19/04/2026

ഹൃദയസഖി : ഭാഗം 03

രചന – കൃഷ്ണ

ആതി അടുക്കളയിലേക്ക് വരുമ്പോൾ പ്രിയ ചപ്പാത്തി ചുട്ടെടുക്കുന്ന തിരക്കിലാണ്…
ആതി പ്രിയയുടെ അടുക്കൽ ചെന്ന് പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു…:

അമ്മാ വിശക്കുന്നു… കഴിക്കാൻ തായോ…

ആഹാ എണീറ്റോ എന്റെ ചട്ടമ്പി… അല്ല മാധൂട്ടി എണീറ്റില്ലേ…

മ്മ്ഹ്ഹ്… ഇല്ലാ…
അതും പറഞ്ഞവൾ സ്ലോബിന് മേലെ കേറിയിരുന്നു…

പ്രിയ ചപ്പാത്തിയും കിഴങ്ങ് കറിയും പാത്രത്തിലാക്കി
ആതിക്ക് നേരെ നീട്ടി…

വാരി താമ്മാ…
ആതി വായ് തുറന്നു…

വയസ് പതിനെട്ടോടടുക്കാറായി… ഇപ്പോഴും കൊച്ചു കുട്ടിയാന്നാ വിചാരം…

ഞാൻ എത്ര വലുതായാലും അമ്മക്കുട്ടിയുടെ കുഞ്ഞല്ലേ… വാരി താമ്മാ… ആതി കൊഞ്ചലോടെ വായ് തുറന്നു…

പ്രിയ സ്നേഹത്തോടെ ആതിടെ നെറ്റിയിൽ മുത്തി വാരി കൊടുക്കാൻ തുടങ്ങി…

വയറ് ഫുള്ളാക്കി രണ്ടെമ്പക്കവും വിട്ട് ഞാൻ റൂമിലേക്ക് വരുമ്പോൾ മാധു ഷെൽഫിൽ തലയിട്ട് കിടന്ന് തപ്പുന്നതാ…

നീ ഇതെന്ത് നോക്കുവാടി…?
ആതി ചോദിച്ചത് കേട്ട് മാധു തിരിഞ്ഞു നോക്കി…

മാറ്റിയുടുക്കാൻ നോക്കുവാ… മുഷിഞ്ഞതും ഇട്ട് പോകാൻ കഴിയേല…

അതിന് നീ എങ്ങോട്ട് പോണ്…?

ഞാൻ വീട്ടിൽ പോണ്… വേറെ എവിടെ പോകാൻ…

സുജാമ്മ വിളിച്ചിരുന്നു… നിന്നെ ഇന്ന് പ്രേതീക്ഷിക്കണ്ടന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…
സോ നീ ഇന്ന് വീട്ടിൽ പോകുന്നില്ല…
ആതി അതും പറഞ്ഞ് ടേബിളിൽ ഇരുന്ന ഫോണുമെടുത്ത് ബെഡിൽ വന്നിരുന്നു…

എന്നാ ഞാൻ എന്തേലും പോയി തട്ടട്ടെ…
മാധു ഷെൽഫ് അടച്ച് പുറത്തേക്ക് പോയി…

…………….

പ്രിയേ പ്രിയേ… കൈയ്യിലെ ചെറിയ ഹാൻഡ് ബാഗ് ഗ്ലാസ്‌ ടേബിളിലേക്ക് വെച്ച് സോഫയിലേക്ക് ഇരുന്ന് അജേഷ് വിളിച്ചു…

ദാ വരുന്നേട്ടാ… അടുക്കളയിൽ നിന്ന് പ്രിയ വിളിച്ചു പറഞ്ഞു…

അജേഷ് സോഫയിലേക്ക് ചാരി ഇരുന്നു…

അപ്പോഴേക്കും അജേഷിനു കുടിക്കാനുമായി പ്രിയ വന്നു…

പിള്ളേരെന്ത്യേ പ്രിയേ… ഇന്ന് ഒച്ചയും ബഹളമൊന്നും കേൾക്കാനില്ലല്ലോ…? അല്ലങ്കിൽ ഗേറ്റ് കടക്കുമ്പോഴേ കേൾക്കാം രണ്ടിന്റെയും ഒച്ച… ജ്യൂസ് ഒരു കവിൾ കുടിച്ചു കൊണ്ട് അജേഷ് ചോദിച്ചു…

