രചന – ജിഷ
ഏട്ടന്റെ മുഖത്തേക്ക് നോക്കാനാവാതെ വിങ്ങുന്ന ഹൃദയത്തോടെ ഏട്ടനെ കടന്നു ഞാൻ മുൻവശത്തേക്ക് നടന്നു….
കണ്ണുകൾ നിറഞ്ഞൊഴുകി…
കേട്ടതെല്ലാം താങ്ങാനാവുന്നതിനും അപ്പുറം തന്നെയാണ്, ഋഷിയെന്നോടെല്ലാം പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നിയത്..
പക്ഷേ എനിക്കുമില്ലേ വാശി, എനിക്ക് കാണണമായിരുന്നു ഒന്നും പറയാനാവാതെ നിൽക്കുന്ന ഋഷിയുടെ മുഖം…
വാശിയിൽ അങ്ങനെ പറയാൻ തോന്നി യെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ സങ്കടമായി..
അല്പം കൂടിപ്പോയോ തന്റെ വാക്കുകൾ…….
ഒരു വട്ടമെങ്കിലും എന്നോടിതൊക്കെ തുറന്നു പറഞ്ഞിരുന്നെങ്കിൽ!!
എത്രയൊക്കെ കാരണങ്ങൾ നിരത്തിയാലും ഞാൻ അനുഭവിച്ച വേദനയ്ക്കും എന്റെ നഷ്‌ടത്തിനും പകരമാവില്ലൊന്നും……
നന്ദുട്ടി…..
തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടനാണ്,
ഏട്ടന്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നു ഉണർത്തിയത്..
മോളിവിടെ നിൽക്കുവാണോ..
വാ നമ്മുക്ക് പുറത്തേക്ക് ഒന്നു നടന്നിട്ട് വരാം, ഏട്ടന് മോളോട് കുറച്ചു സംസാരിക്കാനുണ്ട് …
മ്മ് മം……
ഏട്ടത്തിയുടെ കൈയിൽ നിന്ന് വീൽചെയർ വാങ്ങി പുറത്തേക്ക് നടക്കുമ്പോൾ ഏട്ടൻ എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…
നന്ദു…..
മോളെ… മ്മ് മം….
നീയെന്താ നന്ദു ഒന്നും മിണ്ടാതെ നടക്കുന്നെ….
ഏട്ടനോട് മോൾക്ക് ഒന്നും പറയാനില്ലേ..
ഏട്ടാ ഞാൻ..
ഏട്ടൻ ഒരു മുഖവുരയും കൂടാതെ ചോദിച്ചു….
മോൾക്ക് എങ്ങനെയാ കണ്ണനെ പരിചയം….
കണ്ണനെ കാണാനാണല്ലേ മോളിവിടെ എത്തിയത് ??
ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം വന്നു..
എന്നാലും സാരമില്ല നന്ദുട്ടി അതുകൊണ്ട് എന്റെ കുട്ടി എന്റെ അടുത്തു തന്നെ എത്തിയല്ലോ !!!!
മോളെ നമ്മുക്ക് എവിടെയെങ്കിലും ഇരിക്കാം കുറച്ചു സമയം…
മ്മ് മം.
ഏട്ടനരുകിൽ ഒഴിഞ്ഞൊരു ചെയറിലേക്കിരുന്നു ഞാൻ…
ഇനിയും പറ എങ്ങനെയാ നന്ദുന് കണ്ണനെ പരിചയം..
ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്..
മോൾക്കവനെ ഇഷ്‌ടമായിരുന്നോ ??
താഴ്ന്നിരുന്ന എന്റെ മുഖം ഏട്ടൻ പിടിച്ച് ഏട്ടന് അഭിമുഖമായി വെച്ചു…
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എറെക്കുറെ ഞങ്ങൾ കേട്ടിരുന്നു നന്ദു…
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
നിറഞ്ഞ കണ്ണുകൾ തുടച്ച് ഏട്ടൻ വീണ്ടും എന്നോട് ചോദ്യം ആവർത്തിച്ചു, മോൾക്ക് കണ്ണനെ ഇഷ്‌ടമായിരുന്നോ ??
കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് ഏട്ടനോട് എല്ലാം പറഞ്ഞപ്പോൾ ഏട്ടനെന്റെ തലമുടിയിൽ പതിയെ തലോടി കൊണ്ടിരുന്നു….
രണ്ടുപേരും ചെയ്തത് തെറ്റാണ്, ഞാൻ കണ്ണനെ ന്യായികരിക്കുകയല്ല…
പക്ഷേ നിനക്ക് ക്ഷമിക്കാൻ പറ്റില്ലേ മോളെ കണ്ണനോട്??
ഏട്ടൻ എന്നോടത് ചോദിച്ചപ്പോൾ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി,ഒരു തേങ്ങലോടെ ഞാൻ ഏട്ടനോട് ചേർന്നിരുന്നു …
അവന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവൻ ചെയ്തതാണ് ശരി. നിന്നെ അവന് നഷ്‌ടപ്പെടാതിരിക്കാൻ എന്തൊക്കെയോ ചെയ്തു കൂട്ടി.. നിന്റെ ഭാഗത്ത് നിന്നു ചിന്തിക്കുമ്പോൾ നീ പറയുന്നതും ശരിയാണ്..
മോളെ ഒരു തെറ്റും ചെയ്യാത്തവർ എന്നും ശിക്ഷിക്കപ്പെടും, അതിൽ പെട്ടു പോയവരാണ് ഞാനും നീയും മീനുവും എല്ലാം..
ആരുമൊന്നും മനപ്പൂർവം ചെയ്തതായായിരിക്കില്ല,നമ്മളെല്ലാം ആർക്കൊക്കെയോ വേണ്ടി സ്വയം വേദനിക്കുന്നു …
ക്ഷമ എന്ന ഒരു വാക്കുകൊണ്ട് നമ്മൾക്കു ഒന്നും നഷ്‌ടപ്പെടില്ല, പകരം ഒരുപാട് പേർക്ക് സന്തോഷം പകരാനാവും..
ഏട്ടൻ എന്തെല്ലാം അനുഭവിച്ചു, ഇപ്പോഴും കഷ്‌ടപ്പെടുന്നു ഏട്ടനാരോടും ഒരു പിണക്കമോ പരിഭവമോ ഒന്നുമില്ല..
കണ്ണനൊരു പാവമാണ്..
ചെറു പ്രായത്തിൽ തന്നെ അവനും ഒരുപാട് സങ്കടപ്പെട്ടതാ..
ഒരിക്കൽ താളം തെറ്റിയതാണ് ആ മനസ്സ്..
എറെ പ്രയാസപ്പെട്ടാണ് അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്…
അറിയാതെ ആണെങ്കിലും അവന്റെ തിരിച്ചു വരവിന് നീയും കാരണക്കാരിയാണ്..
വീണ്ടും അവനെയാ പഴയ അവസ്‌ഥയിലേക്ക് തള്ളിവിടാൻ എന്റെ മോള് കാരണമാകരുത്..
ഞാൻ അവനോട് സംസാരിച്ചിരുന്നു, തളർന്നു പോയിരിക്കുന്നു നന്ദു അവൻ..
ഏട്ടനു വേണ്ടിയെങ്കിലും എന്റെ കുട്ടി ക്ഷമിക്കണം അവനോട്…. ഏട്ടന് രണ്ടും പേരും വേണം…
അവൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നത് എല്ലാവർക്കും അറിയാമായിരുന്നു. അതുപക്ഷേ എന്റെ അനിയത്തി നന്ദുവാണെന്ന് എനിക്കോ, അവനോ അറിയില്ലായിരുന്നു..
കല്യാണത്തെ കുറിച്ചൊക്കെ എപ്പോളും ഋതുവിനോടും അവന്റെ അമ്മയോടുമൊക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്..
പിന്നീട് അതിനെ കുറിച്ചു ചോദിക്കുമ്പോളെല്ലാം മൗനമായിരുന്നു..
