19/04/2026

അതിസുന്ദരി : ഭാഗം 02

രചന – ആയിഷ അക്ബർ

അവനെന്തോ കാറിൽ നിന്നിറങ്ങാൻ തന്നെ തോന്നിയില്ല….

മുറ്റത്ത് നിരന്നു നിന്നിരുന്നതിൽ പലരും അയൽവാസികളായിരുന്നത് കൊണ്ട് തന്നെ അവനല്പം ആശ്വാസം തോന്നി….

ഇവിടെ സ്വന്തക്കാരും പരിചയക്കാരും കുറവാണ്….
പക്ഷെ ഇവളെയും കൂട്ടി തിരിച് നാട്ടിലേക്ക് പോകേണ്ട കാര്യം ആലോചിക്കുമ്പോൾ തന്നേ അവനു ശ്വാസം വിലങ്ങുന്നത് പോലെ തോന്നി……

കാശി…..
ഗ്ലാസിൽ തട്ടി വിളിച്ചത് അച്ഛനായിരുന്നു…..

അപ്പോഴാണ് താൻ കാറിൽ നിന്നിറങ്ങാതെ അതെയിരിപ്പാണെന്ന് ഓർത്തത്…..

ഞാൻ ഡോർ തുറക്കാത്തത് കൊണ്ടാവും അവളും അങ്ങനെ ഇരുന്നതെന്ന് അവനൂഹിച്ചു..

മനസ്സ് എത്ര പെട്ടെന്നാണ് ചിന്തകൾക്ക് പിറകെ പായുന്നത്…….

കടിഞ്ഞാണില്ലാത്ത കുതിരയെ പോൽ മനസ്സ് പായുമ്പോൾ താനെന്ന മനുഷ്യൻ പാടേ തളർന്നു പോകുകയാണ്….

അവൻ ഡോർ തുറന്ന് പതിയേ പുറത്തേക്കിറങ്ങി….

അവന്റെ പിറകിലായി ഇറങ്ങിയവളെ കണ്ട് അവിടെ യുള്ളവരുടെ മുഖം ചുളിഞ്ഞതിനേക്കാൾ അവന് അസ്സഹ്യമായി തോന്നിയത് അവന്റെ നേർക്ക് വീഴുന്ന സഹതാപത്തിന്റെ നോട്ടങ്ങളായിരുന്നു…….

ആരതിയുഴിഞ്ഞു നാല് പേർക്കും സിന്ദൂരം തൊട്ട് തരുമ്പോൾ എന്റെ മുഖത്തേക്ക് അമ്മ നോക്കുന്നുണ്ടായിരുന്നില്ല…

തനിക്കും തിരിച്ചാ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല…..

വലത് കാല് വെച്ച് രണ്ട് മരുമക്കളും ആ വീടിന്റെ പടി ചവിട്ടുമ്പോൾ എല്ലാവരിലും ഒരു പരിഹാസ ചിരി നിറഞ്ഞു നിന്നത് കാശി ശ്രദ്ധിച്ചിരുന്നു…..

ആരെയും കുറ്റം പറയാനോക്കില്ലല്ലോ….

ഇരുവരും കാലുകളെടുത് വെക്കുമ്പോൾ വെളുത്ത വീണയുടെ കാലും കറുത്തിരുണ്ട അവളുടേ കാലും ആരെയും ഒന്ന് ചിരിപ്പിക്കാൻ കഴിവുള്ളത് തന്നെയായിരുന്നു…..

കാശി ആരെയും ശ്രദ്ധിച്ചില്ല…..

അവന്റെ മനസ്സ് ശൂന്യമായിരുന്നു…….

ആദ്യമായി വീടിനകത്തു കയറി പൂജാ മുറിയിൽ നിന്ന് കൊണ്ട് എല്ലാവരും തൊഴുതിറങ്ങി…..

അവരെ രണ്ട് പേരെയും മുറികളിലേക്ക് കൂട്ടി കൊണ്ട് പോകുമ്പോൾ കിരൺ വേഗം സോഫയിലേക്കിരുന്നു…

അവിടെ തൂക്കിയിട്ടിരിക്കുന്ന ആടുന്ന ഊഞ്ഞാലിൽ കാശി പതിയേ ഒന്ന് പിടിച് നോക്കി…..

