19/04/2026

മൂക്കുത്തി : ഭാഗം 21

രചന. – ആയിഷ അക്ബർ

മുറിയിലെത്തിയതും ഇട്ടിരുന്ന ഷർട്ട്‌ മാറ്റിയിടാൻ തുടങ്ങുമ്പോഴാണ് മുറിയിൽ അവളുള്ള കാര്യം അവൻ പെട്ടെന്നോർത്തത്….

അവൻ പിറകിലേക്കൊന്ന് തിരിഞ് നോക്കി….

അവൾ വാതിലിനരികിൽ തന്നെ തല താഴ്ത്തി നിൽക്കുകയാണ്…..

താൻ….. കിടന്നോ…..

അവൻ അത് പറഞ്ഞതും അവൾ കട്ടിലിനരികിലേക്ക് നടന്നു വന്നു…..

തലയിണ യെടുത് താഴെ കിടക്കാമെന്ന് മനസ്സ് പറയുമ്പോഴും ബെഡിൽ ഒരു തലയിണ മാത്രമേ ഉള്ളുവെന്നത് അവളിൽ നിറച്ചതൊരു പ്രയാസമായിരുന്നു …..

അവൾ ഒരു നിമിഷം അങ്ങനെ നിന്നു……

കട്ടിലിലേക്ക് കിടന്നോ…..

അവളുടേ ആശയ കുഴപ്പം അറിഞ്ഞെന്ന വണ്ണം അവനത് പറഞ്ഞതും അവളുടേ കണ്ണുകൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി……

ഞാനെവിടെയെങ്കിലും കിടന്നോളാം…..

അവളുടേ മിഴികളെ മനസ്സിലാക്കിയെന്ന വണ്ണം അവൻ അലസമായി അത് പറയുമ്പോൾ വേണ്ടെന്ന് പറയാൻ മനസ്സ് തുനിഞ്ഞെങ്കിലും അവനിൽ കൂടുതൽ സ്വാതന്ത്ര്യ മെടുക്കാൻ തനിക്ക് കഴിയാത്തത് കൊണ്ട് തന്നെ അവൾ നിശബ്ദയായി ……

അവൻ അവന് മാറ്റാനുള്ള ഷർട്ടുമായി പുറത്തേക്ക് നടന്നു….

അവൾ അൽപ നേരം കൂടി അങ്ങനെ നിന്ന ശേഷം പതിയേ കട്ടിലിലേക്ക് ചാഞ്ഞു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവൻ ഷർട്ടുമായി അടുത്ത മുറിയിലേക്കാണ് പോയത്…….

അവിടെ നിന്നും മാറ്റി കഴിഞ്ഞ് അൽപ നേരം അവിടെയിരുന്നു…..

ഇന്നത്തേ ദിവസത്തിന്റെ ഓർമ്മകൾ……. ഒരു കുളിർ കാറ്റായി തന്നെ പൊതിഞ്ഞു പിടിക്കുന്നത് പോലെയവന് തോന്നി…..

തന്റെ പ്രണയം വീട്ടിൽ പറയുന്ന ഒരു ദിവസത്തെ താനത്ര മേൽ ഭയന്നിരുന്നു….

തറവാട്ട് മഹിമയും സമ്പത്തിന്റെ കണക്കും മുമ്പിൽ നിരത്തി അവർ തങ്ങളെ അകറ്റുമെന്നൊരു ചിന്തയുമുണ്ടായിരുന്നു…

എന്നാൽ ഇന്നതിനെയെല്ലാം മറി കടന്ന് അവളെ താൻ സ്വന്തമാക്കി…..

അവൾ….. ഇന്നെന്റെ ഭാര്യ യാണ്…..
ഓർക്കുമ്പോൾ അവൻ പോലുമറിയാതെ അവനിലൊരു പുഞ്ചിരി വിരിഞ്ഞു……

അൽപ സമയം അവിടെ ഇരുന്നത് അവളുറങ്ങട്ടെ എന്ന് കരുതി തന്നെയായിരുന്നു ….

