രചന – ആയിഷ അക്ബർ
മുറിയിലെത്തിയപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഒത്തിരി പേരുടെ പരിഹാസങ്ങളും കുത്തു വാക്കുകളുമാണ്….
അതിൽ ഏറ്റവും വേദനയോടെ മനസ്സ് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് അവന്റെ വാക്കുകളായതിന് കാരണമെന്തെന്ന് അവൾക്കറിയുന്നില്ലായിരുന്നു…….
അവനിൽ നിന്ന് താൻ പ്രതീൽഷിക്കുന്നത് അതല്ലയോ……
താനാണെങ്കിൽ അവൻ വന്നത് മുതൽ ഓരോ കാര്യത്തിനുമായി അവന്റെ മുമ്പിൽ ചെറുതായി കൊണ്ടിരിക്കുകയാണ്…..
അവൾക്കോർക്കുമ്പോൾ തന്നെ മനസ്സ് വേദനിച്ചിരുന്നു……
അപ്പോഴാണ് അവളുടേ ഓർമകളിലേക്ക് ആ മണം തുളച്ചു കയറിയത്…..
അതേ…. അറിയാതെ യാണെങ്കിലും അവന്റെ ഷർട്ടിൽ പരന്ന ആ ദുർഗന്ധത്തിന്റെ കാരണക്കാരി ഞാനാണ്….
അത് കഴുകിയാൽ പോകില്ലേ…..
അതേ….. അത് വൃത്തിയാക്കി കൊടുക്കേണ്ടതും തന്റെ കടമയാണ്……
അവൾ ദേഷ്യവും സങ്കടവും കൂടി കലർന്ന ആ നിമിഷം ഉറച്ചൊരു തീരുമാനത്തോടെ കണ്ണുകൾ തുടച്ച് കൊണ്ട് മുറിക്ക് പുറത്തിറങ്ങി…..
എല്ലാവരും അടുക്കളയിലാണ്…
മംഗലത്തമ്മ കിടന്നിട്ടുമുണ്ട്….
ഉമ്മറത്തും കോലായിലും അവനെ തിരഞ്ഞെങ്കിലും അവിടെയെങ്ങും അവനില്ലാത്തത് കൊണ്ട് തന്നെയാണ് അവളാ കോണിപ്പടികൾ കയറിയത്…..
ഉള്ളിൽ ചെറിയൊരു ഭയമുണ്ട്…..
അവനെപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല…..
അതിനും പുറമെ അവന് തന്നെ കാണുന്നതേ ദേഷ്യമാണ്……
എന്നിരുന്നാലും അവന്റെ ഷർട്ട് അലക്കാനെടുത് കൊണ്ട് വരിക തന്നെ വേണമെന്ന് അവളുറപ്പിച്ചു….
കൂട്ടത്തിൽ അവനോട് രണ്ട് വാക്ക് പറയണമെന്നും….
അവൾ പതിയേ അവന്റെ മുറിയെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവിടെ വെട്ടം കണ്ടിരുന്നു….
അവൾ അങ്ങോട്ടെത്തിയതും വാതിൽ തുറന്ന് കിടക്കുകയായിരുന്നത് കൊണ്ട് തന്നെ നഗ്നമായ അവന്റെ മുതുകിലായിരുന്നു അവളുടേ കണ്ണുകൾ പതിച്ചത്……..
അവൾ പെട്ടെന്ന് ശ്വാസം ഒന്നുള്ളിലേക്ക് വലിച്ചു തിരിഞ് നിന്നു…..
അവളുടെ ശ്വാസം വലിക്ക് ഒരു ശബ്ദത്തിന്റെ അകമ്പടിയുണ്ടായിരുന്നത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് നോക്കി…..
തിരിഞ് നിൽക്കുന്ന അവളെ അവൻ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവനൊന്നു കൂടി സൂക്ഷിച്ചു നോക്കി….
അതേ…. അതവൾ തന്നെയാണ്…..
അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…..
പിന്നെ വേഗം അയയിൽ കിടന്ന ബനിയനെടുത്തിട്ടു…..
മ്മ്……?
അവൻ എന്തെന്ന ചോദ്ധ്യത്താൽ മൂളിയതും അവൾ അവനിലേക്കൊന്ന് തിരിഞ്ഞു…..
ഷർട്ട്…..
