രചന – ആയിഷ അക്ബർ
സൂര്യൻ തന്റെ രൗദ്ര ഭാവം പതിയെ അഴിച്ചു വെക്കാൻ തുടങ്ങി……
സ്വർണ നിറത്തിലുള്ള രശ്മികൾ സമ്മാനമായി നൽകി കൊണ്ട് ഭൂമിയോട് യാത്ര പറഞ്ഞു…..
നമുക്കൊരോ ചായ കുടിക്കാം അജു…..
വല്ലാത്ത തല വേദന പോലെ……
നീ വണ്ടിയെവിടെയെങ്കിലും ഒന്നോതുക്ക്…..
ദേവൻ അത് പറഞ്ഞു അധികം കഴിയും മുമ്പ് തന്നെ അർജുൻ ഒരു ചെറിയ ചായ കടയുടെ അരികിലായി വണ്ടി നിർത്തി….
നിനക്കെന്താ കഴിക്കാൻ വേണ്ടത്…
ദേവനും പത്മയും വേണ്ടതെന്തെന്നു പറഞ്ഞപ്പോഴും മിണ്ടാതെയിരിക്കുന്ന അഞ്‌ജലിക്ക് നേരെ നിന്നവനത് ചോദിക്കുമ്പോൾ പത്മ അവനെയൊന്ന് നോക്കി..
ഇത് വരെ അവളോടൊരു വാക്ക് പോലും മിണ്ടാത്ത അവൻ പെട്ടെന്ന് ഒരു അധികാരത്തോടെ ചോദിച്ചത് കൊണ്ട് തന്നെയായിരുന്നത്…..
എന്റെ മോനു പെട്ടെന്നൊരു ഭർത്താവിന്റെ അധികാര ഭാവമൊക്കെ വന്നല്ലോ…..
അഞ്ജലി പറഞ്ഞു തുടങ്ങും മുന്പേ ഒരു ചിരിയോടെ പത്മയത് പറഞ്ഞതും അർജുനൊരു ചമ്മൽ പോലെ തോന്നി..
ഭർത്താവിനു ഒരൊറ്റ അധികാരമേ ഭാര്യയുടെ മേലുള്ളു…
സ്നേഹിക്കാനുള്ള അധികാരം….
തല പതിയെ പിറകിലേക്ക് തിരിച്ചു ദേവന്നത് പറയുന്നത് അർജുന്നുള്ള ഒരുപാഠമായി തോന്നി അവന്…..
അങ്ങനെയേ പാടുള്ളു എന്നൊരു താക്കീതും…..
പത്മ ഒന്ന് കൂടി ചിരിച്ചു…..
ആ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാനെന്ന വണ്ണം അഞ്ജലിയുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അർജുൻ വേഗം അവിടെ നിന്നും പോയി…
തിരികെ വരുമ്പോൾ അവന്റെ കയ്യിൽ ചായയും പലഹാരങ്ങളുമുണ്ടായിരുന്നു…..
കായ ബജിയും പഴം പൊരിയുമൊക്കെയായുള്ള ആ പൊതി അവൻ പത്മയുടെ കയ്യിലേക്ക് നീട്ടി….
മോൾക്ക് എന്താ ഇഷ്ടമെന്ന് വെച്ചാലെടുത്തോ…..
പത്മയത് പറഞ്ഞതും അഞ്ജലി അതിൽ നിന്നും ഒരു പഴം പൊരിയെടുത്തു…
അർജുൻ കയ്യിലെ ചായ അവൾക്ക് നേരെ നീട്ടി…..
അവളത് വാങ്ങുന്ന നേരം അവന്റെ മിഴികളിലേക്കൊന്ന് നോക്കിയതും അവൻ പതിയെ ഇരു കണ്ണുകളും അവൾക്ക് നേരെ ചിമ്മി..
അവന്റെ ചേലുള്ള ചിരിയിൽ മയങ്ങിയെന്ന വണ്ണം അവളുടെ കണ്ണുകളൊന്ന് പിടച്ചു…
കവിളിണകളിൽ ചുവപ്പ് പടർന്നു…..
