രചന – ആയിഷ അക്ബർ
അവന്റെ ചൂട് ശരീരത്തെ ആകമാനം പൊതിഞ്ഞു പിടിക്കുമ്പോൾ അവൾക്ക് ശ്വാസമെടുക്കാൻ പ്രയാസം തോന്നി….
അവനോടുള്ള പ്രണയം തന്റെ മനസ്സിലും നിറഞ്ഞു തുളുമ്പുകയാണെന്ന് അറിയാമെങ്കിലും വീണ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിലേക്കോടി വന്നത്….
അവൾ അവന്റെ കൈ തന്റെ കൈ കൊണ്ടെടുത് മാറ്റിയതും ഒരു ഞെട്ടലോടെ എഴുന്നേറ്റതും പെട്ടെന്നായിരുന്നു…
അവളുടെയാ പ്രവർത്തിയിൽ കാശിയും ഒന്ന് ഞെട്ടി..
അവൻ പെട്ടെന്നെഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു….
അവൾ മുൻവശത്തെ ചുമരിലേക്ക് തന്നെ മിഴികളൂന്നി എന്തോ ചിന്തയിലാണ്ടിരുന്നത് പോലെയവന് തോന്നി….
അവൻ തലക്ക് കൈ കൊടുത്തു കൊണ്ട് അവളെ നോക്കിയിരുന്നു…
അവന്റെ മുഖത് വല്ലാത്തൊരു പ്രയാസം പരന്നിരുന്നു…..
ആം സോറി …. ഞാൻ തന്റെ അനുവാദാമിലാതെ ദേഹത്തു തൊടാൻ പാടില്ലായിരുന്നു ….
പെട്ടെന്ന് അങ്ങനെയൊന്നും ചിന്തിച്ചില്ല…
നെറ്റി ഉഴിഞ്ഞു കൊണ്ട് അവനത് പറയുമ്പോൾ മനസ്സിൽ ഇരമ്പുന്നൊരു സാഗരത്തെ അവൻ മറച്ചു വെച്ചിരുന്നു..
ഇയാള് സമ്പന്നനല്ലാത്തത് കൊണ്ടാണോ എന്നെ ഇഷ്ടപ്പെട്ടത്……
പെട്ടെന്ന് ഇരുന്ന ഇരുപ്പിൽ തന്നെ അത് ചോദിക്കുമ്പോൾ അവൻ തലയൊന്നു ചെരിച്ചു…..
എന്ത്…..
അവന്റെ ശബ്ദത്തിൽ തന്നെ ഒരു മാറ്റം അവൾക്ക് തോന്നി…..
ഇയാൾക്ക് സ്വത്തുക്കളൊന്നുമില്ലാത്തത് കൊണ്ടാണോ എന്നെ ഇഷ്ടപ്പെട്ടതെന്ന്……
അവൻ ഒരു തരം സംശയത്തോടെ അവളെ നോക്കി…
അവളെന്തോ വലിയൊരു കാര്യം ചോദിച്ചത് പോൽ മുഖത്തെല്ലാം വല്ലാത്തൊരു ഭാവവും നിറചിരിക്കുന്നത് കണ്ട പാടേ അവന് ദേഷ്യമാണ് വന്നത്……
സ്വത്തും സ്നേഹവും തമ്മിലെന്താണ് ബന്ധം….
അവനത് ചോദിക്കുമ്പോൾ വാക്കുകളിൽ ഇത് വരെ കാണാത്തൊരു ഗൗരവം അവൾക്ക് തോന്നി….
നിങ്ങളാണ് ആ സ്വത്തിന്റെയെല്ലാം അവകാശി എന്ന് പറയാൻ പെട്ടെന്നവൾക്ക് തോന്നി….
അതിനു ശേഷവും തന്നെ സ്നേഹിക്കുന്നുണ്ടെങ്കിലല്ലേ ആ സ്നേഹത്തിനു മൂല്യമുള്ളൂ…..
എങ്കിലും വ്യക്തമായൊരു തെളിവുമില്ലാതെ എങ്ങനെ അവനോടത് പറയുമെന്ന ചിന്തയും അതെ നിമിഷം അവളെ വരിഞ്ഞു മുറുക്കി….
ഞാൻ…. ഞാൻ നിങ്ങളുടെ അവസ്ഥയെ മുതലെടുത്തുവെന്ന്…..
