിൽ കയറി. സുന്ദരനും സുമുഖനും ആ ചെറുപ്പക്കാരന്റെ പേരാണ് അനിരുദ്ധ്. ” ഹലോ ഞാൻ അനിരുദ്ധ്.എന്റെ വീട് ഇവിടെ അടുത്ത്‌ തന്നെയാണ്.ഞാൻ നിങ്ങളെ എൻവിരോൺമെന്റൽ സ്റ്റഡീസ് ആണ് പഠിപ്പിക്കുന്നത്.കൂടാതെ നിങ്ങളുടെ ക്ലാസ്സ്‌ ട്യൂറ്റർ ഇപ്പൊ ഞാൻ ആണ്.ഇനി നിങ്ങളെപ്പറ്റി പറ “( സാർ ) ഓരോരുത്തരെയായി പരിചയപ്പെടുന്നതിന്റെ ഇടയിൽ അമ്മു ചുറ്റും ഒന്നു കണ്ണോടിച്ചപ്പോൾ ഞെട്ടിപ്പോയി. പെൺപടകൾ എല്ലാം അങ്ങേരെ വായിനോക്കിക്കൊണ്ടിരിക്കുവാ. ( എന്റീശ്വരാ ഇവളുമാർ ഇങ്ങനെ ചോരയൂറ്റി അങ്ങേര് ബോധം കെട്ട് വീണാൽ തിരിച്ചു ചോര കേറ്റാൻ ബ്ലഡ്‌ ഗ്രൂപ്പ്‌ പോലും അറിയില്ലല്ലോ ) ” എടി മറിയാമ്മേ മതിയെടി ഒരു മയത്തിലൊക്കെ ഊറ്റടി “( പല്ലവി )

” മിണ്ടാതിരി പെണ്ണെ “( മറിയാമ്മ ) ക്ലാസ്സിന്റെ അധികാരം ഏറ്റെടുത്ത നമ്മുടെ ചുള്ളൻ സാറിന്റെ ആദ്യ കല്പന, ” ഇനി മുതൽ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനൊന്നും പറ്റുന്നില്ല. എല്ലാ പീരീഡും അറ്റെൻഡൻസ് നിർബന്ധം ആണ്. ഉടനെ തന്നെ പേരെന്റ്സ് ന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയിട്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവരുടെ ലിസ്റ്റ് അതിലേക്ക് ഫോർവേഡ് ചെയ്യും. പിന്നെ ഓരോ മോഡ്യൂൾ കഴിയുമ്പോഴും നമുക്ക് ഓരോ ക്ലാസ്സ്‌ ടെസ്റ്റ്‌ കണ്ടക്റ്റ് ചെയ്യണം. ബാക്കി വഴിയേ പറയാം. “( സാർ ) ” സുബാഷ് “(മറിയാമ്മ ) ” ഇതിലും ഭേദം ഒരു കത്തിയെടുത്തു എന്നെ അങ്ങ് കുത്തികൊല്ലുവാരുന്നു “( ചിന്നു ) “ന്തൊക്കെയാരുന്നു ചുള്ളൻ സാർ വരുന്നു വായിനോക്കുന്നു. എന്നിട്ടിപ്പോ ന്തേയ്‌ “( പല്ലവി )

” ശവത്തിൽ കുത്തല്ലെടി “( മറിയാമ്മ ) ” ഞാൻ കുത്തും “( പല്ലവി ) വീണ്ടും ക്ലാസ്സിൽ ഇരുന്ന് ഇരുന്ന് വേര് വന്നുന്നു പറഞ്ഞാൽ മതീല്ലോ. അങ്ങനെ ലഞ്ച് ബ്രേക്ക്‌ ഒക്കെ കഴിഞ്ഞു വീണ്ടും ക്ലാസ്സിലേക്ക്… ക്ലാസ്സ്‌ കേട്ടു ഉറക്കം തൂങ്ങി നാല് മണിയായപ്പോൾ ഇറങ്ങി. വീട്ടിലെത്തി അവിടെയ്യൊക്കെ കറങ്ങിനടന്ന് കുളിച്ചു ഫ്രഷ് ആയി വിളക്കും വെച്ച് റൂമിലേക്ക് വന്നു. ബാഗിൽ നിന്ന് ഫോൺ എടുത്തു നെറ്റ് ഓൺ ആക്കിയപ്പോൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ ചറ പറ മെസ്സേജ്. വേറൊന്നുമല്ല ഓണം സെലിബ്രേഷൻ തന്നെ.കോളേജിൽ പോകുന്നോണ്ട് ഇങ്ങനേം പ്രയോജനം ഉണ്ട്. എപ്പോഴും എന്തേലുമൊക്കെ പ്രോഗ്രാം കാണും.അതിഘോരമായ ചർച്ചകൾക്കൊടുവിൽ പെൺകുട്ടികൾ എല്ലാവരും കസവിന്റെ സെറ്റ് സാരിയും ഡാർക്ക്‌ ഗ്രീൻ കളർ ബ്ലൗസ് ഉം ഇടാൻ തീരുമാനിച്ചു.

