17/04/2026

മൂക്കുത്തി : ഭാഗം 01

രചന – ആയിഷ അക്ബർ

മുത്തശ്ശി…. എനിക്ക്…. എനിക്ക് അഞ്ജലിയെ ഇഷ്ടമാ…..

അരുണത് പറഞ്ഞതും മുത്തശ്ശി അവനെയൊന്ന് നോക്കി…..

ഞങ്ങളുടെ വിവാഹക്കാര്യം മുത്തശ്ശി വേണം ഇവിടെ സംസാരിക്കാൻ….

അരുൺ വിവാഹം എന്ന് കൂടി പറഞ്ഞതോടെ മുത്തശ്ശിയുടെ മുഖമൊന്നു തിളങ്ങി….

മോനെ അരുണേ….
അഞ്ജലി നല്ല കുട്ടിയാ….
നിന്റെ പെരുമാറ്റത്തിൽ നിന്നും നിനക്കവളെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്….

പക്ഷെ……
നീ മംഗലത്തെ അനന്തരാവകാശികളിൽ ഒരാളാണ്….
എന്നാൽ അവളോ….
ഏതോ ഒരു തമിഴനാണ് അവളുടേ അച്ഛൻ…..
രോഗിയായ അമ്മ…..
ഇരുവരും അമ്മാവന്റെ വീട്ടിലെ ആശ്രിതരാണ്…..

ഇതെല്ലാം എനിക്കറിയാകുന്നതല്ലേ മുത്തശ്ശി…..

മുത്തശ്ശി പറഞ് മുഴുവനാക്കും മുമ്പേ അരുൺ ഇടയിൽ കയറി പറഞ്ഞതും മുത്തശ്ശിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു …..

എനിക്ക് സന്തോഷമേയുള്ളൂ കുട്ടി…. പക്ഷെ നിന്റെ അച്ഛനും വല്യച്ഛനുമൊക്കെ എങ്ങനെ പ്രതികരിക്കുമെന്നു പോലും എനിക്കറിയില്ല….
നിന്റെ മുത്തശ്ശൻറെ അതേ സ്വഭാവം അവർക്കുമുണ്ട്….

ജാതി….. സമ്പത്… കുടുംബ മഹിമ….
ഇതൊക്കെയാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനമെന്നൊരു വിശ്വസിച്ചിരുന്ന ആളായിരുന്നു നിന്റെ മുത്തച്ഛൻ….

പക്ഷെ നിനക്കാ സ്വഭാവം കിട്ടാത്തതിൽ മുത്തശ്ശിക്ക് സന്തോഷമുണ്ട് കുഞ്ഞേ….

മുത്തശ്ശി അതും പറഞ് അവന്റെ മുടിയിഴകളിൽ ഒന്ന് വാത്സല്യത്തോടെ തലോടി…..

ആര് എതിർത്താലും എനിക്കവളെ മതി മുത്തശ്ശി……

അരുൺ ഉറച്ച വാക്കുകളോടെ അതും കൂടി പറഞ്ഞപ്പോൾ മുത്തശ്ശി മനോഹരമായോന്ന് പുഞ്ചിരിച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പതിവ് സമയം ആയപ്പോൾ അരുൺ മുറ്റത്തേക്കിറങ്ങി നിന്നു……

അവൾ ക്ലാസ് കഴിഞ്ഞ് വരുന്ന സമയമാണ്…..

അതാ…. കുറച് ദൂരെ നിന്നായി അവൾ വരുന്നത് കാണാം…..

ചുവപ്പും ചന്ദന കളറും ചേർന്നൊരു സാരിയാണ് അവളുടേ യൂണിഫോം….

നീളൻ മുടി പിറകിലേക്ക് പിന്നിയിട്ടിട്ടുണ്ട്….

നെറ്റിയിലൊരു കുഞ് പൊട്ട്…..

വൈകുന്നേരം വരെയുള്ള ക്ഷീണം ആ മുഖത്തൊരു ചുവപ്പായി പടർന്നിട്ടുണ്ട്….

