അവൾ : ഭാഗം 47

രചന – അക്ഷര

ഇച്ചായന്‌ ഇപ്പൊ സൂര്യനെല്ലി തറവാടിനെ പറ്റി മനസിലായല്ലോ…

“മം…. “എൽവിസ് ഒന്ന് തലയാട്ടിയതേ ഉളളൂ

ഇനിയുമുണ്ട് ഇപ്പോഴുള്ള കാര്യങ്ങൾ…

*******
എൽവിസ് ശ്രെദ്ധിച്ച്‌  നിന്നു

ഹരി തുടർന്നു…

“പഠിത്തം ഒക്കെ കഴിഞ്ഞ് രണ്ട് മൂന്ന് വർഷത്തിനുള്ളിൽ എനിക്ക് ജോലി കിട്ടി…. ”

“ഞാൻ ടൗണിലേക്ക് പോന്നു…
വീട്ടിൽ അമ്മയും പെങ്ങളും ഉണ്ട്… ”

“ശരിക്കും  ഇന്ദ്രജിത്ത് ഗൗരിയെ വിവാഹം കഴിക്കുമെന്നാ ഞാൻ കരുതിയിരുന്നത്… … ”

“അവളുടെ കാര്യത്തിൽ അവൻ പ്രത്യേക താല്പര്യം കാണിച്ചിരുന്നു…. ”

ലീവിന് നാട്ടിൽ പോയപ്പോൾ ഒരു ദിവസം ഞാൻ  ജിത്തിനെ കണ്ടു…

“സംസാരിച്ചു വന്ന കൂട്ടത്തിൽ ദേവനന്ദയുമായുള്ള  അവന്റെ  കല്യാണം ഉറപ്പിച്ചെന്നും ഉടൻ ഉണ്ടാകുമെന്നും അവൻ പറഞ്ഞു….”

ഞാൻ ശരിക്കും ഞെട്ടി…
“അപ്പൊ ഗൗരിയോ … “ആ പാവത്തിന് ആരുണ്ട്…. !’

“ചേച്ചിയെ സ്നേഹിച്ചിട്ട് എങ്ങനെയാ അനുജത്തിയെ കല്യാണം കഴിക്കുന്നത്…. !”

ഞാനവനോട് ഗൗരിയെ പറ്റി ചോദിച്ചു….

“അവന് ഗൗരിയോട് അങ്ങനത്തെ താല്പര്യം ഒന്നുമില്ലെന്നും അവന് ദേവനന്ദയെയാണ് ഇഷ്ടം എന്നും പറഞ്ഞു… ”

“അവർ തമ്മിലുള്ള കല്യാണം തീരുമാനിച്ചപ്പോൾ ഗൗരി തറവാട്ടിൽ നിന്നും എങ്ങോട്ടോ ഓടി പോയെന്നും  പറഞ്ഞു   …. ”

പിന്നെ അധികമൊന്നും അവൻ പറഞ്ഞില്ല… ..എന്റെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തിരുന്നു … ”

“തിരിച്ചു വന്നപ്പോൾ കുറച്ചു ദിവസം അതിനെ  പറ്റി  ഞാൻ ആലോചിച്ചു … പിന്നെ പതിയെ ശ്രെദ്ധ  ജോലിയിലേക്ക് ആയി. …. ”

“പിന്നെ ഇച്ചായനോടൊപ്പമാണ് ഞാൻ അവളെ കാണുന്നത്..”

“ഗൗരി ഇച്ചായനോടൊപ്പം ഒരുപാട് സന്തോഷിക്കുന്നു എന്ന് എനിക്ക് തോന്നി… ഇച്ചായൻ അന്ന്  അവളുടെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു …..അതിൽ എനിക്ക് ഒരു സുരക്ഷിതത്വം തോന്നി… ..!”.

എൽവിസിന്റെ കണ്ണുകൾ നിറഞ്ഞു….

ഹരി തുടർന്നു..

“എന്നെ കണ്ടപ്പോൾ പോലും ഗൗരി അന്ന്  ഭയന്നിരുന്നു… ”

“ഞാൻ ജിത്തിന്റെ അടുത്ത സുഹൃത്ത് കൂടി ആയത് കൊണ്ടാവാം…. “അതെന്നെ ചിന്തിപ്പിച്ചു…

“നിങ്ങളെ കണ്ട ആ ദിവസം തന്നെ  ഞാൻ ജിത്തിനോട് ഗൗരിയെ ചതിച്ചോ  എന്ന് ചോദിച്ചു…. !”

