19/04/2026

ശ്രീനന്ദനം : ഭാഗം 02

രചന – കണ്ണന്റെ മാത്രം

വൈകീട്ട് അഭി വന്ന് കയറുമ്പോൾ കാണുന്നത് മുഖവും വീർപ്പിച്ച് ഇരിക്കുന്ന ആമിയെ ആണ്..

എന്താണ് വല്യേട്ടന്റെ ആമി പെണ്ണിന്റെ കവിളിൽ തേനീച്ച കുത്തിയോ. കവിൾ ഇങ്ങനെ വീർത്തിരിക്കുന്നു… എന്താ അമ്മേ സംഭവം.. മുഖവും വീർപ്പിച്ചിരിക്കുന്ന ആമിയുടെ അടുത്തായി ഇരുന്ന് അവളുടെ കവിളിൽ കുത്തികൊണ്ട് അഭി അമ്മയോട് ചോദിച്ചു.

ഒന്നും പറയണ്ട എന്റെ മോനെ. എന്റെ കഷ്ടകാലം നേരത്ത് ഞാൻ ഇവളേയും കൊണ്ടൊന്നു നിങ്ങടെ അമ്മാവന്റെ അവിടേക്ക് ഒന്നുപോയി. അവിടെ അമ്മായിടെ വിവരം അറിഞ്ഞിട്ട് രണ്ടു ദിവസം ആയില്ലേ. എന്നിട്ട് അങ്ങോട്ട് ഒന്നു പോയിട്ടുണ്ടായില്ലല്ലോ. അതാ ഒന്നു പോകാം എന്ന് വച്ചത്. എനിക്കറിയാമായിരുന്നോ നന്ദിനി അവിടെ ഉണ്ടാവും എന്ന്. ഇന്നലെ വിളിച്ചപ്പോൾ വരെ അവൾ അവളുടെ ഭർത്താവിന്റെ അവിടെ ആയിരുന്നു.
അവിടെ ചെന്ന് കയറിയപ്പോൾ ആണ് അവൾ അവിടെ ഉള്ളത് അറിഞ്ഞത്. അതിന് അപ്പോഴേ എന്നെ നോക്കി കൊന്നുതുടങ്ങി ഇവൾ. പിന്നെ ഞങ്ങൾ അടുക്കളയിലേക്ക് മാറിയപ്പോൾ എന്ത് വർത്തമാനം ആണ് ഇവർ തമ്മിൽ ഉണ്ടായതെന്ന് അറിയില്ല. ഇവള് ചാടി തുള്ളി ഒരു വരവ് വന്നു അടുക്കളയിലേക്ക് പിന്നെ ഒരു പറച്ചിലും അമ്മ വരുന്നുണ്ടെങ്കിൽ വാ അല്ലെങ്കിൽ ഞാൻ ഒറ്റക്ക് പോകും എന്ന്. അപ്പൊ പിന്നെ ഞാനും പോന്നു. ചേട്ടനും നാത്തൂനും ആകെ വിഷമം ആയിട്ടുണ്ടാവും… അവർ വിഷമത്തോടെ പറഞ്ഞു നിർത്തി.

അതൊന്നുമില്ല.. അമ്മായിക്കും അമ്മാവനും അറിയാത്തത് ഒന്നും അല്ലല്ലോ അവരുടെ മോളുടെ സ്വഭാവം… ഹും… ആമി ദേഷ്യത്തോടെ പറഞ്ഞു..

ദേ.. പെണ്ണേ.. നീ എന്റെ കൈയിൽ നിന്ന് വാങ്ങും നല്ലത്…

സാരല്ല്യ അമ്മേ.. അവള് കുഞ്ഞല്ലേ.. അഭി പറഞ്ഞു..

അഭി നീ മിണ്ടാതെ ഇരുന്നോ. നീ ഒറ്റൊരുത്തൻ കാരണം ആണ് അവൾക്ക് ഇത്ര സമർഥ്യം. കൊഞ്ചിച്ച് തലയിൽ കയറ്റി വച്ചിരിക്കല്ലേ അതിന്.. കുഞ്ഞാണ് പോലും.. കെട്ടിച്ചുവിടാറായ പെണ്ണിനെ ആണ് കുഞ്ഞ് എന്ന് വിളിക്കുന്നത് അവൻ… സാവിത്രിയമ്മ ദേഷ്യത്തോടെ പറഞ്ഞു..

ഹാ… അതുവിടമ്മേ.. അമ്മ പോയി എനിക്കൊരു ചായ കൊണ്ടുവന്നേ.. എന്താ കഴിക്കാൻ ഉള്ളത്. നല്ല വിശപ്പ് ഉണ്ട്..

