രചന – ഗൗരി ലക്ഷ്മി
ആ പിള്ളേര് ഏതാ ജോയെ..
റോയുടെ അകന്ന ബന്ധത്തിലുള്ള സൈമൺ സ്റ്റെഫിയുടെ ഭർത്താവ് ജോയ്‌യോട് ചോദിച്ചു..
അത് നമ്മുടെ കമ്പനിയിലെ പിള്ളേരാ..
ഈ സ്റ്റാഫിനെ ഒക്കെ അച്ചായൻ എന്നാതിനാ ഇങ്ങനെ തലേൽ കേറ്റി വെച്ചേയ്ക്കുന്നെ..
സൈമണത് ഇഷ്ടമായില്ല..
ഇതും പറഞ്ഞങ്ങോട്ട് ചെല്ല്..
ഇവറ്റകളെ ഒന്നും വിശ്വസിക്കാൻ പറ്റുകേലാന്നെ.. റോയിച്ചന് ആവശ്യത്തിനും സ്വത്തും പണവും ഉണ്ട്. ജോളിമ്മയ്ക്ക് ആന്നേൽ മിണ്ടാനും പറയാനും കഴിയേമില്ല.. പിന്നെ ഉള്ളത് നിങ്ങളാണ്..മക്കളുമില്ല ഒന്നുമില്ല.. ഉണ്ടായിരുന്ന ഒന്നിനെ കൊച്ചു പ്രായത്തിൽ തന്നെ ഓടേതമ്പുരാൻ അങ്ങു വിളിച്ചില്യോ..ഇതിപ്പോ ഒരു അവസരമായി കണ്ടിട്ടുണ്ടാകും അവർ.. എന്നായാലും നമ്മളെ പോലെ ബന്ധുക്കളൊന്നും അല്ലല്ലോ. ഇങ്ങനെ ചേർത്തു പിടിക്കാൻ..
സൈമൺ പറഞ്ഞു..
അതേടോ.. അവരാരും എന്റെ ചോരേല് പിറന്ന എന്റെ മക്കളല്ല.. പക്ഷെ സ്വത്തും പണവും കണ്ട് കൂടെ കൂടുന്ന ബന്ധുക്കളേക്കാളൊക്കെ വലുതാ അവരെനിക്ക്..
തനിക്ക് ഓർമയുണ്ടോ എന്നറിയുകേല.. എന്റെ സാറ മോള് പോയപ്പോ മുതൽ ഈ കഴിഞ്ഞ കൊല്ലം വരെ കമ്പനി നിലത്തോട്ട് കൂപ്പ് കുത്തുവായിരുന്നു.. കടം കേറി ഒരു പരിവമായി നിന്ന സമയത്ത് നിങ്ങളിൽ ഒരാൾ പോലും റോയിയേം പെണ്ണിനേം അന്വേഷിച്ചു വന്നില്ലല്ലോ..
കമ്പനിയിലുള്ള 4ഓ 5ഓ പേരെ നിർത്തിയിട്ട് ബാക്കിയുള്ളോരെ എല്ലാം പറഞ്ഞു വിട്ടത് കഴിഞ്ഞതിന്റെ മുന്നിലത്തെ ഒക്ടോബറിലാണ്.. അന്നെനിക്ക് ബാങ്കിൽ ആകെ ബാക്കി 3 ലക്ഷം രൂപയായിരുന്നു..പോരാത്തേന് കമ്പനിടെ പേരിൽ വന്ന ജപ്തി നോട്ടീസും..
അന്ന് ഞാൻ അല്ലിയോടും പറഞ്ഞതാ പൊയ്ക്കോളാൻ..
അന്നവൾ പോയി.. പക്ഷെ പിറ്റേ ദിവസം രാവിലെ വന്നത് ഒരു ഫയലുമായിട്ടാ.. അവൾക്ക് പേഴ്സണലായി വന്ന ഒരു കൊച്ചു പ്രോജക്റ്റ്.. അന്നവൾ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്.. കമ്പനിയിൽ പൂർണ്ണ സ്വാതന്ത്ര്യം അവൾക്ക് കൊടുത്താൽ ജപ്തിയിൽ നിന്നും രക്ഷപെടാമെന്ന്. വെറുതെ ഞാനൊന്ന് ചിരിച്ചുകൊടുത്തു..
