രചന – Linith Seth joshy
“നിത്യ…? ഇതെന്താ അയൺ ചെയ്തു വെക്കാത്തത്..? എന്ത് പറഞ്ഞാലും കേൾക്കില്ല ശവം..!”
അച്ഛൻ രണ്ടാമതും ചായ ചോദിച്ചപ്പോൾ അത് ഉണ്ടാക്കി കൊണ്ടിരുന്ന നിത്യ ആ അലർച്ച കേട്ട് ഒന്ന് വിറച്ചു ചായ കയ്യിൽ കൂടെ തുളുമ്പി..
“നിത്യ…?”
വീണ്ടും അലർച്ച.. അവൾ ഓടി ചായ അച്ഛന്റെ കയ്യിൽ കൊടുത്തു തിരികെ ഓടി.. റൂമിൽ എത്തിയപ്പോൾ ഷർട്ട് പൊക്കി പിടിച്ച് ചുവന്ന മുഖത്തോടെ നിൽക്കുന്ന ഉണ്ണി..
“ഏട്ടാ അച്ഛൻ ചായ ചോദിച്ചപ്പോൾ…”
അവൾ വേഗം ഷർട്ട് വാങ്ങി ഇസ്തിരി ഇടാൻ തുടങ്ങി.. അവൻ ചുവന്ന മുഖത്തോടെ ഒരു നിമിഷം അവളെ നോക്കി നിന്നു..
“നീ ഇവിടെ എന്തെടുക്കുകയാണ്..? അവർക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്തു വെക്കാൻ പറഞ്ഞിട്ട് സമയം എത്രയായി..? നിന്നെപ്പോലെ ഒന്നും ഇല്ലാതെ വലിഞ്ഞു കയറി വന്നവൾ അല്ല അവൾ.. നന്നായി പൊന്നും പണവും കൊണ്ടുവന്നിട്ടുണ്ട്..അത് നീ ഓർക്കണം..”
ഉണ്ണിയുടെ അമ്മ വന്നു അവളോട് അത് പറഞ്ഞു പുറത്തേക്ക് പോയപ്പോൾ അവൾ ഉണ്ണിയെ ഒന്ന് നോക്കി. ഒന്നും മിണ്ടുന്നില്ല..
“ഉണ്ണിയേട്ടന് ഒന്നും പറയാൻ ഇല്ലേ..?”
“അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്…? എന്റെ ഇഷ്ടത്തിനെ മുതൽ എടുത്തത് തന്നെ ആണ് നീ.. അല്ലെങ്കിൽ വെറും കയ്യോടെ നീ വലിഞ്ഞു കയറി വരില്ലായിരുന്നു..”
അതും പറഞ്ഞു അവൻ ആ ഷർട്ട് വലിച്ച് പറിച്ചു എടുത്ത് പോയപ്പോൾ അവൾ ഒന്ന് തറഞ്ഞു നിന്നു.. നിറഞ്ഞ കണ്ണുകളും ആയി. എത്ര പെട്ടെന്ന് ആണ് മനുഷ്യർ പണത്തിന്റെ പേരിൽ മാറുന്നത്..
പഠിക്കുമ്പോൾ ഇഷ്ടത്തിൽ ആയതാണ് ഉണ്ണിയും നിത്യയും.. നിത്യ വലിയ സാമ്പത്തികം ഇല്ലാത്ത ഒരു വീട്ടിലെ ആണ്.. ഉണ്ണി ഗവണ്മെന്റ് ഉദ്യോഗസ്ഥനും..
സ്ത്രീധനം ആയി ഒന്നും വേണ്ട ജോലി വിവാഹം കഴിഞ്ഞും നോക്കാം എന്ന് പറഞ്ഞു വന്ന ഉണ്ണിയും വീട്ടുകാരും വിവാഹം കഴിഞ്ഞപ്പോൾ മുതൽ അവിടെയും ഇവിടെയും കുത്തി സംസാരിക്കുന്നത് അവൾ കാര്യം ആക്കിയിരുന്നില്ല..
അധികം പൈസ ഒന്നും കൊടുക്കാൻ അവളുടെ അച്ഛന് പറ്റില്ലായിരുന്നു.. ഉണ്ണിക്ക് അത് അറിയാമായിരുന്നു..
