രചന – ആയിഷ അക്ബർ
ആളും തിരക്കും ഒഴിഞ്ഞപ്പോൾ അഞ്ജലി ആ മുറിക്കുള്ളിലേക്ക് ഒതുങ്ങി……
അമ്മയുടെ ഗന്ധമവിടെയാകെ നിറഞ്ഞു നിൽപ്പുണ്ട്…..
എപ്പോഴും തന്നെ കുറിച് മാത്രം ചിന്തിക്കുന്ന അമ്മ….
ഇനി താനെന്നത് ആരെയും ബാധിക്കുന്ന കാര്യ മാവില്ല…
എന്തെന്നാൽ തനിക്കിനി സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ ആരും തന്നെയില്ല……
അവൾ ജാനകിയുടെ ഒരു സാരിയെടുത് കൂട്ടി പിടിച്ചു…..
അമ്മായിയും സതീഷേട്ടനും ഇടയ്ക്കിടെ വന്നു എത്തി നോക്കി പോകുന്നത് കാണാം….
ദാ…. ഈ ഭക്ഷണം കഴിക്…
പട്ടിണി കിടന്നാൽ പോയവര് തിരിച് വരില്ലല്ലോ…..
സതീഷേട്ടൻ പാത്രത്തിൽ വിളമ്പിയ ഭക്ഷണം തന്റെ മുമ്പിൽ കൊണ്ട് വെച്ചത് പറയുമ്പോൾ അതിലൊരു അധികാരത്തിന്റെ സ്വരമുണ്ടായിരുന്നു……
ഇനി അവർ പറയുന്നത് കേൾക്കേണ്ടതും തന്റെ കടമയാണല്ലോ…..
കാരണം…. തനിക്ക് വേണ്ടി ചോദിക്കാൻ ആരും വരില്ല…
അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകി…..
രാത്രി യാവും തോറും അവൾക്ക് ഭയം തോന്നിയിരുന്നു…..
അന്ന് രാത്രി ഉറങ്ങിയില്ല…
പക്ഷെ എന്തോ പ്രതീക്ഷിച്ചത് പോലെ അവന്റെ നിഴൽ പോലും അന്ന് തന്നെ തേടിയെത്തിയില്ല…..
അപ്പോഴും അവൾ ദൂരേക്ക് നോക്കി യങ്ങനെ ഇരുന്നു….
ഇനി തന്റെ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പോലുമറിയാതെ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് രാത്രി അർജുന് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു…..
കണ്ണുകൾ അടക്കാൻ പോലും കഴിയാത്ത വിധം അവൾ തന്നിൽ നിറഞ്ഞു നിൽക്കുകയാണ്……
മുത്തശ്ശിക്ക് കൂട്ടിനു ബിന്ദു ചേച്ചി വന്നിട്ടുള്ളത് കൊണ്ട് തന്നെ അവൻ ആ ഇരുട്ടിലൂടെ നടന്നു….
അവളുടേ വീട് നോക്കിയാൽ കാണാം എന്ന അകലത്തിൽ അങ്ങനെ നിന്നു……
അവൾക്കെന്തെങ്കിലും സഹായം വേണമെങ്കിൽ ഒരു വിളിപ്പാടകലെ താൻ വേണമായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ജലി യുടെ ദിവസങ്ങൾ ആ വീടിനുള്ളിൽ തന്നെ നീങ്ങി പ്പോയി…..
അമ്മായി അടുക്കളയിൽ കയറാൻ ശക്കാരിക്കാത്തതും സതീഷേട്ടൻ തന്റെ അടുത്തേക്ക് വരാത്തതും മായ വാക്ക് കൊണ്ട് പോലും തന്നെ വേദനിപ്പിക്കാത്തതും ഒക്കെ അവൾക്കത്ഭുതമായിരുന്നെങ്കിൽ കൂടി അതിലെന്തോ ഒരു ചതിയുള്ളതായി അവൾക്ക് തോന്നിയിരുന്നു……
എന്നാൽ അവൾക്ക് കാവലായി ഇരുട്ടിലവൻ നിൽക്കുന്നത് ഒരു രാത്രിയിലും അവളുടേ കണ്ണുകൾ കണ്ടിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തറവാട്ടിൽ കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും മുത്തശ്ശിയുടെ മുഖത്ത് യാതൊരു സന്തോഷവുമുണ്ടായിരുന്നില്ല……
നമുക്ക്….. നമുക്കവളെ ഒന്ന് പോയി കണ്ടാലോ…..