അവനിലെ മാറ്റങ്ങൾ സംശയം ഉണ്ടാക്കിയെങ്കിലും അതിനെ കുറിച്ചു ചോദിച്ചു വിഷമിപ്പിക്കാൻ തോന്നിയിട്ടില്ല..
നീ അവനെ വെറുത്തുപോകുമെന്നു എപ്പോളെങ്കിലും അവന് തോന്നിക്കാണും…
അവൻ ഒരിക്കലും മോളെ ചതിക്കണമെന്ന് ചിന്തിച്ചു കൂടി കാണില്ല..
നീ അവനെ വെറുക്കുമോ എന്നു മാത്രമാണ് അവൻ ചിന്തിച്ചത്, നിന്റെ വെറുപ്പ് പേടിച്ചാണ് അവൻ നിന്നിൽ നിന്ന് ഓടി അകന്നത്..
നന്ദുട്ടി ഇത് നിങ്ങളുടെ ജീവിതമാണ് ഒരു എടുത്തു ചാട്ടത്തിന് നീ കുടുംബത്തെ മറന്നു,നിനക്ക് തോന്നിയതുപോലെ പ്രവർത്തിച്ചു അതിന്റെ ഫലം നീ അനുഭവിച്ചു….
ഇപ്പോൾ വീണ്ടും….ഒന്നൂടെ ആലോചിക്കൂ നന്ദു …
നന്ദുട്ടിക്ക് ഋഷിയില്ലാത്ത മറ്റൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ പറ്റുമോ???,
ഏട്ടനെന്റെ മുഖത്തേക്ക് നോക്കി !!
ഞാൻ ഒന്നും മിണ്ടാതെ ഇല്ലയെന്ന് തലയാട്ടി…….
പിന്നെ എന്തിനാ ഇത്ര വാശി..
ഒരു വാശിക്ക് നീ പോയാൽ വീണ്ടും സങ്കടങ്ങൾ മാത്രമേ കാണു മോളെ കൂട്ടിന്…
മോളുടെ ഒരു വാക്ക് കൊണ്ട് നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്ന ഒരുപാട് പേരുടെ സന്തോഷത്തിന് കരണമാകുമെങ്കിൽ അതിൽ പരം വേറെ എന്തുണ്ട്…
ഞാൻ പറയുന്നത് നന്ദുന് മനസ്സിലാവുന്നുണ്ടോ??
ഇന്നുതന്നെ മോള് കണ്ണനോട് സംസാരിക്കണം..
പിന്നെ ഏട്ടനും ഒരു കാര്യം തീരുമാനിച്ചു…
അതെന്താണെന്ന് അറിയാൻ ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി !!!
നന്ദുട്ടി നമ്മുക്ക് ഒരുമിച്ച് നാട്ടിലേക്ക് പോയാലോ..
ഞാൻ പറയാതെ തന്നെ ഏട്ടനെന്നോട് അവിശ്യപ്പെട്ടിരിക്കുന്നു…
അത്ഭുതത്തോടെയാണ് ഞാൻ ഏട്ടനെ നോക്കിയത്..
കണ്ണു തുടച്ചു ഞാൻ ഏട്ടനോട് ചോദിച്ചു,
ശരിക്കും ആണോ ഏട്ടാ…..
മ്മ് മം… ഒരുപാട് ആലോചിച്ചു, ഇനിയും താമസിപ്പിക്കേണ്ട ഞാനും ഋതുവും മോളും വരുവാ..
എല്ലാവരെയും കാണാൻ കൊതിയാകുന്നു.. ഇനിയും എനിക്ക് പിടിച്ചു നിൽക്കാനാവില്ല…
നാളെ കഴിഞ്ഞു പോകാം മോളെ…
മ്മ് മം സന്തോഷമായി ദേവേട്ടാ..
ഏട്ടനോട് എങ്ങനെ പറയുമെന്ന് ഓർത്തിരിക്കുകയായിരുന്നു ഞാൻ..