തന്റെ സാമീപ്യം ഒരു പക്ഷേ അവളെ അസ്വസ്ഥമാക്കിയാലോ എന്നൊരു ചിന്തയും മനസ്സിലുണ്ടായിരുന്നു…..

അല്പ നേരം കഴിഞ്ഞ് മുറിയിലെത്തി തറയിലൊരു പായ വിരിച് ശബ്ദമുണ്ടാക്കാതെ അലമാരയിൽ നിന്നും ഒരു പുതപ്പുമെടുത് അവൻ അതിലേക്ക് കിടക്കുമ്പോൾ തനിക്കരികിൽ അവളുണ്ടെന്ന വല്ലാത്തൊരു ആനന്ദം അവനെ പൊതിഞ്ഞിരുന്നു……

അഞ്ജലി നേരത്തെ ഒന്ന് മയങ്ങിയത് കൊണ്ടാവാം അവൾക്കുറക്കം വന്നിരുന്നില്ല… .

അവൻ പായ വിരിക്കുന്നതും കിടക്കക്കുന്നതുമെല്ലാം അവളറിഞ്ഞിരുന്നെങ്കിൽ കൂടി അവൾ മിണ്ടാതെ ഇരുട്ടിൽ കണ്ണുകൾ തുറന്ന് കിടന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പതിവ് പോലെ അതിരാവിലെ അവളുറക്കിൽ നിന്നും എഴുന്നേറ്റു……

ഇരു കയ്കൾ കൊണ്ടും മുഖമാകെ ഒന്ന് തടവി അഴിഞ്ഞുലഞ്ഞു കിടന്ന മുടി ഉചിയിലേക്ക് കെട്ടി വെച്ചു……

താഴെക്കിറങ്ങാൻ നിന്നപ്പോഴാണ് കമിഴ്ന്നു കിടന്നുറങ്ങുന്ന അവനെ അവൾ കാണുന്നത്….

അവൾ അവനെയൊന്ന് സൂക്ഷിച്ചു നോക്കി…

കമിഴ്ന്നു കിടക്കുന്ന അവന്റെ നീളൻ മുടി നെറ്റിയുടെ ഒരു വശം മുഴുവനായി മറച്ചിട്ടുണ്ട്….

കറുത്ത നിറത്തിലുള്ള അവന്റെ തിങ്ങി നിറഞ്ഞ താടിയും മീശയും ഒരു പുരുഷന്നോത്തിണങ്ങിയ ഭംഗിയായി അവൾക്ക് തോന്നി……

അവനെ ആദ്യമായി കണ്ടപ്പോഴോ ദേഷ്യപ്പെട്ടപ്പോഴോ വർഷങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും അവനോട് വഴക്കിട്ടപ്പോഴോ ഇങ്ങനെയൊക്കെ ആകുമെന്നത് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല…..

അവൻ കെട്ടിയ താലി അവളൊന്ന് കയ്യിൽ പിടിച്ചു……

ഒരു ചരടിനാൽ തങ്ങളുടെ എല്ലാ വഴക്കുകളെയും ദൈവം എത്ര മനോഹരമായി ഒതുക്കി വെച്ചു എന്നവളോർത്തു നോക്കി…….

ശബ്ദമുണ്ടാക്കാതെ അവനെ കടന്ന് മുറിയിലെ ബാത്റൂമിലേക്ക് കയറി വായും മുഖവും കഴുകി വൃത്തിയാക്കിയവൾ അടുക്കളയിലേക്ക് നടന്നു…….

എല്ലാവരുടെയും മുഖം ഓർക്കുമ്പോൾ അവൾക്ക് ഹൃദയത്തിൽ ഒരു പിടപ്പ് തോന്നിയിരുന്നു….

അവൾ മംഗലത്തമ്മ യുടെ മുറിയിലേക്കൊന്ന് നോക്കി….

എഴുന്നേറ്റിട്ടില്ല…..

താൻ വീട്ടിലേക്ക് പോകുന്ന സമയം ആയിട്ടേയുള്ളു….

എന്നാലിനി പോകേണ്ട…
പകരം വരാൻ ഇന്ന് തന്റെ അമ്മയില്ല…..