പിന്നേ കയ്യീലെ പൂമാല അവിടെ വെച്ച് അവൻ പതിയേ അതിലേക്കിരുന്നു..

ആഹാ…. ഏട്ടന് അവിടുത്തെ പോൽ ഇവിടെയും ഊഞ്ഞാൽ കിട്ടിയല്ലോ….

കിരണത് പറഞ്ഞ് ചിരിക്കുമ്പോൾ കാശി അവനെ നോക്കി….

ഏട്ടന് ഊഞ്ഞാൽ എന്നും പ്രിയപ്പെട്ടതായിരുന്നത് കൊണ്ട് തന്നെ എന്നും അത് സ്വന്തമാക്കിയത് ഏട്ടനായിരുന്നു..
ഞാൻ വാശി പിടിച്ചാലും എല്ലാവരും അത് ഏട്ടനായിരുന്നു തന്നിരുന്നത്……

കിരൺ ഓർമയിലെന്ന പോൽ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അതിൽ നിറഞ്ഞൊരു കുറ്റപ്പെടുത്തൽ തന്റെ തോന്നലാണോ എന്നവൻ ചിന്തിച്ചു…..

അവനൊന്നും മിണ്ടാത്തെ ഇരുന്നത് കൊണ്ട് തന്നെ കിരൺ ദൂരേക്ക് നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചു….

ആ ചിരിയിൽ എന്തൊക്കെയോ നേടിയെടുത്തവന്റെ അഹങ്കാരം കണ്ടിരുന്നു എങ്കിലും ഊഞ്ഞാലിൽ ഇരിക്കുകയായിരുന്ന കാശി കാലുകൾ മുകളിലേക്ക് കയറ്റി വെച്ച് പതിയേ അതിൽ കിടന്നു…..

കണ്ണുകൾ അടച്ചു കിടക്കുമ്പോൾ തന്റെ നോവിനെ ആർക്ക് മുമ്പിലും തുറന്ന് കാണിക്കില്ലെന്ന വാശി മനസ്സിലുണ്ടായിരുന്നു….

അപ്പോഴും നടന്നതെല്ലാം ഒരുവേള സ്വപ്നമായിരുന്നെങ്കിലെന്ന് അവൻ അതിയായി ആഗ്രഹിച്ചിരുന്നു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അടുത്തടുത്തുള്ള ഇരു മുറികളും മനോഹരമായി അലങ്കരിച്ചിരുന്നു….

രണ്ട് പേരെയും രണ്ട് മുറികളിലേക്കാക്കിയത് കുറച് പെൺകുട്ടികളായിരുന്നു….

ആ മുറിയിലേക്ക് കാലുകളെടുത് വെക്കുമ്പോൾ സൂര്യയുടെ മനസ്സ് ശൂന്യമായിരുന്നു…

മുറി കാണിച്ചു തരാൻ കൂടെ വന്ന പെൺകുട്ടികൾ അപ്പോഴും അപ്പുറത്തെ മുറിയിൽ നിന്നും വീണയോടെന്തൊക്കെയോ സംസാരിച്ചു ചിരിയ്ക്കുന്നത് വാതിലടക്കാത്തത് കൊണ്ട് തന്നേ അവൾക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു…

തന്നോട് അവരല്പം അകന്ന് നിന്നിരുന്നത് താൻ ശ്രദ്ധിച്ചിരുന്നതാണ്..

ആരെ കുറിച്ചും അറിയാൻ വയ്യെന്ന വണ്ണം അവൾ വാതിൽ വലിച്ചടച്ചു….

അലമാരയിൽ ഒട്ടിച്ചു വെച്ച കണ്ണാടിയിലേക്കവൾ പതിയേ നോക്കി…

കറുത്തിരുണ്ട അവൾ ഒന്ന് കൂടി ഇരുണ്ടതായി അവൾക്ക് സ്വയം തോന്നി….

രാവിലെ മുതലുള്ള നിൽപ്പല്ലേ…. അത് കൊണ്ടായിരിക്കും…

അവൾ സ്വയം ആശ്വസിച്ചു…..

