25/05/2026

മൂക്കുത്തി : ഭാഗം 12

രചന – ആയിഷ അക്ബർ

അഞ്ജലി മംഗലത്തു നിന്ന് വരുന്നത് കണ്ടതും ജാനകി അവളെ സംശയത്തോടെ നോക്കി…..

എന്താ…. എന്താ നീ പോന്നത്…..

മംഗലത്തമ്മക്ക് കൂട്ടിന് ആളായല്ലോ…. അവിടെയിപ്പോ ഒരു തമ്പ്രാൻ വന്നിട്ടുണ്ടല്ലോ…
ഇനി എന്റെ ആവശ്യമില്ലെന്ന് പറഞ്ഞു…..

അഞ്ജലി ദേഷ്യത്തോടെ അത് പറയുമ്പോൾ അവളുടേ കണ്ണുകൾ നിറയുന്നത് ജാനകി കണ്ടിരുന്നു…..

ഇന്നലെ വന്ന ആ കുട്ടിയോടും നീ വഴക്കിട്ടോ അഞ്ചു….
നില മറന്ന് കളിക്കരുതെന്ന് എപ്പോഴും ഞാൻ പറയാറുണ്ട് നിന്നോട്….
നിന്റെ വാശി കുറക്കുക തന്നെ വേണം…..
ഒന്നും ഇല്ലാത്തവരാ നമ്മൾ…..
അവരുടെ യൊക്കെ നല്ല മനസ്സ്……

അതിനു ഞാനൊന്നും ചെയ്തില്ല..
വരേണ്ടെന്ന് പറഞ്ഞിട്ടും ഇനി അങ്ങോട്ട് പോകണോ ഞാൻ..
പോകാം…
അമ്മ പറഞ്ഞാൽ ഞാൻ തിരിച്ചു പോകാം…..

ജാനകി അവളെ ശാസിക്കുമ്പോൾ ഇടയിൽ കയറി അവളത് പറയുമ്പോൾ അവളുടേ കണ്ണുകൾ നിറഞ്ഞു വന്നു ..

വേണ്ടാ…. നിനക്ക് ഇഷ്ടമല്ലെങ്കിൽ പോകേണ്ട….

ജാനകി അതും പറഞ് പോകുമ്പോൾ അർജുൻ എന്തിനങ്ങനെ പറഞ്ഞു വെന്ന ചിന്തയായിരുന്നു അവരുടെ മനസ്സിൽ മുഴുവൻ…..

അഞ്ജലി മുറിയിൽ കയറി കട്ടിലിലേക്ക് വീണു….

കണ്ണുകൾ നിറഞ്ഞൊഴുകി….
അതിനേക്കാൾ സതീശൻ വരുമ്പോൾ താൻ ഇവിടെയുണ്ടെന്നറിഞ്ഞാൽ തന്നെ അവന്റെ ചൂഴ്ന്നു നോട്ടങ്ങളായിരുന്നു
അവൾക്കാലോചിക്കാൻ പോലും കഴിയാത്തത് …….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സുകന്യയും അരുണും അകത്തേക്ക് കയറുമ്പോൾ അവനോടെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും മറുപടി യെല്ലാം യാന്ത്രികമായിരുന്നു….

അവർ അകത്തേക്ക് കയറിയെന്ന് തോന്നിയതും അവൻ വേഗം പുറത്തേക്ക് നടന്നു……

കുറച്ചപ്പുറം മാറി തന്നെയാണ് അവളുടേ വീടെങ്കിലും തന്റെ ഓർമയിൽ ആ വഴി തങ്ങി നിൽപ്പുണ്ട്…..

അവൻ ആ ഓടിട്ട വീടിനു മുമ്പിലെത്തുമ്പോൾ ഹൃദയം അവളെ കാണാനെന്ന വിധം തുടിക്കുന്നുണ്ടായിരുന്നു….

തന്നെ കണ്ടതും ഉമ്മറത്തിരുന്ന ഒരു പെൺകുട്ടി പെട്ടെന്നെഴുന്നേറ്റു….

അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….

ഇനി അതെങ്ങാൻ അഞ്‌ജലിയാണോ….

ദേ… അമ്മേ ആരോ വരുന്നുണ്ടല്ലോ….

ആ പെൺകുട്ടി അപ്പുറത്തിരിക്കുന്ന സ്ത്രീയെ നോക്കി അത് പറഞ്ഞതും അതഞ്‌ജലിയല്ലെന്ന് അവനി വ്യക്തമായിരുന്നു….