ഒന്നും കൊണ്ടുവരാത്തവളെ അമ്മ പെട്ടെന്ന് തന്നെ ഒരു ജോലിക്കാരിയുടെ റോളിലേക്ക് തരം താഴ്ത്തിയപ്പോൾ ഉണ്ണി ഒന്നും മിണ്ടിയില്ല.. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവനും തോന്നിയിരുന്നു അവന് ഒരുപാട് പണവും കൊണ്ട് വരുന്ന ഒരു പെണ്ണിനെ കിട്ടിയേനെ എന്ന്…ഇതൊക്കെ അവളുടെ വീട്ടിൽ പറഞ്ഞു എങ്കിലും വലിയ കാര്യം ഇല്ല എന്ന് അവൾക്കും അറിയാം.. അത്രക്ക് ബുദ്ധിമുട്ട് ഉണ്ട് അവിടെ.. ഒരു ജോലിക്ക് ഒക്കെ പോയി അച്ഛനെ സഹായിക്കണം എന്ന് അവൾക്ക് വലിയ ആഗ്രഹം ആയിരുന്നു.. പക്ഷെ അതും നടന്നില്ല..
അതിന്റെ ഇടക്കാണ് ഉണ്ണിയുടെ അനിയൻ ശില്പയെ കെട്ടികൊണ്ട് വന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരു ആഴ്ച കഴിഞ്ഞേ ഉള്ളു എങ്കിലും അവൾ എല്ലാവർക്കും വലിയവൾ ആണ്.. കാരണം അവൾ പണം ഉള്ള വീട്ടിലെ ആണ്.. ജോലി ഉള്ളവൾ ആണ്.. എന്നാൽ തന്നെ ജോലിക്കും വിടില്ല..
“ഡീ നിത്യേ..!???”
അതൊക്കെ ആലോചിച്ചു നിന്നപ്പോൾ ആണ് അടുത്ത അലർച്ച അവൾ കേട്ടത്.. അവൾ ഓടി അടുക്കളയിൽ എത്തി വേഗം ബ്രേക്ക് ഫാസ്റ്റ് എടുത്തു വെക്കാൻ തുടങ്ങി.. ദേഷ്യത്തോടെ നോക്കി നിന്ന അമ്മയെ കണ്ടില്ല എന്ന് നടിച്ചു..
അച്ഛനും ഉണ്ണിയും അനിയനും അവന്റെ ഭാര്യയും ഇരുന്നിരുന്നു.. അച്ഛൻ അധികം സംസാരിക്കുക പോലും ഇല്ല..
“ചേച്ചി ഇരിക്കുന്നില്ലേ..?”
എല്ലാവർക്കും വിളമ്പി തിരിഞ്ഞപ്പോൾ ആണ് ശില്പ ചോദിച്ചത്.
“നല്ല ശെലായി.. അവൾ പിന്നെ എങ്ങാനും വേണേൽ കഴിച്ചോളും.. നീ കഴിക്ക് മോളെ..”
അമ്മ അത് പറഞ്ഞപ്പോൾ നിത്യക്ക് നെഞ്ചിൽ ഒരു വേദന തോന്നി.. വേണേൽ കഴിച്ചോളും എന്ന്..
“ഉണ്ണിയേട്ടന്റെ തന്നെ ഭാര്യ അല്ലെ അത്..?”
ശില്പ പെട്ടെന്ന് അത് ചോദിച്ചപ്പോൾ കഴിക്കുന്നത് നിർത്തി എല്ലാവരും ഒരു നിമിഷം അവളെ നോക്കി.. ഉണ്ണി ഒരു നിമിഷം തല കുനിച്ചു.. അത് കഴിഞ്ഞു കഴിക്കുന്നത് തുടർന്നു..
“നിങ്ങൾ കഴിക്ക്.. ഞാനും ചേച്ചിയും ഒരുമിച്ച് ഇരുന്നോളാം..”
ശില്പ പാത്രം മാറ്റി വച്ചു അടുക്കളയിലേക്ക് വന്നപ്പോൾ എല്ലാവരും അടി കിട്ടിയത് പോലെ ഇരുന്നു.. എന്നാൽ നിത്യക്ക് പേടി തോന്നി.. ഇനി ഇതിന്റെ കൂടെ അമ്മ തന്നോട് കാണിക്കും.
