18/04/2026

മൂക്കുത്തി : ഭാഗം 09

രചന – ആയിഷ അക്ബർ

രാവിലെ വെളിച്ചം വീണു തുടങ്ങിയപ്പോൾ തന്നെ അവൾ മംഗലത് നിന്നും ഇറങ്ങി…..

അമ്മയെ മംഗലത്തേക്ക് വിട്ട് പതിവ് പോലെ അവൾ അടുക്കള പണികളിലെ തിരക്കിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ഇന്നലത്തെ ആ രംഗം മനസ്സിൽ നിറഞ്ഞു നിന്നു……

വന്നത് മുതൽ താൻ അവന്റെ മുമ്പിൽ നാണം കെട്ട് കൊണ്ടിരിക്കുകയാണല്ലോ ഈശ്വരാ……

അവൾ ഉള്ളിലുള്ള അമർഷമെല്ലാം കയ്യിലുള്ള ഗോതമ്പ് മാവിൽ തീർത്തു….

മറ്റാരുടെ മുമ്പിലും താനിത്രയേറേ നാണം കെട്ടിട്ടില്ല…..

ഇനി വേറെ ആരുടേയും മുമ്പിൽ ആയിരുന്നെങ്കിലും താനിത്രയേറെ ചൂളി പോകില്ലായിരുന്നു…

തന്നോടുള്ള ദേഷ്യവും മനസ്സിൽ വെച്ച് നടക്കുന്ന അവന്റെ മുമ്പിൽ തന്നെ എന്നെയിങ്ങനെ കൊച്ചാക്കാണോ ദൈവമേ …

ഓർമകളിൽ അങ്ങനെ കുരുങ്ങി കിടക്കുമ്പോഴാണ് തന്റെ മുതുകിൽ ആരോ വന്നു പിടിച്ചത് പോലെ അവൾക്ക് തോന്നിയത്..

അവൾ ഞെട്ടി തിരിഞ്ഞോന്ന് നോക്കി…..

സതീശനെ കണ്ടതും അവൾ ഒന്ന് കുതറി..

എന്താ..
അഞ്ജലി കുട്ടി പേടിച്ചോ…

വഷളൻ ചിരിയോടെയുള്ള അവന്റെ നോട്ടവും ഭാവവും അവൾക്കത്രയേറെ അസ്സഹനീയമായി തോന്നി….

ദേ… എന്റെ ദേഹത്തു തൊടുന്നത് എനിക്കിഷ്ടമല്ല….

അവൾ അവന് നേരെ വിരൽ ചൂണ്ടി അത് പറഞ്ഞതും അവനൊന്നു ചിരിച്ചു….

ഈ ദേഹത്തു തൊടാനുള്ള അവകാശം ഈ സതീഷേട്ടനല്ലാതെ മറ്റാർക്കാ ….
നിനക്ക് വേണ്ടിയാണ് ഞാൻ ഇവിടെ നിൽക്കുന്നത് തന്നെ…..
ഞാനില്ലാത്തത് കൊണ്ടാണല്ലോ നീ ഏതൊക്കെയോ ചെക്കന്റെ പിറകേ പോയത്….

അത് കൊണ്ട് തന്നെയാ സതീഷേട്ടനിനി പോകുന്നില്ലാന്ന് തീരുമാനിച്ചത്….

എന്റെ അഞ്ജലി കുട്ടിക്ക് വേണ്ടി……

അവന്നതും പറഞ് ഒന്നടുത്തു വന്നു അവളുടേ കൈകളിൽ പിടിക്കാൻ തുടങ്ങിയതും പാത്രങ്ങളടുക്കിയ സ്റ്റാൻഡിൽ വെച്ച കത്തിയവളെടുത് അവന് നേരെ നീട്ടിയത് പെട്ടെന്നായിരുന്നു……

പെട്ടെന്നുള്ള അവളുടേ പ്രവർത്തിയിൽ അവനൊന്നു പതറി പോയിരുന്നു….

എന്റെ ദേഹത്തെങ്ങാൻ തൊട്ടാൽ……

അവന് താക്കീതെന്ന വണ്ണം അവളത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്നുയരുന്നത് അഗ്നിയാണെന്നൊരു വേള അവനു തോന്നി…..

എടി അസത്തെ…. നീയെന്റെ മോന്റെ നേരെ കത്തി ചൂണ്ടാനായോ…

അതും ചോദിച്ച് തന്റെ കയ്യിൽ നിന്നും കത്തി വലിച്ചു വാങ്ങിയ അമ്മായി വന്നത് പിറകിലൂടെയായത് കൊണ്ട് തന്നെ അവൾ കണ്ടിരുന്നില്ല …..