അവൾ അത് പറഞ്ഞപ്പോഴേക്കും കട്ടിലിന്റെ കാലിൻ മേൽ അവൻ അഴിച്ചിട്ട ആ ഷർട്ട് കിടക്കുന്നതവൾ കണ്ടിരുന്നത് കൊണ്ട് തന്നെ അതിലേക്കവളൊന്ന് നോക്കി……
എന്തിന്…..
അലക്കാൻ…..
വേണ്ടാ…. അതിന്റെ ആവശ്യമില്ല…… എന്റെ കാര്യങ്ങൾ ചെയ്യാൻ ഞാൻ മതി……
താൻ പോയെ……
അവന്നതും പറഞ് തിരിഞ്ഞതും അവൾ കട്ടിലിൽ കിടക്കുന്ന ആ ഷർട്ട് കയ്യിലെടുത്തിരുന്നു…..
അവൻ അവൾക്ക് നേരെ തിരിഞ്ഞു….
മലയാളം മനസ്സിലാവില്ലേ തനിക്ക്…..
അവന്റെ സ്വരം കടുക്കുമ്പോൾ അവൾ ധൈര്യം സംഭരിച്ചു……
അവൻ അവളുടേ കയ്യിൽ നിന്നും ആ ഷർട്ട് വാങ്ങാൻ വേണ്ടി അതിൽ പിടിച്ചതും അവളതോരോറ്റ വലിയായിരുന്നു….
അവന്റെ കയ്യിൽ നിന്ന് അത് വഴുതി പോയത് കൊണ്ട് തന്നെ അവനവളെ ദേഷ്യത്തോടെ നോക്കി നിന്നു…..
അവളുടേ കണ്ണുകളിൽ എരിയുന്ന ദേഷ്യം അവന് വ്യക്തമായി കാണാമായിരുന്നു…….
ഞാൻ വീഴ്ത്തിയ അഴുക്കാണെങ്കിൽ അത് നീക്കേണ്ടത് എന്റെ കടമയാണ്…..
അത് ഞാൻ ചെയ്യും…..
ഷർട്ടിലെ കറ കഴുകി കളയാം…..
പക്ഷേ താൻ പറഞ്ഞ വാക്കുകളിലൂള്ള അഴുക്ക് കഴുകി കളയാൻ പറ്റുമോ തനിക്ക്…….
അവൾ അത്രയേറെ ദേഷ്യത്തോടെ അത് ചോദിക്കുമ്പോഴും അവനവളെ നോക്കി യങ്ങനെ നിന്നു…..
പറ്റും…..
ഒരു ദീർഘ ശ്വാസമെടുത് അവൾക്ക് നേരെ മുഖമുയർത്തി അവനത് പറയുമ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി….
താൻ ചോദിച്ച ചോദ്ധ്യത്തിന് മുമ്പിൽ അവൻ പാടേ തോറ്റു പോകുമെന്ന് ഞാൻ കരുതിയിരുന്നു….
അതിനേക്കാൾ തന്റെ ചോദ്യത്തിന് മുമ്പിൽ മറുവാക്ക് പറയാനില്ലാതെ അവൻ ചൂളി പോകുന്ന ചിത്രം മനസ്സിൽ വരച്ചു ചേർത്തിരുന്നു താൻ…..
അവൾ അവന്റെ വാക്കുകൾക്കായി കാത്തു നിന്നു……
നിനക്ക് നീയുണ്ടാക്കിയ അഴുക്കുകളെലാം നീക്കാൻ പറ്റുമെന്നല്ലേ പറഞ്ഞത്…… അത് പോലെ ഞാൻ നിന്റെ മനസ്സിലുണ്ടാക്കിയ കറ ഞാൻ തന്നെ നീക്കാം……
ഈ അഴുക്ക് നീ നീക്കി തന്നാൽ……..
അവൻ മുടി വകഞ്ഞു മാറ്റി നെറ്റിയിലെ മുറിവ് കാണിച്ചു അവളോടത് പറയുമ്പോൾ അവൾക്ക് കൈ കാലുകൾ തളരുന്നത്
പോലെ തോന്നി…..
അതേ…. വീണ്ടും അവന്റെ മുമ്പിൽ താൻ തോറ്റു പോയിരിക്കുന്നു…..
മറുപടി പറയാനില്ലാതെ നിൽക്കുന്ന അവന്റെ ചിത്രം മനസ്സിൽ കണ്ട തനിക്ക് മുമ്പിലവൻ തലയുയർത്തി കൈ മാറോടു പിണച്ചു കെട്ടി നിൽക്കുകയാണ്…..