“എന്തിനാ മോളെ വന്നത്..? അവരുടെ ഒപ്പം ഇരുന്നുകൂടെ..?”
അവൾ ശില്പയെ നോക്കി..
“ചേച്ചി ഇവിടെത്തെ വേലക്കാരി ആണോ..? എനിക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലായി.. അതുകൊണ്ട് മതി ഈ അടിമ പണി.. ഇവിടെത്തെ ആർക്കും കൈക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..?”
ശില്പ അത് പറഞ്ഞപ്പോൾ ഒരു നിമിഷം നിത്യയുടെ കണ്ണ് നനഞ്ഞു..
“അതൊന്നും സാരമില്ല.. എനിക്ക് ഇതൊക്കെ ശീലായി..”
അവൾ അത് പറഞ്ഞു കഴുകാൻ ഉള്ള പാത്രങ്ങൾ എടുത്തപ്പോൾ ശില്പ അവളെ നോക്കി നിന്നു..
“ആഹാ നീ പാത്രം കഴുകിയില്ലേ..? അലക്കാൻ ഉള്ളത് വേഗം അലക്കാൻ നോക്ക്.. രാവിലത്തെ വെയിൽ കൊണ്ട് വേണം അത് ഉണങ്ങാൻ..”
അമ്മ അവിടേക്ക് വന്നു നിത്യയെ നോക്കി..
“അമ്മയുടെ കൈക്ക് വല്ല കുഴപ്പവും ഉണ്ടോ..?”
ശിൽപയുടെ ചോദ്യം കേട്ടപ്പോൾ നിത്യ ഞെട്ടി അവളെ നോക്കി.. അമ്മ പകച്ചു നിൽക്കുന്നു…
“ഇല്ല.. എന്താ മോൾ അങ്ങനെ ചോദിച്ചത്..?”
അവർ കൈ ഒന്ന് കുടഞ്ഞു കാണിച്ചു ചിരിയോടെ പറഞ്ഞു..
“അമ്മക്ക് അലക്കിയാൽ എന്താ..? ഇതിൽ ചേച്ചിയുടെ തുണി ഒന്നും കാണുന്നില്ലല്ലോ..? പിന്നെ ചേച്ചി എന്തിനാ അത് അലക്കുന്നത്..?”
“അല്ല മോളെ ഇവിടെ ഉള്ളവർക്ക് കല്ലിൽ കഴുകിയാൽ മാത്രമേ തൃപ്തി വരൂ..”
“അത്രക്ക് തൃപ്തി വരണം എങ്കിൽ സ്വയം അങ്ങ് കഴുകട്ടെ അമ്മേ.. ചേച്ചി വന്നേ.. എനിക്ക് ഒന്ന് ടൗണിൽ പോണം.. കുറച്ചു കാര്യങ്ങൾ ഉണ്ട്.. ചേച്ചിയും വേണം..”
അവൾ നിത്യയുടെ കൈ ബലമായി പിടിച്ചു അകത്തേക്ക് നടന്നു..
“അല്ല.. അതെങ്ങനെ ശരിയാകും..? ഉച്ചക്ക് ആഹാരം ഒരുക്കാൻ ഇവിടെ ആരും ഇല്ല.. മോൾ അവന്റെ ഒപ്പം പൊയ്ക്കോളൂ.. നിത്യ ഇവിടെ നിൽക്കട്ടെ..”
അമ്മ വീണ്ടും ഇടക്ക് കയറി വന്നു..
“അമ്മയുടെ കൈക്ക് കുഴപ്പം ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത്..? നിങ്ങളെ ഒന്നും പെറ്റ് ഇട്ടത് നിത്യ ചേച്ചിയുടെ കയ്യിലേക്ക് അല്ലല്ലോ..? ചേച്ചി വരും മുൻപേ എങ്ങനെ ആയിരുന്നു..?”
ആ ചോദ്യം അവർക്ക് അടി കിട്ടിയത് പോലെ ആയി.. ഒന്ന് ചിരിച്ചുകൊണ്ട് ശില്പ നിത്യയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു..