വിറക്കുന്ന ചുണ്ടിനോടവൾ ചായ ചേർത് വെച് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴും അവന്റെ കണ്ണുകൾ കുസൃതി കലർത്തി അവളെ തഴുകുന്നുണ്ടായിരുന്നു…..
വീണ്ടും മനോഹരമായ യാത്ര……
ഇങ്ങോട്ട് വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ഭാരങ്ങളൊക്കെ അഴിച്ചു വെച്ചാണ് തിരികെ പോകുന്നത്……
അവൾക്കെന്തെന്നില്ലാത്തൊരു സമാധാനം തോന്നി…..
ഇപ്പൊ താൻ ആരോരുമില്ലാത്ത അനാഥയല്ല……
അമ്മയുണ്ട്….. അച്ഛനുണ്ട്…..
തന്നെ മാത്രം മനസ്സിലിട്ട് കൊണ്ട് നടക്കുന്ന അവനുണ്ട്…..
അവളുടെ മിഴികൾ മുമ്പിൽ ഡ്രൈവ് ചെയ്യുന്ന അവനിലേക്കൊന്ന് നീങ്ങി……
സൈഡ് മിററിലൂടെ അവന്നപ്പോഴും നോക്കുന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞതും അവളുടെ ചുണ്ടുകൾ നാണത്താൽ ഉരുമ്മി പ്പോയി…..
അപ്പോൾ ആ അദരങ്ങളിൽ വിരിഞ്ഞ ചിരിക്ക് ഭംഗി ഏറെയായിരുന്നു……
കിടന്നോ……
അല്പം കൂടി സഞ്ചരിച്ചതും ഉറക്കം തൂങ്ങി തുടങ്ങിയ അഞ്ജലിയുടെ താടിയിൽ പിടിച്ചു തന്റെ നേരെ തിരിച്ചു പത്മയത് പറയുമ്പോൾ അവളുടെ കണ്ണുകളൊന്ന് വിടർന്നു……
ഒരു നിമിഷം അവളുടെ മിഴികൾ നിറഞ്ഞതും പത്മയുടെ കണ്ണുകളിൽ കണ്ടൊരു വാത്സല്യം കൊണ്ട് തന്നെ അവൾ പെട്ടെന്നവരുടെ കയ്യിൽ ചുറ്റി പ്പിടിച്ചു ആ തോളിലേക്ക് ചാഞ്ഞു……..
പത്മ യത് ഒട്ടും ഒരതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ഒന്ന് ഞെട്ടി….
അപ്പോഴേക്കും തന്റെ കൈ തണ്ടയിൽ പടരുന്ന നനവ് അവരറിഞ്ഞു തുടങ്ങിയിരുന്നു…….
അവർ അവളുടെ തലയോട് തല ചേർത്ത് വെച്ചു………
ഇത്രയേറെ വൈകാരികമായ ആ നിമിഷങ്ങൾ ഒരു മനോഹരമായ ചിത്രം പോലെ മിററിലൂടെ കണ്ടാസ്വാധിക്കുക യായിരുന്നു അർജുൻ…..
മനസ്സ് സന്തോഷം കൊണ്ടൊരു വേള പൊട്ടി തെറിക്കുമെന്ന് അവനു തോന്നിപ്പോയി……
ഇരുട്ട് മുഴുവനായും ഭൂമിയിൽ പരന്നു…….
കടകളിലെ വെളിച്ചങ്ങളിലേക്ക് കണ്ണ് നട്ടു കൊണ്ട് അഞ്ജലിയിരുന്നു……..
രാത്രി യാത്രയുടെ ഭംഗി അവളാദ്യമായി അറിയുക യായിരുന്നു…….
രാത്രിയെ അവളാവോളം ആസ്വദിച്ചു….
നഗരവും ഗ്രാമ പ്രദേശങ്ങളും മാറി മാറി തങ്ങൾക്ക് മുന്നിലൂടെ കടന്നു പോകുമ്പോൾ അവക്കെല്ലാം ഇരുട്ട് നൽകിയ സൗന്ദര്യത്തെ അവൾ ഒപ്പിയെടുത്തു……
കളിയും ചിരിയും സംസാരങ്ങളുമായി ആ കാറിനുള്ളിലൊരു സ്വർഗം പോലെ അഞ്‌ജലിക്ക് തോന്നി…….
