18/04/2026

മൂക്കുത്തി : അവസാന ഭാഗം

എക്സാം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പതിവിൽ കവിഞ്ഞൊരു സന്തോഷം അവളറിയുന്നുണ്ടായിരുന്നു….

എന്നാൽ അവൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല……

നിന്നേ കൂടെ കൊണ്ട് പോകാനുള്ള എന്തൊക്കെയോ ശെരിയാക്കാൻ പോയിരിക്കുകയാണവൻ….

മംഗലത്തമ്മ അത് പറഞ്ഞപ്പോൾ തന്നെ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു…..

രാത്രിയായിരുന്നു അവൻ വീട്ടിലേക്ക് വന്നപ്പോൾ….

കാറിന്റെ ശബ്ദം കേട്ട് കോലായിലേക്കെത്തിയതും ഉമ്മറത്തു നിന്നുള്ള വാക്കുകൾ അവളെ പിടിച്ചു കെട്ടി…..

ഓഹോ…. അപ്പൊ നീ കരുതി കൂട്ടി തന്നെയാണല്ലേ……
അവളെ ഭാര്യയായി വാഴിക്കാൻ തന്നെ തീരുമാനിച്ചോ….ഒന്ന് കൂടി ആലോചിച്ചിട്ട്…..
അവളെ പോലൊരു ജോലിക്കാരിയെ തന്നെ നിനക്ക് വേണോ….

ഗോപി അവനു നേരെ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അഞ്ജലി യുടെ ഹൃദയം ഒരു നിമിഷം നിശ്ചലമായി……

എന്നാൽ….അമ്മാവന്മാരുടെ ഉപദേശങ്ങൾക്കും ശാസനകൾക്കും നേരെ അവൻ കയ്യുയർത്തി…..

എനിക്ക് വേണ്ടത് നല്ലൊരു ഭാര്യ യെ യാണ്….
അച്ഛനും അമ്മയ്ക്കും നല്ലൊരു മോളെയും….

അതിന് അവൾക്ക് യാതൊരു കുറവും ഞാൻ കാണുന്നില്ലെന്ന് മാത്രമല്ല ഇവിടെ ഉള്ളവരെക്കാളൊക്കെ ഏറെ മികച്ചവൾ നിൽക്കുന്നുണ്ട്…. അത് മതിയെനിക്ക്……

അർജുൻ അതും പറഞ്ഞു അകത്തേക്ക് കയറി പോകുമ്പോൾ ശോഭക്കും സുകന്യ ക്കും കരച്ചിൽ വന്നിരുന്നു……

ജോലിക്കാരിയായി പോലും തങ്ങൾക്ക് നിലക്ക് നിർത്താൻ പറ്റാത്തവൾ തമ്പുരാട്ടിയായി കാണേണ്ട അവസ്ഥ ആലോചിച് അവരുടെ തലക്ക് ഭാരം വന്നു തുടങ്ങിയിരുന്നു…..

നിമിഷ നേരം കൊണ്ട് അഞ്ജലിയുടെ മനസിലെ വിങ്ങൽ തീവ്രമായൊരു ആനന്ദത്തിന് വഴി മാറിയിരുന്നു…..

അകത്തേക്ക് കയറി വരുന്നവനെ ആരാധനയോടെ നോക്കി നിൽക്കുന്ന അവൾക്ക് നേരെ അവനൊന്നു കണ്ണിറുക്കി കാണിച്ചു…….

അത്ര മേൽ പ്രണയത്തോടെ…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മുറിയിൽ നിലാവ് നോക്കി ജനലഴികളിൽ പിടിച്ചു നിൽക്കുന്നവളെ അവൻ പിറകിലൂടെ ചെന്ന് തന്നോട് ചേർത് പിടിക്കുമ്പോൾ നിലാവിനെക്കാൾ ഭംഗി അവളുടെ നാണത്തിൽ പൊതിഞ്ഞ ആ പുഞ്ചിരിക്കുണ്ടായിരുന്നു….

അവൻ ബാഗിൽ നിന്നും ഒരു പെട്ടിയെടുത് അവൾക്ക് നേരെ നീട്ടി….

അവളത് തുറക്കാൻ അല്പമൊന്ന് മടിച്ചു……

തുറന്നു നോക്ക്….

അവൻ പറഞ്ഞതും അവൾ പതിയെ അത് തുറന്നു…..

അതിലെ തിളക്കം അവളുടെ മൂക്കിൻ തുമ്പിൽ തട്ടി പ്രതിഫലിച്ചു….

അതേ….. അതൊരു മൂക്കുത്തിയാണ്….

അത്രയേറെ ഭംഗിയുള്ള അത്യാവശ്യം വലിപ്പമുള്ള ഒന്ന്…..

അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി…..

ഇത്…. തന്റെ അച്ഛന്റെ ഓർമയല്ലേ…. അത് ഓർമയായി തന്നെ സൂക്ഷിക്കുക…..

അതും പറഞ്ഞവൻ അവളുടെ മൂക്കുത്തി ഊരിയെടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തു….

പകരമായി അവൻ കൊണ്ട് വന്ന ആ മൂക്കുത്തി അവൾക്കണിയിച്ചു കൊണ്ട് അവളെ കണ്ണാടിയിലേക്ക് തിരിച്ചു നിർത്തി…….

