രചന – ഗൗരി ലക്ഷ്മി
പ്ലീസ് അല്ലി.. എനിക്കൊട്ടും പറ്റാഞ്ഞിട്ടാ.. കഴിഞ്ഞതൊക്കെ നീ മറക്കണം.. എന്നിട്ട് വാ.. നമുക്കീ നാട്ടിൽ നിന്ന് പോകാം.. എവിടെയെങ്കിലും.. പ്ലീസ്..
അവന്റെ ആ ഭാവമാറ്റം അല്ലിയെ തീർത്തും ഞെട്ടിച്ചു കളഞ്ഞിരുന്നു..
ആ നിമിഷവും അവന്റെ വാക്കുകളിൽ കുരുങ്ങി കിടന്ന അവളുടെ മനസ്സ് ഒരുത്തരത്തിനായി ഒരാശ്വാസവാക്കിനായി തിരയുകയായിരുന്നു..
വിഫലമായി..
അല്ലി അവനിൽ നിന്ന് തന്റെ കൈകൾ പിൻവലിച്ചു..
വീണ്ടും ആദിയുടെ കോൾ..
അല്ലി ഫോൺ എടുത്തു..
ആദി..
ഞാൻ.. ഞാനൊരു മീറ്റിങ്ങിലാണ്..
അല്ല പേഴ്‌സണൽ.. നീ ഒരുങ്ങിയിരിക്കു.. സമയത്തിന് ഞാൻ വന്നോളാം..
അല്ലി അത്രയും സംസാരിച്ചു കോൾ കട്ടാക്കി..
ആദിയാണോ..
മ്മ്..
അവൾക്ക് എന്തോ ഒരു വല്ലായ്ക തോന്നി..
എനിക്ക് ഹോസ്പിറ്റലിൽ പോകണം കാർത്തി..
അവളെഴുന്നേൽക്കാൻ ശ്രമിച്ചതും കാർത്തി അവളുടെ കയ്യിൽ പിടിച്ചു..
അല്ലി.. ഞാൻ..
കാർത്തി പ്ലീസ്.. ഞാൻ കാർത്തിയുടെ കാമുകിയല്ല ഇപ്പോൾ..
അവൾ നീരസത്തോടെ കൈ വലിച്ചുകൊണ്ട് പറഞ്ഞു..
കാർത്തി തന്റെ കൈ പിൻവലിച്ചു..
അല്ലി.. ഞാൻ ചോദിച്ചതിനുള്ള മറുപടി..
ഇതിന് ഞാനെന്തു മറുപടിയാണ് നൽകേണ്ടത് കാർത്തി.. ഒരിക്കൽ തമ്മിൽ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു ജീവിതം സ്വപ്നം കണ്ടിട്ടുണ്ട് നമ്മൾ.. വീട്ടുകാരും നാട്ടുകാരും അറിഞ്ഞൊരു കല്യാണം വരെയെത്തി നിന്നിട്ട് ഒടുവിൽ നിങ്ങൾ തന്നെയല്ലേ കല്യാണം വേണ്ടാന്നു വെച്ചത്..
നിങ്ങൾ മുൻപ് പറഞ്ഞ നിങ്ങളുടെ ‘അമ്മ അന്നെന്നെ പ്രോസ്റ്റിറ്റ്യൂട്ട് എന്നുവരെ വിളിച്ചപ്പോൾ എവിടെയായിരുന്നു കാർത്തി നിങ്ങൾ..
ശെരിയായിരിക്കാം.. സാഹചര്യം.. അത് ഞാനും മനസ്സിലാക്കുന്നു.. എങ്കിലും അന്ന് ആ സാഹചര്യത്തിൽ എന്താണ് സംഭവിച്ചത് എന്നൊരു ചോദ്യം നിനക്ക് ചോദിക്കാമായിരുന്നില്ലേ കാർത്തി.. അത്രയെങ്കിലും മനുഷ്യത്വം ഞാനും ആദിയും അർഹിച്ചിരുന്നില്ലേ.. അതിന് ശേഷം എന്നെ തേടി നടന്നതും സത്യം തിരഞ്ഞിറങ്ങിയതുമൊക്കെ ഞാനും അംഗീകരിക്കുന്നു.. അത്രേം ബുദ്ധിമുട്ടുണ്ടായിരുന്നില്ലല്ലോ അന്നെന്നോട് ഒന്ന് സംസാരിക്കാൻ.. ആശ്വസിപ്പിക്കാൻ..
അല്ലി ദേഷ്യത്തോടെ ചോദിച്ചു..
ഇന്ന് ഞാനൊരു ഭാര്യയാണ്.. എനിക്ക് എന്റേതായ ഒരു ജീവിതമുണ്ട്..
കാർത്തി ഒന്ന് പുഞ്ചിരിച്ചു..
ആദിയോടൊപ്പം.. അല്ലെ..
അല്ലി സംശയത്തോടെ അവനെ നോക്കി..
ആദി അല്ലിയുടെ ആരാണ്.. ഭർത്താവോ..അതോ ഫ്രണ്ടോ..
അല്ലി മൗനം പാലിച്ചു..