സാരി പറ്റാത്തവർക്ക് അതെ കളർ കോമ്പിനേഷനിലെ ധാവണി എടുക്കാൻ തീരുമാനിച്ചു. ആൺകുട്ടികൾ ഡാർക്ക്‌ ഗ്രീൻ ഷർട്ടും മുണ്ടും.സാരി ഉടുത്തു വളരെ നല്ല ഒരു അനുഭവം ഉള്ളതിനാൽ അമ്മു ധാവണി ആണ് എടുത്തത്. മറിയാമ്മയും ചിന്നുവും സാരി ആണുട്ടോ. അങ്ങനെ പ്രോഗ്രാം ദിവസം വന്നെത്തി. ധാവണിയിൽ അമ്മു പതിവിലും സുന്ദരി ആയിരുന്നു. വാലിട്ട് കണ്ണെഴുതി ഒരു കുഞ്ഞു പച്ച സ്റ്റോൺ പൊട്ട് കുത്തി, ബ്ലൗസിനു ചേർന്ന കളർ മാലയും കമ്മലും വളയും ഇട്ട് അമ്മുസ് ഒരു കൊച്ചു ഐശ്വര്യ റായ് ആയോ ന്തോ. ചന്ദനം തൊട്ട് മുല്ലപ്പൂവ് കൂടി വെച്ചപ്പോൾ ലുക്ക്‌ കംപ്ലീറ്റ് ആയി. ഇപ്പൊ കണ്ടാൽ ഒരു മലയാളി മങ്കി ലുക്ക്‌ ഒക്കെ ഉണ്ട്. കോളേജിലെത്തിയപ്പോൾ എല്ലാരും അടിപൊളിയായിട്ടുണ്ട്. ആദ്യം തന്നെ അത്തപ്പൂക്കള മത്സരം ആയിരുന്നു. പൂക്കളം ആയപ്പോഴേക്കും ചരിഞ്ഞും മറിഞ്ഞും എല്ലാം ചറ പറ സെൽഫി എടുക്കലായി. എടുത്ത ഫോട്ടോസ് ഒക്കെ ഇൻസ്റ്റയിലും വാട്സാപ്പിലും സ്റ്റാറ്റസ് ആക്കിയിട്ട് നാട്ടുകാരെ വെറുപ്പിക്കലായിരുന്നു അടുത്ത പണി.

പിന്നീട് വടം വലി ആയിരുന്നു. വടംവലിയിൽ അമ്മുവും കൂട്ടുകാരും നല്ല അന്തസായി പൊട്ടി. പക്ഷെ നമുക്ക് അതിന്റെ ജാട ഒന്നും ഇല്ലാട്ടോ. പിന്നീട് ഉറിയടി മത്സരം ആയിരുന്നു. ഉറിയടിക്കും ഓണസദ്യയ്ക്കും ശേഷം സീനിയർ ചേട്ടന്മാരുടെ ഓണത്തല്ലോടു കൂടി അന്നത്തെ പരിപാടി അവസാനിച്ചതായി പ്രിൻസി മാമൻ അറിയിച്ചു. പിന്നീട് അങ്ങോട്ട് ഓണം വെക്കേഷൻ ആയിരുന്നു… കാത്തിരുന്നു കാത്തിരുന്നു തിരുവോണ ദിവസം വന്നെത്തി. ഓണക്കോടിയുടുത്തു അമ്പലത്തിൽ പോയി തൊഴുതു വന്നു അടുക്കളയിൽ അമ്മയെ സഹായിച്ചു ഉച്ചക്ക് എല്ലാരൂടി തൂശനിലയിൽ ഓണാസദ്യയും കഴിച്ചു. പിറ്റേന്ന് അവിട്ടം ആയതിനാൽ ബന്ധുക്കൾ എല്ലാരും അമ്മുവിന്റെ വീട്ടിലേക്ക് വന്നു. കസിൻസ് എല്ലാരും ഒത്തുകൂടിയപ്പോൾ ഓണം കെങ്കേമമായി എന്ന് തന്നെ പറയാം. സദ്യ കഴിഞ്ഞു എല്ലാരൂടി വയലിലേക്ക് ഇറങ്ങി. വീണ്ടും സെൽഫി എടുക്കൽ മത്സരം ആയിരുന്നു. ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു വന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ കുറെ മെസ്സേജ് ആയിരുന്നു.