മുത്തശ്ശി തന്നെ വിളിച്ചത് ചോദിക്കുമ്പോൾ അമ്മാവന്മാരോടുള്ള ഭയം കൊണ്ടാവാം ഇത്ര ദിവസം അവളെ കാണാൻ പോകാത്തതെന്ന് അവനറിയാമായിരുന്നു…..
അവളെ കാണാതെ ശ്വാസം മുട്ടി നിന്ന തനിക്കതൊരു പിടി വള്ളി തന്നെയായിരുന്നു…..
അന്നാ വീടിന്റെ ഉമ്മറത്തേക് കയറുമ്പോൾ അവളെ കാണാൻ കണ്ണുകൾ പിടച്ചിരുന്നു….
അവളുടേ അമ്മായിയാണ് അവളെ വിളിച്ചത്…..
പതിയേ നടന്ന് വന്ന അവളെ കാൻകെ തന്റെ നെഞ്ചോന്ന് പിടച്ചു….
കരഞ്ഞു കരഞ്ഞു കണ്ണുകൾ കുഴിയിലേക്ക് പോയിട്ടുണ്ട്……
അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയിൽ അല്പം പോലും എണ്ണ മയമില്ല…..
ഈ നാലഞ്ചു ദിവസം കൊണ്ട് അവളുടേ കവിളുകൾ ഒട്ടിപ്പോയിട്ടുണ്ട്….
കഴുത്തിലെ എല്ല് പൊന്തി നിൽക്കും പോലെ…..
കണ്ണുകളിൽ അങ്ങേയറ്റം നിർവികാരത നിറഞ്ഞു നിൽക്കുന്നുണ്ട്…..
മുത്തശ്ശിയെ കണ്ടതും ഉള്ളിൽ നിന്നൊരു നോവ് അവളുടേ കണ്ണുകളിൽ തടഞ്ഞു നിന്നെങ്കിലും അവൾ പ്രകടമാക്കിയില്ല…..
അവനവളെ നോക്കാൻ കഴിയാതെ തല കുനിച്ചു നിന്നു……
എന്നാ…. എന്നാ ഇനി മംഗലത്തമ്മയുടെ അടുത്തേക്കൊന്ന് വരാ…..
മുത്തശ്ശിക്ക് വാക്കുകൾ ഇടറി പ്പോയിരുന്നു…..
ക്ഷമിക്കണം….ഇനി അവള് മംഗലത്തേക്ക് വരില്ല…..
എന്റെ മോൻ സതീശനുമായുള്ള അവളുടേ വിവാഹം ജാനകി പറഞ്ഞു വെച്ചതായിരുന്നു…..
മറ്റന്നാൾ നല്ലൊരു മുഹൂർത്തമുണ്ട്….
ഇനി അധികം വൈകിപ്പിക്കേണ്ടെന്നാ അവൻ പറയുന്നത്……
അമ്പലത്തിൽ വെച്ച് ഒരു താലി കെട്ട്… അത്രയേ ഉള്ളൂ……
അത് കേട്ടതും എല്ലവരും ഒരു പോലെ ഞെട്ടി പോയിരുന്നു…..
അർജുൻ ഞെട്ടി കൊണ്ടവളിലേക്കൊന്ന് നോക്കി……
അവളും അപ്പോഴാണ് അതറിയുന്നത്….
