17/04/2026

മൂക്കുത്തി : ഭാഗം 13

രചന – സൂര്യകാന്തി

ഇരുട്ടിലൂടെ അങ്ങനെ നടക്കുമ്പോഴും വഴി വക്കിലെ വീടുകളിൽ നിന്നുള്ള വെളിച്ചതിനു പുറമെ അവൻ ഫോണിൽ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കിയിരുന്നു…..

കനത്തൊരു നിശബ്ദത അവളുടേ തൊണ്ടയിൽ അസ്വസ്ഥത സൃഷ്ടിച്ചു…..

അവൻ തന്നോടൊന്നും മിണ്ടില്ലെന്നുള്ള കാര്യം അവൾകുറപ്പായിരുന്നു….

തന്നോടുള്ള ദേഷ്യം അവന്റെ മനസ്സിൽ തീർച്ചയായും നിറഞ്ഞു നിൽപ്പാവും…

മംഗലത്തമ്മ പറഞ്ഞത് കൊണ്ട് മാത്രമാകും അവൻ തന്നെ കൂട്ടാൻ വന്നത്……

അവൾ നടക്കുന്നതിനിടക്ക് കാലൊന്ന് തെന്നി വീഴാൻ പോയതും അവന്റെ കൈ തണ്ടയിൽ പിടിച്ചൊന്ന് നിന്നു…..

ആ…
വീഴ്ചക്കൊപ്പം ഉള്ളിൽ നിന്ന് വന്ന ആ ശബ്ദം കൊണ്ടാവണം അവൻ പരിഭ്രമത്തോടെ അവളിലേക്ക് തിരിഞ്ഞത്…

എന്താ…. എന്ത്‌ പറ്റി……

അവന്റെ ചോദ്ധ്യത്തിൽ താനിത് വരെ അറിഞ്ഞിട്ടില്ലാത്ത അത്രയും കരുതൽ…..

നിലാ വെളിച്ചത്തിൽ അവന്റെ മുഖത്തെ പരിഭ്രമം കാൻകെ അവൾക്കത്ഭുതം തോന്നി….

അവന്റെ കയ്യിൽ പിടിച്ച പിടുത്തം അവൾ പെട്ടെന്ന് വിടുമ്പോഴും അവൻ തനിക് നേരെ തിരിഞ് നിന്നത് കൊണ്ട് തന്നെ മനം മടുപ്പിക്കുന്ന ഒരു ഗന്ധം അവനിൽ നിന്നുയർന്നിരുന്നു….

ധ്വഅആഹ്…..

അവൾ ഒരു ശബ്ദത്തോടെ ഓക്കാനിച്ചപ്പോഴാണ് അവൾക്ക് സ്വയം ആ സംഭവം ഓർമ വന്നത്….

അതേ…. അത് താനവന് മേൽ വീഴ്ത്തിയ കുഴമ്പിന്റെ മണമാണ്….

അവൾ പ്രയാസപ്പെട്ട് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ അവളെ നോക്കി കണ്ണുരുട്ടി നിൽക്കുകയാണ്….

അൽപ നേരം അങ്ങനെ നോക്കി നിന്ന ശേഷം അവൻ പെട്ടെന്ന് നടന്നു……

പിറകെ വെപ്രാളത്തിൽ അവളും…..

മംഗലത്തേക്ക് കടക്കുമ്പോൾ തന്നെ അവൻ കണ്ടിരുന്നു ഉമ്മറത്തിരിക്കുന്ന മുത്തശ്ശിയെ….

ആ മുഖത്ത് താനെവിടെയാണെന്നുള്ള ആശങ്ക തന്നെയായിരിക്കുമെന്ന് അവനൂഹിച്ചു……

നീയെവിടെ പോയതായിരുന്നു അജു…….

അവൻ ഉമ്മറത്തേക്ക് കാലെടുത് വെക്കും മുൻപ് തന്നെ മുത്തശ്ശി അത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ തന്നെ കാണാതിരുന്നതിലുള്ള ദേഷ്യവും സങ്കടവും കലർന്നിരുന്നു….

ഞങ്ങൾ കയറുമ്പോൾ നീയിവിടെ ഉണ്ടായിരുന്നതാണല്ലോ… പിന്നെ പെട്ടെന്നെവിടെ പ്പോയി…..
നീ വരുമെന്ന് പറഞ്ഞിട്ടും അമ്മക്കൊരു സമാധാനവുമില്ലായിരുന്നു…..

മുത്തശ്ശിക്കരികിലായിരുന്ന സുകന്യ അതും കൂടി പറഞ്ഞതും അവൻ പതിയേ തല ഒരു വശത്തേക്ക് തിരിച്ചു…..