നീ ഇത്രയൊക്കെ വലുതായോഡി അഹങ്കാരി….

അതും ചോദിച്ച് സുധ തന്റെ കൈ കൊണ്ട് അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു…..

അവൾ വേദന കൊണ്ടൊന്നു പുളഞ്ഞു…

സതീഷ് ഉള്ളിൽ വിരിഞ്ഞൊരു ആനന്ദത്തിൽ ഇതെല്ലാം നോക്കി നില്കുകയായിരുന്നു……

ഇനി നീ അങ്ങനെ ചെയ്യുമോ..

എന്റെ ദേഹത്തു തൊട്ടാൽ ആരായാലും ഞാൻ ഇനിയും ചെയ്യും.

സുധ യത് ചോദിക്കുമ്പോഴും അവരുടെ അടിയിലിലുള്ള വേദനയിൽ കണ്ണുകൾ നിറയുമ്പോഴും അവളുടേ വാക്കുകൾക്ക് മാത്രം ഒട്ടും മയമുണ്ടായിരുന്നില്ല…..

അവൻ നിന്നെയൊന്നു തൊട്ടെന്ന് വെച്ച് നീ അലിഞ്ഞൊന്നും പോകില്ല….
അല്ലെങ്കിലും അവൻ നിന്നെ കെട്ടാൻ പോകുന്ന ആളല്ലേ……

സുധ അത് പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ, അവരിലേക്ക് നോക്കി….

അത് നടക്കില്ലാന്ന് എന്റെ അമ്മ തീർത്ത പറഞ്ഞിട്ടുള്ളതല്ലേ…
ഇനി അതും പറഞ് ആരും എന്നേ തൊടാൻ വരണ്ട….

അവള തും പറഞ് കൊണ്ട് ഉമ്മറത്തേക്ക് പോയിരുന്നു..

നീ കണ്ടോ….. നിന്നെ ഒരാൾക്കും കൊടുക്കില്ലെടി ഞാൻ….ഈ കഴുതിലൊരാൾ താലി കെട്ടുന്നുണ്ടെങ്കിൽ അതീ സതീശൻ തന്നെയായിരിക്കും…..

ഉമ്മറത്തിരുന്നു കണ്ണുകൾ തുടക്കുന്ന തന്റെ പിറകിൽ വന്നവനത് പറയുമ്പോൾ അവളൊരു ഞെട്ടലോടെ അവനെ നോക്കി….

ഇത് വരെ കണ്ട ഭാവമായിരുന്നില്ല അപ്പോളവനിൽ….

അവൻ അകത്തേക്ക് കയറി പ്പോയതും അവളൊരു വിതുമ്പലോടെ അവിടെ യങ്ങനെയിരുന്നു

ഇനി ചപ്പാത്തി ചത്തു പോയ നിന്റെ തന്ത വന്നുണ്ടാക്കുവോടി……

സുധ അതും പറഞ് പിറകിലൂടെ വന്നതും ഇരു കയ്കൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ച് അവൾ അടുക്കളയിലേക്ക് നടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അർജുൻ എഴുന്നേറ്റ് താഴേക്ക് ചെല്ലുമ്പോൾ ജാനകി എത്തിയിട്ടുണ്ട്….

അതിൽ നിന്നും അഞ്ജലി പോയി എന്നവന് വ്യക്തമായിരുന്നു…..

കുറച്ച് കൂടി നേരത്തെ എഴുന്നേറ്റാൽ അവളെ കാണമായിരുന്നു എന്നവനോർത്തു….

ആ മോനേഴുന്നേറ്റോ…. ഞാൻ ചായ എടുക്കാം….

അവനെ കണ്ട പാടേ ജാനകി ഒരു ചിരിയോടെ അത് പറഞ് ഒരു ഗ്ലാസ്സിലേക്ക് ചായ ഒഴിച് അവന് നേരെ നീട്ടിയതും അവനും ഒരു പുഞ്ചിരി അവർക്കായി നൽകി ഗ്ലാസുമായി ഉമ്മറത്തേക്കിരുന്നു…..

മുത്തശ്ശി….. ഞാൻ വന്നിട്ട് അമ്മാവൻ മാരെയൊന്നും കണ്ടില്ലല്ലോ….
ഞാനിന്നവിടം വരെ പോയാലോ…..

അർജുൻ അത് ചോദിച്ചതും മുത്തശ്ശിയുടെ മുഖഭാവം മാറി…..

വേണ്ടാ…. നീ ആരെയും കാണാൻ പോകേണ്ട….
വേണ്ടവരിങ് വന്നോളും….

