രചന – രജിഷ അജയ്ഘോഷ്
“വെള്ളമടിക്കണം… ” ഉടനെ സൈറയുടെ മറുപടി വന്നു… സാം ഉറക്കെചിരിച്ചു.. അതിനൊപ്പം സൈറയും…
ടൗണിനടുത്ത് എത്താറായപ്പോഴാണ് രണ്ടു ബൈക്കുകൾ തന്നെ പിൻതുടരുന്നത് സൈറ ശ്രദ്ധിച്ചത്..
വണ്ടിയൊന്ന് നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിലെ ബൈക്കുകളും ഒന്ന് നിർത്തിയെങ്കിലും
പെട്ടന്ന് തന്നെ സൈറയെ മറികടന്ന് മുന്നോട്ട് പോയി..
“എന്താ ഇവിടെ നിർത്തിയെ..” സാമാണ്..
“ഏയ്.. വെറുതെ.. ” പറഞ്ഞു കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തവൾ… കണ്ണുകൾ അപ്പോഴും മുന്നിൽ പോയ ബൈക്കുകളിലായിരുന്നു..
“ഇവിടെയൊന്ന് നിർത്തിക്കൊ.. ഞാനിറങ്ങാം.. ” ടൗണിലെ ബീവറേജിന് മുന്നിലെത്തിയതും സാമിൻ്റെ ശബ്ദം കേട്ടു..
” ആഹാ.. നല്ല തിരക്കാണല്ലോ.. ഞാനാ മാളിൽ കാണും.. വാങ്ങിക്കഴിയുമ്പോ അങ്ങോട്ട് പോരെ..” സൈറ പറഞ്ഞതും സാം സമ്മതിച്ചു..
“അല്ലാ… ചെറുതൊന്ന് വാങ്ങണോ…” സാം പതിയെ ചോദിച്ചു.
“വേണ്ടായേ.. “ചിരിയോടെ വണ്ടിയെടുത്തവൾ..
❤❤
ബീവറേജിൽ നിന്നും ഇറങ്ങി മാളിലേക്ക് എത്തുമ്പോഴാണ് ആളുകൾ വട്ടം കൂടി നിൽക്കുന്നത് സാം കണ്ടത്…ഇതെന്താ സംഭവം എന്ന് ചിന്തിച്ചു കൊണ്ട് ആളുകളെ വകഞ്ഞ് മാറ്റി മുന്നിലെത്തുമ്പോൾ കണ്ട കാഴ്ച്ചയിൽ ഞെട്ടി നിന്നു പോയി..
ഒരുത്തനെ നിലത്തിട്ട് ചവിട്ടിക്കൂട്ടുന്ന സൈറ..
മറ്റൊരുത്തൻ നിലത്ത് വീണ് കിടപ്പുണ്ട്…
“എന്താ സംഭവം.. ” അടുത്ത് നിൽക്കുന്നയാളോട്
അമ്പരപ്പോടെ ചോദിച്ചു..
” അവൻമാര് ആ കൊച്ചിൻ്റെ കയ്യിൽ കയറി പിടിച്ചതാ.. കൊച്ചാള് മിടുക്കിയാ.. അവന്മാരുടെ സൂക്കേട് മാറിക്കിട്ടി.. ” അയാള് പറയുന്നുണ്ട്..
എൻ്റമ്മച്ചിയേ ഇവള് ഞാൻ കരുതിയ പോലെയല്ല.. രണ്ടു തടിമാടൻമാരെയാണ് ഇടിച്ചു പഞ്ചറാക്കിയിട്ടേക്കുന്നത്.. ഇവളോടാണല്ലോ ഞാൻ കുപ്പിയും ചോദിച്ച് നടന്നത്..
സാം താടിക്ക് കൈയ്യും കൊടുത്ത് നിന്നുപോയി..
അവന്മാര് കൈകൂപ്പി തൊഴുന്നുണ്ട്..
സൈറ മുട്ടുകുത്തിയിരുന്ന് ഒരുവൻ്റെ കോളറിൽ പിടിച്ച് ഉയർത്തി..
