18/04/2026

മൂക്കുത്തി : ഭാഗം 29

രചന – ആയിഷ അക്ബർ

അവളില്ലാത്ത നേരമത്രയും അർജുന് വല്ലാത്തൊരു മൂഖത തോന്നി…..

ഇപ്പൊ അവളില്ലാതെ പറ്റില്ലെന്നൊരു തോന്നലാണ്…

അപ്പൊ അവൾ തന്നെ വിട്ട് എന്നന്നേക്കുമായി പോയാലോ….

ഓർക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മുറിപ്പെട്ടിരുന്നു…..

അപ്പോഴും അവൾ തന്നിലേക്ക് നോക്കിയ ആ നോട്ടം മനസ്സിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അരുണിന്റെ നമ്പർ ഒന്ന് തരു….

അത് പറഞ്ഞു കൊണ്ടാണ് പത്മ താരയുടെ മുറിയിലേക്ക് കയറി ചെന്നത്……

മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന താര അവരെ കണ്ടതും എഴുന്നേറ്റു….

എന്നാൽ പത്മയുടെ കണ്ണുകൾ താരയിലൊതുങ്ങിയില്ല….

ആ മുറിയിലൂടങ്ങനെ ചുറ്റി നടക്കുമ്പോൾ അവരുടെ മുഖം ചുളിയുന്നുണ്ടായിരുന്നു….

അത്ര മേൽ വൃത്തി ഹീനമായി ആ മുറിയെ അവർക്ക് തോന്നി….

തുണികളെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു….

അവിടെയുള്ള ഒന്നും അച്ഛടക്കത്തിൽ ഇരിക്കുന്നത് കാണുന്നില്ല….

എല്ലാം സ്ഥാനം തെറ്റി ചിതറി കിടക്കും പോലെ….

അലക്കാനുള്ള അരുണിന്റെ തുണികളെല്ലാം കുന്ന് കൂടി കിടപ്പുണ്ട്……

എന്താ അപ്പച്ചി…..

താര അത് ചോദിച്ചതും പത്മയുടെ കണ്ണുകൾ അവളിലേക്ക് നീങ്ങി….

അരുണിന്റെ നമ്പറോന്ന് തരു……

പത്മ വലിയ താല്പര്യമില്ലാതെ അത് പറഞ്ഞതും അവൾ വേഗം ഫോണിൽ നിന്നും നമ്പർ പറഞ് കൊടുത്തു…..

പത്മക്ക് ആ മുറി വീട്ടിറങ്ങുമ്പോഴും മനസ്സിൽ താരയോടൊരു നീരസം നിറഞ്ഞൂ നിന്നിരുന്നു….

അവർ അവിടെ നിന്നും നേരെ പോയത് അർജുന്റെ അടുത്തേക്കാണ്….

അവന്റെ മുറിയുടെ പാതി ചാരിയ വാതിൽ തുറന്നപ്പോൾ തന്നെ അർജുൻ കട്ടിലിൽ കിടക്കുന്നത് കണ്ടിരുന്നു…

അവരുടെ കണ്ണുകൾ അവർ പോലുമറിയാതെ ആ മുറിയിലൂടെ തെന്നി നീങ്ങി…..

അവിടെ ഓരോ സാധനങ്ങൾക്കും അതിന്റെതായ സ്ഥാനമുണ്ടായിരുന്നു…..

ബെഡിൽ വിരിച്ച ഷീറ്റ് പോലും നീങ്ങിയിട്ടില്ലെന്നത് അവർ ശ്രദ്ധിച്ചു….

അത്രയേറെ വൃത്തിയിൽ ആ മുറി കാണപ്പെട്ടിരുന്നു…

അർജുന് ഇത്രയും വൃത്തിയിൽ മുറി സൂക്ഷിക്കാൻ കഴിയില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ഒരു നിമിഷം അവർ അവളെയൊന്നോർത്തു…

പത്മയെ കണ്ടതും അർജുൻ എഴുന്നേറ്റു….

എന്താ നിന്റെ മനസ്സിൽ…..
പോകും വരെ വെറുതെയിങ്ങനെ നടക്കാനാണോ ഭാവം….

