രചന – ആയിഷ അക്ബർ
അഞ്ചു…. നീയെവിടെയായിരുന്നു ഇത്ര നേരം…..
തിളയ്ക്കുന്ന വെള്ളത്തിലേക്ക് പൊടി യിടുമ്പോഴായിരുന്നു ജാനകിയവളോടത് ചോദിച്ചത്…….
ഞാൻ ഉറക്കത്തിൽ പെട്ടമ്മാ….
അല്ലാ….അമ്മ എന്താ ഇത്ര നേരമായിട്ടും വരാതിരുന്നേ….
ഹാ… ഞാൻ നീ ഇങ്ങോട്ടെത്തട്ടെയെന്നു കരുതി…..
അവരെഴുന്നേൽക്കുമ്പോഴേക്കും കാപ്പി ആയിട്ടില്ലെങ്കിൽ പിന്നേ അതിന്റെ വഴക്ക് കൂടി നീ കേൾക്കേണ്ടി വരില്ലേ….
ജാനകി അത് പറയുമ്പോൾ ആ മുഖം ദയനീയമായിരുന്നു…
അവരോട് പോകാൻ പറ അമ്മാ…. ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് കരുതി ഇവിടുത്തെ ജോലിക്കാരോന്നുമല്ലല്ലോ നമ്മൾ….
എന്നാൽ മംഗലത്തങ്ങനെയല്ല ചെയ്യുന്ന ജോലിക്ക് നമുക്ക് കൂലി തരുന്നുണ്ട്……
മംഗലത്തമ്മ എഴുന്നേൽക്കുമ്പോഴേക്കും അമ്മ അങ്ങ് ചെല്ലാൻ നോക്ക്……
അതും പറഞവൾ അവളുടേ ജോലികളിലേക് കടന്നു…..
മരം കോച്ചുന്ന തണുപ്പിൽ മൂടി പുതച്ചങ്ങനെ കിടക്കാനൊരു കൊതി ഉള്ളിലുണ്ടെങ്കിലും അവളതിനെ ഉള്ളിലൊതുക്കി അവളുടേ ജോലികളിലേക്ക് ഊളിയിട്ടു…..
ആ പിന്നേയ്….മംഗലത്തെ പത്മേടെ മോനിന്ന് വരുന്ന കാര്യം നിന്നോട് പറഞ്ഞിരുന്നോ……
ജാനകി നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നിന്നത് ചോദിച്ചതും അവളൊന്ന് ഞെട്ടി….
ആ…. പറഞ്ഞു……
അവൾ വല്യ താല്പര്യമില്ലാതെയാണത് പറഞ്ഞത്…..
എങ്കി ക്ലാസ് കഴിഞ്ഞ് വന്നു വേഗം കുളിച് അങ്ങോട്ട് വന്നോളൂ….
ഇരുട്ടാവാൻ കാത്തു നിൽക്കേണ്ട….
ആ കൊച്ചിനുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വെക്കേണ്ടി വരും….
അതും കൂടി കഴിഞ്ഞിട്ടേ ഞാൻ ഇറങ്ങു….
ജാനകി അത് പറഞ് പോകുമ്പോഴും മംഗലത്തേക്ക് പോകാൻ അഞ്‌ജലിക്ക് ഒട്ടും താല്പര്യം തോന്നിയില്ല…..
വർഷം ഇത്ര കഴിഞ്ഞെങ്കിലും അന്നത്തെ അവന്റെ ആ മുഖം തന്റെ മനസ്സിൽ വ്യക്തമായി തങ്ങി നിൽപ്പുണ്ട്……
അവനെ ഇനി താൻ ദിവസവും കാണണ്ടേ….
ഒന്ന് വേഗം പോയി കിട്ടിയാൽ മതിയായിരുന്നു….
