17/04/2026

മൂക്കുത്തി : ഭാഗം 04

രചന – ആയിഷ അക്ബർ

എല്ലാവരെയും ആട്ടി വിട്ടു ഞാൻ…..
എനിക്ക് കാണേണ്ട ഒറ്റയെണ്ണത്തിനെയും….

മംഗലത്തമ്മ ദേഷ്യത്തോടെ അത് പറയുമ്പോൾ ജാനാകിയവരെയൊന്ന് നോക്കി….

വേണ്ടായിരുന്നു..
അതും ഞങ്ങൾക്ക് വേണ്ടി എന്തിനാ വെറുതെ….

ദയനീയമായി ജാനകി അത് പറയുമ്പോൾ മംഗലത്തമ്മയുടെ മുഖം അതിലേറെ ദയനീയമായി….

എനിക്കാ കുട്ടീടെ മുഖം ഓർക്കാൻ കൂടി വയ്യ ജാനകി….
നിങ്ങൾക്കൊരു ആശ തന്നില്ലേ ഞാൻ…..

മുത്തശ്ശി അത് പറയുമ്പോൾ വാക്കുകൾ ഇടറി….

അത് സാരമില്ല…..
അവൾക്കും കുഴപ്പമൊന്നുമില്ല…..

ജാനകി അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും മനസ്സിൽ മുഴുവൻ കരഞ്ഞു കലങ്ങിയ അഞ്ജുവിന്റെ കണ്ണുകളായിരുന്നു……

ഇനി രാത്രി ആരാ കൂട്ട്….

രാവുണ്ണിയും സുഭദ്രയും വരും….

ജാനകി അത് ചോദിക്കുമ്പോൾ കണ്ണുകൾ തുടച്ചു കൊണ്ടാണ് മംഗലത്തമ്മ അത് പറഞ്ഞത്…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഏയ്….. അഞ്ജലി……

അതി രാവിലെ എഴുന്നേറ്റ് മുറ്റമടിക്കുമ്പോഴായിരുന്നു ആ വിളിയവൾ കേട്ടത്….

പ്രവീണാണ്….

അവൾ നിവർന്നു നിന്ന് അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു….

അവൻ കയ്യിലുള്ള പേപ്പർ അവൾ നിൽക്കുന്നതിടുത്തേക്കായി എറിഞ്ഞു കൊടുത്തു….

പലപ്പോഴും അവൾ മുറ്റമടിക്കുന്നതും താൻ പത്രമിടുന്നതും സമയം ഒന്നാണെങ്കിൽ ഞങ്ങൾ കാണാറുണ്ട്….

ഏയ് പത്രക്കാരാ എന്ന് വിളിച്ചു കൊണ്ട് എന്തെങ്കിലുമൊക്കെ പറയുന്ന അവളുടേ മുഖത്തെ മൂഖത എന്താണെന്ന് അവനൂഹിക്കാൻ കഴിഞ്ഞിരുന്നു……

ഒരു പെണ്ണ് കാണൽ മുടങ്ങിയതിനാണോ നീയിങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നത്….

അവൻ അവൾക്ക് കേൾക്കാൻ പാകത്തിലെന്ന വണ്ണം അത് ചോദിച്ചതും അതല്പം ശബ്ദത്തിലായി പോയിരുന്നു…

അവൾ വേഗം അവന്റെ അടുത്തേക്ക് വന്നു….

ഓഹ്… ഒന്ന് പതുക്കെ….

അവൾ അവനു നേരെ കണ്ണുകൾ കൂർപ്പിച്ചു….

ഇനിയീ പഞ്ചായത്തിൽ ആരാ അറിയാൻ ബാക്കിയുള്ളത്….
നിന്റെ പൂതന അമ്മായി എല്ലായിടത്തും എത്തിച്ചിട്ടുണ്ട്….

അല്ലെങ്കിലും നിനക്ക് ഭ്രാന്തുണ്ടോ ആ അരുണിനെയൊക്കെ….

പ്രവീണതും പറഞ് മുഖം ചുളിച്ചപ്പോഴും അഞ്ജലി ഒന്നും മിണ്ടിയില്ല…..