“ഞാൻ അവരുടെ കാര്യത്തിൽ തലയിടരുതെന്നും,
അവളെ വെറുതെ വിടില്ലെന്നും അവൻ പറഞ്ഞു…. ”

“ഞാൻ അന്നാണ് അവന്റെ കണ്ണിലെ അവളോടുള്ള ശെരിക്കുള്ള വികാരം  ശ്രദ്ധിക്കുന്നത്….  അതിൽ ലവലേശം സ്നേഹം ഇല്ലായിരുന്നു… ”

“ഞാനാണ് അവൾ ഈ ടൗണിൽ  ഉണ്ടെന്നു അവനോട് പറഞ്ഞത് …. അതെന്റെ തെറ്റ്…  sorry ഇച്ചായാ… എനിക്ക് അത് തീരുത്താൻ കഴിയില്ലല്ലോ … !”

“ബാക്കി ഇച്ചായന്‌ ഊഹിക്കാമല്ലോ…. അവർക്ക്  ഒരുപാട് കണക്ഷൻസ് ഒക്കെയുണ്ട്..  !”

“അങ്ങനെയാകും അവൻ തേടിപ്പിടിച്ച്‌ ഇവിടെ വന്നതും അവളെ ബുദ്ധിപരമായി തിരികെ കൊണ്ട് പോയതും…. ”

“ഗൗരി അവിടെ ചെന്നതിന്  ശേഷമാണ് അവളുടെ മുത്തശ്ശി മരിച്ചെന്ന് ഞാൻ അറിഞ്ഞത് …. അതിലും എന്തോ ദുരൂഹതയുണ്ട്…. ”

“എന്തിന്റെ പേരിലായാലും ഇച്ചായൻ അവളെ വിട്ടു കൊടുക്കരുതായിരുന്നു… “എൽവിസിനും  ഒരു നിമിഷം അങ്ങനെ തോന്നി…

” ഗൗരിയുടെ കുടുംബത്തെ പറ്റി  അവൾ ഇച്ചായനോട് പറഞ്ഞട്ടില്ലെന്നു എനിക്ക് തോന്നി..   എങ്കിൽ  ഇത് സംഭവിക്കില്ലായിരുന്നു… ”

“പണ്ട് മുതൽക്കേ അവൾ അങ്ങനെയാണ് ഇച്ചായാ അവളുടെ ഒരു പ്രശ്നങ്ങളും   ആരോടും പങ്കു വയ്ക്കാറില്ല…..എന്നോട് പോലും… ഒറ്റയ്ക്ക് അനുഭവിക്കും…”

എൽവിസിന്റെ മുഖം മാറി ….

“പിന്നെ ഞാൻ  ജിത്തിനെ അറിയിക്കാതെ എന്റെ വഴിക്ക് ഒരു  അന്വേഷണം നടത്തി ജിത്തിനെ പറ്റിയും ദേവദത്തനെ പറ്റിയും….
കാര്യങ്ങൾ അപകടമാണ് ഇച്ചായാ…പലതും യുക്തിക്ക് നിരക്കാത്തതും… !”

“ഇതിൽ വേറെ എന്തൊക്കെയോ കളികൾ ഉണ്ട്…  !”ഹരി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു….

“എന്താ ഹരി നീ ഉദ്ദേശിക്കുന്നത്….!എൽവിസ് ചോദിച്ചു..

“ഇച്ചായാ ദേവകിയുടെ സഹോദരൻ  ദേവദത്തന്  അഘോരികളുമായിട്ട് ബന്ധമുണ്ടെന്നാണ് പറയുന്നത്…. !”

“എന്ന് വച്ചാൽ…. എൽവിസിന് ഒന്നും മനസിലായില്ല.!” (അയാൾ നെറ്റി ചുളിച്ചു… )

“ഇച്ചായാ പൂർണമായും എനിക്ക് അത് അറിയില്ല എന്നാലും പറയാം… ഈ ആഭിചാര കര്മങ്ങളൊക്കെ ചെയ്യുന്നവർ…. !”

