22/04/2026

മൂക്കുത്തി : ഭാഗം 31

രചന – ആയിഷ അക്ബർ

അന്ന് അഞ്ജലിക്ക് പതിവില്ലാത്തൊരു സന്തോഷം തോന്നിയിരുന്നു…..

കോളേജിലേക്ക് പോകാനൊരുങ്ങുമ്പോഴും ആ സന്തോഷം മനസ്സിലങ്ങനെ നിറഞ്ഞു നിന്നിരുന്നു…….

യൂണിഫോം മാറ്റി കഴിഞ്ഞ് മുടിയൊന്ന് മുമ്പിലേക്ക് മെടഞ്ഞിട്ടു…….

ബാഗുമെടുത് ഇറങ്ങുമ്പോഴാണ് ആ വാച്ചവളുടെ മനസ്സ് ഒന്ന് കൂടി ഓർമിപ്പിച്ചത്….

അവളാ പെട്ടി തുറന്നു……
അതിൽ വെച്ച വാച്ചെടുക്കുമ്പോൾ തന്നെ അദരങ്ങളൊരു പുഞ്ചിരിയെ കൈ വശപ്പെടുത്തി…….

സൂക്ഷിച്ചു വെക്കാനാണ് മനസ്സ് പറയുന്നത്….

പക്ഷെ അണിഞ്ഞു കാണാൻ അവനാഗ്രഹിക്കുന്നുണ്ടെങ്കിലോ…….

എത്ര നാളാണ് അവൻ കൂടെയുണ്ടാകുക എന്നറിയില്ലല്ലോ…..

അവളുടേ നെഞ്ചോന്ന് പിടച്ചു…….

അവളതെടുത്തു വേഗം കയ്യിലേക്ക് കെട്ടി…..

പിന്നെ വേഗത്തിൽ കോണിപ്പടികളിറങ്ങി താഴേക്ക്……..

അടുക്കളയിൽ ചെന്ന് വേഗം രണ്ട് ഇഡ്ഡലി പാത്രത്തിലേക്കിടുമ്പോഴൊന്നും അവൾ അവിടെയുള്ള ആരെയും ശ്രദ്ധിച്ചില്ല….

വേഗം കഴിച്ച് കൊണ്ട് പുറത്തേക്ക് നടന്നു……

പോകും മുന്പേ അവനെയൊന്ന് കാണണമായിരുന്നവൾക്ക്….

അവൻ ഉമ്മറത്തിരിക്കുന്നുണ്ടാവും…

പക്ഷേ അല്പം അടുത്ത് നിന്ന് കണ്ടാലല്ലേ കയ്യിൽ കെട്ടിയ വാചവൻ ശ്രദ്ധിക്കു……

പക്ഷേ സമയം ഏറെ വൈകിയിട്ടുണ്ട്….

ഇനി അവനേ അടുത്ത് കാണുക എന്നത് നടക്കില്ല എന്നോർക്കേ അവൾക്കോരു നിരാശ തോന്നി…..

അവൾ പതിയേ ഉമ്മറത്തേക്ക് നീങ്ങി……

കുപ്പി ക്ലാസ് കയ്യിൽ പിടിച്ചത് ചുണ്ടോടു ചേർക്കുക യായിരുന്ന അർജുൻ അവളുടേ ഗന്ധം അവിടെ പരന്നതും മിഴികളുയർത്തി…..

അവളും പതിവില്ലാതെ അവന്റെ മിഴികളെ തന്നെ ശ്രദ്ധിച്ചു……

അതെ….. അവന്റെ മിഴികൾ ആദ്യം തെന്നി നീങ്ങിയത് തന്റെ കയ്യിലെ വാചിലേക്ക് തന്നെയാണ്…

പെട്ടെന്നവന്റെ ചൊടികളൊരു പുഞ്ചിരിയെ കവർന്നു…..

അതവളിലേക്കും പതിയേ പടർന്നിരുന്നു…..

അവളുടേ വെളുത്ത കൈകളിൽ സ്വർണ നിറത്തിലുള്ള കല്ലുകൾ തിളങ്ങിരുന്നു…..

ആരുടേയും മിഴികൾ ആദ്യം പതിക്കാനെന്ന പോൽ……..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് വൈകുന്നേരം അവൾ വരേണ്ട സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് അവളെ കാത്തിരിക്കുന്ന അവന് വെപ്രാളം തുടങ്ങിയത്……

അവൻ വേഗം താഴെക്കിറങ്ങി…..

അപ്പോഴാണ് അനഘ ബാഗുമായി സ്കൂളിൽ നിന്നും വരുന്നത്…..