വല്യ ഞെട്ടലൊന്നും തോന്നിയില്ല….. കാരണം…. താനിങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു…
എതിർത്തു പറയാനോ കൂടെ നിൽക്കാനോ ആരുമില്ലാത്തത് കൊണ്ട് തന്നെ അനുസരിക്കുക എന്നതേ മുമ്പിലുള്ളു….
മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന തനിക്ക് ഒന്നിനോടും പ്രതികരിക്കാൻ കഴിയില്ല….
അല്ലെങ്കിലും അമ്മയോടൊപ്പം അഞ്‌ജലിയും പോയി….
ഇവിടെ നിൽക്കുന്നത് വെറും ജഡം മാത്രമാണല്ലോ…..
ഉള്ളിൽ നിന്നുയർന്ന് വന്നൊരു കരച്ചിൽ ഹൃദയത്തിന്റെ ഭിത്തിയിൽ തട്ടി ചിഞ്ഞി ചിതറി…..
മംഗലത്തമ്മ വിറക്കുന്ന ചുണ്ടുകളോടെ അവളെയൊന്ന് നോക്കി…..
നീ ഞങ്ങളുടെ കൂടെ പോര്… എന്റെ അർജുന്റെ പെണ്ണായിട്ട്…….
അങ്ങനെയൊരു വാക്ക് മുത്തശ്ശി പറഞ്ഞിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു…..
ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് തന്നെ മംഗലത്തമ്മ എഴുന്നേറ്റവിടെ നിന്നും നടന്നു പോകുന്നത് അവൾ നിറ കണ്ണുകളോടെ നോക്കി നിന്നു…..
കാറിൽ കയറി ഒരു നിമിഷം അവൻ അവളെ തിരിഞ് നോക്കിയതും അവൾ വേഗം നോട്ടം വെട്ടിച്ചു അകത്തേക്ക് പോയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അരുണിന്റെ കല്യാണ തിരക്കുകൾക്കിടയിലും നീറുന്ന മനസ്സുമായി അർജുൻ നടന്നു…..
അവനെ പോലൊരാൾക്ക് തന്റെ അഞ്ജലിയേ…..
അവന് ഹൃദയം പിളരും പോലെ തോന്നി…….
അവന്റെ കൂടെ അവളോട്ടും സന്തോഷവതിയായിരിക്കില്ല…..
അവൾക്ക് കൊടുക്കാൻ ഒരു കുന്നോളം സ്നേഹം തന്നിലുള്ളപ്പോൾ അവനെ പോലൊരാൾക്ക് അവളെ വിട്ട് കൊടുക്കുന്നതെന്തിനാ..
അവളോട് ഒന്ന് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അവനതിയായി ആഗ്രഹിച്ചു….
എന്നാൽ അവൾ പുറത്തേക്ക് പോലും ഇറങ്ങാത്തത് കൊണ്ട് പ്രവി വഴി സംസാരിക്കാമെന്നുള്ള തന്റെ ഉദ്ദേശവും പാടേ തകർന്നു……
ഇനി ഇന്നത്തെയൊരു രാത്രി കൂടിയേ മുമ്പിലുള്ളു…
അത് കഴിഞ്ഞാൽ അവൾ അവന്റെതായി……
അവളിലൊരു അവകാശവും പറയാനില്ലാത്ത പോൽ ഞാൻ അന്യനാകും…..
ഇനി ഒരൊറ്റ വഴിയേയുള്ളു….
മുത്തശ്ശി…..
മുത്തശ്ശി ഇടപെട്ടാലും ഇനി യൊന്നും ചെയ്യാനില്ലെങ്കിൽ കൂടി മുത്തശ്ശിയുടെ സമ്മതം തനിക്ക് വേണം…..
അവൻ മുത്തശ്ശിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു…….
വീട്ടിൽ കല്യാണ തലേന്ന് ആളുകൾ നിറഞ്ഞെങ്കിലും അവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി മുറിയിലിക്കുന്ന മുത്തശ്ശിയെ പാതി ചാരിയ ആ വാതിലിന് വിടവിലൂടെ അവനൊന്നു നോക്കി…..