വരച്ചു വച്ച പോൽ അത്രയും ഭംഗിയുള്ള മൂക്കിൻ തുമ്പിൽ വിയർപ്പ് പറ്റി പിടിച്ചിട്ടുണ്ട്……

അത്രയും ആകർഷണം തോന്നുന്നൊരു ചിരി താൻ മറ്റൊരാൾക്കും കണ്ടിട്ടില്ല….

അത്രയേറെ സുന്ദരിയാണവൾ….

കുടുംബ മഹിമ പറയുന്ന ഒരു തറവാട്ടിലും ഇല്ലാ അത്രയും ഭംഗിയുള്ളൊരു പെണ്ണെന്നു അവനോർത്തു…..

മംഗലം വീടിന്റെ മുമ്പിലെത്തിയതും അവളുടേ കണ്ണുകൾ തന്നെ നോക്കി നിൽക്കുന്ന അവനിലേക്ക് നീണ്ടു…..

അവൾ ഇടം കണ്ണാൽ അവനെ നോക്കുമ്പോൾ അവൻ അവൾക്ക് നേരെ കണ്ണിറുക്കി കാണിച്ചതും അവൾ വേഗം നോട്ടം വെട്ടിച്ചു നടന്നു കളഞ്ഞു….

പക്ഷെ അവനിൽ നിന്നും മുഖം തിരിച്ച ആ നിമിഷം അവളുടേ അദരങ്ങളും ഒരു പുഞ്ചിരിയെ കൈ വഷപ്പെടുത്തിയിരുന്നു….

ആഗ്രഹിക്കാൻ അർഹതയില്ലെന്ന് പറഞ് മനസ്സിനെ വിലക്കുമ്പോഴും അവന്റെ ചിരിയിലേക്ക് താൻ ചാഞ്ഞു പോകുന്നുണ്ടോ ഈശ്വരാ….

അവൾ നടത്തത്തിന് വേഗത കൂട്ടി…..

എങ്കിലും പതിവ് പോലെ ആളൊഴിഞ്ഞ ആ ഇട വഴിയിൽ എത്തിയപ്പോഴേക്കും ബുള്ളറ്റിന്റെ ശബ്ദം തന്റെ അടുത്തെത്തിയിരുന്നു…..

അഞ്ചു….

അവൻ വിളിച്ചപ്പോഴും അവൾ തിരിഞ്ഞു നോക്കാതെ തന്നെ നടന്നു…..

അവൻ ബൈക്കിൽ നിന്നും ഇറങ്ങി അവളുടേ കൂടെ ചെന്നു….

അഞ്ജലി..തനിക്കെന്നെ ശെരിക്കും ഇഷ്ട്ടമില്ലേ….

അവൻ മുമ്പിൽ കയറി നിന്നത് ചോദിക്കുമ്പോൾ അവൾ അവനിലേക്കൊന്ന് നോക്കി…..

എനിക്ക് ഇഷ്ടമുണ്ടോ ഇല്ലയോ എന്നതിൽ പ്രസക്തിയില്ല അരുണേട്ടാ….
ഇതൊന്നും….. ഇതൊന്നും നടക്കില്ല…..
നിങ്ങളും ഞാനും തമ്മിൽ ആകാശവും ഭൂമിയും പോൽ ദൂരമുണ്ട്…..

എനിക്ക് വെറുതെ ആഗ്രഹങ്ങൾ തന്ന് എന്നേ ദുഖത്തിലാക്കരുത്….

മാത്രവുമല്ല…..ഞങ്ങൾ നിങ്ങളുടെ വീട്ടിലെ ജോലിക്കാരാണ്…..

ഇതെന്തെങ്കിലും പ്രശ്നമായാൽ എന്റെ അമ്മക്കത് സഹിക്കാൻ കഴിയില്ല…….

അത് കൊണ്ട് ഇനിയും എന്നേ ബുദ്ധിമുട്ടിപ്പിക്കരുത് പ്ലീസ്….

