22/04/2026

അത്രയേറെ : ഭാഗം 04

 

ആദ്യത്തെ അമ്പരപ്പ് മാറിയതും ഹരി ഓടിച്ചെന്ന് നന്ദനെ താങ്ങിപ്പിടിച്ച് ഉയർത്തി…

“അമ്മാവാ….

ഉറക്കെയുള്ള ഹരിയുടെ അലർച്ച കേട്ടതും ദേവരാജ് ടേബളിനു മുകളിൽ കസേര വെച്ചു..അതിലേക്ക് നന്ദനെ താങ്ങി നിർത്തി.. അപ്പോഴേക്കും ആദ്യത്തെ ഷോക്കിൽ നിന്നും നന്ദിനി ഉണർന്നിരുന്നു….

“നന്ദിനി ഒരു കത്തി…

പാതിയിലവൻ മുഴുവിക്കും മുമ്പേ അവൾ താഴേക്ക് പാഞ്ഞിരുന്നു‌..വെപ്രാളപ്പെട്ട് ഓടുമ്പോൾ പല തവണ തട്ടി വീഴാനൊരുങ്ങി..പരിഭ്രമത്തോടെയും വേവലാതിയോടെയും കത്തി തിരഞ്ഞു..ഒടുവിൽ എങ്ങനെയൊക്കെയോ അതുമായി മുകളിലേക്ക് ഓടിക്കയറി കിതപ്പോടെ നിന്നു.

ഹരി വേഗം കത്തി വാങ്ങി പ്ലാസ്റ്റിക് ചരട് അറത്തുമാറ്റി നന്ദനെ താങ്ങി താഴേക്കിറക്കി….അപ്പോഴേക്കും അവന്റെ ബോധം നശിച്ചിരുന്നു…

” അമ്മാവാ കാറെടുക്ക്….

ഹരിയുടെ അലർച്ച മുറിയിൽ മുഴങ്ങിയതും അയാൾ പുറത്തേക്ക് ഓടി…

“നന്ദിനി നീ നന്ദയെ കൂടി കൊണ്ട് വാ…

പറഞ്ഞിട്ട് നന്ദനെ തോളിലേക്കിട്ട് വേഗം താഴേക്കിറങ്ങി..നന്ദിനി കുറച്ചു വെള്ളം എടുത്തു നന്ദയുടെ മുഖത്തേക്ക് ശക്തിയിൽ കുടഞ്ഞു….നേർത്തൊരു മൂളലോടെ മിഴികൾ വലിച്ചു തുറന്നു….

” ഏട്ടത്തി… നന്ദേട്ടൻ…..

വാക്കുകൾ പകുതിയിൽ മുറിഞ്ഞ് വീണു… വിതുമ്പി കരയുന്നവളെ നെഞ്ചോട് ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു….

“ഒന്നുല്ല്യാ മോളേ.. നന്ദനെ ഹോസ്പിറ്റൽ കൊണ്ട് പോകുവാ… നീ വേഗം വാ…

” എന്നാലും ഞാൻ കാരണം… എല്ലാം എന്റെ പിടിവാശിയാ..ഇല്ലെങ്കിൽ നന്ദേട്ടൻ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു…

പിന്നെയും പിന്നെയും പതം പറഞ്ഞു കരയുന്നവളെ നോക്കി നെടുവീർപ്പെടുമ്പോൾ പുറത്ത് കാർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു….

“അവര് പോയി….വാ നമുക്ക് ഓട്ടോയിൽ പോകാം.,

സങ്കടത്തിലും ധൈര്യം തിരികെ പിടിക്കാൻ നന്ദിനി പ്രയാസപ്പെട്ടു…താനും കൂടി തളർന്ന് പോയാൽ നന്ദ പൂർണ്ണമായും തകർന്നു പോകും..അവൾക്ക് മുമ്പിൽ മിഴികൾ തുളുമ്പാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു….

ഏട്ടത്തി നീട്ടിയ കൈകളിൽ പിടിച്ചു എഴുന്നേൽക്കുമ്പോൾ താൻ അശക്തയാണെന്ന് നന്ദ തിരിച്ചറിഞ്ഞു…ഭാരം നഷ്ടപ്പെട്ടവൾ നന്ദിനിയിലേക്ക് ചാരി….

” കുറച്ചു സമയം ഇവിടെ ഇരിക്ക്….ഒന്ന് നോർമലായിട്ട് പോകാം…

കസേരയിലേക്ക് നന്ദയെ പിടിച്ചു ഇരുത്തിയ ശേഷം തിരിഞ്ഞ് നിന്ന് അവർ മിഴിനീരൊപ്പി…..

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

കാർ ചീറി പായുമ്പോൾ ഹരിയാകെ അസ്വാസ്ഥനായിരുന്നു…..കൂടപ്പിറപ്പിനെയാണ് ചേർത്തു പിടിച്ചിരിക്കുന്നത്…

താൻ ജനിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം അമ്മയൊരു കുഞ്ഞാവയെ പ്രസവിക്കാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ എല്ലാവരെക്കാളും കൂടുതൽ സന്തോഷിച്ചത് താനായിരുന്നു..എല്ലാവർക്കും കുഞ്ഞാവ ഉണ്ടായപ്പോൾ തനിക്ക് മാത്രം കുഞ്ഞാവ ഇല്ലെന്ന് ഓർത്ത് ഒരുപാട് സങ്കടപ്പെട്ടിരുന്നു…

അപ്പോഴെല്ലാം അമ്മ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കും….