പത്മ അത് ചോദിക്കുമ്പോൾ അവനൊന്നും മിണ്ടിയില്ല….

വല്യ എം ബി എ ക്കാരനാണെങ്കിലും ബിസ്സിനെസ്സിലേക്കൊന്നും നീ തിരിഞ്ഞു നോക്കുന്നില്ലെന്ന് വല്യമ്മാമ്മ ഇന്നലെ കൂടി പറഞ്ഞേയുള്ളൂ…..

ഇതെല്ലാം നമ്മളുടേത് കൂടിയാണ്…

ഫാക്ടറിയിലെ കാര്യങ്ങൾ നാളെ മുതൽ നീ വേണം നോക്കാൻ….

കടയിലേക്ക് സാധനം എടുക്കാൻ ഇന്ന് അരുണിന്റെ കൂടെ നിന്നെയും വിടാനാ അമ്മാമ്മ പറഞ്ഞിരിക്കുന്നത് …..

പത്മ അത് പറയുമ്പോഴും അർജുൻ പതിയേ തല കുലുക്കി…..

എന്നാണ് എന്റെ മോനിത്ര നന്നായി മുറി സൂക്ഷിക്കാൻ പഠിച്ചത്…..

നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നിന്നവരത് ചോദിക്കുമ്പോഴും മനസ്സിൽ അവളുടേ മുഖം വന്നിരുന്നു….

അർജുൻ ചുറ്റുമോന്ന് നോക്കി……..

അതിനീ മുറിയിൽ ഞാൻ മാത്രമല്ലല്ലോ ഉള്ളത്….

അർജുൻ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞതും തിരിച്ചൊന്നും പറയാതെ അവർ അവിടം വിട്ടിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അത്ര നേരം അവനെ കാണാതിരുന്നത് കൊണ്ട് തന്നെ കോളേജിൽ നിന്ന് വന്നതും അവൾ ചുറ്റും കണ്ണോടിച്ചു….

അവിടെയെങ്ങും അവനില്ലാത്തത് കൊണ്ട് തന്നെ അവൾ വേഗം കോണിപ്പടികൾ കയറി….

അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടതും അകത്തവനുണ്ടല്ലോ എന്ന ആനന്ദത്തിലാവാം അവളുടേ ചൊടികളിൽ ഒരു മന്ദ ഹാസം തളിരിട്ടത്…

എന്നാൽ വാതിൽ തുറന്നതും അവളുടേ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു…

മുറി ശൂന്യമായിരുന്നു….

ഇന്നെങ്ങോട്ടും പോകുന്നതിനെ കുറിച്ചു പറയുന്നത് കേട്ടിട്ടില്ല….

അവൾക്കെന്തോ മനസ്സിലാകെയൊരു നിരാശ പോലെ…..

കുളിച് മാറ്റി കഴിഞവൾ അടുക്കളയിലേക്ക് നടന്നു…

പത്മയെയും അവിടെയെങ്ങും കാണാത്തതിൽ അവളുടെ ഉള്ളിലൊരു ഭയം കൂടി നിന്നു….

ഇനി അവനെയും കൊണ്ടവർ തിരിച്ചു പോയി കാണുമോ…

അവളുടേ ഹൃദയം ഒന്ന് പിടച്ചു..

ഏയ്…. അവനങ്ങനെ തന്നെ തനിച്ചാക്കി പോകില്ല…..

അവൾ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു…..

എങ്കിലും മനസ്സെറെ അസ്വസ്തമെന്ന് തോന്നിയപ്പോൾ മംഗലത്തമ്മയെ ലക്ഷ്യമാക്കി നടന്നു…..

ആ…. നീ വന്നോ….

മംഗലത്തമ്മയുടെ ചോദ്യങ്ങൾക്ക് അവൾ മറുപടി പറയുമ്പോഴും അവനെ കുറിച്ചെങ്ങനെ ചോദിക്കുമെന്നതായിരുന്നു അവളുടേ ആധി….