പിറ്റേന്ന് അവൾ രണ്ടു പേരുടെ പേര് തന്നു. അപ്പോയിന്റ് ചെയ്യാൻ. ഞാൻ ചിരിച്ചു തള്ളി.. പക്ഷെ എന്തോ ഞാൻ വൈകീട്ട് അത് ജോളിയോട് പറഞ്ഞപ്പോ അവളത് ചെയ്യാനാ പറഞ്ഞേ..
അങ്ങനെ വന്നതാ ആദിയും ക്രിസ്റ്റിയും.. അവര് മൂന്നുപേരും ഒന്നിച്ചു പഠിച്ചതാ..
രാവും പകലും നോക്കാതെ ആ പിള്ളേര് ജോലി ചെയ്തു. ചിലപ്പോ സ്വന്തം കയ്യീന്ന് കാശ് മുടക്കി ട്രെയിനിൽ വരെ കേറി പോയി അവര് വർക്ക് പിടിച്ചു.. അങ്ങനെ ആ പിള്ളേരുടെ അധ്വാനം കൊണ്ടാ 3 ലക്ഷവും ബാധ്യതകളും മാത്രമായിരുന്ന എന്റെ അക്കൗണ്ടിൽ ഇന്നിപ്പോ താൻ പറഞ്ഞ ബാലൻസ് ഉണ്ടായത്..
ഇപ്പോഴും അതുങ്ങൾ അവരുടെ ശമ്പളമേ വാങ്ങിയിട്ടുള്ളൂ.. എനിക്കും ജോളിക്കും അവര് മക്കളാണ്.. അവരെ പറ്റി ആരും ഒന്നും പറഞ്ഞാൽ ഈ റോയ് കുരുവിള സഹിക്കുകേല..
റോയ് സൈമണെ നോക്കി.
ജോയിച്ചാ.. എല്ലാർക്കും കഴിക്കാൻ കൊടുക്ക്. എന്നിട്ടിറങ്ങാം.. ജോളിയ്ക്ക് ഒത്തിരിനേരം തണുപ്പടിക്കാൻ പറ്റുകേലാ..
റോയ് പറഞ്ഞതും ജോയ് തിരിഞ്ഞു നടന്നു. സൈമണെ ഒന്നു നോക്കി റോയും തിരിഞ്ഞു നടന്നു. അയാൾ പറഞ്ഞത് ഇഷ്ടപ്പെടാത്ത വണ്ണം സൈമണും പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി..
***********************
ഠോ…
അല്ലിയുടെ പെട്ടെന്നുള്ള ശബ്ദം കേട്ടതും ഞെട്ടലോടെ ആദി അവളെ നോക്കി..
അല്ലിയും ക്രിസ്റ്റിയും ചിരിയോടെ നിൽക്കുന്നു..
നീ മിണ്ടേണ്ട…
ആദി തിരിഞ്ഞു നിന്നു..
അല്ലിയും ക്രിസ്റ്റിയും തമ്മിൽ നോക്കി ചിരിച്ചു..
ഡോ..
അല്ലി അവനു നേരെ ഒരു താക്കോൽ നീട്ടി.. അവനത് സംശയത്തോടെ നോക്കി ..ശേഷം അവരെയും..
ഫ്ലാറ്റ് നമ്പർ 12 ബി.. സ്‌കൈലൈൻ അപ്പാർട്ട്‌മെന്റ്..
അതും പറഞ്ഞല്ലി വെളുക്കെ ചിരിച്ചു. ആദിയവളെ സംശയത്തോടെ നോക്കി..
സോറി മോനെ… അപ്പാർട്ട്‌മെന്റിൽ 13 സി ഫ്ലാറ്റ്.. അതിന്റെ കീയാ.. നിനക്കും നിന്റെ കേട്ട്യോൾക്കും കേറി കിടക്കാൻ..
അല്ലി തെല്ല് പരിഭവത്തോടെ പറഞ്ഞു നിർത്തിയതും ആദിയുടെ ചുണ്ടിലൊരു പുഞ്ചിരി മിന്നി..