ആരാ…..
അവർ തിണ്ണയിലേക്കിറങ്ങി നിന്നത് ചോദിക്കുമ്പോൾ അവൻ ഉമ്മറത്തെ ആ ബൾബിന്റെ ചുവട്ടിലേക്ക് ഒന്ന് കൂടി നീങ്ങി നിന്നു…..

ആരെയും ആകർഷിക്കുന്ന അവന്റെയാ സൗന്ദര്യത്തിൽ ഇരുവരും ഒന്ന് തങ്ങി നിന്നു….

ഇത്ര ഭംഗിയും ചുറു ചുറുക്കും തന്റെടവും ഉള്ള ഒരാളെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്നവരോർത്തു……

ആരാ…..
സുധ അത് ചോദിക്കുമ്പോഴും അവന്റെ മുഖവും മുടിയും എല്ലാം ശ്രദ്ധിക്കുകയായിരുന്നു…

ഞാൻ… ഞാൻ മംഗലത്തെ പേര കുട്ടിയാ…

അവൻ പെട്ടെന്നത് പറഞ്ഞതും സുധയും അവനെന്ന ലോകത്ത് തടവിലാക്കപ്പെട്ടത് പോലെ നിൽക്കുന്ന മായയും ഒരു പോലെ ഞെട്ടിയിരുന്നു…

മംഗ…ല…. തെയോ
സുധ ഒന്ന് കൂടി ചോദിച്ചു….

അതേ….

അവൻ വീണ്ടുമത് പറഞ്ഞതും സുധ വേഗം അവന്റെ അടുത്തേക്ക് വന്നു….

എന്നിട്ടെന്താ അവിടെ തന്നെ നിന്നത്… വാ…. അകത്തേക്കു കയറ്….
പത്മേടെ മോനാവും അല്ലേ….
അമ്മയും ഞാനും പണ്ടത്തെ കൂട്ടുകാരായിരുന്നു…..

സുധ വായ് തോരാതെ സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ അവിടമാകെ ഓടി നടന്നു…

അവളെയൊന്ന് കാണാൻ…

അവൻ ചെവിയോർത്തു അവളുടേ ശബ്ദം കേൾക്കുന്നുണ്ടോയെന്ന്…

അപ്പോഴും മായ ചെറു നാണത്താൽ അവന്റെ മിഴികളിൽ ഒന്ന് കൊരുക്കാൻ കാത്തു നിന്നു……

അപ്പോഴാണ് ജാനകി അങ്ങോട്ട് വരുന്നത്…..

അവരെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തെളിഞ്ഞു…

എന്താ മോനെ…. എന്താ ഈ നേരത്തെ….

അധികം മധുരം പുരട്ടാത്ത സാധാരണ ഒരു ചോദ്യമായിരുന്നത്….

അതിൽ അവന് തൃപ്തി തോന്നി…..

ഞാൻ….മുത്തശ്ശി പറഞ്ഞിട്ട് വന്നതാ….

അഞ്ജലിയെ…. അഞ്ജലിയെ കൂട്ടി കൊണ്ട് പോകാൻ……

അവനത് പറഞ്ഞതും പെട്ടെന്ന് സുധയുടെ മുഖം മങ്ങി…..

മായയിലും ഒരു നേരിയ നിരാശ കലർന്നു….

പക്ഷെ അവന്റെ ആ വാക്കുകൾ ജാനകിയിൽ തീർത്ത ആശ്വാസം ചെറുതായിരുന്നില്ല….

മോനകത്തേക്ക് കയറിയിരിക്ക്….ഞാൻ…. ഞാനവളെ വിളിക്കാം…..

അവർ അതും പറഞ് പെട്ടെന്ന് അകത്തേക്ക് പോകുമ്പോഴും അർജുൻ മുറ്റത്ത് തന്നെ നിന്നു……

മോളേ….. നിന്നെ വിളിക്കാൻ അർജുൻ വന്നിട്ടുണ്ട്…..

കട്ടിലിൽ കമിഴ്ന്നു കിടക്കുക യായിരുന്ന അഞ്ജലി യോട് ജാനകിയത് പറഞ്ഞതും കേട്ടത് വിശ്വസിക്കാനാകാതെ അവൾ പെട്ടെന്നൊന്നെഴുന്നേറ്റു….

ഏത് അർജുൻ….
അവനാണെന്നത് അവൾക്ക് വിശ്വസിക്കാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് വീണ്ടുമത് ചോതിച്ചത്…..

