19/04/2026

മൂക്കുത്തി : ഭാഗം 43

രചന – ആയിഷ അക്ബർ

അർജുൻ……

എത്ര നേരം ആ നിൽപ്പ് നിന്നെന്ന് ഇരുവർക്കുമറിയില്ലെങ്കിലും പെട്ടെന്നുള്ള ആ വിളിയിൽ അഞ്‌ജലിയും അർജുനും അകന്ന് മാറി…….

വാതിലേക്കലേക്ക് നോക്കുമ്പോൾ തങ്ങളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മായയെ കണ്ടതും അഞ്‌ജലിക്ക് കൈ കാലുകൾ വിറക്കും പോലെ തോന്നി…

നിങ്ങള് രണ്ട് പേരും ചേർന്ന് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നോ..
നീ ഇത്തരത്തിലുള്ള ഒരു പെണ്ണാണെന്ന് ഞാൻ കരുതിയിരുന്നില്ല….

മായ ദേഷ്യത്തോടെ അഞ്ജലിയെ നോക്കി അതും കൂടി പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….

അർജുൻ നിശബ്ദത പാലിച്ചത് അവളെ അതിലേറെ സങ്കടപ്പെടുത്തി…….

അയ്യോ….. ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ..

പതിയെ തന്റെ തോളിൽ കൈ വെച് മായ അത് പറയുമ്പോൾ അഞ്ജലി മിഴികളൊന്നുയർത്തി….

അത്ഭുതത്തോടെ മായയെ നോക്കി നിൽക്കുന്ന അഞ്ജലിയെ കാൻകേ അവളൊന്നു പുഞ്ചിരിച്ചു….

അവൾ സംശയ ഭാവത്തോടെ അർജുനിലേക്ക് നോക്കി….

അവനും ഒരു ചെറു ചിരിയോടെ നിൽക്കുകയാണ്…

എനിക്ക് വേണ്ട കേട്ടോ നിന്റെ ഭർത്താവിനെ.. നീ തന്നെ വെച്ചോ……

മായ അതും കൂടി പറഞ്ഞതും മായക്ക് എല്ലാം അറിയാമെന്നു അഞ്‌ജലിക്ക് മനസ്സിലായി……

ഇവനെന്നോട് മുന്പേ എല്ലാം പറഞ്ഞിട്ടുണ്ട്….
അത് കഴിഞ്ഞ് ഇവിടെ വന്നതിൽ പിന്നെ നിന്നെ താലി കെട്ടി സ്വന്തമാക്കിയതെല്ലാം അതാത് സമയത്ത് അവനെന്നെ വിളിച്ചറിയിച്ചിരുന്നു..

അതും പറഞ്ഞു മായ ചിരിക്കുമ്പോൾ അജ്ഞലിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി……

അപ്പൊ പിന്നെ ഇനി മുറിയിൽ കിടക്കാൻ എന്റെ കൂട്ട് വേണോ അഞ്‌ജലിക്ക്…..

ഏയ്… ഇനി ഞാനുണ്ടല്ലോ അവൾക്ക് കൂട്ട് കിടക്കാൻ.. നീയെന്തിനാ….

മായ ചിരിയോടെ അത് ചോദിക്കുമ്പോൾ അർജുൻ കുസൃതി ചിരിയോടെ ഇടക്ക് കയറി യത് പറഞ്ഞതും അഞ്ജലിയുടെ കവിളുകളിൽ നാണം പരന്നു……

അവളവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു…

ആയിക്കോട്ടെ….. ഞാൻ കട്ടുറുമ്പാവുന്നില്ല…..
ഞാൻ നിന്റെ മുറിയിൽ കിടന്നോളാം……

അതും പറഞ്ഞു മായ പോകുമ്പോൾ അഞ്‌ജലിക്ക് എന്തോ ഒരു വിറയൽ തോന്നി……

ഒത്തിരി രാത്രികൾ അവന്റെ കൂടെ ഒരു മുറിയിൽ കിടന്നിട്ടുണ്ടെങ്കിൽ കൂടി ഇത് വരെയില്ലാത്തൊരു വെപ്രാളം അവളിൽ നിറഞ്ഞു നിന്നു…….

തല താഴ്ത്തി നിൽക്കുന്ന അവളെ കണ്ടവനൊന്ന് പുഞ്ചിരിച്ചു….

നമുക്ക് കിടന്നാലോ….