യെദുവേട്ടനോട് വിളിച്ചു പറയട്ടെ ഞാൻ…
മ്മ് മം.. പറഞ്ഞോളൂ എല്ലാവരോടും..
തിരികെ ഏട്ടനെ കൊണ്ടു വീട്ടിലെത്തിയപ്പോൾ സന്ധ്യയായി…
ഏടത്തിയും മീനുട്ടിയും ഞങ്ങളെ കാത്ത് പുറത്തു നിൽപ്പുണ്ടായിരുന്നു…
ഋഷിയെ അവിടെങ്ങും കണ്ടുമില്ല..
എല്ലാവരും അകത്തേക്ക് കയറി…
വീട്ടിൽ കയറുന്നതിന് മുൻപ് ഒരിക്കൽ കൂടി ഏട്ടനെന്നെ ഓർമ്മ പെടുത്തി, ഋഷിയോട് സംസാരിക്കുന്ന കാര്യം ..
മറ്റെന്നാൾ നമ്മൾ പോകുമ്പോൾ അവനും നമ്മളുടെ ഒപ്പം ഉണ്ടാകണം..
നിങ്ങളുടെ കാര്യം ഏട്ടൻ വീട്ടിൽ സംസാരിച്ചോളാം..
നടന്നതൊന്നും ആരും അറിയേണ്ട, ഇനിയും കഴിഞ്ഞതിനെ കുറിച്ചോർത്തു വിഷമിക്കുകയും വേണ്ട..
മനസ്സിലാവുന്നുണ്ടോ നന്ദുന്..
മ്മ് മം, ഇന്നുതന്നെ സംസാരിക്കണം..
സംസാരിക്കാമെന്ന് ഉറപ്പു കൊടുത്ത് മുറിയിലെത്തി യെദുവേട്ടനെ വിളിച്ചു…
യെദുവേട്ടനോട് ദേവേട്ടനെ കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ ശബ്‌ദം ഇടറി പോയി…
ഞങ്ങൾ അവിടെയെത്തുമ്പോൾ ഏട്ടനും വരണം, മക്കളെയും നീതുവേട്ടത്തിയെയും കൊണ്ടുവരണം…
യെദുവേട്ടൻ നേരത്തെയെത്തി അച്ഛനോടും അമ്മാമയോടും അമ്മയോടും എല്ലാവരോടും കാര്യങ്ങൾ വിശദമായി പറയണം, ഏട്ടനെ തളർത്തുന്ന ഒരു വാക്കും ആരും പറയരുത്.
അതേട്ടന്റെ ആരോഗ്യസ്‌ഥിതിയെ ബാധിക്കും…
ബാലൻ മാമയോട് ഞാൻ പറഞ്ഞുകൊള്ളാം…
നമ്മൾ കാത്തിരുന്ന ദിവസമാണ്…
തീർച്ചയായും നന്ദു എല്ലാവരും ഉണ്ടാകും…
തിരികെ ഏട്ടന്റെ അരികിൽ എത്തുമ്പോൾ ഏട്ടൻ എന്നെ അടുത്തേക്ക് വിളിച്ചു…
വീണ്ടും ഓർമിപ്പിച്ചു, മോളെ ജീവിതം ഒന്നേയുള്ളു അതു വാശിപുറത്തു നശിപ്പിക്കരുത്…
വൈകുന്നേരം എല്ലാവരും കൂടി ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ ഋഷിയുടെ മുഖത്തേക്ക് നോക്കി…
ഋഷിയെന്നെ ശ്രദ്ധിക്കുന്നു കൂടിയില്ല എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വേഗം എഴുന്നേറ്റ് പോയി…
എനിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല.
അടുക്കളയിൽ ഏട്ടത്തിയെ സഹായിച്ചു കൊണ്ടു നിന്നപ്പോൾ ഏട്ടത്തിയും ഋഷിയെ പറ്റിയാണ് സംസാരിച്ചത് ..