ചീ നിർത്തേടി…..
അവൾ പതിയേ പറഞ്ഞ് മുഴുവനാക്കും മുന്പേ അവന്റെ ശബ്ദം അവൾക്ക് നേറെ ഉയർന്നു….
അവളോട്ടും പ്രതീക്ഷിച്ചതായിരുന്നില്ലത്…..
അവളുടെ കണ്ണുകൾ വിടർന്നു…..
നീയാരാന്നാ നിന്റെ വിചാരം….
നിനക്ക് ഭ്രാന്താണോ…..
അപ്പോഴേക്കും പുറത്തേക്ക് കേൾക്കാതിരിക്കാനെന്ന വണ്ണം അവന്റെ ശബ്ദം പതിഞ്ഞിരുന്നു….
എങ്കിലും ദേഷ്യത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല…..
സൂര്യ അതേ പകപ്പോടെ മിഴിച്ചു കൊണ്ടവനെ നോക്കിയിരുന്നു…..
ശെരിയാണ്…. നിന്നെ എന്റെ ജീവിതത്തിലേക്ക് കെട്ടിയെടുക്കുമ്പോൾ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല…..
എന്റെ ഓരോ അവഗണനയും നിന്നെ മുറിപ്പെടുത്തിയത് ഒരു മാപ്പ് കൊണ്ട് തീരുമോയെന്നും എനിക്കറിയില്ല….
എങ്കിലും മാപ്പ്…..
അവസാന വരികളിലേക്കെത്തുമ്പോഴേക്കും അവന്റെ ശബ്ദം ആർദ്രമായി…..
വാക്കുകളിൽ കുറ്റബോധം കൊണ്ടൊരു നനവ് പോൽ….
അപ്പോഴും അവൾ അവനിൽ നിന്ന് കണ്ണുകളെടുത്തില്ല…..
മിഴികൾ നിന്നെ കണ്ടില്ലെന്ന് നടിക്കുമ്പോഴും ഹൃദയമാണ് നിന്നിലേക്ക് ചാഞ്ഞത്…..
ആ മിഴികളിൽ നിറഞ്ഞു തുളുമ്പുന്നത് തന്നോടുള്ള അടങ്ങാത്ത പ്രണയമായി അവൾക്ക് തോന്നി…..
ഒത്തിരി തവണ പറയാതെ പറഞ്ഞു…..
നിന്നോട് തുറന്ന് പറയാൻ ശ്രമിക്കുന്ന ഓരോ നിമിഷവും ഒരു വിറയലായിരുന്നു…..
അവസാനം ഉള്ള ധൈര്യം മുഴുവൻ സംഭരിച് പറഞപ്പോൾ കാര്യമായിട്ട് ആലോചിച്ചു ഉണ്ടാക്കിയേക്കുവാ…..
അല്ലെങ്കിലും സ്നേഹവും സമ്പത്തും തമ്മിലെന്താണ് ബന്ധം…..
അതും പോട്ടെ….. നിന്നെ ഇഷ്ടപ്പടാതിരിക്കാൻ മാത്രം നിനക്കെന്ത് കുറവാണുള്ളത്….
ആദ്യം വേണ്ടത് നമുക്ക് നമ്മളിലൊരു വിശ്വാസമാണ്…..
അതില്ലാതെ മറ്റൊന്ന് കൊണ്ടും യാതൊരു കാര്യവുമില്ല……
അവൻ അവളെ നോക്കി കണ്ണുരുട്ടി…..
അപ്പോഴും തിരിച്ചെന്ത് പറയണമെന്നവൾക്കറിയില്ലായിരുന്നു….
ശെരിയാണ്….. എല്ലാവരുടെയും വാക്കുകൾ കേട്ട് ഒരുപക്ഷെ തനിക്കൊരു കുറവുണ്ടെന്ന് താൻ പോലുമറിയാതെ തന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ടാവും…..
താൻ സമ്പന്നനായിരുന്നെങ്കിൽ എന്നൊരിക്കലും ചിന്തിക്കേണ്ട ആവശ്യം അവന് വന്നിട്ടുണ്ടാവില്ല….
എന്നാൽ എല്ലാം അറിയുന്നത് കൊണ്ട് തനിക്കത് ചിന്തിക്കാതിരിക്കാൻ കഴിയുമോ….
അവൾ ഉമി നീരിറക്കി അവനെ നോക്കി….