കപ്പ പുഴുങ്ങിയത് ഉണ്ടെടാ.. നമ്മുടെ പിന്നല് നിന്നിരുന്നതിൽ നിന്ന് പറിച്ചതാ. ഇനി നിനക്ക് ഒഴിവ് കിട്ടുമ്പോൾ എല്ലാം പറിക്കാം. അതിനുള്ള പാകമായിട്ടുണ്ട്. അതുമാത്രം അല്ല നല്ല തൊരപ്പന്റെ ശല്യം ഉണ്ട്. ഇനിയും പറച്ചില്ലേൽ ഒക്കെ അതിങ്ങള് കൊണ്ടോവും..

മ്മ്.. ഈ ഞായറാഴ്ച പറിക്കാം. അമ്മ കപ്പയുടെ കൂടെ ഇന്നലത്തെ മീൻചാർ ഉണ്ടെങ്കിൽ അതെടുത്തോ…

ആ എടുക്കാം.. അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു.

അവർ അങ്ങോട്ട് പോയതും അവൻ ആമിക്ക് നേരെ തിരിഞ്ഞു എന്നിട്ട് ചോദിച്ചു…

ഇനി ഏട്ടന്റെ കുട്ടി പറഞ്ഞേ.. എന്റെ മോളെ ഇത്രേം ദേഷ്യം പിടിപ്പിക്കാൻ മാത്രം എന്താ നിങ്ങള് തമ്മില് സംസാരം ഉണ്ടായത്….

അത് വല്യേട്ടാ… അവള് ആ നന്ദിനി..

ആമി വല്യേട്ടൻ പറഞ്ഞിട്ടുണ്ട് മൂത്തവരെ ബഹുമാനം ഇല്ലാതെ വിളിക്കരുത് എന്ന്..മ്മ്..

സോറി വല്യേട്ടാ.. അത് ആ നന്ദിനി ചേച്ചി വെറുതെ അതും ഇതും പറഞ്ഞ് ഏട്ടനെ അപമാനിക്കുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല. അതാ ഞാൻ..

എന്തിനാ എന്റെ മോള് വിഷമിക്കുന്നത്. അയാൾക്ക് അയാളുടെ ഉള്ളിൽ ഉള്ളത് പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ.. അയാള് പറഞ്ഞോട്ടെ അതൊന്നും കേട്ട് മോള് വിഷമിക്കേണ്ട..

അതല്ല ഏട്ടാ.. എത്ര കൊല്ലം നിങ്ങൾ പ്രണയിച്ചതാണ്. എന്നിട്ട് ഒരു ഗൾഫ്കാരന്റെ ആലോചന വന്നപ്പോൾ ഏട്ടനെ വേണ്ടാന്ന് വച്ചിട്ട് പോയി. അമ്മാവനും അമ്മായിക്കും വരെ താൽപ്പര്യം ഉണ്ടായിരുന്നില്ലല്ലോ ആ ബന്ധം. നന്ദിനി ചേച്ചിയുടെ ഒരാളുടെ വാശിക്ക് അല്ലേ അത് നടത്തിയത്. എന്നിട്ട് ഇപ്പൊ അതിനെ വല്യ ന്യായീകരിച്ച് പറയാൻ നിക്കാ. അത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു. ഞാനും എന്തൊക്കയോ പറഞ്ഞു..

അതൊന്നും വേണ്ട. മോള് എന്തിനാ അയാളോട് ദേഷ്യം വെക്കുന്നേ. ഒരു വാർക്കപണിക്കാരാനേക്കാളും എന്തുകൊണ്ടും നല്ലത് എപ്പോഴും ഗൾഫ്‌ക്കാരൻ തന്നെ അല്ലേ. അയാള് അയാളുടെ ജീവിതം സേഫ് ആക്കി. അതിന് ഞാൻ അയാളെ കുറ്റം പറയില്ല. മോളും അങ്ങനെ ഒന്നും കരുതണ്ട കേട്ടല്ലോ..

ഞാൻ അതിന് ഒന്നും പറഞ്ഞില്ല വല്യേട്ടാ.. പക്ഷേ അവർ അവരെ ന്യായീകരിച്ച് ഏട്ടനെ കുറ്റം പറയുന്നത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. അതാ.. ഇനി ഉണ്ടാവില്ല..