മാധു മോളുള്ളത് കൊണ്ട്…

ആഹാ… മാധൂട്ടി ഉണ്ടോ ഇവിടെ…

അതേല്ലോ… പറഞ്ഞത്‌ കേട്ട് അജേഷ് തിരിഞ്ഞു നോക്കിയതും മാധുവുണ്ട് ഇളിച്ചോണ്ട് നിൽക്കുന്നു…

എടി കുറുമ്പി ഇതെപ്പോ വന്നു…?

ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ് ഇങ്ങോട്ടേക്കാ പൊന്നേ… അജേഷിനടുക്കൽ വന്നിരുന്നു കൊണ്ട് പറഞ്ഞു…

ഇന്ന് ഞാൻ ഇവിടെയാട്ടോ അച്ഛാ…

അതിനെന്താടാ… അച്ഛന്റെ മോൾക്ക് ഇവിടെ നിക്കുന്നതിന് സന്തോഷമല്ലേ ഉള്ളു… മാധുവിന്റെ മുടിയിൽ തലോടി അജോഷ് പറഞ്ഞു…

ഈ കാഴ്ച കണ്ടാണ് ആതിയും അജുവും അങ്ങോട്ടേക്ക് വന്നത്… അജേഷിന്റെ മറു സൈഡിൽ അജു വന്നിരുന്നതും അവന്റെ മടിയിൽ കേറി ആതി ഇരുന്നു…
അജു ആതിയെ തള്ളി താഴെ ഇട്ടു… ആതി നടുവിൽ കൈ താങ്ങി എണീറ്റ് അജുന്റെ മുടിയിൽ പിടിച്ചു വലിച്ചു… അവൻ തിരിച്ചവൾടെ മുടിയിൽ പിടിച്ചു വലിച്ചു പിന്നെ കടിക്കലായി മാന്തലായി രണ്ടും കൂടി സോഫയിൽ നിന്ന് നിലത്തേക്ക് പെടച്ച് വീണ് അവിടെ കിടന്നും പൊരിഞ്ഞ തല്ല്…

പിള്ളേരുടെ ഒച്ചയും ബഹളവും കേൾക്കാഞ്ഞിട്ടല്ലായിരുന്നോ ഏട്ടന്… കണ്ടില്ലേ…
നിലത്ത് കിടന്ന് അടികൂടുന്ന രണ്ടിനെയും നോക്കി പ്രിയ പറഞ്ഞ് അടുക്കളയിലേക്ക് പോയി…

അച്ഛാ അവരിപ്പോ നിർത്തുമെന്ന് തോന്നുന്നില്ല… ഇവിടെ നിന്നാൽ ചിലപ്പോ നമ്മക്കും കിട്ടും… വാ പോയേക്കാം…
മാധു അജേഷിനോട് പറഞ്ഞ് എണീറ്റ് റൂമിലേക്ക് വലിഞ്ഞു… മാധു പറഞ്ഞത്‌ ശരിയായത് കൊണ്ട് അജേഷ് ബാഗും എടുത്ത് റൂമിലേക്ക് പോയി…

സുല്ല് സുല്ല് സുല്ല്…
അവസാനം സഹികെട്ട് അജു തന്നെ കീഴടങ്ങി…
രണ്ടും പട്ടിയിട്ടോടിച്ച കണക്കെ കിടന്ന് കിതക്കുവാണ്… രണ്ടും പരസ്പരം നോക്കി പിന്നെ കണ്ണ് ചുറ്റും പായിച്ചു… എല്ലാം പൊടി തട്ടി പോയ കാര്യം അപ്പോഴാ രണ്ടും അറിഞ്ഞത്…

അജു ആതിയെ കനപ്പിച്ചു നോക്കി എണീറ്റ് പോകാനൊരുങ്ങേ കയ്യിൽ ആതിയുടെ പിടി വീണു…

എന്താടി കുരുപ്പേ…

എടുക്ക് അജു… കൈ നീട്ടി അവനെ നോക്കി ഇളിക്കുവാ ആതി…

ചുണ്ടിന്റെ കോണിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും ഗൗരവം മുഖത്ത് വരുത്തി…