അവളുടേ മുഖത്ത് പരന്ന ദുഃഖം ഒരു വേള പ്രവീണിനും മനസ്സിലായിരുന്നു…..

പ്രവിയേട്ടാ…. എല്ലാവർക്ക് മുമ്പിലും ഞാൻ……
അതുമല്ല…. മംഗലത് കാർക്ക് തന്നെ ഒരു ശത്രുവായില്ലെ ഞാൻ …..

അവളതും പറഞ് അവനെ നോക്കുമ്പോൾ ആ കണ്ണുകളിൽ അലയടിക്കുന്ന സാഗരത്തെ അവൻ കാണുന്നുണ്ടായിരുന്നു….

അവൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

നീ വിഷമിക്കേണ്ടടി….നിനക്കുള്ള രാജ കുമാരൻ വൈകാതെ വരും…
പരിഹസിക്കുന്നവർക്ക് മുമ്പിൽ നിനക്ക് നിവർന്നു നിൽക്കാൻ….
മംഗലത് വീട്ടുകാർ പോലും നിന്റെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കും ആ ദിവസം…..

പ്രവി അതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ എന്തോ ഒരു വിശ്വാസം അവൾക്ക് തോന്നിയിരുന്നു…

വരും… വരും….
ഇംഗ്ളണ്ടീന്ന് വണ്ടീം പിടിച് വരും……

അവളതും പറഞ്ഞോന്നു പുഞ്ചിരിച്ചു ചൂലുമായി നടന്നു…..

അവനും ഒരു ചിരിയോടെ സൈക്കിൾ അമർത്തി ചവിട്ടി…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ക്ലാസ് കഴിഞ്ഞു തിരികെ വരുമ്പോൾ മംഗലത്തെ മുറ്റത്തേക്ക് മനപ്പൂർവം നോക്കിയില്ല…..

ഓർക്കരുതെന്ന് കരുതുന്നതിനെ മനസ്സ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു…..

വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു ഒത്തിരി ചെരുപ്പ് കിടക്കുന്നതവൾ കണ്ടിരുന്നു…..

ശബ്ദവും ചിരിയും കേട്ടപ്പോൾ തന്നെ മായയും കൂട്ടുകാരും ആണെന്ന് അവൾക്ക് തോന്നി….

അവരിടയ്ക്കിടെ വരാറുണ്ട്….

എടി അഞ്ജലി…. ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തേ…..

മായ ആഗ്നാപിച്ചു കൊണ്ടത് പറഞ്ഞതും ബാഗ് മുറിയിൽ വെച്ചവൾ അടുക്കളയിലേക്ക് നടന്നു…..

എന്തോ അമ്മായിയെ കാണാനില്ല…..
അപ്പുറത്തെങ്ങാൻ പോയി കുറ്റം പറഞ്ഞിരിക്കുകയാവും…..

എടി അഞ്ജലി….

അവൾ എല്ലാവർക്കും ചായ കൊണ്ട് പോയി കൊടുത്ത് മുറിയിലേക്ക് വന്നു ഡ്രെസ് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും മായയുടെ വിളി കേട്ടത്…..

എടി അടുക്കള പുറത്ത് എന്റെ ചെരിപ്പുണ്ട്… അതൊന്നിങ്ങേടുത്തെ….

അവൾ പുറത്തേക്ക് വന്നതും ഉമ്മറത്തേക്കിറങ്ങി നിന്ന് നിസ്സാരമായി അത് പറയുന്ന മായയെ കണ്ടതും അഞ്‌ജലിക്ക് ദേഷ്യം വന്നിരുന്നു….

ചെരുപ്പ് പൊക്കാൻ പറ്റാത്ത വല്ല അസുഖവും നിനക്കുണ്ടോ….. ഉണ്ടെങ്കി ഞാനെടുത് തരാം….

