രചന – ആയിഷ അക്ബർ
കാശി എഴുന്നേൽക്കുമ്പോൾ സൂര്യ മുറിയിലുണ്ടായിരുന്നില്ല….
അവൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും തന്റെ ടേബിളിൽ ചായ ഇരിക്കുന്നുണ്ടായിരുന്നു….
തനിക്ക് മുഖം തരാതിരിക്കാനവൾ മനപ്പൂർവം വച്ചിട്ട് പോയതാകുമെന്ന് അവന് തോന്നി…..
അവളെ കാണാൻ അവന്റെ മിഴികൾ കാത്തിരിക്കുകയായിരുന്നു….
മനസ്സിലുള്ളതൊക്കെ അവളുടേ മേൽ പെയ്ത് തീർക്കണമായിരുന്നു…..
മേശ മേലുള്ള ചായ എടുത്തവൻ കുടിച്ചു തുടങ്ങി…..
തലയണയോട് ചേർത്ത് വെച്ചിരുന്ന മൊബൈലും മറു കയ്യിലേക്ക് പിടിച്ചു….
പകുതിയോളം ചായ കുടിച്ചു കഴിഞ്ഞപ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്….
അവൻ മിഴികളുയർത്തി നോക്കുമ്പോഴും അവളാകണേയെന്നൊരു പ്രാർത്ഥന ഉള്ളിൽ കിടന്ന് പിടഞ്ഞിരുന്നു….
ശെരിയാണ്….
അതവൾ തന്നെയാണ്…
അവന്റെ കണ്ണുകൾ വിടർന്നു…..
മുഖത്തവൾക്കായൊരു പുഞ്ചിരി നൽകാൻ അവൻ തുടങ്ങിയപ്പോഴാണ് അവളുടേ കൂടെ മുറിയിലേക്ക് കയറി വരുന്ന രണ്ട് പേരെ കാണുന്നത്……
തന്നെ ലക്ഷ്യമാക്കി പുഞ്ചിരിയോടെ വരുന്ന ഡോക്ടറെയും കൂടെയൊരു നഴ്സിനെയും കണ്ടപ്പോൾ അവന്റെ പുഞ്ചിരി അവർക്ക് നേരെ കയ്മാറി….
എന്താ കാശി….. ഇപ്പൊ ഉഷാറായില്ലേ…..
ഡോക്ടറത് ചോദിച്ചതും കാശി പുഞ്ചിരിയോടെയൊന്ന് തലയാട്ടി…..
എങ്കി പിന്നെ നമുക്കിതങ് അഴിക്കാം…..
അതും പറഞ്ഞു കൊണ്ട് കാലിലെ പ്ലാസ്റ്റർ അവർ അഴിച്ചെടുക്കുമ്പോൾ സൂര്യ അരികിലായി നിൽപ്പുണ്ടായിരുന്നു…
അപ്പോഴേക്കും ശങ്കരനും അങ്ങോട്ട് കയറി വന്നു…..
കെട്ടഴിച്ചു കഴിഞ്ഞപ്പോൾ കാശിക്ക് കാലിന് വല്ലാത്തൊരു ആശ്വാസം തോന്നി….
അവൻ കാല് മടക്കുകയും നിവർത്തുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു…..
ഇനി ഓഫീസിലൊക്കെ പോയി തുടങ്ങാം കേട്ടോ….
ചിരിച്ചു കൊണ്ട് ഡോക്ടറത് പറയുമ്പോൾ കാശിയും ചിരിച്ചു….
പിന്നീടുള്ള സംസാരങ്ങളെല്ലാം അച്ഛനും ഡോക്ടറും തമ്മിലായിരുന്നു……
ഒഴിഞ്ഞു മാറി നിൽക്കുന്ന സൂര്യയെ കാശിയൊന്ന് ഇടം കണ്ണിട്ട് നോക്കി….
അവന്റെ നോട്ടം കണ്ടതും അവൾ പതിയേ തല താഴ്ത്തി നിന്നു…..