ഉയർന്ന അവന്റെ ശ്വാസോച്വാസം പൂർവ സ്ഥിതിയിലായി….
എല്ലാം പറഞ് തീർത്തത്തിലുള്ള ഒരു ആശ്വാസവും അവന്റെ മുഖത് കണ്ടു…
എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു…..
ചെയ്ത തെറ്റിന് മാപ്പടക്കം….
ഇനി പറയാനുള്ളത് നീയാണ്…..
അതിനി ഞാൻ ഒരുപാട് സമ്പാധിച്ചതിനു ശേഷം ആണെങ്കിൽ അങ്ങനെ….
അത് വരെ ഞാൻ കാത്തിരുന്നോളാം….
പുച്ഛത്തോടെ അതും പറഞ്ഞ് കൊണ്ട് അവൻ കിടന്നു…..
കണ്ണുകളടച്ചു കിടക്കുന്ന അവനെ നോക്കി അവളല്പ നേരമിരുന്നു….
ഒരിക്കലും സാധിക്കാത്ത കാര്യമാണെന്ന് അവൻ വിചാരിക്കുമ്പോഴും അതിനടുത്തേക്കെത്താൻ ഒട്ടും ദൂരമില്ലെന്ന് തനിക്കറിയാമല്ലോ…..
എല്ലാം അവനെ അറിയിക്കുക എന്നൊരു ധർമം മാത്രമേ തന്നിലുള്ളൂ…
പിന്നെയും വാക്കുകൾ നൽകേണ്ടത് അവൻ തന്നെയാണ്…..
താനീ ചോദിച്ച ചോദ്യത്തിന്…..
പുതിയൊരു ബന്ധം തുടങ്ങുമ്പോൾ അതത്രയേറെ പവിത്രമാകണമായിരുന്നവൾക്ക്…..
സ്വത്തുക്കളൊന്നും അവന്റേതായിരുന്നില്ലെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചിരുന്നന്നേരം….
എന്നാൽ അവന്റെയാ ചോദ്യത്തിനുള്ള ഉത്തരമായി ആ നെഞ്ചിലേക്ക് ഒരു കൊച്ച് കുഞ്ഞിനെ പോൽ ചാഞ്ഞേനെ……
അവൾ കണ്ണുകൾ ചിമ്മി കിടക്കുന്ന അവനെ നോക്കിയങ്ങനെ കിടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ അവനെഴുന്നേൽക്കുമ്പോൾ അരികിൽ അവളുണ്ടായിരുന്നില്ല…..
അവൻ എഴുന്നേറ്റ് മുറിക്ക് പുറത്തെത്തിയതും ബ്രഷുമായി അവളെത്തി….
പതിവില്ലാതെ അവൾ തന്റെ മിഴികളിലേക്ക് നോക്കാൻ ശ്രമിക്കുന്നുണ്ട്…..
ഇന്നലെ താനത്രയും പറഞ്ഞത് കൊണ്ടാവാം….
എന്നാൽ മനപ്പൂർവം അവൻ അവളെ നോക്കിയില്ല…..
ഒരുതരം ഗൗരവത്തോടെ അവനത് വാങ്ങി….
അവളൊരു നിരാശയോടെ തന്നിൽ നിന്ന് നടന്നകലുന്നത് അവൻ നോക്കി നിൽക്കുമ്പോൾ അവനിലൊരു പുഞ്ചിരി വിരിയാതിരുന്നില്ല….
ചായ കുടിക്കാനിരിക്കുമ്പോഴെല്ലാം അവളുടേ അതേ നോട്ടം തന്നിലേക്ക് പാറി വീഴുന്നത് അവനറിഞ്ഞിരുന്നു…..
കൂടുതലൊന്നും അവൾക്ക് തന്നിൽ നിന്നകന്ന് നിൽക്കാൻ കഴിയില്ലെന്നുള്ളത് കൊണ്ട് തന്നെ അവനൊരു ചെറു ചിരിയാൽ അവളുടേ ഓരോ ചലനങ്ങളും ആസ്വദിച്ചിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഹേയ് സൂര്യാ……
ആ ഒരു വിളി കേട്ടപ്പോഴാണ് വരാന്തയിൽ നിന്നും കാശി ഉമ്മറത്തേക്ക് ഇറങ്ങിയത്….