എല്ലാവരും എവിടെ…..
അവൾ പതിയെ അത് ചോദിക്കുമ്പോൾ മംഗലത്തമ്മക്ക് വ്യക്തമായിരുന്നു അത് അർജുന് വേണ്ടിയുള്ള ചോദ്യമാണെന്ന്….

എല്ലാവരും അവിടെ ഉണ്ടല്ലോ…..

അവർ അലസമായി പറഞ്ഞു….

ഉത്തരത്തിൽ അവൾ തൃപ്തയല്ലെന്ന് ആ മുഖത്തു നിന്നവർക്ക് മനസ്സിലായിരുന്നു….

പിന്നെ പത്മയും അർജുനും……

അത് മുത്തശ്ശി പറഞ് വെച്ചതും അവൾ പെട്ടെന്ന് മുഖം അവരിലേക്കുയർത്തി…..

അവര് തിരിച് അമേരിക്കയിലേക്ക് പോയി…..

മുത്തശ്ശി സ്വരം അൽപം താഴ്ത്തി അത് പറഞ്ഞതും അവളുടേ ഹൃദയമിടിപ്പ് നിലച്ചു പോയത് പോലവൾക്ക് തോന്നി…..

അവൾ അങ്ങനെ തറഞ്ഞു നിന്നു….

എന്നായാലും പോകേണ്ടവരാണെന്ന് തന്റെ മനസ്സിനറിയാം…

എന്നാൽ ആ നിമിഷം ഇത്രയേറെ തന്നെ വേദനിപ്പിക്കാൻ കെൽപ്പുള്ളതായി മാറിയിട്ടുണ്ടെന്ന് താനറിഞ്ഞിട്ടില്ല….

എന്തേ….നിനക്ക് വെഷമണ്ടോ…

അവളുടേ താടി തുമ്പിൽ പിടിച് മംഗലത്തമ്മ അത് ചോദിക്കുമ്പോൾ ഇല്ലെന്ന കള്ളം പറയാൻ അവൾക്ക് കഴിയാത്തത് കൊണ്ട് തന്നെ നിശബ്ദയായി…..

അമ്മേ……

വിങ്ങി നിൽക്കുന്ന ഹൃദയത്തിലേക്ക് ഇരച്ചെത്തിയ ഒരു തണുപ്പായിരുന്നു ആ സ്വരം…..

അവൾ പെട്ടെന്ന് പിറകിലേക്കൊന്ന് തിരിഞ്ഞു….

അവനെ കൂട്ടി തിരിച് പോയെന്ന് മംഗലത്തമ്മ പറഞ്ഞ പത്മയായിരുന്നു മുറിയിലേക്ക് കടന്ന് വന്നത്….

അഞ്ജലിയെ കണ്ടതും അവർ വേഗം അവിടെ നിന്നും ഉൾ വലിഞ്ഞു…..

അഞ്ജലി മംഗലത്തമ്മയിലേക്ക് നോക്കി….

ഞാൻ വെറുതെ പറഞ്ഞതാ…..
പത്മ ഗോപിയുടെ കൂടെ പോയതായിരുന്നു….
അർജുൻ അരുണിനൊപ്പം കടയിലെ സാധണങ്ങളെടുക്കാൻ പോയിരിക്കുകയാ…..

അവളുടേ മനസ്സറിഞ്ഞെന്ന വണ്ണം മംഗലത്തമ്മ അത് പറയുമ്പോൾ അവരിലൊരു ചെറു ചിരി സ്ഥാനം പിടിച്ചിരുന്നു….

മംഗലത്തമ്മ തന്നോട് പറഞ്ഞ കള്ളം എന്തിനായിരുന്നു എന്ന് അഞ്‌ജലിക്കും

അഞ്ജലിയുടെ മുഖത്ത് നിന്നും അവളുടേ മനസ്സിലെന്താണെന് മംഗലത്തമ്മക്കും വ്യക്തമായിരുന്നു….

അത് കൊണ്ട് തന്നെ കൂടുതൽ വാക്കുകൾ തമ്മിലവിടെ ഉരസേണ്ടി വന്നില്ല…..