മോളെ കണ്ണൻ പാവമാണ്, അവനോട് എന്റെ കുട്ടി വെറുപ്പ് കാണിക്കല്ലേ, അവൻ ചെയ്തത് തെറ്റു തന്നെയാണ് എങ്കിലും മോളെ അവന് ഒരുപാട് ഇഷ്‌ടമായിരുന്നു..
ഏട്ടത്തി അതു പറയുമ്പോൾ ഞാൻ ഏടത്തിയുടെ കൈകളിൽ മുറുകെ പിടിച്ചു.
ഇല്ല ഏട്ടത്തി ഞാൻ സ്നേഹിച്ചിട്ടേയുള്ളു ഋഷിയെ എന്നും ഇപ്പോളും .. ദേഷ്യം തോന്നിയിട്ടുണ്ട് അത് ഇഷ്‌ടമില്ലഞ്ഞിട്ടല്ല, സങ്കടം കൊണ്ടാണ്…
ഇത്രയും നാൾ ഞാൻ അനുഭവിച്ച വേദന അത് ഏട്ടത്തിക്ക് മനസ്സിലാവില്ലേ, അതിനു ഞാൻ ഇങ്ങനെയെങ്കിലും പ്രതികരിക്കണ്ടേ..
ഏട്ടത്തിയെന്നെ കെട്ടിപിടിച്ചു, എന്നും കൂടെയുണ്ടാകും ഈ ഏട്ടത്തി…
സ്നേഹത്തോടെ ഋതുയെട്ടത്തി അത് പറയുമ്പോൾ,ഞാൻ ഏടത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തു, എന്റെ മീനുഓപ്പ തന്നെയെന്ന് മനസ്സിൽ പറഞ്ഞു…
ഏടത്തിയുടെ അടുത്തുന്നു ഞാൻ ഋഷിയുടെ മുറിയിൽ എത്തി…
ഋഷി കട്ടിലിൽ കണ്ണടച്ചു കിടക്കുന്നു..
എന്റെ സാമിപ്യം അറിഞ്ഞിട്ടെന്നവണ്ണം ഋഷി കണ്ണു തുറന്നു…
ഋഷി എഴുന്നേറ്റ് എന്റെ അരുകിലെത്തി .
നന്ദു….
ഋഷിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഞാൻ തോറ്റു പോയി…
നിഷ്കളങ്കമായി എന്നെ നോക്കുന്ന ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു ..
ഋഷി..
വേദനയൊടെയാണ് ഞാൻ വിളിച്ചത്..
പരസ്പരം നോക്കി നിന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി, അതുവരെ മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യമെല്ലാം ആ കണ്ണുനീരിൽ ഒലിച്ചു പോയി……
നന്ദു…..
വെറുത്തോ നന്ദുട്ടിയെന്നെ….
അതിനു ഞാൻ ഋഷിയെ വെറുത്തിട്ടില്ലലോ..
പിന്നെ അങ്ങനെയൊക്കെ പറഞ്ഞതോ..
എന്നെ ഇത്രയും നാൾ വേദനിപ്പിച്ചതല്ലേ, എനിക്കുമില്ലേ ദേഷ്യം…
അതൊക്കെ എന്റെ സങ്കടം കൊണ്ടാണ്, ഈ നാലു വർഷം അത്രയ്ക്ക് വേദന തിന്നിട്ടുണ്ട്..
വേദനയൊടെയാണ് ഓരോ ദിവസവും കടന്നു പോയത്..
കഴിഞ്ഞതെല്ലാം നമ്മുക്ക് മറക്കാം, ഇനിയും ഒന്നും ഓർമ്മിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നില്ല ഋഷി…..
ഋഷിയെ കണ്ടുപിടിക്കണമെന്നുള്ളത് എന്റെ വാശിയായിരുന്നു…
എനിക്ക് മോഹങ്ങൾ തന്നിട്ട് എന്നെ തനിച്ചാക്കി പോയപ്പോൾ അത് എന്തിനാണെന്ന് അറിയാതെ ഒരുപാട് വേദനിച്ചു…
ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്…
ഇനിയും സമാധാനമായി കിടന്നു ഉറങ്ങിക്കോ എനിക്ക് ഒരു ദേഷ്യവുമില്ല, പിണക്കവുമില്ല…
അതും പറഞ്ഞു ഞാൻ ഋഷിയുടെ മുറിയിൽ നിന്നിറങ്ങി…
വാതിലിൽ എത്തിയപ്പോൾ ഒന്നൂടെ തിരിഞ്ഞു നോക്കി, ഋഷി അതെ നിൽപ്പിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു….