വാടി തുടങ്ങിയ മുടിയിലെ മുല്ലപ്പൂ അവൾ വലിച്ചെടുക്കുമ്പോൾ വേദന കൊണ്ടവളുടെ മുഖം മാറുന്നുണ്ടായിരുന്നു….

കയ്യിലും കഴുത്തിലും നിറമുള്ള സ്വർണം തിളങ്ങുന്നുണ്ടായിരുന്നു…

കറുപ്പും സ്വർണ നിറവും ഒട്ടും ചേരുന്നില്ലെന്നവൾക്ക് തോന്നി…..

അല്ലെങ്കിലും കറുപ്പിനോട് എന്ത് നിറമാണ് ചേരുക….

ഒന്നും ചേരില്ല…. ആരും ചേരില്ല..
അവൾ ഒന്ന് പുച്ഛത്തോടെ ചിരിച്ചു…

അതിൽ കലർന്നിരുന്ന വേദന കണ്ട് പിടിക്കാൻ അവൾക്കാരുമുണ്ടായിരുന്നില്ല…….

ഓർക്കാപ്പുറത്തു നടന്ന വിവാഹത്തെ കുറിച്ചോർക്കുമ്പോഴും അവൾക്ക് സന്തോഷങ്ങളൊന്നും തോന്നിയിരുന്നില്ല…..

ആകെയുള്ള ആശ്വാസം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം മാത്രമായിരുന്നു…

ഒളിച്ചോടി പോയ അപ്പച്ചി തിരിച്ചു വന്നപ്പോഴും മരിച്ചു പോയ കൂടെ പിറപ്പിന്റെ മോളോടുള്ള സ്നേഹമോ വാത്സല്യമോ ആ മുഖത്ത് താൻ കണ്ടിരുന്നില്ല..

മറിച് തന്റെ നിറം കണ്ട് മങ്ങിയപ്പോയ ആ മുഖം വീണയുടെ മുഖം കണ്ട് വിടരുന്നത് കണ്ടപ്പോഴേ അവരുടെ മനസ്സിന്റെ ഇടുക്കം താനറിഞ്ഞതാണ്….

വീണയെ കിരണിനായവർ ആലോചിക്കുമ്പോൾ സൂര്യ മോൾടെ വിവാഹം കഴിയാതെ വീണ മോളേ കെട്ടിക്കില്ലെന്ന് മുത്തശ്ശൻ തീർത് പറഞ്ഞപ്പോൾ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും മുഖം മാറുന്നത് തന്നെ വല്ലാതെ വീർപ്പു മുട്ടിച്ചിരുന്നു..

അവളെ ആരെങ്കിലും കൊണ്ട് പോകുമെന്ന് കരുതി കാത്തു നിന്നാൽ എന്റെ മോള് ഇങ്ങനെ നിൽക്കതെയുള്ളൂ….

ചെറിയമ്മ യുടെ വാക്കുകൾ മുത്തശ്ശനെയും മുത്തശ്ശിയെയും ഭയന്ന് പതിയെയായിരുന്നെങ്കിലും അവർ രണ്ട് പേരുമല്ലാത്ത മറ്റെല്ലാവരും അത് കേട്ടിരുന്നു…..

മുത്തശ്ശാ…. ഞാനൊരു കല്യാണത്തെ കുറിച്ചൊന്നും സ്വപ്നം കാണുന്നില്ല….

സ്വന്തമായി ഒരു ജോലി വേണം….. പിന്നേ നിങ്ങടെ കൂടെയിങ്ങനെ കഴിഞ്ഞോളാം ഞാൻ…..
വീണയെ അപ്പച്ചിയുടെ മോന് കൊടുത്തേക്ക്….

കേട്ടിടത്തോളം അമ്മാവൻ കോടീശ്വരനാണെന്നല്ലേ പറഞ്ഞത്…..

അങ്ങനൊരു ബന്ധം സ്വപ്നം കാണാനിനി കിട്ടുവോ…..
അതും ഈ പാപിയുടെ തലയിൽ വന്ന് വീഴില്ലേ മുത്തശ്ശ….

കണ്ണുകൾ നിറച്ചു കൊണ്ട് അവളത് ചോദിക്കുമ്പോൾ കേട്ട് നിന്നവരുടെ മിഴികളും നിറഞ്ഞിരുന്നു….