“മോളെ ഇത് വേണോ..? എനിക്ക് പേടി ആകുന്നു..”
നിത്യ പേടിയോടെ അവളെ നോക്കി..
“എന്ത് വേണം എന്ന് ഞാൻ കാണിച്ചു തരാം.. ചേച്ചി ഒന്ന് ക്ഷമിക്ക്.. ഇവിടെ വരും മുൻപേ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാമായിരുന്നു..”
“അതെങ്ങനെ..?”
“എന്റെ കെട്ടിയോൻ ചേച്ചിയെ ചേച്ചി ആയിട്ട് തന്നെയാണ് കാണുന്നത്.. ഞാൻ ആണ് പറഞ്ഞത് ഞാൻ വന്നോട്ടെ എല്ലാം ശരിയാക്കാം എന്ന്..”
അവൾ ചിരിയോടെ അത് പറഞ്ഞപ്പോൾ നിത്യക്ക് ശരിക്കും പേടി തന്നെ ആയിരുന്നു..
ശിൽപയുടെ ഒപ്പം അവൾ കാറിലേക്ക് കയറുമ്പോൾ അമ്മയുടെ കുത്തി വീർപ്പിച്ച മുഖം അവൾ കണ്ടു.. ഇനി തിരികെ വരുമ്പോൾ എന്താകും എന്ന് ഓർത്തപ്പോൾ നിത്യ എന്തോ പോലെ ആയി..
ശില്പ അവളെ ബ്യൂട്ടി പാർലറിലേക്ക് ആണ് കൊണ്ടുപോയത്.. ഉച്ച കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ബിരിയാണിയുടെ മണം ഉണ്ടായിരുന്നു.. പുറത്ത് നിന്നും വരുത്തിയത് ആണെന്ന് അവർക്ക് ബോധ്യം ആയി..
“അഹ് ശില്പ മോൾക്ക് ഉള്ളത് ഇവിടെ ഉണ്ട് കേട്ടോ.. അവൾ പിന്നെ ഇതൊന്നും കഴിക്കില്ല.. കഴിക്കാത്തവർക്ക് വെറുതെ വാങ്ങണ്ടല്ലോ.. പൈസക്ക് വില ഉണ്ടല്ലോ..അല്ലെ മോളെ.. ഇന്നലത്തെ ചോറ് വല്ലതും ഉണ്ടാകും..”
അമ്മ വന്നു ഒരു ചിരിയോടെ പറഞ്ഞപ്പോൾ അമ്മ പകരം വീട്ടിയത് ആണെന്ന് നിത്യക്ക് മനസിലായി.. അത് ശില്പയും പ്രതീക്ഷിച്ചില്ല.. നിത്യയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ ശില്പ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് കഴിക്കുന്ന ഉണ്ണിയെ ഒന്ന് നോക്കി.. അയാൾക്ക് ഭാര്യ മരിച്ചാലും ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന് അവൾക്ക് മനസ്സിലായി.
“ചേച്ചി വാ നമുക്ക് ഒരുമിച്ച് കഴിക്കാം..”
വിശപ്പ് ഇല്ലെങ്കിലും അവൾ വാശിയോടെ നിത്യയെ പിടിച്ചു ഇരുത്തി.. അതോടെ അമ്മയുടെ മുഖം മാറി.
“ആണുങ്ങൾ കഴിക്കുമ്പോൾ എന്തെങ്കിലും വേണമെങ്കിൽ എടുത്തു കൊടുക്കാതെ ഇരുന്നാൽ എങ്ങനെയാ നിത്യേ?”
അവർ നീരസത്തോടെ ചോദിച്ചു..
“ആണുങ്ങളോ..? എവിടെ..?”.
പെട്ടെന്ന് ശില്പ തല പൊക്കി അവരെ നോക്കി..
“ആഹാ ഉണ്ണി ഇരിക്കുന്നത് മോൾ കാണുന്നില്ലേ..?”
അമ്മ അതിശയത്തോടെ ചോദിച്ചു..
“അതിന് ഉണ്ണിയേട്ടൻ ആണാണോ..? എനിക്ക് തോന്നിയിട്ടില്ല..”
“ശിൽപ്പേ..?”