“ദേവദത്തൻ   ഇത്രേം നാളും പല സംസ്ഥാനങ്ങളും സഞ്ചരിച്ചു എന്നാണ് പറയുന്നത്…. എന്തിനാണെന്ന് ആർക്കും അറിയില്ല… !”

ഹരി ഒന്ന് നിർത്തിയ ശേഷം പറയാൻ മടിച്ചു…

“അയാൾ മുഴുവൻ ദുരൂഹമാണ്…. !”

എന്ന് മാത്രം പറഞ്ഞു അവൻ അവസാനിപ്പിച്ചു…

!ഹരി നീ എന്താണെന്നു വച്ചാൽ direct പറയ് എനിക്ക് ദേഷ്യം വരുന്നു…  അതും ഗൗരിയും തമ്മിലുള്ള ബന്ധമെന്താ.!

.(. എൽവിസിന്റെ നിയന്ത്രണം വിട്ടു..).

“ഉണ്ട് ഇച്ചായാ…. സ്ത്രീകളെ ഉപയോഗിച്ച്‌ പല പൂജകളും ഉണ്ട് പ്രത്യേകിച്ചു സാത്വികമായി ജീവിക്കുന്ന പെൺകുട്ടികളെ വച്ച്…   ഞാൻ വായിച്ചിട്ടുണ്ട്…. !”

“ദുഷ്കർമ്മികൾ അവരുടെ പൂജകൾക്കും ഹോമങ്ങൾക്കും  വേണ്ടി കടലാടി, തിപ്പലി, ആട്ടിൻ രോമം, എരിക്ക്, ആർത്തവ രക്തം, മനുഷ്യ രക്തം എന്നിവയൊക്കെ ഉപയോഗിക്കുന്നുണ്ട്…. ”

“ഞാൻ എന്റെ സംശയം മാത്രം പറയുന്നതാണ്.”..

“ദേവനന്ദ എന്തായാലും ആ  വീട്ടിൽ ഇല്ല …. ”

“ഗൗരി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ…. !ഹരി ഒന്ന് നിർത്തി

“ഹരി……. !!!!!!!! “എൽവിസ് ദേഷ്യത്തിൽ വിളിച്ചു…

“ഇച്ചായ  ഞാൻ പറയുന്നത് കേൾക്കൂ….അങ്ങനെ ഒന്ന് ആലോചിച്ചു നോക്കൂ…  അവളെ എന്തിനാവും ജീവനോടെ വച്ചിട്ടുണ്ടാവുക…. അവളെ കൊന്നുകഴിഞ്ഞാൽ കാര്യം പെട്ടെന്ന് തീരില്ലേ…..!”

എൽവിസിന് ഒന്നും പറയാൻ കഴിഞ്ഞില്ല … അയാളുടെ കണ്ണുകൾ നിറഞ്ഞു…. നെഞ്ച് പിടഞ്ഞു…

“ടാ…. ഇതൊക്കെ നടക്കുന്നതാണോ … !”

“ഉണ്ട് ഇച്ചായാ… സ്വന്തം കഴിവ് ഉപയോഗിച്ച് ജീവിതത്തിൽ രക്ഷപെടാൻ ശ്രെമിക്കാത്തവരിൽ ചിലർ  ഒരു ഷോർട് കട്ട്‌ എന്ന രീതിയിൽ  രഹസ്യമായി  ആഭിചാര കർമങ്ങൾ സ്വീകരിക്കുന്നു… !”

“ഇച്ചായൻ കേട്ടിട്ടുണ്ടോ ഉത്തർപ്രദേശിലെ വാരാണസി എന്ന് പറയുന്ന സ്ഥലം..”

