19/04/2026

അതിസുന്ദരി : ഭാഗം 42

രചന – ആയിഷ അക്ബർ

ഏയ് …. തമ്പുരാട്ടീടെ പള്ളിയുറക്കം കഴിഞ്ഞില്ലേ….

അതും ചോദിച്ചു സൂര്യയുടെ കാലിൽ പിടിച്ചു വലിച്ചതും അവൾ ഞെട്ടിയുണർന്നു….

അവൻ ഫോൺ വിളിച്ചു വെച്ചപ്പോൾ അങ്ങനെയൊന്നു കിടന്ന് മയങ്ങിയതാണ്….

ചിരിച്ചു കൊണ്ട് നിൽക്കുന്ന വിദ്യയെ കണ്ടതും അവളൊന്ന് മുഖം കൂർപ്പിച്ചു…..

നീയൊന്ന് എണീറ്റെ…

അതും പറഞ് കൊണ്ട് വിദ്യ അവളെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു….

എങ്ങോട്ടാടി…..

ഒന്ന് കൊട്ടുവാ യിട്ട് സൂര്യ ചോദിക്കുമ്പോൾ വിദ്യ അവൾക്ക് നേറെ കണ്ണുരുട്ടി…

ഓഹ്… നീ കോടീശ്വര പത്നിയായി പോയത് ഞാൻ മറന്നു…..

വിദ്യ അതും പറഞ് പരിഭവത്താലൊന്നു നെടുവീർപ്പിട്ടു…..

എന്താ സെന്റിയാണോ …. തീരെ കൊള്ളില്ല കേട്ടോ…

സൂര്യ പുച്ഛത്തോടെ അത് പറഞ്ഞതും വിദ്യക്ക് ചിരി പൊട്ടി….

അല്ലാ.. നീയിങ്ങനെ കിടന്നുറങ്ങാനാണോ വന്നത്…..
നീ വന്നിട്ട് കണ്ണനെ കണ്ടില്ലല്ലോ…..

വിദ്യ അത് ചോദിക്കുമ്പോൾ സൂര്യയുടെ കണ്ണുകളും വിടർന്നു……

അതിനവൻ വരാൻ വൈകില്ലേ…..

ഇല്ലെടി ഇരുട്ടുന്നതിനു മുൻപ് എത്തും ….
നമുക്ക് പണ്ടത്തെ പോലെ നമ്മുടെ സ്ഥിരം സ്ഥലത്ത് കുറച്ച് നേരമോന്നിരിക്കാമെടി….
ആ വഴിയല്ലേ അവനും വരിക …..

വിദ്യ അത് പറഞ്ഞതും സൂര്യ ചാടിയെഴുന്നേറ്റു….

മുത്തശ്ശിയുടെ നിർബന്ധം കൊണ്ട് തന്നെ കാപ്പി കുടിച്ചു കൊണ്ട് രണ്ട് പേരും വേഗം ഇറങ്ങി….

അയ്യോ.. ഞാനെന്റെ ഫോണെടുത്തില്ലെടി….

കുറച്ച് നടന്നപ്പോഴാണ് ഒന്ന് നിന്ന് കൊണ്ട് സൂര്യയത് പറയുന്നത്…..

ഓഹ്…. നിന്റെ കാശി രാജ കുമാരൻ ഇനി രാത്രി വിളിച്ചോളും…. അപ്പൊ സംസാരിച്ചാൽ മതി…..

അവിടെ തന്നെ അനങ്ങാതെ നിൽക്കുന്നവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് വിദ്യ നടക്കുമ്പോഴും എങ്ങാനും അവൻ വിളിച്ചാലോയെന്നൊരു പ്രതീക്ഷ വിദൂരത്താകുന്നത് പോലെ സൂര്യക്ക് തോന്നി…..

തോടിനരികിലായി നിറയെ കശുമാങ്ങ തോട്ടം…..

ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന നിറയെ മരങ്ങൾ…..

അല്ലെങ്കിലും കയറാൻ ഏറ്റവും എളുപ്പമുള്ള മരം ഇത് തന്നെയാണ്…..

ചുവന്ന് നിറത്തിലുള്ള കശു മാങ്ങ നിറഞ്ഞു നിൽക്കുന്ന ആ മരത്തിലേക്ക് സൂര്യ തലയുയർത്തി നോക്കി….

ചാഞ്ഞു നിൽക്കുന്ന ഒരു കൊമ്പിലേക്ക് വിദ്യ വേഗം ചാടി ക്കയറി…..

കശു മാങ്ങകളാകേ ഒന്ന് ആടിയുലഞ്ഞു…..

അവളതിൽ നിന്നും രണ്ട് മൂന്നെണ്ണം പറിച്ചെടുത്തു താഴെക്കിറങ്ങി….

അവൾ വരാൻ കാത്തു നിന്നത് പോലെ സൂര്യ തിടുക്കപ്പെട്ടു അതിൽ നിന്നൊന്നു വാങ്ങി….

ഒത്തിരി ദിവസങ്ങൾക്കു ശേഷമാണ് താനീ ലോകത്തേക്ക് എത്തുന്നത്….