പരസ്പരം മുഖത്തോട് മുഖം നോക്കാൻ രണ്ടാൾക്കും എന്തോ ഒരു പ്രയാസം…..
കാശിയുടെ പിണക്കം മനസ്സിൽ കിടന്ന് നീറുന്നത് കൊണ്ടോയെന്തോ സൂര്യ ക്ക് മനസ്സിൽ വല്ലാത്തൊരു ഭാരമായിരുന്നു തോന്നിയിരുന്നത്…..
എന്നാൽ കാശിയുടെ മനസ്സ് അവൻ പോലുമറിയാത്ത അത്രയും ആനന്ദം അറിയുന്നുണ്ടായിരുന്നു…
അവൻ അവളെ നോക്കിയെങ്കിലും ഒരു പുഞ്ചിരി നൽകാൻ അവന് കഴിഞ്ഞിരുന്നില്ല….
തന്റെ നോട്ടത്തിന് മുമ്പിൽ ചൂളിയിട്ടോ എന്തോ അവൾ വേഗം മുറി വിട്ടിറങ്ങി….
അപ്പൊ ശെരി സർ… ഞങ്ങളിറങ്ങട്ടെ ….
കാശി ടേക്ക് കെയർ….
അതും പറഞ്ഞ് കൊണ്ട് ഡോക്ടർ അവിടെ നിന്നും ഇറങ്ങുമ്പോൾ ശങ്കരൻ കാശിക്ക് നേരെ തിരിഞ്ഞു..
നീ ഈ മുറിക്കുള്ളിൽ ഇരുന്ന് വെറുത്തിട്ടുണ്ടാകുമല്ലേ….
ഒരു ദിവസം ഓഫീസിൽ പോകാതിരിക്കാനാവാത്ത ആളല്ലേ…..
ശങ്കരൻ അതും പറഞ്ഞോന്നു ചിരിക്കുമ്പോഴും കാശിയുടെ മനസ്സിൽ അവളായിരുന്നു…
ഈ മുറിക്കുള്ളിൽ തനിക്കൊട്ടും മടുപ്പ് തോന്നിയിട്ടില്ലെന്ന് അച്ഛനറിയില്ലല്ലോ…
ഇനി ഞാൻ സമ്മതിക്കില്ലെന്ന പരാതി വേണ്ടാ….
ഇന്ന് തന്നെ ഓഫീസിലേക്ക് പോന്നോളൂ…..
ദിവസങ്ങളായില്ലേ ഈ മുറിയിൽ ഒതുങ്ങി കൂടിയിട്ട്….
സ്നേഹത്തോടെ ശങ്കരൻ അതും പറഞ്ഞ് കൊണ്ട് അവന്റെ മുടിയിഴകളിൽ തഴുകി നടന്നകലുമ്പോൾ കാഷിക്കാകെ നിരാശ തോന്നി…..
അച്ഛൻ പറയുന്നത് ആ പഴയ കാശ്ശിയോടാണ്….
വീട്ടിലിരിക്കാൻ തന്നെ താല്പര്യമില്ലാത്ത ആ ഒരൊറ്റ കാരണം കൊണ്ട് ഓഫീസ് കാര്യങ്ങളിൽ ആവശ്യമില്ലാത്ത തിരക്കുകളൊക്കെയും തലയിലെടുത്തു വെക്കുന്ന ആ കാശിയോട്…..
എന്നാൽ ഇന്നച്ഛന്റെ മുമ്പിലിരിക്കുന്നത് പുതിയ കാശിയാണെന്ന് അറിയില്ലല്ലോ….
ഇന്നീ മുറിക്കുള്ളിൽ സ്വർഗം കണ്ടെത്തിയ കാശിയെ അച്ഛനോട്ടും പരിചയമുണ്ടാവില്ല….
കാശിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു….
ഒപ്പം ഇന്ന് ഓഫീസിൽ പോകുന്നതിലു ള്ളൊരു മടിയും…..
ഇന്നവളോടെല്ലാം സംസാരിക്കണമെന്ന് കരുതിയതാണ്……
അവൻ ക്ലോക്കിലേക്ക് നോക്കി…..