അതിലേറെ ദേഷ്യം തനിക്കെന്തെന്ന് വെച്ചാൽ അവൻ വന്നാൽ മംഗലത്തെ മറ്റുള്ളവർ അവനെ കാണാനെന്ന പേരിൽ വരില്ലേ….
അവരുടെ മുഖം കാണാൻ പോലും തനിക്കിഷ്ടമില്ല…..
അവൾ സകല ദേഷ്യവും കൂടി പുട്ടും കുറ്റിയിലേക്ക് തള്ളി വിട്ടു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് ക്ലാസ് കഴിഞ്ഞ് അവൾ വന്നതും വേഗം കുളിച് ചുവപ്പ് നിറത്തിലുള്ള ആ കോട്ടൺ ചുരിദാറെടുത്തിട്ടു……
ഓഹ്…. ഇനി മംഗലത്തെ അടുത്ത ചെറുക്കനെ കറക്കാനുള്ള പോക്കായിരിക്കും ഇതല്ലേ….
താൻ അവിടെ നിന്നിറങ്ങുമ്പോൾ പിറകിൽ നിന്നും അമ്മായിയുടെ കുത്തു വാക്കുകൾ കേട്ടെങ്കിലും അത് കേട്ടതായി ഭാവിച്ചില്ല…..
അവിടെ നിന്നും മംഗലത്തേക്ക് എത്തുമ്പോൾ അമ്മ തിരക്കിട്ട പണികളിലാണ് …
അവന് വേണ്ടതോരൊന്നും ഉണ്ടാക്കി വെക്കുകയാണ്….
അവരുടെ അരികിൽ തന്നെ മംഗലത്തമ്മയുമുണ്ട്…..
താനും കൂടി അവരുടെ കൂടെ ചേർന്നതും എല്ലാം പെട്ടെന്ന് കഴിഞ്ഞിരുന്നു….
അഞ്ചലി…… മോള് പോയി ആ മുറിയൊക്കെ ഒന്ന് വൃത്തിയാക്ക്…..
അവനിപ്പോ വരുമായിരിക്കും….
ജാനകിയത് പറഞ്ഞതും അവൾ ചൂലും മുറവുമെടുത്താ മുറിയിലേക്ക് നടന്നു….
മാവിൻ ചോട്ടിലേക്ക് ജനൽ തുറക്കുന്ന മുകളിലെ ആ മുറി അവൾ അടിച്ചു വാരി തുടങ്ങി…..
നേരം സന്ധ്യ യോടടുത്തിരുന്നു…..
ഒതുക്കി വെക്കാൻ മാത്രം സാധനങ്ങളൊന്നുമില്ലാത്തത് കൊണ്ട് തന്നെ മുറി യവൾ പെട്ടെന്ന് വൃത്തിയാക്കി….
ആ മുറിക്കകത് താൻ കയറുന്നത് ആദ്യമായായത് കൊണ്ട് തന്നെ അവൾ ചുറ്റുമോന്ന് കണ്ണോടിച്ചു…..അപ്പുറത് നിറയെ മരങ്ങളായത് കൊണ്ടാവാം ആ മുറിയിൽ അത്രയേറെ തണുപ്പ് നിറഞ്ഞു നിന്നത്……..
മരത്തിന്റെ കൊത്തു പണികളുള്ള ആ കട്ടിൽ പുതിയ അതിഥിയെ കാത് കിടക്കുന്നുണ്ട്…..
വരുന്ന അഥിതിക്ക് പഴയ ആ മുരടൻ സ്വഭാവം തന്നെയായിരിക്കുമോ…..
തന്നോടുള്ള ദേഷ്യം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുണ്ടാകുമോ….
ഉണ്ടെങ്കിൽ തനിക്കെന്താ…
അതേ നിമിഷത്തിൽ അവളുടേ ചിന്തകൾ തകിടം മറിഞ്ഞു…..
ആ വെള്ള ക്കൽ മൂക്കുത്തി കണ്ണിലങ്ങനെ
തെളിഞ്ഞു നിന്നു..