അയ്യട.. കിണി കണ്ടോ ക്രിസ്റ്റി.. ഇപ്പോഴാ മണവാളന്റെ മോന്തായം ഒന്ന് തെളിഞ്ഞത്..
ക്രിസ്റ്റി വെറുതെ ചിരിച്ചതെയുള്ളൂ..
ഇയാളെന്തോന്നിത്.. ഡോ വാ തുറന്ന് വല്ലോം പറയ്..
അല്ലി ക്രിസ്റ്റിയെ നോക്കി..
നിങ്ങൾ സംസാരിക്ക്..
ക്രിസ്റ്റി അതും പറഞ്ഞു പോയി. ആദി അവൻ പോയതും നോക്കി നിന്നു..
കീ..
അവൾ താക്കോൽ നീട്ടിയതും അവനവളെ ചേർത്തു പിടിച്ചു..
താങ്ക്സ് എലോട്ട് ടാ..
അവൻ പറഞ്ഞു..
ഓ വരവ് വെച്ചു . പോടാ..നീ കാര്യം കാണാനുള്ള അടവാ.
അവളാ കയ്യും തട്ടി നടന്നു..
ആദി ചിരിയോടെ ചെന്നവളുടെ തോളിൽ തൂങ്ങി..
ചോറി.. എനിക്കറിയായിരുന്നു നീ എങ്ങനേലും ശെരിയാക്കുമെന്ന്.. അതായിരുന്നു ആകെയുള്ള പ്രതീക്ഷ. അറിയാല്ലോ..നിയേടെ പപ്പ കാര്യമറിയും മുൻപ് കല്യാണം രജിസ്റ്റർ ചെയ്യണം… സത്യത്തിൽ ഇപ്പൊ മനസ്സ് നിറയെ പേടിയാ.. ആരേം വിശ്വാസമില്ല എനിക്കിപ്പോ..ആരെങ്കിലും വഴി അങ്ങേര് കാര്യമറിഞ്ഞാൽ തീരും എല്ലാം. ചിലപ്പോ ഞാനടക്കം..
ആദിയുടെ മുഖം മാറി..
അല്ലി അവനെ നോക്കി..
ഒപ്പിടാൻ ആളെ തികച്ചോ..
അല്ലി വിഷയം മറ്റുവാനായി ചോദിച്ചു .
ഒന്ന് നീ… പിന്നെ നമ്മുടെ ശിവയും എത്തും അവിടെ..
ഞാനോ..
ദേ പെണ്ണേ.. മുഹൂർത്തത്തിനു കാലു മാറിയാൽ കൊല്ലും ഞാൻ.. ഇതിപ്പോ ആ അമേരിക്കൻ കമ്പനിയുമായി ഉള്ള മീറ്റിങ്ങിൽ ക്രിസ്റ്റി പങ്കെടുക്കേണ്ടതോണ്ടാ.. അല്ലേൽ ഞാനവനെ കൂടെ കൂട്ടിയേനെ. നിങ്ങൾ രണ്ടുമല്ലെടാ എന്റെ ധൈര്യം..
നിങ്ങൾ രണ്ടും ചുറ്റുമുള്ളപ്പോൾ കിട്ടുന്ന ധൈര്യോന്നും ഒറ്റയ്ക്കാകുമ്പോ കിട്ടില്ല..
ആദി പറഞ്ഞു..
ക്രിസ്റ്റി ആകെ സങ്കടത്തിലാ.. അടേം ചക്കരേം
പോലെ ഒരു മുറിയിൽ ഉറങ്ങിയിരുന്നവർ ഇനിയിപ്പോ രണ്ടു ഫ്ലാറ്റിൽ ആകുന്നതിന്റെ സർവ്വ സങ്കടവും അവനുണ്ട്..
അല്ലി പറഞ്ഞു. ആദിയുടെ മുഖവും മങ്ങി..
എനിക്കും മനസ്സിലായി.. സത്യത്തിൽ ഇത്രയും പെട്ടെന്ന് കല്യാണം ഞാനും മനസ്സിൽ കരുതിയിരുന്നതല്ല.. കാർത്തിയും നീയും തമ്മിലുള്ള കല്യാണത്തിന് ശേഷം വീട്ടിൽ കാര്യം അവതരിപ്പിക്കാം എന്നാ കരുതിയത്..