അവൻ പെട്ടെന്നത് ചോദിച്ചതും അവളുടെ നീളൻ മിഴികളൊന്ന് പിടച്ചു…

നീയെന്താ കിടക്കാത്തത്…

അവൻ വേഗം കട്ടിലിലേക്ക് കയറി കിടന്നു കൊണ്ടാണവളോടത് ചോദിച്ചത്…

മടിച്ചു നിൽക്കുന്ന അവളുടെ മനസ്സിലെ ചിന്തകൾ അറിഞ്ഞെന്ന വണ്ണം അവനിലൊരു കുസൃതി ചിരി ഉരുണ്ടു കൂടി…

അവൾ പതിയെ അവനരികത്തായി കിടക്കുമ്പോൾ അറ്റത്തേക്ക് നീങ്ങി കിടന്നിരുന്നു….

അവൻ പതിയെ പിറകിലൂടെ അവളെ വട്ടം ചുറ്റി പിടിച്ചു…..

തന്റെ പിൻ കഴുത്തിൽ തട്ടുന്ന അവന്റെ ശ്വാസം അവളിലൊരു കുളിരു നിറച്ചു…

എന്റെ പ്രണയം കേവലം നിന്റെ ശരീരത്തോടല്ല അഞ്ചു…
ഒരു പക്ഷെ ഞാൻ ഭൂമി വിട്ട് പോയാൽ എന്റെ ആത്മാവ് പോലും നിന്നെ പ്രണയിച്ചു കൊണ്ടിരിക്കും…..

അത്ര മേൽ ഞാൻ നിന്നിൽ ലയിച്ചിരിക്കുന്നു പെണ്ണെ …..

അവളെ മനസ്സിലാക്കിയെന്ന വണ്ണം അവളുടെ കാതോരം അവനത് പറയുമ്പോൾ അവളാകെ തണുത്തു..

അത് വരെ തന്നിൽ നിറഞ്ഞു നിന്നിരുന്ന ആ വിറയൽ തന്നിൽ നിന്നകന്ന് പോയത് പോലെ….

എന്നത്തേയും പോലെ അവന്റെ കരങ്ങൾ തനിക്ക് സംരക്ഷണമാണെന്ന തോന്നൽ അവളിൽ നിറഞ്ഞു നിന്നു……

അതിനെക്കാളേറെ അഞ്ചു എന്ന ആ വിളി……
അത് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു കൊണ്ട് തന്നിലെ പ്രണയിനിയെ വിളിച്ചുണർത്തി…..

അച്ഛ..ൻ….  അ…മ്മ…..

പെട്ടെന്നവളുടെ ചിന്തകളുടെ ഗതി മാറിയവളത് ചോദിക്കുമ്പോൾ വാക്കുകൾ അത്രയേറെ ദുർബലമായിരുന്നു…

എല്ലാം ശെരിയാക്കാം…
ഇപ്പൊ അതിനെ കുറിച്ചൊന്നുമോർക്കേണ്ട….

അവനത് പറഞ്ഞു അവൾക്ക് ആശ്വാസം പകരുമ്പോഴും അവന്റെ കൈ ചൂടിൽ അവളോതുങ്ങി കിടന്നു…..

നേരം പുലർന്ന ഉടനെ തന്നെ അഞ്ജലി പെട്ടെന്ന് കണ്ണുകൾ തുറന്നു…..

തന്നെ ചുറ്റി പ്പിടിച്ച അവന്റെ കൈകൾക്കുള്ളിൽ ഒന്ന് കൂടി ഒതുങ്ങി കിടക്കാൻ ശ്രമിച്ചു……..

പക്ഷെ ആരെങ്കിലും കണ്ട് വന്നാലോ എന്നൊരു ഭയത്തിൽ അവൾ പതിയെ അവന്റെ കൈ എടുത്ത് മാറ്റി……..

ഏയ്…. ഗുഡ് മോർണിംഗ്..

മായ ചിരിയോടെ പറഞ്ഞതും അഞ്ജലി ഒന്ന് പുഞ്ചിരിച്ചു……

ഇന്നലെ വരെ തനിക്കവളെ കൊല്ലാനുള്ള ദേഷ്യം തോന്നിയിരുന്നെങ്കിൽ ഇന്നാ സ്ഥാനത് അങ്ങേയറ്റം സ്നേഹമാണ് തോന്നുന്നത്……..

നീ ഭാഗ്യവതിയാ അഞ്ജലി….

അത്രയും നിന്നെ സ്‌നേഹിക്കുന്നൊരു പുരുഷനെ കിട്ടിയതിൽ….

നിനക്കറിയുമോ അവന് ഇങ്ങോട്ട് എത്ര പെൺകുട്ടികളുടെ പ്രൊപ്പോസിൽസ് വന്നിരുന്നെന്ന്…

അവരാരും അവന്റെ മനസ്സിൽ കടന്ന് കൂടിയില്ല…

എന്നും…. അവന്റെ സ്വപ്ന സുന്ദരി…. അത് താനായിരുന്നു…..