എൽവിസ് ഉണ്ടെന്ന്  തലയാട്ടി…

“അതിന്റെ ഉള്ളറകൾ ഇത്തരത്തിലുള്ള അഘോരികൾക്കും വിചിത്രമായ ആചാരങ്ങൾക്കും പ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് … ”

“അവിടത്തെ ശ്മശാന ഭൂമിയാണ് ആഭിചാര കർമങ്ങളുടെ കേന്ദ്രം… ”

“വാരാണസി യിൽ തന്നെ ഏറ്റവും അധികം ശവ സംസകാരങ്ങൾ നടക്കുന്ന സ്ഥലമാണ് മണി കാര്ണികഘട്ട്… അതുകൊണ്ട് ഇവിടെയാണ് ഏറ്റവും കൂടുതൽ സന്യാസിമാരും  അഘോരി കളും കാണപെടുന്നത്…. ഇവിടെ വച്ചാണ് കൂടുതൽ  ഐശ്വര്യത്തിന്  വേണ്ടിയുള്ള പൂജകളും ആഭിചാര കർമങ്ങളും ഒക്കെ നടക്കുന്നത്… ”

“അഘോരികളെ   തിരിച്ചറിയാൻ വേണ്ടി  ഉപയോഗിക്കുന്നത്  കപാലം അഥവാ തലയോട്ടി കൊണ്ടുള്ള ആഭരങ്ങളാണ്…..
അതാണ് ഇവരുടെ അടയാളങ്ങൾ… ”

“ശവസംസകാരത്തിന്  എത്തുന്ന മൃത ദേഹങ്ങളിൽ  ഒഴുകി നടക്കുന്നവയിൽ നിന്നുമാണ് അവർക്ക് ഈ തലയോട്ടി ലഭിക്കുന്നത്… ”

അങ്ങനെ ഒരുപാട് സ്ഥലങ്ങൾ  ഉണ്ട്…
പശ്ചിമ ബംഗാൾ, ഹൈദരാബാദ്, അതുപോലെ ആസാമിലെ മയോങ്… ഇന്ത്യയുടെ മന്ത്രിക തലസ്ഥാനം എന്നൊക്കെയാണ് പറയുന്നത്…

“ചുമ്മാ ലൈബ്രറിയിൽ നിന്നും വായിച്ചതാ ഞാൻ… എത്രത്തോളം ശെരിയാണെന്നറിയില്ല…
ചിലപ്പോൾ മുഴുവൻ കള്ളവുമാകാം…. interesting സബ്ജെക്ട് ആയത് കൊണ്ട് എന്നോ വായിച്ച ഓർമ… ”

ഇച്ചായന് ഇതിന്റെ ഗൗവരം മനസ്സിലാക്കാനാണ് ഞാൻ ഇത്രേം പറഞ്ഞത്..

എനിക്ക് കിട്ടിയ വിവരങ്ങളിൽ നിന്നും ദേവദത്തന് അവരുമായി ബന്ധമുണ്ട്…

ഇച്ചായാ ഇനി എന്താ നമ്മൾ ചെയ്യേണ്ടത്…ഹരി ചോദിച്ചു….  എന്താണെങ്കിലും എത്രേം പെട്ടന്ന് ചെയ്യണം….

ചെയ്യാനെന്താ…. ഞാൻ  അവളെ പോയി കൂട്ടി  കൊണ്ട് വരും എനിക്ക് ആരും പ്രശ്നമല്ല….

എൽവിസ് ദേഷ്യത്തിൽ പറഞ്ഞു…

പിന്നെ അവൾക്ക് അച്ഛനില്ലന്നെ ഉളളൂ ചോദിക്കാൻ അവളുടെ ഈ ഇച്ചായൻ ഉണ്ട്….

എന്റെ പെണ്ണാ അവള്… അവൾക്ക് ഒന്നും പറ്റില്ല… ഒരാൾക്കും ഞാൻ അവളെ വിട്ടു കൊടുക്കില്ല… അയാളുടെ കണ്ണ് നിറഞ്ഞു..

അപ്പോഴേക്കും നേരം വൈകിതുടങ്ങി… ….

ഹരി നമുക്ക് ഇപ്പൊ തന്നെ പോയാലോ അങ്ങോട്ടേക്ക്… . എൽവിസ് ചോദിച്ചു..

നാളെ പോകാം ഇച്ചായാ…. രാത്രി ഒരു നല്ല കാര്യത്തിന് വേണ്ടി യാത്ര തുടങ്ങണ്ട…

എൽവിസ് ഒന്ന് മൂളിയെങ്കിലും  മനസ് അനുവദിച്ചില്ല….. എന്നാലും ഹരിയുടെ ഉത്തരതിൽ അയാൾക്ക് തൃപ്തിപ്പെടേണ്ടി വന്നു…

എൽവിസിന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു…

ഇച്ചായാ ഞാനും വരാം നാളെ…. അഡോണിസ് പറഞ്ഞു…. എൽവിസ് എതിർത്തൊന്നും പറഞ്ഞില്ല….