പക്ഷെ പിറകിലേക്ക് തിരിഞ് നോക്കിയില്ലെങ്കിലും അത് തനിക്കുള്ള സൂചനയാണെന്ന് പിറകിൽ നിന്നിരുന്ന അഞ്‌ജലിക്ക് മനസ്സിലായത് കൊണ്ട് തന്നെ അവൾ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് നീങ്ങി നിന്നു…..

പെട്ടെന്നവളെ കണ്ടതും മംഗലത്തമ്മയുടെ മുഖം വിടർന്നു……

എന്നാൽ അരുണിന്റെയും സുകന്യയുടെയും മുഖത്ത് വല്ലാത്തൊരു നീരസം പ്രകടമായി……

അവർ പരസ്പരം മുഖത്തോട് മുഖം നോക്കുമ്പോഴും അഞ്‌ജലിയിലേക്ക് നോക്കുന്ന അരുൺ സുകന്യയിലൊരു അസ്വസ്ഥത യുണ്ടാക്കി…..

അഞ്ജലി ആരെയും നോക്കാതെ തല കുനിച്ചു തന്നെ നിന്നു….

അപ്പോഴും ഒരാശ്രയമെന്നോണം അവന്റെ മറ പറ്റി നിന്നിരുന്ന അവൾ അവന്റെ മനസ്സിലൊരു കുളിരായി നിറഞ്ഞു നിന്നു……

വാ…. കയറ്…

മംഗലത്തമ്മ അഞ്ജലിയെ നോക്കിയത് പറയുമ്പോൾ ആ വാക്കുകളിൽ ഒത്തിരി വികാരങ്ങൾ ഒളിപ്പിച്ചതായി അവൾക്ക് തോന്നി…..

സുകന്യയും അരുണും ഇരിക്കുന്നതിനാലാവണം മുത്തശി മറ്റൊന്നും പറയാതിരുന്നതെന്ന് അവനൂഹിച്ചു……

ഓഹ്…. ഇവളെ ആനയിച്ചെഴുന്നള്ളിക്കാനാണോ പോയിരുന്നത്….

സുകന്യ പുച്ഛത്തോടെ അത് ചോദിക്കുമ്പോൾ അതിൽ അവളോടുള്ള അമർഷം വ്യക്തമായിരുന്നു…

അവള് ഞാൻ വിളിച്ചത് കൊണ്ടാണ് വന്നിട്ടുള്ളത്…
നീയോ…….

പെട്ടെന്ന് മുത്തശ്ശി സുകന്യ യോടത് ചോദിച്ചതും അവരുടെ ചിറി ഇളിഞ്ഞു പോയിരുന്നു…..

നിങ്ങൾ അകത്തേക്ക് കയറി വരൂ….

മുറ്റത്ത് തന്നെ നിൽക്കുന്ന അഞ്ജലിയെയും അർജുനെയും നോക്കി മുത്തശ്ശി അത് പറഞ്ഞപ്പോൾ അർജുൻ അകത്തേക്ക് കയറിയതിനു പിറകെ അവളും കയറി…..

മൂന്ന് പേരും നടന്നു പോകുന്നത് നോക്കി പല്ല് ഞെരിച്ചു കൊണ്ട് സുകന്യ അരുണിലേക്കൊന്ന് നോക്കി…..

ആവശ്യം തങ്ങളുടേതായത് കൊണ്ട് മാത്രം അവർ ക്ഷമ കൈ കൊണ്ടു……

ഇവൻ അങ്ങനെ പറഞ്ഞപ്പോഴേക്കും നീ പോകാൻ നിന്നതെന്തിനാ….

മുറിയിലേക്ക് കയറി മംഗലത്തമ്മ അത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടാതെ തല താഴ്ത്തി നിന്നു……
പിന്നെ പതിയേ അവനിലേക്കൊന്ന് മിഴികൾ നീക്കി……
അവളുടേ മിഴികൾ അവൻ ദേഷ്യപ്പെട്ടതോർത്താവാം ഒന്ന് നിറഞ്ഞത്……

മുത്തശ്ശി പെട്ടെന്ന് അർജുനേ ഒന്ന് നോക്കി….

ഞാൻ….. ഞാൻ പെട്ടെന്ന് ദേഷ്യത്തിലങ്ങനെ പറഞ്ഞു പോയതാണ്….
ആം…… റിയലി സോറി….

അവൻ അവളുടേ മുഖത്ത് നോക്കാതെ പെട്ടെന്നത് പറഞ്ഞതും അവൾ തീർത്തും അമ്പരന്നിരുന്നു….