ഓർത്തപ്പഴേക്കും അവളുടേ ഹൃദയം നനഞ്ഞു തുടങ്ങി…..

ഇനി ഒരിക്കലും മടങ്ങി വരാനുള്ള പോക്ക് തനിക്കിവിടെ നിന്നില്ല….
എന്നന്നേക്കുമായുള്ള വിട പറച്ചിലല്ലാതെ…….

ഏത് അടുപ്പിലാ ഇതൊക്കെ കൊണ്ട് വെച്ചിരിക്കുന്നത്……

അവൾ അടുക്കള വാതിലിനടുത്തെത്തിയപ്പോഴേ കേട്ടത് ശോഭയുടെ ദേഷ്യപ്പെട്ട വാക്കുകളായിരുന്നു…..

തന്നെ കണ്ടാൽ ആരും കണ്ട ഭാവം നടിക്കില്ലെന്നുള്ളത് കൊണ്ട് തന്നെ അവളെന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിന്നു…..

ജോലിക്കാരിയായിട്ടാണെങ്കിൽ മറ്റാരെയും വക വെക്കാതെ ജോലികൾ ചെയ്ത് തുടങാമായിരുന്നു….

ഇനി മരുമകളാണെങ്കിൽ എല്ലാവരും എന്ത് ചെയ്യുന്നുവോ അതിനനുസരിച്ചു പെരുമാറാമായിരുന്നു….

എന്നാൽ ഇത് രണ്ടിലും പെടില്ലെന്നാണെങ്കിൽ…..

അവളൊരു നിമിഷം ആശയ കുഴപ്പതിലായി….

ഒന്ന് തലയുയർത്തിയ ശോഭ അവളെ കണ്ടെങ്കിലും കാണാത്ത മട്ടിൽ മുഖം തിരിച്ചു…..

അതിനിടയിൽ സുകന്യയെ തോണ്ടി കണ്ണുകൾ തന്റെ നേർക്ക് നീട്ടുന്നത് അഞ്ജലി വ്യക്തമായി കണ്ടിരുന്നു…..

പക്ഷേ അപ്പോഴും അവർ തന്നെ നോക്കിയത് പോലുമില്ല…..

ഇനിയുള്ള ദിവസങ്ങൾ ഇവിടെ നിന്ന് താൻ ഭക്ഷണം കഴിച്ചേ തീരു….

പക്ഷെ ജോലിയൊന്നും ചെയ്യാതെ കഴിക്കാൻ തനിക്കാവില്ല…..

അവളങ്ങനെ ആലോചനയോടെ നിൽക്കുമ്പോഴാണ് താര എഴുന്നേറ്റ് വരുന്നത്….

ഗുഡ് മോർണിംഗ്….

അവൾ അത് പറഞ്ഞു അടുക്കളയിലേക്ക് കടക്കുമ്പോൾ അല്പം നീരസത്തോടെ അഞ്‌ജലിയിലേക്ക് നോക്കിയിരുന്നു…..

ആ മോളേഴുന്നേറ്റോ…. എന്തിനാ ഇപ്പൊ തന്നെ എഴുന്നേറ്റത്…..
കുറച്ച് നേരം കൂടി കിടക്കാമായിരുന്നില്ലേ….,,,,,

സുകന്യയുടെ തേൻ പുരട്ടിയ വാക്കുകൾക്കൊപ്പം അവർ താരയെ ചേർത്ത് പിടിച്ചിരുന്നു…..

പകരമായി അവളൊന്ന് പുഞ്ചിരിച്ചു…..

ദാ…. ഈ ചായ കുടിച്ചോ….

ശോഭ നിറഞ്ഞ പുഞ്ചിരിയോടെ ചായ അവൾക്ക് നീട്ടി…..

ആതിര ചേച്ചി എവിടെ വല്യമ്മേ…..

അവര് വീട്ടിലേക്ക് തന്നെ പോയി കുട്ടീ…. അവിടെ വരുണും ഉള്ളതല്ലേ…..

