രചന – ആയിഷ അക്ബർ
അല്ലാ….. ആ കുട്ടി മംഗലത്തെ ആരുടെ മോളാണെന്നാ പറഞ്ഞത് ദേവാ ….
മുത്തശ്ശി അടുക്കളയിലേക്ക് നടക്കുന്ന അഞ്ജലിയെ നോക്കി ഏറെ വാത്സല്യത്തോടെയാണത് ചോദിച്ചത്…..
ആരുമല്ല അമ്മേ. ….
അവിടുത്തെ ജോലിക്കാരിയുടെ മകളായിരുന്നത്രെ. .
അവര് പെട്ടെന്ന് മരിച്ചപ്പോൾ ആരുമില്ലാതായി. ….
മംഗലത്തെ അമ്മ അവളെ അവിടെ നിർത്തി പഠിപ്പിക്കുകയാ…..
ദേവൻ അത് പറയുമ്പോൾ കേട്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ തിളങ്ങി. …
അല്ലെങ്കിലും മംഗലത്തെ അമ്മക് നല്ല കരുണയുണ്ട്. …..
ഒരു കോടി പുണ്യം കിട്ടും. ….
പാവം. …..നല്ലൊരു കൊച്ച്. ……
മുത്തശ്ശി ഏറെ സഹതാപത്തോടെ അത് പറഞ്ഞു നിർത്തി. ………
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പത്മക്ക് പിറകെയായി അകത്തേക്ക് കയറുമ്പോൾ അഞ്ജലി ആ വീടൊന്നാകെ ഒന്ന് കണ്ണോടിച്ചു. …….
വലിയ വലിയ മരത്തിന്റെ തൂണുകളും മനോഹരമായ ചിത്ര പണികളും ഒക്കെയായി പഴമയുടെ പ്രൗടി യെന്തെന്ന് ആ വീട് വിളിച്ചോതുന്നുണ്ടായിരുന്നു…..
ഇത്രയും വലിയ വീട്ടിലെ സന്ധത്തിയായ അവനെവിടെ….
ആരോരുമില്ലാത്ത ഈ അനാഥ പെണ്ണെവിടെ…..
അവൻ ചെയ്ത ത്യാഗത്തിന് പകരം നൽകാൻ തന്റെ കയ്യിലൊന്നുമില്ല…..
അതേ…. അത് കൊണ്ടാണല്ലോ താനെപ്പോഴും അവനേ കുറിച് ചിന്തിക്കുന്നത്…..
അവനിലൊരു ഇത്തിൾ കണ്ണിയായി പറ്റി പിടിച്ചിരിക്കാതെ ദൂരേക്ക് പോകാൻ ശ്രമിക്കുന്നത്…..
എത്ര കാലം കഴിഞ്ഞിട്ടുള്ള കാണലാണ് പത്മേ….
നീ അല്പം തടിച്ചു…
ഏറെ സ്നേഹത്തോടെ വിശേഷങ്ങൾ പങ്കു വെക്കുന്നവർക്കിടയിൽ അവളങ്ങനെ നിന്നു……
എല്ലാവരുടെയും സംസാരത്തിൽ അത്രയേറെ സ്നേഹവും അടുപ്പവുമായി അവൾക്ക് തോന്നി…….
എവിടെ മായ മോളും ദീപുവും…….
നാളെ നമ്മുടെ ശരത്തിന്റെ മോന്റെ പിറന്നാളാണ്…..
അവര് രണ്ട് പേരും കൂടി അതിനു ഡ്രസ്സ് എടുക്കാൻ പോയിരിക്കുകയാ…….
പത്മയുടെ ചോദ്യത്തിന് നളിനി മറുപടി പറഞ്ഞ് നിർത്തി…..
മ്മ്….. മായ മോള് നിങ്ങള് വരുന്നെന്നു പറഞ് നിലത്തൊന്നുമായിരുന്നില്ല……
ഈ വരവിനു അർജുന്റെയും മായയുടെയും കാര്യത്തിൽ എന്തെങ്കിലുമൊന്ന് നടത്തിയിട്ടേ നിങ്ങളെ വിടു എന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് തന്നെയാണത്…..
നളിനി പറയാൻ മടിച്ചു നിന്നൊരു കാര്യം അപ്പുറത് നിന്ന രാജി പറഞ്ഞതും പത്മയുടെ ഹൃദയം ഒന്ന് പിടച്ചു……
അഞ്‌ജലിക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി……..
മായ….. അർജുൻ…..