അവൻ അകത്തേക്ക് കയറി വാതിലടച്ചപ്പോഴാണ് ഏതോ ഓർമയിൽ നിന്നെന്ന പോൽ അവരൊന്നുണർന്നത്…..
എന്തേ….കൊച്ച് മോന്റെ കല്യാണമായിട്ട് മുഖത്തൊരു സന്തോഷമില്ലല്ലോ……
ഒരു ചെറു ചിരി ചാലിച്ചത് ചോദിച് കൊണ്ട് അവൻ മുത്തശ്ശിക്കരികിലായിരുന്നു……
കല്യാണ തിന്റെ പൊലീമയല്ല അജു…..
ആ കുട്ടീടെ കണ്ണ് നീരാ എന്റെ മനസ്സിൽ മുഴുവൻ….
സതീശനെ പോലൊരുത്തൻ ആ കുട്ടിയെ വിവാഹം ചെയാന്ന് ആലോചിക്കുമ്പോൾ തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല….. എനിക്കെന്ത് ചെയ്യാനാവും….
കണ്ട് നിൽക്കുകയെന്നല്ലാതെ…
അരുണുമായുള്ള വിവാഹം അന്ന് മുടങ്ങിയില്ലായിരുന്നെങ്കിൽ നാളെ ഇവിടേക്ക് വരേണ്ട കൊച്ചാണവൾ…..
എങ്കി ഈ ലോകത്ത് മാറ്റാരെക്കാളും സന്തോഷിക്കുന്ന ആള് ഞാനായേനേ…..
മുത്തശ്ശി അതും പറഞ്ഞോന്നു നെടു വീർപ്പിടുമ്പോൾ അർജുന് വല്ലാത്തൊരു സന്തോഷം തോന്നി..
അതേ…. താൻ ചോദിക്കാൻ വന്നത് മുത്തശ്ശി ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു…..
എന്തിനാ അരുൺ…..
അവളെ ഞാൻ കെട്ടിയാൽ മതിയോ .
അവൻ പെട്ടെന്നത് ചോദിച്ചതും മുത്തശ്ശി അവന് നേരെ സംശയത്തോടെ മുഖമുയർത്തി…..
നീയോ….. അതിനുള്ള ഭാഗ്യമൊന്നും ഈയെനിക്കില്ല…..
എനിക്ക് കിട്ടിയ മക്കളും പേര കുട്ടികളും ഒക്കെ ഒരേ കണക്കാ…..
അത്ര വിശാലമായി ചിന്തിക്കാൻ കഴിവുള്ള ഒന്ന് ഈ തറവാട്ടിൽ പിറന്നിരുന്നെങ്കിൽ…..
മുത്തശ്ശി അതും പറഞ് ദേഷ്യത്തോടെ തിരിഞ് കിടക്കുമ്പോൾ അർജുന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു…..
അതേ…. താൻ മുത്തശ്ശിയെ കളിയാക്കി ചോദിച്ചതാണ് അതെന്ന് കരുതി തന്നെയാണ് മുത്തശ്ശി ഇങ്ങനെ പ്രതികരിച്ചത്…..
അല്ലെങ്കിലും അങ്ങനെയല്ല എന്ന് വിശ്വസിക്കാൻ മാത്രം ഒന്നുമില്ലായിരുന്നല്ലോ എന്റെ പ്രവർത്തിയിൽ….
അവൻ അവിടെ നിന്നും എഴുന്നേറ്റ് തിരിഞ് നടക്കുമ്പോൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് അരുൺ മണവാളനായി ഒരുങ്ങി വന്നു…..
അർജുൻ നീ അമ്പലത്തിലേക്ക് വരുന്നില്ലേ……
ഇറങ്ങാൻ നേരം വല്യമ്മാമ യാണത് ചോദിച്ചത്……
ആ .. ഞാൻ അമ്പലത്തിലേക്കെത്തിക്കോളാം…..
