18/04/2026

മൂക്കുത്തി : ഭാഗം 50

രചന – ആയിഷ അക്ബർ

താൻ ചെയ്യുന്ന ജോലികൾ മാത്രം ചെയ്ത് വരുന്നത് കൊണ്ട് അമ്മായിമാരുടെ ശല്യം കാര്യമായില്ല…..

തന്നെ കേൾപ്പിച്ചും കേൾപ്പിക്കാതെയുമുള്ള അടക്കം പറച്ചിലുകൾ ഗൗനിക്കുകയെ ചെയ്യാത്തത്‌ കൊണ്ട് വലിയ കുഴപ്പമില്ല…..

എന്നാൽ അരുണേട്ടന്റെ ഭാവ മാറ്റം തന്നിലുണ്ടാക്കുന്നത് ഒരു ഭയം തന്നെയാണ്…

തന്റെ മനസ്സിൽ അവനൊരു സ്ഥാനം ഒഴിഞ്ഞു കിടപ്പുണ്ടെന്ന ഒരു ചിന്തയാണെന്നു തോന്നുന്നു ആ മനസ്സിൽ…

അവൾക്ക് പുച്ഛം തോന്നി…

അന്നാ വിവാഹം നടക്കാത്തത് അത്രയേറെ നന്നായി അവൾക്ക് തോന്നി…

അവന്റെ ഇടയ്ക്കിടെയുള്ള നോട്ടങ്ങളും ചിരിയുമെല്ലാം അവൾക്കസഹനീയാമായിരുന്നു…..

പരമാവധി അവൾ അവനിൽ നിന്ന് അകന്ന് തന്നെ നിന്നു…….

അങ്ങനെ ദിവസങ്ങൾ നീങ്ങവേ എക്സാം എത്തി…

ഒരു മാസം എന്ന വിട പറച്ചിൽ മൂന്ന് മാസത്തിലധികമായെങ്കിലും തങ്ങൾക്കിടയിലെ പ്രണയത്തെ അതൊന്നും ബാധിച്ചിരുന്നില്ല…..

കുറച്ചു കൂടി സമയമെടുക്കുമെന്നാണ് തോന്നുന്നത്…….
താൻ എക്സാം കഴിഞ്ഞ് കുറച്ചു കൂടി അവിടെ നിൽക്കേണ്ടി വരും…..

അത് പറയുമ്പോൾ അർജുന്റെ വാക്കുകളിലെ നിരാശ അഞ്‌ജലിക്ക് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു…..

ഈ ജന്മം മുഴുവൻ അവനെ കാത്തിരിക്കേണ്ടി വന്നാലും അല്പം പരിഭവം പോലും തനിക്ക് തോന്നില്ലെന്ന് അവനറിയില്ലായിരിക്കാം…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന്  കോളേജ് കഴിഞ്ഞ് വരുമ്പോൾ താൻ ജ്വല്ലറിയിൽ കയറി……

മൂക്ക് കുത്തുമ്പോൾ വേദനിക്കുമോയെന്നൊരു ഭയം തോന്നിയെങ്കിലും അവന്റെ മുഖമായിരുന്നു മനസ്സിൽ…….

അവസാനം കണ്ണുകൾ അടച്ചു പിടിച്ചു തന്നെ ആ മൂക്കുത്തി ചെറിയൊരു വേദനയോടെ തന്റെ മൂക്കിൻ തുമ്പിൽ കയറി പ്പറ്റിയപ്പോൾ അവളുടെ മുഖം വിടർന്നു…..

തന്നെ കാണുമ്പോഴുള്ള അവന്റെ മുഖമായിരുന്നു മനസ്സ് നിറയെ…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് വീട്ടിലെത്തിയപ്പോൾ എല്ലാവരും തന്നെ നോക്കുന്നത് അവൾ കണ്ടിരുന്നു…..

സുന്ദരിയായിട്ടുണ്ട് എന്റെ കുട്ടി…..
മംഗലത്തമ്മ തന്നെ ചേർത് പിടിച്ചു…..