അവളുടേ മുഖം ദയനീയമായി……
അവൾ കയ്യിൽ പിടിച്ചിരുന്ന ഷർട്ടിൽ നിന്നും പതിയേ കൈകളയച്ചത് കട്ടിലിൽ തന്നെ വെച്ച് തിരിഞ് നടന്നു……
അതേയ്… ഒന്ന് നിന്നെ….
പിറകിൽ നിന്നുള്ള അവന്റെ ശബ്ദം മുറിക്ക് പുറത്തെത്തിയ അവളെ പിടിച്ചു നിർത്തി……
കട്ടിലിലേക്കവൾ വെച്ച ആ ഷർട്ട് അവൻ കയ്യിലെടുത്തു…..
ഏതായാലും അലക്കാൻ കൊതിയായിട്ട് വന്നതല്ലേ….
വെറും കയ്യോടെ പോകേണ്ട……
ദാ….. ഇത് വൃത്തിയായി അലക്കി യിട്ട് കൊണ്ട് തന്നോണം…..
അവന്നതും പറഞ്ഞാ ഷർട്ട് തന്റെ കയ്യിൽ വെച്ച് തരുമ്പോൾ അവളങ്ങനെ നിന്നു……
അവൻ മുറിയുടെ വാതിലടക്കുന്ന ശബ്ദം അവൾ കേട്ടു…..
പതിയേ അവിടെ നിന്നും നടക്കുമ്പോഴും മനസ്സ് ഏറെ വിങ്ങിയിരുന്നു…..
താൻ അവന്റെ മുമ്പിൽ വീണ്ടും തോറ്റു പോയെന്നോർത്തപ്പോൾ അവളുടെ വിരലുകൾ അവന്റെയാ ഷർട്ടിൽ അമർന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയുടെ വാതിലടച് ജനലഴികളിൽ പിടിച് അർജുനങ്ങനെ നിന്നു…..
മനസ്സ് വല്ലാത്തൊരവസ്ഥയെ പേറുന്നു……
മനസ്സിൽ നിറഞ്ഞു നിൽക്കുന്നതത്രയും അവളാണെങ്കിൽ കൂടി എപ്പോഴും ഒരു വാശിയുടെ സ്വരത്തോടെ മാത്രമേ തനിക്കവളോട് സംസാരിക്കാൻ കഴിയുന്നുള്ളു…..
അതെന്തായിരിക്കും…..
അങ്ങനെ മാത്രം ശീലിച്ചത് കൊണ്ടാവാം…..
തന്റെ മനസ്സിലുള്ളത് അവളറിയണമെന്ന് അത്രയേറെ മോഹമുണ്ടെങ്കിൽ കൂടി അവളറിഞ്ഞാലോ എന്നൊരു ഭയം കൂടി തന്നിലില്ലേ…..
അവളൊരു പ്രണയിനി യായാൽ എങ്ങനെയിരിക്കും…..
തന്നിലേക്ക് മാത്രം ചുരുങ്ങുന്ന അവളുടേ പ്രണയത്തെ താനത്ര മാത്രം കൊതിക്കുന്നുണ്ട്….
എന്നിട്ടും അവളിൽ നിന്നകന്ന് നിൽക്കാൻ തന്നെ പ്രേരിപ്പിക്കുന്നതിനു അരുൺ കൂടി കാരണക്കാരനാണോ…..
ആയിരിക്കാം..
ഒരു പ്രണയത്തിൽ വഞ്ചിക്കപ്പെട്ടവളാണ്…..
ഇനിയും……
അരുണിനെ അവൾ സ്നേഹിച്ചു എന്നോർത്തപ്പോൾ തന്നെ അവന്റെ നെഞ്ചോന്ന് പിടച്ചു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ജലി മുറിയിലേക്കെതിയതും ടേബിളിലേക്ക് അവന്റെ ഷർട്ട് വലിച്ചെറിഞ്ഞു….