നീ പറയേണ്ട.. ഞാൻ പറയാം.. അല്ലിക്ക് ആദി വെറും ഫ്രണ്ട് ആണ്.. എപ്പോഴും. അതല്ലെങ്കിൽ കല്യാണം കഴിഞ്ഞിത്രയും മാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും സ്വയം ഒന്ന് അംഗീകരിക്കാൻ കഴിഞ്ഞേനെ..
അല്ലി ഞെട്ടലോടെ അവനെ നോക്കി..
നോക്കേണ്ട.. ഇതൊക്കെ ആദിയിൽ നിന്ന് തന്നെയാണ് ഞാനറിഞ്ഞത്.. പരസ്പരം കുറെ വിട്ടുവീഴ്ചകൾ ചെയ്തു രണ്ട് അന്യരെപോലെ ജീവിച്ചിട്ട് മറ്റുള്ളവർക്ക് മുൻപിൽ ഭാര്യയും ഭർത്താവുമാണ് എന്നു വരുത്തി തീർക്കുന്നതാണോ അല്ലി നിന്റെ ഭാഷയിലെ ജീവിതം..
അല്ലി ഒന്നും മിണ്ടിയില്ല..
ഞാൻ കണ്ടിരുന്നു ആദിയെ.. എന്റെ നെറ്റിയിലെ ഈ ഉണങ്ങിയ മുറിവിന്റെ പാടുൾപ്പടെ അവന്റെ സമ്മാനമാണ്..
അല്ലി തീർത്തും ഞെട്ടിപോയിരുന്നു.. അവൾ അവനെ നോക്കി..
വിശ്വാസം വരുന്നില്ലെങ്കിൽ അവനോട് നിനക്ക് ചോദിക്കാം..
അവനെന്നോട് ഒരു വിരോധവും ഉണ്ടായിട്ടല്ല.. അന്ന് നിന്നോട് ‘അമ്മ പറഞ്ഞതിന്റെയും ഞാൻ ചെയ്തതിന്റെയും ദേഷ്യമാണ് അവനു.. എനിക്ക് മനസ്സിലാകും ആദിയെ.. അവനു നീ സഹോദരിയെ പോലെയാണ്.. ആ മനസ്സ് ഞാൻ കണ്ടതാണ്..
അല്ലിയുടെ കണ്ണു നിറഞ്ഞു..
ആദിയോട് ഞാൻ സംസാരിച്ചതാണ്.. അവനു മറ്റു പ്രശ്നങ്ങളൊന്നുമില്ല.. നിനക്ക് സമ്മതമാണെങ്കിൽ അവൻ ഡിവോഴ്‌സ് നൽകും.. പിന്നെ നമുക്ക് വീട്ടിൽ പറയാം.. ഞാൻ സംസാരിക്കാം നിന്റെ വീട്ടിൽ.. പ്രസാദ് അങ്കിളിനും മീനാന്റിക്കും നമ്മളെ മനസ്സിലാകും..
നീ പറഞ്ഞപോലെ നാട്ടിൽ ഒരു വീട് വെയ്ക്കാം.. അവധിയ്ക്ക് വരുമ്പോൾ നമുക്കൊന്നിച്ചു അവിടെ കൂടാം.. അമ്മയോട് ഞാൻ സംസാരിച്ചിട്ടുണ്ട്.. അമ്മയായി ഇനി ഒന്നിനും വരില്ല..
അല്ലി തികച്ചും അസ്വസ്ഥയായിരുന്നു.. കാർത്തിയുടെ ഭാവങ്ങൾ അവളിൽ വല്ലാത്ത ഈർഷ്യ നിറയ്ക്കുന്നുണ്ടായിരുന്നു..
അല്ലി.. ഞാനീ മൗനം സമ്മതമായി എടുക്കട്ടേ..
വേണ്ട..
ഉറച്ചതായിരുന്നു അല്ലിയുടെ വാക്കുകൾ..
കാർത്തി ഞെട്ടി അവളെ നോക്കി.. അവൾ വാച്ചിലേയ്ക്കും..
കാർത്തി പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല.. കാർത്തിയുടെ അവസ്ഥകൾ ഞാൻ മനസ്സിലാക്കുന്നു..
സത്യമാണ്.. ആദിയും ഞാനും തമ്മിൽ ഭാര്യയും ഭർത്താവുമായി ജീവിക്കാനും തീരുമാനിച്ചിട്ടില്ല.. എന്നു വെച്ചു നിന്റെ കൂടെ ജീവിക്കാൻ ഞാൻ വരുമെന്ന് പ്രതീക്ഷിക്കേണ്ട കാർത്തി..
അവൻ പ്രതീക്ഷ നഷ്ടപെട്ടവനെ പോലെ അവളെ നോക്കി..
ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചതാണ് ഒന്നിച്ചുള്ള ഒരു ജീവിതം.. പിന്നെ വിധിയായി അത് വേണ്ടാന്നു വെയ്പ്പിച്ചു.. ഇന്നിപ്പോൾ ഞാൻ മനസ്സുകൊണ്ട് ആ ജീവിതത്തിൽ നിന്ന് നീ പ്രതീക്ഷിക്കുന്നതിലും ഒരുപാട് അകലെയാണ്..