മ്മ്.. ഏട്ടന്റെ കുട്ടി സങ്കടപെടേണ്ട. നമ്മളോട് പെരുമാറുന്ന രീതിയിൽ നമ്മൾ തിരിച്ചു പെരുമാറിയാൽ അവരും നമ്മളും തമ്മിൽ എന്താ വ്യത്യാസം ഉണ്ടാവാ.. അതു മാത്രം ചിന്തിച്ചാൽ മതി.. മോള് ചെല്ല് ചായ എടുക്കാൻ അമ്മയെ സഹായിക്ക്. ആ.. പിന്നെ ദേ ഈ പൈസ വച്ചോ. നിന്റെ എക്സാം ഫീസും കുറച്ച് കൂടുതലും ഉണ്ട് കൈയിൽ ഇരുന്നോട്ടെ…

ശരിയേട്ടാ… ആമി അതും വാങ്ങി ഉള്ളിലേക്ക് പോയി. ഒരു നിമിഷം അഭിയുടെ ഉള്ളിൽ നന്ദിനിയുടെ മുഖം തെളിഞ്ഞു വന്നു. അവന്റെ കണ്ണുകൾ കലങ്ങി. അവൻ വേഗം എഴുന്നേറ്റ് പുറത്തെ ബാത്‌റൂമിലേക്ക് പോയി കൈയും മുഖവും കഴുകി വന്നു. അവൻ വരുമ്പോഴേക്കും ചായയും കപ്പയും മീൻചാറും കൊണ്ട്‌ സാവിത്രിയമ്മയും ആമിയും വന്നിരുന്നു. അതോടെ മൂന്നുപേരും കൂടി ഓരോന്നും പറഞ്ഞിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി..

……………..

രാത്രി 9 മണി കഴിഞ്ഞ സമയം ഒരു റെഡ് ആൻഡ് ബ്ലാക്ക് കളർ മഹിന്ദ്ര താർ ഒരു ഗേറ്റിന് മുന്നിൽ വന്നു നിന്ന് നിർത്താതെ ഹോൺ അടിച്ചു. സെക്യൂരിറ്റി വന്ന് ആ ഗേറ്റ് തുറന്നതും ആ വണ്ടി ആ കോമ്പൗണ്ടിനുള്ളിലേക്ക് വളരെ വേഗത്തിൽ ഓടിച്ചു കയറ്റി. ഒരു വലിയ കോപൗണ്ടിനുള്ളിൽ ഒരേ പോലത്തെ രണ്ടു വലിയ വീടുകൾ അതിന് ഒന്നിന് മുന്നിൽ ആയിട്ടാണ് ആ വണ്ടി നിന്നത്…

അതിൽ നിന്നും ജീൻസും ഷർട്ടും ഇട്ട് ഉള്ള മുടിയെല്ലാം കൂടി ഉച്ചിയിൽ ഒരു മെസ്സി ബൺ ചെയ്യ്തു വച്ചിട്ടുള്ള ഒരു പെണ്ണ് ഇറങ്ങി.

എന്റെ ഈശ്വര പിയകുഞ്ഞ് ദേഷ്യത്തിൽ ആണല്ലോ.. ഇന്ന് എന്താണാവോ കാരണം. സെക്യൂരിറ്റി ശങ്കരേട്ടൻ നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ആ പെൺകുട്ടി അയാളുടെ നേരെ തിരിഞ്ഞു.

ദേ.. ശങ്കരേട്ടാ.. ഞാനൊരു നൂറ് വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ വരുമ്പോഴേക്കും ഈ ഗേറ്റ് ഇങ്ങനെ അടച്ചു പൂട്ടി ഇടരുതെന്ന്. ഇത്ര കെട്ടിപൂട്ടിവെക്കാൻ ഇതിനകത്ത് വല്ല നിധിയും ഇരിക്കുന്നുണ്ടോ മനുഷ്യ….അവൾ ഇരച്ചുകൊണ്ട് ചോദിച്ചു

അത് കുഞ്ഞേ.. നവി മോൻ…

വേണ്ട നിർത്തിക്കോ എനിക്ക് കേൾക്കണ്ട ആ ശവിമോന്റെ വിശേഷം. ഇന്ന് കൊടുക്കുന്നുണ്ട് അവന് ഞാൻ… ഹും..

ആ പെൺകുട്ടി നേരെ ആ വീടിന്റെ ഫ്രന്റിൽ ചെന്നു നിന്ന് തുറന്നു കിടക്കുന്ന വാതിലിലേക്ക് നോക്കി ഉറക്കെ വിളിച്ചു..