അവൾ ഒരു ചെറു ചിരി അവർക്കായി നൽകി മുറിയിൽ നിന്നും ആശ്വാസത്തോടെ പുറത്ത് കടന്നു …..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രിയിലേക്ക് എല്ലാവർക്കും ചപ്പാത്തി മതി…..

അല്പം ചായ എടുത്ത് ഊതി കുടിക്കുക യായിരുന്ന അഞ്ജലിയോട് ശോഭ വന്നത് പറയുമ്പോൾ അവളവരെ യൊന്നു നോക്കി……

പിന്നെ ആ ചായ അവിടെ ബാക്കിയാക്കി ഗോതമ്പ് പൊടി നനച്ചു തുടങ്ങി…..

അപ്പോഴും പത്മ കണ്ടിരുന്നവളെ…..

എല്ലാവർക്കുമുള്ള ചപ്പാത്തി ഒറ്റക്ക് കുഴച്ചു പരത്തി ചുട്ടെടുക്കുന്നവളെ….

ഒരു നിമിഷം അവളെ കണ്ടില്ലെന്ന് നടിക്കുമ്പോഴും താൻ കാരണമാണ് ആ പെൺകുട്ടി അടുക്കളയിലൊതുങ്ങിയെന്നൊരു കുറ്റ ബോധം അവരിൽ കയറി ക്കൂടിയിരുന്നു…..,

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജോലിയെല്ലാം തീർത് മുറിയിലെത്തി പഠിക്കാനിരുന്നപ്പോഴാണ് മുറ്റത്ത് അരുണിന്റെ ബൈക്ക് വന്നു നിൽക്കുന്നതവൾ കാണുന്നത്…..

പക്ഷെ ഓടിക്കുന്നത് അരുണല്ല….
അവനായിരുന്നു….

അവളുടെ കണ്ണുകൾ അവനെ കണ്ടതും വിടർന്നു…..

മഴ വലിയ തുള്ളികളായി ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്ന ആ സമയം നനഞ്ഞു കൊണ്ട് ബുള്ളറ്റിൽ വരുന്ന അവനിൽ ഒരു നിമിഷം അവളുടേ മിഴികളുടക്കി….

അവനിട്ടിരുന്ന മഞ്ഞ നിറത്തിലുള്ള ഷർട്ട്‌ നനഞ്ഞു കുതിർന്നു ഉള്ളിലെ ബനിയനോട് പറ്റി പിടിച്ചു കിടന്നിരുന്നു……

അവൾ വേഗം ഹാങ്കറിൽ വെച്ച തോർത്ത്‌ മുണ്ടെടുത് കോണിപ്പടികളിറങ്ങി…..

അർജുനും അരുണും ബൈക്കിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുമ്പോൾ എല്ലാവരും ഉമ്മറത്തു തന്നെ യിരിക്കുന്നുണ്ട്….

അരുൺ വന്നത് കണ്ടതും താരയും മുറിയിൽ നിന്നങ്ങോട്ടോടി വന്നിരുന്നു……

അഞ്‌ജലിയും താരയും അങ്ങോട്ടെത്തിയത് ഒരുമിച്ചായിരുന്നു…..

അരുൺ താരയെയും അർജുൻ അഞ്ജലിയെയും ഒരുനിമിഷം നോക്കി നിന്നു…

താര വേഗം അരുണിന്റെ കയ്യിലെ കവർ പ്രതീക്ഷയോടെ വാങ്ങി….

അതേ സമയം അഞ്ജലി കയ്യിൽ പിടിച്ചിരുന്ന തോർത് അർജുന് നേരെ നീട്ടി…..

മംഗലത് തറവാട്ടിലെ എല്ലാ അംഗങ്ങളും അതിനെല്ലാം സാക്ഷിയായെന്ന വണ്ണം അവിടെ തന്നെയിരിക്കുന്നുണ്ട്…..

ഇതല്ല അരുൺ ഞാൻ പറഞ്ഞ കളർ….
കുഴപ്പമില്ല……
ഇതും എനിക്കിഷ്ടമായി….

