18/04/2026

പല്ലവി : ഭാഗം 43

രചന – അമ്മു സജീവ്

 

ഇനി എനിക്ക് അനിസാറിനോട് വല്ല പ്രേമവും ആണോ ന്റെ ദേവി..

ഇല്ല അങ്ങനൊന്നും ഇല്ല..

അവൾ അവളുടെ മനസിനോട് തന്നെ ഒരു വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നു…

അവളുടെ മാറ്റം നോക്കി നിൽക്കുന്ന അച്ചുവിനെ അവൾ ശ്രദ്ധിച്ചിരുന്നില്ല…

ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് ചിന്നു നേരെ നോക്കിയത് അച്ചുവിന്റെ മുഖത്തേക്കാണ്….

അവൾക്ക് പിടി കൊടുക്കാതിരിക്കാൻ ചിന്നു വേഗം മുന്നോട്ട് നടന്നു…

അപ്പോഴേക്കും അമ്മുവും മരിയയും വന്നിരുന്നു…

ക്ലാസ്സ്‌ കഴിഞ്ഞു നാലും വീട്ടിലേക്ക് തിരിച്ചു…

🍂

വീട്ടിലെത്തിയതും ഗാർഡനിൽ നിന്ന അച്ഛനെ നോക്കി ഒരു കുശലാന്വേഷണവും കഴിഞ്ഞു ബാഗ് എടുത്തു കളഞ്ഞിട്ട് അമ്മു നേരെ അടുക്കളയിലേക്ക് വിട്ടു…

“മമ്മി മേം ആത്താ ഹേ ഹോ ഹാ..”( അമ്മു )

” ദേ ചായ ആ ഫ്ലാസ്കിൽ ഒഴിച്ച് വച്ചേപ്പുണ്ട് വേണേൽ എടുത്തു കുടിക്ക്….. “( അമ്മ )

” ഹോ കൊടിയ അപമാനം.. ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിക്കില്ല….
എനിക്ക് ഇവിടുത്തെ ചായ വേണ്ട……. “( അമ്മു )

” നീ എവിടെ പോകുന്ന്?? “( അമ്മ )

” ന്റെ ലക്ഷ്മി അമ്മ എനിക്ക് ചായ ഇട്ട് തരും.
ഞാൻ അവിടെ പോയി കുടിച്ചോളാം… ഹും….. “( അമ്മു )

” ഈ പടിക്ക് പുറത്തിറങ്ങിയാൽ നിന്റെ മുട്ടുകാൽ തല്ലിയൊടിക്കും ഞാൻ..
പറഞ്ഞേക്കാം…. “( അമ്മ )

” ഓഹോ…. അതെന്താ ഞാൻ പോയാൽ… വിടമാട്ടെ….. “( അമ്മു )

” ഇവിടെ നിന്ന് നാഗവല്ലി ആവാനാ പ്ലാൻ എങ്കിൽ നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും….

പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട……

അമ്മ അത് പറഞ്ഞതും അമ്മു അമ്മയെ മുഖം വീർപ്പിച്ചു കണ്ണുരുട്ടി നോക്കി….

” ഒരുപാട് കണ്ണുരുട്ടല്ലേ…
നിന്റെ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും….
ന്തൊക്കെ പറഞ്ഞാലും ഇവിടുന്ന് പോകാൻ പറ്റില്ല…. “( അമ്മ )

” ഓഹോ വാശിയാണോ.. എന്നാൽ എനിക്കും വാശിയാ.. എന്റെ ദേഹം.. എന്റെ കാല്…
എന്റെ നടത്തം… ഞാൻ പോകും.. പോകും.. പോകും….. “( അമ്മു )

” നിന്റെ ദേഹം… നിന്റെ കാല്… നിന്റെ നടത്തം… പക്ഷെ നീ എന്റെ മോളാ…
അതോണ്ട് ഞാൻ തീരുമാനിക്കും…. “( അമ്മ )

അതുംകൂടി കേട്ടതും ഇനി രക്ഷ ഇല്ലന്നറിയാവുന്നത് കൊണ്ട് അമ്മു ചവിട്ടി തുള്ളി ഹാളിലേക്ക് പോയി…

” ദേ അച്ഛാ… അച്ഛന്റെ ഭാര്യയുടെ സ്വഭാവം എനിക്കങ്ങോട്ട് പിടിക്കുന്നില്ലാട്ടോ…”

അവിടേക്ക് കയറി വന്ന അച്ഛന്റെ നേരെ രണ്ടു ചാട്ടം ചാടിയിട്ട് അമ്മു പറഞ്ഞു..