“നിന്നെയൊക്കെ പറഞ്ഞയച്ചത് ആരാന്ന് എനിക്കറിയാം.. അയാളോട് പറഞ്ഞേക്ക് ഈ കളിക്കിറങ്ങുമ്പോ സൈറ ഇതൊക്കെ പ്രതീക്ഷിച്ചതാണെന്ന്… ഇത് കണ്ടൊന്നും സൈറ ഭയക്കില്ല… നേർക്ക് നേരെ കാണാൻ ഞാൻ ഉടനെ വരുന്നുണ്ടെന്ന് പറഞ്ഞേക്ക്.. കേട്ടോടാ..” ദേഷ്യത്തോടെയവൾ അയാൾക്ക് മാത്രം കേൾക്കാൻ പാകത്തിൽപറഞ്ഞതും അയാൾ ഭയത്തോടെ തലയാട്ടി…
ടീ ഷർട്ടിനു മുകളിൽ ഇട്ടിരുന്ന കോട്ടൊന്ന് നേരെയാക്കി തലയുയർത്തിപ്പിടിച്ച് നടന്നവൾ..
” പോവാം… ” അരികിൽ സൈറയുടെ ശബ്ദം കേട്ടപ്പോഴാണ് സാമിന് സ്ഥലകാലബോധം വീണത്..
തലയാട്ടി അവൾക്കൊപ്പം നടന്നു..
തിരികെയാത്രയിൽ മൗനമായിരിക്കുന്നവനെ കണ്ടപ്പോൾ സൈറക്ക് ചിരി വരുന്നുണ്ടായിരുന്നു..
വീട്ടിലെത്തിയതും ലാൻഡ് ഫോണെടുത്ത് അയാളുടെ നമ്പർ ഡയൽ ചെയ്തു.. ഈ ഫോണിൽ നിന്ന് വിളിച്ചാൽ എടുക്കുമെന്ന് ഉറപ്പാണ്..
“ഹലോ..”ആ സ്വരം കേട്ടു..
“ഹലോ.. ” സൈറ ഈണത്തിൽ പറഞ്ഞു..
മറുപുറം നിശബ്ദമാണ്…
“നിങ്ങൾ പറഞ്ഞു വിട്ടവരെ കണ്ടിരുന്നു.. അവർക്കുള്ളത് കൊടുത്ത് വിട്ടിട്ടുണ്ട്.. കണ്ടിരുന്നോ..?”പരിഹാസത്തോടെ ചോദിച്ചവൾ..
“നീ.. നീ അധികം നെഗളിക്കണ്ട.. നിൻ്റെ ആയുസ്സൊടുങ്ങാൻ സമയമായെടി.. ” അയാളുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞു..
“എനിക്ക് മരിക്കാൻ ഭയമില്ലെടോ.. കാരണം എന്നെ കാത്തിരിക്കാൻ ആരുമില്ല… പക്ഷേ, നിങ്ങൾക്ക് അങ്ങനെയല്ല.. ഭാര്യ ,മക്കൾ, അമ്മ.. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്… അവരുടെയൊക്കെ മുന്നിൽ തൻ്റെ മുഖംമൂടി അഴിക്കട്ടെ ഞാൻ…” സൈറയുടെ ചോദ്യത്തിന് മുന്നിൽ അയാൾ നിശബ്ദനായി..
” അപ്പൊ കാണാം… ” അവൾ റിസീവർ താഴെ വെച്ചു…
❤❤
ദിവസങ്ങൾ കഴിയുംതോറും ആ നാടും നാട്ടുകാരും സൈറക്ക് പ്രിയപ്പെട്ടതായി മാറിയിരുന്നു..
ചായക്കടയിലെ ശശാങ്കൻ്റെയും ജാനകിയുടെയും
നാട്ടുവർത്തമാനങ്ങളും ചായയും തിരികെ പോരുമ്പോഴുള്ള നാരങ്ങ മിഠായിയും രാവിലത്തെ പതിവായി..
വഴിയിൽ കാണുന്നവരോടൊക്കെ ചിരിച്ചും ഓരോന്ന് പറഞ്ഞും എല്ലാവരോടും അടുത്തവൾ..
പണിക്ക് വരുന്ന ചീതയും ചിരുതയും മാതുവുമൊക്കെ പരിചയക്കാരായി… കേശു മാത്രം
അപ്പോഴും സൈറയോട് അടുത്തിരുന്നില്ല..