സമയം വൈകിയിരിക്കുന്നു…..
വേഗം കുളിച്ച് മാറ്റുമ്പോഴും അവളൊന്ന് മുറിയിലേക്ക് വന്നെങ്കിൽ എന്നവൻ അതിയായി ആഗ്രചിച്ചിരുന്നു….
എന്നാൽ ആ നേരത്ത് അവൾ വരില്ലെന്നും അവനറിയാം….
അടുക്കളയിൽ തിരക്കുള്ള സമയമാണത്……
ഡ്രസ്സ് മാറുമ്പോഴൊന്നും അവനൊരു ഉഷാറില്ലായിരുന്നു….
അച്ഛൻ പറഞ്ഞ സ്ഥിതിക്ക് പോകാതിരിക്കുന്നതെങ്ങനെ…..
ഇത്രയും ദിവസവും പോയിട്ടില്ല….ഇനി ഇന്നും പോകില്ലെന്ന് പറയുന്നതെങ്ങനെ……
ഓരോന്നാലോചിച്ചവൻ മാറ്റി കഴിഞ്ഞതും മുറിക്ക് പുറത്തിറങ്ങി…..
എന്നാൽ കോണിപടികളിറങ്ങാതെ മുകളിൽ തന്നെ നിന്നു…
എങ്ങാനും അവൾ കോണിക്കരികിലൂടെ പോകുന്നുണ്ടെങ്കിൽ വിളിക്കാമല്ലോ എന്ന് കരുതിയായിരുന്നത്….
എന്നാൽ അതും നിരാശയിൽ ചെന്നവസാനിച്ചു….
ഏറെ നേരം നിന്നിട്ടും എല്ലാവരും അതിലൂടെ കടന്ന് പോയെങ്കിലും അവൾ മാത്രം വന്നില്ല….
കാത്തു നിൽക്കാൻ ഇനിയും സമയം ഇല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ നിരാശയോടെ പതിയേ കോണിപ്പടികളിറങ്ങി ……
ഭക്ഷണം കൊണ്ട് വരുമ്പോഴെങ്കിലും അവളെ കാണാമല്ലോ എന്നവനോർത്തു…..
കൈ കഴുകി ടേബിളിലേക്ക് ഇരിക്കുമ്പോൾ വീണ്ടും നിരാശയായിരുന്നു….
രമ ചേച്ചിയാണ് ഭക്ഷണം കൊണ്ട് വന്ന് വിളമ്പിയത്….
അവൾ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാകാമെന്ന് അവനൂഹിക്കുമ്പോഴും മനസ്സിൽ വല്ലാത്തൊരു പ്രയാസം പടർന്നിരുന്നു……
ഭക്ഷണം കഴിച് എഴുന്നേറ്റ് കൈ കഴുകിയ ശേഷവും അവന്റെ കാലുകൾ അവനറിയാതെ തന്നെ അടുക്കളയിലേക്ക് ചലിച്ചു…..
അവളെന്നത് മനസ്സിനെ അത്രത്തോളം തളച്ചിട്ടിരിക്കുന്നു……
അടുക്കളയിലേക്ക് കയറിയപ്പോൾ തന്നെ തേങ്ങ ചിരവി കൊണ്ടിരുന്ന അവളെ കണ്ടതും അവനല്പ നേരം അങ്ങനെ നോക്കി നിന്നു…..
അവളെ കണ്ടവന്റെ കണ്ണുകൾക്ക് മതി വരുന്നില്ലായിരുന്നു….
മ്മ്…..? എന്താ….
ജാനകിയുടെ സ്വരം അവനെ അവളിൽ നിന്നും പറിച്ചെടുത്തു…..
അവളും മിഴികളുയർത്തി അവനിലേക്ക് നോക്കി…..
മുത്തശ്ശി….അവനത് പറയുമ്പോഴും നോട്ടം അവളിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു….
ഓഹ്.
.നിന്റെ മുത്തശ്ശിയെ ഇവിടെയാണോ തിരയുന്നത്…..
ആ മുറിയിലെങ്ങാനും ഉണ്ടാകും….