എല്ലാവരും ഞെട്ടി അവളെ നോക്കി.. ഉണ്ണിയും കാര്യം മനസ്സിലാകാതെ കണ്ണ് മിഴിച്ചു അവളെ നോക്കി..
“ഒരാളെ സ്നേഹിച്ചു വിവാഹം ചെയ്ത് അവൾ സ്വർണവും പണവും കൊണ്ടുവന്നില്ല എന്ന് പറഞ്ഞു അമ്മക്ക് ഇട്ടു ചവിട്ടാൻ ഇട്ടു കൊടുക്കുന്നവർ ഒക്കെ എന്ന് മുതൽ ആണ് ഏട്ടാ ആണ് ആയത്..? ഉണ്ണിഏട്ടനെ പോലെ ഒരാളെ ആണെന്ന് വിളിച്ചാൽ ആണുങ്ങൾക്ക് അതൊരു അപമാനം ആവില്ലേ..?”
അവൾ ചിരിയോടെ ഉണ്ണിയെ നോക്കി അത് പറഞ്ഞപ്പോൾ ഉണ്ണി അടി കിട്ടിയത് പോലെ അവിടെ ഇരുന്നു ഉരുകി.. അമ്മ മാത്രം അല്ല നിത്യ വരെ വാ പൊളിച്ചു ഇരുന്നുപോയി.. അടുത്ത് നിന്ന ഉണ്ണിയുടെ അനിയൻ മാത്രം അത് കെട്ട് ചിരിച്ചു..
“എന്തിനാ നിത്യചേച്ചി ഇതുപോലെ ഒരു ഭർത്താവ്..? ഒരു ജീവിതമേ ഉള്ളു.. മാറ്റം പെണ്ണിൽ കൂടെ തന്നെ വേണം.. ഇതുപോലെ ഒരു പരട്ട തള്ളയെ ഒക്കെ സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ..?”
ശില്പ വീണ്ടും ഉറക്കെ ചോദിച്ചു..
“ശിൽപ്പെ..!”
“ഉണ്ണി ചാടി എഴുന്നേറ്റ് ദേഷ്യത്തോടെ വിളിച്ചു..
“ഒഹ് അങ്ങനെ എങ്കിലും ഈ നാവ് ഒന്ന് അനങ്ങിയല്ലോ.. നാണം ഇല്ലെടോ തനിക്ക്..?”
അവളുടെ ആ ചോദ്യത്തിന് മുൻപിൽ ഉണ്ണിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..
“എന്റെ കൂട്ടുകാരിക്ക് ഒരു കമ്പനി ഉണ്ട്.. അവിടെ ഒരു ഒഴിവും ഉണ്ട് ഹോസ്റ്റലും ഉണ്ട്.. നിത്യ ചേച്ചി പോരുന്നോ..? ഞാനും എന്റെ കെട്ടിയോനും അടുത്ത ആഴ്ച മുതൽ ബാംഗ്ലൂർ പോകും.. എനിക്ക് എന്റെ അച്ഛൻ തന്നത് ഞാൻ ഇവർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല..
അമ്മയും അച്ഛനും മോനും ഒരുമിച്ച് കുറച്ചു കാലം ജീവിക്കട്ടെ.. കാലം മാറി എന്ന ബോധം വരുമോ എന്ന് നോക്കാം.. എന്ത് പറയുന്നു നിത്യചേച്ചി…?”
ശില്പ നിത്യയെ നോക്കി അത് പറഞ്ഞതും എല്ലാവരും നിത്യയെ നോക്കി.. അവൾ ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു..
“അവൾ വരില്ല.. അവൾ പോയാൽ ശരിയാവില്ല.. അമ്മയെയും അച്ഛനെയും നോക്കാൻ വേറെ ആരുണ്ട്.. ആരും മിണ്ടാതെ നിൽക്കുന്നത് നീ പുതിയ ആൾ ആയത് കൊണ്ടാണ്.. അല്ലാതെ വെറുതെ ഭരിക്കാൻ വരരുത്..”
ഉണ്ണി ശില്പയെ നോക്കി ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
“വന്നു കയറിയ പാടെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നോ..? എടാ നിന്റെ ഭാര്യക്ക് നല്ല ഒരെണ്ണത്തിനെ കുറവ് ഉണ്ടല്ലോ.. അത് നീ കൊടുത്തില്ലെങ്കിൽ ഞാൻ ആയിരിക്കും കൊടുക്കുക..”