നാളെ വരാം എന്ന് പറഞ്ഞുകൊണ്ട് ഹരിയും അഡോനിസും അവിടെ നിന്ന് പോയി…

*****-
എൽവിസിന് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… അയാൾ ഗൗരി തന്നെ അണിയിച്ച  മോതിരത്തിലേക്കു നോക്കി…. താൻ ഗൗരിയുടേതായ എല്ലാം നശിപ്പിച്ചു  പക്ഷെ അവൾ അണിയിച്ച തന്റെ മോതിരം  മാത്രം  നശിപ്പിച്ചില്ല.. …

ഇപ്പൊ അവളുടെ ഓർമയ്ക്കായി ഇത് മാത്രമേ എന്റെ  കയ്യിൽ ഉളളൂ….

അയാൾ മോതിരത്തിൽ ഒന്ന് ചുംബിച്ചു..

ഹരി പറഞ്ഞതെല്ലാം അയാൾ ഓർത്തു….അവൾക്കെന്തെങ്കിലും പറ്റി കാണുമോ എന്നാലോചിച്ചു പേടിയുണ്ടായിരുന്നു…  കണ്ണടച്ചാൽ ഗൗരിയുടെ മുഖമായിരുന്നു…

“എന്തിനാടീ അപകടത്തിലേക്ക് എടുത്ത് ചാടിയത്…. !”

“എന്താ  എന്നോട്  ഒന്നും പറയാത്തത്…. ”

“ഞാൻ എത്ര തവണ ചോദിച്ചു … ”

“ഒരിക്കലെങ്കിലും നീ പറഞ്ഞോ ….. !”

“നെഞ്ചോട് ചേർത്ത് പിടിക്കില്ലേ ഞാൻ   … !”

“നാളെ ഒരു ദിവസം കൂടി പിടിച്ചു നിൽക്ക്…. ഞാൻ വരും…. നിന്നെ കൊണ്ട് പോകാൻ …!”

ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു…. ഉറക്കം വന്നില്ല…. പതിയെ എഴുന്നേറ്റ് അമ്മച്ചിയുടെ മുറിയിലേക്ക് നടന്നു….
സ്റ്റെല്ലയോട് എല്ലാം പറഞ്ഞു…

ഗൗരിയെ ആലോചിച്ചു മനസ്  നീറി കഴിയുകയായിരുന്നു   സ്റ്റെല്ലയും . …..

ഹരി പറഞ്ഞതിലെ  നല്ല കാര്യങ്ങൾ മാത്രം എൽവിസ് തറവാട്ടിലെ സ്ത്രീകളോട് പറഞ്ഞു…
നാളെ അവളെ കൂട്ടി കൊണ്ട് വരുമെന്ന് അവർക്ക് ഉറപ്പ്  കൊടുത്തു…

എല്ലാവർക്കും സന്തോഷമായി…
അതുപോലെ ദുഃഖവും….

ഈ പ്രായത്തിനിടയിൽ ഗൗരി ഒരുപാട് അനുഭവിച്ചു എന്നവർക്ക് മനസിലായി…  അത് എമിക്ക് പോലും വിഷമം ഉണ്ടാക്കി..

ഗൗരി ഒരു നല്ല കുട്ടിയാണെന്ന് കേട്ടപ്പോൾ അബിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് ചെയ്തത് തന്റെ ഇച്ചേച്ചി ഒരു തെറ്റും ചെയ്യില്ലെന്ന് ഉള്ളത് അവൾക്ക് ബോധ്യമുണ്ടായിരുന്നു

