രചന – ആയിഷ അക്ബർ
മംഗലത്തമ്മ കിടക്കുന്ന കട്ടിലിനു താഴെയായി പായ വിരിച്ച് കിടക്കുമ്പോഴും അവൾക്ക് സ്വസ്ഥയില്ലായിരുന്നു..
അർജുൻ എന്ന ആ പേര് മനസ്സ് ആവർത്തിച്ചുചരിച്ചു കൊണ്ടിരിക്കുന്നു….
ആ പൊടി മീശക്കാരന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു…..
അവധിക്കാലത്തു അമ്മയോടൊപ്പം മംഗലത്തേക്കെത്തുന്ന വിരുന്ന് കാരനായിരുന്നവൻ….
കാറിന്റെ മുകളിൽ കെട്ടി വെച്ച ആ പെട്ടി കാണാൻ ഞങ്ങൾ കുട്ടികളെല്ലാവരും അവർ വരുമ്പോഴേക്കും മുറ്റത്ത് കൂട്ടം കൂടി നിൽപ്പായിരിക്കും …..
ആ പെട്ടിയിൽ എന്തെന്ന് അറിയാനുള്ള കൗതുകത്തോടൊപ്പം ഓരോരുത്തരുടെ സങ്കല്പതിനനുസരിച് അതിനുള്ളിലെ സാധനങ്ങൾ മനസ്സിൽ വരച്ചു ചേർക്കുമായിരുന്നു….
സ്കൂളിന് അവധിയുള്ള ദിവസങ്ങളിലാണ് ഞാൻ അമ്മയോടൊപ്പം മംഗലത്തേക്ക് പോകാറുള്ളത്…
അപ്പോഴൊക്കെയും അകന്ന് നിന്നേ ഞാനവനെ കണ്ടിട്ടുള്ളു…
ആരോടും അധികം സംസാരിക്കാത്ത ഒരു പ്രത്യേക പ്രകൃതമാണവൻ….
കൂടുതൽ സമയവും ചിലവഴിക്കുന്നത് മംഗലത്തമ്മയുടെ കൂടെ മാത്രം…..
സദാ ഗൗരവത്തോടെ നടക്കുന്ന അവനെ ഞങ്ങൾ കുട്ടികൾക്കെല്ലാം ചെറിയൊരു ഭയമുണ്ടായിരുന്നു…
ആരോടും കൂട്ടില്ലെങ്കിലും മംഗലത്തെ കാര്യസ്ഥന്റെ മകനായ പ്രവിയേട്ടനോട് മാത്രം അവനെങ്ങനെ ഇത്രയേറെ കൂട്ടായി എന്നതിൽ എനിക്കത്ഭുതം തോന്നാറുണ്ട്……
താൻ അവനെ ദൂരെ നിന്ന് കാണുന്ന വെറുമൊരു കാഴ്ചക്കാരിയായി രുന്നു അന്നത്തെ ആ ദിവസം വരെ…..
തന്റെ മൂക്കിന് മേലെ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തി നഷ്ടപ്പെടുന്നത് വരെ…
അത് അപ്പാ വാങ്ങി തന്നതാണ്….
എന്നേ മൂക്കുത്തി യിട്ട് കാണാൻ അപ്പാക്ക് വല്യ ആഗ്രഹമായിരുന്നു…..
എന്നാൽ അത് വാങ്ങി തരാൻ സാധിച്ചത് മരിക്കുന്നതിന്റെ കുറച്ച് മുൻപ് മാത്രമായിരുന്നു….
ഒരുപാടൊന്നും അപ്പാ അതിട്ടെന്നെ കണ്ടിട്ടില്ല….
ആ മൂക്കുത്തിക്ക് തന്റെ മനസ്സിൽ അപ്പയോളം മൂല്യമുണ്ട്…..
അവൾ കളിച്ചിരുന്ന സ്ഥലത്തെ പുൽക്കൊടി മാറ്റി നോക്കി….