ചായ ഊതി കൊണ്ട് താരയത് ചോദിച്ചതും ശോഭ ഏറെ ഉത്സാഹത്തോടെ മറുപടി കൊടുത്തു……

കേട്ടോ സുകന്യേ…ഈ നിറം മോൾക്ക് നന്നായി ചേരുന്നുണ്ടല്ലേ…..

അവളിട്ട പുതിയ ആ മെറൂൺ കളർ ചുരിദാറിൽ പിടിച് ശോഭയത് പറയുമ്പോൾ ശെരി വെച്ചേന്ന വണ്ണം സുകന്യയും പുഞ്ചിരിച്ചു….

അല്ലെങ്കിലും മോൾടെ ഭംഗിക്ക് ഏത് നിറവും ചേരും….അത്ര സുന്ദരിയല്ലേ……

സുകന്യ അതും കൂടി പറഞ് നിർത്തുമ്പോൾ താരയുടെ മുഖം വല്ലാത്തെ വിടർന്നു….

അതിനു പറ്റിയ തരത്തിലുള്ള വില കൂടിയ ഡ്രെസ്സുകളാണ് എടുത്തത് മുഴുവനും….
ചുറ്റും അസൂയക്കാരാ…
രാജ കുമാരിയല്ലേ നീ യിവിടുത്തെ….
കണ്ണ് തട്ടാതിരിക്കട്ടെ എന്റെ മോൾക്ക് ….

സുകന്യ അതും കൂടി പറഞ് നിർത്തുമ്പോൾ അഞ്‌ജലിയിലേക്ക് പതിഞ്ഞിരുന്ന അവരുടെ നോട്ടതിനു മറ്റെന്തൊക്കെയോ ഭാവങ്ങളുണ്ടായിരുന്നു…..

അഴുക്കായ ആ സാരിയിലേക്ക് അഞ്ജലി സ്വയമൊന്ന് നോക്കി….

അതേ….അവൾ രാജ കുമാരിയാണ്…..
അടുത്ത നേരം മാറ്റിയുടുക്കാൻ പോലും ഒന്നുമില്ലാത്ത തന്റെ മുമ്പിൽ……

അവളൊന്ന് നെടു നീർപ്പിട്ടു..

പക്ഷെ അവൾക്ക് ഒട്ടും നിരാശ തോന്നിയില്ല….

ഇതിലും വലിയ പ്രതി സന്തികളിൽ നിന്നും രക്ഷിച്ച വിധി തനിക്കായി നല്ലത് തന്നെ കാത്തു വെച്ചിട്ടുണ്ടാകുമെന്ന് അവൾ വിശ്വസിക്കുക തന്നെ ചെയ്തിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉറക്കത്തിൽ നിന്നും ഉണർന്ന അർജുന്റെ കണ്ണുകൾ ആ നിമിഷം നീണ്ടു പോയത് കട്ടിലിനു മുകളിലേക്കായിരുന്നു…..

ഇല്ലാ….. അവളെ അവിടെ കാണുന്നില്ല……

അമ്മായിമാർക്കിടയിൽ അവളെന്താവും ചെയ്യുന്നതെന്ന് അവനൊരു ആശങ്ക തോന്നി …

ആർക്കും തട്ടി കളിക്കാൻ ഇട്ട് കൊടുക്കില്ല ഞാനവളെ……

അവൻ എഴുന്നേറ്റ് വായും മുഖവുമെല്ലാം കഴുകി താഴേക്ക് നടക്കാനൊരുങ്ങി…..

നടക്കുന്നതിടയിൽ ഒന്ന് കൂടി പിറകിലേക്ക് നിന്ന് കണ്ണാടടിയിലൊന്ന് നോക്കി….

മുഖത്തേക്ക് വീണു കിടക്കുന്ന മുടി കൈ കൊണ്ട് തന്നെ ഒതുക്കി വെച്ചു സ്വയമൊന്ന് ഒരുങ്ങി….

കാണാൻ അവളുണ്ടല്ലോ….

അവന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു…..

അവൻ താഴേക്ക് ചെല്ലുമ്പോൾ അടുക്കള വാതിലീനരികിൽ നിൽക്കുന്ന അഞ്ജലിയെയും അടുപ്പിനരികിൽ നിന്ന് ഏറെ ഉത്സാഹത്തോടെ സംസാരിക്കുന്ന സുകന്യയെ യും ശോഭയെയും താര യെയുമാണ് കാണുന്നത്…..

എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട് നിൽക്കുന്നവളെ കാൺ കെ അവന്റെ നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു….

വാതിൽ പടിയിൽ നിന്നു തന്നെ അവനൊന്നു മുരടനക്കി…..

എല്ലാവരും ഒരു പോലെ അവനിലേക്ക് തിരിഞ്ഞു….

എന്താ അർജുൻ…. എന്താ വേണ്ടത്……

ശോഭ പെട്ടെന്നവനോടത് ചോദിച്ചതും അവന്റെ മുഖം അഞ്‌ജലിയിലേക്ക് തിരിഞ്ഞു…..

എനിക്ക്… എനിക്കൊരു ചായ വേണം…..

പറഞ്ഞത് ഗൗരവത്തിലാണെങ്കിലും അത് തന്നോടായതിൽ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി…..

എന്ത് ചെയ്യണമെന്നോ ചെയ്യാതിരിക്കണമെന്നോ അറിയാതെ നിന്ന തനിക്ക് അതൊരു പിടി വള്ളിയായി തോന്നി….

അതേയ്….
അവൾ അവന് നേരെ തല കുലുക്കി കൊണ്ട് ചായ എടുക്കാൻ നടക്കുമ്പോഴാണ് വീണ്ടും അവനൊന്നു വിളിച്ചത്….

അവളൊന്ന് കൂടി അവനിലേക്ക് തിരിഞ്ഞു…

നല്ല ചൂടുള്ള ചായ വേണം….
അവനത് പറഞ്ഞപ്പോഴും അവൾ തല കുലുക്കുക മാത്രം ചെയ്തു….

എന്താ അമ്മായി ചായക്ക്…

ദോശയും ചട്ടിണിയും….

അർജുൻ ശോഭയെ നോക്കിയത് ചോദിച്ചതും അവർ വല്യ താല്പര്യമില്ലാതെയാണത് പറഞ്ഞത്….

എങ്കി എനിക്ക് അത് വേണ്ടാ…..
ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കാൻ പറ്റുമോ….

അവൻ അഞ്ജലിയെ നോക്കി അത് ചോദിക്കുമ്പോൾ അവളേറെ ഉത്സാഹത്തോടെ തല കുലുക്കി……

മുഖം കനപ്പിച്ചു നിൽക്കുന്ന അമ്മായിമാർക്ക് ഒരു ചിരി നൽകി അവൻ ഉമ്മറത്തേക്ക് നടക്കുമ്പോൾ അഞ്ജലി വല്ലാത്തൊരു ആശ്വാസത്തോടെ ചായ പാത്രത്തിനരികിലേക്ക് ചെന്നു…..

അവരുണ്ടാക്കി വെച്ച ചായ എടുക്കാൻ അവൾക്കല്പം പ്രയാസം തോന്നി….

അപ്പോഴാണ് അവന്റെ ചൂട് ചായ എന്നത് മനസ്സിലേക്ക് വന്നത്….

അവൾ വേഗം പാത്രമെടുത് സ്റ്റവിനു മുകളിലേക്ക് വെച്ചു….

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായ പ്പൊടിയും പഞ്ചസാര്യയുമെല്ലാം ചേർത്ത് ചായ യാക്കി എടുക്കുമ്പോൾ അവിടെ നിന്നിരുന്നവർ അവളെ നോക്കി പല്ലിറുമുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു…..

കാരണം അത് വരെ ഉണ്ടായിരുന്ന പ്രയാസം അവളിൽ നിന്ന് വിട്ട് മാറിയിരുന്നപ്പോൾ….

അവന്റെ വാക്കുകൾ അടുക്കളയിലേക്ക് കയറാനുള്ള ഒരു ലൈസൻസായിരുന്നവൾക്ക്…

അവൾ ആശ്വാസം പേറിയ മനസ്സുമായി ചായയെടുത് ഉമ്മറത്തേക്ക് നടന്നു……

(തുടരും)