ഇതിപ്പോ…
അല്ല നീ ആന്റിയോടും അങ്കിളിനോടും പറഞ്ഞോ..
ആദി അല്ലിയെ നോക്കി..
മ്മ്.. അമ്മയ്ക്ക് ഒരു പേടിയുണ്ട്.. അങ്ങോട്ട് പോകുമ്പോ.. പോലീസിൽ അറിയിച്ചോ എന്നൊക്കെ ചോദിച്ചു.. അച്ഛൻ പിന്നെ നിന്നോട് ഒരു ഓൾ ദി ബെസ്റ്റ് പറയാൻ പറഞ്ഞു..
അല്ലി പറഞ്ഞു. ആദി ചിരിച്ചു..
സത്യത്തിൽ കല്യാണത്തിന് മുൻപ് പോയി അങ്കിളിന്റെയും ആന്റിയുടെയും ടോമങ്കിളിന്റെയും അച്ഛന്റേം അമ്മയുടേം അച്ചമ്മേടേം ഒക്കെയും അനുഗ്രഹം വാങ്ങണം എന്നു കരുതിയതാ..പക്ഷെ. ഇതിപ്പോ ഒന്നും നടക്കില്ല..
ആദി പറഞ്ഞു..
സാരമില്ല..
റോയിച്ചനോട് പറയുന്നില്ലേ..
അല്ലി അവനെ നോക്കി..
പറയാതെ പിന്നെ.. ജോളിമ്മേടേം റോയിച്ഛന്റേം അനുഗ്രഹം വാങ്ങാതെ പോകാൻ പറ്റുമോ.. ഒന്നാമത് റോയിച്ഛന് ശത്രുക്കൾ കൂടുവാ.. ക്രിസ്റ്റി ഇവിടെ ഉള്ളതാ ആകെയുള്ള ധൈര്യം…
ആദി പറഞ്ഞു..
അല്ലി പുഞ്ചിരിച്ചു..
അല്ലീ.. ദേ രണ്ടാളെയും ജോളിമ്മ അന്വേഷിക്കുന്നു കഴിക്കാൻ..
ക്രിസ്റ്റി വരാന്തയിൽ നിന്നു വിളിച്ചു പറഞ്ഞു..
വാ..
അല്ലിയും ആദിയും അകത്തേയ്ക്ക് ചെന്നു.. ആദി ക്രിസ്റ്റിയുടെ തോളിലേയ്ക്ക് കയ്യിട്ട് അകത്തേയ്ക്ക് നടന്നു. പുറകെ പുഞ്ചിരിച്ചുകൊണ്ട് അല്ലിയും.. മനോഹരമായ സൗഹൃദം..
*************************
കിടന്നു.. ജോളിമ്മ കിടക്കാഞ്ഞത് എന്താ..
അല്ലി ചോദിച്ചു..
ഉറക്കം വന്നില്ല എന്ന് അവർ ആംഗ്യം കാണിച്ചു..
അധികം ഉറക്കളയ്ക്കേണ്ട.. നല്ല കുട്ടിയായി പോയി കിടന്നുറങ്ങിക്കേ..
അല്ലി ശാസനയോടെ പറഞ്ഞതും അവർ പുഞ്ചിരിച്ചു..
റോയിച്ഛൻ എന്തിയെ..
അല്ലി ചോദിച്ചതും സിഗരറ്റ് വലിക്കുന്നു എന്നവർ ആംഗ്യം കാണിച്ചു..
ഒരെണ്ണമാണ് റേഷൻ ഇന്നിപ്പോ മൂന്നാമത്തെയാണ്.. ഞാൻ നാളെ മുതൽ രണ്ടീസം നോ സിഗരറ്റ്.. ഞാൻ പറഞ്ഞു എന്നു പറഞ്ഞേക്കൂ..
അല്ലി പറഞ്ഞു..
അവർ പുഞ്ചിരിച്ചു ഏറ്റു എന്നു കൈ കാണിച്ചു..