എന്റെ നല്ല അപ്പച്ചിക്ക് തറ മാമനിൽ ഉണ്ടായ ചെറ്റ നവീനെ ധൈര്യം ഉണ്ടെങ്കിൽ ഇറങ്ങി വാടാ…

അവളുടെ ഉറക്കെ ഉള്ള വിളിക്കേട്ടതും അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുടെ നെറുകയിൽ കയറി ചുമച്ചു തുടങ്ങി…

അയ്യോ ചേട്ടാ…. അടുത്തു തന്നെ ഇരുന്നിരുന്ന ഒരു പത്തുനാൽപ്പത് വയസ്സായ സ്ത്രീ അയാളുടെ തലയിൽ തട്ടികൊടുത്തുകൊണ്ട് വേഗം കുടിക്കാൻ വെള്ളം എടുത്തുകൊടുത്തു…അയാളൊന്ന് സമാധാനം ആയതും അവർ അയാളെ കൂർപ്പിച്ചു നോക്കി.

നീ എന്തിനാ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നത്….. അയാൾ കള്ളത്തരത്തോടെ അവരോട് ചോദിച്ചു.

സത്യം പറ.. എന്താ അച്ഛനും മോനും കൂടി ഒപ്പിച്ചേ.. എന്തോ കാര്യമായിട്ട് ചെയ്തിട്ടുണ്ട്..അല്ലാതെ എന്റെ കുഞ്ഞ് ഇത്ര ദേഷ്യപ്പെടില്ല…

എന്റെ പൊന്നു ഭാര്യേ ഞാൻ എല്ലാം പറയാം ആദ്യം നീ പോയി ആ താടകയെ ഇങ്ങോട്ട് ഉള്ളിലേക്ക് വിളിക്ക്. അല്ലെങ്കിൽ ഹൈകോർട്ടിലെ ഫേമസ് അഡ്വക്കേറ്റ് ആയ എന്റെ മാനം അവൾ കപ്പൽ കയറ്റും… അയാൾ ദയനീയതയോടെ പറഞ്ഞു.

താടക തന്നെ പണ്ട് തേച്ചിട്ട് പോയ തന്റെ പഴയ കാമുകി… അല്ലാതെ ഞാൻ അല്ല… ഹും..

അയാളുടെ പിന്നിൽ നിന്നും അവളുടെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടപ്പോൾ അയാളുടെ പോയ ചുമ പിന്നെയും വന്നു..
അതോടെ അവൾ അയാളുടെ തലയിൽ നല്ല രണ്ട് അടി അങ്ങോട്ട് കൊടുത്തു. അതോടെ അങ്ങേരുടെ ചുമ ജില്ല വിട്ടുപോയി.

ഇങ്ങനെ തലക്ക് അടിച്ച് കൊല്ലാതെ എന്റെ പൊന്നു മോളെ ഞാൻ പാവം അല്ലേ.. അയാൾ അവളെ തിരിഞ്ഞു നോക്കികൊണ്ട്‌ പറഞ്ഞു.

അവൾ അയാളെ നോക്കി മുഖം കോട്ടികൊണ്ട് അവിടെ ഉള്ള സെറ്റിയിൽ ചെന്ന് മുഖം വീർപ്പിച്ചിരുന്നു. അയാൾ ഒരു നിശ്വാസത്തോടെ എഴുന്നേറ്റ് പോയി കൈകഴുകി അവളുടെ അടുത്ത് ചെന്നിരുന്നു. എന്നിട്ട് പതുക്കെ തന്റെ കൈ എടുത്ത് അവളുടെ തോളിലേക്ക് വച്ചു. അടുത്തനിമിഷം അത് തട്ടിയെറിയപ്പെട്ടു. അയാൾ പിന്നെയും കൈ വച്ചു. അവൾ അത് പിന്നെയും തട്ടിയെറിഞ്ഞു. കുറച്ചുനേരം ഈ കളി നടന്നു. അവസാനം അവളെ അയാൾ ചേർത്തുപിടിച്ചു..

ഇനി പപ്പയുടെ മോള് പറയ്..എന്തിനാ എന്റെ കുട്ടിക്ക് ഇത്ര ദേഷ്യം..