മായ അത് പറഞ്ഞപ്പോൾ അഞ്ജലിയുടെ ഹൃദയം സന്തോഷം നിറഞ്ഞു തുളുമ്പി ഒഴുകാൻ സ്ഥലമില്ലാത്തത് പോൽ ഇടുങ്ങി നിന്നു…….

അവൾ പതിയെ അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വികാരങ്ങൾ അവൾക്ക് പോലുമറിയില്ലായിരുന്നു….

ആ….. അഞ്ജലി എഴുന്നേറ്റോ…..

ചന്ദ്ര അത് ചോദിച്ചപ്പോഴാണ് പത്മ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞത്…….

ഇത് വരെ കണ്ടതിനേക്കാൾ എന്തൊക്കെയോ പ്രത്യേകത ഇപ്പോഴവൾക്കുള്ളതായി പത്മക്ക് തോന്നി….

അവളുടെ കണ്ണുകളും പത്മയിൽ തന്നെയായിരുന്നു….

വാ…. ചായ കുടിക്കാം….

പത്മ ഏറെ വാത്സല്യത്തോടെ വിളിച്ചവൾക്കൊരു ഗ്ലാസിൽ ചായ എടുത്ത് കൊടുത്തു…..

പത്മയുടെ കണ്ണുകൾ എന്തോ അവളിൽ തന്നെ അങ്ങനെ തെന്നി നീന്നു….

അവരുടെ കണ്ണുകളിലെ വാത്സല്യം കാൻകെ അഞ്‌ജലിക്ക് വല്ലാത്തൊരു പ്രയാസം തോന്നി….

ഇത് വരെ തനിക്കത് നൽകിയിരുന്നത് ആനന്ദമാണെങ്കിൽ ഇന്ന് തന്റെ ഉള്ളിൽ കുറ്റ ബോധം കിടന്നു നീറുന്നുണ്ട്…..

അവരുടെ സമ്മതമില്ലാതെയാണ് അവരുടെ മകനെ താൻ സ്വന്തമാക്കയിരിക്കുന്നത്….

അവളുടെ ഉള്ളം നീറി പ്പുകഞ്ഞു….

പത്മ അവളുടെ മിഴികളിലേക്ക് നോക്കാൻ ശ്രമിക്കുമ്പോൾ അതിനു കഴിയാത്ത വണ്ണം അഞ്ജലി മിഴികളെ നീക്കി……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചായ കുടിച്ചു കഴിഞ്ഞവളാ ഇട നാഴിയിലൂടെ നടക്കുമ്പോഴാണ് കയ്യിലൊരു പിടുത്തം വീഴുന്നതവളറിഞ്ഞത്……

അവൾ ഞെട്ടലോടെ മുഖമുയർത്തിയപ്പോഴേക്കും അവന്റെ മിഴികൾ അവളുടെ കണ്ണുകളെ കടന്ന് പ്പിടിച്ചിരുന്നു….

പ്രണയർദ്രമായ അവന്റെ മിഴികളിൽ കുരുങ്ങി കിടക്കുമ്പോൾ അവനോട് ചേർന്നാണ് താൻ നിൽക്കുന്നതെന്ന് പോലും അവൾ മറന്ന് പോയിരുന്നു….

ഒരു നിമിഷം അവനിൽ ലയിച്ചങ്ങനെ……

അവൻ പതിയെ ഇടത് കൈയാൽ അവളുടെ മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് ഒതുക്കി വെക്കുമ്പോൾ അവന്റെ സ്പർശനം അവളിലെ പ്രണയിനിയെ അവനിലേക്ക് ചേർത് നിർത്തി…..

അയ്യോ… അമ്മ….

പെട്ടെന്നൊരു കാൽ പെരുമാറ്റം കേട്ടവന്നതും പറഞ്ഞു വേഗം അവിടെ നിന്നും ഉൾവലിയുമ്പോൾ അഞ്ജലി അങ്ങനെ നിന്നു…

പത്മയെ കാണുമ്പോഴൊക്കെ കുറ്റ ബോധം തോന്നുന്നത് കൊണ്ട് തന്നെ അവൾക്ക് അവന്റെ പ്രണയം സ്വസ്ഥമായി ആസ്വദിക്കാൻ കഴിയാത്തത് പോലെ..

തന്നെ അത്ര മേൽ സ്നേഹത്തോടെ വാത്സല്യത്തോടെ ചേർത് നിർത്തിയ അവർക്ക് തന്റെ മനസ്സിൽ അമ്മയുടെ സ്ഥാനം തന്നെയാണ്……

എന്താ.. ഇവിടെ നിൽക്കുന്നത്…..

ഒന്നുമില്ല….. വെറുതെ…..