അപ്പൊ ശെരി. ഇനി ഫോണുമായി ഇരിക്കേണ്ട. നാളെ കാലത്തെ ഞാനും ആദിയും കൂടെ വരുന്നുണ്ട്. കല്യാണത്തിന് അനുഗ്രഹം വാങ്ങാൻ..
അല്ലി പറഞ്ഞതും അവരുടെ മുഖമൊന്ന് വാടി.. പക്ഷെ പെട്ടെന്ന് തന്നെ ആ പുഞ്ചിരിയുടെ ആവരണം അവരെടുത്തണിഞ്ഞു..
അപ്പൊ നല്ല കുട്ടിയായി എന്റെ ജോളിമ്മ ഉറങ്ങിക്കേ.. മരുന്ന് കഴിച്ചോ..
അവർ അതെയെന്ന് തലയാട്ടി..
അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു അൽപ്പനേരം കഴിഞ്ഞാണ് ഫോൺ വെച്ചത്.. ജോളിമ്മ നിറ പുഞ്ചിരിയോടെ വീഡിയോ കോൾ കട്ട് ചെയ്തു തിരിഞ്ഞതും കണ്ടു വാതിൽക്കൽ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന റോയെ..
അവർ ചിരിച്ചു..
വെച്ചോ കാന്താരി..
അവർ തലയനക്കി..
അയാൾ ചെന്ന് അവരുടെ അടുത്തായി ഇരുന്നു..അവരെ ചേർത്തു പിടിച്ചു.
എന്ത് പറഞ്ഞു പുന്നാര മോള്..
അയാൾ ചോദിച്ചു…
സിഗരറ്റ് നാളെയും മറ്റെന്നാളും ഇല്ല എന്നവർ ആംഗ്യം കാണിച്ചു.. പിന്നെ നാളെ കല്യാണം പറയാൻ ആദി വരുന്നുണ്ടെന്നും.. അത് കേട്ടതും അയാളുടെ മുഖവും വാടി..
പോട്ടെ അവരുടെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ എന്നു ജോളി കൈ കാണിച്ചു..
അതേടോ.. അവർ ഒന്നിക്കണമെന്നായിരുന്നു എന്റെയും ആഗ്രഹം.. അവര് മൂന്ന് പേരും.. മിത്ര മോളെ പിന്നെ നമുക്ക് അറിയാമല്ലോ.. ക്രിസ്റ്റിയ്ക്ക് മോളേക്കാൾ ചേർന്ന വേറെ ആരുമില്ല.. പക്ഷെ ആദിയും അല്ലിയും.. അവര് ഒന്നിക്കുമെന്ന് തന്നെയാണ് ഞാനും കരുതിയിരുന്നത്..നല്ല ചേർച്ചയായിരുന്നു രണ്ടാളും..പെരുമാറ്റവും അതേ.. ഞാൻ കരുതിയിരുന്നത് അവർ തമ്മിൽ പ്രണയമാണെന്നാണ്..
അത്രയ്ക്കടുപ്പമല്ലേ രണ്ടാളും തമ്മിൽ..പക്ഷെ കാർത്തിക്കിന്റെ ആലോചന വന്നു എന്ന് അല്ലി മോളുടെ അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഞെട്ടലായിരുന്നു.. മോളതിനെ എതിർക്കുമെന്ന് തന്നെയാ തന്നെപ്പോലെ ഞാനും വിചാരിച്ചത്..
അവൾ കല്യാണത്തിന് സമ്മതിച്ചപ്പോൾ വല്ലാത്ത ഞെട്ടലായിരുന്നു. അത് കേട്ടപ്പോഴുള്ള ആദിയുടെ സന്തോഷം കണ്ടപ്പോൾ അതിനേക്കാൾ അത്ഭുതമായിരുന്നു. ഇപ്പൊ ആദിയും ആ കൊച്ചും തമ്മിലുള്ള കല്യാണം..അതിനും ഓടി നടക്കുന്നത് അല്ലി മോളാണ്…
റോയ് പറഞ്ഞു.. ജോളി അയാളുടെ തോളിൽ കൈ വെച്ചു..