എവിടെയും കാണുന്നില്ലെങ്കിലും നിരാശ മാറ്റി വെച്ചവൾ വീണ്ടും തിരഞ്ഞു തുടങ്ങി…..
കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്…..
മൂക്ക് കുത്തുന്ന സമയം താൻ വേദന കൊണ്ട് കണ്ണിറുക്കിയപ്പോൾ മങ്ങിയ അപ്പയുടെ മുഖം മൂക്കുത്തിയിട്ട തന്നെ കണ്ടപ്പോൾ വിടർന്നിരുന്നു…
ഒരു വേള എല്ലാം മനസ്സിലങ്ങനെ നിറഞ്ഞു നിന്നു……
കണ്ണ് നീർ ആ പതിനാല് കാരിയുടെ കാഴ്‌ച മറച്ചിരുന്നു…..
കളിച്ചിടത്തും നടന്നിടത്തും ഇരുന്നിടത്തുമെല്ലാം തിരഞ്ഞു…
ഏയ്… എന്താ തിരയുന്നത്….
പ്രവിയേട്ടന്റെ ശബ്ദം കേട്ടെങ്കിലും അവൾ തലയുയർത്തിയില്ല….
അഞ്ജലിയുടെ മൂക്കുത്തി കളഞ്ഞു പോയി….
അത് തിരയുവാ…..
കൂടെ തിരയാൻ കൂടിയിരുന്ന ഗായത്രി അത് പറഞ്ഞതും പ്രവിയേട്ടൻ ഒന്ന് നിന്നു….
ഒരു വെള്ള കല്ലാണോ….
പ്രവി അത് ചോദിച്ചതും അവൾ വേഗം മുഖമുയർതി അവനടുത്തേക്കൊടി….
അതേ….കണ്ടിരുന്നോ…. പറ എവിടെയാ….
ചോദിക്കുമ്പോൾ അതറിയാനുള്ള പരിഭ്രമം അവളിൽ നിറഞ്ഞു നിന്നിരുന്നു…
നമ്മുടെ മംഗലത്തെ വിരുന്നുകാരനില്ലേ അർജുൻ…. അവന് കുളപ്പുരയുടെ അവിടെ വെച്ച് കിട്ടിയാരുന്നു…..
അവളുടേ മുഖം വിടർന്നു….
അവൾ വേഗം മംഗല ത്തേക്ക് നടന്നു…..
അവളുടേ കണ്ണുകൾ അവനെ അവിടെ തിരഞ്ഞെങ്കിലും അവിടെയെങ്ങും അവനുണ്ടായിരുന്നില്ല…..
മംഗലത്തമ്മ യുടെ മുറിയിലുള്ള തന്റെ അമ്മയുടെ അടുത്തേക്ക് പോയപ്പോഴാണ് ആ ജനലിലൂടെ അവൻ പിറകിലെ തൊടിയുടെ അങ്ങേയറ്റത്തു നിൽക്കുന്നതവൾ കാണുന്നത്….
അവൾ വേഗം അവിടെ നിന്ന് പിറകിലൂടെ ഓടി…..
തെങ്ങിൻ തോട്ടവും കവുങ്ങിൻ തോട്ടവും പിറകിലാക്കി അവളോടി അവന്റെ അടുത്തേക്കെത്തി….
അവനൊന്നു തിരിഞ്ഞു….
ആദ്യമായായിരുന്നു അവളവനെ ഇത്ര അടുത്ത് നിന്ന് കാണുന്നത്…..
വെട്ടിയോതുക്കിയ ഭംഗിയുള്ള കുറ്റി മുടി…..
ഒരു പതിനെട്ടോ പത്തൊൻമ്പത്തോ വയസ്സ് കാണും….