സൈക്കിളിൽ തന്നെ നിന്ന് കൊണ്ട് വിളിച്ച ആ പെൺകുട്ടിക്ക് ഏകദേശം സൂര്യയുടെ പ്രായം കാണും….
അവർ സുഹൃത്തുക്കളായിരിക്കുമെന്ന് അവനൂഹിച്ചു….
തന്നെ കണ്ടപ്പോൾ അവളുടേ മുഖത് പരന്നൊരു ചമ്മൽ നോക്കി
ഇറയത് കൈ വെച്ച് കാശ്ശിയങ്ങനെ നിൽക്കുമ്പോൾ അവൾ കഷ്ടപ്പെട്ട് ചിരിച്ചെന്ന് വരുത്തി സൈക്കിൾ പിറകിലോട്ട് തിരിക്കാൻ തുടങ്ങി……
ഹലോ…. അവിടെ നിന്നേ…..
അവൻ അവളെ വിളിക്കുമ്പോൾ അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി….
അവൻ തല കൊണ്ട് വാ യെന്ന അർത്ഥത്തിൽ അവളെ വിളിച്ചു…..
അവൾ ഒരു പരുങ്ങലോടെ അവനടുത്തേക്ക് വന്നു….
സൂര്യയെ അല്ലേ വിളിച്ചത്….
അവളെ കാണാതെ പോകുന്നതെന്താ…..
അവനത് ചോദിക്കുമ്പോൾ അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി….
ആ ഇതാരാ വിദ്യ മോളോ…
നിന്റെ സൂര്യെടെ ഭർത്താവാണിത്…. നീയിവനെ കണ്ടിട്ടില്ലല്ലോ….
അതും പറഞ് കൊണ്ട് മുത്തശ്ശി അങ്ങോട്ട് വന്നതിന്റെ പിറകെ മുത്തശ്ശനുമുണ്ടായിരുന്നു…
മ്മ്… എനിക്കറിയാം…ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് മുത്തശ്ശി….
അവളുടേ മുഖത്തെ ഭാവങ്ങളെല്ലാം മാറി ഒരു ചെറു ചിരിയോടെയാണ് അവളത് പറഞ്ഞത് ….
സൂര്യ മോൾടെ ഉറ്റ ചങ്ങാതിയാ ഇവള്….
ആള് ചില്ലറക്കാരിയല്ല കേട്ടോ പോലീസിലാണ്….
കാശി അത്ഭുത്തോടെ അവളെ നോക്കി….
ആഹാ… എന്നിട്ടാണോ പേടിച്ചത് പോലെ ഇവിടെ നിന്ന് പോകാൻ തുടങ്ങിയത്….
അത് ഞാൻ നിങ്ങളെയൊന്നു പേടിപ്പിച്ചതല്ലേ….
അതും പറഞ് വിദ്യ ചിരിക്കുമ്പോൾ കാശിയും ചിരിച്ചു…..
നിരയോത്ത പല്ലുകൾ കാണിച് അവൻ ചിരിക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയായി അവൾക്ക് തോന്നി…..
അപ്പോഴേക്കും സൂര്യയും അങ്ങോട്ടെത്തിയിരുന്നു….
വിദ്യയെ കണ്ടതും അവർ രണ്ട് പേരും കണ്ണുകളും കയ്യും ഒക്കെ ഉപയോഗിച്ച് എന്തൊക്കെയോ പറയുന്നതായി അവന് തോന്നി….
എന്താ വിദ്യാ…..
സൂര്യയോട് ചോദിക്കുന്നതിനു പകരമായി കാശി വിദ്യയോടാണ് ചോദിച്ചത്…..
സൂര്യക്കൊരു പരിഭവം തോന്നി….
ഏയ് ഒന്നുമില്ല…..
സാധാരണ ഈ നേരത്ത് ഞങ്ങൾ പുറത്ത് പോകാറുണ്ട്….
ഇനിയിപ്പോ ഇന്നവൾ വരുന്നില്ലല്ലോ എന്ന് ചോദിച്ചതാണ്…
ഇന്ന് എന്നെ കൂടി കൂട്ടാൻ പറ്റുമോ…
വിദ്യ അത് പറയുമ്പോൾ കാശി പെട്ടെന്നാണത് ചോദിച്ചത്….
പിന്നല്ലാതെ…..