അഞ്ജലി ദേഷ്യത്തോടെ അതിലേറെ പരിഹാസത്തോടെ അതും പറഞ് അകത്തേക്കു പോകുമ്പോൾ മായക്ക് എല്ലാവരുടെ മുമ്പിലും തീരെ ചെറുതായത് പോലെ തോന്നിയിരുന്നു…

അവൾ ദേഷ്യം കടിച്ചമർത്തി അങ്ങനെ നിന്നു…..

അഞ്ജലി മുറിയിലേ ആ കുഞ്ഞ് കട്ടിലിലേക്ക് വീണു…..

മനസ്സിന് ഒട്ടും സുഖമില്ല….

അത് കൊണ്ടാവാം ഒരു ശൂന്യത…..

അങ്ങനെ അൽപ നേരം കിടന്നപ്പോഴാണ് മുറിയുടെ വാതിലിൽ വീണ്ടും മുട്ട് കേൾക്കുന്നത്….

എടി അഞ്ജലി….
വാതിൽ തുറന്നതും ഉറഞ്ഞു തുള്ളി നിൽക്കുന്ന അമ്മായിയെയും പിറകിൽ നിൽക്കുന്ന മായയെയും കണ്ടപ്പോൾ തന്നെ മനസ്സിലായി താൻ പറഞ്ഞതിലുള്ള ദേഷ്യം തീർക്കാനാവും…..
താനിത് പ്രതീക്ഷിച്ചിരുന്നതുമാണല്ലോ……

ഡീ….. അഞ്ജലി..
നീ എന്റെ മോളേ കൂട്ടുകാരികളുടെ മുമ്പിൽ വെച്ച് അപമാനിചോ…

സുധ അത് ചോദിക്കുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല…..

നിന്നോടാ ചോദിച്ചത്…..

അവരുടെ ശബ്ദം വീണ്ടും ഉയർന്നു….

ഞാൻ അപമാനിച്ചോന്നുമില്ല….. സ്വന്തം കാര്യങ്ങൾ നോക്കാൻ എന്നെ കാക്കേണ്ടെന്ന് പറഞ്ഞേയുള്ളൂ….
ദിവസങ്ങൾ കൊണ്ടാണെങ്കിലും എന്നേക്കാൾ മൂത്തത് മായയല്ലേ…. പിന്നെന്താ അവൾക്ക് അവളുടേ കാര്യങ്ങൾ ഒറ്റക്ക് ചെയ്‌താൽ……

അഞ്ജലി ഒട്ടും കൂസലില്ലാതെ അത് പറയുമ്പോൾ സുധക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..

അവളെയ് ഇവിടുത്തെ കൊച്ചാ… അവളുടേ വീടാണിത്…. നീയോ… നീയിവിടെ വലിഞ്ഞു കേറി വന്നതാ…. അത് കൊണ്ട് ഈ വീട്ടിലെ വേലക്കാരിയുടെ സ്ഥാനമാണ് നിനക്കുള്ളത്….. അപ്പോൾ അവള് പറയുന്നത് നീ ചെയ്യേണ്ടി വരും…..

സുധയത് പറഞ്ഞതും അഞ്ജലി അവരുടെ മുഖത്തേക്ക് കടുപ്പിച്ചു നോക്കി….

ഇത് എന്റെ അമ്മയ്ക്കും കൂടി അവകാശപ്പെട്ടതായിരുന്നല്ലോ….
അതെന്റെ അമ്മ നിങ്ങൾക്ക് ധാനം തരുമ്പോൾ ഇതൊന്നുമായിരുന്നില്ലല്ലോ വർത്തമാനം…..

അവളുടേ വാക്കുകളും മുഖത്തെ ഗൗരവവും സുധക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……

ഡീ…. നീയത്രക്കായോ….

അതും പറഞ് സുധ അവൾക്ക് നേരെ കൈ നീട്ടിയതും ആ കൈകളിൽ ഒരു പിടുത്തം വീണിരുന്നു………

ആ കയ്യിന്നവകാശിയെ കണ്ടതും അവളുടേ മുഖം ചുളിഞ്ഞു….

അവന്റെ കണ്ണുകളപ്പോഴും അവളുടേ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു…..