ഋഷി, ഋഷിക്ക് ഇപ്പോഴും എന്നെ ഇഷ്‌ടമാണെങ്കിൽ, നാളെ ഞങ്ങളുടെ ഒപ്പം ഋഷിയും വരണം..
നന്ദു…..
ഋഷി ആ വിളിയോടെ എന്റെ അരികിലേക്ക് ഓടിയെത്തി… എന്റെ കൈകളിൽ ചേർത്തു പിടിച്ചു..
സോറി നന്ദു..
വേദനിപ്പിച്ചതിനും സങ്കടപ്പെടുത്തിയതിനുമെല്ലാം ഒരായിരം മാപ്പ്..
ഋഷിയെന്നെ വലിച്ചടിപ്പിച്ചു ആ നെഞ്ചിലേക്ക്…
എല്ലാം മറന്നു പുതിയ ഒരു നന്ദുവായി, ആ മാറിലേക്ക് ചേർന്നു നിന്നു ഒരിക്കൽ കൂടി..
ഞാൻ കാരണം നമ്മുടെ കുഞ്ഞ്.. വാക്കുകൾ പൂർത്തിയാക്കാതെ ഋഷി വിതുമ്പി…
ഋഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകയായാണെന്ന് എനിക്കു മനസ്സിലായി.
കുറച്ചുനേരത്തിനു ശേഷം പെട്ടെന്ന് ബോധം വന്നതു പോലെ ഋഷിയിൽ നിന്ന് അകന്നു മാറി ഞാൻ…
ഋഷി….
നമ്മുടെ കാര്യം ഋഷിയുടെ അച്ഛനോടും അമ്മയോടും സംസാരിക്കണം..
ഋഷിയുടെ മുഖത്ത് പെട്ടെന്ന് സങ്കടം നിറഞ്ഞു..
നന്ദു…
അമ്മ നമ്മളെ വിട്ടു പോയി, അമ്മയ്ക്ക് ഒരുപാട് ആഗ്രഹമായിരുന്നു നിന്നെയൊന്ന് കാണാൻ..
അമ്മയോട് മാത്രം ഞാനെല്ലാം പറഞ്ഞിരുന്നു…
കഴിഞ്ഞ വർഷം വരെ അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു….
പെട്ടന്നാണ് അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞത്..
അമ്മ പോയതോടെ അച്ഛൻ തകർന്നുപോയി..
എത്ര മുരുടൻ ആയിരുന്നാലും അമ്മയെന്നാൽ അച്ഛന് ജീവനായിരുന്നു. അമ്മയുടെ മരണം അച്ഛനെ തളർത്തി കളഞ്ഞു…..
നമ്മുക്ക് നാളെ അച്ഛന്റെ അടുത്തു പോകാം,അച്ഛൻ പഴയ വീട്ടിൽ തന്നെയാണ്, അമ്മയുടെ ഓർമ്മകളിൽ ജീവിക്കുന്നു..സഹായിക്കാൻ ഒരാളുണ്ട്.. പുറത്തേക്കൊന്നും പോവാറില്ല…
അടുത്ത ദിവസം ഋഷിയും ഞാനും ഒരുമിച്ച് അച്ഛനെ കാണാൻ പോയി, ഋഷി അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങി തിരികെ വരും വഴി മാളുവിന്റെ അടുത്തെത്തി, ഞങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ അദ്യം അമ്പരപ്പും പിന്നീട് സന്തോഷവും അവളുടെ മുഖത്ത് മാറി മാറി വന്നു…
ഋഷിയെ കണ്ടു പിടിക്കാൻ സഹായിച്ച നവീനേട്ടനോട് ഞാൻ നന്ദി പറയുമ്പോൾ ഋഷിയെന്നെ തന്നെ നോക്കി നിന്നു..