അവൾ തലയൊന്നുയർത്തി നോക്കുമ്പോൾ പോരെ എന്ന അർത്ഥത്തിൽ മുത്തശ്ശിക്ക് നേരെ തല കുലുക്കുന്ന അവനെയും അങ്ങേയറ്റം അഭിമാനത്തോടെ അവനെ നോക്കി പുഞ്ചിരിക്കുന്ന മംഗലത്തമ്മയെയും ആണ് കാണുന്നത്…..

എത്ര അഹങ്കാരിയാണെന്ന് പറഞ്ഞാലും മുത്തശ്ശിക്ക് വേണ്ടി എന്തും ചെയ്യും….

തന്നെ കൂട്ടി കൊണ്ട് വന്നതും മാപ്പ് പറഞ്ഞതും എല്ലാം അത് കൊണ്ട് തന്നെയായിരുന്നല്ലോ….

ഇനി മോള് കരയേണ്ട….
ദേ.. ഞങ്ങളൊന്നും കഴിച്ചിട്ടില്ല…. നീ വരട്ടെയെന്ന് കരുതി…..
നമുക്ക് കഴിക്കാം….

മുത്തശ്ശി പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

തികഞ്ഞ ഗൗരവത്തിൽ തങ്ങളെ നോക്കി നിൽക്കുന്ന അവൻ അവളിൽ തീർത്തതൊരു പ്രയാസമാണെങ്കിൽ അവളോടൊപ്പോമുള്ള നിമിഷങ്ങരൊന്നും അങ്ങേയറ്റം ആസ്വദിക്കുന്ന തിരക്കിലായിരുന്നവൻ……

ഭക്ഷണം കഴിക്കണമെങ്കിൽ വരാം….

മംഗലത് വന്ന ആരെയും ഭക്ഷണം കൊടുക്കാതെ ഇറക്കി വിടാറില്ല……
അതാരായാലും…..

ടേബിളിൽ കൈ കഴുകി ഇരുന്ന ശേഷം മംഗലത്തമ്മ അരുണിനും സുകന്യക്കും കേൾക്കാനെന്ന വണ്ണം അല്പം ഉറക്കെ അത് പറയും മുൻപ് തന്നെ അഞ്‌ജലി അവർക്ക് കൂടിയുള്ള പാത്രം എടുത്ത് വെച്ചിരുന്നു……

അരുൺ വാ…. കഴിക്കാം….
അമ്മായി…… വരൂ

മുത്തശ്ശിയുടെ സംസാരം അവരക്കത്ര ദഹിച്ചില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അല്പം മര്യാദയോടെ അർജുൻ വിളിച്ചു….

അവരിരുവരും വന്നു ടേബിളിലേക്കിരുന്നു…..

എല്ലാ പാത്രങ്ങളിലേക്കും ഭക്ഷണം വിളമ്പുമ്പോൾ അരുൺ അവളുടേ മുഖത്തേക്ക് നോക്കിയിരുന്നില്ലെങ്കിൽ കൂടി ഭക്ഷണം വിളമ്പുന്ന അവളുടേ കൊലുന്നനെയുള്ള കൈകളിൽ അവന്റെ കണ്ണുകൾ പതിച്ചിരുന്നു….

അർജുൻ അവന്റെ കണ്ണുകളിൽ തന്നെ ശ്രദ്ധിക്കുകയാണ്…..

അതേ…. അവന്റെയുള്ളിൽ അവളോടുള്ള മോഹം ഇപ്പോഴുമുണ്ട്….
അതാ കണ്ണുകളിൽ നിന്ന് വ്യക്തമാണ്…..

അർജുന് വല്ലാത്തൊരു അസ്വസ്ഥത തോന്നി….

അരുണിന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളെ ഉഴിയുന്നതും അവൻ ശ്രദ്ധിച്ചിരുന്നു…….

നീയിരിക്കുന്നില്ലേ അഞ്ചു….

വേണ്ട…. ഞാൻ അടുക്കളയിലിരുന്നോളാം…

എന്തിന്…….നീയിവിടെ തന്നെ ഇരുന്നാൽ മതി….

മംഗലത്തമ്മയുടെ വാശിക്ക് മുമ്പിൽ പതറി നിൽക്കുമ്പോഴും അവിടെയിരിക്കാനുള്ള അവളുടേ പ്രയാസം ആ മുഖത്ത് നിന്നവൻ വായിച്ചെടുത്തിരുന്നു…..

എവിടെയെങ്കിലും ഇരിക്കട്ടെ മുത്തശ്ശി…
ഇവിടെ തന്നെ ഇരിക്കണമെന്നെന്താ നിർബന്ധം…..