അമ്മ അപ്പുറം നിന്ന ഉണ്ണിയുടെ അനിയനോട് ചീറി..
“അവൾ പറഞ്ഞതിൽ എന്താ തെറ്റ്..? നിത്യ ചേച്ചി സ്ത്രീധനം തന്നില്ല എന്നും പറഞ്ഞു ചേട്ടന്റെ മനസ് വരെ മാറ്റിയത് അമ്മ തന്നെ അല്ലെ..? തുറന്ന് പറഞ്ഞാൽ നിങ്ങൾ ഒരു വിഷം ആണ് അമ്മേ.. പിന്നെ എന്റെ ഭാര്യയെ തല്ലാൻ എനിക്ക് എന്നല്ല ആർക്കും അധികാരം ഇല്ല.. നാണം ആകുന്നില്ലേ തള്ളേ നിങ്ങൾക്ക് ഒക്കെ..?”
ആ ചോദ്യം കേട്ടപ്പോൾ അവരുടെ മുഖം വിളറി.
“ഇപ്പോൾ ഒരു തീരുമാനം എടുക്കണം ചേച്ചി.. ഇത്ര നാളും ഞാൻ ഇടപെടാതെ ഇരുന്നത് എന്താ വച്ചാൽ, ഈ തള്ള വേണേൽ നമ്മളെ പറ്റി വേണേലും മോശം പറയും.. അത്രക്ക് നശിച്ച മനസ്സാണ് ഇവരുടെ.. എന്റെ ചേട്ടൻ പിന്നെ ഒരു പോഴൻ ആയത് കൊണ്ട് അതും വിശ്വസിക്കും.. ഒരു ഭർത്താവും അവരുടെ വീട്ടുകാരും അല്ല ചേച്ചി ജീവിതം..”
ഉണ്ണിയുടെ അനിയൻ നിത്യയെ നോക്കി പറഞ്ഞു.
“ഞാൻ.. ഞാൻ വരാം..”
ഒന്ന് ആലോചിച്ച നിത്യ അത് പറഞ്ഞപ്പോൾ ശിൽപയുടെയും അവന്റെയും മുഖം തെളിഞ്ഞു..
“നീ ശരിക്കും പോകുകയാണോ..? ജോലിക്ക് വിട്ടാൽ പോരെ..? സഹായത്തിനു അമ്മയും കൂടും എന്ന് പറഞ്ഞിട്ടുണ്ട്..”
ഒരു ആഴ്ച കഴിഞ്ഞ് ബാഗ് പാക്ക് ചെയ്യുന്ന നിത്യയെ നോക്കി ഉണ്ണി അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..
“വിശ്വാസം ഇല്ല.. ദൈവം ആയി കൊണ്ടുവന്നതാ ശില്പയെ.. എനിക്ക് ഇപ്പോൾ ഒരു സ്പേസ് വേണം.. ബന്ധം അവസാനിപ്പിക്കണം എന്നൊന്നും ഞാൻ പറയില്ല പക്ഷെ നിങ്ങൾക്ക് വേണമെങ്കിൽ അതും ആകാം.. അല്ലെങ്കിൽ പഴയ ഉണ്ണി ആയി മാറാൻ പറ്റുമെങ്കിൽ എന്നെങ്കിലും എനിക്ക് സൗകര്യം ഉണ്ടെങ്കിൽ മാത്രം നോക്കാം.. പക്ഷെ അതിന് നിങ്ങളുടെ അമ്മ മരിക്കേണ്ടി വരും.. അല്ലാതെ അവരുടെ സ്വഭാവം മാറാൻ ഒന്നും പോണില്ല.. പോട്ടെ..”
അത് മാത്രം പറഞ്ഞു ശിൽപയുടെ കൈ പിടിച്ചു പടി ഇറങ്ങി പോകുന്നവളെ നോക്കി ഉണ്ണി നിന്നു.. തന്റെ ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞത് ആകും എന്ന ഉറപ്പിൽ ആയിരുന്നു നിത്യ അപ്പോൾ..

by