പാവം അച്ഛൻ ആണേൽ കഥയറിയാതെ ആട്ടം കാണുന്നവന്റെ അവസ്ഥയിലാണ്…

” എന്താടാ.. ന്തിനാ അച്ഛന്റെ കുട്ടൻ ദേഷ്യപ്പെടുന്നേ…. “( അച്ഛൻ )

“ഒരുമാതിരി പരട്ട അമ്മായിയമ്മമാരുടെ സ്വഭാവമാണീ അമ്മയ്ക്ക് ചില നേരത്ത്…

അച്ഛന് വേറെ ആരെയും കല്യാണം കഴിക്കാൻ കിട്ടിയില്ലേ…..”( അമ്മു )

” ഹാ.. വിധി. ഇനീപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല… “( അച്ഛൻ )

” അതിന് ആരാണ്ട് പറഞ്ഞോ സഹിക്കാൻ….. നിങ്ങടെ ചാട്ടം എങ്ങോട്ടാണെന്ന് ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്…. ”

നല്ല പരിചയം ഉള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും മുന്നിൽ ഭദ്രയെ പോലെ ഉറഞ്ഞുതുള്ളുന്ന അമ്മയെയാണ് കണ്ടത്..

അച്ഛനുള്ള ചായയും ആയിട്ട് വന്നെയായിരുന്നു അമ്മ..
ഇതൊന്നും അറിയാതെയാ മിഷ്ടർ തന്തപ്പടി ഈ പ്രഹസനം മൊത്തം കാണിച്ചു കൂട്ടിയത്..

” ഈ സാധനം ഇവിടെ നിക്കുന്ന കാര്യം പറയാഞ്ഞെയെന്താ കുരിപ്പേ…. “( അച്ഛൻ )

” സത്യായിട്ടും ഞാൻ കണ്ടില്ലച്ചാ…. “( അമ്മു)

” എന്താ നിങ്ങൾക്കൊന്നും പറയാൻ ഇല്ലേ….
ഞാൻ പറഞ്ഞോ മനുഷ്യാ നിങ്ങളോട് എന്നെ സഹിക്കാൻ…. പറഞ്ഞോന്നു…. “( ജാനകി)

” അത് പിന്നെ ജാനി…… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… നീ അത് കാര്യാക്കിയോ…. ഇങ്ങ് വന്നേ നീ…. “( അച്ഛൻ )

” ന്റെ ദേഹത്തെങ്ങാനും തൊട്ടാലുണ്ടല്ലോ….”
അതും പറഞ്ഞു അമ്മ വെട്ടിതിരിഞ്ഞു നടന്നു…

” എടി ആ ചായ എങ്കിലും തന്നിട്ട് പോ…. “( അച്ഛൻ )

” ചായ വേണമല്ലേ… പോയി നിങ്ങടെ ആ പഴയ മഞ്ഞപ്പാവാടക്കാരിയോട് പറയ്…. “( ജാനകി )

” മഞ്ഞപ്പാവാടക്കാരിയോ?? അതിന്റിടയ്ക്ക് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നോ?.. ആരാ അച്ഛാ അത്?? “( അമ്മു )

” പുര കത്തുമ്പോൾ തന്നെ നിനക്ക് വാഴ വെട്ടണമല്ലേ കുരിപ്പേ?? “( അച്ഛൻ )

അതിന് നന്നായൊന്ന് ഇളിച്ചു കാണിച്ചിട്ട് അമ്മു നൈസ് ആയിട്ട് റൂമിൽ കയറി കതകടച്ചു…..

ഇനി അച്ഛനും അമ്മയും ആയി അവരുടെ പാടായി….

കിട്ടുന്ന ഒക്കെ വാങ്ങിക്കൂട്ടട്ടെ……

കുളിയൊക്കെ കഴിഞ്ഞു അമ്മു ഹാളിലേക്ക് വന്നിരുന്നു ടീവി കാണുകയായിരുന്നു…

പോരാളി ഇപ്പോഴും കലിപ്പ് മോഡ് ഓൺ ആക്കി ഇട്ടേക്കുവാണ്….

പാവം ന്റെ പിതാശ്രീ…..

അച്ഛന്റെ ദയനീയ ഭാവം കണ്ടതു കൊണ്ടും നമ്മൾ ഇടപെടേണ്ടസാഹചര്യം വന്നത് കൊണ്ടും അമ്മയെ അനുനയിപ്പിക്കാൻ നമ്മുടെ അമ്മു ഇറങ്ങി തിരിക്കുകയാണ് സൂർത്തുക്കളെ….