അമ്മേ…. ബസ്സുകാരിന്ന് ഉച്ചക്ക് ശേഷം സമരത്തിലാണത്രേ…

ആകെ പെട്ട് നിൽക്കായിരുന്നു…
പിന്നെ ഞാൻ അച്ഛനെ വിളിച്ചു…..

അനഘ അത് പറഞ്ഞപ്പോൾ അവൻ കയ്യിലുള്ള ഫോണിലേക്കൊന്ന് നോക്കി…….

അവൾ തന്നെ വിളിച്ചു കാണുമോയെന്നൊരു ചിന്തയിൽ….

ഇല്ലാ… വിളിച്ചിട്ടില്ല……

വിളിക്കാൻ അവൾക്ക് തന്റെ നമ്പർ അറിയുകയും ഇല്ലല്ലോ…

അവൻ മുത്തശ്ശിക്കരികിലേക്കൊന്ന് പോയി…..

ഇനി മുത്തശ്ശിക്കെങ്ങാൻ വിളിച്ചിട്ടുണ്ടോയെന്നറിയാൻ……

എന്നാൽ മുത്തശ്ശിയും സ്വാഭാവികമായി തന്നെ സംസാരിച്ചു….

എന്ത്‌ ചെയ്യണമെന്നറിയാതെ അൽപ നേരം അങ്ങനെ നിന്ന ശേഷം അവൻ വേഗം ചാവിയെടുക്കാൻ തുടങ്ങി….

പക്ഷെ കാറിന്റെ ചാവി വെച്ചിടത് കാണുന്നില്ലായിരുന്നു….

ഞാൻ ഇവിടെ വെച്ച കീ ആരെങ്കിലും എടുത്തോ….

അർജുൻ അപ്പുറത്തായിരിക്കുന്ന സുകന്യയെയും ശോഭയെയും കണക്കാക്കി തന്നെയായിരുന്നത് ചോദിച്ചത്……

ആ… അത് അരുണെടുത്തു പോയല്ലോ…..
പുറത്ത് പോകാനാണെങ്കിൽ അവന്റെ ബൈക്ക് എടുത്തോ….

സുകന്യ അതും പറഞ് ചാവി അവന് നേരെ നീട്ടിയതും അവനൊരു നിമിഷം ഒന്ന് ആലോചിച്ചു നിന്ന ശേഷം അതും വാങ്ങി അവിടെ നിന്നിറങ്ങി…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കോളേജിലേക്കുള്ള കയറ്റം കയറാൻ തുടങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു താൻ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അവളെ….

കൂടെ കുറച്ച് കുട്ടികളുമുണ്ട്……

അല്പം ദൂരെ നിന്ന് താനവളെ നോക്കിയങ്ങനെ നിന്നു….

കൂട്ടുകാർക്കിടയിൽ നിൽക്കുമ്പോഴും മറ്റാരിലും ഇല്ലാത്ത എന്തോ ഒന്ന് അവളുടേ മിഴികളിൽ കാണും പോലെ അവന് തോന്നി……

അവൻ ഒന്ന് കൂടി മുമ്പിലേക്ക് നീങ്ങി…..

സംസാരത്തിന്റെയും നോട്ടങ്ങളുടെയും ഇടയിൽ അവളൊന്ന് തല വെട്ടിച്ചപ്പോഴാണ് കൈ രണ്ടും മാറോട് പിണച്ചു കെട്ടി ബുള്ളറ്റിലിരുന്നു തന്നെ നോക്കുന്നവനെ കാണുന്നത്……

ഒരു നിമിഷം അവളുടേ കണ്ണുകളൊന്ന് വിടർന്നു…..

അവൻ നോക്കി നിൽക്കെ അവളുടേ കാലുകൾ അവനരികിലേക്ക് നീങ്ങി…..

ബസ്സ്…. ബസ്സില്ലാ…..

തന്നെ നോക്കി നിൽക്കുന്ന വനോട് എന്ത് പറയണമെന്നറിയാതെ അവൾ പതിയേ പറഞ്ഞു….

ഏയ്…. അർജുൻ ബ്രോ….

അപ്പോഴേക്കും കുറച്ചപ്പുറത്തു നിന്നുമുള്ള ആ വിളിയിലേക്ക് ഇരുവരുടെയും മിഴികൾ നീങ്ങി…..

ഒരു നാലഞ്ചു ആൺകുട്ടികളായിരുന്നത്….

ഫ്രണ്ട്സാണ്…..