സതീഷേട്ടൻ….. അവൾക്ക് ഭയമോ അറപ്പോ വെറുപ്പോ എന്തൊക്കെയോ ഉള്ളിലൂടെ പാഞ്ഞു പോയി…

എന്താ അമ്മേ… നമുടെ അഞ്ജലികുട്ടിയല്ലേ അവൾ…..
ഒന്നുമല്ലെങ്കിൽ അമ്മയുടെ മരുമകളാവേണ്ടതല്ലേ….

സതീഷൻ വഷളൻ ചിരിയോടെ അത് പറഞ്ഞതും സുധ ഒന്നടങ്ങിയിരുന്നു….

ഓഹ്…. നീയിങ്ങനെ ഊര് തെണ്ടി നടന്നോ….
ടീച്ചറമ്മ മംഗലത്തെ ചെക്കനെയും സ്വപ്നം കണ്ടായിരുന്നു നടപ്പ്….
എന്നിട്ടെന്തായി…..

പരിഹാസത്തിന്റെ തുമ്പിൽ അവരത് പറഞ്ഞവസാനിപ്പിച്ചു….

അഞ്ജലി ഒന്നും മിണ്ടിയില്ല….

ഏയ്…. അവളെങ്ങും പോകില്ല അമ്മേ….
അവളീ സതീശന്റെ പെണ്ണല്ലേ….
സതീശൻ അതും കൂടി പറയുമ്പോൾ ഒരു തരം ദേഷ്യം അവന്റെ വാക്കുകളിൽ കലർന്നിരുന്നു…..

അവൾ ആരുടെ വാക്കിനും മുഖം കൊടുക്കാതെ അകത്തേക്ക് കയറി പ്പോയി…

സത്യം പറഞ്ഞാൽ അയാളെ തനിക്ക് പേടിയാണ്…..
അധികം ഇവിടെ ഉണ്ടാവാറില്ലെന്നുള്ളതാണ് എന്റെ സമാധാനം…..

വന്ന പാടേ തിരിച്ചു പോകും…..

അയാൾ ഇവിടെയുള്ള ദിവസങ്ങളിൽ സത്യം പറഞ്ഞാൽ താൻ ശെരിക്കും ഉറങ്ങാറ് പോലുമില്ല…….

അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു….

സാധാരണ രണ്ട് ദിവസതിൽ കൂടുതൽ ഇവിടെ നിൽക്കാത്ത ആളാണ്‌ സതീശൻ….

എന്നാൽ മൂന്നാലു ദിവസം കഴിഞ്ഞിട്ടും അയാൾ പോകാത്തതിൽ അഞ്‌ജലിക്ക് വല്ലാത്ത പ്രയാസം തോന്നിയിരുന്നു…

ശ്വാസം മുറ്റലോടെ ആയിരുന്നു ഓരോ നിമിഷവും അവൾ തള്ളി നീക്കിയിരുന്നത്…..

സതീഷന് ഇവിടെ തന്നെ എന്തെങ്കിലും ജോലി നോക്കണമെന്നാ പറയുന്നേ….
അവന് നല്ല ബുദ്ധി തോന്നി തുടങ്ങിയെന്നാ തോന്നുന്നേ…….

അമ്മായി അങ്ങേയറ്റം ആശ്വാസത്തോടെ ആരോടൊ പറയുന്നത് കേട്ടതും അഞ്ജലിയുടെ കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ തോന്നിയിരുന്നു…..

അകത്തു നിന്ന് പൂട്ടാൻ പോലും പറ്റാത്ത ആ മുറിക്ക് പുറത്ത് കൂടി അവന്റെ കാൽ പെരുമാറ്റം കഴിഞ്ഞ രാത്രികളിലൊക്കെയും താൻ കേട്ടതാണ്…..
മരുന്നിന്റെ ക്ഷീണം ഉള്ളത് കൊണ്ട് അമ്മക്ക് രാത്രി ഒട്ടും ബോധമുണ്ടാവില്ല….

പോകും വരെ ഉറക്കമൊഴിച്ചാൽ മതിയല്ലോ എന്ന് കരുതി സമാധാനിച്ചതായിരുന്നു….. ഇതിപ്പോ…..