അഭിക്കുട്ടൻ മാച്ച് കഴിഞ്ഞ് തിരിച്ചെത്തി..
അവരുടെ ടീമിന് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും അഭിയുടെ കഴിവ് ശ്രദ്ധിക്കപ്പെട്ടു… മികച്ച കളിക്കാരനുള്ള പ്രോത്സാഹനസമ്മാനവും അഭിക്കായിരുന്നു..
“സത്യേ… ഒന്നിങ്ങ് വന്നേ.. ഇതാരാ വരണേന്ന് നോക്കിയേ..”മുറ്റത്തേക്ക് നോക്കി കുമാരേട്ടൻ വിളിച്ച് പറയുന്നത് കേട്ടാണ് സത്യേച്ചി ഉമ്മറത്തേക്ക് വന്നത്…. മുറ്റത്തേക്ക് കയറി വരുന്നത് ആരാണെന്നറിയാതെ അവർ കുമാരേട്ടൻ്റെ മുഖത്തേക്ക് നോക്കി..
” സൈറമോളാ… ഞാൻ പറഞ്ഞിട്ടില്ലെ മാണിക്യമംഗലത്തെ… ” അയാൾ പറഞ്ഞതും സത്യയുടെ മുഖം വിടർന്നു..
”കയറി വാ മോളെ… “സന്തോഷത്തോടെ കുമാരേട്ടൻ പറഞ്ഞു…
അപ്പോഴേക്കും അഭിക്കുട്ടനും എത്തി..
കയ്യിലെ വലിയ സമ്മാനപ്പെട്ടി അഭിക്ക് നേരെ നീട്ടിയവൾ..
സന്തോഷത്തോടെ വാങ്ങിയവൻ..
“തുറന്ന് നോക്ക്.. “സൈറയാണ്..
പെട്ടി തുറന്ന് നോക്കിയ അഭിയുടെ കണ്ണുകൾ വിടർന്നു..
ഒരു ബാറ്റും ഒരു ജോഡി ബൂട്ടും..
” ഇഷ്ടായോ…”നിറഞ്ഞ ചിരിയോടെ നിൽക്കുന്നവനോട് ചോദിച്ചതും
“ഇഷ്ടായി.. എന്നാലും ഇതിനൊക്കെ ഒരുപാട് കാശാവില്ലേ ചേച്ചീ..” എന്നാണവൻ ചോദിച്ചത്..
“അതൊന്നും അഭിക്കുട്ടൻ അറിയണ്ട.. നല്ലോണം കളിക്കാനൊക്കെ പോയി സച്ചിൻ
ടെണ്ടുൽക്കറെപ്പോലെയൊരു പ്ലെയറാവണം ട്ടോ..”
അഭിയുടെ കവിളിൽ വാത്സല്യത്തോടെ പിടിച്ചു വലിച്ചവൾ…
കുമാരേട്ടനും സത്യേച്ചിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിട്ടുണ്ട്…
സത്യേച്ചിയുടെ കയ്യിൽ നിന്നും ചായയും കുടിച്ചാണ് സൈറ തിരികെയിറങ്ങിയത്..
“എന്ത് നല്ല കുട്ടിയാ കുമാരേട്ടാ.. തറവാട്ടിലെ മറ്റു പേരക്കുട്ടികളൊക്കെ വന്നാ പുറത്തേക്കേ ഇറങ്ങാറില്ല.. ഈ മോള് നമ്മടെ വീട്ടിൽ വന്നൂ.. ” സത്യക്ക് സൈറയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.
“എല്ലാരോടും ചിരിച്ചുവർത്താനം പറയും..
നല്ല സ്നേഹമുള്ള കുട്ടിയാ.. ” കുമാരേട്ടൻ പറഞ്ഞു.
അഭിക്കുട്ടൻ അപ്പോഴും തനിക്കാദ്യമായി കിട്ടിയ സമ്മാനത്തിൻ്റെ ഭംഗി ആസ്വദിക്കുകയായിരുന്നു..
❤❤
” ലീവ് കിട്ടീട്ടോ.. രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ വരും.. ” നാദിറയുടെ വാക്കുകൾ കേട്ട് സൈറയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു..