അർജുൻ അത് ചോദിക്കുമ്പോൾ മംഗലത്തമ്മയുടെ മുഖമാകെ മാറി….

ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയെങ്കിലും അവരൊന്നും മിണ്ടിയില്ല….

അത് വരെ നിരാശയിലിരുന്നിരുന്ന സുകന്യയുടെ മുഖം അർജുൻ അത് പറഞ്ഞപ്പോഴൊന്ന് തിളങ്ങി……

അഞ്ജലി പിന്നെ അവിടെ നിന്നില്ല…
അവൾ അടുക്കളയിലേക്ക് പതിയേ നടന്നു…..

താൻ അവിടെ ഇരിക്കാൻ ആഗ്രഹിച്ചിട്ടില്ലെങ്കിൽ കൂടി അവനങ്ങനെ പറഞ്ഞപ്പോൾ എന്തോ ഒരു വേദന……

അവളുടേ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു….

അവൾ അവിടെ ഇരിക്കാത്തത്തിൽ അരുണിന്റെ മുഖത്തൊരു നിരാശ പടർന്നിരുന്നു….

അത് മനസ്സിലായെന്ന വണ്ണം അർജുനൊന്ന് പുഞ്ചിരിച്ചു…….

അപ്പോഴും മുത്തശ്ശിയുടെ മുഖത്തെ തന്നോടുള്ള ദേഷ്യം അവൻ കണ്ടില്ലെന്ന് നടിച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മംഗലത്തമ്മ കിടന്നതും അഞ്ജലി പഠിക്കാറുള്ള ആ മുറിയിലേക്ക് കയറി…..

അടുക്കളയിൽ സുകന്യ എന്തൊക്കെയോ ഒരുക്കുന്നുണ്ട്……

അല്പം കഴിഞതും ശോഭയെയും ആതിര യെയും കൂടി അവിടേക്ക് വിട്ടിട്ട് അരുണേട്ടന്റെ വല്യച്ഛൻ തിരിച് പോകുന്നത് അവൾ ജനലിലൂടെ നോക്കി കണ്ടു….

ശോഭയും ആതിരയും മംഗലത്തമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും തിരിച്ചൊരു പ്രതികരണവും അവൾക്ക് കേൾക്കാൻ കഴിഞ്ഞില്ല……

എല്ലാവരെയും മംഗലത്തമ്മ പിണക്കിയിരിക്കുന്നത് തനിക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ അവൾക്ക് ഹൃദയം വല്ലാതെ നൊന്തിരുന്നു …..

അതേയ്….അടുക്കളയിലേക്കൊന്ന് വന്നേ…

താൻ പഠിക്കാനിരിക്കുന്ന മുറിയുടെ വാതിൽ തുറന്ന് വന്നത് പറഞ്ഞത് സുകന്യ തന്നെയായിരുന്നു…….

അവൾ പുസ്തകം മടക്കി വെച്ച് മനസ്സില്ലാ മനസ്സോടെ മുറിക്ക് പുറത്തേക്കിറങ്ങി….
അവർക്ക് വേണ്ടിയാണെന്നോർക്കുമ്പോഴുള്ള നീരസത്തിനു പുറമെ ജോലി ചെയ്യുന്നതിൽ തനിക്ക് മടിയില്ല….

പക്ഷെ അവരുടെ ഇടയിൽ നിൽക്കുമ്പോൾ അവർ തന്നെ കുത്തി നോവിക്കുമെന്ന് അവൾക്ക് വ്യക്തമായിരുന്നു…..

അഞ്ചു…. നീയെങ്ങോട്ടാ….
ഒട്ടും പ്രതീക്ഷിക്കാതെ യായിരുന്നു മുറിയിൽ കിടന്നു കൊണ്ട് തന്നെയുള്ള മുത്തശ്ശിയുടെ ചോദ്യം…….

ഞാൻ…. അടുക്കളയിലേക്ക്….

അവളത് പറയുമ്പോൾ സുകന്യയും അവിടെ ഒന്ന് നിന്നു…..

കണ്ടവർക്ക് വെക്കാനും വിളമ്പാനുമല്ല ഞാൻ നിന്നെ ഇവിടെ നിർത്തിയിരിക്കുന്നത്…..

പോയിരുന്നു പഠിച്ചോ……

മംഗലതമ്മയുടെ ഗൗരവമേറിയ വാക്കുകളിൽ സുകന്യ ചളിഞ്ഞ മുഖത്തോടെ അടുക്കളയിലേക്ക് നടന്നു……

അഞ്ജലി നിറഞ്ഞ ആശ്വാസത്തോടെ തിരികെ മുറിയിലേക്കും……

(തുടരും)