അവളത് പറഞ് പോകാൻ തുടങ്ങിയതും അവൻ യാന്ത്രികമായി അവൾക്ക് മുമ്പിൽ നിന്നും അല്പം മാറി കൊടുത്തിരുന്നു…..

എങ്കി കേട്ടോ…. മംഗലത് നിന്ന് പെണ്ണ് ചോദിച്ച് വരും നിന്റെ വീട്ടിലോട്ട് ….
അപ്പൊ ഇങ് പോന്നോണം….

അവൻ ഏതോ ഓർമയിൽ നിന്നുണർന്നെന്ന വണ്ണം അത് പറഞ്ഞതും അവളൊന്ന് നിന്നു…..

പിന്നീട് പതിയേ അവനിലേക്കൊന്ന് തല ചെരിച്ചു….

അവനവളെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുകയാണ്…..

അവൾ കണ്ണുകളിലേ പിടപ്പ് അവൻ കാണാതിരിക്കാൻ വേഗം തിരിഞ്ഞു നടന്നു…..

വീട്ടിലെത്തുമ്പോഴും ഒരു കുഞ്ഞ് ചിരിയോടെയാണ് അകത്തേക്ക് കയറിയത്….

കാല് കഴുകി തിണ്ണയിലേക്ക് കയറിയപ്പോഴേ കണ്ടു തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അമ്മായിയെ…

നീയെവിടെയായിരുന്നെടി അസത്തെ ഇത്ര നേരം….

സുധ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അഞ്ജലി മുഖമുയർത്തി അവരെയൊന്നു നോക്കി..

എനിക്ക് കുറച് തുണിയും നൂലും വാങ്ങാനുണ്ടായിരുന്നു….

അതും പറഞ്ഞവൾ തുന്നാൻ വേണ്ടി വാങ്ങിയ നൂലും കുറച്ച് തുണികളും തുന്നൽ മെഷീനിന്റെ അടുത്തായി വെച്ചു…

നേരം ഇത്രയായതറിയില്ലേ…
പോയി ചായ വെക്കെടി….
ഇന്നാണെങ്കി നിന്റെ തള്ളയും അവിടെ കിടക്കാന്നു തോന്നുന്നു…..

അപ്പോഴേക്കും പിറകിൽ നിന്ന് അമ്മായിയുടെ ശകാരം ഉയർന്നിരുന്നു….

അമ്മയെയും കൂടി പറഞ്ഞപ്പോൾ അഞ്‌ജലിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല…..

അല്പം ചായ ഉണ്ടാക്കി കുടിച്ചെന്ന് വെച്ച് ആരുടേയും കയ്യിലെ വള ഊരി പോകത്തൊന്നുമില്ല…

അല്ലെങ്കിലും ഞങ്ങളിവിടുത്തെ ജോലിക്കാരോന്നുമല്ലല്ലോ…

അഞ്ജലി ദേഷ്യത്തോടെ അത് പറഞ്ഞപ്പോഴേക്കും സുധയുടെ കണ്ണുകളിൽ ചുവപ്പ് പരന്നു….

അല്ലേടി….. നീയിവിടുത്തെ രാജ കുമാരിയാ…. നിന്റെ തള്ള റാണിയും…..
നിങ്ങടെ രണ്ടെണ്ണത്തിന്റെയും സ്വഭാവം കൊണ്ട് ആ അണ്ണാച്ചി രാജാവിനെ ആദ്യമേ ദൈവം അങ്ങ് വിളിച്ചല്ലോ……

സുധ ഉള്ളിലെ ദേശ്യം മുഴുവൻ പുറത്തേക്ക് ശർദ്ധിക്കുമ്പോൾ വാക്കുകൾ അഞ്ജലിയെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു….

അവൾ മുടിയൊന്ന് കെട്ടഴിച്ചു…. യൂണിഫോം പോലും മാറാതെ അടുക്കളയിലേക്ക് നടന്നു….