അവനൂഹിച്ചതിനൊപ്പം അവൾ കൂട്ടി ചേർത്തു…..

ഹായ്….

അവരടുത്തു വന്നു അവന് നേരെ കൈ നീട്ടി…..

അവനും ചെറു ചിരിയോടെ ഷേക്ക്‌ ഹാൻഡ് നൽകി…..

കല്യാണത്തിന് എന്തായാലും ഞങ്ങളെ വിളിച്ചില്ലാ…..
ചെലവ് വേണം….

കൂട്ടതിലെ ഉയരം കുറഞ്ഞ ആളത് പറഞ്ഞതും അഞ്ജലി അവനെ നോക്കി കണ്ണുരുട്ടി….

അതിനെന്താ….. ആവാലോ….
നിങ്ങൾക്കൊഴിവുള്ളപ്പോ പറഞ്ഞാൽ മതി…..
ഞാൻ വരാം……

അർജുനും അവരുടെ സംസാരങ്ങളോട് വളരേ താല്പര്യം പ്രകടിപ്പിച്ചു….

അപ്പൊ ശെരി…. ഞങ്ങള് പോട്ടെ….. പിന്നെ കാണാം…

അതും പറഞ്ഞവർ അവന് കൈ കൊടുത്തു പിരിയുമ്പോഴും അവന്റെ ബൈക്കിനു പിറകിൽ കയറണ്ടേ എന്ന ആശങ്കയിലായിരുന്നു അഞ്ജലി……

അവർ പോയതും അവൻ അവളിലേക്കൊന്ന് നോക്കി…..

ദയനീയമായി അവളങ്ങനെ നിൽക്കുകയാണ്….

കയറ്….മഴ വരുന്നുണ്ട്…..

അവൻ അവളുടേ ഭാവം കണ്ടില്ലെന്ന മട്ടിൽ ആകാശത്തേക്ക് മിഴികൾ നീക്കിയത് പറഞ്ഞതും അവൾ വല്ലാത്തൊരു ഭാവത്തോടെ അവന്റെ പിറകിലേക്ക് കയറി…….

അവൻ മിററിലൂടെ പിറകിലേക്കൊന്ന് നോക്കി….

അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി സ്ഥാനം പിടിച്ചു….

ബൈക്ക് അവിടെ വെച്ച് കാറെടുത് കൊണ്ട് പോയത് കൊണ്ട് തന്നെ ആദ്യമായി അരുണിനോടൊരു കടപ്പാട് തോന്നിയവന്…….

അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…..

വണ്ടി നീങ്ങി തുടങ്ങിയതും അവനിലേക്ക് ചേർന്നിരിക്കാതിരിക്കാൻ അവൾ അവളെ കൊണ്ടാവും പോലെ അകന്നിരുന്നു…..

അപ്പോഴും വിടർന്ന മിഴികളെയും പാറി പരക്കുന്ന അവളുടേ മുടിയിഴകളെയും കണ്ണാടിയിലൂടെ അവനൊപ്പിയെടുക്കുന്നുണ്ടായിരുന്നു…..

മനസ്സിലാകെ ഒരു തിരയിളക്കം അവനറിഞ്ഞിരുന്നു…..

അപ്പോഴേക്കും ആകാശം കാർ മേഘങ്ങളാൽ മൂടി…..

തണുത്തൊരു കാറ്റ് അവരെ പൊതിഞ്ഞു….

കുഞ്ഞു മഴ തുള്ളികൾ അവന്റെ മുഖത്തേക്ക് ഇറ്റി വീണു തുടങ്ങി……

തുള്ളികളുടെ വലിപ്പം കൂടുന്നതറിഞ്ഞതും അവൻ വണ്ടി വേഗം ഒരു വശത്തേക്കൊതുക്കി അവിടെയുള്ള ബസ് സ്റ്റോപ്പിലേക്ക് ഓടി ക്കയറി….

പിറകെ അവളും……

അപ്പോഴേക്കും മഴ വലിയൊരു ശബ്‍ദത്തോടെ ഭൂമിയിലേക്ക് വന്നു വീണു തുടങ്ങി…….

ആ കുഞ്ഞു ബസ് സ്റ്റോപ്പിൽ മഴ കൊള്ളാത്ത ഇത്തിരി സ്ഥലത്ത് അവരങ്ങനെ നിൽക്കുമ്പോൾ അവന്റെ ശ്വാസം അവളുടേ മുഖത്തു പതിക്കുന്നുണ്ടായിരുന്നു….