വേണേൽ എണീറ്റ് പോകാൻ നോക്ക്… അവൾടെ തല്ലും മേടിക്കണം പറയണത് കേൾക്കേം വേണം… ഇതെന്ത് ന്യായം…

അജുവേ… ഞാൻ നിന്റെ മോളല്ലേടാ… എടുക്ക്…

ആ വാക്ക് അജുന്റെ ഹൃദയത്തിൽ പതിച്ചു… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അജു നിമിഷ നേരം കൊണ്ട് ആതിയെ കൈകളിൽ കോരിയെടുത്തു…

ആതി അജുന്റെ കഴുത്തിലൂടെ കൈയ്യിട്ട് കവിളിൽ അമർത്തി മുത്തി…

ലവ് യു അജു…

അജു ആതിടെ നെറ്റിയിൽ മുത്തി അവളെയും എടുത്ത് മുറിയിലേക്ക് നടന്നു…

നിനക്ക് വേദനിച്ചോടാ അജു…?

ഏയ് നല്ല സുഖായിരുന്നു… മിണ്ടാതെ ഇരുന്നോ പന്നി… ഇല്ലേൽ നിലത്തേക്കിടും ഞാൻ…

ആഹാ എന്ന നീ ഇടെടാ ഒന്നിട്ടു നോക്കടാ… പറയുന്നത് അജുനെ അള്ളിപ്പിടിച്ചിട്ടാണെന്നോർക്കാം…

രണ്ടും ഒന്നും രണ്ടും പറഞ്ഞ് പോകുന്നത് നോക്കി മാറി നിന്ന് അജേഷും പ്രിയയും നോക്കി കാണുന്നുണ്ടായിരുന്നു… നിറഞ്ഞ പുഞ്ചിരിയോടെ… അവരുടെ ആഴമേറിയ സ്നേഹം മനസ്സ് നിറച്ചു കൊണ്ട്…

…………….

രാത്രിയിലെ ഫുടൊക്കെ തട്ടി വയറ് ഫുള്ളക്കി നാളത്തെ നൈറ്റ്‌ ക്ലബ്ബിൽ ഡാൻസ് ധമാക്കയുടെ പാർട്ടിയുടെ കാര്യം ഓർത്ത് കുളിരണിഞ്ഞു കിടക്കുവാ രണ്ടും…

ആതി നാളത്തെ പ്ലാൻ സെറ്റല്ലേ… അജുവേട്ടൻ പറ്റിക്കില്ലല്ലോ ല്ലേ…

അജു പറഞ്ഞാ പറഞ്ഞതാ… അതിപ്പോ വീഡിയോ കാണിച്ചോന്ന് ഭീഷണി പെടുത്തിയെന്ന് കരുതി ചെക്കൻ പേടിച്ചിട്ടൊന്നുമല്ല കൊണ്ട് പോകാമെന്ന് ഏറ്റത്… ആ പാർട്ടിക്ക് പോകാൻ ഞാൻ അത്രയ്ക്കും ആഗ്രഹിക്കുന്നുണ്ടെന്ന് അവന് മനസിലായത് കൊണ്ടാണ്…
പറയുമ്പോൾ ആതിയുടെ ചുണ്ടിൽ അവൾടെ അജുന് വേണ്ടി പുഞ്ചിരി മൊട്ടിട്ടു…

സത്യം പറയാല്ലോ ആതി നിങ്ങടെ സ്നേഹം കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്… എനിക്കും ഒരു ചേട്ടൻ ഉണ്ടായിരുന്നങ്കിലോ എന്ന് തോന്നും… പിന്നെ ഞാൻ വിചാരിക്കും അജുവേട്ടനും എന്റെ സ്വന്തം ഏട്ടനല്ലേയെന്ന്… ഏട്ടൻ എനിക്ക് തരുന്ന കരുതലും സ്നേഹവും ഞാൻ ആവോളം ആസ്വദിക്കാറുമുണ്ട്…

