23/04/2026

മൂക്കുത്തി : ഭാഗം 28

രചന – ആയിഷ അക്ബർ

മുത്തശ്ശിയോടെന്നല്ല ആരോടും താൻ മനസ്സിലുള്ളത് തുറന്ന് പറയാൻ ഇപ്പോൾ തനിക്ക് കഴിയില്ലെന്ന് അവനോർത്തു….
എന്തെന്നാൽ അവളുടെ മനസ്സറിയും വരെ തന്റെ പ്രണയം തന്റേത് മാത്രമായിരിക്കണം……

അല്ലാത്തിടത്തോളം തന്റെ സ്നേഹം അവർക്കെല്ലാം ഒരു നോവായി ബാക്കിയാവുകയെ ഉള്ളുവെന്ന് അവനറിയാമായിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

താൻ…. താൻ നാളെ മുതൽ കോളേജിൽ പോയി തുടങ്ങിക്കോ…

ഇരുട്ടിൽ തറയിൽ നിന്നും അവന്റെ ശബ്ദം ഉയരുമ്പോൾ
ആ വാക്കുകളിൽ തന്നെ കുറിച്ചുള്ള ആശങ്കകളാണെന്നോർക്ക് അവൾക്കൊരു സന്തോഷം തോന്നി…

എല്ലാ ജോലിയും വലിച്ചു വാരി ചെയ്യാൻ നിൽക്കേണ്ട…..

അത് കണ്ട് നിൽക്കുന്നവർക്ക് ഹരം കൂട്ടുകയെ യുള്ളൂ……

അവന്നതും കൂടി പറഞ്ഞു നിർത്തുമ്പോൾ അവയിലെല്ലാം നിറഞ്ഞു നിന്നൊരു കരുതൽ മനസ്സിനെ തണുപ്പിക്കുന്നുണ്ടായിരുന്നു..……

അതേ…. ആരുമില്ലാത്ത തനിക്കവന്റെ ഓരോ വാക്കുകൾക്കും ജീവന്റെ വിലയാണ്….

അവൾ പോലുമറിയാതെ അവളുടെ അധരങ്ങൾ ഒരു പുഞ്ചിരി യെ പേറി…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാവിലെ നേരത്തെ എഴുന്നേറ്റിരുന്നവൾ…..

അന്നത്തെ ദിവസം ആരും അടുക്കളയിലേക്ക് വരാത്തത് താനുണ്ടല്ലോ എന്നത് കൊണ്ട് തന്നെയാവുമെന്ന് അവളോർത്തു….

പോകാനുള്ള നേരം കൊണ്ട് എല്ലാം ഒരുക്കണമായിരുന്നു….

ധൃതിയിൽ എല്ലാം ഒരുക്കുന്നതിനിടക്കാണ് പത്മ വരുന്നത്…

പത്മ വന്നു ചുറ്റുമോന്ന് നോക്കി…..

അടുക്കളയിൽ തിരക്കിട്ട് ജോലികൾ തീർക്കുന്ന അവൾ താൻ വന്നത് പോലും അറിഞ്ഞിട്ടില്ലെന്ന് അവരോർത്തു…….

അടുക്കളയിൽ നിന്നും അവർ അപ്പോൾ തന്നെ തിരിഞ്ഞു നടന്നു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എല്ലാം ഒരുക്കി കഴിഞ്ഞ് കുളിക്കാനായി മുറിയിലേക് പോയപ്പോൾ അവനവിടെ ഉണ്ടായിരുന്നില്ല…..

അവൾ ഇസ്തിരി പെട്ടി എടുത്ത് വെച്ചിട്ടാണ് സമയമൊന്ന് നോക്കിയത്…..

നേരം ഒരുപാട് വൈകിയിരുന്നു…..

ഓൺ ആക്കിയ ഇസ്തിരി പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്തവൾ കുളിക്കാൻ കയറി…..

അർജുൻ അപ്പോഴാണ് മുറിയിലേക് കയറി വരുന്നത്…..

മേശ മേൽ വെച്ച ഇസ്തിരി പെട്ടിയും അതിനരികിലായി വെച്ച സാരിയും കാൻകെ സമയക്കുറവ് കൊണ്ടവൾ ഉപേക്ഷിച് പോയതാകുമെന്ന് അവനൂഹിച്ചു……

അവൻ പതിയെ സ്വിച്ച് ഓൺ ചെയ്ത് അവളുടെ യൂണിഫോം തേച് തുടങ്ങി…,

ഇവിടെ വന്നതിൽ പിന്നെ തന്റെ എല്ലാ കാര്യങ്ങളും അത്ര മേൽ വൃത്തിയോടെ ചെയ്യുന്ന വളാണ്…..

അതിനേക്കാൾ മേലെ അവളോടുള്ള തന്റെ വികാരം അത് പ്രണയമാണ്…..

അവളെന്ന പേര് പോലും തന്നിൽ നൽകുന്നത് പ്രണയമെന്ന അനുഭൂതി തന്നെയാണ്….