മഴയിലേക്ക് നോക്കി നിൽക്കുന്ന അവൻ അവളിലേക്കൊന്ന് മിഴികൾ നീക്കിയതും അവളുടേ മൂക്കിൽ മൂക്കുത്തി കണക്കെ നിൽക്കുന്ന ആ മഴത്തുള്ളിയിലേക്കോന്നു നോക്കി……

അവനറിയാതെ അവനിലൊരു പുഞ്ചിരി വിരിഞ്ഞു….

മ്മ്……

തന്നെ നോക്കി ഒരു ചിരിയോടെ നിൽക്കുന്ന അവനിലേക്ക് അവളെന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി …..

മൂക്കുത്തി…..

അവന്നതു പറയുമ്പോൾ എന്തൊക്കെയോ ഓർമ്മകൾ അവനിൽ നിറഞ്ഞു നിന്നിരുന്നതറിഞ്ഞതും അവൾ മുഖമൊന്നു കൂർപ്പിച്ചു അവനെ നോക്കി…..

അവന്റെ ശ്വാസത്തിനു കീഴെ അങ്ങനെ നിൽക്കുമ്പോൾ ഈ മഴ തോർന്നില്ലായിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചിരുന്നു…..

നമുക്കൊരു ചായ കുടിച്ചാലോ…..

അവൻ അവളെ നോക്കിയതും പറഞ് മുമ്പിൽ നടക്കുമ്പോൾ പിറകെ അവളും നടന്നു…..

ഏട്ടാ രണ്ട് ചായ……

നിനക്കെന്താ കഴിക്കാൻ വേണ്ടത്…….

അഞ്ജലി കുട്ടിക്ക് പരിപ്പ് വട…..
അല്ലാതെന്താ ..

അർജുൻ പലഹാരങ്ങൾ വെച്ച അലമാരയിലേക്ക് നീങ്ങിയവളോടത് ചോദിച്ചപ്പോഴാണ് കടക്കാരൻ ചേട്ടനത് പറയുന്നത്……

അവൻ വേഗം മുഖമുയർത്തി അവളെയൊന്ന് നോക്കി….

അവൾ ഒരു ചെറു ചിരിയാലെ അയാളെ നോക്കിയിരിക്കുക യാണ്…..

അവനും ഒന്ന് പുഞ്ചിരിച്ചു അലമാരയിൽ നിന്നും രണ്ട് പരിപ്പ് വട യെടുത്തു….

നിനക്ക് ഇവരെ എങ്ങനെ അറിയും ……

എന്റെ നാടല്ലേ ഇത്……

പരിപ്പ് വട കഴിച്ച് കൊണ്ടവന്നത് ചോദിച്ചതും അവൾ പതിയേ മറുപടി പറഞ്ഞു…….

എനിക്കിവിടെ ആരെയും അങ്ങനെ പരിചയമില്ലല്ലോ….
അതാ ഞാൻ….

ആരെങ്കിലും കൂട്ടിനുണ്ടെങ്കിൽ ഞാനും ഇവിടെ കൂടിയാലോയെന്ന് ആലോചിക്കുവാ…..

അവൻ അവളുടേ മിഴികളിൽ നോക്കിയത് പറയുമ്പോൾ അത് തന്നോടുള്ള ചോദ്യമാണെന്ന് അറിയുമെങ്കിലും അവൾക്കെന്ത് പറയണമെന്നറിയില്ലായിരുന്നു….

എന്റെ ലോകം ഇതൊക്കെയാ…..
കുമാരേട്ടന്റെ കടയും…. പരിപ്പ് വടയും….. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ……

നിങ്ങൾ ഈ ചെറിയ ലോകത്ത് കുരുങ്ങി പ്പോയാൽ പിന്നീടതോർത്തു ഖേദിക്കേണ്ടി വരികയെ യുള്ളൂ. ….

അവന്റെ ചോദ്യത്തിനുള്ള മറുപടിയായി അതവൾ പറയുമ്പോൾ അവളുടേ കണ്ണുകളിൽ വല്ലാത്തൊരു നോവവൻ കണ്ടിരുന്നു….

അത്ര നേരത്തെ അവന്റെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു പോയി..

അവനൊന്നും തിരിച് പറയാൻ കഴിഞ്ഞില്ല…..

രണ്ട് പേർക്കുമിടയിൽ വന്ന് കൂടിയ നിശബ്ദതക്ക് വേദനയുടെ കൂട്ടുണ്ടായിരുന്നു……

അവർ അവിടെ നിന്ന് എഴുന്നേൽക്കുമ്പോഴും തിരിച് ബൈക്കിൽ കയറുമ്പോഴും ഇരുവരുടെയും മനസ്സിൽ ഒരു നീറ്റൽ ബാക്കിയായിരുന്നു…..