സുകന്യയും ശോഭയും അവളെ നോക്കി ചിറി കോട്ടി…..

അരുണിന്റെ കണ്ണുകൾ ഒരു വേള അഞ്ജലിയെ കണ്ട് വിടർന്നു…..

അവളുടെ ഭംഗിയെ എടുത്ത് കാണിക്കുന്ന ആ മൂക്കുത്തിയിൽ ഒരു നിമിഷം അവന്റെ കണ്ണുകളും പതിച്ചു…..

അവന്റെ മനസ്സ് അവളിലേക്ക് അത്ര മേൽ ചാഞ്ഞു തുടങ്ങിയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പഠിച്ചു കൊണ്ടിരിക്കുന്ന ഉച്ച സമയത്താണ് തന്റെ വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്……

വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന അരുണിനെ കണ്ട് അവളൊന്ന് ഭയന്നിരുന്നു…..

അഞ്ജലി…. എനിക്ക്.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്…..

പതിവിലും നന്നായി  ഒരുങ്ങിയിട്ടാണ് അവൻ വന്നിരിക്കുന്നതെന്ന് അഞ്‌ജലിക്ക് തോന്നി…

എന്തിനു….. താൻ ആകർഷിക്കപ്പെടാനോ ….

അവൾക്ക് അവനോട് നിറഞ്ഞൊരു പുച്ഛം തോന്നി….

എനിക്കൊന്നും സംസാരിക്കാനില്ല….

അതും പറഞ്ഞവൾ വാതിൽ അടക്കാനൊരുങ്ങിയതും അവൻ വാതിലിൽ അമർത്തി പിടിച്ചു….

എനിക്കൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞില്ലേ…..ഇയാളോന്ന് പോയെ….
ആരെങ്കിലും കാണും…

അഞ്ജലി അത് പറയുമ്പോൾ അവൻ വശ്യമായി ചിരിക്കാൻ ശ്രമിക്കുകയാണ്……

ഇവിടെ ആരുമില്ല അഞ്ചു….

അമ്മയും വല്യമ്മയും താരയും പുറത്ത് പോയിരിക്കയാണ്‌…
മുത്തശ്ശി ഉറങ്ങുകയാവും….
എനിക്ക് കുറച്ചു നേരം നീന്നോട് സംസാരിച്ചാൽ മാത്രം മതി……

അരുൺ വീണ്ടും വിടുന്ന ഭാവമില്ലെന്ന് കണ്ടതും അവൾ അവനെ ഒരൊറ്റ തള്ളായിരുന്നു….

ഓർക്കാപ്പുറത്തായത് കൊണ്ട് തന്നേ അവൻ പിറകിലേക്ക് നീങ്ങി പോയിരുന്നു……..

അവൾ വേഗം വാതിൽ കൊട്ടിയടച്ചു…..

എന്തെന്നില്ലാത്തൊരു ഭയം അവളിൽ നിറഞ്ഞു നിന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

സുകന്യയും ശോഭയും താരയും തിരിച്ചു വന്നപ്പോൾ താരയുടെ മൂക്ക് കുത്തിയിട്ടുണ്ടായിരുന്നു…..
അത് തന്റെ കണ്ടിട്ട് തന്നെയാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അഞ്‌ജലിക്ക് ചിരി വന്നിരുന്നു……

അല്പം വലിയൊരു മൂക്കുത്തി തന്നെയായിരുന്നു അവളിട്ടിരുന്നത്……

അവളത് ഉമ്മറത്തിരിക്കുന്ന അരുണിനെ കാണിച്ചതും അവനൊന്നു ചിരിചെന്നു വരുത്തി…….
അപ്പോഴും അവന്റെ കണ്ണുകൾ ഉയർന്ന മൂക്കിൻ തുമ്പിൽ കിടക്കുന്ന ആ കുഞ്ഞു മൂക്കുത്തിയിലായിരുന്നു……

അഞ്‌ജലിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി……

അന്ന് അർജുൻ ഫോൺ വിളിച്ചപ്പോൾ അരുൺ വാതിലിൽ മുട്ടിയ കാര്യം അവനോട് പറഞ്ഞിരുന്നു….