“നീ വന്നിട്ട് വേണം നമുക്കെല്ലാമൊന്ന് പ്ലാൻ ചെയ്യാൻ..”
” സ്ഥലമൊക്കെ നോക്കി വെച്ചോ.. ബാക്കിയൊക്കെ ഞാൻ
കൊണ്ടുവന്നോളാം”
നാദിറയുടെ വാക്കുകേട്ട് സൈറ ചിരിച്ചു..
പലതും പറഞ്ഞ് നേരമേറെ വൈകിയിരുന്നു..
ഫോൺ ഓഫാക്കി കിടക്കുമ്പോൾ തൻ്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ദിവസങ്ങൾ
മാത്രം ബാക്കിയെന്നോർക്കെ സൈറക്ക് വല്ലാത്തൊരു നിർവൃതി തോന്നി..
രാവിലെ സൈറ ജോഗിങ്ങ് കഴിഞ്ഞ് വിയർത്തൊട്ടി വരുമ്പോഴാണ് കുളത്തിൽ നിറയെ കുട്ടികളെ കാണുന്നത്… നീന്തിക്കളിക്കുന്നവർക്കിടയിലേക്ക്
ആവേശത്തോടെ ചാടിയപ്പോൾ ആദ്യമൊന്ന് അമ്പരന്നവർ പതിയെ അവളെയും കൂടെക്കൂട്ടി..
ആദ്യമാദ്യം വെറുതെ നീന്തിയെങ്കിലും പിന്നീടത് മത്സരമായി…
ആവേശത്തിൻ്റെ കയ്യടികളും കൂവലുകളും കുളത്തിൽ നിന്നുയർന്നു…
സൈറക്ക് താൻ ബാല്യത്തിലെത്തിയത് പോലെ തോന്നി…
” സൈറാ…. ” ഉറക്കെയുള്ള അലർച്ച കേട്ടതും
എല്ലാവരും നിശബ്ദരായി…
കുളക്കരയിൽ ദേഷ്യത്തിൽ നിൽക്കുന്നുണ്ട് കേശു.
“നേരം വെളുക്കുമ്പോ ഇറങ്ങിക്കോളും ഊര്തെണ്ടാൻ.. നീയൊന്നും വെള്ളം കണ്ടിട്ടില്ലേ.. മനുഷ്യനെ മെനക്കെടുത്താനായിട്ട്.. “കേശു ഉറക്കെയാണ് പറഞ്ഞത്..
ചുറ്റും നിൽക്കുന്ന കുട്ടിപ്പട്ടാളങ്ങളുടെയെല്ലാം കണ്ണുകൾ സൈറയിലാണ്…
“അതിന് തനിക്കെന്താ.. ഞാൻ വെള്ളത്തിൽ ചാടും.. തലകുത്തി മറിയും തനിക്കെന്താ..താൻ പോടോ..” സൈറ ചുണ്ടു കോട്ടി…
“നീ ചാടുവോ മറിയുവോ എന്ത് വേണേലും ചെയ്തോ..എനിക്കൊരു കുഴപ്പവുമില്ല… പേരക്കുട്ടിയെ കാണുന്നില്ലെന്നും പറഞ്ഞ് ഓരോരുത്തര് സ്വൈര്യം കെടുത്തിയിട്ട് വന്നതാ.. ”
കേശു പുച്ഛത്തോടെ പറഞ്ഞു.
അച്ഛമ്മ തന്നെ നോക്കാൻ പറഞ്ഞ് വിട്ടതാണെന്ന്
മനസ്സിലായപ്പോൾ മറുത്തൊന്നും പറയാതെ കുളത്തിൽ നിന്നും കയറി..
നനഞ്ഞൊട്ടി കയറി വരുന്നവളെ കണ്ടപ്പോൾ
കേശുവിന് കലികയറി..
” നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതാ ഇവിടെ ഇങ്ങനെ നടക്കരുതെന്ന്.. ആളുകളെക്കൊണ്ട് പറയിക്കാൻ…”
സൈറയൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ മുന്നോട്ട് നടന്നവൻ…
“കൊശവൻ….” പിറുപിറുത്തു കൊണ്ടവളും…
“നേരമെത്രയായീന്ന് അറിയോ… നേരം വെളുത്ത് ചായേം വെള്ളോം കുടിക്കാതെ പോയതല്ലേ കുട്ടീ..