ഇപ്പൊ കേട്ട ഒരു പേരാണെങ്കിൽ കൂടി അതവനോട് ചേർന്ന് കേട്ടത് കൊണ്ട് തന്നെ
എന്തോ മനസ്സിനെ വല്ലാത്തെ മുറിപ്പെടുത്തുന്നു…..
പത്മയുടെ കണ്ണുകൾ പതിയേ അവളിലേക്കൊന്ന് ചെന്നു…..
അവൾ സ്വാഭാവികമായി നിൽക്കാൻ ശ്രമിച്ചെങ്കിൽ കൂടി ആ കണ്ണുകളിലേ വിങ്ങൽ പത്മക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു……
മറുപടിക്കായി കാത്തു നിൽക്കുന്ന നളിനിക്കും രാജിക്കും നേരെ പത്മയോന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..
അഞ്ജലി….. ഇത് അർജുന്റെ അപ്പച്ചിമാരാണ്……
ഇത് ചെറിയമ്മയും……
നളിനിയെയും രാജി യെയും ചൂണ്ടി പറഞ്ഞതിന് ശേഷം അപ്പുറത് നിന്ന് കുടിക്കാൻ വെള്ളമെടുത് കൊണ്ടിരുന്ന ചന്ദ്രയെ കൂടി അവൾക്ക് പരിചയപ്പെടുത്തിയത് ആ വിഷയത്തിൽ നിന്നും തെന്നി മാറാൻ വേണ്ടി തന്നെയായിരുന്നു…….
അവൾ എല്ലാവരോടും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….
അപ്പോഴും ഉള്ളിൽ കിടന്ന് മായ എന്ന ആ പേര് വിങ്ങുന്നുണ്ടായിരുന്നു…..
ഈ കുട്ടി അരുണിന്റെ ഭാര്യ യാണോ……..
പെട്ടെന്ന് ചന്ദ്ര അത് ചോദിച്ചതും പത്മയും അഞ്‌ജലിയും ഒന്ന് വല്ലാണ്ടായി…..
അത് കേട്ട് കൊണ്ട് വന്ന അർജുന്റെ നെഞ്ചിൽ എന്തോ ഒരു കരട് തടഞ്ഞത് പോലെ തോന്നിയത് കൊണ്ട് തന്നെ അവൻ അടുക്കളയിലേക്ക് കയറാതെ തിരികെ ഉമ്മറത്തേക്ക് തന്നെ നടന്നു……
ഏയ്…. അല്ലാ…..
അമ്മ വീട്ടിലെ അംഗത്തെ പോലെ കണ്ടിരുന്ന ജാനകി യുടെ മോളാ യിവൾ….
ജാനകി പെട്ടെന്നങ് പോയപ്പോൾ ഇവളൊറ്റക്കായി….
മക്കളെ യൊന്നും എന്റെ അമ്മക്ക് വേണ്ടാ……അമ്മയുടെ കൂട്ട് ഇവളാണേയ്…..
തന്നെ അത്ര മേൽ മനോഹരമായി അവർക്ക് മുമ്പിൽ പത്മ പരിചയപ്പെടുത്തുമ്പോൾ അഞ്ജലിയുടെ ഉള്ളൊന്ന് തണുത്തു……
എങ്കി ഇനി ബാക്കി സംസാരം വല്ലതും കുടിച്ചിട്ടാവാം….. വരൂ….
വെള്ളം ട്രെയിലാക്കി അതും പറഞ് ചന്ദ്ര നടന്നതിനു പിറകെ അവരെല്ലാം നടന്നു…..
അവിടെ യിരുന്നോ മോളേ….
ഇരിക്കുന്ന പത്മയുടെ അരികിലായി നിൽക്കുന്ന അഞ്ജലിയെ നോക്കി മുത്തശ്ശനാണത് പറഞ്ഞത്……
പത്മ തനിക്കരികിലേക്ക് ഒരു കസേര നീക്കിയിട്ട് അവളെ അവിടെയിരുത്തി……
എല്ലാവരുടെയും മുഖത്ത് നോക്കുമ്പോൾ അവൾക്കൊരു പ്രയാസം പോലെ തോന്നിയിരുന്നു….
അറിയാത്ത ആളുകൾക്കിടയിൽ പത്മ അവൾക്കൊരു ആശ്രയം തന്നെയായിരുന്നു…….
അപ്പോഴും അവൾക്കെതിർ വശമായിരുന്നിരുന്ന അർജുൻ അവളെ ശ്രദ്ധിക്കുന്നത് അവനിലേക്ക് നോക്കാതെ തന്നെ അവളറിയുന്നുണ്ടായിരുന്നു…..