പക്ഷെ പോകുമ്പോൾ  തന്നെ ഒന്ന്  നോക്കാത്തതിൽ അവൾക്ക് പരിഭവം ഉണ്ടായിരുന്നു…

എൽവിസ് ആൽവിനോടും എബിയോടും ആദിയോടുമെല്ലാം സത്യങ്ങൾ പറഞ്ഞു…ഹരി പറഞ്ഞ സാധ്യതകളും…

അവർക്ക് പേടിയുണ്ടായിരുന്നു  ഗൗരിയെ ഓർത്ത്… അന്ന് രാത്രി അവരാരാരും ഉറങ്ങിയില്ല…

********
ഇതേ സമയം  മുറിയിൽ ഗൗരി ഒറ്റയ്ക്കായിരുന്നു…. അത് അവൾക്ക് ഒരു ആശ്വാസം ഉണ്ടാക്കി…  മനുഷ്യരെയല്ലേ പേടിക്കേണ്ടതുള്ളൂ എന്ന് ആലോചിച്ചു…

ഗൗരിയുടെ നോട്ടം എൽവിസ് തനിക്കണിയിച്ച മോതിരത്തിൽ തന്നെയായിരുന്നു…. അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു… അതിന് ചുറ്റും കറുപ്പ് ബാധിച്ചിരുന്നു.

ആ ദുഷ്ടൻ മോതിരം കാണാത്തത്  കൊണ്ട് അത് നശിപ്പിച്ചില്ല…

ഇന്ദ്രജിത്ത് ആകട്ടെ പറ്റാവുന്നിടത്തോളം അവളെ ഉപദ്രവിക്കുന്നുണ്ട്….

അതുമാത്രമല്ല അയാൾ തന്റെ കഴുകൻ കണ്ണുകളുമായി  തറവാട്ടിൽ തനിച്ചുള്ള  ഒരു അവസരത്തിനായി കാത്തുനിൽക്കുകയാണ്
ഗൗരിയെ സ്വന്തമാക്കാൻ….

അങ്ങനെ ഇരിക്കുമ്പോൾ ദേവകി മുറിയിലേക്ക് വന്നു….

ഓർമ വച്ചപ്പോഴേ തന്റെ അമ്മ മരിച്ചതാണ്…

ചെറിയമ്മയെ അമ്മയിൽ നിന്നും താൻ വേർതിരിച്ച്‌ കണ്ടിട്ടില്ല….

പക്ഷെ ചെറിയമ്മയ്ക്ക് താനെന്നും അന്യയായിരുന്നു…

“എന്താ ഗൗരി മോളെ സുഖമല്ലേ…. !”എന്ന് പുച്ഛത്തോടെ ചോദിച്ചു കൊണ്ട് ദേവകി കടന്നു വന്നു… ….

“എങ്ങനയുണ്ട് ഇവിടത്തെ സ്വീകരണം… ”

“നിന്നെ കൊണ്ട് വന്ന സമയത്ത് ഞാൻ ഇവിടെ ഇല്ലാതായിപ്പോയി ഇല്ലെങ്കിൽ ഞാൻ നിനക്കൊരു നല്ല സ്വീകരണം തന്നേനെ.. !”

“നിന്റെ അനുജത്തിയുടെ കല്ല്യാണം അല്ലേ നീ ഇഷ്ടപ്പെട്ടിരുന്ന ആളിനോടൊപ്പം…. ”

അവർ പരിഹസിച്ചു കൊണ്ട് പറഞ്ഞു….

“നിന്റെ സൗന്ദര്യം കണ്ട് എന്റെ ഇന്ദ്രജിത്ത് മയങ്ങില്ല അവന് എന്റെ ദേവനന്ദ തന്നെയാ പെണ്ണ്…..! “ഗൗരി വെറുപ്പോടെ തല തിരിച്ചു… ….

“വല്ലാത്ത ഒരു ജാതകം തന്നെയാ കൊച്ചേ  നിന്റത്… ജീവിത്തിൽ ഒരിക്കലും സ്വസ്ഥത  കിട്ടില്ല….!”

“എന്തേ… ഏതോ ഒരു ക്രിസ്ത്യാനിയുടെ കൂടെ ആയിരുന്നു എന്നല്ലേ പറഞ്ഞത്… അവന് നിന്നെ മതിയായോ….മതിയാവില്ല നിന്നെപ്പോലെ ഒരു പെണ്ണിനെ എങ്ങനെ മടുക്കാനാ…. ! “അവർ ദ്വയാർത്ഥത്തോടെ ചിരിച്ചു കൊണ്ട് സംസാരിച്ചു….