തടിയലമാരയിൽ പിടിപ്പിച്ച ആ കണ്ണാടിയിൽ തന്റെ ഒഴിഞ്ഞ മൂക്കിലേക്കവൾ നോക്കി….
അപ്പക്കൊത്തിരി ഇഷ്ടമായിരുന്നു മൂക്കുത്തിയിട്ട് താൻ നടക്കുന്നത് കാണാൻ…. പക്ഷെ അന്നത്തെ ആ ദിവസത്തിന് ശേഷം പിന്നീട് മൂക്കുത്തി വാങ്ങാൻ കഴിഞ്ഞിട്ടില്ല….
അവളൊരു നെടു വീർപ്പോടെ ആ മുറിയിൽ നിന്നും പുറത്ത് കടന്നു…..
അപ്പോഴേക്കും അമ്മ വീട്ടിലേക്ക് പോയിട്ടുണ്ട്….
രാത്രി ഇരുളും തോറും ഒരു തരം പ്രയാസം മനസ്സിൽ പതിഞ്ഞു കൊണ്ടിരുന്നു…
താനും മംഗലത്തമ്മ യും എത്ര സ്വസ്ഥതയോടെയാണ് ഇവിടെ കഴിയുന്നത്…
ഇനി നാളെ മുതൽ അവനും കൂടി ഉണ്ടാകുമെന്നോർക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത…..
തനിക്കുള്ള സ്വാതന്ത്ര്യം കുറയുമായിരിക്കും….
ഇനി എന്നോട് കൂട്ടിന് വരേണ്ടന്നെങ്ങാനും മംഗലത്തമ്മ പറയുമോ…
എങ്കി സതീഷേട്ടനെ സഹിക്കേണ്ടി വരും….
ഓർക്കും തോറും അവളുടേ മനസ്സ് കൂടുതൽ കൂടുതൽ അസ്വസ്ഥമായി…..
ഉമ്മറത്തിരുന്നു മംഗലത്തമ്മയോടൊപ്പം സന്ധ്യാ നാമം ജപിക്കുമ്പോഴും കണ്ണുകൾ ആ പടിപ്പുരയിലേക്കായിരുന്നു….
പടിപ്പുര കടന്നാരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ടോയെന്ന് അവൾ നോക്കി കൊണ്ടിരുന്നു….
പക്ഷെ ആരും വന്നിരുന്നില്ല….
കോലായിരുന്നു പഠിക്കുമ്പോഴും കണ്ണുകൾ ജനലിലൂടെ പുറത്തേക്ക് തന്നെയായിരുന്നു….
അവനിനി ഇന്ന് വരില്ലായിരിക്കും…..
മംഗലത്തമ്മ നിരാശയോടെ അതും പറഞ് എഴുന്നേറ്റ് അകത്തേക്ക് നടക്കുമ്പോൾ തനിക്കെന്തോ വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു…..
എങ്കിലും വാതിലിൽ ആരെങ്കിലും മുട്ടുന്നുണ്ടോ കാളിംഗ് ബെൽ അടിക്കുന്നുണ്ടോ യെന്ന് തന്റെ കാതുകൾ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു…..
കിടക്കും വരെയും അവൻ വന്നില്ലെന്ന ആ ആശ്വാസത്തിൽ തന്നെ അവൾ കണ്ണുകൾ ചിമ്മി…..
രാവിലെ എഴുന്നേറ്റ് പതിവ് പോലെ അവൾ കോലായിലെ വാതിൽ തുറന്ന് വീട്ടിലേക്ക് പോകാൻ തുടങ്ങിയതും പെട്ടെന്നൊരാൾ ഉമ്മറത്തെ തിണ്ണയിൽ കിടക്കുന്നത് കണ്ടവളൊന്ന് ഞെട്ടിയിരുന്നു…..