ഹാ.. അവരുടെ ഇഷ്ടം നടക്കട്ടെ.. അല്ലാതെ നമ്മളെന്ത് പറയാനാ.. പിന്നെ ഒരു കാര്യമുണ്ട് കേട്ടോ.. അല്ലിയുടെ അച്ഛനും ആദിയുടെ അച്ഛനും അവരെ തമ്മിൽ കല്യാണം കഴിപ്പിക്കണം എന്നുണ്ടായിരുന്നു.. ഒരിക്കൽ പ്രദീപ് എന്നോട് പറഞ്ഞതാണ്..പിള്ളേര് തമ്മിൽ അങ്ങനെ ഒന്നില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്ത് ചെയ്യാനാ.. അവർക്ക് കിട്ടുന്ന ജീവിതം അവർ നന്നായി ജീവിക്കട്ടെ..
റോയ് ആശ്വസിക്കാണെന്നോണം പറഞ്ഞു..
കല്യാണത്തിന് പോകുന്നോ എന്ന് ജോളി ചോദിച്ചു..
ഇല്ല. ആ അമേരിക്കൻ കമ്പനിയുമായുള്ള പ്രോജക്റ്റ് ഡിസ്കഷൻ.. ക്രിസ്റ്റിയാണ് പ്രെസെന്റേഷൻ ചെയ്യുന്നത്. കൂടെ നിൽക്കണം.. അവനു ഒന്നാമത് അൽപ്പം ടെന്ഷനുണ്ട്..
റോയ് പറഞ്ഞു..
അല്ലിമോളും ആദിയും കൂടെയാ പോകുന്നത്.. പിന്നെ ആദിയുടെ ഏതോ ഫ്രണ്ടും ഉണ്ടെന്ന്.. ഹാ എന്നായാലും ആ പെങ്കൊച്ചിന്റെ അപ്പനത് സമ്മതിക്കത്തില്ല.. പിന്നെ വിളിച്ചിറക്കി കൊണ്ടുവരണം.. ആ അവനത് ചെയ്യും. പണ്ട് 30 കൊല്ലം മുമ്പ് ഞാൻ ചെയ്തതല്ലേ..
ജോളിയുടെ ചുണ്ടിലൊരു കുസൃതി ചിരി മിന്നി..
പെട്ടെന്ന് ജോളിയുടെ വാട്ട്‌സ്ആപ്പിൽ കിടന്നില്ലേ എന്ന മെസേജ് വന്നു..
വേഗം കിടന്നോ.. ഇല്ലേൽ അല്ലിമോള് വിളിച്ചു വഴക്ക് പറയും . വാ..
അയാൾ പറഞ്ഞതും അവർ കിടന്നു എന്നും ഗുഡ് നൈറ്റ് എന്നും മെസേജ് അയയ്ച്ചു നെറ്റും ഓഫാക്കി കിടന്നു..
റോയുടെ കൈകൾ അവരെ പൊതിഞ്ഞതും അവരുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു..
ഏതോ ഓർമയിൽ അവരുടെ നെഞ്ചോന്ന് നീറി..
ഒരു കുറുമ്പി പെണ്ണിന്റെ മുഖം അവരുടെ ഉള്ളിൽ നിറഞ്ഞു..
അല്ലിയോളം പോന്ന ഒരു കുസൃതി കുടുക്ക..
എപ്പോഴും പാൽ പുഞ്ചിരിയുമായി തന്റെ തോളിൽ തൂങ്ങി നടന്നവൾ.. തന്റെ സാറ മോള്..
അവരുടെ നിറഞ്ഞ കണ്ണുകൾ ഇരുട്ടിൽ അയാൾ കാണാതെ സമർത്ഥമായി ഒളിപ്പിക്കുമ്പോഴും തന്റെ അരികിൽ കിടക്കുന്നവന്റെ ഹൃദയത്തിലും ആ മുഖം വേദന നിറയ്ക്കുന്നുണ്ടെന്ന് അവർ അറിയുന്നുണ്ടായിരുന്നു..
പരസ്പരമൊന്നും പറയാതെ. ഒരാശ്വാസ വാക്ക് പോലും ഉരിയാടാതെ അവർ അവരുടേതായ ഓർമകളിലേക്ക് ചുരുങ്ങി.. ആ രാത്രിയെ വരവേറ്റു…
*************************
നാളെ ഉച്ച കഴിഞ്ഞിറങ്ങാം.. ഫ്ലാറ്റ് ഒന്ന് ക്ളീൻ ആക്കണം..