അവൾക്ക് ഒന്നുറക്കെ കരയാൻ തോന്നി…

അപ്പാ യുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു….

ഇങ്ങനെയൊക്കെ അനുഭവിച് തീരാനാവും തന്റെ വിധി….

അമ്മേ…… നമുക്ക് വല്ല വാടക വീടും എടുത്ത് മാറാം…..
എനിക്ക് പറ്റുന്നില്ല അമ്മേ….

അഞ്ജലി ജാനകിയെ വട്ടം പിടിച്ചതും പറഞ്ഞു കരയുമ്പോൾ ആ അമ്മ നിസ്സഹായായിരുന്നു…

മോളേ….. കിട്ടുന്ന പൈസ അമ്മയുടെ മരുന്നിനു തന്നെ തികയുന്നില്ലെന്ന് നിനക്കറിയാമല്ലോ…..

ഇത്ര ക്ഷമിച്ചില്ലേ….
ഇനി നിന്റെ പഠിത്തം കഴിയുന്നത് വരെ കൂടി ക്ഷമിച്ചാൽ മതി….

അത് കഴിഞ്ഞാ ഇവിടുത്തെ സ്കൂളിൽ തന്നെ ജോലി തരാമെന്ന് മംഗലത്തമ്മ ഏറ്റിട്ടുള്ളതല്ലേ…..

അത് വരെ കൂടി എന്റെ മോള് ക്ഷമിച്ചേ പറ്റു….

ജാനകി അതും കൂടി പറഞ്ഞതും അഞ്ജലി കണ്ണുകൾ അമർത്തി തുടച്ചു…….

മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന ചിന്തകളോടെ……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അഞ്ചു…. മോളേ…… നീ രാത്രി മംഗലത്തമ്മക്ക് കൂട്ട് പോകുമോ…..

ജാനകി അത് ചോദിച്ചതും അഞ്ജലിയുടെ ഉള്ളിൽ ഒരു വിങ്ങൽ ഉരുണ്ടു കൂടി…..

ആ ദിവസത്തിനു ശേഷം ഇത് വരെ മംഗലത്തമ്മയുടെ മുമ്പിൽ പോലും താൻ ചെന്ന് നിന്നിട്ടില്ല……

ഇത് വരെ രാവുണ്ണിയേട്ടനും സുഭദ്രെ ട്ട ത്തിയും ആയിരുന്നു കൂട്ട്…..
ഇപ്പൊ രാവുണ്ണിയേട്ടനെന്തോ വയ്യായ്ക ഉണ്ടത്രേ …..

അപ്പോ രാത്രി നിന്നെ വിടുമോയെന്ന് ചോദിച്ചു….
ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു…

നിലത്തിരുന്നു പാത്രങ്ങൾ കഴുകിയെടുക്കുകയായിരുന്ന അഞ്ജലിയോട് ജാനകി അത് പറയുമ്പോൾ സതീശന്റെ കാര്യം പറഞ്ഞപ്പോൾ മംഗലത്തമ്മ നിർദ്ദേശിച്ചതാണീതെന്ന് മനപ്പൂർവം അവർ മറച്ചു വെച്ചു….

ഒരു പക്ഷെ അവൾ പോകാൻ കൂട്ടാക്കിയില്ലെങ്കിലോ എന്നോർത്തു തന്നെയായിരുന്നത്…..

ഞാൻ ഇനിയും എങ്ങനെയാ അമ്മേ….

അവൾ ദയനീയമായി ചോദിച്ചു…..

ജാനകിയുടെ നിർബന്ധത്തിന് വഴങ്ങിയെന്ന വണ്ണം അവൾ ഒടുക്കം പോകാൻ തന്നെ തീരുമാനിച്ചു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മംഗലത്തമ്മയുടെ കട്ടിലിന്റെ ഓരത്തവൾ നിന്നു….