ഇനി മുകളിൽ ഒറ്റക്ക് കിടക്കേണ്ട…. മുത്തശ്ശിയിടൊപ്പം താഴെ കിടന്നാൽ മതി….

എന്ന അവന്റെ വാക്കിൽ അവൾ  താഴെക്കിറങ്ങി…..

അപ്പോഴും ഒരു അവസരത്തിനെന്ന വണ്ണം അവൻ അവൾക്കു ചുറ്റുമുണ്ടായിരുന്നു…….

അന്നു അവസാന പരീക്ഷയുടെ തലേന്ന് രാത്രി അവൾ പതിവ് പോലെ മംഗലത്തമ്മക്ക് ശല്യാമാവേണ്ടെന്ന് കരുതി പഠിക്കാനിരിക്കാറുള്ള ആ മുറിയിലേക്ക് കയറി…..

ആകാശത്തു നിന്നും ഇടി മുരളുന്ന ശബ്ദമുണ്ട്…..
ആരെയോ സ്വാഗതം ചെയ്യുന്നത് പോലെ….

ജനൽ പാളികൾ കാറ്റിൽ അടഞ്ഞു തുറയുന്നുണ്ട്…..

തണുത്ത കാറ്റ് സന്തോഷം കൊണ്ടെന്ന പോൽ അവിടമാകെ ഓടി നടക്കുന്നുണ്ട്……

ആരോ….. ആരോ ഒരാൾ വരുന്നുണ്ട്……

പ്രകൃതി ഏറെ കാത്തിരിക്കുന്ന ആ പ്രണയം ചെറു തുള്ളികളായി വീണു തുടങ്ങി….

ഭൂമി അവയെ മാറോടു ചേർത്തു പിടിച്ചു…..

അഞ്ജലി പുസ്തകത്തിലേക്ക് കണ്ണ് നട്ടങ്ങനെ യിരുന്നു……

എന്തോ ആ മഴയുടെ കുളിരു തന്റെയുള്ളിലേക്കും പടരുന്നത് പോലെ……

എന്താണെന്നറിയില്ല….
മനസ്സിന് പതിവില്ലാത്തൊരു ആനന്ദം…….

അവൾ വായിച്ചു കൊണ്ടിരിക്കെയാണ് പിറകിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്….

അവൾ ഞെട്ടലോടെ പിറകിലേക്ക് നോക്കിയതും മുമ്പിൽ നിൽക്കുന്ന അരുണിനെ കണ്ട് അവളൊന്നു വിറച്ചിരുന്നു…

ആ മുറിയുടെ വാതിലിന്റെ കുറ്റി കേടാണെന്ന് അവളാ നിമിഷം ഓർത്തു…..

എ…. എന്താ….

ചുമ്മാ…..

അവൻ ചിരിയോടെ പറയുമ്പോൾ അവൾക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നാൻ കാരണങ്ങൾ പലതായിരുന്നു…..

താര അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്‌……
മംഗലത്തമ്മ ഉറങ്ങുകയാവും….

രാത്രിയാണ്….. മഴയാണ്….
ശബ്ദം കൂടി മംഗലത്തമ്മക്കൊരു പക്ഷെ കേട്ടെന്ന് വരില്ല…..

അഞ്ജലിയുടെ ചുണ്ടുകൾ വിറച്ചു…..

അരൂണൊരു ചിരിയോടങ്ങനെ അവളുടെ അടുത്തേക്ക് വരികയാണ്……

എന്റെ അഞ്ജലി കുട്ടി…. അത്രയേറെ സ്നേഹം കൊണ്ടല്ലേ ഞാൻ നിന്നേ വിളിക്കുന്നത്…..
അവൻ…. അർജുൻ നിന്നേ താലി കെട്ടിയെന്നല്ലാതെ വേറെന്ത് കാര്യമുണ്ടായി….