ആ മുറിയിൽ കട്ടിലില്ലാത്തത് കൊണ്ട് തന്നെ അവൾ നിലത്തേക്കൂർന്നിരുന്നു അവിടെ കിടന്നു……
കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണ് നീർ തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി……
അടുക്കളയിൽ നിന്നുള്ള ശബ്ദങ്ങൾ അൽപാൽപ്പമായി കുറയുന്നത് അവൾ ശ്രദ്ധിച്ചു……
അകത്തെ ലൈറ്റ് ഓഫ് ആയതും അവരെല്ലാം മുറിയിലേക്ക് പോകുന്നതും കതകിന്റെ വിടവിലൂടെ അവൾ കണ്ടിരുന്നു……
അൽപ നേരം അങ്ങനെ കിടന്നിട്ടും ഉള്ളിലെ നോവ് കെട്ടടങ്ങിയില്ലെങ്കിലും ഉറക്കം വന്നു തുടങ്ങിയിരുന്നു……
ഉറങ്ങാൻ വേണ്ടി മംഗലത്തമ്മയുടെ മുറിയിലേക്ക് പോകാനൊരുങ്ങി വാതിൽ തുറന്നതും മുറിയുടെ മുമ്പിലായി ഒരാൾ നില്കുന്നത് കണ്ടതും അവൾ ഒന്ന് പിറകിലേക്ക് ചുവട് വെച്ചു…..
മുറിയിൽ ലൈറ്റിറ്റിട്ടില്ല എങ്കിലും ഉമ്മറത്തെ വെളിച്ചം മുറിയിലേക്ക് കാണുന്നുണ്ടായിരുന്നു….
ആ വെളിച്ചത്തിൽ താൻ കണ്ടിരുന്നു അരുണേട്ടനെ….
അവനെ കണ്ടതും മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല……..
ദേഷ്യമോ വെറുപ്പോ എന്താണ് തന്നെ ഭരിച്ചതെന്ന് അവൾക്കറിയില്ലായിരുന്നു.
അഞ്ജലി……
ആർദ്രമായി അവൻ വിളിച്ചു കൊണ്ടവൻ അടുത്തേക്ക് വരുമ്പോൾ അവൾ പിറകിലേക്ക് കാലടികൾ നീക്കി വെച്ചിരുന്നു..
എന്താ…..
അവളുടേ ചോദ്യം അത്രയേറെ
ഗൗരവം നിറഞ്ഞതാണെങ്കിൽ കൂടി ഒരു ഭയം മനസ്സിൽ തെളിഞ്ഞു തുടങ്ങിയിരുന്നു……
ഞാൻ…. അന്നേന്താണു ണ്ടായതെന്ന് വെച്ചാൽ……
അവൻ വീണ്ടും അത് പറഞ് സ്വാതന്ത്ര്യത്തോടെ അവൾക്കടുത്തേക്ക് വരുമ്പോൾ അവൾ വീണ്ടും പിറകിലേക്ക് നീങ്ങി……
എനിക്കൊന്നും കേൾക്കെണ്ട…. ഒന്ന് പോയാൽ മതി..
അവളത് പറയുമ്പോഴും എന്തോ ഒരു ഭയം അവളിലുണ്ടായിരുന്നു…
എനിക്ക് നിന്നെ അത്രയ്ഷ്ടമാ അഞ്ജലി…..എന്നേ ഒന്ന് മനസ്സിലാക് നീ….
അവന്നതും പറഞ് അവളുടേ കൈ പെട്ടെന്ന് പിടിച്ചതും അവന്റെ നോട്ടത്തിലും ഭാവത്തിലുമുള്ള മാറ്റം അവളുടേ ഹൃദയേമിടിപ്പ് കൂട്ടി……..
അവൾ കൈ ആഞ്ഞു കുടഞ്ഞതും അവനൊന്നു കൂടി അടുത്തേക്ക് നിന്ന് വീണ്ടും പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്….
അഞ്‌ജലിക്ക് എന്താ ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലായിരുന്നു….
ഒച്ച വെക്കാൻ മാത്രം അവൻ തന്നെ കയറി പിടിക്കുന്നില്ലെങ്കിൽ കൂടി അവൻ മനസ്സിൽ മറ്റെന്തൊക്കെയോ കണക്ക് കൂട്ടുന്നു….
അവൾക്കാകെ അസ്വസ്ഥത തോന്നി….
എല്ലാവരും അറിഞ്ഞാൽ തന്നെ മാത്രം കുറ്റപ്പെടുത്തും…..
വീണ്ടും അവൻ അവളുടേ അടുത്തേക്ക് നടന്നപ്പോഴാണ് എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ടിരുവരും അങ്ങോട്ട് തിരിഞ്ഞത്…..
വാതിൽ പടിയിൽ ചാരി കൈ മാറോടു പിണച്ചു കെട്ടി നിൽക്കുന്നവനെ നോക്കി അരുണോന്ന് ഉമി നീരിറക്കി…..
(തുടരും)

by