അവളുടേ മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയാത്ത വിധം താനെന്ന് പറ്റിപ്പിടിക്കുമെന്ന് നോവോടെ അവനോർക്കുമ്പോൾ അവളുടേ ചിന്ത മുഴുവൻ അവനിലായിരുന്നു…..

ദിവസം തോറും കൂടി വരുന്ന അവനോടുള്ള ആ വികാരം തന്നെ പാടേ ബലഹീനയാക്കുന്നുണ്ടെങ്കിലും കേവലമൊരു സഹതാപത്തിന്റെ പേരിൽ താനവനൊരു ബാധ്യത യാവരുത്…..

ഇപ്പൊ അവന് തന്നോട് തോന്നുന്ന ഈ ഇഷ്ടം കുറച്ച് കഴിയുമ്പോൾ മറന്ന് പോകുക തന്നെ ചെയ്യും….
അവന് താനൊട്ടും ചേർന്നവളല്ലാ…..

സംരക്ഷണം തന്നു എന്നതിന്റെ പേരിൽ അവനിൽ ഒരു ഇത്തിൾ കണ്ണിയായി പറ്റി പിടിച്ചിരിക്കാൻ താനൊരുക്കമല്ല…..

താൻ കാരണം അവനാരെയും നഷ്ടപ്പെടരുത്…..

അമ്മയെയോ അച്ഛനെയോ മറ്റു കുടുംബത്തെയോ ഒന്നും തന്നെ ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദാ… ഇത് കയ്യിൽ വെച്ചോ….
ഇനി എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി…….

വീട്ടിലെത്തിയതും അവൻ അവൾക്ക് നേരെ ഒരു ഫോൺ നീട്ടി…..

അവളത് വാങ്ങാനൊന്ന് മടിച്ചു നിന്നു….

ഇതാ വെച്ചോ….. ആവശ്യം വരും…..

അവൻ വീണ്ടുമത് പറയുമ്പോഴും അവന്റെ വാക്കുകൾക്കൊരു ക്ഷീണം പോലെ തോന്നി…

അതൊരു പക്ഷെ താൻ പറഞ്ഞ വാക്കുകൾ കൊണ്ടാവാം……

അവളത് വാങ്ങി….

അധികം വലിപ്പമില്ല….

എങ്കിലും പിറകെ ആപ്പിൾ ചിഹ്നം അതിന്റെ പ്രൗടിയെ വിളിച്ചോതും പോലെ….

പലരും കയ്യിൽ ഗമയോടെ പിടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്…..

അവൾക്കത് കൊടുത്തതും അവളുടേ മുമ്പിൽ കൂടുതൽ നേരം അവൻ നിന്നില്ല……

അവളാ ഫോൺ തുറന്നു നോക്കി…..

അർജുൻ…. എന്ന പേര് മാത്രം അതിൽ സേവ് ചെയ്‌ത് വെച്ചിട്ടുണ്ട്….

ഒരു വേള അത് തന്റെ മനസ്സാണോ എന്നവൾക്ക് സംശയം തോന്നിപ്പോയി…..

അവളത് ഒന്ന് കൂടി മുറുകെ പിടിച്ചു…….

രാത്രി കിടക്കും നേരവും അവർ പരസ്പരം മിണ്ടിയില്ല…..

ഇനി തങ്ങൾക്കിടയിലെ ദൂരം കുറക്കാൻ എന്തെങ്കിലും അത്ഭുതം നടക്കണമെന്ന് അവനോർത്തു….

അല്ലെങ്കിൽ ദൈവം നേരിട്ട് അവതരിക്കേണ്ടി വരും…..

അപ്പോഴേക്കും ചെറിയൊരു ശബ്ദത്തോടെ ആ വരികൾ കട്ടിലിൽ നിന്നും ഒഴുകി അവിടമാകെ പരന്നു…..

അതിൽ ലയിചെന്ന പോൽ അവനും തറയിൽ കണ്ണുകൾ തുറന്ന് പിടിച്ചു കിടന്നു…..

ആ വരികളെ പുണർന്നെന്ന പോൽ അവളും……
സ്നേഹിതനേ…… സ്നേഹിതനേ……

രഗസിയ സ്നേഹിതനേ…

ചിന്ന ചിന്നതായ് കോരിക്കൈകൾ …..

സെവി കൊട് സ്നേഹിതനേ……

(തുടരും)