അവൻ വഷളൻ ചിരിയോടെ അത് പറഞ്ഞു അവൾക്കടുത്തേക്ക് വരുമ്പോൾ അവൾ പിറകിലേക്ക് കാലടികൾ വെച്ചു…..

ഇറങ്ങി പ്പോകാനാണ് പറഞ്ഞത്……

ഉയരുന്ന ശ്വാസമിടിപ്പിലും അവൾ പറഞ്ഞു നിർത്തുമ്പോൾ അവൻ ഭാവ ഭേതങ്ങളൊന്നുമില്ലാതെ അവൾക്കടുത്തേക്ക് വന്നു കൊണ്ടിരുന്നു……

അവൾ ജനലിൽ തട്ടി നിന്നപ്പോഴാണ് തനിക്കിനി പുറകോട്ട് പോകാൻ വഴിയില്ലെന്ന് അവളറിയുന്നത്…..

നമ്മളല്ലേ പരസ്പരം പ്രണയിച്ചത്….
കുറച്ചു നേരം എനിക്ക് നിന്റെ പ്രണയം വേണം…..
ആരും അറിയില്ല അഞ്ചു….

അവന്നതും പറഞ്ഞു അവൾക്കടുത്തേക്ക് ഒന്ന് കൂടി മുഖം അടുപ്പിച്ചതും അവളവനെ ഒരൊറ്റ തള്ളായിരുന്നു…..

എനിക്ക് ശ്വാസമുണ്ടെങ്കിൽ അത് നടക്കില്ല…….

അഞ്ജലി ദേഷ്യത്തോടെ അത് പറഞ്ഞതും അവൻ അവളുടെ കൈ രണ്ടും കൂട്ടി പ്പിടിച്ചു അവളെ ജനൽ കമ്പിയിലേക്ക് ചേർത്ത് നിർത്തി അവളുടെ അടുത്തേക്ക് വീണ്ടും മുഖം ചേർത്തതും അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി…..

നിസ്സഹായാവസ്ഥ എന്ന പോൽ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

തന്റെ കവിളിൽ ആർദ്രമായി ചുംബിച്ച അവന്റെ മുഖം കണ്ണുകളിൽ നിറഞ്ഞു നിന്നു…..

അരുണിന്റെ ശ്വാസം അവളിൽ തട്ടിയെന്ന് തോന്നിയ ആ നിമിഷം തന്നെ അരുണൊരു ഞെട്ടലോടെ പിറകിലേക്ക് നീങ്ങി പോയിരുന്നു…..

അവന്റെ കൈ തന്റെ കയ്യിനെ വിട്ട് അകന്നതും അഞ്ജലി വേഗം കണ്ണുകൾ തുറന്നു…..

ജനലിന്റെ അപ്പുറതേ ഉമ്മറത്തെന്തോ കണ്ട് ഭയത്തോടെ നിൽക്കുന്ന അരുൺ ആ പെരുമഴയിലും വിയർത്തിരുന്നു…..

അഞ്ജലി പതിയെ ആ ജനലിനു അപ്പുറത്തേക്ക് നോക്കി….

ഇല്ലാ….. ആരെയും കാണുന്നില്ല തനിക്ക്….

എന്നാൽ അരുണിന്റെ നോട്ടം ആ ഇരുട്ടിൽ തന്നെയാണ്….

അഞ്ജലി ഒന്ന് കൂടി പുറത്തേക്ക് നോക്കി…..

ഒരു മിന്നൽ ആകാശത്തു നിന്നും വെളിച്ചം വീശിയതും കണ്ടിരുന്നവളാ മുഖം……

അതേ….. അവനാണ്…..

തന്നിലേക്ക് പെയ്യാനായി പ്രകൃതിയെ പോലെ താൻ കാത്തിരുന്ന തന്റെ പ്രണയമഴ…….

അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതോടൊപ്പം അരുൺ കാലടികൾ പിറകിലേക്ക് വെച്ചു തുടങ്ങിയിരുന്നു……

തുടരും