അപ്പോഴാണ് മുറ്റത്തേക്കൊരു സ്കൂട്ടി വന്നു നിൽക്കുന്നത്……
അതിൽ നിന്നും രണ്ട് പെൺകുട്ടികൾ ഇറങ്ങി….
അവളുടേ ഉള്ളൊന്നുല
ഞ്ഞു….
അവൾ രണ്ട് പേരെയും ഒന്ന് നോക്കി…..
ജീൻസും ഓപ്പണുള്ള ടോപ്പുമാണ് രണ്ട് പേരുടെയും വേഷം……
മുമ്പിരിക്കുന്ന ആള് നീളം കുറഞ്ഞ മുടി വിടർത്തിട്ടിരിക്കുക യാണെങ്കിൽ പിറകിലുള്ള ആള് പോണി ടൈൽ കെട്ടി വെച്ചിരിക്കുകയാണ്….
കയ്യിലുള്ള തുണിക്കടയുടെ കവർ കണ്ടപ്പോഴേ അവൾക്കുറപ്പായി ആ പറഞ്ഞ ആള് ഇതിലൊരാളാണെന്ന്….
ആരാവും….
പിറകിലുള്ള കുട്ടി കുറച്ച് ചെറുതായി തോന്നി….
അപ്പൊ മുമ്പിലുള്ളവൾ തന്നെ മായ……
അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….
കാണാൻ ഭംഗിയുണ്ട്…. തന്നേക്കാളുണ്ടോ…..
മനസ്സ് അവളുമായി തന്നെ താരതമ്യപ്പെടുത്തുന്നത് അവനേ നഷ്ടമാകുമോയെന്ന ഭയത്തിൽ തന്നെയാണെന്ന് അവൾക്കറിയാമായിരുന്നു…..
അപ്പച്ചി….
പിറകിലുള്ള പെൺകുട്ടി ഓടി വന്നു പത്മയെ കെട്ടി പിടിച്ചു…..
ദീപു…..
അവരും അവളെ ഇറുക്കെ പുണർന്നു….
വല്യച്ചാ……
അത് കഴിഞ്ഞവൾ ദേവന്റെ അടുത്തേക്കൊടി…..
അപ്പോഴേക്കും അവൾ തിണ്ണകൾ കയറി വന്നിരുന്നു….
അമ്മായി…..
മായ മോളേ…..
അവരും പുഞ്ചിരിയോടെ കെട്ടിപ്പിടിച്ചു…..
അഞ്ജലിയുടെ നെഞ്ചിടിപ്പ് ശക്തിയായി…..
ദേവനെ കൂടി അവൾ കെട്ടിപ്പിടിക്കുമ്പോൾ ദീപു അർജുന്റെ കൈ പിടിച് കുലുക്കുകയായിരുന്നു….
അടുത്തത് അവൾ തീർച്ചയായും അവന്റെ അടുത്തേക്കായിരിക്കും….
അവൾ കണ്ണിമ വെട്ടാതെ അവരെ നോക്കിയിരുന്നു….
എടാ…… ആഫ്റ്റർ അ ലോങ്ങ് ടൈം……
അതും പറഞ് മായ അവന്റെ കഴുത്തിലൂടെ ചാടി ക്കയറി പിടിക്കുകയാണ് ചെയ്തത്……
അഞ്ജലിയുടെ കണ്ണുകൾ തുറിച്ചു വന്നു…..
ബാംഗ്ലൂരിൽ നിന്ന് പോന്നേ പിന്നെ നിനക്ക് വിളിക്കാൻകൂടി മടിയാണല്ലോ….
അവൾ പരിഭവത്തിന്റെ കെട്ടഴിക്കുമ്പോൾ അഞ്ജലിയുടെ മുഖം ദയനീയമായിരുന്നു…..
നിന്റെ ക്ലാസ് കഴിഞ്ഞില്ലേ… ഇനിയെന്താ പരിപാടി….
അവൻ തിരികെ ഒരു പുഞ്ചിരിയോടെയാണത് ചോദിച്ചത്…..
ഇനിയെന്താ….. നിന്നേ കെട്ടാനാ ഇവരെല്ലാം പറയുന്നത്…. അത് തന്നെ….
അവൻ കുടിച്ചു പാതിയാക്കി വെച്ച വെള്ളമെടുത് കുടിച്ചു കൊണ്ടവൾ അത് പറയുമ്പോഴും എല്ലാവരും ഒരു ചിരിയോടെ അവളെ നോക്കി യിരിക്കുകയായിരുന്നു….
അതിനെന്താ…അവൻ നിന്നേ കെട്ടിക്കോളും….