എന്തൊരു കോലാ ഇത്..”
പത്മാവതിയമ്മ പറഞ്ഞപ്പോൾ ഉമ്മറത്തെ ക്ലോക്കിലേക്ക് ഒളികണ്ണിട്ട് നോക്കിയവൾ.. പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു… വെറുതെയല്ല അച്ഛമ്മ
കേശുവേട്ടനെ പറഞ്ഞത് വിട്ടത്…
“സോറീ അച്ഛമ്മേ… ഇനി ആവർത്തിക്കില്ല.. ” പറയുന്നതിനൊപ്പം ആ കവിളിലൊന്ന് പിടിച്ച് വലിച്ച് അകത്തേക്കോടിയവൾ…
“ഹൊ.. എന്തൊരു തണുപ്പാ ഈ കുട്ടീടെ കയ്യിലൊക്കെ.. ” സൈറ പോയ വഴിയേ നോക്കി പതിയെ പറഞ്ഞവർ..
“ചെറിയ കുട്ടികൾക്കൊപ്പം വെളളത്തിൽ തുള്ളിക്കളിക്കുവായിരുന്നവൾ… അമ്മമ്മ ഒരാളാ അവളെയിങ്ങനെ വഷളാക്കണെ… ” കേശു ദേഷ്യത്തോടെ പറഞ്ഞു…
“ഇവിടെ വരുമ്പോഴല്ലേയുള്ളൂ കേശൂ…”
“ഉം.. ” ഇഷ്ടപ്പെടാത്തമട്ടിൽ അവനൊന്ന് അമർത്തി മൂളി..
❤❤
“ഹേ… സാം.. ” ദൂരെ നിന്ന് ശബ്ദം കേട്ട് സാം തലയുയർത്തി നോക്കി.. സൈറയാണ്…
അന്നത്തെ യാത്രക്ക് ശേഷം അടുത്ത് കണ്ടിരുന്നില്ല…
സാം കയ്യുയർത്തി കാണിച്ചു.. നേർത്ത ചിരിയോടെ
വീട്ടിലേക്ക് നടന്നു വരുന്നുണ്ടവൾ..
” താൻ വീടെങ്ങനെ കണ്ടു പിടിച്ചു.. “സാമിൻ്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു..
“തൻ്റെ കൂട്ടുകാരൻ്റെ ഭാഷയിൽ പറഞ്ഞാൽ ഊര്തെണ്ടിയല്ലേ ഞാൻ…. ഊര്തെണ്ടിക്ക് ഈ വീട്
കണ്ടു പിടിക്കാനാണോ പാട്.. “തമാശപോലെ സൈറപറഞ്ഞു.
ഉമ്മറത്തിണ്ണയിൽ അവനരികിൽ ഇരുന്നവൾ..
” പുറത്തേക്കൊന്നും ഇറങ്ങാറില്ലേ.. കാണാറേയില്ലല്ലോ.. ”
” അപ്പയ്ക്ക് ഇടക്കൊന്നു വയ്യാതായി.. ഹോസ്പിറ്റലിൽ ഒരാഴ്ച്ച കിടന്നു.. “സാം പറഞ്ഞു..
“എന്ത് പറ്റീതാ.. ”
” ശ്വാസംമുട്ടൽ.. തണുപ്പ് കാലം വന്നാൽ കൂടുതലാവും.എല്ലാവർഷവും കുറച്ച് ദിവസം ഹോസ്പിറ്റലിൽ കിടക്കണം.. “സാം നിസ്സാരമായി പറഞ്ഞു.
“എന്നിട്ട് ആളെവിടെ?” ചോദിക്കുന്നതിനൊപ്പം സൈറ എഴുന്നേറ്റ് അകത്തേക്ക് നടന്നിരുന്നു..
ഇവൾക്ക് എവിടെയും യാതൊരു പരിചയക്കുറവുമില്ലല്ലോ എന്നോർത്തുകൊണ്ട് സാം പിന്നിൽ നടന്നു..
തുടരും

by