പത്മ ഇത്രയധികം സംസാരിക്കുമെന്ന് അവൾക്കറിയാത്തത് കൊണ്ട് തന്നെ അവരുടെ സംസാരങ്ങൾ അവൾ കൗതുകത്തോടെ നോക്കിയിരുന്നു……
ദേവൻ അവളെ കളിയാക്കി കൊണ്ടെന്തെങ്കിലും പറഞ്ഞാൽ കൂടി പത്മ അവളുടെ ഭാഗത്ത് നിന്ന് ദേവനു മറുപടി കൊടുക്കുമ്പോൾ അവിടമാകെ ഉയരുന്ന ആ ചിരിയിൽ അവളും ഒരാളായി……
അതിനിടയിൽ മിററിലൂടെ തന്നിലേക്ക് പാറി വീഴുന്ന ആ നോട്ടങ്ങൾ മുന്നോട്ടുള്ള തന്റെ മനോഹരമായ ജീവിതത്തിന്റെ ചിത്രം അവൾക്ക് മുമ്പിൽ വരച്ചു കാണിക്കുക യായിരുന്നു……
അവന്റെ ഓരോ നോട്ടത്തിനും ചിരിക്കും മുമ്പിൽ അവൾ പാടെ അലിഞ്ഞു പോയിരുന്നു….
നാണത്താൽ കൂമ്പിയടയുന്ന ആ മിഴികളെ അവനും ഹൃദയത്തിൽ ചേർത്ത് വെച്ചു…..
വലിയൊരു റെസ്റ്ററന്റിന്റെ പാർക്കിംഗ് ലാണ് ആ കാറ് ചെന്ന് നിന്നത്……..
എല്ലാവരും പുറത്തേക്കിറങ്ങി…..
അഞ്ജലി യും അർജൂനും ഒരേ വശത്തു കൂടെ ഇറങ്ങിയത് കൊണ്ട് തന്നെ അവൻ ഡോർ അടച്ചു തിരിഞ്ഞത് അവളിലേക്കായിരുന്നു…..
ഒരു കുസൃതി ചിരിയോടെ അവളെ നോക്കി കൊണ്ടവൻ കീ യിലെ ലോക്ക് സ്വിച്ച് പ്രെസ്സ് ചെയ്തു…….
കാറൊരു ശബ്‍ദത്തോടെ ലോക്ക് ആയതും അവളുടെ നുണക്കിഴിയിൽ പുഞ്ചിരി വിരിഞ്ഞതും ഒരുമിച്ചയായിരുന്നു……
അച്ഛനെയും അമ്മയെയും അവനൊന്നു നോക്കി….
അവരിരുവരും ഇറങ്ങി കഴിഞ്ഞ് ഡ്രെസ്സെല്ലാം ശെരിയാക്കുകയാണ്…..
അർജുൻ അവൾക്കടുത്തേക്ക് ഒന്ന് കൂടി നീങ്ങി നിന്നു കൊണ്ട് കാറ്റടിച്ചു പാറി പരന്ന അവളുടെ മുടിയിഴകൾ ഇരുകയ് കൾ കൊണ്ടും ഒന്നോതുക്കി വെച്ചു….
അവളോട്ടും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കി….
എപ്പോഴും ഗൗരവത്തോടെ യുള്ള ആ മുഖത്ത് വിരിയുന്ന പ്രണയ ഭാവത്തിന് വല്ലാത്തൊരു ഭംഗിയാണെന്ന് അവൾക്ക് തോന്നിപ്പോയി…..
അവൾ അവനു മുഖം കൊടുക്കാതെ തല താഴ്ത്തി നിന്നു….
കയറാം…..
ദേവന്റെ ആ ചോദ്യമാണ് ഏതോ പ്രണയ തീരത്തെത്തിയ അവരെ തിരികെ കൊണ്ട് വന്നത്…..