ജാനകി ദേഷ്യത്തോടെ അതും പറഞ് തിരിയുമ്പോൾ കാശി തിരിഞ്ഞു നടക്കാനൊരുങ്ങി…..
അപ്പോഴും അവൻ പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി….
മുഖം താഴ്ത്തി കൊണ്ടാണെങ്കിലും അവൾ മിഴികളുയർത്തി അവനെ നോക്കുന്നത് കണ്ടതും അവനിലും ഒരു ചിരി പടർന്നിരുന്നു…..
വീണ രണ്ട് പേരെയും കണ്ണിമ വെട്ടാതെയങ്ങനെ നോക്കിയിരിപ്പുണ്ടായിരുന്നു……
അവരുടെ രണ്ട് പേരുടെയും ഭാവങ്ങളിൽ നിന്നും മനസ്സിൽ താൻ വിചാരിക്കാത്തതെന്തൊക്കെയോ അരങ്ങേറുന്നുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു….
അവൾ സൂര്യയെ അമർത്തിയൊന്ന് നോക്കി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുത്തശ്ശിയെ കണ്ട് ചില കാര്യങ്ങൾ പറഞ് മനസ്സിലാക്കണമെന്ന് കരുതി തന്നെയാണ് കാശി ആ മുറിയിലേക്ക് നടന്നത്….
സൂര്യയെ കുറിച്ചുള്ള മുത്തശ്ശിയുടെ തെറ്റി ധാരണ മുഴുവൻ മാറ്റണമെന്ന ഉദ്ദേശത്തിൽ…
മുറിയുടെ വാതിൽക്കൽ തന്നെ നിന്ന് അവനൊന്നു എത്തി നോക്കി….
കയ്യിലോരു പുസ്തകവുമായി അവരിരിക്കുകയായിരുന്നു…
ഡ് ടും…. ഡ് ടും….
അവൻ വാതിൽ പടിയിൽ തന്നെ നിന്ന് വാതിലിൽ മുട്ടി…..
അവർ പുസ്തകത്തിൽ നിന്നും മുഖം ചെരിച്ചവനെ നോക്കി…..
പെട്ടെന്നാ മുഖത് വാത്സല്യത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിരിയുന്നതും അവൻ കണ്ടു….
വാ…..
തലയാട്ടി കൊണ്ട് അവരവനെ സ്നേഹത്തോടെ വിളിച്ചു….
അവൻ ചെറു ചിരിയാലെ അകത്തേക്ക് കയറി….
മുത്തശ്ശിയുടെ ചൂരൽ കസേരയുടെ അരികിലേക്കൊരു കസേര കൂടി വലിച്ചിട്ടു അവൻ അവർക്കരികിലായിരുന്നു…..
അവർ പുസ്തകം മടക്കി വെച്ചതും കാശി അവരുടെ മുഖത്തെ കണ്ണട ഊരി മാറ്റി…….
കാലിലെ കെട്ടഴിച്ചു അല്ലേ…ഇപ്പൊ വേദന എങ്ങനെയുണ്ട്….
അവരത് ചോദിക്കുമ്പോൾ കാശി അല്പം പരിഭവം നടിച്ചു…..
ആ…. നല്ല ആളാ…. വന്നിട്ടിത് വരെ എന്റെ അടുത്തേക്കൊന്ന് വന്നിട്ട് പോലുമില്ല….
അല്ലെങ്കിൽ കാശി കഴിച്ചോ കുടിച്ചോ എന്ന് ചോദിച്ച് കൊണ്ടേയിരിക്കുന്ന ആളാണ്…..
അവൻ പരിഭവം കലർത്തിയത് പറഞ്ഞതും മുത്തശ്ശിയോന്ന് പുഞ്ചിരിച്ചു…..
ഞാൻ ചോദിക്കാതെ തന്നെ ഇപ്പൊ അതെല്ലാം നിനക്ക് ചെയ്ത് തരാൻ ആളുണ്ടല്ലോ….
മുത്തശ്ശിയത് പറയുമ്പോൾ അവന്റെ കണ്ണുകൾ പെട്ടെന്ന് വിടർന്നു….