വിദ്യ വളരേ നിസാരമായി ഉത്സാഹത്തോടെ അത് പറയുമ്പോൾ സൂര്യ മിഴിചങ്ങനെ നിന്നു…..
അവര് തമ്മിൽ എത്ര പെട്ടെന്നാണ് കൂട്ടായതെന്നോർത്ത് അവൾക്കത്ഭുതം തോന്നി…
സൈക്കിൾ അവിടെ നിർത്തി ഞങ്ങൾ മൂന്ന് പേരും കൂടി നടക്കുകയാണ് ചെയ്തത്…..
നിന്റെ മുഖമെന്താടി ഇങ്ങനെ……
നടക്കുന്നതിനിടയിൽ പതിയേ വിദ്യ ചോദിക്കുമ്പോൾ അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി……
നിന്റെ രാജ കുമാരൻ എന്തൊരു ഗ്ലാമറാടി…..
വിദ്യ സൂര്യയോട് പറയുന്നത് കേട്ടതും കാശി അവർക്ക് നേരെയൊന്നു തിരിഞ്ഞു……
മ്മ്….. അവൻ പുരികമുയർത്തി….
ചേട്ടനെ ഫോട്ടോയിൽ കാണുന്നതിനേക്കാൾ ഭംഗിയുണ്ട് നേരിൽ കാണാനെന്ന് പറയുകയായിരുന്നു….
വിദ്യ അത് പറഞ്ഞപ്പോൾ കാശിയൊന്ന് ചിരിച്ചു…
പൊന്നു വിദ്യാ….ഇവളുടെ മുമ്പിൽ വെച്ചു ഇങ്ങനൊന്നും പറയല്ലേ….
കോംപ്ലക്സ്നു കയ്യും കാലും വെച്ച ഇനമാണ്….
വിദ്യ ക്ക് നേരെ കൈ കൂപ്പി കാശിയത് പറയുമ്പോൾ സുര്യയയെ യൊന്നു പാളി നോക്കിയിരുന്നു…..
അവൾ അവന് നേരെ കണ്ണുരുട്ടി….
വിദ്യ ശബ്ദമുണ്ടാക്കി തന്നെ ചിരിച്ചു…..
ഏട്ടാ ഒരാളെ കൂടി കൂട്ടാനുണ്ട്…..
അതും പറഞ് വിദ്യ അവിടെയുള്ള കുഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് കയറി…..
ഒരു പുഞ്ചിരിയോടെ അവനവളെ നോക്കി നിന്നു..
ഏട്ടാ എന്നവൾ വിളിച്ചത് അവനിൽ നൽകിയ സന്തോഷത്തെ സൂര്യക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു….
അവൾ റോഡിലേക്ക് കയറി വരുമ്പോൾ കൂടെ അവനുമുണ്ടായിരുന്നു….
കല്യാണം കഴിഞ്ഞ് പിറ്റേന്ന് സൂര്യയോടൊപ്പം നിന്ന് സംസാരിക്കുന്നത് കണ്ട ആ ചുരുണ്ട മുടിക്കാരനെ കാശി ഓർത്തെടുത്തു…..
കണ്ണൻ പെട്ടെന്നവനെ കണ്ടോന്നു ഞെട്ടിയെങ്കിലും പിന്നീട് പതിയേ പുഞ്ചിരിച്ചു….
ഇതാണ് കണ്ണൻ….ഞങ്ങളുടെ മൂവർ സംഘത്തിലെ ആൺ തരി….
പരിചയപ്പെടുത്തിയതും വിദ്യ തന്നെയായിരുന്നു…..
കാശ്ശിക്കെന്തോ അവനോട് ചിരിക്കാൻ കഴിഞ്ഞില്ല…..
അന്നവളോട് അവൻ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു….
ഇവളെയൊക്കെ എങ്ങനെ പ്രണയിക്കാൻ കഴിയും എന്ന് ചിന്തിച്ച അതേ താൻ ഇന്നവളെന്ന ലോകത്ത് ഭ്രാന്തമായി തളക്കപ്പെട്ടിരിക്കുകയാണ് …….
അവളും അവനെ തിരിച്ചു പ്രണയിച്ചിരുന്നോ….
ഓർക്കുമ്പോൾ പോലും അവനൊരു വേദന തോന്നി……
അവൻ വരുത്തി തീർത്തൊരു ചിരിയുമായി അവന് നേരെ കൈ നീട്ടി…….
(തുടരും)

by