മംഗലത്തെ….. മംഗലത്തമ്മ പറഞ്ഞു വിട്ടതാണത്രേ…..

അവർ വീണ്ടുമത് പറയുമ്പോൾ അവളുടേ മനസ്സിനെ കീഴ്പ്പെടുത്തിയ വികാരമെന്തെന്ന് അവൾക്കും അറിയില്ലായിരുന്നു……

ഞാൻ…. ഞാൻ പോകുന്നില്ല…..

അവനോടുള്ള ദേഷ്യം കൊണ്ട് തന്നെ അവൾ മുഖം വീർപ്പിച്ചിരുന്നു….

വാശി പിടിക്കേണ്ട അഞ്ചു….
സതീശൻ…. അവനിപ്പോ വരും…..
അതിനു മുമ്പേ ചെല്ല്…..
മംഗലത്തോളം സുരക്ഷിതമായോരിടം നിനക്ക് വേറെയില്ല….

ജാനകി അത് പറയുമ്പോൾ ശെരിയാണെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ അവളെഴുന്നേറ്റു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അർജുൻ മുറ്റത്തു തന്നെ നിൽക്കുമ്പോഴാണ് കയ്യിലൊരു കവറുമായി സതീശൻ കയറി വരുന്നത്…..

അർജുൻ സതീശന് നേരെ മുഖമുയർത്തിയതും അവന് മനസ്സിലായിരുന്നു മുത്തശ്ശി പറഞ്ഞതിവനെ പറ്റിയാണെന്ന്…..

അർജുൻ പല്ലുകൾ കൂട്ടി പിടിച്ചു……

മ്മ്……
കുഴഞ്ഞ മട്ടിൽ സതീശൻ അവന് നേരെ പുരികമുയർത്തി….

ആരാണെന്നോ എന്തിനാണ് വന്നതെന്നോ ഒക്കെയുള്ള അർത്ഥങ്ങളെ തനിക്കതിൽ നിന്നും കിട്ടിയെങ്കിലും അവനൊന്നും മിണ്ടിയില്ല…..

മംഗലത്തെ കുട്ടിയാ…..
അവളെ കൊണ്ട് പോകാൻ വന്നതാണത്രേ…..

അപ്പോഴേക്കും സുധ ഇടയിൽ കയറി ഒരു പുച്ഛത്തോടെ അത് പറയുമ്പോൾ സതീശന്റെ ഭാവം അല്പം മാറിയതായി അവന് തോന്നി…..

പൊയ്ക്കോ… അവള് വരുന്നില്ല……

അതും പറഞ് സതീശൻ വായിൽ നിന്നെന്തോ ഒന്ന് നീട്ടി തുപ്പി…..

അർജുൻ അവിടെ നിന്നനങ്ങിയില്ല……

ഉമ്മറത്തേക്ക് കയറുന്ന കയറ്റത്തിൽ സതീശൻ ഒന്ന് കൂടി പിറകിലേക്ക് തിരിഞ്ഞു…..

എന്തിനാ നിൽക്കുന്നത്…..അവള് വരുന്നില്ലാന്ന് പറഞ്ഞില്ലേ….

അവൻ അത് പറയുമ്പോൾ വാക്കുകളിൽ ഗൗരവം കലർന്നിരുന്നു…..

അതവള് പറയട്ടെ…..

അവന്റെ ഗാംഭീര്യമുള്ള ശബ്ദം ആദ്യമായി കേട്ടതും സതീശൻ ഒന്ന് പതറിയിരുന്നു……

അവളെ കെട്ടാൻ പോകുന്നത് ഞാനാ….
അത് കൊണ്ട് ഞാൻ പറഞ്ഞാൽ മതി…..

സതീശൻ അതും പറഞ് അവന്റെ നേർക്ക് തിരിഞ്ഞു…..

കെട്ടിയിട്ടൊന്നുമില്ലല്ലോ….
ഞാൻ വിളിച്ചാൽ അവള് വരുമെങ്കിൽ ഞാൻ കൊണ്ട് പോയിരിക്കും….

അർജുൻ സതീശന്റെ കണ്ണുകളിൽ നോക്കി ഗൗരവത്തിലത് പറയുമ്പോൾ അർത്ഥം വെച്ച് പറയുന്നതായി അവന് തോന്നി……

അർജുൻ കൈ മാറോടു പിണച്ചു കെട്ടി അവനെ നോക്കി നിന്നു…..