എനിക്ക് കർത്തിയോടൊപ്പം ജീവിക്കാൻ താൽപര്യമില്ല..
കള്ളം.. കള്ളമാണ് അല്ലി നീയിപ്പോ പറയുന്നത്.. നിന്റെയീ കണ്ണിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന പ്രണയം.. വേദന.. ഇതൊക്കെ എനിക്ക് കാണാം.. കാർത്തിയെ നീ പൂർണ്ണമായി ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ന് നീയിവിടെ വരില്ലായിരുന്നു..
ആദി.. അവനും ഒരു ലൈഫുണ്ട് അല്ലി.. നീ കാരണം അവന്റെ ജീവിതം കൂടെയാണ് നഷ്ടമായി പോകുന്നത്.. നിനക്ക് സിംപിൾ ആയി ഇക്കാര്യം പരിഹരിക്കാം..
എനിക്കറിയാം എല്ലാവരൂടെ ചേർന്ന് നിർബന്ധിച്ചു കെട്ടിച്ചതല്ലേ നിങ്ങളെ . പിന്നെന്താ നിന്റെ പ്രശ്നം..
കാർത്തി അവളെ നോക്കി..
അവളേതോ ചിന്തകളുടെ ലോകത്താണെന്നു തോന്നി..
അല്ലി..
മ്മ്..
നീ മറുപടിയൊന്നും പറഞ്ഞില്ല..
പറഞ്ഞതിൽ കൂടുതലൊന്നും ഇപ്പൊ പറയാനില്ല കാർത്തി.. ഞാനും നീയുമിപ്പോൾ തികച്ചും അന്യരാണ്.. ഇനി എന്റെയും ആദിയുടെയും ജീവിതം..
ഓര്മവെച്ച നാള് മുതൽ പരസ്പരം കാണുന്നവരാണ് ഞങ്ങൾ.. ആ ഞങ്ങൾക്കിടയിൽ പല വിഷയങ്ങളും ഉണ്ടാകും.. ഞാൻ ചിലപ്പോ കല്യാണം കഴിക്കുകയോ അതല്ലെങ്കിൽ ഡിവോഴ്‌സ് ചെയ്യുകയോ ചെയ്യും.. അതൊക്കെ തികച്ചും ഞങ്ങളുടെ പേഴ്‌സണൽ കാര്യങ്ങളാണ്..
അത് ചർച്ച ചെയ്യാനും തീരുമാനിക്കാനും ആരുടെയും ഹെല്പ് ഇപ്പൊ ആവശ്യമില്ല ഞങ്ങൾക്ക്..ഇനി ആവശ്യം വന്നാലും ദൈവം സഹായിച്ചൊരുപാട് പേര് ഞങ്ങൾക്ക് ചുറ്റിനുമുണ്ട്.. അല്ലെങ്കിലും ലൈഫിലെ ഏറ്റവും മോശം സമയത്തും അവർ മാത്രേയുണ്ടായിരുന്നുള്ളൂ..
കാർത്തി ഞെട്ടി അവളെ നോക്കി.. അത്രയും പറഞ്ഞപ്പോഴെങ്കിലും അവളിൽ ഒരു ഭാവമാറ്റം അവൻ പ്രതീക്ഷിച്ചിരുന്നു..
ഇപ്പൊ അതിനു കാർത്തിയുടെ ആവശ്യമില്ല.. ഇനി ഇക്കാര്യം പറയാൻ കാർത്തി എന്നെ കാണാനോ വിളിക്കാനോ ശ്രമിക്കേണ്ട..
എന്നെ ഉപദേശിക്കുന്ന നേരത്ത് കാർത്തി ഒരു ലൈഫിനെപ്പറ്റി ചിന്തിക്കൂ.. ഞാനിന്ന് പേരിനെങ്കിലും ഒരു ഭാര്യയാണ്.. പക്ഷെ കാർത്തിയോ.. ഇപ്പൊ ‘അമ്മ മനസ്സ് മാറി നിൽക്കുന്ന നേരത്തൊരു പെണ്കുട്ടിയെ ജീവിതത്തിലേയ്ക്ക് കൂട്ടാൻ ശ്രമിക്കൂ കാർത്തി.. ഇനി തമ്മിൽ കാണുന്നത് അത് പറയാൻ ആയിരിക്കട്ടെ..
അവൾ തെല്ലും പരിഭവമില്ലാതെ ചെറു ചിരിയോടെ പറഞ്ഞു..
കൊണ്ടുവെച്ച ഷെയ്ക്ക് മുഴുവൻ കുടിച്ചു ബില്ലും സ്വയം പേ ചെയ്‌തെഴുന്നേറ്റു അവൾ..
കാർത്തി..
അവനവളെ നോക്കി..
ജീവിതത്തിൽ നഷ്ടപ്പെടുത്തി കളയുന്ന സമയമൊന്നും തിരികെ ലഭിക്കില്ല.. അതുപോലെ ചില മുറിവുകൾ അറിഞ്ഞുണ്ടാക്കിയാലും അറിയാതെ ഉണ്ടാക്കിയാലും ഉണങ്ങുകയുമില്ല.. ഇനിയെങ്കിലും ലൈഫ് കുറച്ചൂടെ ബെറ്ററായി ജീവിക്കൂ..