ഇറങ്ങി തിരിക്കുകയാണ്……

ഒന്നും നോക്കിയില്ല.. നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു..

” മാതേ…….ഭോജനം തന്നാലും…… ”

” പ്ഫാാ…… പോയി നിന്റെ അപ്പനോട് പറയെടി….. “( അമ്മ )

അമ്മയുടെ ഒരൊറ്റ ആട്ടിൽ അമ്മു തെറിച്ചു ഹാളിൽ വന്നിരുന്നു…

” കിട്ടിയോ മോളു…. “( അപ്പു )

” ഇല്ല….. ചോദിച്ചു വാങ്ങിച്ചു….. “( അമ്മു )

” പോട്ടെ… ഇനീപ്പോ ആരോടും പറയണ്ടാട്ടോ “( അപ്പു )

എന്തോ ഭാഗ്യത്തിന് അമ്മ ആഹാരം വിളമ്പി തന്നു…

🍂

ആഹാരം ഒക്കെ കഴിച്ചിട്ട് അമ്മു റൂമിൽ വന്നു ഫോണിൽ നോക്കി കിടക്കുവായിരുന്നു….

വന്നു വന്നു മടി ലേശം കൂടുതലാ പെണ്ണിന്……

ഒറ്റയ്ക്കൊറ്റയ്ക്ക് മെസ്സേജ് അയക്കാൻ ആണെങ്കിൽ ബാക്കി മൂന്നിനും അയക്കണ്ടേ…

അതോണ്ട് നാലുപേർക്കും കൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ അങ്ങ് തുടങ്ങി…

എന്നിട്ട് ഫ്രഷ് ആയിട്ട് ഒരു പേരും അങ്ങ് ഇട്ടു..

“ശ്രീ രാജ രാജേശ്വരി അധോലോകം ”

എല്ലാ എണ്ണവും ഓൺലൈനിൽ ചത്തു കുത്തിയിരുപ്പോണ്ട്…. ഇവളുമാർക്കൊന്നും ഉറക്കവുമില്ലേ…….

നമ്മൾ വിഷയത്തീന്ന് തെന്നി മാറുന്നു…

ഇപ്പൊ എന്ത് പറയാനായിരുന്നു നമ്മൾ ഗ്രൂപ്പ്‌ തുടങ്ങിയത്… ആഹ് കിട്ടിപ്പോയി…

നാളെ കോളേജിൽ പോകാൻ ഒരു മടി…

അന്നേരം വരുന്നില്ല എന്നുള്ള റിപ്പോർട്ട്‌ കൊടുക്കാനായിട്ടായിരുന്നു ദിസ്‌ ക്രീയേഷൻ ഓഫ് ദാറ്റ്‌ ഗ്രൂപ്പ്‌….

( ഹോ എന്റെ ഒരു കാര്യം….. ഞാനും മമ്മൂക്കയും ഒക്കെ ഒരേ പോലെയാ…

ഞങ്ങൾക്ക് രണ്ടു പേർക്കും ഇംഗ്ലീഷിൽ ഭയങ്കര ക്ണോളേജ് ആണ്…….)

പോവണ്ട എന്ന് ബാക്കിയുള്ളവർ തീരുമാനിച്ചെങ്കിലും ചിന്നു മാത്രം കോളേജിൽ പോകാൻ വാശി പിടിച്ചു…

” ഡീ മുത്തല്ലേ… നമുക്ക് നാളെ പോകാം. പ്ലീസ്…… “( ചിന്നു )

” പോ പെണ്ണെ… ഞാൻ എങ്ങും ഇല്ല…. “( അമ്മു )

” ഞാനും….. “( മരിയ )

” എന്നാ പിന്നെ ഞാനും….. “( അച്ചു )

” ഓഹോ അങ്ങനെ ആണല്ലേ….. വേണ്ടടി വേണ്ട…. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം…..ആരും വരണ്ട “( ചിന്നു )

” നിനക്ക് നാളെ പോയിട്ടിപ്പോ ന്ത് കിട്ടാനാ…. “( അമ്മു )

” നാളെയാണ് ഞങ്ങളുടെ ഗ്രൂപ്പിന്റെ സെമിനാർ നടക്കുന്നത്.. തന്നെയുമല്ല.. വീട്ടിൽ ഇരുന്നാൽ ശെരിയാവില്ല….. “( ചിന്നു )

” ഓ പഠിപ്പി…. ബ്ലാ……… “( അച്ചു )

” പ്ഫാാ ചൂലേ… മിണ്ടാതിരിക്കടി അവിടെ…. “( ചിന്നു )

” സേച്ചി എന്താ നാളെ വരാത്തെ..? “(അച്ചു വിത്ത്‌ എ നിഷ്കു ഇമോജി…..)