പച്ച കല്ലുകളുള്ള ആ മൂക്കുത്തി വല്ലാതെ തിളങ്ങുന്നത് പോലെ അവൾക്ക് തോന്നി…..

ഇഷ്ടമായോ…….
ഞാൻ…. പറഞ്ഞു ചെയ്യിപ്പിച്ചതാണ്…..

അവനത് പറയുമ്പോൾ അവൾ പതിയെ തല കുലുക്കി……

അവനവളുടെ മൂക്കുത്തിക്ക് മേൽ പതിയെ ചുണ്ടുകൾ ചേർത്തതും അവളൊന്നു പിടഞ്ഞു…..

അവന്റെ കൈ അവളെ മുഴുവനായി അടക്കി പിടിക്കുമ്പോൾ ഒരു സുഖമുള്ള ശ്വാസം മുട്ടലവൾക്ക് തോന്നി…..

അവളുടെ ഇളം ചുവപ്പ് നിറത്തിലുള്ള കവിളിൽ അവൻ പതിയെ ചുണ്ടുകളമർത്തി…..

ഒരു പിടച്ചിലോടെ അവളവനിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു…..

അപ്പോഴും ജനലഴികളിലൂടെ നിലാവ് അവരെ എത്തി നോക്കുന്നുണ്ടായിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വേഗം റെഡി ആയിക്കോ…
നമുക്കൊന്ന് പുറത്ത് പോകണം…..

പിറ്റേന്ന് രാവിലെ തന്നെ അവനത് പറഞ്ഞതും അവൾക്ക് വല്ലാത്തൊരു ഉത്സാഹം തോന്നി…..

കുളിച്ചവൾ ഉള്ളതിൽ നല്ല ചുരിദാറെടുത്തിട്ടു…..

കുറെയേറെ ദിവസങ്ങൾക്കു ശേഷം അവനോടൊപ്പം വീണ്ടുമൊരു യാത്ര….

അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു……

മാറ്റിയിറങ്ങി അവനോടൊപ്പം പോകുന്ന അവളെ നോക്കി സുകന്യ യും ശോഭയും പരസ്പരം മുറു മുറുത് കൊണ്ട് അവരുടെ അരിശം തീർത്തു….

അതേ അവരെ കൊണ്ട് കഴിയുമായിരുന്നുള്ളൂ……

അവന്റെ കൈ വിരലുകളിൽ മുറുകെ പിടിച്ചു പോകുന്ന അഞ്ജലിയെ കാൻകെ അരുണിന്റെ ഹൃദയം എന്തിനോ പിടച്ചു……

തനിക്കവളെ ഇഷ്ടമായിരുന്നില്ലേ….

ആയിരുന്നു…..
വല്ലാതെ ഇഷ്ടമായിരുന്നു….

അവളുടെ സൗന്ദര്യം മറ്റൊരു പെൺകുട്ടിയിലും താൻ കണ്ടിട്ടില്ല….

എന്തിന്….. അവളോട് തോന്നിയ ആ ആകർഷണം തനിക്ക് താരയോട് പോലും തോന്നിയിട്ടില്ല……

അവളുടെ ചിരിയും പെരുമാറ്റവും എല്ലാം തനിക്കത്ര മേൽ പ്രിയപ്പെട്ടത് തന്നെയായിരുന്നു….

പിന്നെങ്ങനെയാണ് ആരുടെയൊക്കെയോ വാക്കിനു മേലവൾ തനിക്ക് ചേരാത്തവളായി മനസ്സ് വ്യാഖ്യാണിച്ചത്……

തന്നെക്കാൾ സാമ്പത്തികമായി ഉയർന്ന അർജുനൾ സ്വന്തമായപ്പോഴും അവനോട് തോന്നുന്നത് സഹതാപമല്ല….

മറിച് അസൂയ തന്നെയാണ്……

പിന്നെന്തിനാണ് താനവളെ വിട്ട് കളഞ്ഞത്…….

അവളോടുള്ള ആഗ്രഹം അടക്കാൻ കഴിയാത്തത് കൊണ്ട് ഇന്നലെ അങ്ങനെയൊക്കെ പറ്റി പോയത് മാത്രമാണ്….

എങ്ങനെയെങ്കിലും അവൾ തന്നിലേക്ക് തിരിച്ചു വരുമെന്ന തോന്നലായിരുന്നില്ലേ അത്…..

അപ്പോഴേക്കും മൂക്കിനുള്ളിലെ ആ മുറിവ് അവനു നീറി തുടങ്ങിയിരുന്നു…..

ജനലിലൂടെ അവളെ നോക്കി നിൽക്കുമ്പോൾ കൂടെയുള്ളവനോടുള്ള ആ ഭയം കൊണ്ട് തന്നെ അവൻ വേഗം അവിടെ നിന്നും പിൻ വലിഞ്ഞിരുന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആ യാത്ര തനിക്കവന്റെ കൂടെ പോകുന്നതിന്റെ മുന്നോടിയാണെന്ന് മനസ്സിലാകെ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു…..