മുത്തശ്ശിയുടെ മുഖത്ത് അവരോടുള്ള ദേഷ്യം കണ്ടെങ്കിലും അവനൊന്നും അതേ പറ്റി ചോദിച്ചില്ല….

അവർ പറഞ്ഞതുമില്ല…..

മുത്തശ്ശി….. ഞാനെന്നാൽ വായനാ ശാല വരെ ഒന്ന് പോയി വരട്ടെ……

ചായ കുടി കഴിഞ്ഞ് അതും പറഞ്ഞവൻ ഇറങ്ങി….

പൊതുവെ ആരോടും
അധികം മിണ്ടാത്ത പ്രകൃതമായത് കൊണ്ട് തന്നെ വായിക്കാനിഷ്ടമാണ്……

അതാകുമ്പോ എവിടെയും ഒറ്റപ്പെടില്ല…..

പണ്ടും വെക്കേഷന് ഇവിടെ വന്നിരുന്ന അതേ സമയം പോയിരുന്നത് ബാലൻ മാഷിന്റെ ആ വായനാശാലയിലേക്കാണ്……

അവൻ ഷൂ ലേസ് ഒന്ന് കൂടി മുറുക്കി കെട്ടി പതിയേ നടന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അടുക്കള പണികൾക്കിടയിലും അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു……

മുറിയിലെത്തി കണ്ണാടിയിലൊന്ന് നോക്കിയപ്പോഴാണ് അമ്മായിയുടെ വിരലുകൾ തന്റെ കവിളിൽ പതിഞ്ഞിരിക്കുന്നതവൾ കാണുന്നത്…….

വീങ്ങിയ കവിളുകൾ കൊണ്ടെങ്ങനെ ക്ലാസിനു പോകുമെന്നവൾക്കറിയില്ലായിരുന്നു……..

എല്ലാവരും ചോദിക്കില്ലേ….

എന്തായാലും ഇന്ന് ക്ലാസിനു പോകാൻ പറ്റില്ല….

മംഗലത്തേക്ക് പോയാൽ അമ്മ കാണില്ലേ….

ആ പാവത്തിന്റെ ചങ്ക് പൊട്ടും……

അവളെന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങനെ നിന്നു…..

പിന്നെ വേഗം യൂണിഫോം മാറ്റി ബാഗുമെടുത്തവൾ നടന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മാഷേ…..നല്ലൊരു പുസ്തകം വായിക്കാൻ വേണം…..

പുറത്ത് നിന്ന് തന്നെ അർജുനത് പറഞ്ഞതും ബാലൻ മാഷ് തന്റെ കണ്ണട ശെരിയാക്കി അവനെയൊന്നു നോക്കി….

എടാ…. നീ എപ്പോ വന്നു….
കുറെ ആയല്ലോ ഈ വഴി വന്നിട്ട്…..

അദ്ദേഹം ഇരുന്നിടത് നിന്ന് എഴുന്നേറ്റ് അവന്റെ തോളിൽ ഒന്ന് തട്ടി…..

ഞാൻ ഇന്നലെ പുലർച്ചെ എത്തി……

അവനതും പറഞ് പുഞ്ചിരിച്ചതും മറ്റു വിശേഷങ്ങളെല്ലാം പങ്കു വെച്ച് അവനൊരു പുസ്തകവുമെടുത് അവിടുത്തെ മേശയിലേക്ക് ചെന്നിരുന്നു…..

അൽപ സമയം കഴിഞ്ഞപ്പോഴാണ് അഞ്ജലി പതിയേ അങ്ങോട്ട് കയറി വരുന്നത്….

കവിളിലേ പാട് മാഷ് കാണരുതെന്ന് കരുതി തന്നെ അവളൊരു പുസ്തകവുമെടുത് വേഗം അവിടെയുള്ള മേശകളിലോന്നിലേക്കിരുന്നു…..

ഇരുന്നതും അവളുടേ കൈ തട്ടി ആ മേശ മേൽ വെച്ചിരുന്ന പെൻ സ്റ്റാൻഡ് താഴേക്ക് വീണു പോയിരുന്നു…..

തന്റെ മനസ്സിൽ പുസ്തകത്തിന്റെ ചിന്തയൊന്നുമല്ല…..

വൈകുന്നേരം വരെ എവിടെയെങ്കിലും കഴിച്ച് കൂട്ടണമെന്നേയുള്ളു….

മനസ്സ് അത്ര മേൽ അസ്വസ്തമാണ്…..

അവൾ വേഗം പേനകൾ പെറുക്കിയെടുക്കാനെന്ന വണ്ണം താഴേക്കു കുനിഞ്ഞു…..