” ഞങ്ങടെ ആ പരട്ട അമ്മായി നാളെ വീട്ടിൽ വരുന്നുണ്ട്….
അവർക്കെന്നെ കാണുമ്പോൾ പിടിച്ചു കെട്ടിക്കണം…
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഏതോ കുറെ ചെക്കന്മാരുടെ ഫോട്ടോയും കൊണ്ടാ വന്നേ… “( ചിന്നു )

( ബുഹഹഹ…. അനിയെ കാണാൻ പോകാൻ ആണെന്ന് നിങ്ങൾ ആരേലും കരുതിയോ..
എന്നാൽ അങ്ങനെ അല്ല ഹേയ്…..)

” ഹോ… അതൊക്കെയാണ്‌ അമ്മായിമാർ.. എനിക്കും ഉണ്ട് കുറെ എണ്ണം…… “( അച്ചു )

” മ്യോളെ….. മേണ്ടാട്ടോ….. “( അമ്മു )

” ഹാ യോഗല്യ അമ്മിണിയെ….. “( അച്ചു )

ആഹ് അങ്ങനെ ചിന്നുവിന് കൂട്ടായി അച്ചുവിനെയും തള്ളി വിടാമെന്ന് കരുതി…

പാവം നമ്മുടെ അച്ചുവാണേൽ ചിക്കൻ ബിരിയാണിയുടെ മുന്നിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്ന അവസ്ഥയിലും..

🍂
പിറ്റേന്ന് രാവിലെ അമ്മായി വരുന്നതിനു മുന്നേ ചിന്നു വീട്ടിൽ നിന്ന് ചാടി…

നേരെ കോളേജിൽ വന്നു അച്ചുവിനെ കാത്തിരിക്കുവാണ്…

“നേരത്തെ ഇറങ്ങണെ എന്ന് പറഞ്ഞതാ.. ഈ തെണ്ടി എവിടെ പോയി കിടക്കുവാണോ എന്തോ??”

മനസ്സിൽ അവളെ വഴക്ക് പറഞ്ഞു കൊണ്ടു വന്നപ്പോഴാണ് ദേവിക മിസ്സിനോട് സംസാരിച്ചു നടന്നു വരുന്ന അനി സാറിനെ കണ്ടത്..

” രാവിലെ തന്നെ പഞ്ചാരയടിച്ചോണ്ട് വരുവാ കള്ള കെളവൻ…
ഇങ്ങേർക്ക് നമ്മളോട് സംസാരിക്കാൻ നേരം ഇങ്ങനൊന്നും ഇല്ലല്ലോ….

ഇളിച്ചോണ്ട് വരുന്നത് കണ്ടില്ലേ…

ഒരൊറ്റ ചവിട്ട് വച്ചു കൊടുക്കാനാ തോന്നുന്നത്…

അല്ല അതിന് ഞാൻ ഇപ്പൊ എന്തിനാ ദേഷ്യപ്പെടുന്നേ…
ഇങ്ങേര് ആരോട് സംസാരിച്ചാൽ എനിക്കെന്താ…

ഇയാൾ ചിരിക്കോ കരയോ എന്താച്ചാ ചെയ്തോ…. ഹും…. ”

അങ്ങനെ ഇരുന്നപ്പോഴാണ് ഒരാൾ അവിടെ മൂളിപ്പാട്ടും പാടി വരുന്നത്..

ആരാ??

നമ്മുടെ അച്ചു….

” നിന്നോട് എപ്പോ വരാനാ പറഞ്ഞത്….. വരാൻ മനസില്ലേൽ അത് പറഞ്ഞാൽ പോരെ…
ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ….
നിന്നെ വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ… ഞാൻ ഇനി ആരെയും ശല്യം ചെയ്യുന്നില്ല… ഞാൻ പോകുവാ…… ”

അതും പറഞ്ഞു ചിന്നു ദേഷ്യത്തിൽ ക്ലാസ്സിലേക്ക് പോയി…

“ശ്യെടാ…. ഇതെന്താപ്പോ ഇവിടെ ഉണ്ടായേ…. ആരാ ഇവിടെ പടക്കം പൊട്ടിച്ചേ….”( അച്ചു )

“അല്ല ഞാനായിട്ട് ഇനി ആരെ കാണാനാ ഇവിടെ നിക്കുന്നെ….”

എന്നും പറഞ്ഞു അവൾ അവളുടെ ക്ലാസ്സിലേക്ക് പോയി…

തുടരും………