അതും പറഞ്ഞെഴുന്നേൽക്കുന്നവളെ നോക്കി അവൻ പ്രജ്ഞയറ്റവനെ പോലെയിരുന്നു..
ഇനി ഒരിക്കലും അല്ലി എന്നിലേക്ക് മടങ്ങില്ല എന്നാണോ..
അവൻ അവസനമായെന്നോണം ചോദിച്ചു..
അവളൊന്ന് പുഞ്ചിരിച്ചു..
അതേ.. അതിനിനി കഴിയുമെന്ന് തോന്നുന്നില്ല..
അതും പറഞ്ഞവൾ തിരിഞ്ഞു നടക്കുമ്പോൾ നഷ്ടപ്രണയത്തിന്റെ തീരാവേദന ഒരു മരവിപ്പ് പോലെ അവന്റെ നെഞ്ചിൽ നിറഞ്ഞു വിങ്ങുന്നുണ്ടായിരുന്നു..
ഇല്ല അല്ലി.. നീയത് തിരുത്തി പറയും.. പറയിക്കും കാർത്തി.. ഇതെന്റെ വാശിയാണ്..
മനസ്സിൽ അതും ഉരുവിട്ടവനിരിക്കുമ്പോൾ കാറിന്റെ സ്റ്റിയറിങ്ങിലേയ്ക്ക് ചാഞ്ഞു കിടന്നു കരഞ്ഞു തീർക്കുകയായിരുന്നു അല്ലി..
അസ്വസ്ഥമായ മനസ്സ് നിറയെ തനിക്ക് ചുറ്റും താനറിയാതെ പുകമറ പോലെ നടന്ന സംഭവങ്ങൾ തിരിച്ചറിഞ്ഞതിന്റെ വേദനയായിരുന്നു..
ഒപ്പം ഒരുപാട് നാളത്തെ സ്വപ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചതിന്റെ നീറ്റലും..
ആ നിമിഷവും ആദിയുടെ കോൾ അവളുടെ ഫോണിൽ തെളിയുന്നുണ്ടായിരുന്നു..
പക്ഷെ ഒരു മറുപടി നൽകാൻ അവളാ നിമിഷം ആഗ്രഹിച്ചിരുന്നില്ല..
പ്രണയം.. അത് തികച്ചും ഒരു അഗ്നി പോലെയാണ്.. കാണുമ്പോഴുള്ള ഭംഗി അടുക്കുമ്പോഴുണ്ടാകില്ല.. രക്ഷപെട്ടാലും ചിലപ്പോൾ വീണുപോകും മുൻപത്തെ ഭംഗി ഉണ്ടാകണമെന്നുമില്ല..
************************
ജോളിമ്മേ..
ആദിയുടെ വിളി കേട്ട് അടുക്കളയിൽ നിന്ന് വന്ന ജോളിമ്മ കാണുന്നത് എവിടേക്കോ പോകാൻ തിരക്കിട്ടിറങ്ങുന്ന ആദിയെയാണ്..
എവിടേക്കാണ് എന്നവർ ആംഗ്യത്തിൽ ചോദിച്ചു..
3 മണിക്ക് ഡോക്ടറെ കാണണം എന്നല്ലി പറഞ്ഞിരുന്നു.. ഒരുങ്ങിയിരിക്കാൻ പറഞ്ഞിട്ടൊരു മണിക്കൂറായി.. ഫോണും എടുക്കുന്നില്ല ഓഫീസിൽ നിന്നിറങ്ങിയിട്ടൊരുപാട് നേരമായി എന്നും പറയുന്നു..
ആദി ഒറ്റശ്വാസത്തിൽ പറഞ്ഞു.. ജോളിമ്മയുടെ മുഖത്തും ഭയം നിറഞ്ഞു.. പേടിക്കേണ്ട.. ഞാനൊന്ന് പോയി നോക്കിയിട്ട് വരാം.. ഇടയ്ക്ക് വിളിച്ചപ്പോൾ ഒരു പേഴ്‌സണൽ മീറ്റിങ്ങിലാണെന്നാ പറഞ്ഞത്.. ആരെയെങ്കിലും കണ്ടു കാണും.. എന്നാലും ഒന്നുപോയി നോക്കാമെന്ന് വെച്ചു..
അവൻ അവരെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു..
ഞാൻ പോയിട്ട് വരാമേ..
പനി എങ്ങനെയുണ്ട് എന്നവർ ചോദിച്ചു..
കുറവുണ്ട്.. ജോയിച്ചനുമില്ലല്ലോ.. ജോളിമ്മ കതകടച്ചോ.. എന്തേലും ആവശ്യമുണ്ടേൽ ഒന്നു വിളിച്ചാൽ മതി.. ഷൈനി ചേച്ചിയോട് പറഞ്ഞേരെ..
അതും പറഞ്ഞവൻ കാറിന്റെ കീയുമെടുത്തു പുറത്തേയ്ക്കിറങ്ങിയതും അതിവേഗത്തിൽ അല്ലിയുടെ കാർ ഗേറ്റ് കടന്നു വന്നുനിന്നു..
ജോളിമ്മയും പുറത്തേയ്ക്കിറങ്ങിയിരുന്നു..