അവന്റെ നോട്ടങ്ങളും ചിരികളും സംസാരങ്ങളും ഏറ്റ് വാങ്ങി ആ യാത്ര അത്ര മേൽ മനോഹരമായി തന്നെ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നേരം ഏറെ ഇരുട്ടിയിരുന്നു……

മുറിയിലെത്തി കട്ടിലിലേക്കവൻ മലർന്നു കിടന്നു കൊണ്ടവളെ വലിച്ചു നെഞ്ചിലേക്കിട്ടു……

പെട്ടെന്നുണ്ടായ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും പിന്നീട് പതിയെ നാണം കൊണ്ടവളുടെ മിഴികൾ കൂമ്പിയടഞ്ഞു പോയിരുന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മുത്തശ്ശി…. എങ്കിൽ ഞങ്ങളിറങ്ങുകയാണ്……

അതും പറഞ്ഞു അർജുൻ മുത്തശ്ശിയുടെ കാലിലേക്ക് വീഴുമ്പോൾ അരികിലായി അഞ്ജലിയുമുണ്ടായിരുന്നു…

രണ്ട് പേരും നാന്നായി വരട്ടെ…..

മുത്തശ്ശി ഏറെ സ്നേഹത്തോടെ അവരെ ആശീർവദിച്ചു…..

ഞങ്ങൾ വീണ്ടും കിഴിശേരിയിലേക്ക് പോകുകയാണ്……

മനസ്സ് അത്ര മേൽ സന്തോഷത്തെ പേറുന്നുണ്ട്……

അച്ഛനും അമ്മയും അങ്ങോട്ട് വരുമെന്നാണ് പറഞ്ഞിട്ടുള്ളത്…..

അവരെ കൂട്ടി ഇങ്ങോട്ട് തിരിച്ചു വന്ന തിന്റെ പിറ്റേന്ന് ഞങ്ങൾ പോകും…..

ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു പാട് ലോകം കാണാൻ….

അവൾ നിറഞ്ഞു വന്ന സന്തോഷത്തോടെ ഓരോന്ന് ചിന്തിച്ചു കൊണ്ട് വിന്ഡോ യിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് അർജുൻ അവളുടെ കയ്യിലൊന്ന് നുള്ളിയത്….

അവൾ എന്തെന്ന അർത്ഥത്തിലവന് നേരെ തിരിഞ്ഞതും അവൻ കണ്ണുകൾ രണ്ടും ഇറുക്കെ ചിമ്മി കാണിച്ചു…….

മനോഹരമായ ആ യാത്ര ചെന്നു നിന്നത് കിഴിശേരി തറവാടിന്റെ മുറ്റതായിരുന്നു…..

പക്ഷെ….. എന്തോ ആഘോഷത്തിനുള്ള മുന്നോടിയെന്ന പോൽ അവിടമാകെ ഒരു പന്തൽ ഒരുങ്ങുന്നുണ്ടായിരുന്നു…..

കാറിന്റെ ശബ്ദം കേട്ടതും എല്ലാവരും ഉമ്മറത്തേക്കൊടി വന്നു…..

ഡോർ തുറന്നതും ആദ്യം അവളുടെ മിഴികൾ പതിച്ചത് പത്മയിലായിരുന്നു….

അമ്മേ…..

അവളവരേ വിളിച്ചു കൊണ്ട് കെട്ടി പ്പിടിച്ചു…..

പത്മയും അത്ര മേൽ വാത്സല്യത്തോടെ അവളെ ചേർത് പിടിച്ചു…..

ദേവനും മുത്തശ്ശയും മുത്തശ്ശനും ചെറിയമ്മയും അപ്പച്ചിമാരും എല്ലാവരും അവളെ സ്നേഹ ചുംബനങ്ങളാൽ മൂടി……

ആർക്കും ഒരു മാറ്റവുമില്ല….
എല്ലാവരും അത് പോലെ തന്നെ….

പത്മ എന്തോ അവളുടെ കയ്യിൽ നിന്ന് പിടി വിട്ടതേയില്ല…….

ആ കൈകളുടെ ചൂടിൽ അഞ്‌ജലിയും അങ്ങനെ ഒതുങ്ങി നിന്നു……

മായ എവിടെ അപ്പച്ചി….

ആ മുറിയിലുണ്ട്…. മൈലാഞ്ചി വെക്കുകയാ……

അർജുന്റെ ചോദ്യത്തിന് അപ്പച്ചിയത് പറഞ്ഞതും അർജുൻ വേഗം അകത്തേക്ക് നടന്നു…..
കൂടെ അഞ്‌ജലിയും……

വാതിൽ തുറന്നതും അവരെ കണ്ട് മായ ഓടി വന്നു……

ഇപ്രാവശ്യം അവൾ ആദ്യം കെട്ടി പ്പിടിച്ചത് അർജുനെ ആയിരുന്നില്ല…..
മറിച് അഞ്ജലിയെയായിരുന്നു….

അവളും അത്ര മേൽ സ്നേഹത്തോടെ അവളെ ചേർത് പിടിച്ചു……

എന്താ….. മായക്ക് വിശേഷം….

അവളുടെ കയ്യിൽ ചുവപ്പിച്ചിരിക്കുന്ന മൈലാഞ്ചിയിലേക്കും മുറ്റത്തൊരുങ്ങുന്ന പന്തലിലേക്കും നോക്കി അഞ്ജലിയത് ചോദിക്കുമ്പോൾ മായ അത്ഭുതത്തോടെ അർജുനെ നോക്കി….

അവൻ അവൾക്ക് നേരെ കണ്ണിറുക്കി കാണിച്ചു….

