രചന – ജ്വാലാമുഖി
“നോക്കാം ചേച്ചി.. ”
“നോക്കിയാൽ പോരാ നമ്മുടെ ഡിപ്പാർട്മെന്റ് ന്റെ മാനം കാക്കണം… നെക്സ്റ്റ് ഇയർ ഞങ്ങൾ പോയാൽ പിന്നെ നിങ്ങൾ ആണിവിടുത്തെ ഷൈനിങ് സ്റ്റാർസ്… ”
“ഉം.. ”
തിരിച്ചു ക്ലാസ്സിൽ വന്നു ഇരുന്നിട്ടും എനിക്ക് ഇരിപ്പ് ഉറക്കുന്നില്ല… എങ്ങനേലും നാളെ രാവിലെ അയാൽ മതിയാരുന്നു…
ജോസ്ലിൻ സിസ്റ്റർ ഇടയ്ക്കിടെ മൂക്കിന് മേലെ ഉള്ള കണ്ണടയുടെ ഇടയിലൂടെ എന്നെ നോക്കി കണ്ണുരുട്ടി…
ഞാൻ എങ്ങനെയോ വൈകുന്നേരം വരെ ഇരുന്നു…
“എന്താടി വാണി…. രാവിലെ മുതൽ നിന്നെ ശ്രദ്ധിക്കുവാ ഞാൻ… ”
“അത് പൂജ… ആ ചേട്ടൻ ഇല്ലേ… ”
“നീ ഡെയിലി വായിൽ നോക്കുന്ന ഒരുപാട് എണ്ണങ്ങൾ ഉണ്ടല്ലോ അതിൽ ഏതാണ്… ”
“എടി കോപ്പേ… ആ അനിയത്തികുട്ടിയേം കൊണ്ടു വരണ ചെറുക്കൻ… ”
“ഓഹ് ആ ബുള്ളറ്റ്.. ”
“ഉം… ”
“അവനെന്തു പറ്റി…? ”
“പുള്ളി എന്റെ പേര് ചോദിക്കാൻ പറഞ്ഞു അനിയത്തിയെ എന്റെ അടുത്തേക്ക് വിട്ടേക്കുന്നു… ”
“അതിനു നീ സന്തോഷിക്കല്ലേ വേണ്ടേ… ”
“എടി പേര് മാത്രം അല്ല നമ്പർ വരെ ഞാൻ കൊടുത്തേനെ.. പക്ഷെ അപ്പോളേക്കും ഞാൻ ബസിൽ നിന്നും ഇറങ്ങി.. മറുപടി കൊടുക്കാൻ ഉള്ള ടൈം കിട്ടിയില്ല…”
“ഹോ.. ബുദൂസ് നശിപ്പിച്… ”
കുറച്ചു നേരം അവളുടെ ഉപദേശങ്ങൾ കേട്ടു അവിടെ നിന്നതും ബസ് വന്നു…
തിരിച്ചു വീട്ടിൽ കയറുമ്പോൾ അമ്മ ഉമ്മറത്തു ഫോൺ വിളിച്ചു നില്പുണ്ട്… ഇന്ന് വെള്ളിയാഴ്ച അല്ലെ അച്ഛൻ ആകും… അയ്യോ അപ്പോ നാളെ ക്ലാസ്സ് ഇല്ലാലോ…
എന്റെ സകല ഞെരമ്പും ഒന്നിച്ചു വലിഞ്ഞു മുറുകി പൊട്ടിപ്പോയി….