എടി മാധു… നീ കേട്ടിട്ടില്ലേ കൂടപ്പിറക്കാൻ ഒരമ്മയുടെ വയറ്റിൽ തന്നെ ജനിക്കണമെന്നില്ലന്ന്… അത് തന്നെയാ നമ്മുടെ കാര്യത്തിലും… അജുന് ഞാനും നീയും ഒരു പോലെയാ പെണ്ണേ…
നമ്മളൊന്നല്ലെടി മാധു…

ആതി അവളെ കവിളിലൊരുമ്മ കൊടുത്തു…
മാധു തിരിച്ചും…

പിന്നെ ഓരോന്നും പറഞ്ഞ് കിടന്ന് രണ്ടും എപ്പോഴോ ഉറക്കം പിടിച്ചു…

…………..

ആതി നീ കഴിഞ്ഞ സൺ‌ഡേ ഡാൻസ് ക്ലാസ്സിൽ ഇട്ട ഡാർക്ക്‌ ബ്ലൂ ചെക്ക് കളർ ഷർട്ട്‌ എന്ത്യേ…?

ഷെൽഫിൽ മുഴുക്കെ തപ്പി കൊണ്ട് മാധു ചോദിച്ചു…

അതിലേതെലും മൂലെയിൽ കാണും…
മുടി തുവർത്തി കൊണ്ട് ആതി പറഞ്ഞു…

ആമ് കിട്ടിപ്പോയി… ഷർട്ട് കൈയ്യിൽ എടുത്ത് മാധു ഫ്രഷാകാൻ കേറി…

രണ്ടും റെഡിയായി താഴേക്ക് ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു… പ്രിയ രണ്ട് പേർക്കും വിളമ്പി കൊടുത്തു… അപ്പോഴേക്കും അജുവും അജേഷും വന്നു കഴിഞ്ഞു… പിന്നെ എല്ലാവരും കൂടി ഓരോന്നും പറഞ്ഞ് കഴിച്ചെണീറ്റു… എല്ലാവരും അവരവരുടെ വർക്കിലേക്ക് തിരിഞ്ഞു… അജേഷ് ബാങ്ങിലേക്ക് തിരിച്ചു. അജു ബൈക്കും എടുത്ത് അവന്റെ വഴിക്ക് പോയി… ആതിയും മാധുവും ഡാൻസ് അക്കാദമിയിലേക്ക് പോകാനിറങ്ങി…
പ്രിയയോട് യാത്ര പറഞ്ഞിരുവരും പുറത്തേക്കിറങ്ങി…

ആതി നമുക്കിന്ന് സൈക്കിളിൽ പോകാം… എന്നും ഈ സ്കൂട്ടിയിൽ തന്നെയല്ലേ പോകുന്നെ… ഇന്ന് നമ്മക്ക് മാറ്റിപിടിക്കാം…

ആതി സ്കൂട്ടിയുടെ കീയും കറക്കി പാർക്കിങ് ഷെഡിലേക്ക് നടക്കെ മാധു പറഞ്ഞു…

നീ ലോടെടുത്തോണം…? പകുതിക്ക് വെച്ച് കാല് കഴക്കുന്നു പറ്റണില്ല എന്നൊന്നും പറഞ്ഞേക്കല്ലും… ഇപ്പോഴേ പറയാ…
ആതി മുൻകൂറായി പറഞ്ഞു…

യാ ബേബി…

അങ്ങനെ ഡാൻസ് അക്കാദമിയിലേക്ക് രണ്ടും കൂടി സൈക്കളിൽ യാത്ര തിരിച്ചു…
ചവിട്ടി ചവിട്ടി ഒരു വിധം ഡാൻസ് അക്കാടെമിയിൽ എത്തി…

എന്റമ്മാ എനിക്കെന്തിന്റെ കേടായിരുന്നു… പുല്ല്… കഴിച്ചത് കൂടി ദഹിച്ചു…
മാധു കിതച്ചു കൊണ്ട് പറഞ്ഞു…