അവൾ കുളിച്ചിറങ്ങുമ്പോൾ കണ്ടത് തന്റെ സാരി തേച് കൊണ്ടിരിക്കുന്ന വനെയാണ്….

ഒരു നിമിഷം അവളുടെ ഉള്ളിലൂടെ കടന്ന് പോയ വികാരത്തെ അവൾക്ക് കൂടി തിരി ച്ചറിയാൻ കഴിഞ്ഞിരുന്നില്ല…..

അയ്യോ… വേണ്ടായിരുന്നു…
ഞാൻ…. ഞാൻ ചെയ്തോളാം….

അതും പറഞ്ഞവളടുത്തേക് വരുമ്പോൾ മുഖത്ത് മുഴുവൻ ദയനീയ ഭാവമായിരുന്നു…

താൻ പോയി കഴിച് വാ……
ഇത് കഴിഞ്ഞു…..

അർജുൻ അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെയാണത് പറഞ്ഞത്…

മുടിയിൽ നിന്നും ഇറ്റി വീഴുന്ന വെള്ളം തുടച്ചു കൊണ്ടവൾ മുറിയിൽ നിന്നും ഇറങ്ങി….

തന്നെ തിരിഞ്ഞു നോക്കേണ്ട കാര്യം പോലും അവനില്ല…

പിന്നെ എന്തിനാണ് അവൻ തന്നെ ഇത്രയേറെ പരിഗണിക്കുന്നത്…..
സ്നേഹിക്കുന്നത്….

സ്നേഹിക്കുന്നുണ്ടോ….

അവൾ സ്വയം ചോദിച്ചു..

ഉണ്ട്…. അല്ലാതെ ഒരാൾക്കും മറ്റൊരാളെ ചെറിയ കാര്യങ്ങൾക്ക് പോലും ഇത്രയേറെ കരുതാനോ പരിഗണിക്കാനോ കഴിയില്ല….

അതിനു ഉള്ളിന്റെ യുള്ളിൽ എവിടെയെങ്കിലും ഒരു തരിമ്പേങ്കിലും സ്നേഹമെന്ന വികാരം വേണം….

അവനു തന്നോടുള്ള സ്നേഹം വെറും സഹതാപ മാണെന്ന് തോന്നുന്നില്ല….

ആ കണ്ണുകളിൽ താൻ മറ്റെന്തൊക്കെയോ കാണുന്നു…..

അവൾ അടുക്കളയിലെ തിണ്ണയിൽ തന്നെയിരുന്നു വേഗം കഴിച്ചു തുടങ്ങി…

അപ്പോഴാണ് അടുക്കളയിലേക്ക് വരുന്ന പത്മയെ അവൾ കാണുന്നത്….

കഴിച്ചു കഴിഞ്ഞത് കൊണ്ട് തന്നെ അവൾ വേഗം എഴുന്നേറ്റു…

കൈ കഴുകി അവൾ അടുക്കള വിടുമ്പോഴും പത്മ തന്നെ ശ്രദ്ധിക്കുന്നത് അവൾ കണ്ടിരുന്നു…..

അവൾ അടുക്കള വിട്ട് പോയതും അവർ അടുക്കള മുഴുവനൊന്ന് നോക്കി….

രാവിലത്തെ ഭക്ഷണത്തിനു പുറമെ ഉച്ചക്കുള്ള ഭക്ഷണവും അവളൊരുക്കിയിട്ടുണ്ട്….

താനങ്ങനെ പറഞ്ഞത് കൊണ്ട് തന്നെയാവും ഇത് വരെയായിട്ടും ഏട്ടത്തി മാരോന്നും അടുക്കളയിൽ കയറാത്തതെന്നും അവരോർത്തു….

അപ്പോഴാണ് താര എഴുന്നേറ്റങ്ങോട്ട് വരുന്നത്……

ഇന്നെന്ത്‌ വേദനയായിരുന്നു മോളെ……

പത്മ പെട്ടെന്നത് ചോദിച്ചതും അഞ്ജലി ഉണ്ടാക്കി വെച്ചിട്ട് പോയ ചായ ഗ്ലാസ്സിലേക്ക് പകർത്തുക യായിരുന്ന അവൾ ഒരു നിമിഷം നിറഞ്ഞു വന്നൊരു ജാള്യതയോടെ അവരെ നോക്കി….

അവർ ഒരു ചിരി അവൾക്ക് തിരികെ നൽകി പുറത്തേക്ക് പോകുമ്പോൾ അതിൽ കലർന്ന പൂച്ചതെ അവൾ ക്ക് വ്യക്തമായിരുന്നു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അഞ്ജലി കഴിച് വരുമ്പോൾ വൃത്തിയിൽ മടക്കി വെച്ച തന്റെ സാരി കട്ടിലിലുണ്ട്…..
അതിനരികത്തായി നൂറു രൂപയും….
തനിക്ക് ബസ്സിന് വേണ്ടി വെച്ചതാവും…..