ഒരുപാട് നാളുകൾക്ക് ശേഷം മനസ്സ് നിറയെ സന്തോഷവുമായി ആ ദിവസം ഋഷിക്കൊപ്പം നടന്നു, പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ….
വെളുപ്പിനെ ഞങ്ങൾ നാട്ടിലേക്ക് യാത്രതിരിച്ചു….. യെദുവേട്ടൻ എവിടെത്തിയെന്ന് കൂടെ കൂടെ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു… എല്ലാവർക്കും ഏട്ടനെ കാണാനുള്ള കൊതി ആ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…
തറവാട് മുറ്റത്തേക്ക് കാർ കയറുമ്പോൾ യെദുവേട്ടനും ബാലൻമാമയും ഓടിയെത്തി..
കാറിൽ നിന്ന് ഏട്ടനെ ഇറക്കാൻ അവരും സഹായിച്ചു…
പെട്ടന്നാണ് അമ്മയോടിവന്ന് ഏട്ടനെ കെട്ടിപിടിച്ചത്..
എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..
ഏട്ടന്റെ മുഖം കൈകളിൽ എടുത്ത് മതി വരുവോളം മാറി മാറി അമ്മ ഉമ്മ വെച്ചു..
ദേവാ അമ്മയുടെ പൊന്നുമോനെ അമ്മ എന്തെങ്കിലും പറഞ്ഞെന്ന് കരുതി എന്റെ കുട്ടിക്ക് എങ്ങനെ കഴിഞ്ഞു ഇത്രയും കാലം എന്നോട് മിണ്ടാതിരിക്കാൻ….
അമ്മേ…
ദേവട്ടന്റെ കണ്ണുകളും നിറഞ്ഞൊഴുകി…
സന്തോഷം നിറഞ്ഞ കാഴ്ചകളിൽ മനം കുളിർന്ന് ഞാൻ എല്ലാവരെയും നോക്കി സന്തോഷത്തോടെ നിന്നു…
യെദുവേട്ടന്റെയും ഋഷിയുടെയും കൈകൾ ഏട്ടനെ താങ്ങി അകത്തേക്ക് നടത്തിച്ചു..
ഋതുയേട്ടത്തിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് അനായിച്ചു..
അമ്മാമ മീനുട്ടിയെ കെട്ടിപിടിച്ചു കൊഞ്ചിക്കുന്നു..
അച്ഛന്റെ മുഖത്തേക്കായിരുന്നു എന്റെ നോട്ടം..
ആരോടും ഒന്നും മിണ്ടാതെ ആരും കാണാതെ തോളിൽ കിടന്ന തോർത്തെടുത്തു കണ്ണുതുടക്കുന്നു… ഞാൻ അരികിലേക്ക് ചെന്ന് ആ ചുമരിലേക്ക് ചേർന്നു നിന്നു…
അച്ഛൻ സ്നേഹത്തോടെ എന്നെ ചേർത്തു പിടിച്ചെന്റെ നെറ്റിയിൽ ഒരുമ്മ വെച്ചു…
എല്ലാവരും അകത്തേക്ക് കയറി…
പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു…
ഋതുയേട്ടത്തിക്കൊപ്പം ഓടി നടക്കുന്ന നീതുയേട്ടത്തി വീട്ടിലെല്ലാവർക്കും ഒരത്ഭുതം തന്നെയായിരുന്നു….
യെദുവേട്ടനോട് ഞാനതു പറയുമ്പോൾ ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു എന്നഭാവത്തിലൊരു ചിരി !!
അടുത്ത ദിവസം തന്നെ ഏട്ടൻ ഋഷിയുടെയും എന്റെയും വിവാഹ കാര്യം വീട്ടിൽ അവതരിപ്പിച്ചു..
വലിയ എതിർപ്പുകൾ ഒന്നുമുണ്ടായില്ല..