അല്ലി ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി പിന്നിലെ ഡോർ തുറന്നു കുറച്ചു കവറുകളും എടുത്തു ആദിയ്ക്കരികിലേയ്ക്ക് ചെന്നു..
നീ എങ്ങോട്ട് പോകുവാ.. ഒറ്റയ്ക്ക്..
നിന്നെ കാണാഞ്ഞിട്ടു ഇറങ്ങിയതാ.. എന്തേ ഇത്രേം വൈകിയത്.. കുറെ വിളിച്ചു..
ഡ്രൈവിങ്ങിൽ ആയോണ്ടാ ഫോണെടുക്കാതിരുന്നത്.. ഒരു പഴയ ഫ്രണ്ടിനെ കണ്ടു.. അതാ ലേറ്റ് ആയത്. എന്തായാലും ഇറങ്ങിയതല്ലേ.. നീ ഇവിടെ നിൽക്ക്.. ഒരു അഞ്ചു മിനിറ്റ്.. ഞാനൊന്ന് ഫ്രഷായി ഇപ്പൊ വരാം..
നിന്റെ മുഖത്തെന്താ ഒരു വാട്ടം.. കണ്ണൊക്കെ വീങ്ങി..
ആദി ചോദിച്ചു..
ഒന്നുമില്ല.. ഒരു തലവേദന.. പിന്നെ മൂന്നാലു വട്ടം തുമ്മുകേം ചെയ്തു..
പനിയാണോ.
ആ… എങ്കിൽ നിന്നെ കുനിച്ചു നിർത്തി ഇടിക്കും ഞാൻ.. കണ്ടോ..
ആദി ചോദിച്ചതിനുത്തരമായി ചിരിയോടെ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു…
സ്റ്റെഫി ആന്റിയ്ക്ക് എങ്ങനെയുണ്ട് ജോളിമ്മേ..
കയ്യിലെ കവർ അവരെ ഏല്പിച്ചുകൊണ്ട് അവൾ ചോദിച്ചു..
കുഴപ്പമൊന്നുമില്ല എന്നവർ മറുപടി നൽകി..
ഇത് ആ മുജീബിക്കയുടെ കടയിലെ ഫ്രൂട്ട്സ് ആണ്.. നല്ല ഫ്രഷ് ഫ്രൂട്ട്സ് ആണ്.. ആന്റിയ്ക്ക് ജ്യൂസ് ആക്കി കൊടുക്കാം..
അവർ കവറിൽ എന്താണെന്ന് ചോദിച്ചുകൊണ്ട് നോക്കിയതും അവളതും പറഞ്ഞകത്തേക്ക് പോയി..
പെട്ടെന്ന് ഫ്രഷായി മുടി അഴിച്ചോന്ന് പുട്ടപ്പ് ചെയ്തവൾ പുറത്തേയ്ക്ക് വന്നു..
കേറിക്കോ..
ആദിയോട് അതും പറഞ്ഞവൾ ജോളിമ്മയെ നോക്കി..
ജോളിമ്മേ.. ഡോക്ടറെ കണ്ടിട്ട് വരാം.. ഇവിടേയ്ക്ക് എന്തേലും വാങ്ങാനുണ്ടോ..
ഇല്ല എന്നവർ മറുപടി നൽകി..
അപ്പൊ പോയിട്ട് വരാം.. എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാൽ മതി കേട്ടോ..
അവർ സമ്മതഭാവത്തിൽ തലയാട്ടിയതും അവൾ ചിരിയോടെ ഡ്രൈവിങ് സീറ്റിൽ കയറി..
കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആദിക്ക് ഒരു പുഞ്ചിരി നൽകി റിവേഴ്‌സ് എടുത്തവർ പോകുമ്പോഴും നോക്കി നിന്ന ജോളിമ്മയുടെ ചുണ്ടിലെ പുഞ്ചിരി എന്തുകൊണ്ടോ മാഞ്ഞു പോയിരുന്നു..
അല്ലിയുടെ ഭാവത്തിലെ ചെറു ചലനങ്ങൾ പോലും അറിയുന്ന ആ അമ്മയിൽ എന്തോ ഒരസ്വസ്ഥത നിറയുന്നുണ്ടായിരുന്നു..
മൗനമായി..
************************
ഞാൻ പറഞ്ഞില്ലേ കുഴപ്പമൊന്നുമില്ലെന്നു..
ആദി ഡോക്ടറെ കണ്ടിട്ട് മടങ്ങും വഴി ചോദിച്ചതും അത്ര തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി അവൾ മടക്കി നൽകി..
അല്ല ഇന്നേത് ഫ്രണ്ടിനെയാ കണ്ടത്.. ഒന്നും പറഞ്ഞില്ലല്ലോ നീ..
ആദി ചോദിച്ചതും അല്ലി റോഡ് സൈഡിൽ കണ്ട റെസ്റ്റോറെന്റിലേയ്ക്ക് അവൾ കാർ കയറ്റി പാർക്ക് ചെയ്തു..
ഒരു കോഫി കുടിക്കാം.. വാ..