അല്ലി പറഞ്ഞു..
മ്മ്..
അല്ലി.. കാർത്തി പിന്നെ വിളിച്ചില്ലേ..
ആദി ചോദിച്ചു..
ഇല്ല.. ഇന്നിനി വിളി ഉണ്ടാകില്ല..
അല്ലി പറഞ്ഞു..
ഇവനെന്താ ഇങ്ങനെ.. ഇങ്ങനെ പോയാൽ കല്യാണം കഴിഞ്ഞ് കഴിഞ്ഞാൽ നിന്നെ ജോലിക്ക് പോലും വിടാൻ സാധ്യത ഇല്ലല്ലോ..
ആദി പറഞ്ഞു.. അല്ലിയൊന്നും മിണ്ടിയില്ല..
ഹാ.. നീയിനി ഫോണുമായി നിൽക്കേണ്ട.. കിടന്നോ.. ക്രിസ്റ്റി എന്നേം നോക്കിയിരുന്നു ഉറങ്ങിയെന്ന് തോന്നുന്നു..
ആദി പറഞ്ഞു.. അല്ലി മറുപടിയില്ലാതെ ഫോൺ വെച്ചപ്പോഴേ മനസ്സിലായി അവൾ മൂഡോഫ് ആയെന്ന്… വീട്ടിലും വിളിച്ചു അമ്മയെയും അച്ഛനെയും കണ്ട് സംസാരിച്ച ശേഷമാണ് അവൻ അകത്തേയ്ക്ക് ചെന്നത്..
ക്രിസ്റ്റിയപ്പോഴും ലാപ്പിന്റെ മുൻപിൽ തന്നെയായിരുന്നു..
കിടക്ക് ക്രിസ്റ്റി..
ആദി പറഞ്ഞതും ക്രിസ്റ്റി അവനെ നോക്കി പുഞ്ചിരിച്ചു.. ശേഷം ലാപ്പ് ഓഫാക്കി വന്ന് ആദിയോടൊപ്പം കിടന്നു..
മിത്ര വിളിച്ചോടാ..
ആദി ചോദിച്ചു..
നിന്നെ തിരക്കി..പിന്നെ അവിടുത്തെ മദറിന്റെ പിറന്നാളാണത്രെ നാളെ. അതിന്റെ തിരക്ക്..
നമുക്ക് ഈ തിരക്കൊക്കെ ഒഴിഞ്ഞാൽ ഉടനെ ടോമങ്കിളിനെ കൊണ്ടുവന്ന് ഓഫിഷ്യലായി പെണ്ണ് ചോദിക്കാൻ..
മ്മ്..ഞാനും അതോർത്തു.. സാധാരണ 18 വയസ്സ് കഴിഞ്ഞാൽ അവിടെ അങ്ങനെ നിർത്തില്ല.. ഓർഫനേജ് അല്ലെ.. പിന്നെ മിത്രയുടെ കണ്ടീഷൻ അറിയാവുന്നത് കൊണ്ടും മദറിന് അവളോടൊരു സ്‌പെഷ്യൽ അടുപ്പം ഉള്ളതുകൊണ്ടുമാ അവളവിടെ നിൽക്കുന്നത്..
ക്രിസ്റ്റി ആലോചനയോടെ പറഞ്ഞു..
അല്ലി പറഞ്ഞതല്ലേ അവളുടെ വീട്ടിലേയ്ക്ക് മിത്രയെ നിർത്താമെന്ന്.. നിങ്ങൾ രണ്ടാളും തന്നെയല്ലേ എതിർത്തത്..
അത് വേണ്ട ആദീ.. വേറൊന്നുമല്ല.. ഓർഫനേജിൽ നിന്നവൾ ഇനി വരുന്നത് മറ്റാരുടെയും വീട്ടിലേയ്ക്ക് ആകരുത്.. അതിനി എന്റെ പാതിയായി എന്റെ വീട്ടിലേയ്ക്ക് വന്നാൽ മതി.. അതൊരു ഡ്രീമാണ്..