ഓഹ്… അപ്പൊ ഉടക്കാനുള്ള പുറപ്പാട് തന്നെയാണല്ലേ…..

സതീശനോട് മുട്ടാൻ ഉരുട്ടി കയറ്റി വെച്ച നിന്റെയീ മസിലൊന്നും പോരാ….

സതീശൻ അവന്റെ അടുത്ത് വന്നു അതും പറഞ് പുച്ഛത്തോടെയൊന്ന് ചിരിച്ചു…..

അപ്പോഴേക്കും അഞ്ജലി പുറത്തേക്ക് വന്നു…..

അവളിലേക്ക് മിഴികൾ പതിഞ്ഞ ആ നിമിഷം അർജുന്റെ കണ്ണുകൾ വിടർന്നു…..

സതീശനെ കണ്ടതും അവളും ജാനകിയും ഒരു പോലെ ഒന്ന് ഭയന്നിരുന്നു…..

എങ്ങോട്ടാ… ഇന്നിനി എങ്ങും പോകില്ല നീ…..

അവൾ ഇറങ്ങാൻ നേരം സതീശൻ പിറകിലേക്ക് തിരിഞ് അവളോടായത് പറയുമ്പോൾ
അവൾ അർജുനേ ഒന്ന് നോക്കി…..

ആ മുഖത്ത് ഗൗരവമാണെങ്കിൽ കൂടി അവൻ തന്നേ സംരക്ഷിക്കുമെന്ന് വെറുതെ ആ കണ്ണുകളിൽ നിന്നു താൻ വായിച്ചെടുത്തത് തന്റെ സ്വാർത്ഥ തയാകാം…

ആ ധൈര്യത്തിൽ അവന്റെ വാക്കിനു ചെവി കൊടുക്കാതെ അവളിറങ്ങി…..

അവൾക്കറിയാമായിരുന്നു അവൻ തന്നെ ഇവിടെ പിടിച്ചു നിർത്തുന്നതിന്റെ ഉദ്ദേശം……

അവൾ ഇറങ്ങിയതും സതീശന്റെ കണ്ണുകൾ ചുവന്നു…..

അവൻ അവളുടേ കൈ പിടിച്ചൊരൊറ്റ വലി വലിച്ചതും ബലമേറിയ അർജുന്റെ കൈ കൊണ്ടുള്ള ഒരൊറ്റ തള്ളലിന് സതീശൻ പിറകിലെ തിണ്ണയിലേക്ക് നീങ്ങി പ്പോയിരുന്നു…..

എല്ലാവരും ഒരു നിമിഷം ഒന്ന് ഭയന്നു……
സുധയും മായയും പെട്ടെന്ന് പോയവനെ താങ്ങി പിടിച്ചു…..

അഞ്ജലി ദയനീയമായി അർജുനെ നോക്കി…

അപ്പോഴും ആ മുഖത്ത് പതിവ് ഗൗരവം തന്നെയാണ്…..

പ്രത്യേകിച്ചൊരു മാറ്റവുമില്ല…..

പറഞ്ഞല്ലോ….. അവള് വരുമെങ്കി ഞാൻ കൊണ്ട് പോകുമെന്ന്…….

അർജുൻ വീണ്ടും സതീഷനെ നോക്കിയത് പറയുമ്പോൾ ആഗ്രഹിക്കാൻ പാടില്ലാത്ത എന്തൊക്കെയോ ഒരു തണൽ അവനിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നതായി അഞ്ജലിക്ക് തോന്നി……

അവൾ നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു…..

മധ്യ ലഹരിയിൽ കുഴഞ്ഞു നിൽക്കുകയായിരുന്ന സതീശനറിയാമായിരുന്നു അവന്റെ കൈ കരുത്തിന് മുമ്പിൽ തനിക്കിപ്പോൾ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുള്ളത്…..

അത് കൊണ്ട് തന്നെ അവൻ എഴുന്നേറ്റ് ദേഷ്യത്തോടെ അകത്തേക്ക് കയറി പ്പോയപ്പോഴാണ് അഞ്‌ജലിക്കും ജാനകിക്കും ശ്വാസം നേരെ വീണത്……

എങ്കി ഞങ്ങളിറങ്ങട്ടെ….

അർജുൻ ജാനകിയെ നോക്കി അത് പറയുമ്പോൾ ആ വാക്കുകളിൽ അല്പം മയമുള്ളതായി അവൾക്ക് തോന്നി……

അവൻ നടന്നതിനു പിറകെ അവളും നടന്നു…..

(തുടരും)