തണുത്ത വെള്ളം കൊണ്ടൊന്നു മുഖം കഴുകി….

പിന്നീട് കരി പുരണ്ട ആ പാത്രമെടുത് വെള്ളവും പഞ്ചസാരയും ചേർത്ത് അടുപ്പത്തേക്ക് വെച്ച് കത്തിച്ചു…..

അപ്പോഴും അച്ഛനെയും അമ്മയെയും അടക്കമുള്ള അമ്മായിയുടെ പറച്ചിൽ നിന്നിട്ടില്ലായിരുന്നു…..

അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

അമ്മക്ക് വയ്യാത്തതാണ്….. അമ്മ ഇത് എങ്ങാനും കേട്ട് വന്നാൽ അപ്പൊ വയ്യാതാവും……

എങ്കി ഈ ചൂട് ചായ ഞാനാ സാധനത്തിന്റെ തല വഴി ഒഴിക്കും……

അഞ്ജലി പിറു പിറുത് കൊണ്ട് തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടിയും ഇട്ട് വാങ്ങി വെച്ചു…..

അവൾ ക്ലോക്കിലേക്കൊന്ന് നോക്കി…..

അമ്മ മംഗലത് നിന്നും എത്തിയിട്ടില്ലല്ലോ ഇത് വരെ….

ഈ നേരത്തൊക്കെ എത്തേണ്ടതാണ്…..

അത് കൊണ്ടാണ് മംഗലം വീടിന്റെ മുറ്റത്ത് കൂടെ വന്നിട്ടും ഞാൻ അമ്മയെ നോക്കാതിരുന്നത്….

അരുണേട്ടൻ അവിടെയുള്ളതും മറ്റൊരു കാരണമാണ്…..

അവൾ ഡ്രസ്സ്‌ പോലും മാറാൻ നിൽക്കാതെ ഉമ്മറ പടികളിറങ്ങി……

ഈ ചായ ഒന്ന് ടേബിളിലേക്ക് എടുത്ത് വെക്കാൻ ഇനി പറയണോ….

അപ്പോഴാണ് മായ അതും ചോദിച്ച് അകത്തു നിന്നും വരുന്നത്…..

എനിക്ക് തന്ന പോലെ രണ്ട് കൈ ദൈവം നിനക്കും തന്നിട്ടുണ്ടല്ലോ…..
ഇനി അതും പോരെങ്കിൽ നിന്റെ അമ്മേടെ നാക്കും കൂടി കടം വാങ്ങിക്കോ…..

അത്രയും നേരം മനസ്സിലിട്ട് ഉരുട്ടിയ ദേഷ്യമോ സങ്കടമോ അങ്ങനെ പറയാൻ കാരണമെന്നവൾക്ക് അറിയില്ലായിരുന്നു….

മായ ദേഷ്യത്തോടെ നിൽക്കുന്നത് കണ്ടെങ്കിലും അത് കണ്ടില്ലെന്ന് നടിച് കൊണ്ട് അവൾ തിടുക്കപ്പെട്ട് നടന്നു..

പിറകിലൂടെയുള്ള വഴിയിലൂടെയാണ് അവൾ മംഗളത്തേക്ക് കടന്നത്…….

കുറച്ച് നേരം അടുക്കളപ്പുറത്തങ്ങനെ നിന്നു…

അവിടെയുള്ള സ്ത്രീ ജനങ്ങളൊന്നും തന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല…..

അല്ല…. കണ്ട ഭാവം നടിക്കാൻ മാത്രം ഒന്നുമല്ലല്ലോ ഞാൻ…..

എങ്കിലും അമ്മ എവിടെ എന്നെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു……

അതിനോടൊപ്പം അരുണേട്ടൻ എവിടെയെങ്കിലും ഉണ്ടോയെന്നു കണ്ണുകൾ തിരയുന്നുണ്ടായിരുന്നു….

തന്നെ മുത്തശ്ശി വിളിക്കുന്നുണ്ട്…..