പപ്പ എന്തിനാ അവന്റെ ആ അവിനാശിന്റെ കാല് പിടിക്കാൻ പോയത്. അവന് എന്നെ ഇന്ന് വേണ്ടെങ്കിൽ എനിക്ക് അവനെ ഇന്നലെയേ വേണ്ട.. അത് ആ നവിയേട്ടന് നന്നായി അറിയാം. എന്നിട്ട് അവൻ പപ്പയുടെ കൂടെ വന്നു അല്ലേ…

അങ്ങനെ അല്ല മുത്തേ… നവി എന്നെ കുറേ തടഞ്ഞതാണ്. പക്ഷേ എനിക്കായിരുന്നു വാശി. എന്റെ മുത്തിന്റെ പ്രണയം ആയിരുന്നില്ലേ അവൻ. അപ്പൊ നമ്മൾ ഒന്ന് സംസാരിച്ചാൽ അവന്റെ പിണക്കം മാറുമെങ്കിൽ ആയിക്കോട്ടെ എന്നു കരുതി പോയതല്ലേ. മാത്രം അല്ല നിന്റെ അച്ഛൻ അറിഞ്ഞാൽ വിഷമിക്കല്ലേ എന്ന് കരുതിയാണ് ഞാൻ അവനെ ഒന്ന് കാണാം എന്ന് തീരുമാനിച്ചത്. പക്ഷേ ഇന്നത്തോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു അവനെ പോലെ ഒരു ചെറ്റയെ എന്റെ മുത്തിന് വേണ്ട എന്ന്..

അതുതന്നെ അവന്റെ ആ പരട്ടതന്തക്ക് എതിരെ ഞാൻ അന്വേഷണ പരമ്പര എഴുതി തുടങ്ങിയ കലിപ്പിൽ ആണ് അവൻ. ഇനി അവനെയും അവന്റെ തന്തയേയും മുചൂടും മുടിപ്പിച്ചിട്ടേ ഞാൻ അടങ്ങു.. ആ ക്ണാപ്പന് വേണ്ടി എന്റെ മൂന്നുകൊല്ലം ആണ് ഞാൻ കളഞ്ഞത്… അവൾ ദേഷ്യത്തോടെ മുരണ്ടു..

എന്തിനാ മോളെ അങ്ങനെ ചിന്തിക്കുന്നത്. അവർ എന്തെങ്കിലും കാണിക്കട്ടെ അതുപോലെ നമ്മളും തിരികെ ചെയ്യണോ… അപ്പച്ചി പറഞ്ഞു.

ചെയ്യണം അപ്പച്ചി എന്നോട് എങ്ങനെ പെരുമാറുന്നോ അതേ പോലെയേ ഞാനും തിരികെ പെരുമാറുകയുള്ളു. അല്ലാതെ അവർ ചെയ്യുന്നത് മുഴുവൻ ക്ഷമിച്ചു നടക്കാൻ ഞാൻ മദർ തെരേസ ഒന്നും അല്ല.. ഹും..

അങ്ങനെ പറഞ്ഞുകൊടുക്കെന്റെ മുത്തേ… അപ്പോൾ അങ്ങോട്ടേക്ക് വന്ന ചെറുപ്പക്കാരൻ പറഞ്ഞു.

ദേ.. നവിയേട്ടാ.. എന്റെ കൈയിൽ നിന്നും നല്ല ചവിട്ട് കിട്ടേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ.. ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മുത്തെന്ന് പപ്പയും അച്ഛനും അല്ലാതെ വേറെ ആരും വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന്..വെറുതെ ചൊറിയാൻ വന്നോളും..

എന്റെ പൊന്നുകുഞ്ഞേ ഞാൻ ഒന്നും പറയുന്നില്ല എന്നാലും നീ നിന്റെ പുന്നാര പപ്പയെ തറ എന്ന് വിളിച്ചില്ലേ… അച്ഛാ ചോദിക്ക് അച്ഛാ..

നീ പോടാ എന്റെ മുത്തിന് എന്നെ എന്തും വിളിക്കാൻ ഉള്ള അധികാരം ഞാൻ കൊടുത്തിട്ടുണ്ട്. പിന്നെ നീ എന്നെ അധികം കളിയാക്കണ്ട. നിന്നെ ചെറ്റ എന്നും വിളിച്ചു. അത് തമ്പുരാൻ കേട്ടില്ലാവോ..

ഓഹ്‌.. കേട്ടു കേട്ടു. പിന്നെ ഇവൾ അത്രയല്ലേ വിളിച്ചൊള്ളു എന്നൊരു സമാധാനം..

പോടാ ശവിയേട്ടാ… അവൾ സോഫയിൽ നിന്നും എഴുന്നേറ്റ് ഓടിക്കൊണ്ട് പറഞ്ഞു..

ഡീ കുട്ടിത്തേവാങ്കെ.. നിക്കടി അവിടെ.. അവനും അവളുടെ പിന്നാലെ ഓടി…മാമനും അപ്പച്ചിയും അവരുടെ കുറുമ്പുകൾ കണ്ടിരുന്ന് ചിരിച്ചു..

തുടരും….