മെലിഞ്ഞ പ്രാകൃതമാണെങ്കിലും നല്ല വെളുത്ത നിറം……
ഗൗരവമേറിയ മുഖം തന്നെ അത്ര ഭംഗിയുണ്ടെങ്കിൽ ആള് ചിരിച്ചാലെന്ത് ഭംഗിയായിരിക്കും…
മ്മ്…..
തന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി എന്തെന്ന അർത്ഥത്തിൽ അവൻ പുരികമുയർത്തി….
എന്റെ…. എന്റെ മൂക്കുത്തിയെവിടെ….
അവളുടേ വാക്കുകളിൽ അമർഷം കലർന്നിരുന്നു….
അവൻ കേൾക്കാത്ത ഭാവത്തിൽ തിരിഞ്ഞു നിന്നു…..
പ്രവിയേട്ടൻ പറഞ്ഞല്ലോ ഇയാൾക്ക് കിട്ടിയെന്ന്….
അതിങ് തന്നേക്ക്…..
ഇല്ലെങ്കിൽ….
അവളത് പറഞ്ഞതും അവൻ ഒരു പുച്ഛത്തോടെയാണത് ചോദിച്ചത്…..
ഇല്ലെങ്കി താൻ വിവരമറിയും…..
അവൾ ദേഷ്യത്തോടെ അത് പറഞ്ഞതും അവനിൽ നിറഞ്ഞതൊരു ഞെട്ടലായിരുന്നു….
മംഗലത് വീട്ടിലെ കുട്ടിയോട് വെറുമൊരു ജോലിക്കാരി പെണ്ണാണ് പറയുന്നത്…..
ആരെങ്കിലും കേട്ടോയെന്നവൻ ഒരു പരിഭ്രമത്തോടെ ചുറ്റും നോക്കുമ്പോഴും ഒരു കൂസലുമില്ലാതെ അവളങ്ങനെ നിന്നു……
തരാൻ സൗകര്യമില്ല…. നിന്നെക്കൊണ്ട് പറ്റുന്നത് നീ ചെയ്യ്…..
ഇനി നിനക്കത്ര നിർബന്ധമാണെങ്കിൽ ആ കുളത്തിൽ മുങ്ങി തപ്പിയെടുക്കേണ്ടി വരും….
ചെല്ല്….
അവൻ ദേഷ്യത്തോടെ അതും പറഞ് തിരിഞ്ഞതും അവൾ ദേഷ്യത്താൽ നിന്ന് വിറച്ചു…
ഡാഹ്…..
അവളുടേ അലറലിനു നേരെ അവൻ തിരിഞ്ഞതും അവന്റെ നെറ്റിയിൽ ഒരു കല്ല് വന്നു പതിച്ചതും ഒരുമിച്ചായിരുന്നു….
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്പേ അവന്റെ ഇളം വയലറ്റ് നിറത്തിലുള്ള ഷർട്ടിലൂടെ രക്തം ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു…..
അവൻ നെറ്റിയിൽ അമർത്തി പിടിക്കുന്നതോടൊപ്പം ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുന്ന ആ ഉണ്ടക്കണ്ണിയെ ഒന്ന് കൂടി നോക്കി…..
എടി….. അഹങ്കാരി… നീയെന്താ ഈ ചെയ്തത്….
അപ്പോഴാണ് പിറകിൽ നിന്നുള്ള ഗോപി യുടെ വാക്കുകൾ ഇരുവരിലും ഞെട്ടൽ തീർക്കുന്നത്….
അയാൾ അടുത്തുള്ള ശീമകൊന്നയിൽ നിന്നൊരു വടി യെടുത് അവളെ തലങ്ങും വിലങ്ങും തല്ലുമ്പോഴും അവൾ അനങ്ങിയില്ല….
അവനപ്പോഴും ഒരു അത്ഭുതത്തോടെ അവളെ നോക്കി നിന്നു……
നിനക്കെത്ര അഹങ്കാരമുണ്ടെടി മംഗലത്തെ കൊച്ചിനെ….