കയ്യിലെ കവറിൽ നിന്നെടുത്ത ഡ്രെസ്സിനെ കുറിച് നനഞ്ഞൊട്ടി നിൽക്കുന്ന അരുണിനോടവളത് പറയുമ്പോൾ എല്ലാവരുടെയും മുഖമാകെ മങ്ങി പ്പോയിരുന്നു……

അർജുൻ അഞ്ജലിയെ ഒന്ന് നോക്കിയ ശേഷം തോർത്തു കൊണ്ട് വെള്ളം ഇറ്റി വീഴുന്ന അവന്റെ മുടിയിഴകളിൽ നിന്ന് വെള്ളം ഒപ്പിയെടുത്തു…..

സുകന്യ ക്ക് താരയോട് വല്ലാത്തൊരു ദേഷ്യം തോന്നി….

അവർ വേഗം എഴുന്നേറ്റ് പോയി അരുണിനൊരു തോർത്തു കൊണ്ട് വന്നു കൊടുത്തു….

താര ഇതൊന്നും ശ്രദ്ധിക്കാതെ കയ്യിൽ കിട്ടിയ ഡ്രെസ്സുമായി അകത്തേക്ക് പോയി….

തന്നെ കുറിച്ചു അല്പം പോലും അവൾ ആലോചിക്കാത്തത്തിൽ
അരുണിന് വല്ലാത്തൊരു പരിഭവം തോന്നി….

അതിലേറെ എല്ലാവരുടെയും മുഖം മാറിയത് കൊണ്ട് തന്നെ അരുൺ ജാള്യത യോടെ തല കുനിച്ചു….

പത്മ സുകന്യയിലേക്കൊന്ന് നോക്കി…

എപ്പോഴും താരയുടെ സ്വത്തുക്കളുമായി അഞ്ജലിയെ താരതമ്യപ്പെടുത്തുന്ന അവരെ പത്മക്കൊന്ന് കാണണമായിരുന്നു….

സുകന്യ പത്മയുടെ മുഖത്ത് നോക്കാൻ മടിച്ചു നിന്നു…..

അതറിഞ്ഞെന്ന വണ്ണം പത്മയോന്ന് ചിരിച്ചു…..

സ്വഭാവത്തിലും പെരുമാറ്റത്തിലും താരയുമായി അഞ്ജലിയെ താരതമ്യം ചെയ്യാനുള്ള സമയമായിരുന്നത്….

മംഗലത്തമ്മ ഇതെല്ലാം കണ്ട് അടക്കി പിടിച്ചൊരു ചിരിയോടെ അങ്ങനെ ഇരിക്കുന്നതും പത്മ ശ്രദ്ധിച്ചിരുന്നു…..

അർജുൻ തല തുവർത്തി കൊണ്ട് അവന്റെ നീളൻ മുടിയൊന്ന് കുടഞ്ഞു…..

അവന്റെ മുടിയിൽ പറ്റിപ്പിടിച്ച വെള്ളം അവളുടേ മൂക്കിൻ തുമ്പിൽ തട്ടി നിന്നതും അവൾ കണ്ണുകൾ ചിമ്മി തുറന്നു……

അവനവളെ നോക്കി നിൽക്കുമ്പോൾ അവനിൽ വിരിഞ്ഞ മന്ദഹാസം അവൾക്കനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നു…..

അതെ… ഇത്ര നേരം കഴിഞ്ഞ് അവനെ കാണുമ്പോൾ തന്റെ മനസ്സിലുള്ള ആ വികാരം തനിക്കവന്റെ കണ്ണുകളിലും കാണാൻ കഴിയുന്നുണ്ട്…..

അവൻ തോർത്തു മുണ്ട് അവളുടേ കയ്യിൽ തന്നെ കൊടുത്ത് മുറിയിലേക്ക് നടന്നു……

പിറകെ അവളും…..

അവർ പോയി കഴിഞ്ഞും ഉമ്മറത്താകെയൊരു നിശബ്‍ദത തങ്ങി നിന്നു….

അരുൺ ആരുടേയും മുഖത്ത് നോക്കാൻ കഴിയാതെ അകത്തേക്ക് പോയിരുന്നു…..

(തുടരും)