“മോനൊരു കുഞ്ഞാവയെ കിട്ടാൻ അമ്പോറ്റിയോട് പറയ്…..

അന്നു മുതൽ അമ്പലങ്ങൾ കാണുമ്പോൾ ചുണ്ടിലൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ…

” എത്രയും പെട്ടെന്ന് ഒരു കുഞ്ഞാവയെ കിട്ടണമെന്ന്…..

പ്രാർത്ഥന ഫലിച്ചിരിക്കാം കുഞ്ഞാവ അമ്മയുടെ വയറ്റിൽ ജന്മം എടുത്തപ്പോൾ ഒരുപാട് സന്തോഷിച്ചു…പിന്നെ നീണ്ടയൊരു കാത്തിരിപ്പായിരുന്നു കുഞ്ഞാവക്കായി….

പ്രസവം അടുക്കുന്തോറും അമ്മ ഭയപ്പെട്ടിരിക്കാം….

“കൂടെയുണ്ടാകണം എപ്പോഴും നിഴൽ പോലെ…

അനിയൻ വാവയുടെ കൈ പിടിച്ചു തന്നിലേക്ക് ചേർക്കുമ്പോൾ അമ്മയുടെ മിഴികൾ അടഞ്ഞിരുന്നു…നന്ദൻ പിറന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം അച്ഛനേയും നഷ്ടപ്പെടുമ്പോൾ തനിക്കീ ലോകത്ത് നന്ദൻ മാത്രമേയുള്ളൂൂന്ന് അന്നത്തെ പന്ത്രണ്ട് വയസ്സുകാരന് മനസ്സിലായി…

പിന്നെ അവനു മാത്രമായി ജീവിതം.. ..അതിനിടയിലേക്ക് നന്ദയും കൂടി കടന്നു വന്നപ്പോൾ രണ്ടു കൂടപ്പിറപ്പുകളായി…

നന്ദനെ കരുതി സ്വയം തീർത്ത സംരക്ഷണ ഭിത്തിയിൽ കുറെക്കൂടി കണിശക്കാരനായിരുന്നു….ഒപ്പം വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ അമ്മാവന് നൽകിയ സത്യവും….

” ആങ്ങളക്ക് ഒരു മകൾ ഉണ്ടായാൽ എന്റെ നന്ദന് കൊടുക്കണം…

അമ്മ എല്ലാം മുൻ കൂട്ടി കണ്ടിരിക്കാം..അതായിരിക്കും ജനിക്കാൻ പോകുന്നത് ആൺകുട്ടിയാണെന്ന് ഉറപ്പിച്ചിരിക്കാം.,അമ്മ ആഗ്രഹിച്ച പേര് തന്നെയാണ് നൽകിയതും…. നന്ദൻ…..

ഓരോന്നും ഓർക്കുന്തോറും ഹരിയുടെ നെഞ്ഞ് വിങ്ങിപ്പൊട്ടി….നന്ദനെ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിക്കുമ്പോൾ സങ്കടത്താൽ ഒരിറ്റ് മിഴിനീർ അനിയന്റെ നെറ്റിയിലേക്കിറ്റു വീണു….

“അമ്മയോടുള്ള അമിതമായ സ്നേഹത്തിൽ താൻ കുറച്ചു സ്വാർത്തനായിപ്പോയി…..

ഹോസ്പിറ്റലിലേക്ക് കാർ ഇരമ്പി നിന്നപ്പോൾ ഓർമ്മകളുടെ ആഴങ്ങളിൽ നിന്നും ഹരിയും ഉണർന്നിരുന്നു…

എമർജൻസിയിലേക്ക് നന്ദനെ കയറ്റുമ്പോൾ ഉള്ളിലൊരായിരം നീറ്റലിലും മനസ്സ് പ്രാർത്ഥനയിലും ആയിരുന്നു….

നിമിഷങ്ങൾ ദൈർഘ്യങ്ങളായി വളർന്നു തുടങ്ങി.., ഒരാന്തൽ അപ്പോഴും നെഞ്ചിൽ ഉയർന്നു തണു കൊണ്ടിരുന്നു…

” ഡോക്ടർ നന്ദന്….

പുറത്തേക്ക് ഇറങ്ങി വന്ന ഡോക്ടറിനു മുമ്പിൽ ആകാംഷയോടൊപ്പം ചെറിയൊരു ഭീതിയും നിറഞ്ഞ് നിന്നു…

“വിഷമിക്കാൻ ഒന്നുമില്ല.. നന്ദന് കുഴപ്പമൊന്നും ഇല്ല.. നാളെ രാവിലെ കാണാം…..