എന്റെ മൂക്കുത്തി എടുത്ത് കുളത്തിലിട്ടിട്ടാ ഞാൻ….
അത്ര തല്ലിയിട്ടും താൻ പറഞ്ഞത് മുഴുവനാക്കാൻ പോലും സമ്മതിക്കാതെ ഗൗരവത്തോടെ പറയുന്ന അവളെ കണ്ട് ഗോപിയും ഒന്നമ്പരന്നിരുന്നു….
ഒന്നല്ല ആയിരം മൂക്കുത്തി വാങ്ങാൻ കെൽപ്പുള്ള മംഗലത്തെ ചെക്കനാ ഇവൻ…..
ഗോപി അഭിമാനത്തോടെ അത് പറയുമ്പോൾ അവൾ പുച്ഛത്തോടെയൊന്ന് ചിറി കോട്ടി…..
എനിക്ക് നഷ്ടപ്പെട്ടത് വാങ്ങി തരാൻ മാത്രം വളർന്നിട്ടില്ല മംഗലത്തെ ഒരാളും…..
അത് പറയുമ്പോൾ അവളുടേ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു….
പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവളവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോൾ കൈ നെറ്റിയിലെ മുറിവിൽ പിടിച് അവനപ്പോഴും അവളെ നോക്കി നിന്നു…….
പിന്നീട് അവൻ തിരിച് പോകുന്ന ദിവസമാണ് അവനെ ഞാൻ കാണുന്നത്….
ഒളിച്ചു കളിക്കുന്നതിനിടയിൽ താനൊളിച് നിൽക്കുന്ന ചുമരിന്റെ പിറകിലായി അവൻ വന്നു നിന്നപ്പോൾ കൂടെ പ്രവിയേട്ടനുമുണ്ടായിരുന്നു….
നെറ്റിയിൽ ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്…..
അവൾ തല താഴ്ത്തി നിന്നു….
ഇതിനുള്ള മറുപടി തരാൻ അർജുൻ തിരിച് വരിക തന്നെ ചെയ്യും…..
നീ കാത്തിരുന്നോ…..
അതായിരുന്നു അവൻ തന്നോട് അവസാനമായി പറഞ്ഞ വാക്കുകൾ….
പിന്നീടവനെ താൻ കണ്ടിട്ടില്ല…..
അവധി ക്കാലത്തൊന്നും അവൻ പിന്നീട് മംഗലത്തേക്ക് വന്നിട്ടുമില്ല….
എന്തൊക്കെയോ പഠിത്തത്തിലാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്….
മുത്തശ്ശിയെ കാണാൻ പലപ്പോഴായി വന്നു പോവാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും താൻ കണ്ടിട്ടില്ല…..
കൊച്ച് മോൻ നാളെ തന്നെ തിരിച് പോകുമായിരിക്കും അല്ലേ…..
അവൾ കട്ടിലിലേക്ക് ഒന്ന് നോക്കിയാണ് അത് ചോദിച്ചത്….
ഇല്ലാ….. അവൻ ബാംഗ്ലൂരിലെ പഠിത്തം കഴിഞ്ഞ് തിരിച് പോകുകയാണ്….
അതിനു മുന്പേ എന്റെ അടുത്ത് കുറച്ച് ദിവസം വന്നു നിൽക്കണമെന്ന് പറഞ് വരികയാണ്….
അപ്പുറത്തെ ആ മുറി അവന് വേണ്ടി ഒരുക്കണം…..
എല്ലാം പൊടി പിടിച് കിടക്കുകയാവും….
അവനെ കുറിച് പറയുമ്പോഴേക്കും വാചാലമാകുന്ന മംഗലത്തമ്മയേ ഓർക്കുന്നതിനേക്കാൾ തന്റെ കാര്യമോർത് അവൾക്ക് വല്ലാത്തൊരു പരിഭ്രമം തോന്നിയിരുന്നു….