അതും പറഞ്ഞല്ലി ഇറങ്ങിയതും പിന്നാലെ ആദിയും ഇറങ്ങി നടന്നു..
നിനക്ക് കോഫി മതിയോ..
മ്മ്..
ആദി മൂളി..
കഴിക്കാൻ..
വട…
മെനുവിലെ ഡിഷസ് നോക്കി അവൻ പറഞ്ഞു.. അല്ലി രണ്ടാൾക്കും കോഫിയും വടയും ഓർഡർ ചെയ്തു..
നീ മുൻപെന്താ ചോദിച്ചത്..
കോഫി കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു..
എപ്പോ..
കാറിൽ വെച്ചു.
അത് നിന്റെ ഫ്രണ്ടിനെ കുറിച്ചല്ലേ.. നീയൊന്നും പറഞ്ഞുമില്ലല്ലോ..
ഇറ്റ് വാസ് കാർത്തി..
ചൂട് കാപ്പി കുടിക്കുന്നതിനിടയിലാ പേര് കേട്ടതും ആദിയുടെ നെറുകയിൽ കയറി.. അവൻ ചുമച്ചതും അല്ലി ഒരു ഗ്ലാസ് വെള്ളം പകർന്നവന് നൽകി..
ആരാ..
കാർത്തി..
അല്ലി ഉറപ്പോടെ പറഞ്ഞു..
അവന്റെ മനസ്സിലൊരു ഭയം കടന്നുകൂടി..
അവൻ.. അവനെന്താ ഇവിടെ.. എന്തിനാ വന്നത്..
വെറുതെ.. സുഖമാണോ എന്നൊക്കെ ചോദിച്ചു.. ഒന്ന് കാണണം എന്ന് പറഞ്ഞിട്ടാ പ്രിയദർശിനിയിൽ പോയത്.. പഴയതിനൊക്കെ മാപ്പ് ചോദിച്ചു.. കാര്യങ്ങളൊക്കെ വൈകിയാണ് മനസ്സിലാക്കിയത് എന്നൊക്കെ പറഞ്ഞു..
അല്ലി നിസ്സാരമായി പറഞ്ഞതും ആദി സംശയത്തോടെ അവളെ നോക്കി..
നീ.. നീയെന്ത് പറഞ്ഞു..
എന്തൊക്കെയോ.. ആദ്യം നല്ല ദേഷ്യം വന്നു.. എന്തൊക്കെയോ പറഞ്ഞു.. പിന്നെ ഓർത്തപ്പോ വേണ്ടിയിരുന്നില്ല എന്നും തോന്നി..
അതെന്താ..
ആദി സ്വയമറിയാതെ ചോദിച്ചുപോയി..
അറിയില്ല ആദി.. സത്യത്തിൽ കാർത്തിയിൽ എന്തായിരുന്നു തെറ്റ്.. ആ ദിവസം.. ആ നിമിഷം.. ശെരിക്കും അവന്റെ സ്ഥാനത്ത് നീയും എന്റെ സ്ഥാനത്ത് നിയയും ആയിരുന്നെങ്കിലും അതിനപ്പുറം എന്ത് സംഭവിച്ചേനെ..
എത്ര ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞാലും ആ സാഹചര്യത്തിൽ അവിശ്വസിച്ചു പോകും ആദി.. പിന്നെ കാർത്തി അന്വേഷണത്തിൽ ആയിരുന്നു.. സത്യം തിരിച്ചറിഞ്ഞപ്പോഴാണ് ജിജോയുമായുള്ള കല്യാണം നിയയുടെ വീട്ടുകാർ തീരുമാനിച്ചത് അറിയുന്നത്..
അത് പറയാൻ വന്ന കാർത്തിയ്ക്ക് ആക്സിഡന്റ് ആയി.. എന്നിട്ടും ഓടിപിടിച്ചെത്തിയതാ കാർത്തി.. പക്ഷെ അപ്പോഴേയ്ക്കും..
അവൾ നിർത്തി.. ആദി തീർത്തും ഞെട്ടലോടെ അവളെ നോക്കി..
ഇതൊക്കെ.. ഇതൊക്കെ വെറുതെ ആകും..
കാർത്തി കള്ളം പറയില്ല ആദി..
വല്ലാത്ത ഉറപ്പുണ്ടായിരുന്നു അല്ലിയുടെ വാക്കുകളിൽ..
ആദിയിൽ അതേൽപ്പിച്ച മാനസിക ക്ഷതം ചെറുതായിരുന്നില്ല..
അവനോട് ഞാൻ കുറെ ചൂടായി.. പിന്നെ ഓർത്തപ്പോ അത്രേം വേണ്ടായിരുന്നു എന്നു തോന്നി..
ഡു യു സ്റ്റിൽ ലവ് ഹിം..
ആദി ഭയത്തോടെയാണ് ആ ചോദ്യം ചോദിച്ചത്..
ഡു യു ക്യാൻ ഫോർഗറ്റ് നിയ ഇൻ എവരി മീൻസ്..
ആദിയുടെ ചോദ്യത്തിന് അല്ലിയുടെ മറുപടി ആ ചോദ്യമായിരുന്നു..