നിനക്കായിരുന്നില്ലേ മാറ്റിപ്പിടിക്കണമെന്ന്… ഇപ്പോ മതിയായ… ആയില്ലേൽ അകത്തേക്ക് ചെന്ന് കഴിയുമ്പോൾ മാസ്റ്റർടെ വായിരിക്കുന്നത് കൂടി കേൾക്കാം… നിയാൽ മാസ്റ്ററാണേൽ punctuality മുഖ്യം ബിഗിലെ എന്ന കണക്കെ നടക്കുന്ന ആളും…
ഇപ്പോ തന്നെ half an hour ലേറ്റ് ആയി…

ഇനി ഇവിടെ കിടന്ന് വളവളാന്നടിച്ച് കാര്യമൊന്നുമില്ലല്ലോ… ഇപ്പോ ചെന്നാൽ രണ്ട് വാക്കിൽ ഒതുക്കും… വാ… മാധു പറഞ്ഞതും പിന്നെ ഒന്നും മിണ്ടാൻ നിക്കാതെ നേരെ അകത്തേക്കൊടി… സ്റ്റെയറോടിക്കേറി പ്രാക്ടീസ് ഹാളിൽ എത്തിയതും അവിടെ കൈയ്യും കെട്ടി നിക്കുന്ന നിയാലിനെ കണ്ട് രണ്ടും സ്വിച്ചിട്ട പോലെ നിന്നു…

നിയാൽ കൈയ്യിലെ വാച്ചിലേക്കൊന്ന് നോക്കി ശേഷം രണ്ടിനെയും നോക്കി..

സോറി മാസ്റ്റർ കുറച്ച് ലേറ്റ് ആയി പോയി… നിയാലിന്റെ നോട്ടതിനർത്തം മനസിലായ വണ്ണം ആതി പറഞ്ഞു…

മമ്… നിയാൽ അമർത്തിയൊന്ന് മൂളി…

Don’t repeat again. Go and do your practice.

ഗൗരവം കുറയ്ക്കാതെ നിയാൽ രണ്ടിനോടും പറഞ്ഞ് അവിടന്ന് പോയി…

ഇത് നമ്മടെ നിയാൽ മാസ്റ്റർ തന്നെയാണോ പറഞ്ഞത്‌… മാധു നിയാൽ മാസ്റ്റർ പോയ വഴിയെ നോക്കി പറഞ്ഞ് ആതിയെ നോക്കി…
ആതിയും ഇതെന്ത് മറിമായം എന്ന കണക്കെ നിക്കുവാ…

രണ്ടും ആലോചിച്ചു നിക്കെ നിയാൽ വന്ന് രണ്ടിനും കണക്കിന് കൊടുത്തതും കിട്ടിയതിൽ സംതൃപ്തിയടഞ്ഞു രണ്ടും പ്രാക്ടീസ് ചെയ്യാൻ തുടങ്ങി…
ഈ സമയമെല്ലാം ആതി പോലും കാണാതെ നിയാലിന്റെ കണ്ണുകൾ അവളിൽ തന്നെ കോർത്തു കിടന്നു… ചുണ്ടിൽ ചെറു പുഞ്ചിരിയോടെ…

ക്ലാസ്സ്‌ കഴിഞ്ഞ് രണ്ട് പേരും പുറത്തേക്ക് വന്നപ്പോളുണ്ട് അജു ഗേറ്റിന് പുറത്ത് ബൈക്കിൽ ചാരി ഫോണിൽ നോട്ടമിട്ട് നിൽക്കുന്നു…

അജുനെ കണ്ടതും രണ്ടും അവനടുക്കലേക്ക് ചെന്നു…

ഹേയ് അജു നീ എന്താ ഇവിടെ…?

ഞാൻ നിന്നെ പിക്ക് ചെയ്യാൻ വന്നതാ… അമ്മാമ്മ ഹോസ്പിറ്റലിൽ…

അയ്യോ അതെന്ത് പറ്റി…?