വിശേഷം എനിക്ക് മാത്രമല്ല…. നിനക്കും കൂടിയാടോ……

മായ അത് പറയുമ്പോൾ അഞ്ജലി സംശയത്തോടെ അവളെ നോക്കി….

എന്റെ കല്യാണ നിശ്ചയവും നിന്റെ കല്യാണവും……

മായ അത് പറഞ്ഞതും അഞ്ജലി പെട്ടെന്ന് അർജുനെ നോക്കി…..

അവൻ കണ്ണുകൾ ചുരുക്കി ക്ഷമാപണം പോലെ നിൽക്കുകയാണ്…..

സർപ്രൈസ് ഞാൻ പൊട്ടിച്ചിട്ടുണ്ട്…. ഇനി നിങ്ങളായി നിങ്ങളുടെ പാടായി….

മായ അതും പറഞ്ഞവിടെ നിന്നും പോകുമ്പോൾ അർജുൻ പരുങ്ങലോടെ അവൾക്കടുത്തേക്ക് വന്നതും അവൾ മുഖം തിരിച്ചു പോകാനൊരുങ്ങുമ്പോഴായിരുന്നു അർജുൻ അവളുടെ കൈ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്ത ത്…….

അന്ന് പൂർണ മനസ്സോടെയാണ് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയതെങ്കിലും അതേറ്റു വാങ്ങുമ്പോൾ നിന്റെ കണ്ണിൽ യാതൊരു വികാരങ്ങളുമുണ്ടായിരുന്നില്ല……

അത് കൊണ്ട്…… എന്റെ താലി മനസ്സ് കൊണ്ട് ഏറ്റ് വാങ്ങുന്ന നിന്റെ ചിത്രം എന്റെ കണ്ണുകളിൽ പതിയണം….

അതിനു വേണ്ടിയാണിത്…. മാത്രവുമല്ല….. ഇവർക്കൊക്കെ വിവാഹം കൂടണ്ടേ….. ഇവരെ സംബന്ധിച്ച് നമ്മളിപ്പോഴും അന്യരാണ്……

കുറച്ചു കൂടി കഴിഞ്ഞ് പറഞ്ഞോന്നു ഞെട്ടിക്കാമെന്ന് കരുതിയതാ…… അതവൾ തീർത്തു തന്നു……

അതും പറഞ്ഞവൻ അങ്ങനെ നിൽക്കുമ്പോൾ അവൾ അവനെ ചുറ്റി പ്പിടിച്ചത് പെട്ടെന്നായിരുന്നു….

അത്ര മേൽ സന്തോഷം നിറഞ്ഞത് കൊണ്ടോ എന്തോ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു……

(തുടരും)

 

മംഗലത് നിന്ന് മറ്റാരും വരില്ലേ പത്മേ……

ഏട്ടന്മാരോട് വരാൻ പറഞ്ഞിട്ടുണ്ട്…… വരുമായിരിക്കും…..

നളിനിയുടെ ചോദ്യത്തിന് പത്മയുടെ മറുപടി കേട്ടപ്പോഴാണ് അഞ്ജലി യൊന്നു മുഖമുയർതിയത്……

അപ്പൊ അവിടെ എല്ലാവർക്കും ഇക്കാര്യം അറിയുന്നത് കൊണ്ടാവും അവനെ ഉപദേശിച്ചതും തന്നെ നോക്കി കണ്ണുകളുരുട്ടിയതുമെന്ന് അവൾക്ക് തോന്നി……

ഇനി തിരിച്ചു പോകാനൊരു ഉത്സാഹമുണ്ട്…
കൂടെ നീയുമുണ്ടാവുമല്ലോ…..
പത്മ അതും പറഞ്ഞു അഞ്ജലിയുടെ കയ്യിൽ പിടിക്കുമ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്……

അവളവരെ ഏറെ സ്നേഹത്തോടെ നോക്കി…..

അഞ്ജലി വാ…. മൈലാഞ്ചി യിടാം…..

ദീപു അവളെ വന്നു വിളിച്ചപ്പോഴാണ് അഞ്ജലി അവൾക്ക് പിറകെ നടന്നത്……

എല്ലാവരുടെയും ഇടയിലിരുന്നു മൈലാഞ്ചി യിടുമ്പോൾ താൻ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത എന്തൊക്കെയോ സന്തോഷങ്ങൾ തനിക്ക് കിട്ടുന്നത് പോലെ അവൾക്ക് തോന്നി…..

ഒരു ഇട വേളക്ക് ശേഷം തന്റെ സ്വന്തം തറവാട്ടിൽ തിരിച്ചെത്തിയത് പോലെ….

കുട്ടികളും കളികളും ചിരികളും എല്ലാമായി അങ്ങനെ…..

അർജുൻ പുറത്തെ തിരക്കിൽ നിന്നും ഒന്ന് അകത്തേക്ക് വന്നപ്പോഴാണ് എല്ലാവർക്കുമിടയിൽ ഇരുന്ന് മൈലാഞ്ചിയിടുന്നവളെ കാണുന്നത്…..

ഒരു നിമിഷം അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു……

ചില സ്വപ്‌നങ്ങൾ എന്നും സ്വപ്നങ്ങളായി നില നിൽക്കില്ല…..

അത് യാഥാർഥ്യത്തിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന സന്തോഷം വെറും വാക്കുകൾ കൊണ്ട് ചുരുക്കാനുമാവില്ല….

അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു അവളുടെ ഫോട്ടോ എടുത്തതും അവൾ അവനു നേരെയൊന്ന് മുഖമുയർത്തി……

ഏട്ടാ…. ഞങ്ങളെ കൂടെ ഒന്ന് പരിഗണിക്കുക……

ദീപു അർജുനോടായത് പറഞ്ഞു ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അർജുനൊരു ചിരിയോടെ അവരുടെ ഫോട്ടോയെടുത്തു…….

അങ്ങനെ കാത്തിരുന്ന ആ മുഹൂർത്തം അവരെ തേടിയെത്തി…….

രാവിലെ വേഗം എഴുന്നേറ്റ് കുളിച് വന്നപ്പോഴേക്കും പുതു പെണ്ണുങ്ങളെ ഒരുക്കാനുള്ള ആളുകളെത്തിയിരുന്നു….

രണ്ട് പേരെയും ഒരുക്കുന്നുണ്ടെങ്കിലും കല്യാണ പെണ്ണായ തനിക്കായിരുന്നു ഒരുക്കം കൂടുതൽ……

അന്ന് സതീഷേട്ടന്റെ താലിയിൽ വിവാഹവും ജീവിതവും ഒതുങ്ങേണ്ട ഒരുവൾക്ക് ഇത്ര നല്ലൊരു ജീവിതം വെച്ചു നീട്ടിയ അവന് വേണ്ടി തന്റെ ശ്വാസം പ്പോലും നൽകാൻ തയ്യാറാണ്…..

അത്ര മേൽ അവനെന്ന പ്രണയം തന്നെ കടന്ന് പിടിച്ചിരിക്കുന്നു……..

ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് അവിടെ നിൽക്കുന്നവരെ അവൾ കാണുന്നത്…..

മുത്തശ്ശിയോഴികെ മറ്റെല്ലാവരും മംഗലത് നിന്ന് എത്തിയിരിക്കുകയാണ്…..

അവളെ കണ്ട് ശോഭയും സുകന്യയും നെറ്റി ചുളിക്കുമ്പോൾ പത്മ അവളെ വന്നു കെട്ടി പ്പിടിച്ചു……

സുന്ദരിയായിട്ടുണ്ട്….
എന്റെ കൊച്ചു മക്കൾക്കെല്ലാം നിന്റെ ഭംഗി പകർന്നു കിട്ടട്ടെ….

അവളുടെ താടി തുമ്പിൽ പിടിച്ചു അവരത് പറയുമ്പോൾ അവൾ സ്നേഹത്തോടെ അവരെ കെട്ടി പിടിച്ചു……

അപ്പോഴാണ് ഒരു നിമിഷം അരുണിലും താരയിലും അവളുടെ കണ്ണുകൾ പതിയുന്നത്….

അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..

എല്ലാവരും അവളുടെ സൗന്ദര്യത്തെ വർണിക്കുമ്പോൾ ഒരു നിമിഷം അവനെ കാണാനായിരുന്നു കണ്ണുകൾ തുടിച്ചത്….

തന്റെ ഭംഗി…. അതവന്റെ കണ്ണിലല്ലേ……

ആളെവിടെ…..
ആരോട് ചോദിക്കും എന്നറിയാതെ മായയോടാണ് പതിയെ അവളത് ചോദിച്ചത്…..

അമ്മായി …..അഞ്ജലിയുടെ ആളെവിടെയാണെന്ന്…കണ്ടിരുന്നോ ആരെങ്കിലും….

മായ അവൾ ചോദിച്ച ചോദ്യം എല്ലാവർക്കു മുമ്പിലും നിന്ന് ഉറക്കെ ചോദിച്ചതും അഞ്ജലി അവളുടെ കയ്യിൽ പിടിച്ചൊന്ന് നുള്ളിയിരുന്നു…..

എല്ലാവരും ചിരിയോടെ അവരെ നോക്കി…

അവൻ നേരത്തെ അമ്പലത്തിലേക്ക് പോയല്ലോ..
വിഷമിക്കേണ്ട അഞ്ചു…. ഇനി നിനക്ക് എപ്പോഴും ആളെ കണ്ടോണ്ടിരിക്കാമല്ലോ….

ചെറിയമ്മ ചിരിയോടെ അത് പറഞ്ഞതും അവൾ നാണ ത്തോടെ ച്ചുണ്ടുകളൊന്ന് കൂട്ടി പിടിച്ചിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നവ വധുവായി ആദ്യം അവളെ കണ്ടതും അർജുന്റെ കണ്ണുകൾ വല്ലാതെ വിടർന്നു……

അവന്റെ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരി അത്ര മേൽ മനോഹരമായിരുന്നു….

താലി കൈകളിലെടുത്തു അവൻ അവളെയൊന്ന് നോക്കി….

കണ്ണുകൾ എന്തിനോ നിറയും പോലെ…..

താലി അവളുടെ കഴുത്തിലേക്ക് കെട്ടുമ്പോൾ അത്രയേറെ അവനവളോട് ചേർന്ന് നിന്നിരുന്നു……

സതീഷേട്ടന്റെ താലി തട്ടി മാറ്റി തന്റെ കഴുത്തിൽ പണ്ടൊരു താലി അവൻ കെട്ടുമ്പോൾ തന്റെ മനസ്സിൽ അവന്റെ സ്ഥാനം ഒരു രക്ഷകന്റെതായി മാറിയിരുന്നു എങ്കിൽ ഇന്നാ സ്ഥാനത് മറ്റൊരാളെ സങ്കൽപ്പിക്കാനാവാത്ത വിധം തന്റെ പ്രാണനായവൻ മാറിയിരിക്കുകയാണ്….