അരുണേട്ടന്റെ അനിയത്തി അനഘ വല്യ താല്പര്യമില്ലാത്ത മട്ടിലതും പറഞ് അകത്തേക്ക് കയറിയതും മംഗലത്തമ്മയുടെ മുറി ലക്ഷ്യമാക്കി അവൾ നടന്നു……

അവിടെ ചെന്ന പാടേ മംഗലത്തമ്മയുടെ മുറിയിലായി അമ്മയെ കണ്ടതും അല്പം ആശ്വാസം തോന്നി..

എന്റെ അഞ്ജലി കുട്ടി എന്താ അവിടെ നിന്നിരുന്നേ……

അവരത് ചോദിക്കുമ്പോൾ ജനലിലൂടെ കണ്ടതാകുമെന്ന് അവളുഹിച്ചു…..

മംഗലത്തമ്മയുടെ ചിരിക്കും സംസാരത്തിനുമെല്ലാം ഒരു പ്രത്യേക വാത്സല്യമാണ്….

ചെറുപ്പം മുതൽ അമ്മയോടൊപ്പം ഇവിടെ വരുമ്പോൾ കയ്യിൽ ആരും കാണാതെ ഒരു മടക് തരുമായിരുന്നു….

ആ കനിവിൽ തന്നെയാണു താനിന്നും പഠിക്കുന്നത്….

പി ജി കഴിഞ്ഞതും ബി എഡ് ചെയ്യാനുള്ള ആഗ്രഹം മാത്രമേ കയ്യിലുണ്ടായിരുന്നുള്ളു….

അപ്പോഴും അതിനുള്ള പണവും തന്നത് അവർ തന്നെയായിരുന്നു….
അതൊന്നും ഇവിടെ ആർക്കും അറിയില്ല….

ക്ലാസ്സൊക്കെ തുടങ്ങിയോ…. എങ്ങനെയുണ്ട്….
വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ തന്നെ അടുത്തിരുത്തി മുടിയിലൂടെ വാത്സല്യത്തോടെ ഒന്ന് തലോടി….

അമ്മ അതെല്ലാം കണ്ട് അപ്പുറത് നിൽക്കുന്നുമുണ്ട്…..

എങ്കി വാ മോളേ…. നമുക്കിറങ്ങാം….

അമ്മ അതും പറഞ് പുറത്തേക്ക് നടന്നതും അവളും പിറകെ പോകാനൊരുങ്ങിയപ്പോഴാണ് കയ്യിലൊരു പിടുത്തം വീണത്……

എന്റെ കൊച്ച് മോളായി വരാനുള്ള പുറപ്പാടാണല്ലേ….

മുത്തശ്ശി ചെറു ചിരിയോടെ അടക്കി പിടിച്ചു കൊണ്ട് അത് ചോദിച്ചതും അവളൊന്ന് ചൂളി പോയിരുന്നു….

ഞാൻ…… അത്….

അരുണെന്നോട് പറഞ്ഞു എല്ലാം…. ഇനിയിപ്പോ എല്ലാവരെയും സമ്മതിപ്പിക്കേണ്ടത് എന്റെ ജോലിയാണത്രേ…..

അതും പറഞ് അവരൊന്നു ചിരിക്കുമ്പോഴും ഒരിക്കലും നടക്കില്ലെന്നു തന്നെ കരുതിയ ഒരു കാര്യം കേട്ട മട്ടിൽ അങ്ങനെ നിൽക്കുകയായിരുന്നവൾ……

അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മനസ്സ് സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു…..

വരാന്തയിൽ നിന്നിരുന്ന അരുണേട്ടൻ എല്ലായ്പ്പോഴും എന്ന പോലെ അപ്പോഴും തന്നെ നോക്കുന്നുണ്ട്…..

പതിവില്ലാത്തൊരു തിരിഞ്ഞു നോട്ടം അവനായി നൽകുമ്പോൾ അവന്റെ മുഖത്തെ പ്രകാശം അവൾ വ്യക്തമായി കണ്ടിരുന്നു……..

(തുടരും)