ഇരുവർക്കും പരസ്പരം മുഖത്തോട് മുഖം നോക്കാൻ കഴിയാത്തത് പോൽ……

ഇടക്ക് വെച്ച് സംഭവിച്ചത് മോള് മറക്കണം എന്നേ അമ്മക്ക് പറയാൻ കഴിയു…

അത് പറഞ് തുടങ്ങിയപ്പോഴേക്കും അവർ വിതുമ്പി പോയിരുന്നു….

മറന്നു… എപ്പഴേ മറന്നു…
അതോർത്തൊരിക്കലും മംഗലത്തമ്മ വിഷമിക്കരുത്….

അവൾ ചെറു ചിരിയോടെ അത് പറഞ്ഞു തന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും അവളുടേ കണ്ണുകളിൽ ഊറി നിന്നിരുന്ന നൊമ്പരം അവരെ വേദനിപ്പിച്ചിരുന്നു….

എങ്കിലും അന്ന് മുതൽ അഞ്ജലി അവർക്ക് ഒന്ന് കൂടി പ്രിയപ്പെട്ടവളായി മാറുകയായിരുന്നു….

അവൾക്കും അത് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല….

കോളേജിൽ നിന്ന് വന്നു ജോലികളൊക്കെ ഒതുക്കി മംഗലത്തേക്ക് വന്നാൽ പിന്നെ രാവിലെ പോയാൽ മതി…..

സതീശനെയോ മായയെയോ അമ്മായി യേയോ ഒന്നും കൂടുതൽ നേരം കാണേണ്ട…..

എങ്കിലും അരുണേട്ടൻ നൽകിയ മുറിവും നാട്ടുകാരുടെ പരിഹാസങ്ങളും മനസ്സിൽ ഉറുണ്ട് കൂടി കിടപ്പുണ്ടായിരുന്നു…..

സ്ഥിരമായി അമ്പലത്തിൽ പോകുന്നത് പോലും മുടങ്ങിയിരുന്നു….

എന്തോ എല്ലാത്തിനോടും ഒരു നിർവികാരത യാണ് …..

ഇപ്പൊ ഏറെ കുറെ മനസ്സ് തണുത്തു വരുന്നുണ്ട്…..

മംഗലത്തമ്മ മാത്രം അവിടെയുള്ളത് കൊണ്ട് താൻ വിചാരിച്ചത്ര ബുദ്ധിമുട്ട് തന്നിക്കവിടെയില്ല…..

എങ്കിലും….. എപ്പോ വേണമെങ്കിലും ഈ വീട്ടിലെ അംഗങ്ങളാരെങ്കിലും ഇങ്ങോട്ട് കയറി വരുമെന്ന ഭയം അവളിലെപ്പോഴും ഉണ്ടായിരുന്നു………

ഇന്നെന്താ മുഖത്ത് പതിവില്ലാത്ത അത്രയൊരു വെട്ടം……..

അന്ന് വൈകുന്നേരം അഞ്ജലി കയറി ചെല്ലുമ്പോൾ മംഗലത്തമ്മയുടെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ട് തന്നെയാണ് അവൾ ചെറു ചിരിയോടെ അത് ചോദിച്ചത്……

മോളേ അഞ്ജലി……
വർഷങ്ങൾക്ക് ശേഷം എന്റെ കൊച്ച് മോൻ വരുന്നുണ്ട് ബാംഗ്ലൂരീന്ന്…….
എന്റെ ഒരേയൊരു മോള് പത്മ അമേരിക്കയിലാണെന്ന് നിനക്കറിയില്ലെ….
അവളുടേ മോൻ അർജുൻ…..
കണ്ടിട്ടുണ്ടോ നീയവനെ….
ആദ്യമൊക്കെ അവൻ ഇവിടെ വന്നിരുന്നു….

മംഗലത്തമ്മ അതിരില്ലാത്ത സന്തോഷത്തിൽ അത് പറഞ്ഞതും ഹൃദയത്തിനുള്ളിൽ ഒരു പിടപ്പ് അവളറിഞ്ഞു…

അർജുൻ…..
അവളൊന്ന് കൂടി ആ പേര് ഉരുവിടുന്നതോടൊപ്പം വായിലെ ഉമിനീരീറക്കി പോയിരുന്നു…..

(തുടരും)