പേന വീണ ശബ്ദം കേട്ടതും പുസ്തകത്തിൽ പതിപ്പിച്ചിരുന്ന മിഴികളെ അർജുനോന്നുയർത്തി….

തനിക്കെതിർ വശമായി ഒരു പെൺ കുട്ടി കുനിഞ്ഞിരുന്നു പേനകൾ പെറുക്കിയെടുക്കുന്നത് അവന് കാണാമായിരുന്നു..

അവന്റെ കാൽ ചുവട്ടിലേക്ക് വന്ന ഒരു പേന അവനെടുത്തു അവൾക്ക് നേരെ നീട്ടിയതും കുനിഞ്ഞിരിക്കുക യായിരുന്ന അവൾ നിവർന്നതും ഒരുമിച്ചായിരുന്നു….

ഒരു നിമിഷം അവന്റെ കണ്ണുകളൊന്ന് വിടർന്നു….
പിന്നീട് പതിയേ അവയിലവൻ ഗൗരവത്തെ നിറച്ചു…..

അവൾ പെട്ടെന്നവനെ കണ്ട ഞെട്ടലിൽ അങ്ങനെ നോക്കിയിരിക്കുകയാണ്….

അങ്ങനെയൊരാളെ താനവിടെ പ്രതീക്ഷിക്കുന്നതേയില്ലല്ലോ……

അവളുടേ നോട്ടം മാറുന്നില്ലെന്ന് കണ്ടതും അവൻ കയ്യിലെ പേന അവളുടേ കയ്യിലെ സ്റ്റാൻഡിലേക്ക് വെച്ചു കൊണ്ട് വീണ്ടും പുസ്തകത്തിലേക്ക് മിഴികൾ നട്ടു…..

പക്ഷെ….. അപ്പോഴും കരഞ്ഞു കലങ്ങിയ അവളുടേ കണ്ണുകളും ചുവന്ന തിനർത്ത അവളുടേ കവിൾ തടവും അവന്റെ മനസ്സിൽ ഒരു നീറ്റൽ അവശേഷിപ്പിച്ചിരുന്നു…..

അവൾ പുസ്തകം മേശ മേൽ വെച്ച് അതിലേക്ക് കണ്ണുകൾ നട്ടങ്ങനെയിരുന്നു….

ഇവിടെയും ഉണ്ടായിരുന്നോ ഈ സാധനം….
മനസ്സമാധാനമായി ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയാണല്ലോ ഇവനെ കൊണ്ട്…..

അവൾ ഉള്ളിലൂള്ള ദേഷ്യത്തിനോടൊപ്പം അതും കൂടി കൂട്ടി വെച്ചു….

രാവിലത്തെ സംഭവം മനസ്സിൽ നിന്ന് മായുന്നില്ല….

കണ്ണുകൾ താനേ നിറഞ്ഞു വരികയാണ്……

പുസ്തകത്താളുകളിൽ കണ്ണ് നീരിറ്റി വീണു…..

കണ്ണുകൾ കയ്യിലുള്ള പുസ്തകത്തിലായിരുന്നെങ്കിലും മനസ്സ് അവളിലേക്ക് ചാഞ്ഞിരുന്നത് കൊണ്ട് തന്നെ അവൻ വ്യക്തമായി കണ്ടിരുന്നു അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്…..

എന്തിനായിരിക്കും….

അവളെ അടിച്ചതാരായിരിക്കും….

അവന്റെ മനസ്സ് കലുഷിതമായി….

അവൾ പതിയേ ഒന്ന് കണ്ണുകലുയർത്തിയപ്പോൾ തന്നെ ഇടം കണ്ണിട്ട് നോക്കുന്ന അവനെ കണ്ടതും അവൾ വേഗം കണ്ണുകൾ അമർത്തി തുടച്ചു…..

അവൻ മംഗലത് ചെന്ന് മംഗലത്തമ്മയോട് പറഞ്ഞാൽ അതെന്തായാലും അമ്മ അറിയും എന്ന ചിന്ത അപ്പോഴാണ് അവളിലേക്ക് വന്നത് …

അവൾ വേഗം പുസ്തകം എടുത്ത് കൊണ്ട് എഴുന്നേറ്റു…..

അത് ബാലൻ മാഷിന് നീട്ടി അവൾ അവിടെ നിന്നും നടക്കുമ്പോൾ അവൻ ജനലിലൂടെ അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നു…..

അവളെ അറിയാൻ ഇനിയും എന്തൊക്കെയോ ബാക്കിയുണ്ടെന്ന ചിന്തയിൽ…….

(തുടരും)