അവളെ കുറിച് മുത്തശ്ശി സൂചന തന്നപ്പോഴേക്കും മനസ്സ് പിടക്കും പോലെ….
താൻ പറയാൻ വന്നത് മുത്തശ്ശി ഇങ്ങോട്ട് പറയുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം……
അവൻ ഒന്നും മിണ്ടാതേ മുഖം താഴ്ത്തുമ്പോൾ അതിൽ കലർന്ന ആഹ്ലാദത്തെ അവന്റെ മുഖത്തു നിന്നും അവർക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……
എന്തേ…. സത്യമല്ലേ…..
അവർ അവന്റെ താടി തുമ്പിൽ പിടിചുയർത്തി…
അവന്റെ നാവിൽ നിന്ന് തന്നെ അവർക്ക് സത്യങ്ങളറിയണമായിരുന്നു…..
അവൻ അവരുടെ കൈ തന്റെ കൈകൾക്കുള്ളിലാക്കി….
മുത്തശ്ശി….. അവള്…. അവളൊരു പാവമാ….
മുത്തശ്ശി പറഞ്ഞത് ശെരിയാ…..
ഒട്ടും ഇഷ്ടത്തോടെയല്ല ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്…
എന്നാൽ ഇപ്പോൾ മറ്റെന്തിനാക്കാളും…..
അവൻ അതും പറഞ്ഞോന്നു നിർത്തി….
അവന് പറയാൻ സമയം കൊടുത്തെന്ന വണ്ണം അവർ നിശബ്ദമായിരുന്നു….
മറ്റെന്തിനാക്കാളുമേറെ അവളെ എനിക്കിഷ്ടമാണ്…
അവനത് പറയുമ്പോൾ മുത്തശ്ശിയോന്ന് പുഞ്ചിരിച്ചു….. അങ്ങേയറ്റം സന്തോഷത്തോടെ….
അതൊരു പക്ഷെ അവളുടേ സ്വഭാവം കൊണ്ടായിരിക്കാം മുത്തശ്ശി ….
സൗന്ദര്യമില്ലെന്ന് പറഞ് ഹൃദയം മാറ്റി നിർത്തിയ അവളാണ് ഇന്നെന്റെ കണ്ണുകൾക്ക് ഏറ്റവും സുന്ദരി…..
അതി സുന്ദരി……
അവനത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം മുത്തശ്ശിക്ക് വ്യക്തമായിരുന്നു……
ആ വാക്കുകളിൽ അവളോടുള്ള പ്രണയം തുളുമ്പി നിന്നിരുന്നു…..
മിഴികളിൽ എവിടെയോ ഒരു നീർതിളക്കം….
മുത്തശ്ശി പറയാറില്ലേ എന്നെ സ്നേഹിക്കാൻ ഏറ്റവും അനുയോജ്യമായ ഒരാളെ ദൈവം എന്നിലേക്ക് ചേർത്ത് വെക്കുമെന്ന്….
ശെരിയാണ്….
മുത്തശ്ശിയായിരുന്നു ശെരി…
അവളെ എന്നിലേക്ക് ചേർത്ത് വെച്ചത് മുത്തശ്ശി പറയാറുള്ളത് അതേ ദൈവമാണ്….
അവനത് പറഞ്ഞ് നിർത്തുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു…
ഒരു പുരുഷൻ അവന്റെ പ്രണയത്തെ കുറിച് പറയുമ്പോൾ ആ വാക്കുകൾ ഇടറുന്നുണ്ടെങ്കിൽ ആ മിഴികൾ നിറയുന്നുണ്ടെങ്കിൽ അതവന്റെ ഉള്ളിലെ പ്രണയം അത്രയേറെ ശക്തമായത് കൊണ്ടാണ്…
അവരവനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…..
ഒരായിരം വർഷം രണ്ട് പേരും സന്തോഷമായിരിക്കട്ടെ….