ബാത്ത് റൂമിൽ കാല് വഴുതി വീണു… പേടിക്കാൻ മാത്രമൊന്നുമില്ല… മാഹിച്ചൻ വിളിച്ച് പറഞ്ഞതും അച്ഛൻ ഹാഫ് ലീവ് എടുത്ത് അമ്മേം കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി… നിന്നെ കൂട്ടി അങ്ങോട്ടേക്ക് ചെന്നാൽ മതീന്ന് പറഞ്ഞു… ഇന്ന് വീട്ടിലേക്ക് തിരിച്ച് വരവ് പ്രേതീക്ഷിക്കണ്ട…

അജു പറഞ്ഞത്‌ കേട്ട് ആതിയും മാധുവും പരസ്പരമൊന്ന് നോക്കി…
രണ്ടിന്റെയും ഡാൻസ് ധമാക്ക വെള്ളത്തിൽ വരച്ച വര പോലെയായി…

രണ്ടിന്റെയും ഫ്യൂസ് പോയ കണക്കെയുള്ള നിൽപ്പ് കണ്ട് അജുന് ചിരി വന്നെങ്കിലും കണ്ട്രോൾ ചെയ്ത് നിന്നു… ആ നിപ്പിനർത്തം അജുന് മനസിലായിരുന്നു…

മാധു നീ പോകില്ലേ മോളെ…?

ഏഹ്… ആ… ആമ്… ഞാൻ പൊയ്ക്കോളാം അജുവേട്ടാ… നിങ്ങള് ചെല്ല്…

മമ്… ശെരി… അജു മാധുന്റെ കവിളിലൊന്ന് തട്ടി ബൈക്കിൽ കേറി…
ആതി മാധുനെയൊന്ന് നോക്കി അജുന് പിറകെ കേറി…

അജു മാധുവിനെയൊന്ന് നോക്കി ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടന്ന് തിരിച്ചു…
അവര് പോയതും മാധുവും നിന്ന് സമയം കളയാതെ അവിടന്ന് തിരിച്ചു…

ഈ കാഴ്ചയെല്ലാം മാറിനിന്ന് നോക്കി കണ്ട് നിയാൽ നിപ്പുണ്ടായിരുന്നു… മറ്റൊരുത്തന്റെ ബൈക്കിൽ കേറി പോകുന്ന ആതിയെ കണ്ട് നിയാലിന്റെ മുഖം ചുളിഞ്ഞു…

………………

മാധു ഹെഡ് സെറ്റ് വെച്ച് പാട്ടും കേട്ട് സൈക്കിളും ചവിട്ടി മെയിൻ റോട്ടിൽ നിന്ന് ഇടറോഡിലേക്ക് തിരിയാൻ നേരം ഓട കമ്പിയിൽ കാല് കുരുങ്ങി അനങ്ങാൻ പറ്റാതെ കിടക്കുന്ന പൂച്ചക്കുട്ടിയെ കണ്ണിൽ പെട്ടതും മാധു പൊടുന്നനെ സൈക്കിൾ നിർത്തി… ഹെഡ് സെറ്റ് ഊരി മാധു സൈക്കിളിൽ നിന്നുമിറങ്ങി ഇടവഴിയിലേക്ക് കേറ്റി സൈക്കിൾ വെച്ചവൾ പൂച്ചക്കുട്ടിക്കരികിൽ വന്ന് മുട്ട് കുത്തി നിന്നു…

നല്ല വെളുത്ത കുട്ടിപ്പൂച്ച… പൂച്ചയാണേൽ പേടിച്ച് പുറകിലേക്ക് നീങ്ങാൻ നോക്കുന്നു…

നീ പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യത്തില്ല… പൂച്ചയെ മേലെ പതിയെ തൊട്ട് കൊണ്ട് മാധു പറഞ്ഞു…

പിന്നെ വേദനിപ്പിക്കാതെ രീതിയിൽ ഓട കമ്പിക്കിടയിൽ കുരുങ്ങിയ പൂച്ചക്കുട്ടിയുടെ കാല് പുറത്തെടുത്തു കൊടുത്തു… വെച്ച് വെച്ച് നടന്ന് പോകുന്ന പൂച്ചകുഞ്ഞിനെ നോക്കി മാധു എണീറ്റ് തിരിയേം വലിയ ശബ്ധത്തിൽ സൈക്കിൾ തെറിച്ചവൾക്ക് മുന്നിലേക്ക് വീണതും ഒരുമിച്ചായിരുന്നു…

എന്റെ സൈക്കിൾ… മാധു ഓടിച്ചെന്ന് മറിഞ്ഞു കിടന്ന സൈക്കിൾ പൊക്കി നേരെ വെച്ച് തിരിഞ്ഞു നോക്കിയതും മുന്നിൽ നിക്കുന്ന ആളെ നോക്കി പല്ല് ഞെരിച്ചു…

……………

സുജേ… മോള് കഴിക്കാൻ വന്നില്ലല്ലോ… എന്ത് പറ്റി കക്ഷിക്ക്…?