അവൻ പറഞ്ഞു. ആദി പുഞ്ചിരിച്ചു..
റിയലി.. എനിക്ക് നല്ല പേടിയുണ്ട് കേട്ടോ ആദി..നീയും അല്ലിയും ഇല്ലാതെ പ്രോജക്റ്റ് പ്രസന്റേഷൻ..
ഹേയ്.. നീ ടെന്ഷനാകേണ്ട.. റോയിച്ഛനുണ്ടല്ലോ ഇവിടെ.. റോയിച്ഛനുണ്ടാകും നിന്റെ കൂടെ.. പിന്നെ ഇത് മാറ്റി വെയ്ക്കാൻ പറ്റാത്ത അവസ്ഥയായത് കൊണ്ടല്ലേടാ..
അറിയാല്ലോ.. നിയയ്ക്ക് അവിടെ അധികം പിടിച്ചു നിൽക്കാൻ കഴിയില്ല.. ഇപ്പൊ തന്നെ വീട്ടിൽ നിന്ന് വല്ലാത്ത പ്രഷറാണ്..
എന്റെ കാര്യം അവൾ മമ്മിയോട് പറഞ്ഞതിന്റെ പേരിൽ ഒരുപാട് സഹിച്ചു പാവം.. ഒരുപാട് അടിച്ചു എന്നാണ് പറഞ്ഞത്.. ജിജോയുമായി കല്യാണം ഉറപ്പിച്ചെന്നും പറഞ്ഞവൾ വല്ലാത്ത കരച്ചിലായിരുന്നു..
ജിജോയോടും അവൾ സംസാരിച്ചതാണ് വിവാഹത്തിന് താൽപര്യമില്ലെന്ന്.. അയാൾക്കും അവളുടെ സ്വത്തുക്കളാണ് വലുത്..
ആദി പറഞ്ഞു..
ഹേയ്.. നീയിനി അതൊന്നും ഓർക്കേണ്ട. വിളിച്ചുകൊണ്ട് പോരെ അവളെ.. നമ്മുടെ ഇടയിലാകുമ്പോൾ അവളുടെ സങ്കടമൊക്കെ അൽപ്പം കുറയും. പിന്നെ നിന്റെ വീട്ടിലും എതിർപ്പൊന്നും ഇല്ലല്ലോ..
ഹേയ്..അച്ഛനും അമ്മയ്ക്കും ചെറിയൊരു പേടിയുണ്ടെന്നെയുള്ളൂ.. അറിയാല്ലോ അവളുടെ അപ്പനെ.. മംഗളൂരിൽ അയാളുടെ നാട്ടിലെ കിരീടം വെയ്ക്കാത്ത രാജാവാണ് അയാൾ.. മലയാളി ആണെങ്കിലും അയാൾക്ക് അവിടെ ഒരുപാട് ബന്ധങ്ങളുണ്ട്. കോടികളുടെ ആസ്തിയും.. എനിക്കോ അല്ലിക്കോ ഒന്നും ആകരുതെന്നാണ് അവരുടെ പ്രാർത്ഥന..
ഒന്നും ആകില്ലെടാ . അയാൾക്ക് നമ്മുടെ നീക്കം അറിയാത്തിടത്തോളം കാലം പ്രശ്നമൊന്നുമില്ല..എന്തായാലും നീ ധൈര്യമായിരിക്ക്.. നിന്റെ കൂടെ എല്ലാവരും ഇല്ലേ..
നിങ്ങളൊക്കെയാണ് എന്റെ ധൈര്യവും..
ആദി ക്രിസ്റ്റിയെ ചേർത്തു പിടിച്ചു.
ആ രാത്രി കിഴക്കിന്റെ ചക്രവാളത്തിലേയ്ക്ക് പുതിയൊരു പുലരിയ്ക്കായി കുതിക്കുമ്പോഴും പുതിയ സ്വപ്നങ്ങളുടെ നെയ്ത്തുശാലയിലായിരുന്നു അവരോരുത്തരും.. കാലം അവർക്കായി കരുതിവെച്ചതറിയാതെ..
തുടരും..

by