പക്ഷെ തലക്ക് വെച്ച അവന്റെ ബാഗും അവന്റെ വേഷവും ഒക്കെ കണ്ടപ്പോൾ തന്നെ തന്റെ ശ്വാസം വേഗത്തിലായി…
വരരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ആളെത്തിയെന്ന് അവൾക്ക് മനസ്സിലായി….
അവൾ അകത്തേക്ക് തന്നെ ചെന്ന് മംഗലത്തമ്മയെ വിളിച്ചുണർത്തി….
കൊച് മോൻ വന്നിട്ടുണ്ടെന്നാ തോന്നുന്നേ എന്ന് പറഞ്ഞപ്പോൾ തന്നെ അവർ ചാടിയേണീറ്റു ….
മോനെ അജു……
മംഗലത്തമ്മ വിളിച്ചതും തലക്ക് മേൽ വെച്ചിരുന്ന ആ കയ്യവൻ എടുത്ത് മാറ്റി തല ചെരിച്ചൊന്ന് നോക്കി…
അവന്റെ കണ്ണിൽ പെടാതിരിക്കാൻ അവൾ വാതിലിന് മറവിലായിരുന്നു നിന്നിരുന്നത്…..
അവൻ മംഗലത്തമ്മയേ കണ്ടതും പെട്ടെന്നെഴുന്നേറ്റു…..
അവനെ കണ്ട മാത്രയിൽ അവളൊന്ന് ഞെട്ടി….
താൻ കണ്ട പഴയ ആ പൊടി മീശക്കാരനല്ല അവനിപ്പോൾ..
തിങ്ങി നിൽക്കുന്ന കട്ട താടിയും മീശയും….
അല്പം നീട്ടി വളർത്തിയ മുടി പിറകിലേക്ക് കെട്ടി വെച്ചിട്ടുണ്ട്…..
കണ്ണുകളിൽ മാത്രം ആ പഴയ ഗൗരവം തെളിഞ്ഞു നിൽപ്പുണ്ട്…..
ജീൻസ് പാന്റും കറുപ്പ് നിറത്തിലുള്ള ഒരു ബനിയനുമാണ് അവന്റെ വേഷം…..
ഒരു നിമിഷം ആരും നോക്കി പോകുന്ന ഒരു പുരുഷ സങ്കല്പമായി അവൻ മാറിയിരിക്കുന്നത് അവളൊരു അത്ഭുതത്തോടെയാണ് നോക്കി കണ്ടത്….
മുത്തശ്ശി….
അവൻ ചിരിയോടെ അവരെ കെട്ടിപ്പിടിച്ചു….
മുത്തശ്ശിയും അവനെ കണ്ട സന്തോഷത്താൽ കണ്ണുകൾ അമർത്തി തുടച്ചു…..
അവൾ വാതിലിന്റെ പിറകിലേക്ക് ഒന്ന് കൂടി നീങ്ങി നിന്നു…..
എപ്പോഴാ നീ വന്നത്…. ഇവിടെ കിടന്നതെന്തിനായിരുന്നു….
മുത്തശ്ശി പരിഭവത്തോടെ അത് പറയുമ്പോൾ അവനൊന്നു കൂടി പുഞ്ചിരിച്ചു…..
ഞാൻ വന്നപ്പോ വൈകി…. അപ്പൊ പിന്നെ മുത്തശ്ശിയെ ബുദ്ധിമിട്ടിപ്പിക്കേണ്ടെന്ന് കരുതി…….
അത് പറയുമ്പോഴും അവന്റെ വാക്കുകൾക്ക് പോലും വല്ലാത്തൊരു ആകർഷനീയത അവൾക്ക് തോന്നിയിരുന്നു…..
എങ്കി ഞാനൊന്ന് ഫ്രശ് ആവട്ടെ മുത്തശ്ശി…..