അവൾ കണ്ണുകളടച്ചു ആ താലി ഹൃദയത്തിലേക്ക് ഏറ്റ് വാങ്ങുമ്പോൾ മിഴി നീർ എന്തിനോ കവിളുകളെ ചുംബിച്ചിരുന്നു…..

അവൻ അവളുടെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഇരു കവിളിലും മാറി മാറി ചുംബിച്ചു….

അത്ര മേൽ പ്രണയത്തോടെ അതിലേറെ ആനന്ദത്തോടെ…..

പത്മയും ദേവനും സന്തോഷത്താൽ മിഴികളോപ്പി…..

കണ്ടിരുന്ന അരുണിന്റെ ഹൃദയം എന്തിനോ വല്ലാതെ നോവുന്നുണ്ടായിരുന്നു…..

വരുന്നില്ലെന്ന് പറഞ്ഞതാണ് അച്ഛനോട്….
കിഴിശേരിക്കാരുടെ മുമ്പിൽ പെങ്ങൾക്കൊരു കുറവ് വരേണ്ടെന്ന് കരുതി കൂട്ടി കൊണ്ട് വന്നതാണ്…

അല്ലെങ്കിലും അങ്ങനെയാണല്ലോ….
അന്തസ്സും അഭിമാനവും കുറ്റവും കുറവും നോക്കി അളന്നു തൂക്കാൻ അച്ഛനും വല്യച്ഛനും വലിയ ഉഷാറാണ്…..
അത് കൊണ്ടാണല്ലോ കയ്യകലത്തിൽ നിന്നവൾ തനിക്ക് നഷ്ടമായത്….

അവനവരോടെല്ലാം ഒരു ദേഷ്യം തോന്നിയിരുന്നു….

സുകന്യയും ശോഭയും എന്തെങ്കിലും ആലോചിച് ആശ്വസിക്കാൻ പോലും വകയില്ലാതെ അങ്ങനെ ശ്വാസം മുട്ടി നിന്നു…….

എല്ലാവരുടെയും അനുഗ്രഹം വാങ്ങിയ ശേഷം അച്ഛനെയും അമ്മയെയും ഭാര്യ യെയും ചേർത്ത് നിർത്തി അർജുൻ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഈ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു……..

താലി കെട്ട് കഴിഞ്ഞ ശേഷമാണു നീരജും വീട്ടുകാരും തറവാട്ടിലേക്ക് വന്നത്…..

മായയുടെ സന്തോഷത്തോടൊപ്പം അവരിരുവരും പങ്കു ചേർന്നു……

അവരെ ഇരുവരെയും ചേർത്ത് നിർത്തി ഫോട്ടോ എടുക്കുമ്പോൾ അർജുനും അഞ്‌ജലിയും അവർക്കായി ഒന്ന് മാറി കൊടുത്തിരുന്നു…..

എല്ലാവരും കൂടിയിരുന്നുള്ള ആ സധ്യക്കും നല്ല സ്വാധുണ്ടായിരുന്നു….

നാളെ നിങ്ങൾ തിരിച്ചു പോകും അല്ലെ…..

ആ സദ്യ യുടെ സ്വാദിനെ മുറിച്ചു കളഞ്ഞത് നോവോടെയുള്ള മുത്തശ്ശിയുടെ ചോദ്യമായിരുന്നു…..

അപ്പോഴാണ് നാളെ തന്നെ പോകും എന്ന് അവളും അറിയുന്നത്…….

ഞങ്ങൾ പോയാലും ഉടനെയിങ് വരില്ലേ അമ്മേ…

ദേവൻ മുത്തശിയെ ആശ്വസിപ്പിക്കാൻ വേണ്ടി ചിരിച്ചു കൊണ്ടാണത് പറഞ്ഞത്…….

ഓഹ്… നീയെപ്പോഴും അത് തന്നെയല്ലേ പറയാറുള്ളത്…
ഇത് വരെ മൂന്ന് പേരെ കാത്തിരുന്നാൽ മതിയായിരുന്നു….

ഇനിയിപ്പോ അഞ്ചു മോളെയും കൂടി കാത്തിരിക്കണ്ടേ…..

മുത്തശ്ശി ചിരിയോടെ അവളുടെ കവിളിൽ പിടിച്ചു കൊണ്ടത് പറഞ്ഞതും അവൾ സ്നേഹത്തോടെ അവരെ കെട്ടിപ്പിടിച്ചു…..

ആ കുടുംബത്തോട് അവളെത്ര മാത്രം ഇഴുകി ചേർന്നിട്ടുണ്ടെന്നോർക്കേ അരുണിന് അത്ഭുതം തോന്നി…….