അവർ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവനെ കുറിച്ചുള്ള ആശങ്കകൾ അവരിൽ നിന്നും മാഞ്ഞു പോയിരുന്നു…
പക്ഷെ മുത്തശ്ശി…. എന്റെ ഉള്ളിലെ ഇഷ്ടം ഞാനിത് വരെ അവളോട് പറഞ്ഞിട്ടില്ല…..
അതിനുള്ള ധൈര്യം എനിക്ക് കിട്ടിയിട്ടില്ല….
അവനത് പറയുമ്പോൾ ആ മുഖത് നിരാശ പടരുന്നത് അവർ കണ്ടു….
നീ അവളെ സ്നേഹിക്കുന്നതിന്റെ ആഴം തീർച്ചയായും നിന്റെ മിഴികളിൽ നിന്ന് അവളറിഞ്ഞിട്ടുണ്ടാകും….
എങ്കിലും നീയത് വാക്കുകൾ കൊണ്ടവളോട് പറയുക തന്നെ വേണം….
കാരണം നീയാണ് അവളെ അവഗണിച്ചത്….
നിന്റെ കൂടെ സന്തോഷത്തോടെയുള്ള ജീവിതം സ്വപ്നം കണ്ട് വന്ന അവളെ നിരാശപ്പെടുത്തിയത് നീ യാണ്…
അത് കൊണ്ട് നീ അവളോട് തുറന്ന് സംസാരിക്കുക തന്നെ വേണം….
ഏതൊരു ബന്ധത്തിന്റെ കെട്ടുറപ്പിനും തുറന്ന് പറച്ചിലുകൾ അത്യാവശ്യമാണ് കാശി….
അവരത് പറയുമ്പോൾ ശെരിയാണെന്ന് അവനും അറിയാമായിരുന്നു….
പക്ഷെ…..എനിക്ക്…. എനിക്ക് ഭയം തോന്നുകയാണ് മുത്തശ്ശി…
ഞാൻ അവളെ അവഗണിച്ചത് ഒരു തുറന്ന് പറച്ചിൽ കൊണ്ട് തീരുന്ന മുറിവല്ല അവളിൽ നൽകിയതെങ്കിലോ…..
അവനത് ചോദിക്കുമ്പോൾ അവന്റെ നിരാശ മുഖത് വ്യക്തമായിരുന്നു…..
കാശി…..
അവള് നിന്നെ അറിഞ്ഞിട്ടുണ്ടെങ്കിൽ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത് വരെ നൽകിയ മുറിവുകളെല്ലാം നിന്റെയൊരു മാപ്പ് പറച്ചിലിലൂടെയും ചേർത്ത് പിടിക്കലിലൂടെയും അലിഞ്ഞു പോകും….
ജീവിത കാലം മുഴുവൻ നിങ്ങൾക്ക് പരസ്പരം രണ്ട് പേർക്കും താങ്ങാവാൻ കഴിയും….
ഇനിയും പറയാനുള്ളത് മനസ്സിലടക്കി വെച്ച് മനോഹരമായ നിമിഷങ്ങളെ വൈകിപ്പിക്കേണ്ടതില്ല കാശി…..
നീയവളോട് തുറന്ന് സംസാരിക്കണം….
അവർ അവന്റെ കവിളിൽ തലോടിയത് പറയുമ്പോൾ അവനും ഒന്ന് പുഞ്ചിരിച്ചു….
അവൻ വീട്ടിൽ നിന്നിറങ്ങാൻ നേരം ഒന്ന് കൂടി അകത്തേക്ക് നോക്കി….
അവളെ കാണുമെന്ന പ്രതീക്ഷയിൽ…
എന്നാൽ അവളെ കണ്ടില്ല…..
തിരിച്ചു വന്നാദ്യം അവളെ കാണുമ്പോഴേ തന്റെ മനസ്സിലുള്ളത് പറയണമെന്ന് ഉറപ്പിച്ചായിരുന്നു അവൻ ഓഫീസിലേക്ക് പുറപ്പെട്ടത്….
ഒരു നിമിഷം പോലും മറവിയില്ലാതെ മനസ്സ് മുഴുവൻ അവളായിരുന്നു…….
(തുടരും)

by