“മോൾ വന്നു ഏട്ടാ..ഫോൺ ഞാൻ അവൾക്കു കൊടുക്കാം… ചായ എടുക്കട്ടെ മോളു.. … ”
“ആ അച്ഛാ… ”
അച്ഛനോട് എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു ഞാൻ അകത്തു കയറി ബാഗ് കട്ടിലിൽ ഇട്ടു… തലയിണയിൽ മുഖം അമർത്തി കിടന്നു…
രണ്ടു ദിവസം എങ്ങനെ കഴിച്ചു കൂട്ടും എന്റെ കൃഷ്ണ…
“അമ്മ… ചായ എടുക്കണ്ട… ഞാൻ കുളിക്കാൻ പോവാ… ”
തോർത്തും സോപ്പും എടുത്തു നേരെ കുളത്തിലേക്കു നടന്നു ഞാൻ…
ഇന്നെനിക്ക് തണുപ്പോ കുളിരോ ഒന്നും തോന്നിയില്ല എടുത്തു അങ്ങ് ചാടി…
കുറച്ചു നേരം നീന്തി തുടിച്ചു കുളിച്ചു…
കണ്ണൊക്കെ ചുമന്നിട്ടുണ്ട്… കുളക്കരയിലെ കണ്ണാടിയിൽ എന്റെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അത് കണ്ണീരിന്റെ ആണോ വെള്ളത്തിൽ കുറെ നേരം നിന്നതിന്റെ ആണോ എന്നെനിക്കു മനസിലാകുന്നില്ല…
“നിന്റെ കുളി കഴിഞ്ഞില്ലേ… എപ്പോ പോന്നതാ ഇങ്ങോട്ട്… ഹോ അല്ലേൽ ബാത്‌റൂമിൽ മാത്രം കുളിക്കുള്ളു തമ്പുരാട്ടി.. അതും ചൂട് വെള്ളം… ഇന്നെന്താ മിസ്സിന്റെ കയ്യിന്നു പണിഷ്മെന്റ് വല്ലതും കിട്ടിയോ… ”
“ഓഹ്.. ചുമ്മാ വന്നതാ അമ്മേ… വെറുതെ എഴുതാപ്പുറം വായിക്കേണ്ട… ”
“ഉം… എങ്കിൽ വേഗം പോയി ഈറൻ മാറി വല്ലതും കഴിക്കു… ”
ചായ കുടിച്ചു ഉമ്മറത്തു വന്നിരുന്നു… അപ്പോളും മനസ്സിൽ ആ മുഖം ആയിരുന്നു… ആ കൊച്ചു ഒന്ന് പേര് ചോതിച്ചപ്പോളേക്കും ഞാൻ ഇങ്ങനെ ഫ്ലാറ്റ് ആയല്ലോ എന്റെ കള്ള കൃഷ്ണ…
ഇതാണോ പ്രണയം… പ്രണയം ഇങ്ങനെ വട്ട് പിടിപ്പിക്കോ?????
ഞാൻ എന്റെ മുറിയിലേക്കു വന്നു ഡോർ അടച്ചു… കണ്ണാടിയിൽ നോക്കി എന്നെ തന്നെ കുറെ നേരം കണ്ടു കൊണ്ടിരുന്നു….
ഓരോ പ്രാന്ത്… അല്ലേൽ കണ്ണാടി ഒന്നും നോക്കാത്ത ഞാൻ ഇപ്പൊ ഇന്ന് തന്നെ രണ്ടാം വട്ടം ആണ്…
ഇഷ്ടം ആകാതിരിക്കാൻ വഴി ഇല്ല…
എന്നാലും ഇനി പെങ്ങളെ നോക്കിക്കോളു… എന്ന്
പറയാൻ ആണോ… ഏയ്… അങ്ങനെ ഒന്നും ആകില്ല…
ഞാൻ ഓരോന്ന് പറഞ്ഞു സ്വയം ആശ്വസിച്ചു…
*****
“ഞാൻ അമ്പലത്തിൽ പോവാട്ടോ… ”
“മോളു നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് അമ്പലത്തിൽ പോകുമ്പോൾ ഈ മുട്ടറ്റം പോന്ന മിഡി ഇടാതെ വല്ല പാട്ടുപാവാട എങ്ങാനും ഇട്ടിട്ടു പോകാൻ… ”