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു..

“നിന്റെ തല കണ്ടപ്പോഴേ തള്ള പോയി…. !”

“പിന്നെ നിന്റെ തന്തയെ ഞങ്ങൾ തന്നെയാ പറഞ്ഞയച്ചത്… !”ഗൗരി ഞെട്ടി….അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി….

“അതേടീ മോളെ
…നീ നോക്കണ്ട… നിന്റെ അച്ഛനെ കൊന്നത് ഞങ്ങൾ തന്നെയാ …. !”

“വേണമെങ്കിൽ  ഞാൻ പറഞ്ഞു തരാം… അല്ലെങ്കിലും ചാവാൻ പോകുന്ന നിന്നോട് എന്തിനാ ഇതൊക്കെ മറച്ചു വയ്ക്കുന്നത്… !”

“നീയും ഈ വിഡ്ഢിയായ നാട്ടുകാരും  വിചാരിയ്ക്കുന്നത് പോലെ പെട്ടെന്ന് കയറി  വന്നവരല്ല,   ദേവദത്തനും ഇന്ദ്രജിത്തും…!”

“എന്റെ ഏട്ടൻ യാത്രക്കിടയിൽ എവിടെ നിന്നോ പച്ചില ചേർന്ന ഒരു വിഷക്കൂട് ഇവിടെ എത്തിച്ചു…”

“നിന്റെ അച്ഛന് ഓരോ ദിവസവും ഭക്ഷണം കൊടുക്കുമ്പോഴും  കുറേശ്ശെ ആയി ഇതും കൂടി ചേർത്ത് കൊടുക്കുമായിരുന്നു… ”

“അവസാനത്തെ ദിവസം അയാളുടെ വായിൽ നിന്നും നുരയും പതയും ഒക്കെ വന്നു…
എന്റെ കാൽ ചുവട്ടിലാ വീണത്.. !”

“മഹാ രോഗങ്ങൾ പോലും മാറ്റിയിരുന്ന നിന്റെ അച്ഛന് ഞങ്ങളെ നേരിടാൻ സാധിച്ചില്ല…. കാരണം അയാൾ ഒരു സത്യസന്ധനായിരുന്നു !”

“അയാൾ എന്നെ അകറ്റി നിർത്തി ഞാൻ എന്താ  തമ്പുരാട്ടി അല്ലാത്തത് കൊണ്ടാണോ..!”.

“എന്റെ കുഞ്ഞിന്റെ സ്വത്താണ് ഇതെല്ലാം…. ആ കിഴട്ട് കിളവി കൂർമ്മ ബുദ്ധികാണിച്ചു ഭൂരി ഭാഗവും നിന്റെ പേരിൽ ആക്കി…. അവരെ ഞങ്ങൾ പറഞ്ഞയച്ചു …!”

ഗൗരി കരയുകയായിരുന്നു…

ഉടനെ അവർ വന്നു അവളുടെ താടിയിൽ പിടിച്ചു ഉയർത്തിയിട്ടു പറഞ്ഞു…

“നിന്റെ മരണത്തോടെ ഇതെല്ലാം  എന്റേതാകും…!”

“ഞങ്ങളുടെ തലമുറ  തന്നെ ഈ തറവാടും സ്വത്തുക്കളും അനുഭവിക്കാൻ വേണ്ടിയാണു ഇന്ദ്രജിത്തും ദേവാനന്ദയുമായുള്ള വിവാഹം തീരുമാനിച്ചത്… !”

“അവൾ ജനിച്ചപ്പഴേ അവന്റെ പെണ്ണാണ് എന്ന് ഞങ്ങൾ തീരുമാനിച്ചതാണ്… !”
….
“അത് അവനും അറിയാം… നീ എന്ത് വിഡ്ഢിയാടീ അവനെ പ്രേമിക്കാൻ പോയി….. ഞങ്ങളെല്ലാം കണ്ടില്ലന്നു വച്ചത് തന്നെയാ….. !”

“ഇതൊന്നും എന്റെ ദേവൂന് അറിയില്ല..  അവളെ ഇവിടെ നിർത്താത്തതും നീയുമായി എടുക്കരുതെന്ന് കരുതിതന്നെയാ… !”

തുടരും….

Leave a Reply