തന്റെ സമ്മതത്തിന് വഴങ്ങി മുത്തശ്ശൻ ഒത്തിരി സങ്കടത്തോടെ അപ്പച്ചിയോടിക്കാര്യം പറയാൻ നിൽക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അപ്പച്ചി ആ കാര്യം അവതരിപ്പിച്ചത്….

എല്ലാവർക്കും സമ്മതമാണെങ്കിൽ സൂര്യ മോളെയും ഞാൻ തന്നെ എടുത്തോളാം…. എന്റെ മൂത്ത മകൻ കാശിക്ക് വേണ്ടി…..

അവനും ഇവളെ പോലെ കറുത്തിട്ടാണോ…..അതോ എന്തെങ്കിലും വൈകല്യം…..
ചെറിയച്ഛൻ സംശയം അടക്കി വെച്ചില്ല…..

മുത്തശ്ശൻ കനപ്പിച്ചു കൊണ്ട് ചെറിയച്ഛനെ ഒന്ന് നോക്കി……

ഒരു കുഴപ്പവുമില്ല…. നിലാവ് പോൽ ഉദിച്ചിട്ടാണവൻ…. കാശി നാഥൻ…..

ആദ്യമായി അവന്റെ പേര് കേട്ടപ്പോൾ ഓർമകളിൽ പല മുഖങ്ങൾ തെളിഞ്ഞുവെങ്കിലും തന്നെ അവനിഷ്ടപ്പെടില്ലന്ന കാര്യം അറിയുന്നത് കൊണ്ട് തന്നെ അവളതിനെയെല്ലാം മനോഹരമായി തള്ളി കളഞ്ഞു….

അങ്ങനെ എത്ര പേർ തന്റെ നിറം കണ്ട് മുഖം ചുളിച്ചു ഇവിടെ നിന്നിറങ്ങിയിരിക്കുന്നു…..

അവൾക്ക് സ്വയം പുച്ഛം തോന്നി……

എങ്കി പിന്നേ നീയവന് ഇവളുടെയൊരു ചിത്രം അയച്ചു കൊടുക്ക്….
അവനിഷ്ടപ്പെട്ടെങ്കിൽ നമുക്ക് ബാക്കി നോക്കാമല്ലോ….

മുത്തശ്ശൻ അത് പറയുമ്പോഴും ഇതെങ്കിലും ഒന്ന് നടന്ന് കണ്ടിരുന്നെങ്കിൽ എന്നാ രണ്ട് വൃദ്ധ ഹൃദയങ്ങളും അത്രയേറെ ആഗ്രഹിച്ചിരുന്നു……

അവൻ കാണേണ്ട കാര്യമൊന്നുമില്ല….. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…..
അപ്പച്ചി അത് പറഞ്ഞപ്പോഴും മുത്തശ്ശൻ കൂട്ടാക്കിയിരുന്നില്ല…..

അങ്ങനെയല്ല ജാനകി…. ഒരുമിച്ച് ജീവിക്കേണ്ടത് അവരല്ലേ…. പരസ്പരം ഇഷ്ടപ്പെടേണ്ടതും അവരാണ് …… അവളെ കണ്ട് അവന് പരിപൂർണ സമ്മതമാണെങ്കിൽ മാത്രം നീ പറയ്…. അല്ലാതെ എന്റെ കൊച്ചിനു നീ മോഹം കൊടുക്കരുത്….
അവസാനം അവനിഷ്ടമായില്ലെന്ന് പറഞ്ഞാൽ അവളെക്കാളേറെ അത് ഞങ്ങളെ വേദനിപ്പിക്കും…..

മുത്തശ്ശനത് പറഞ്ഞപ്പോഴായിരുന്നു ഒരു ഫോട്ടോ അപ്പച്ചി ഫോണിലെടുത്തവന് അയച്ചു കൊടുത്തത്…..
അതിൽ തന്റെ ശെരിക്കുമുള്ള നിറം തന്നെയാണെന്ന് പല തവണ താൻ നോക്കി ഉറപ്പിക്കുകയും ചെയ്തതാണ്……

വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടിട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്…..

ആരെന്ന ചിന്തയിൽ പതിയേ അവൾ ആ വാതിൽ തുറന്നു…..

(തുടരും )