അതും പറഞ് അവൻ വീണ്ടും ആ തിണ്ണയിൽ തന്നെയിരുന്നു….
എല്ലാവരും കല്യാണത്തിന് പോയപ്പോൾ മുത്തശ്ശി ആ വീട്ടിൽ തനിച്ചായിരുന്നു….
നീയെന്താ പോകാത്തത്….
മുത്തശ്ശി പോകുന്നില്ലല്ലോ… അപ്പൊ ഞാനും പോകുന്നില്ല…..
അതും പറഞ്ഞിരിക്കുന്ന അവന്റെ മുടിയിൽ തലോടി മുത്തശ്ശി അവനരികിലിരുന്നു…..
നിന്റെ അച്ഛനും അമ്മയ്ക്കും കൂടാൻ പറ്റിയില്ല….
നീ എന്തായാലും കൂടണം….
മുത്തശ്ശിക്ക് വയ്യാത്തത് കൊണ്ടല്ലേ……
ആ ബിന്ദു താലി കെട്ട് കഴിഞ്ഞാ ഉടനെ യിങ് വരും….
നീ ചെല്ല്…..
മുത്തശ്ശി പറഞ്ഞതും അവനൊന്നെഴുന്നേറ്റു…..
പിന്നെ അവരെ ഒന്ന് കെട്ടിപ്പിടിച്ചു…..
അവന്റെ വേറിട്ട ആ ഭാവം എന്താണെന്നതിൽ അവർക്കല്പം സംശയങ്ങൾ തോന്നിയത് കൊണ്ട് തന്നെ
അവൻ പോകുന്നതും നോക്കി അവരങ്ങനെ നിന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അർജുൻ അരുണിന്റെ വിവാഹം കൂടാനായിരുന്നില്ല പോയത്…..
മറിച് അഞ്ജലിയുടെ കല്യാണത്തിലേക്കായിരുന്നു പോയത് ……..
അമ്പലത്തിലെത്തിയതും അവൻ ചുറ്റുമോന്ന് നോക്കി….
അതേ കുറച് ദൂരെയായി അവരെ കാണാം….
അവൻ അവർക്കരികിലേക്ക് നടന്നു……
സതീശൻ അഞ്ജലിയുടെ കഴുത്തിൽ താലി കെട്ടാൻ തയ്യാറായി നിൽക്കുകയാണ്…..
ഒരു ജീവ ചവമായി അവളങ്ങനെ നിൽക്കുന്നുണ്ട്…..
സതീശൻ താലി കെട്ടാൻ അവളിലേക്ക് നീട്ടിയ ആ നിമിഷം അർജുൻ അവനെ തള്ളി മാറ്റി അവർക്കിടയിലേക്ക് നിന്നു…..
എന്താണെന്ന അർത്ഥത്തിൽ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയെ പോലും വക വെക്കാതെ കയ്യിലുള്ള ആ താലി അവളുടേ കഴുത്തിലവൻ കെട്ടിയത് പെട്ടെന്നായിരുന്നു……
സതീഷനും സുധയും മായയും എന്തിന്….പൂജാരി പോലും ഞെട്ടലോടെ അങ്ങനെ നിൽക്കുമ്പോൾ എന്താണ് സംഭവിച്ചത് എന്നൊന്ന് കൂടി ഓർത്ത് നോക്കുകയായിരുന്നു അഞ്ജലി…..
അവളുടേ കഴുത്തിൽ കെട്ട് മുറുക്കുമ്പോൾ അച്ഛനെയും അമ്മയേയും മറ്റു കുടുംബക്കാരും നാട്ടുകാരും ഇനി നേരിടാൻ പോകുന്ന പ്രതി സന്ധികളും എല്ലാം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നെങ്കിലും അതിനെയെല്ലാം മനപ്പൂർവം മറന്ന് കൊണ്ടവൻ അവളെ സ്വന്തമാക്കുന്ന തിരക്കിലായിരുന്നു…..
(തുടരും)

by