എത്രയും പെട്ടെന്നാണെങ്കിൽ അത്രയും നല്ലത്……
ദേവൻ അതും കൂടി പറഞ്ഞതും അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുഖം തെളിഞ്ഞെങ്കിലും പത്മ വീർപ്പു മുട്ടലോടെ അങ്ങനെയിരുന്നു…..
അഞ്ജലി കണ്ണുകൾ നിറഞ്ഞു വരുമോയെന്ന ഭയത്തിലായിരുന്നു ഇരുന്നിരുന്നത്..
താനല്ലേ അവന് തന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടുമെന്ന് പറഞ് മാറ്റി നിർത്തിയത്…..
എന്നിട്ടും എന്തിനാണ് ഹൃദയം അവന് പിറകെ പോകുന്നത്….
അവർ ഒരുമിച്ചു നിൽക്കുന്നതും ചിരിക്കുന്നതും ഒക്കെ കാണുമ്പോൾ മനസ്സിലുള്ള ആ മുറിവിന്റെ നീറ്റൽ കൂടും പോലെ……
എല്ലാവരും ഫ്രഷ് ആയിക്കോളൂ….
ഞാനപ്പോഴേക്കും ഊണെടുക്കാം…..
ചന്ദ്ര അത് പറഞ്ഞതും ഓരോരുത്തരായി എഴുന്നേറ്റു……
അഞ്ജലി ആ മുറിയിൽ കിടന്നോളു……
സാധനങ്ങളൊക്കെ അവിടെ വെച്ചോ…..
അവൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ ചന്ദ്രാ….
ചന്ദ്ര അത് പറഞ്ഞതും പത്മ ഓർത്തെടുത്തെന്ന പോൽ അത് പറഞ്ഞപ്പ് അർജുന്റെ ഓർമ്മകൾ ആ രാത്രിയിലേക്ക് നീങ്ങി….
ഒപ്പം അഞ്ജലിയുടെയും…..
ഓർമ്മകൾ തീർത്തൊരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞതും അവരിരുവരും ഒന്ന് നോക്കി……
നോട്ടം കോരുത്തെന്ന് തോന്നിയതും പെട്ടെന്ന് മിഴികളെ അവൾ പിൻവലിച്ചു…..
കുഴപ്പമില്ല അമ്മായി….
ആ കുട്ടി എന്റെ കൂടെ കിടന്നോട്ടെ……
അത് പറഞ്ഞത് മായയായത് കൊണ്ട് തന്നെ അഞ്‌ജലിക്ക് വല്ലാത്തൊരു പ്രയാസം തോന്നി……
കാരണം….. അവളിൽ നിന്നും അവനേ കുറിച്ചുള്ള വാക്കുകൾ കേട്ടാൽ തനിക്ക് സഹിക്കാൻ കഴിയില്ലെന്നത് അഞ്‌ജലിക്കുറപ്പായിരുന്നു…..
ആ… എങ്കി അങ്ങനെ ആയിക്കോട്ടെ….
അതും പറഞ് ചന്ദ്രയും പത്മയും നീങ്ങിയതിന് പിറകെ മായ അവളുടേ കയ്യിൽ പിടിച്ചു…..
വരൂ…..
അവൾ പുഞ്ചിരിയോടെ പറഞ്ഞതും അഞ്ജലി അവളെ പിന്തുടർന്നു……..
അവൾ തുറന്ന ആ മുറിയിലേക്ക് അവളുടേ കൂടെ കടന്നതും അഞ്ജലി കയ്യിലുള്ള ബാഗ് അവിടെ വെച്ചു…..
ഹായ്…… മായ…..
അവൾ ഉയർന്ന ആ കട്ടിലിലേക്ക് ചാടി ക്കയറിയിരുന്നു അതും പറഞ് അഞ്‌ജലിക്ക് നേരെ കൈ നീട്ടി…..
അവളും പതിയേ അവളുടേ കൈകളിലേക്ക് കൈ വെച്ചു…..
ഞാനെയ്…ഇവിടുത്തെ മകൾ നളിനിയുടെ രണ്ട് മക്കളിൽ ഇളയവളാണ്….
അവൾ വീണ്ടും അവളെ പരിചയപ്പെടുത്തുമ്പോൾ അഞ്ജലി ഒരു പുഞ്ചിരിയോടെ കേട്ട് നിന്നു…..
ചേച്ചി വിവാഹം കഴിഞ്ഞു വിദേശത്തു സേറ്റിൽഡ് ആണ്…..