അവളാ സാരി പതിയെ ഒന്ന് കയ്യിലെടുത്തു…..

അപ്പോഴും അതിലെ ചൂട് വിട്ട് മാറിയിട്ടില്ലായിരുന്നു….

അവൾ അത് പതിയെ കവിളൊരം ഒന്ന് വെച്ചു….

ആ ചൂട് തന്റെ കവിളിനെ തകഴുകുമ്പോൾ അവനെന്ന ചൂട് ഹൃദയത്തിലേക്കും പടരും പോലെ അവൾക്ക് തോന്നി….

അവനെന്ന ലോകത്തേക്ക് താൻ വഴുതി വീഴുന്നതിൽ മനസ്സ് ഭയക്കുന്നുണ്ടെങ്കിൽ കൂടി ആ ഭയത്തെ മറക്കാൻ മാത്രം എന്തോ ഒരു വികാരമാണ് ഹൃദയത്തെ കീഴ്പ്പെടുത്തുന്നത്….

അതാണോ പ്രണയം…
അവൾ സ്വയമോർത്തു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അവൾ ഒരുങ്ങിയിറങ്ങി വരുമ്പോൾ എല്ലാവരുടെയും കൂടെ അവൻ ഉമ്മറത്തിരിക്കുന്നുണ്ട്…

അവളെ കണ്ടതും ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ അവളിലേക്കായി….

ചുവപ്പും ചന്ദന കളറും ചേർന്ന ആ സാരിയിൽ അവളത്രയേറെ സുന്ദരിയായിരുന്നു….

സാരിയിൽ അവളുടെ ഭംഗിയുള്ള ശരീരം ഒതുങ്ങി നിന്നു…..

വിടർത്തിയിട്ട് കുളി പിന്നൽ കെട്ടി വെച്ച മുടി അവളുടെ ഭംഗി കൂട്ടും പോലെ….

അർജുൻ അവളെ തന്നെ ഒരു നിമിഷം നോക്കിയിരുന്നു പോയി…

പത്മയുടെ കണ്ണുകളും അവളെ തന്നെ ഉഴിഞ്ഞു കൊണ്ടിരുന്നു…..

അവളെ കണ്ടതും അരുണിന്റെ ഹൃദയത്തിൽ എന്തോ ഒരു പ്രകമ്പനം

അവനറിഞ്ഞു….

ഈ വേഷത്തിൽ അവളെ നോക്കി നിന്ന ദിവസങ്ങൾ അവന്റെ മനസ്സ് ഓർമപ്പെടുത്തിയത് കൊണ്ടാവാം ഒരു പക്ഷെ….

അവൾ തന്റെതാണ് എന്നൊരു അഭിമാനത്തോടൊപ്പം അർജുന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നി നിന്നു…

ആ നീയിറങ്ങിയോ….

മംഗലത്തമ്മ അവളെ കണ്ടപ്പോൾ അത് ചോദിച്ചതും അവളൊന്ന് തല കുലുക്കി..

എങ്കി വേഗം പൊയ്ക്കോ,.. നേരം വൈകിക്കേണ്ട…

മംഗലത്തമ്മ അതും കൂടി പറഞ്ഞപ്പോൾ അവൾ പതിയെ ഇറങ്ങാൻ തുടങ്ങി,.

പടിയുടെ ഒരു വശത്തായുള്ള തിണ്ണയിലായി അർജുന്നും അരുണും ഇരിക്കുന്നുണ്ട്.,.

അഞ്ജലി പതിയെ ഇടം കണ്ണാൽ അങ്ങോട്ടൊന്ന് നോക്കി…,

വിടർന്ന അവളുടെ കണ്ണുകൾ തിരയുന്നത് തന്നെയാവണേ എന്ന് അരുണിന്റെ ഹൃദയം അവൻ പോലുമറിയാതെ മൊഴിഞ്ഞു കൊണ്ടിരുന്നു….

എന്നാൽ അവളുടെ നോട്ടമത്രയും അർജുനിലേക്കായിരുന്നു…..

അവൾ നോക്കുമ്പോഴും ഒരു കുഞ്ഞു പുഞ്ചിരി അവനിലുണ്ടായിരുന്നു…

പോകുകയാണ് എന്ന അർത്ഥത്തിൽ അവൾ അവന് നേരെയോന്ന് തല കുലുക്കി….

ആരും കാണാതെയെന്ന വണ്ണം മറുപടിയായി അവനും തല കുലുക്കി….

ആരും അറിയരുതെന്ന് കരുതിയായിരുന്നു ഇരുവരും തമ്മിൽ കണ്ണുകൾ കൊണ്ടുള്ള ആ സംഭാഷണമെങ്കിൽ കൂടി അത് എല്ലാവരും തന്നെ കണ്ടിരുന്നു….

എന്നാൽ എല്ലാവരും കാണാത്ത ഭാവത്തിലിരിക്കുക മാത്രം ചെയ്തു….

(തുടരും)