അവന്നതും പറഞ് അകത്തേക്ക് കയറിയപ്പോൾ അവൻ കാണാത്ത രീതിയിൽ കോലായിലെ ആ മുറിയിലേക്ക് അവൾ നീങ്ങി നിന്നിരുന്നു….
അജു…. നിനക്ക് അറിയുമോ ഈ കുട്ടിയെ…
നമ്മുടെ ജാനകി യില്ലേ അവളുടേ മോളാ ……
അവൻ അല്പം മുമ്പിലേക്ക് നടന്ന് നീങ്ങിയെന്ന് മനസ്സിലായതും അവൾ പതിയേ പുറത്തേക്ക് വന്നപ്പോഴാണ് അവന് പിറകിലായി അകത്തേക്ക് കയറി വന്ന മംഗലത്തമ്മ അത് പറയുന്നത്…..
അഞ്ജലിക്ക് ശ്വാസമെടുക്കാൻ ഒരുവേള പ്രയാസം തോന്നി….
അവൻ പെട്ടെന്നൊന്നു പിറകിലേക്ക് തിരിഞ്ഞു…..
ആ കണ്ണുകളിൽ തന്നെ കാണാനുള്ള ഒരു ധൃതി യുള്ളതായി അവൾക്ക് തോന്നി….
അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു……
പിന്നീട് പതിയേ അവരുടെ അടുത്തേക്ക് നടന്നു വന്നു…
അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ താഴേക്ക് നോക്കി നിന്നു…..
അവൻ അവളെ തന്നെ ഉറ്റ് നോക്കി കൊണ്ട് പതിയേ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി നെറ്റിയിലൊന്ന് തൊട്ടു….
ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയ അവൾ വ്യക്തമായി കണ്ടിരുന്നു അവന്റെ നെറ്റിയിലുള്ള ആ പാട്….
അതേ…. അവന്റെ മുഖത്തെ ഭാവത്തിൽ നിന്നും വ്യക്തമാണ് അത് ഉണ്ടാക്കിയത് താനാണെന്നു…..
ഇല്ലാ…. എനിക്കറിയില്ല….
അവൻ നെറ്റിയിൽ നിന്ന് കയ്യെടുക്കാതെ തന്നെയാണ് അവളെ നോക്കി മംഗലത്തമ്മയുടെ ചോദ്യതിനെന്ന പോലത് പറഞ്ഞത്…..
ആ….. എങ്കി പരിചയപ്പെട്ടോളൂ….. ഇവളാണിപ്പോ എന്റെ രാത്രി കൂട്ട്……
മംഗലത്തമ്മ അതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോഴും അഞ്ജലി വല്ലാത്തൊരു അവസ്ഥയിലായിരുന്നു….
തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അവന്റെ മിഴികളെ നേരിടാൻ കഴിയാതെ അവൾ നിന്നുരുകി…..
ഞാൻ…. ഞാനെന്നാ ഇറങ്ങട്ടെ….
ഞാൻ ചെന്നിട്ട് വേണ്ടേ അമ്മക്കിങ് വരാൻ……
അവൾ വെപ്രാളത്തോടെ അതും പറഞ്ഞു കൊണ്ട് വേഗം ഇറങ്ങി നടന്നു……
അവള് ടീച്ചറാവാൻ പഠിക്കാ…..
പാവം കുട്ടിയാ…..
മംഗലത്തമ്മ നടന്ന് പോകുന്ന അവളെ നോക്കി അതും പറഞ് അകത്തേക്ക് പോകുമ്പോൾ മുറ്റം കടന്ന് ഓടി പോകുന്ന അവളെ ഒരു നിമിഷം അവനും നോക്കി നിന്നു……
വെപ്രാളത്തോടെ ഇടയ്ക്കിടെ പിറകിലേക്ക് തിരിഞ്ഞു നോക്കി ഓടുന്ന അവളെ കാൻകെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു…..
അവൻ പോലുമറിയാതെ…..
(തുടരും)

by