നിമിഷ നേരം കൊണ്ട് ആദിയുടെ മനസ്സിലുണ്ടായിരുന്ന പ്രണയമെന്ന തോണി ആ ചോദ്യത്തിന്റെ പ്രഭാവത്തിൽ തകർന്നു പോയതുപോലെ അവനു തോന്നി..
നിയ.. അവളെ പൂർണമായും മറന്നോ താൻ..
ആ ചോദ്യം അവനിൽ നിറഞ്ഞു..
പ്രണയം. അതൊരു വലിയ സമസ്യയാണ് അല്ലെ ആദി..
വീണ്ടും അല്ലിയുടെ ചോദ്യം.. ആദിയുടെ ഉള്ളം വിതുമ്പുന്നുണ്ടായിരുന്നു..
പ്രണയം മറക്കാൻ എളുപ്പമായിരുന്നെങ്കിൽ..
ആ മറുപടിയിലുണ്ടായിരുന്നു അല്ലിയുടെ മനസ്സ് എന്നാദിക്ക് തോന്നി..
എങ്കിൽ.. എങ്കിൽ അവനോട് പറഞ്ഞൂടെ..
ആദി ഇടർച്ചയോടെ ചോദിച്ചു..
തന്നിലെ ഒരു കുഞ്ഞു മാറ്റം പോലും മനസ്സിലാകുന്നവൾക്ക് ഈ വേദന തിരിച്ചറിയാൻ ഈ നിമിഷം കഴിയുന്നില്ല എന്നത് ആദിയിൽ അത്ഭുതവും അതിലുപരി വേദനയും നിറച്ചു.. ഈ നിമിഷം അല്ലി ആദിയെ കാണുന്നില്ല.. കാർത്തിയെ മാത്രം..അവനെ മാത്രമേ കാണുന്നുള്ളൂ..
സമയമായിട്ടില്ല.. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നല്ലേ.. അവൻ എന്നോട് പറഞ്ഞതൊക്കെ ഒരെടുത്തു ചാട്ടം പോലെ തോന്നി എനിക്ക്.. അതിന് വലിയ ആയുസ്സില്ല ആദി..
പ്രണയമെന്നത് അങ്ങനെ എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ലല്ലോ.. സമയമെടുത്തു അതിന്റെ വരും വരായ്കകൾ ഒക്കെ അവൻ മനസ്സിലാക്കണം.. മറക്കാൻ ശ്രമിക്കണം… അപ്പോഴേ ഉള്ളിൽ എത്രത്തോളം ആഴത്തിൽ ആ പ്രണയമുണ്ട് എന്നു മനസ്സിലാകൂ.. അപ്പൊ ആ സ്നേഹം കുറേകൂടി വ്യക്തമാകും.. അങ്ങനെ സംഭവിച്ചാൽ അവനൊരിക്കൽ കൂടി വരും.. എനിക്ക് മുൻപിൽ മനസ്സ് തുറക്കും..
അപ്പൊ നോക്കാം..
അല്ലിയുടെ വാക്കുകൾ ആദിയുടെ ഹൃദയം കീറിമുറിച്ചു കടന്നുപോയി..
ഒരിക്കൽ നഷ്ടപെടലിന്റെ വേദന ആവോളം രുചിച്ചവനാണ് താൻ.. പതിയെ അതിൽ നിന്ന് കരകയറി പുതിയ ജീവിതം തിരഞ്ഞു തുടങ്ങിയിട്ടേയുള്ളൂ..ഇനിയും.. വീണ്ടും നഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ടതാണോ തന്റെ ജീവിതം..
ആദിയുടെ മനസ്സ് നിലവിളിച്ചു.. പക്ഷെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ആയിരുന്നു..
അവനു എന്നെ ഇതുവരെ പൂർണ്ണമായും മനസ്സിലാക്കാൻ പറ്റിയിട്ടില്ല ആദി.. നീയോ ക്രിസ്റ്റിയോ അറിയും പോലെ അല്ലെങ്കിൽ അതിലും മുകളിൽ പരസ്പരം തിരിച്ചറിയണം കൂടെ ജീവിക്കാൻ തുടങ്ങുമ്പോൾ.. അതല്ലെങ്കിൽ എന്നും അതിന് മൂന്നാമതൊരാളിന്റെ സഹായം വേണ്ടിവരും..
ആദി അവളെ നോക്കി..
അതെനിക്കിഷ്ടമില്ല ആദി.. എന്റെ കൂടെ ജീവിക്കുമ്പോൾ എന്നിൽ നിന്ന് ഒളിയും മറയും സൃഷ്ടിക്കുന്നത് എനിക്കിഷ്ടമല്ല.. അതുപോലെ ജീവിതത്തിൽ അവൻ കുറച്ചുകൂടി മെച്വർ ആകാനുമുണ്ട്.. സമയമുണ്ടല്ലോ.. നമുക്ക് നോക്കാം..
അവൾ ചെറു ചിരിയോടെയാണ് പറഞ്ഞത്..
ആ പുഞ്ചിരി ആദിയിൽ പക്ഷെ നിരാശയുടെ നോവായിരുന്നു സമ്മാനിച്ചത്..
കാർത്തി.. കാർത്തി ലക്കിയാണ്..
അല്ലി പുഞ്ചിരിച്ചു..