പത്മ ഏറെ വാത്സല്യത്തോടെ അത് ചോദിച്ചതും അവളത് പറയുമ്പോൾ മനസ്സിലുള്ള പ്രയാസം വാക്കുകളിൽ വ്യക്തമായിരുന്നു…….

എങ്കി വാ….. നമ്മളിന്ന് പുറപ്പെടും…..
എല്ലാം ശെരിയാക്കി വെച്ചോളൂ…….

ഞാൻ… ഞാനൊരു കാര്യം പറഞ്ഞോട്ടെ….

പത്മ അതും പറഞ്ഞു തിരിഞ്ഞതും അഞ്ജലി പെട്ടെന്നായിരുന്നു അത് ചോദിച്ചത്…..

പത്മ എന്തെന്ന ഭാവത്തിൽ അവളിലേക്ക് നോക്കി……

മാപ്പ് ചോദിക്കാനുള്ള അർഹതയുണ്ടോ എന്നറിയില്ല…

വെറുതെ എന്റെ കഴുത്തിൽ മകൻ കെട്ടിയ താലി പോലും നിങ്ങളെ അസ്വസ്ഥമാക്കിയത് കൊണ്ട് തന്നെ ഇതും വേദനിപ്പിക്കുമായിരിക്കും…

ആള് എന്നെ ജീവിത കാലം മുഴുവനും കൂടെ കൂട്ടിക്കോട്ടെ എന്ന് ചോദിച്ചിട്ടുണ്ട്….

മറുപടി പറഞ്ഞിരുന്നില്ല ഞാൻ..
പക്ഷെ വർഷങ്ങളായുള്ള പ്രണയത്തിനു മുമ്പിൽ എപ്പോഴൊക്കെയോ ഞാനും തോറ്റു പോയി….

അഞ്ജലി അതും പറഞ്ഞു മിഴികൾ നിറക്കുമ്പോൾ പത്മയുടെ ഉള്ളിലൂടെ ഒരു തണുപ്പിറച്ചിറങ്ങി യെങ്കിലും അവർ മുഖത്ത് ഗൗരവം വരുത്തി തീർത്തു…

ഒരു പക്ഷെ അവൻ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരിക്കാം എന്നവൾക്കറിയാമായിരുന്നു എങ്കിലും തന്റെ മനസ്സാക്ഷിയെ വഞ്ചിക്കാൻ അവൾക്കാകുമായിരുന്നില്ല….

എന്നോട്… എന്നോട് പൊറുക്കണം…

തന്റെ മുമ്പിൽ ദേഷ്യത്തോടെ നിൽക്കുന്ന പത്മക്ക് നേരെ കൈകൾ കൂപ്പി അവൾ വീണ്ടും പറയുമ്പോൾ കണ്ണ് നീര് ധാര യായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…

പത്മക്കവളെ വാരി പുണരാനൊരു വേള തോന്നി….

ഞാൻ പൊറുത്തു തരാൻ ഈ കള്ള കണ്ണീരോന്നും പോരാ ..
എന്റെ മോനെ മയക്കി അവന്റെ മനസ്സിൽ കയറി ക്കൂടിയതിന് നിനക്ക് തീർച്ചയായും ശിക്ഷ വേണ്ടത് തന്നെയാണ്…..

പത്മ ഗൗരവത്തോടെ അത് പറയുമ്പോൾ അഞ്ജലി നിറ മിഴികളാലേ അവരെ നോക്കി…

എന്ത് ശിക്ഷയും ഏറ്റ് വാങ്ങാൻ… ഞാൻ തയ്യാറാണ്……
കാരണം നിങ്ങളെനിക്ക് വെച്ച നീട്ടിയത് ഒരു മോളോടെന്ന പോലുള്ള വാത്സല്യമാണ്…..

അഞ്ജലി ഇടറുന്ന വാക്കുകളാലെ അത് പറയുമ്പോൾ പത്മക്ക് മനസ്സിൽ വല്ലാത്തൊരു ആനന്ദം തോന്നി……

എങ്കിൽ ഇന്ന് മുതൽ ജീവിത കാലം മുഴുവൻ നീയെന്നെ അമ്മേയെന്ന് വിളിക്കണം…

സമ്മതമാണോ……

പത്മ പെട്ടെന്നത് ചോതിച്ചതും അഞ്ജലി ഞെട്ടലോടെ അവരിലേക്ക് മിഴികളുയർത്തി….

കേട്ടത് സത്യമാണോ എന്ന ചിന്തയിൽ അവളവരിലേക്ക് നോക്കുമ്പോൾ അവരിൽ പടർന്ന ആ പുഞ്ചിരി ആഴ്ന്നിറങ്ങിയത് തന്റെ ഹൃദയത്തിലേക്കായിരുന്നു….

(തുടരും)