ഫുഡ്‌ കഴിക്കാനിരിക്കെ കിഷോർ സുജയോട് തിരക്കി…

പെണ്ണിന് വേണ്ടന്ന്… മാത്രവുമല്ല ഇന്ന് ഡാൻസ് അക്കാഡമിയിൽ നിന്ന് വന്നപ്പോ തൊട്ട് പെണ്ണ് അത്രയ്ക്ക് സുഖത്തിലല്ല… ചോദിച്ചിട്ട് ഒന്നുല്ലന്നാ പറഞ്ഞതും… എന്താണോ എന്ന് അവക്കറിയാം…

മമ്… നമ്മടെ മോളായത് കൊണ്ട് പറയല്ല അതിന്റെ സ്വഭാവം എപ്പോ മാറുമെന്ന് അതിന് മാത്രം അറിയാം… കിഷോർ ചിരിയാലേ പറഞ്ഞ് കഴിച്ചു തുടങ്ങി…

ഇതെ സമയം മാധുവിന്റെ റൂമിൽ ആരോടോ ഉള്ള ദേഷ്യം മുഴുവൻ കണ്ണാടിയിൽ നോക്കി വിളിച്ച് തീർക്കുവാണ്…

””പെണ്ണായി പോയി ഇല്ലേൽ എന്റെ കൈയ്യുടെ ചൂട് നീ അറിഞ്ഞേനെ…””

ആ വാക്കുകൾ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു…

അവനാരാന്നാ അവന്റെ വിചാരം… പന്ന തെണ്ടി… ഓരോന്നും പിറുപിറുത്തോണ്ടിരിക്കെയാ ഫോൺ റിങ് ചെയ്തത്…

ഫോൺ എടുത്ത് നോക്കിയതും
ആതി calling…

നിനക്കെന്താ പറ്റിയെ… സുജാമ്മ അമ്മയെ വിളിച്ചപ്പോൾ നീ അക്കാഡമിയിൽ നിന്ന് വന്നപ്പോ തൊട്ട് മൂഡ് ശരിയല്ലന്ന്… എന്താ മാധു കാര്യം…?
കാൾ അറ്റന്റ് ചെയ്ത് വായ് തുറക്കും മുന്നേ ആതിയുടെ ചോദ്യമുയർന്നു…

മാധു വരുന്ന വഴി നടന്നതൊക്കെ പറഞ്ഞു…

എന്നിട്ട് സൈക്കിളിന് എന്തേലും പറ്റിയോടി മാധു…
കേട്ട് കഴിഞ്ഞതും ആതി ചോദിച്ചു…

ഒലക്ക… വെച്ചിട്ട് പൊടി പന്നി…

മറു വശത്ത് നിന്ന് ആതി ചിരിക്കുന്നത് കേട്ട് മാധു ഫോൺ വെച്ചു ബെഡിലേക്കിട്ടു…

ഉറങ്ങാൻ കിടന്നിട്ടാണേൽ ഉറക്കമേ വരുന്നില്ല… കണ്ണടക്കുമ്പോൾ ആ രംഗം തെളിഞ്ഞു വരും…

എന്റെ ഉറക്കം തന്നെ കളഞ്ഞ തെണ്ടി നിന്നെ ഇന്നല്ലേൽ നാളെ എന്റെ കൈയ്യിൽ കിട്ടും…
എന്റെ മഹാദേവാ ഒരു തവണ ഒരൊറ്റ തവണ ആ നാക്കാലനെ എന്റെ മുന്നിൽ എത്തിക്കണേ…

അവസാനം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കത്തിലേക്ക് വീണു…

 

തുടരും…