എല്ലാം പറഞ്ഞു സോൾവാക്കും മുൻപ് നമ്മുടെ വീട്ടുകാരോട് ഇക്കാര്യം പറയേണ്ടേ.. പിന്നെ നമുക്കിടയിലും ചില ലീഗൽ ഫോർമലിറ്റിസ് ഉണ്ടല്ലോ..
ആദി ചിരിക്കാൻ ശ്രമിച്ചു..
നമ്മുടെ ബന്ധുക്കളല്ലേ.. നമുക്ക് സംസാരിക്കാം.. പിന്നെ ഡിവോഴ്‌സ്.. ഒരു വർഷം കഴിയാൻ ഇനി 3 മാസം കൂടി.. അത് കഴിഞ്ഞാൽ മ്യൂച്വൽ ഡിവോഴ്‌സ് എളുപ്പത്തിൽ കിട്ടും..
എല്ലാം പെട്ടെന്ന് ശെരിയാകും ആദി.. എനിക്കിപ്പോ ശെരിക്കും നല്ല പ്രതീക്ഷയുണ്ട്.. ഒക്കെ പഴയത് പോലെയാകും.. അതിന്റെ കൂടെ നിന്റെ ലൈഫ് കൂടെ എനിക്ക് ശെരിയാക്കി എടുക്കണം ആദി..
എന്റെ ലൈഫിനെന്താ..
മനസ്സിൽ നിറഞ്ഞ വേദന വാക്കുകളിൽ പ്രതിഫലിക്കാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിച്ചാണ് ആദി സംസാരിച്ചത്..
പിന്നെ.. എന്നും നിയയെ ഓർത്തിരിക്കുമോ നീ.. നിനക്ക് അവളെക്കാൾ ബെറ്റർ ഒരു പാർട്ട്ണറെ കണ്ടെത്തണം ഞങ്ങൾക്ക്.. എന്നിട്ട് മിത്രേടേം ക്രിസ്റ്റിടേം കൂടെ അതും നടത്താം നമുക്ക്.. അല്ലേൽ വേണ്ട.. അതിന് മുമ്പ്.. നമ്മൾ രണ്ടാളും കുടുംബമായിട്ടു വേണം ക്രിസ്റ്റിടെ കല്യാണം.. മിത്ര ഇപ്പൊ പിജിയ്ക്ക് ചേർന്നിരിക്കുന്നത് കൊണ്ട് അടുത്ത വർഷം പകുതി കഴിഞ്ഞേ കല്യാണം ഉണ്ടാകൂ.. സോ അതിന് മുമ്പ് നമ്മുടെ കാര്യം റെഡിയാക്കണം..
ആദി തീർത്തും ഞെട്ടിപോയിരുന്നു..
നാളുകൾക്ക് ശേഷമാണ് അല്ലിയെ ഇത്രത്തോളം സന്തോഷത്തിൽ താൻ കാണുന്നത് എന്നവനോർത്തു.. ആ സംഭവത്തിന് ശേഷം ഇത്രയും സന്തോഷത്തോടെ അവളിരുന്നിട്ടില്ല.. എപ്പോഴും എന്തൊക്കെയോ ചിന്തകൾ.. ഈയടുത്തായി നല്ല മാറ്റം ഉണ്ടയിരുന്നെങ്കിലും ഇന്നവളിൽ നിറഞ്ഞുനിൽക്കുന്നത് പ്രണയമാണ് എന്നവന് തോന്നി..
കണ്ണിൽ നിരയെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞു നിൽക്കുന്നു.. മുഖത്തിന് പഴയ തിളക്കം വന്നത് പോലെ..
ആ നിമിഷം ആദിയ്ക്ക് സന്തോഷം തോന്നി..
ഈ സന്തോഷം തനിക്കൊരിക്കലും അവളിൽ പകർന്നുനല്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഒരു പിന്മാറ്റത്തിന് അവനും മനസ്സുകൊണ്ട് തയാറെടുക്കുകയായിരുന്നു..
അതത്ര എളുപ്പമാകില്ല എന്നറിയാതെ..
********************
നേരം പെട്ടെന്ന് ഇരുട്ടിയ പോലെ.. അല്ലെ ആദി..
കാറിൽ നിന്നിറങ്ങവേ അല്ലി ചോദിച്ചതിന് യാന്ത്രികമായി ആദി ഒന്ന് പുഞ്ചിരിച്ചു..
കോളിംഗ് ബെൽ അമർത്തി രണ്ടു നിമിഷം കഴിഞ്ഞും ഡോർ തുറക്കാതെ വന്നതും മുഖത്തെ പുഞ്ചിരി മാഞ്ഞു ടെൻഷൻ നിറയുന്നത് അല്ലി അറിഞ്ഞു.. അവൾ ആദിയെ നോക്കി.. അവനിലെ സംശയ ഭാവം.. ഒന്നുകൂടി കോളിംഗ് ബെൽ അമർത്തിയതും ഡോർ തുറന്നു..
മുന്പിൽ നിൽക്കുന്നവരെ കണ്ടതും ഞെട്ടലോടെ അല്ലിയും ആദിയും പരസ്പരം നോക്കി..
തുടരും.

by