ദേവനും പത്മയും നടന്നതിനു പിറകെ അർജുന്നും അഞ്‌ജലിയും നടക്കുമ്പോൾ പരമാവധി അവളോട് ചേർന്ന് നടക്കാൻ അവൻ ശ്രമിച്ചിരുന്നു…….
കൈകൾ തമ്മിൽ തൊട്ടുരുമ്മുമ്പോൾ അഞ്‌ജലിക്ക് വല്ലാത്തൊരു വെപ്രാളം തോന്നിയിരുന്നു…….
ഭക്ഷണം കഴിക്കാനിരുന്നപ്പോഴും അർജുൻ വേഗം അവൾക്കരികിലേക്കിരുന്നു……
അഞ്ജലി നോൺ വെജ് കഴിക്കില്ലേ…..
പത്മയത് ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി…..
ഞാനും ആദ്യമൊന്നും കഴിച്ചിരുന്നില്ല….
പിന്നെ ശീലിച്ചതാ……
ഇവന് വെജിനോടാണ് പ്രിയം കേട്ടോ …..
അർജുനെ നോക്കി യാണ് പത്മ അവളോടത് പറഞ്ഞത്…….
അത് ചിലപ്പോൾ അഞ്‌ജലിക്ക് പ്രിയം അതായത് കൊണ്ടാവും….
ആ പാട്ട് പോലെ….
ദേവൻ അത് പറഞ്ഞതും അഞ്ജലി അതേത് പാട്ടെന്ന തരത്തിൽ അവന്റെ മുഖത്തേക്കൊന്ന് നോക്കി….
അവൻ ഒരു ചമ്മലോടെ കണ്ണുകൾ ചുരുക്കി……
അതേത് പാട്ട്….
അവൾ ദേവനോടെന്ന പോലത് ചോദിക്കുമ്പോഴും കണ്ണുകൾ അവനിലായിരുന്നു…..
എ ആർ റഹ്മാന്റെ ഒരു പാട്ടില്ലേ…..
ഏതായിരുന്നു…..
സ്നേഹിതനെ…..
ദേവൻ ആലോചനയോടെന്ന പോൽ നിൽക്കുമ്പോഴാണ് അഞ്ജലി ചോദ്യ ഭാവത്തിൽ അത് പറഞ്ഞത്…….
ആ…. അത് തന്നെ….. അവിടെ ആവുന്ന സമയത്തിവൻ ചെവി തല കേൾപ്പിച്ചിട്ടില്ല ഞങ്ങളെ….
ലിറിക്സൊക്കെ എനിക്കും പഠിഞ്ഞിരുന്നു….
ഇപ്പൊ കുറച്ചായിട്ട് കേൾക്കാത്തത് കൊണ്ട് മറന്ന് പോയതാവും……
അല്ലേടാ….
ദേവൻ അവനെ കളിയാക്കിയെന്ന വണ്ണം അതും ചോദിച്ചു നിർത്തുമ്പോൾ അവനവളുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു പ്രയാസം തോന്നി……
എന്നാൽ അവൾ അവനിലേക്ക് തന്നെ മിഴികളൂന്നിയിരുന്നു…
വല്ലാത്തൊരു ഭാവത്തോടെ…..
അവളുടെ നോട്ടം അറിഞ്ഞെന്ന വണ്ണം അവനവൾക്ക് നേരെ എന്തെന്ന അർത്ഥത്തിൽ ഒന്നു പുരികമുയർത്തി …
അവളൊരു ചിരിയോടെ അവനിൽ നിന്നും നോട്ടം മാറ്റി……
അതേ….. അവൻ വന്ന ദിവസം മുതലേ ആ പാട്ട് പ്ലേ ചെയ്തിരുന്നു….
അപ്പോഴും എപ്പോഴും അവനിൽ നിറഞ്ഞു നിന്നത് താനായിരുന്നല്ലേ….
ആലോചിക്കും തൊരു അവളുടെ നുണ ക്കുഴികൾ കൂടുതൽ വിടർന്നിരുന്നു……
ഏറെ സന്തോഷത്തോടെ അവർ വീണ്ടും ഒരുമിച്ചിരുന്നു കഴിച്ചു…….