ഇനി ഒരു പക്ഷേ അവൻ വരുന്നത് തന്നോട് പ്രതികാരം ചെയ്യാനാകുമോ….
ഏയ്…. അതൊക്കെ മറന്നിട്ടുണ്ടാകും….
അവൾ സ്വയം ആശ്വസിച്ചു കൊണ്ട് പുതപ്പ് തല വഴിയിട്ട് കിടന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇരുട്ടിനെ കീറി മുറിച് വെളിച്ചം ഭൂമിയിലേക്ക് പതിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു……
അവൾ കാലടികൾ വേഗത്തിലാക്കി…..
അവളുടേ നടത്തതിനനുസരിച് കാലിലെ കൊലുസും താളമിട്ടിരുന്നു…..
വീടിന്റെ മുമ്പിലെത്തിയപ്പോഴാണ് ഇടിക്കാനെന്ന വണ്ണം അവളിലേക്ക് വന്ന സൈക്കിൾ അവളുടേ അരികിൽ ചേർത്ത് നിർത്തിയത്…..
അവൾ ഞെട്ടി കൊണ്ട് മിഴികളുയർത്തി…..
അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു നിൽക്കുന്ന പ്രവിയെ കണ്ടതും അവൾ മുഖം കൂർപ്പിച്ചു…..
രാവിലെ തന്നെ എന്നെ കൊല്ലാനിറങ്ങിയേക്കുവാണോ പത്രക്കാരാ….
അവളത് ചോദിക്കുമ്പോഴും അവൻ മുഖത്തൊരു കുസൃതി ചിരിയോടെ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു…..
അതേയ് തമ്പുരാട്ടി….ഇന്നാ ഇതും കൂടി വെച്ചോ….
ഇനി ഞാനെറിഞ്ഞു ബഹിരാകാശത്തു എത്തിയെന്നു പറഞ്ഞു നിന്റെയാ ശൂർപ്പണകമ്മായി വരണ്ട….
അവനേ തറപ്പിച്ചു നോക്കി അവൾ പോകാനൊരുങ്ങിയപ്പോഴാണ് ഒരു പത്രമെടുത്തവൻ അവളുടേ കയ്യിൽ കൊടുത്തത് പറയുന്നത്….
അത് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് നടന്നു…..
അതേയ്…… നിന്റെ ശത്രു വരുന്നുണ്ടല്ലേ….
അവൻ പെട്ടെന്നത് ചോദിച്ചതും അവൾ അവനിലേക്ക് തിരിഞ്ഞു…..
ഇതിപ്പോ നീയെങ്ങനെ അറിഞ്ഞു….
അവളുടേ മുഖം ദയനീയമായി…..
അച്ഛൻ പറയുന്നത് കേട്ടു….
നിന്നോട് പകരം വീട്ടാനുള്ള വരവാകും….
അവൻ അവളെ ഇടം കണ്ണിട്ട് നോക്കി അല്പം ഗൗരവത്തോടെ അത് പറഞ്ഞതും അവളുടേ കണ്ണുകൾ ഒന്ന് കൂടി വിടർന്നു…..
പിന്നേ….. പണ്ടെങ്ങാണ്ടോ നടന്നതും ആലോചിച് പ്രതികാരത്തിനിറങ്ങുകയല്ലേ അയാൾക്ക് പണി…..
ഇയാളൊന്നു പോയെ….
അതും പറഞ്ഞവൾ പത്രവും ചുരുട്ടി പിടിച് നടന്ന് പോകുമ്പോൾ പ്രവി ചിരിച്ചു…..
പക്ഷെ അപ്പോഴും അവളുടേ മനസ്സിൽ രക്തം കിനിഞ്ഞിറങ്ങുന്ന അവന്റെ മുഖമായിരുന്നു…….
(തുടരും)

by