അവൾ അവളെ കുറിച് പറഞ് കഴിഞ്ഞില്ലെന്ന വണ്ണം വീണ്ടുമത് പറയുമ്പോൾ അവളൊരു സംസാര പ്രിയയാണെന്ന് അഞ്‌ജലിക്ക് തോന്നി….
ഞാനും വിവാഹം കഴിഞ്ഞാൽ അർജുനോടൊപ്പം അമേരിക്കയിലേക് പോകും…..
അത് വരെയേ യുള്ളൂ ഇവിടെ….
ഇരുവശവും ചീകിയിട്ട മുടികൾ ചെവിക്ക് പിറകിലേക്കാക്കി കൊണ്ട് അവൾ നിറഞ്ഞ ചിരിയോടെ അത് പറയുമ്പോൾ അഞ്ജലിക്ക് ശരീരം തളരുന്നത് പോലെ തോന്നി…..
ഒന്നുറക്കെ കരയാൻ പറ്റിയിരുന്നെങ്കിലെന്ന് അവളതിയായി ആഗ്രഹിച്ചിരുന്നന്നേരം….
(തുടരും)
തനിക്ക് ഫ്രഷ് ആവണ്ടേ….. യാത്ര കഴിഞ്ഞ് വന്നതല്ലേ…..
ഇതാ…. ബാത്രൂം….. കയറിക്കോ…. ഞാൻ തന്നെ വെയിറ്റ് ചെയ്യാം….
മായ ഒരു ചെറു പുഞ്ചിരിയോടെ അത് പറയുമ്പോൾ അഞ്ജലി ബാഗിൽ നിന്നും ഡ്രെസ്സെടുത്തു…..
അപ്പോഴാണ് ആ കരച്ചിഫ് അവളുടേ കണ്ണുകളിൽ തടഞ്ഞത്…….
അവൾ പതിയേ അത് കൈകളിലെടുത്തു…….
കാറിൽ കയറിയപ്പോൾ ബാഗിൽ വെച്ചതാണ് താൻ…..
മായ യുള്ളത് കൊണ്ട് തന്നെ അവൾ വേഗം അതവിടെ വെച്ച് കുളി മുറിയിലേക്ക് നടന്നു…….,
മായ കട്ടിലിൽ അങ്ങനെ ഇരിക്കുമ്പോഴാണ് പാതി ചാരിയ വാതിൽ തുറന്ന് അർജുൻ വരുന്നത്…..
എവിടെ….
അവൻ മായയോട് അമർത്തി പിടിച്ച ശബ്ദത്തിൽ ചോദിച്ചു….
അവൾ പതിയേ കുളി മുറിയിലേക്ക് വിരൽ ചൂണ്ടി….
അർജുൻ ഒരു ചിരിയോടെ വന്നു മായയുടെ അടുത്തിരുന്നു…..
കള്ള കാമുകാ…..
മായ ചിരിയോടെ അവന്റെ മുതുകിൽ കുത്തി….
കാമുകനല്ലെടി…. ഭർത്താവ്….
അവനത് പറഞ് ചിരിച്ചപ്പോൾ അവളും കൂടെ ചിരിച്ചു….
നിന്റെ മൂക്കുത്തി ആള് സുന്ദരിയാണ് കേട്ടോ….
നിങ്ങൾ നല്ല ചേർച്ചയുണ്ട്….
മായ അത് പറഞ്ഞപ്പോൾ അർജുന്റെ മുഖം ഒന്ന് വിടർന്നു…..
അതിൽ എന്തോ ഒരു നാണം കലർന്നതായി മായക്ക് തോന്നി….
കുളിക്കാൻ കയറിയപ്പോഴേ മുറിയിൽ നിന്നുള്ള അർജുന്റെ ശബ്ദം അവൾ കേട്ടിരുന്നു…..
അവൾ കുളിച്ചെന്ന് വരുത്തി വേഗം പുറത്തേക്ക് വരുമ്പോൾ കട്ടിലിലിരുന്നു സംസാരിക്കുന്ന അർജുനെയും മായയേയുമാണ് കാണുന്നത്…….
ഒരു നിമിഷം നെഞ്ചോന്നുലഞ്ഞു……
ഒന്ന് തലയുയർത്തിയപ്പോഴാണ് അർജുൻ അവളെ കാണുന്നത്…..
തലയിൽ തോർത്തു കെട്ടി വെച്ച് ഈറൻ മാറാതെ നിൽക്കുന്ന അവളിൽ ഒരു നിമിഷം അവന്റെ കണ്ണുകളൊന്നുടക്കി…..
മായ ഒരു കള്ള ചിരിയോടെ ഇരുവരെയും ഒന്ന് നോക്കി….