എല്ലാവർക്കും സന്തോഷം..
അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ തീരുമാനവുമായി..
ബാംഗ്ലൂരിൽ നിന്നും മാളുവും നവീനേട്ടനും എത്തി..
ഋഷിയുടെ അച്ഛനെ നാട്ടിലെത്തിക്കാൻ മനോജേട്ടനെ ചുമതലപ്പെടുത്തി…
അടുത്ത കുറച്ചു ബന്ധുക്കളുടെ മുന്നിൽ വെച്ച് അധികം ആർഭാടങ്ങൾ ഇല്ലാതെ തറവാട്ട് അമ്പലത്തിൽ വെച്ച് ഋഷി എന്റെ കഴുത്തിൽ മിന്നു കെട്ടി….
പരസ്പരം തുളസി മാല അണിയിച്ചു….
ഒരു നുള്ള് സിന്ദൂരമെന്റെ നെറ്റിയിൽ ചാർത്തി , കഴുത്തിൽ താലി മലയിട്ടെന്നെ ഋഷി ഒരിക്കൽ കൂടി സ്വന്തമാക്കി..ഋഷിയെന്നെ തോളോട് ചേർത്തു പിടിച്ചെന്റെ ചെവിയിൽ മന്ത്രിച്ചു…
സുന്ദരിയായിട്ടോ എന്റെ നന്ദുട്ടി..
എല്ലാവരും ഒന്നിച്ചു തറവാട്ട് വീട്ടിലേക്ക് കയറുമ്പോൾ അതുവരെ യുള്ള ദുഃഖങ്ങളും പിണക്കങ്ങളും എല്ലാം മറന്നു…
വൈകുന്നേരം കൊച്ചു വർത്തമാനങ്ങളുമായി എല്ലാവരും ഇറയത്തു കൂടി…
പുറത്തു ഓടി കളിക്കുന്ന അപ്പുവും അമ്മുവും മീനുട്ടിയും..
ബാലൻമാമയും ഋഷിയും അവർക്കൊപ്പം മുറ്റത്ത് തന്നെയുണ്ട്…
ഋഷിയുടെ കൂടെ ഞാനും കുട്ടികൾക്കൊപ്പം കൂടി..
ബാലൻമാമ ഞങ്ങൾക്ക് കേൾക്കാൻ എന്നവണ്ണം ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു ഇനിയും മുറ്റത്തൊരുപാട് സ്‌ഥലമുണ്ട് കെട്ടോ
ഒരുപാട് പേർക്ക് ഓടികളിക്കാൻ…
പകുതി കളിയായും കാര്യമായും ബാലൻമാമ അത് പറയുമ്പോൾ എല്ലാവരും ചിരിയോടെ ഞങ്ങളെ നോക്കി..
ഋഷിയുടെ മുഖത്തേക്ക് ഒളികണ്ണാൽ ഞാനും നോക്കി..ഋഷി ഒരു കള്ള ചിരിയോടെ എന്റെ തോളിൽ തട്ടി…….
#അവസാനിച്ചു…….
ഇനിയുള്ള ജീവിതം അവർ സന്തോഷത്തോടെ ജീവിച്ചു കൊള്ളട്ടെ… ഈ കഥ ഇവിടെ അവസാനിക്കുന്നു..
കഥ ഇഷ്‌ടമായോ..നിങ്ങൾക്ക് ഋതുനന്ദയിലെ ഇഷ്‌ടകഥാപാത്രം ആരായിരുന്നു എന്ന് അറിയാൻ ഒരാകാംക്ഷ…
“എനിക്കിഷ്‌ടം നന്ദുവിന്റെ ദേവേട്ടനെയാണ്,ഋതുവിന്റെ നന്ദേട്ടനെയാണ് നിങ്ങൾക്കോ???”
ഉത്തരം തരണേ ❤❤❤
ഇതുവരെ തന്ന എല്ലാ പ്രോത്സാഹനത്തിനും സ്നേഹത്തിനും എന്റെ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി പറയുന്നു….

by