അതൊന്നും സാരമില്ല എന്നും പറഞ്ഞു ഞാൻ നടന്നു…
“അമ്മ… ഞാൻ തറവാട്ടിൽ കേറിയിട്ടേ വരത്തുള്ളൂട്ടാ… ”
“ഉം.. ”
അമ്മ ഇരുത്തി ഒന്നും മൂളിയിട്ടു അകത്തേക്ക് കയറി പോയി…
അമ്പലത്തിലേക്ക് നടക്കുമ്പോൾ ഒരു വല്ലാത്ത കൗതുകം ആയിരുന്നു മനസ്സിൽ…
ദെവിടെ അമ്പലം ആണിത്… നാട്ടുപരദേവത… നല്ല ചുവന്ന പട്ടു തറ്റുടുത്തു സുന്ദരി ആയി നിൽക്കുന്ന ദേവി… ആ മുഖത്തെ തിളങ്ങുന്ന മൂക്കുത്തിയിൽ ആയിരുന്നു എന്റെ കണ്ണുകൾ…
ചുറ്റമ്പലത്തിലൂടെ നടന്നു പ്രാർത്ഥിക്കുമ്പോൾ ആണ് എന്റെ കാലിലെ ഒരു പാദസരം കാണാനില്ല എന്നത് ഞാൻ ശ്രദ്ധിച്ചത്…. കിലുങ്ങുന്ന കൊലുസ്സ് എനിക്കെന്നും വീക്നെസ് ആയിരുന്നു.. ജീൻസ് ഇടുമ്പോളും പാദസരം ഇടുന്ന ഒരേഒരു ഫ്രീക്കത്തി ഞാൻ ആകും…
ഞാൻ ഗണപതിക്ക് മുന്നിൽ ഏത്തമിട്ട് ചുറ്റമ്പലം ഇറങ്ങി…
ആലിന്റെ ചുവട്ടിൽ ശാഖ എടുക്കുന്ന ചേട്ടന്മാരിൽ എന്റെ കുഞ്ഞേട്ടനും ഉണ്ട്…
“കുഞ്ഞെട്ടൊയ്…. ”
കുഞ്ഞേട്ടൻ അവിടന്ന് എണീറ്റു എന്റെ അടുത്തേക്ക് വന്നു…
“ഡി… നിന്നോട് ഇമ്മാതിരി ഡ്രസ്സ് ഇട്ടു നടക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ… അങ്ങോട്ട് വരട്ടെ ഞാൻ.. ഇളയമ്മയെ ഒന്ന് കാണണം… ”
“അമ്മ വേണ്ട എന്ന് പറഞ്ഞതാ എനിക്ക് ഇഷ്ടം ഉണ്ടായിട്ടാ.. ”
കുഞ്ഞേട്ടൻ എന്റെ ചെവി പിടിച്ചു തിരിച്ചതും ഞാൻ ആ കയ്യിൽ പിടിച്ചു കടിച്ചു ഓടി..
വെലിയിലെ കണ്ണുനീർ തുള്ളി പോലെ തൂങ്ങി കിടക്കുന്ന പുൽനാമ്പെടുത്തു ഞാൻ കണ്ണെഴുതി… നേരെ തറവാട്ടിലേക്ക് നടന്നു…
പടിപ്പുര കടന്നതും നല്ല എണ്ണ കാച്ചണ മണം…
ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു…
“അച്ഛമ്മ പെണ്ണേ… ”
“ഓഹ് വന്നോ അച്ചമ്മേടെ വായാടിക്കുട്ടി… ”
“വന്നുലോ… എന്തുട്ടാ ഈ ഉണ്ടാക്കണേ.. ”
“എണ്ണ കാച്ചുന്നു… നല്ല കയ്യൂന്നിയും ചെമ്പരത്തിയും നീലമരിയും ഇട്ടു കാച്ചുന്നതാ… നിന്റെ മുടിയൊക്കെ ചകിരി പോലെ ആയിരിക്കണൂ… ഗൗരി പറഞ്ഞിരുന്നു എണ്ണ പുരട്ടാൻ നല്ല മടിയാണെന്നു.. അതെങ്ങനാ കണ്ട ഷാംപൂ ഒക്കെ തേച്ചു നടക്കല്ലേ… ”
“അയ്യേ… ഈ എണ്ണ ഒന്നും ഞാൻ തേക്കില്ല… ”
“വല്യച്ചനെ വിളിക്കണോ ഞാൻ… ”