അവളെ ഇവിടെ ആർക്കും ഇഷ്ടമാവില്ലായിരിക്കാം എന്ന് കരുതിയുണ്ടായിരുന്ന ഒരു തരിമ്പ് ആശ്വാസവും അവരുടെ മുമ്പിൽ തന്നെ വീണുടയുന്നത് കണ്ട് സുകന്യക്കും ശോഭക്കും തലയുയർത്താൻ കഴിഞ്ഞില്ല…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ജനലഴികളിൽ പിടിച്ചു കൊണ്ട് അഞ്ജലി നിലാവിനെ നോക്കി നിൽക്കുമ്പോൾ പിറകിലൂടെ ചുറ്റി പിടിച്ച അവന്റെ കൈകൾ പെട്ടെന്നവളിലൊരു ഞെട്ടലുണ്ടാക്കിയിരുന്നു…..

അവന്റെ ശ്വാസം തന്നിൽ പതിഞ്ഞതും അവനോടവൾ ചേർന്ന് നിന്നു…….

നമ്മൾ ആദ്യം കണ്ടത് നിനക്കോർമ്മയുണ്ടോ അഞ്ചു……

അവനേറെ ആർദ്രമായി അത് ചോദിച്ചതും അവളുടെ മുഖമൊന്നു വാടി….

അവൾ അവനിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് അവന്റെ നെറ്റിയിലെ മുറിവിലൊന്ന് തൊട്ടു….
ഏറെ നോവോടെ……

ഈ മുറി വായിരുന്നു എന്റെയുള്ളിലെ പ്രണയത്തിന്റെ തുടക്കം..

അവനത് പറഞ്ഞതും ആ കണ്ണുകളിലെ ദുഃഖം നീങ്ങി പകരം ഒരു ആനന്ദം അവയിൽ നിറഞ്ഞു നിന്നു……

അവൾ പെട്ടെന്ന് അവന്റെ ആ മുറിവിൽ ചുണ്ടുകളമർത്തി…

ഒട്ടും പ്രതീഷിക്കാത്തതായത് കൊണ്ട് തന്നെ അവൻ അവളെയൊന്ന് നോക്കി…..

അപ്പോഴേക്കും അദരങ്ങളിൽ ഒരു കുസൃതി ചിരി പറ്റി പിടിച്ചിരുന്നു……

അവന്റെ ചിരി തന്റെ ഹൃദയേത്തിലേക്ക് ആഴ്‌ന്നിറങ്ങുന്നെന്ന് തോന്നിയതും അവളവനിൽ നിന്നും മിഴികൾ പറിച് പോകാൻ തുടങ്ങിയതും അവന്റെ കൈകൾ അവളെ ഒന്ന് കൂടെ മുറുകെ പിടിച്ചു……

അവന്റെ കര വയലത്തിൽ അവന്റെ ചുംബനങ്ങളേറ്റ് അവൾ കുളിരുമ്പോൾ നാണത്തോടെ നക്ഷത്രങ്ങൾ പോലും മേഘങ്ങൾ ക്ക് പിറകിലേക്ക് നീങ്ങി പോയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാവിലെ അഞ്ജലി അടുക്കളയിൽ നിന്നും അവനുള്ള ചായയുമായി മുറിയിലേക്ക് വരുമ്പോൾ അർജുൻ ബാഗ് പാക്ക് ചെയ്തു തുടങ്ങിയിരുന്നു….

നിന്റെ സാധനങ്ങളെല്ലാം എടുത്ത് വെച്ചോ……

അതും പറഞ്ഞു കൊണ്ടാണ് അവളുടെ കയ്യിലെ ചായ അവൻ വാങ്ങിയത്…..

മംഗലത്തേക്ക് തിരിച്ചു പോയിട്ട് അവിടെ നിന്നാണ് പോകു എന്നല്ലേ പറഞ്ഞത്…..

അഞ്ജലി അവളുടെ ബാഗ് എടുക്കുന്നതിനിടക്കാണ് അത് ചോദിച്ചത്……

ആ….. അങ്ങനെ തന്നെയാ അച്ഛൻ എന്നോടും പറഞ്ഞിരുന്നത്…..

എന്തേയ്…. എന്റെ അഞ്ചുസിനു മംഗലത് പോകേണ്ട ആവശ്യം വല്ലതുമുണ്ടോ……

അവൻ അതും ചോദിച്ചു കൊണ്ട് അവളുടെ കൈ രണ്ടും പിടിച്ചു തന്നോട് ചേർത്ത് നിർത്തി……

എനിക്ക്… എനിക്ക് വീട്ടിലേക്കൊന്ന് പോകണമെന്നുണ്ടായിരുന്നു…..

അവളത് പറയുമ്പോൾ അവനൊന്നു ഞെട്ടി…..

വിട്ടിലേക്കോ……

മ്മ്……. അമ്മയുടെ ഒരു ഫോട്ടോ അവിടെയുണ്ട്….
അത്.. അതൊന്നേടുക്കാനായിരുന്നു……

അവന്റെ ചോദ്യത്തിന് അവളത് പറയുമ്പോൾ ആ വാക്കുകളിൽ വല്ലാത്തൊരു നനവൂറി നിന്നിരുന്നു……

അയ്യോ…. ഇനിയിപ്പോ എങ്ങനെ……
ആദ്യം പറയണ്ടേ താൻ……

ഇപ്പോ ഇനി അങ്ങോട്ട് പോകാതിരിക്കുന്നത് തന്നെയല്ലേ നല്ലത്…..
അമേരിക്കയിലൊക്കെ പോയി പത്രാസുകാരിയായിട്ട് അഞ്ജലി അർജുൻ അങ്ങോട്ട് കയറി ചെന്ന് അതെടുക്കാമെന്നേ…..