അതു തുറന്നുനോക്കിയതും എന്റെ ബാല്യവും കൗമാരവും എല്ലാം പകച്ചു പോയി. ( ശെരിക്കും അത്രയ്ക്കൊന്നൂല്ലാട്ടോ. പിന്നെ ഒരു വഴിക്ക് പോകുവല്ലേ കിടക്കട്ടെന്നേ ) വേറൊന്നുമല്ല ഫസ്റ്റ് സെമെസ്റ്റർ എക്സാമിന് ഉള്ള ഡേറ്റ് വന്നേയാ. പിന്നെ എല്ലാം ശടെ പടെന്നായിരുന്നു. പഠിപ്പിച്ചു തീർക്കാനായി എല്ലാരും മത്സരിക്കുവാരുന്നു പിന്നീടങ്ങോട്ട്. രാവിലെ ഓഫ്‌ലൈൻ ക്ലാസ്സ്‌ ആണെങ്കിൽ രാത്രി ഓൺലൈൻ ക്ലാസ്. ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി. എക്സാം ഡേറ്റ് വന്നു. എക്സാം ഹാളിൽ ഇരുന്ന് ചോദ്യപേപ്പർ കണ്ടപ്പോൾ അതും ഞാനുമായി ആലുവമണപ്പുറത്തു വച്ചു കണ്ട പരിചയം പോലുമില്ല. മൂന്നു നാല് പ്രാവശ്യം വായിച്ചപ്പോൾ എവിടൊക്കെയോ എന്തൊക്കെയോ ഓർമ വരുന്നപോലെ. പിന്നെ ഒന്നും നോക്കിയില്ല അക്കൗണ്ടിങ് പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു ഓർമ വന്നതൊക്കെ കുറച്ചു ഗ്യാസ് കേറ്റി അങ്ങ് എഴുതി പിടിപ്പിച്ചു. എക്സാം എല്ലാം വേഗത്തിൽ തീർന്നു. ന്തോ ഞങ്ങളുടെ യൂണിവേഴ്സിറ്റിക്ക് ഞങ്ങളോട് ബല്ലാത്ത ഒരു മൊഹബത് ആണെന്ന് തോന്നുന്നു. എല്ലാ ഡിപ്പാർട്മെന്റിനെയും അപേക്ഷിച്ചു ബി. കോം ന്റെ എക്സാം എളുപ്പത്തിൽ കഴിഞ്ഞു. ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച മുതൽ സെക്കന്റ്‌ സെമെസ്റ്ററിന്റെ ക്ലാസ്സ്‌ തുടങ്ങുവാണ്.

കോളേജിലേക്ക് വന്നപ്പോൾ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നു. സിനിമക്ക് പോകുന്നു. കറങ്ങി നടക്കുന്നു. അതൊക്കെ സിനിമയിൽ മാത്രം ആണെന്ന് ഇപ്പോഴല്ലേ മനസിലായത്. എല്ലാം ആ അനിരുദ്ധ് സാർ നശിപ്പിച്ചു. ബിധി അല്ലാണ്ടെന്തു പറയാൻ. വീണ്ടും ആ ബോറൻ ക്ലാസ്സിലേക്ക് ഓർക്കുമ്പോൾ തന്നെ ബ്ലാ…….. സഹിച്ചല്ലേ പറ്റു… ഞായറാഴ്ച വൈകിട്ട് അപ്പുവേട്ടൻ പുറത്തു കറങ്ങാൻ കൊണ്ട്പോകാമെന്നു പറഞ്ഞിരുന്നു.റെഡി ആയി വന്നപ്പോഴേക്കും ദുഷ്ടൻ ചേട്ടൻ കാലുമാറി. ” അപ്പുവേട്ടാ എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞതല്ലേ ഇപ്പൊ വാക്ക് മാറ്റുന്നോ “( പല്ലവി ) ” എനിക്കിപ്പോ വയ്യടാ. പിന്നെയൊരു ദിവസം പോകാം. “( അപ്പു ) ” വാക്ക് തന്നിട്ട് പറ്റിക്കുന്നോ. എനിക്കിന്നു പോണം. ചേട്ടൻ വരുന്നോ ഇല്ലയോ “( പല്ലവി ) ” പിന്നെ പോകാമെന്നു പറഞ്ഞില്ലേ. വാശി പിടിക്കല്ലേ. “( അപ്പു ) ” ചേട്ടാ പ്ലീസ്…. “( പല്ലവി ) ” ഇല്ലന്ന് പറഞ്ഞാൽ ഇല്ല “( അപ്പു ) ” വേണ്ട വരണ്ട. പക്ഷെ ചേട്ടന്റെ കോണ്ടാക്ടിലെ രോഹൻ ചേട്ടൻ കോളേജിലെ ചേട്ടന്റെ ഫ്രണ്ട് അല്ലെന്നും കൂടെ ജോലി ചെയ്യുന്ന രോഹിണി ആണെന്നും എനിക്കിവിടെ പറയേണ്ടി വരും “( പല്ലവി )