അഞ്ജലിയുടെ മുഖം അങ്ങേയറ്റം ദയനീമായിരുന്നു….
മായാ….. നീ കഴിഞ്ഞിട്ട് വാ….
അവളെ കണ്ടില്ലെന്ന ഭാവം നടിച്ചു അതും പറഞ് അർജുൻ പുറത്തേക്ക് നടന്നു……
അവന്റെയൊരു കാര്യം…. ഞങ്ങൾ കുറെ കഴിഞ്ഞ് കാണുകയല്ലേ……
സംസാരിച്ചിട്ടും തീരുന്നില്ല……
അഞ്ജലി യേ നോക്കി അതും കൂടി പറഞ് മായ തിരിയുമ്പോൾ അവളുടേ മുഖത്ത് പരന്ന നോവ് മായക്ക് വ്യക്തമായിരുന്നു…..
നമുക്ക് കഴിക്കാൻ പോകാം…. വരൂ….
മായ വിളിച്ചതും അഞ്ജലി തോർത്തഴിച്ചു വെച്ച് മുടി യൊന്നു കുളി പിന്നൽ കെട്ടി ഒരു പൊട്ട് കൂടി തൊട്ട് വാതിൽ തുറന്ന മായക്ക് പിറകെ നടന്നപ്പോഴാണ് തങ്ങളുടെ മുറിയുടെ നേരെ എതിർ വശത്തുള്ള മുറിയിൽ കട്ടിലിൽ ഫോണുമായി കിടക്കുന്ന അവനേ കാണുന്നത്…….
ഡാഹ്…. വാ…. കഴിക്കാം….
തുറന്നിട്ട വാതിലിൽ ഒന്ന് തട്ടി മായ വിളിച്ചതും അവൻ പെട്ടെന്നെഴുന്നേറ്റു…..
അപ്പോഴേക്കും അഞ്ജലിയുടെ ഉള്ള് പിടഞ്ഞിരുന്നു….
അവരെ ഒരുമിച്ച് കാണുന്ന നിമിഷങ്ങളൊക്കെ മനസ്സിലൊരു വിങ്ങലാണ്…
എന്തോ നെഞ്ചിനുള്ളിൽ ഒരു പാറ കല്ലെടുത്തു വെച്ച പോലെ..
അവരിരുവരും ഒരുമിച്ച് നടക്കുമ്പോൾ അവൾ അവർക്ക് പിറകിലായി നടക്കാൻ ശ്രമിച്ചു……
മായയോടാണ് സംസാരിച്ചിരുന്നതെങ്കിലും അർജുന്റെ ശ്രദ്ധ മുഴുവൻ അഞ്‌ജലിയിലായിരുന്നു….
ഭക്ഷണം കഴിക്കാൻ എല്ലവരും ഇരിക്കുമ്പോൾ അഞ്ജലിക്കൊരു പ്രയാസം തോന്നി……
എന്നാൽ പത്മ അവളെ അടുത്തേക്കിരുത്തി……
കളിയും ചിരിയും സംസാരങ്ങളുമൊക്കെയായി മനോഹരമായ ഊണ്…..
ദേവന്റെ സ്വാഭാവവും പെരുമാറ്റവും അതവരുടെ കുടുംബത്തിൽ നിന്നും കിട്ടിയതാണെന്ന് അവൾക്ക് അതിനോടകം മനസ്സിലായിരുന്നു….
എല്ലാവരും ഒരു പോലെ സ്നേഹമുള്ളവരും അത് പ്രകടിപ്പിക്കുന്നവരും……
ഊണ് കഴിഞ്ഞ് എല്ലാവരും കൂടിയിരുന്നു സംസാരിക്കുമ്പോൾ അഞ്‌ജലിയും അവരിലൊരാളായി കേട്ടിരുന്നു…..
കേട്ടോ മോളേ അഞ്ജലി….
എന്ന് വിളിച് കൊണ്ട് പറയുന്ന കാര്യങ്ങൾ താനുമായി ബന്ധമുള്ളതല്ലെങ്കിൽ കൂടി തന്നെ കൂടി അവരിലേക്ക് ചേർത്ത് നിർത്താനാണതെന്ന് അവൾക്ക് തോന്നി പ്പോയി….
ഊണ് കഴിഞ്ഞ് എല്ലാവരും കൂടി സംസാരിക്കാനായി കൂടിയിരുന്നു…..
അഞ്ജലി പത്മയുടെ അരികിലായിരുന്നു ഇരുന്നത്….