വേണമെങ്കിൽ സതീശനുമായി ഒരു ഫൈറ്റിനും ഞാൻ റെഡി യാണ് കേട്ടോ….

പോരെ…..

അവനൊരു താളത്തോടെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളെ കൂട്ടി പിടിച്ചിരുന്നു….

മ്മ്….. മതി…….

അവന്റെ ചിരി അവളിലേക്കും പതിയെ പടർന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അവർ ഇറങ്ങുന്ന സമയമായിരുന്നത്…….

എല്ലാവരും അവരെ യാത്രയയക്കാൻ ഉമ്മറത്തേക്കിറങ്ങി നിന്നു….

ഒരു വീട് മുഴുവൻ അവർ പോകുന്നതിൽ നോവോടെ നിൽക്കുകയാണ്……
അതിലേറെ എന്തൊക്കെയോ സന്തോഷങ്ങളോടെ……

മുത്തശ്ശനോടും മുത്തശ്ശിയോടും യാത്ര പറയുമ്പോൾ അവർ കണ്ണുകൾ അമർത്തി തുടച്ചു….

എങ്കിൽ ശെരി…. ഞങ്ങളിറങ്ങുവാണു…..

ഗോപിക്കും ജയനും നേരെ നിന്ന് കൊണ്ട് അർജുനത് പറയുമ്പോൾ അഞ്ജലിയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു……

ഗോപിക്ക് തങ്ങളെ ഉറ്റു നോക്കി നിൽക്കുന്ന അരുണിന്റെ മുഖത്ത് നോക്കാൻ വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു…..

അവരോടുള്ള അമർഷം അരുണിന്റെ മുഖത്ത് വ്യക്തമായി കാണുന്നുണ്ടായിരുന്നു…..

താൻ പണത്തിന്റെ പേരിൽ വേണ്ടെന്ന് വെച്ച മരുമകളെ ദേവൻ അത്രയേറെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നത് കാൻകെ ജയന് അത്ഭുതം തോന്നിയിരുന്നു……

എങ്കിൽ പോയിട്ട് വരാം അമ്മായിമാരെ..

അർജുൻ അമർത്തി ചിരിച്ചു കൊണ്ട് ശോഭയോടും സുകന്യ യോടും അത് പറയുമ്പോൾ അവരും ഒന്ന് ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു…

അരുണിനെ അവനൊന്നു നോക്കുക മാത്രം ചെയ്തു…

പ്രത്യേകിച്ചൊന്നും പറയാൻ തോന്നിയില്ല…

കാറിലേക്കവർ കയറുമ്പോൾ അർജുൻ അവളുടെ വിരലുകളിൽ ഒന്ന് കൂടി മുറുകെ പിടിച്ചു….

ഒരിക്കലും കൈ വിടാതിരിക്കാൻ വേണ്ടി തന്നെയാണ് ചേർത്ത് പിടിച്ചതെന്ന അർത്ഥത്തിൽ…..

അവൾ നീളൻ മിഴികളുയർത്തി അവനെയൊന്ന് നോക്കി….

ഇരുവരും ഒന്ന് പുഞ്ചിരിച്ചു…. ഏറെ പ്രണയത്തോടെ….

ആ ടാക്സി കാറ് തറവാട് കടന്നപ്പുറം പോകുന്നതും നോക്കി എല്ലാവരും അങ്ങനെ നിൽക്കുമ്പോൾ അർജുനോട് ചേർന്നിരുന്ന അഞ്ജലി അവന്റെ കൈകൾക്കുള്ളിലൂടെ കൈകൾ ചേർത് പിടിച്ചു….
അത്ര മേൽ ആശ്വാസത്തോടെ…..

ദേവനും പത്മയും അവരുടെ സ്വകാര്യ നിഖിഷങ്ങളിലേക്ക് എത്തി നോക്കാനില്ലെന്ന പോൽ പുറത്തേക്ക് നോക്കി യിരുന്നു……

അവൻ അവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകളമർത്തി…..
അവളൊന്നു കൂടി അവനോട് പറ്റി ചേർന്നിരുന്നു…..

അപ്പോഴും അവളുടെ മൂക്കുത്തിയിൽ അവന്റെ ചിത്രം തിളങ്ങുന്നുണ്ടായിരുന്നു….

ശുഭം…….

എഴുതാൻ സമയമില്ല എന്നതിന് പലപ്പോഴും മനസ്സ് ഒരുക്കമല്ല എന്നൊരു അർത്ഥം കൂടിയുണ്ടാകുന്ന സമയങ്ങളിലൊക്കെയും ഞാൻ എഴുതി തീർത്ത കഥകളുടെ അവസാന ഭാഗങ്ങളിലെ റിവ്യൂ എടുത്ത് വായിക്കും……
അത് തരുന്നത് വല്ലാത്തൊരു ഊർജമാണ്…..

എല്ലാ കഥകളെയും പോലേ മനസ്സിലുള്ളതെല്ലാം പറഞ്ഞു തീർത്തു ഈ കഥയും അവസാനിപ്പിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം………

വാക്കുകൾ കൊണ്ട് കൂടെ നിൽക്കുന്ന സൗഹൃദങ്ങൾക്ക് നന്ദി……..