” അല്ല അതു നിനക്കെങ്ങനെ അറിയാം. “( അപ്പു ) ” അത് എങ്ങനെയോ ആയിക്കോട്ടെ, എന്നെ കൊണ്ടുപോകാൻ പറ്റുമോ ഇല്ലയോ “( പല്ലവി ) ” ബ്ലാക്ക്മേൽ ആണല്ലേ… “( അപ്പു ) ” വയ്യങ്കിൽ വേണ്ട. അമ്മേ……. “( പല്ലവി ) ” അമ്മേ വിളിക്കണ്ട ഞാൻ കൊണ്ടുപോകാം വാ “( അപ്പു ) അങ്ങനെ അവർ ബീച്ചിൽ ഒക്കെ പോയി. കുറെ പർച്ചേസും കഴിഞ്ഞു വീട്ടിൽ എത്തി. അത്താഴം കഴിച്ചു കഴിഞ്ഞു ഉറക്കത്തിലേക്ക് വീണു പിറ്റേന്ന് ക്ലാസ്സിലെത്തി കുറെ നേരം ഹേമ മിസ്സിന്റെ ക്ലാസ്സിൽ ഇരുന്നപ്പോഴാണ് പുറത്തൂടി എല്ലാരും ഓടുന്നത് കണ്ടത്. കോളേജിൽ മാരതോൺ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. രണ്ട് ഡിപ്പാർട്മെന്റുകളിലെ സീനിയർസ് തമ്മിലുള്ള അടി കാണാൻ ഓടിയതാ. കോളേജിലെത്തിയിട്ട് ആദ്യമായിട്ടാണ് നല്ല പോലെ ഒരു അടി കാണുന്നത്. ഓണത്തിന് സദ്യയുടെ പുറകിൽ ആയോണ്ട് ഒന്നും കാണാൻ പറ്റിയില്ല. അതോണ്ട് ഇന്ന് ആ സങ്കടം മാറ്റാമെന്ന് കരുതി ഫ്രണ്ടിൽ പോയി നിന്നു.

അടി വല്ലാണ്ട് കേറി മൂത്തപ്പോൾ സാറുമാർ വന്ന് എല്ലാറ്റിനേം പിടിച്ചു മാറ്റി. ചിലർക്കൊക്കെ അംഗവൈകല്യം സംഭവിച്ചു എന്നാണ് എന്റെ ഒരു ഇത്. ചിലരുടെ കൈ ഒടിഞ്ഞു, തല പൊട്ടി,മൂക്കിന്റെ പാലം തകർന്നു, കാൽ പൊട്ടി .ക്ലാസ്സിന്റെ ജനൽ അടിച്ചു പൊട്ടിച്ചു. ചെടി ചട്ടികൾ വരെ നശിപ്പിച്ചു.രംഗം ശാന്തമാവാത്തത് കൊണ്ട് അവസാനം പോലീസ് വന്നു. അടിക്ക് മുൻകൈ എടുത്തവരെ സസ്‌പെൻഡ് ചെയ്തു. എല്ലാറ്റിനേം തൂത്തുവാരി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടിട്ടു. സ്ഥിതി വളരെ മോശം ആയതുകൊണ്ട് പിന്നെ ക്ലാസ്സ്‌ ഇല്ലാരുന്നു.അങ്ങനെ മൂന്നും തിരിച്ചു വീട്ടിലേക്ക് വിട്ടു. തുടരും……………..