അവൾക്കെതിർ വശമായിരിക്കുന്ന അർജുനും അവനേ ചാരിയിരിക്കുന്ന മായയും അവളുടേ ഉള്ളിൽ വല്ലാത്തൊരു കനലിനെ കോറിയിട്ടു കൊണ്ടിരുന്നു….
ശെരിയാണ്……
അവന് ചേരുന്ന പെൺകുട്ടി തന്നെയാണവൾ….
എല്ലാം കൊണ്ടും…..
അവൾ മനസ്സിനെ പറഞ്ഞാശ്വസിപ്പിച്ചെങ്കിലും എന്തിനോ ഉള്ളൊന്ന് കിടന്ന് പിടച്ചു…..
മായ സംസാരിക്കുകയും ഇടയ്ക്കിടെ അവന്റെ കൈ തണ്ടയിൽ നുള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്…….
എത്ര ശ്രദ്ധിക്കില്ലെന്ന് വെച്ചാലും കണ്ണുകൾ അവയെ ഒപ്പിയെടുക്കുന്നു എന്ന് മാത്രമല്ല മനസ്സ് അത് തന്നെ ഓർമപ്പെടുത്തുന്നു… .
ഇടം കണ്ണാൽ തന്നെ നോക്കുന്നവളെ അർജുൻ കാണുന്നുണ്ടായിരുന്നു….
അവന്റെ ചുണ്ടിലൊരു പുഞ്ചിരിയൂറി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ജലി വരുന്നോ ഞങ്ങളുടെ കൂടെ……
മുറിയിലിരിക്കുകയായിരുന്ന അവളോടത് ചോദിച്ചത് മായ യായിരുന്നു……
എങ്ങോട്ട്…….
വെറുതെ….. പുറത്തേക്ക്…..
മായ അത് പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല…..
അവൾക്കെന്തോ എങ്ങും പോകാൻ തോന്നിയില്ല…..
കഴിഞ്ഞില്ലേ…..
അതും ചോദിച്ചങ്ങോട്ട് വന്നത് അർജുനായിരുന്നു….
ഒരു ഡാർക്ക് ബ്ലൂ ടി ഷർട്ടും പാന്റുമാണ് അവന്റെ വേഷം……..
ആ…. ദാ വരുന്നു…..
ഞാനുമുണ്ട്……
മായ അതും പറഞ് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാണ് അഞ്ജലി പെട്ടെന്നത് പറഞ്ഞത്….
അർജുൻ അവൾക്ക് നേരെ യൊന്നു തലയുയർത്തി….
അതേ….. അവർ രണ്ട് പേരും കൂടി പോയാൽ തിരിച്ചു വരും വരെ ഹൃദയം പിടച്ചു കൊണ്ടേയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നത് കൊണ്ട് തന്നെയാണ് അവൾ പോകാൻ പുറപ്പെട്ടത്…….
മായയും അർജുനും നടന്നതിനു പിറകെ അവളും നടന്നു……
അവര് മാത്രമല്ല….. കുട്ടികൾ എല്ലാവരും പോകാൻ തയ്യാറായി അവിടെ നിൽക്കുന്നുണ്ട്….
അങ്ങനെ അവരുടെ ഇടയിൽ താനും ഒരാളായി നടന്നു…….
അവിടെ നിന്നും അല്പം നീങ്ങിയപ്പോൾ തന്നെ ഇരു വശങ്ങളിലും നിരന്നു നിൽക്കുന്ന മനോഹരമായ വയലേലകൾ അവളുടേ മനസ്സിനെ തണുപ്പിച്ചു…..
വയലിന്റെ അറ്റത്തു ആകാശം മുട്ടി നിൽക്കുന്ന കവുങ്ങുകൾ……..
അവിടമാകെ വീശിയടിക്കുന്ന കവുങ്ങ് പൂത്ത മണം….
ഒരു മുല്ലപ്പൂവിന്റേത് പോലെയുള്ള മണം……
കാറ്റും കുളിരും സുഗന്ധവും ആസ്വദിച്ചവളങ്ങനെ നിന്നു……
അർജുന്റെ കണ്ണുകൾ അവളെ മാത്രം തഴുകി…….
ചെളി നിറഞ്ഞ പാട വരമ്പിലൂടെ നടക്കുമ്പോഴാണ് ഒരു കുഞ്ഞു നീർ ചോല എല്ലാവരും ചാടി കടക്കുന്നതവൾ കണ്ടത്…..