ഏറെ മനോഹരമായ ഒരു അത്താഴം……
നാളെയീ നേരത്ത് നമ്മൾ ഫ്ലൈറ്റിലാവും… അല്ലെ പത്മേ……
ദേവൻ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അത് പറഞ്ഞതും അഞ്ജലിയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് മാഞ്ഞു…..
മുന്പേ നിങ്ങളൊന്നു തുറന്ന് സംസാരിച്ചിരുന്നെങ്കിൽ അഞ്ചുവിനും ഞങ്ങളോടൊപ്പം പോരാമായിരുന്നില്ലേ……
ദേവൻ അവളെ നോക്കി നിരാശയോടെ അത് പറയുമ്പോൾ അവൾക്കും വല്ലാത്തൊരു വേദന തോന്നി……
അവൾ അവനിലേക്കൊന്ന് നോക്കി….
ഉള്ളിലുള്ള ദുഃഖം ഒളിപ്പിക്കാൻ അവൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി ആ കണ്ണുകളിലത് തെളിഞ്ഞു കാണാം….
ഞങ്ങൾ ശെരിക്കും നിന്നെ മിസ്സ് ചെയ്യും…..
പത്മ പതിയെ അവളുടെ കൈ തണ്ടയിൽ തൊട്ട് കൊണ്ടത് പറയുന്നത് അത്ര മേൽ ആത്മാർത്ഥമായത് കൊണ്ട് തന്നെ അവൾക്കവരോട് വല്ലാത്തൊരു സ്നേഹം തോന്നി…….
അവിടെ നിന്ന് ഇറങ്ങുമ്പോൾ ദേവൻ പിറകിൽ കയറുന്നത് കണ്ട് സംശയത്തോടെ അഞ്ജലി നിന്നു…..
ഇന്ന് രാത്രിയെ അവനെ അടുത്ത് കിട്ടു…..
അത് കഴിഞ്ഞാൽ പിന്നെ കാത്തിരിക്കേണ്ടി വരും….
അത് കൊണ്ട് മുന്നിലേക്ക് കയറിക്കോ……
ദേവൻ മനോഹരമായൊരു ചിരിയോടെ അത് പറഞ്ഞതും പത്മയും ദേവനരികിലേക്ക് കയറി ഡോർ അടച്ചു…..
അഞ്ജലി അർജുനെ ഒന്ന് നോക്കുമ്പോൾ അവന്റെ മുഖത്ത് കണ്ട തിളക്കം കൊണ്ട് തന്നെ അവൾ യാന്ത്രികമായി കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു…..
അവൻ അവളിലേക്കൊന്ന് നോക്കി……
പിന്നെ പതിയെ ആ കാറ് ചലിച്ചു തുടങ്ങി….
നിറഞ്ഞു നിന്നത് അത്ര മേൽ നിശബ്ദത യാണെങ്കിൽ കൂടി അവരുടെ മനസ്സ് വാചാലമായിരുന്നു…..
സ്വപ്നം കണ്ട നിമിഷത്തിലൂടെയുള്ള ആ യാത്രയും ഒരു വേള സ്വപ്നമാണോ എന്നവന് തോന്നിപ്പോയി……
അച്ഛനും അമ്മയും ഉറങ്ങിയെന്നു തോന്നിയ ആ സമയം അവൻ അവളുടെ കൈ വിരലുകളിൽ കൈകൾ കോർത്തു….
അവൾ അവനെയൊന്ന് നോക്കി…..
അപ്പോഴേക്കും തന്റെ വിരലുകളിൽ അവന്റെ പിടുത്തം മുറുകിയിരുന്നു….
ഒരിക്കലും വിട്ട് പോകില്ലെന്നത് പോൽ..
ഈ യാത്ര നിലക്കാതെ യിരുന്നെങ്കിലെന്ന് അവളത്രയേറെ ആഗ്രഹിച്ചിരുന്നന്നേരം….
(തുടരും)

by