“വേണ്ട… എനിക്ക് ഈ എണ്ണമയം ഇഷ്ടല്ല അച്ചമ്മേ.. ”
“നിന്നെ ഇപ്പൊ കണ്ടാൽ തമിഴത്തികൊച്ചു പോലെ ഉണ്ട് വാണി… ”
ഞാൻ ഒന്നും മിണ്ടാതെ അടുക്കളഭാഗത്തെ കുലച്ചു നിൽക്കുന്ന ഇരുമ്പൻ പുളി ഒരെണ്ണം പൊട്ടിച്ചു കടിച്ചു മുറിച്ചു കഴിച്ചു… ഇതു കണ്ട അച്ഛമ്മ വായിൽ വന്ന വെള്ളം നീട്ടി തുപ്പി…
“വാണിക്കുട്ടി… നാളെ ചിപ്പി ചേച്ചിയെ കാണാൻ ഒരു കൂട്ടർ വരനുണ്ട്… നീ ഇനി ഇന്ന് പോണ്ട.. ഗൗരി യോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞോളാം… ”
“ചിപ്പി ചേച്ചി നെ കല്യാണം കഴിപ്പിച്ചു വിടാൻ പോവണോ… ”
“പിന്നെ പെൺപിള്ളേർ പ്രായം അയാൽ ഇവിടെ പിടിച്ചു നിർത്താൻ പറ്റോ.. ”
“ഓഹ്… ”
“ദേവൻ വന്നിട്ട് വേണം മോൾടേം ജാതകം ഒന്ന് പോയി നോക്കാൻ… എന്നിട്ട് പറ്റിയത് ഒരെണ്ണം കണ്ടു പിടിക്കണം… ”
“എങ്കിൽ വേഗം ആയിക്കോട്ടെ.. കോളേജിൽ പോയി മടുത്തു എനിക്ക്.. ”
“ഹോ ഇങ്ങനെ ഒരു മടിച്ചി പാറു എന്റെ മോനു എങ്ങനെ ഉണ്ടായോ ആവോ… ”
ഞാൻ പറമ്പിലൊക്കെ നടന്നു… കശുമാങ്ങ ചാമ്പങ്ങയുടെ പൂവൊരെണ്ണം എടുത്തു കടിച്ചുപിടിച്ചു ആലോചിച്ചു നിന്നു…
ഇനി അച്ഛൻ വന്നാൽ എന്നെയും പിടിച്ചു കെട്ടിക്കോ.. ഏയ് അതാ നല്ലത്.. അയ്യോ അപ്പൊ ആ ചേട്ടൻ… !!!
വീണ്ടും എന്റെ ചിന്തകൾ അങ്ങോട്ട് തന്നെ പാഞ്ഞു…
വൈകിട്ട് അമ്മ തറവാട്ടിലേക്ക് വന്നു… എല്ലാവരും കൂടെ നാളെ വരുന്ന ചെക്കന്റെ വീട്ടുകാരെ കുറിച്ചായി ചർച്ച…
ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല… ചിപ്പി ചേച്ചി ഒക്കേം കേട്ടിട്ട് കേൾക്കാത്ത പോലെ ഇരിക്കുന്നുണ്ട്… വല്ല പ്രേമോം ആണോ ഇനി… നമ്മുടെ കുരുട്ട് ബുദ്ധിയിൽ അങ്ങനെ അല്ലെ തെളിയുള്ളു…
****
രാവിലെ കുളിച്ചു നല്ല കുട്ടിയായി ഞാൻ മുകളിലെ മുറിയുടെ ജനലിലൂടെ നോക്കി നിന്നു…
അവർ വരേണ്ട സമയം ആയിരിക്കുന്നു…
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം ആണ്…
ചേച്ചി ഒരുങ്ങി നില്പുണ്ട്… പടിപ്പുര കടന്നു വന്ന ഇന്നോവയിൽ നിന്നും ചെക്കനും കൂട്ടരും ഇറങ്ങി…
അപ്പോളാണ് ചെക്കനെ ഞാൻ ശ്രദ്ധിച്ചത്… എന്റെ സകല ശക്തിയും ചോർന്നു വീഴാതിരിക്കാൻ ഞാൻ ജനലിൽ പിടിച്ചു നിന്നു…
തുടരും..

by