നടന്നകലുന്ന ഡോക്ടറെ നന്ദിയോടെ നോക്കി നിന്ന ശേഷം ദേവരാജിന് സമീപം ചെന്നു….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ഹോസ്പിറ്റലിൽ എത്തുമ്പോൾ കുറച്ചു വൈകിയിരുന്നു നന്ദിതയും നന്ദിനിയും…ഓട്ടോ താമസിച്ചാണ് കിട്ടിയത്..ഒപ്പം നന്ദ നോർമലാകാനും കുറച്ചു സമയം എടുത്തു….

” ഹരിയേട്ടാ….

ഹരിയെ കണ്ടതും നന്ദ ഒരോട്ടമായിരുന്നു അടുത്തേക്ക്….

“എങ്ങനുണ്ട് നന്ദേട്ടന്…

” കുഴപ്പമൊന്നും ഇല്ല മോളേ..രാവിലെ കാണാമെന്നാ ഡോക്ടർ പറഞ്ഞത്….

മനസ്സിലൊരു ഹിമകണമായത് നന്ദയിലേക്കും ഒപ്പം നന്ദിനിയിലേക്കുമിറ്റു വീണു…

“എല്ലാം ഞാൻ.. ഞാൻ കാരണമാ…

വിങ്ങിപ്പൊട്ടി പെയ്യാൻ പോയവളെ ഹരി ആശ്വസിപ്പിച്ചു….

” നീ ഇപ്പോഴും ഒരു പൊട്ടിപ്പെണ്ണാ ഇല്ലേ…

അവനിലേക്ക് ചേർന്നു നിന്നു പരിഭവങ്ങളുടെ ചാറ്റൽ മഴ പെയ്യിച്ചു കൊണ്ടിരുന്നവൾ….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

“എല്ലാവരും കൂടി വെറുതെ നിൽക്കേണ്ടാ.. രാത്രിയല്ലേ ഞാൻ മാത്രം മതി… രാവിലെ വന്നാൽ മതി…

ദേവരാജിനോടായി പറഞ്ഞെങ്കിലും നന്ദ പോകാൻ കൂട്ടാക്കിയില്ല…ഹരി ഒരുവിധം പറഞ്ഞു അവളെ അവരോടൊപ്പം വിട്ടു…

അടുത്ത ദിവസം പതിനൊന്ന് മണി കഴിഞ്ഞു നന്ദനെ റൂമിലേക്ക് മാറ്റുമ്പോൾ…ഒരു തരം നിസംഗത ആയിരുന്നു മുഖത്ത്….

” മരണത്തിനു പോലും വേണ്ടാത്തവൻ…

സ്വയം ഒരു പുച്ഛം അവനിൽ ഉണ്ടായി…

“മോനേ നന്ദാ…

സ്നേഹത്തോടെയും കരുതലോടെയും ഹരി വിളിച്ചു….നിർവികാരമായിരുന്നു മുഖം..അതയാളെ ശരിക്കും വേദനിപ്പിച്ചു…

കുറച്ചു സമയം കഴിഞ്ഞു നന്ദുയും നന്ദിനിയും ദേവരാജും എത്തി….

” ക്ഷമിക്ക് നന്ദേട്ടാ..എല്ലാം എന്റെ കുഴപ്പം കൊണ്ട് പറ്റിയതാ..എനിക്ക് അറിയില്ലായിരുന്നു ആ മനസ്സിൽ എനിക്ക് സ്ഥാനമില്ലെന്ന്..അറിഞ്ഞിരുന്നെങ്കിൽ ശല്യപ്പെടുത്തില്ലായിരുന്നു.,.

വിതുമ്പാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു…നന്ദനിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലായിരുന്നു…

“മോനേ നന്ദാ….

നിറകണ്ണുകളുമായി നന്ദിനി നിൽക്കുന്നത് കണ്ടു….

” ഏട്ടത്തി ഏട്ടനോട് പറഞ്ഞേക്ക് വിവാഹത്തിന് സമ്മതമാണെന്ന്….എത്രയും പെട്ടെന്ന് നടത്തണം…

ആരോടൊക്കയോ വാശി തീർക്കും പോലെ ആയിരുന്നു സ്വരവും മുഖഭാവവും…

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവർ പരസ്പരം നോക്കി കണ്ണുമിഴിച്ചു….

കുറച്ചു സമയത്തെ നിശബ്ദത….ആഞ്ഞ് വീശാനുള്ള കൊടുങ്കാറ്റിനു മുമ്പായുള്ള ശാന്തത…

“എനിക്ക് വേണ്ടാ ഈ വിവാഹം,..എനിക്ക് എനിക് സമ്മതമല്ല….

വിതുമ്പി കരഞ്ഞ് കൊണ്ട് തല മെല്ലെയാട്ടി കൊണ്ടിരുനു നന്ദ വേണ്ടായെന്ന് അർത്ഥത്തിൽ..

” നിന്റെ സമ്മതം ആർക്ക് വേണം… നന്ദനൊരു വിവാഹം ഉണ്ടെങ്കിൽ അത് നന്ദ എന്ന നിന്നോടൊപ്പം മാത്രമായിരിക്കും…..

തുടരും…