അവളൊരു നിമിഷം ഒരു ശങ്കയോടെ നിന്നു……
പിന്നെ രണ്ടും കല്പ്പിച്ചു അതിനെ കടന്ന് ചാടിയതും ആ വെള്ളത്തിലേക്ക് വീണെന്ന് കരുതിയ അതേ നിമിഷമാണ് അരക്കെട്ടിലൂടെ ഒരു പിടുത്തം വന്നത്……
അവൾ കണ്ണുകൾ അവനിലേക്കുയർത്തി….
അതേ…. എന്നത്തേയും പോലെ ആ കൈകൾ അവന്റേത് തന്നെയാണ്…..
ഒരു അപകടത്തിനും വിട്ട് കൊടുക്കാതെ തന്നെ ചേർത്ത് പിടിക്കുന്ന അതേ കയ്കൾ…..
അതിനി ഒത്തിരി സമയം തന്റെ കൂടെയുണ്ടാകില്ലെന്നോർക്കേ അവളുടേ ഹൃദയം ഒന്ന് പിടച്ചു…..
ഹേയ്…. അഞ്ജലി…. വല്ലതും പറ്റിയോ….
മിഴികൾ അടർന്നു മാറാൻ മടിച്ചു നിന്നൊരാ സമയം….
അവന്റെ നോട്ടം തന്റെ ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ആ
നിമിഷമാണ് മായയത് ചോദിച്ചത്…….
അവൻ അവളിൽ നിന്നും പതിയേ കൈ അയച്ചു….
അവളും ഒരു മടിയോടെ അവനിൽ നിന്നകന്നു മാറി……
അവർ വീണ്ടും നടന്നെത്തിയത് ഒരു കിണറ്റിൻ കരയിലേക്കായിരുന്നു…..
കിണറിന്റെ ഒരു വശം പൊളിഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ വെള്ളം പുറത്തേക്കൊഴുകി അവിടെയൊരു കുളം പോലെ കെട്ടി നിൽക്കുന്നുണ്ട്…..
തെളിഞ്ഞ വൃത്തിയുള്ള വെള്ളം…..
ഓരോരുത്തരായി അതിലേക്കിറങ്ങി……
അർജുൻ ഇറങ്ങാതെ നിന്നത് കൊണ്ട് തന്നെ അഞ്‌ജലിയും ഇറങ്ങിയില്ല…
മായ വെള്ളം അർജുന്റെ മുഖത്തേക്ക് തെറിപ്പിക്കുന്നത് നോക്കി അഞ്ജലി അങ്ങനെ നിന്നു…
അവരുടെ ഓരോ ചലനങ്ങളും തന്നെ എന്തിനാണ് ഇത്രയേറെ വേദനിപ്പിക്കുന്നത്….
അവൻ കല്പടവിലിരുന്നു വെള്ളത്തിലേക്ക് കാലിട്ടിരിക്കുകയാണ്…
അവൾക്കും അതിൽ വല്ലാത്തൊരു രസം തോന്നിയത് കൊണ്ട് തന്നെ അവനിൽ നിന്നല്പം വിട്ട് മാറി അങ്ങനെ അവളും ഇരുന്നു…….
തെളിഞ്ഞ വെള്ളത്തിൽ അവളുടേ വെളുത്ത കാലുകൾ തിളങ്ങുന്നത് പോലെ അവന് തോന്നി…..
അവൾ അവനിലേക്ക് നോക്കിയതും അവൻ പെട്ടെന്ന് നോട്ടം മാറ്റി കണ്ണുകൾ വെള്ളത്തിലേക്ക് നീക്കിയങ്ങനെ ഇരുന്നു….
വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കുന്ന അവളെ തെളിഞ്ഞ വെള്ളത്തിൽ കണ്ണാടി പോലെ അവൻ കാണുന്നുണ്ടായിരുന്നു…..
അവന്റെ മനസ്സ് എന്തോ ഒരു ആനന്ദത്തെ പേറുമ്പോഴും അവസാന നിമിഷത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ഇനിയും പ്രതീക്ഷകൾ വെക്കണോ എന്നവന് സംശയം തോന്നി…..
അവളുടേ മനസ്സിലേ അപകർശതാ ബോധത്തേക്കാൾ അവൾക്ക് തന്നോടുള്ള സ്നേഹത്തിനു മുൻതൂക്കം വരുന്നതെപ്പോഴോ അന്ന് അഞ്ജലി അർജുന് സ്വന്തമാകും…….
ഇവിടെയല്ലെങ്കിൽ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും താനവൾക്ക് വേണ്ടി കാത്തിരിക്കുക തന്നെ ചെയ്യും….
അവൻ കാൽ വിരലുകൾ കൊണ്ട് വെള്ളമൊന്നിളക്കി…..
(തുടരും)