എത്ര വലുതായാലും എന്തൊക്കെ മാറ്റങ്ങൾ ജീവിതം നൽകിയാലും എന്നും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു കാലം നമുക്കെല്ലാവർക്കുമുണ്ടാകും……

ഇതൊന്നുമല്ല ഞങ്ങളുടെയിടം…..

കശുമാവിൻ തോട്ടത്തിൽ നിന്നിറങ്ങി തോട്ടിലെ വെള്ളത്തിൽ കശുമാങ്ങ കഴുകി…..

തോട്ടിൽ വെള്ളം കുറവായത് കൊണ്ട് തന്നെ മുറിഞ്ഞു കടക്കാൻ വെച്ച മരത്തടിയെ ആശ്രയിച്ചില്ല….

പാവാട മുട്ടിനോടൊപ്പം ഉയർത്തി വെള്ളത്തിലൂടെ നടക്കുമ്പോൾ കശു മാങ്ങ കടിച്ചു തുടങ്ങിയിരുന്നു….

തോടിനപ്പുറം വയലാണ്….
ഗ്രാമത്തിനെ ഏറ്റവും മനോഹരമാക്കുന്നതും പച്ച പുതപ്പ് പോൽ ഭൂമിയെ ചുറ്റി പിടിച്ച വയലേലകൾ തന്നെയാണ്…..

വയൽ വരമ്പിനപ്പുറം അല്പം ഉയർന്നൊരു ഭാഗമുണ്ട്…..

അവിടെ ആനയെ പോലെ കറുത്ത തലയെടുപ്പോടെ നിൽക്കുന്നൊരു കൂറ്റൻ പാറ….

അതാണ്‌ ഞങ്ങൾ മൂവർ സംഘത്തിന്റെ കൊട്ടാരം….

അവിടെ കയറിയിരുന്നാൽ കടന്ന് വന്ന പറങ്കി തോട്ടവും തോടും വയലും എല്ലാം കാണാം….

വയൽ വരമ്പിന്റെ ഇടത് ഭാഗത്തു കൂടെയാണ് കവലയിലേക്ക് പോകുക….

കണ്ണനെ പ്രതീക്ഷിച്ചു ഞങ്ങളുടെ മിഴികൾ ആ ദിശയിലേക്ക് നട്ടിരുന്നു….

അതിലെ പരിചയക്കാർ പലരും കടന്ന് പോയപ്പോഴും എല്ലാവരും ചോദിച്ചതും നിങ്ങളിലൊരാളെവിടെ എന്നായിരുന്നു….

എന്തെന്നാൽ ഞങ്ങൾ മൂന്ന് പേരും കൂടി അവിടെ ഇരിക്കുന്നത് മുമ്പെല്ലാം പതിവുള്ള ഒരു കാഴ്ചയായിരുന്നു…..

അല്പം കഴിഞ്ഞപ്പോൾ അവൻ വരുന്നത് കണ്ടു…..

എടാ മുടിയാ….

മുകളിലേക്ക് നോക്കാതെ പോകുന്ന അവനെ മുകളിൽ നിന്നും അവര് രണ്ട് പേരും കൂടി വിളിക്കുമ്പോൾ ചുരുണ്ട മുടി കൾക്കിടയിലൂടെ അവൻ നോക്കി….

അവരെ കണ്ടതും ആ കണ്ണുകൾ വിടർന്നെന്ന് മാത്രമല്ല……

ആ പാറ മുകളിലേക്ക് അവനോടി കയറി…..

അവരെ കണ്ടതും വാക്കുകൾ പുറത്തേക്ക് വരുന്നതിനു പകരം അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

എടി ഇവന്റെ മുടി വളർന്ന് വളർന്ന് തലയില്ലാതെ ആയി അല്ലേ….

അവനെ ഒന്ന് കളിയാക്കി സൂര്യ അത് പറഞ്ഞതും അവിടെ കൂട്ടച്ചിരി മുഴങ്ങി….

പിന്നീടങ്ങോട്ട് തമ്മിൽ തമ്മിൽ വിശേഷങ്ങൾ പങ്കു വെക്കലായിരുന്നു…..

നിന്റെ കാശി നാഥനെങ്ങനെ യുണ്ട്….

സ്റ്റേഷനിലെ കത്തി മുഴുവൻ വിദ്യ പറഞ്ഞ് തീർന്നപ്പോൾ കണ്ണന്റെ ചോദ്യമാണ് തന്നിലേക്ക് നീണ്ടത്…..

എന്ത് പറയണമെന്നറിയില്ലായിരുന്നവൾക്ക്…..

കാരണം അവരിൽ നിന്നൊരിക്കലും ഒന്നും മറച്ചു വെക്കാൻ തനിക്ക് കഴിഞ്ഞിട്ടിലിത് വരെ…..

അല്ലെങ്കിലും മറച്ചു വെക്കാനെന്തിരിക്കുന്നു….

അവൻ തനിക്ക് നല്ലൊരു ഭർത്താവാണെന്ന് പറയുന്നതിൽ തെറ്റുണ്ടോ….

അങ്ങനെ ഓരോന്നാലോചിക്കുമ്പോഴേക്കും അവനെ ഓർത്തൊരു പുഞ്ചിരി അവളുടേ അധരങ്ങൾ കവർന്നെടുത്തത് വിദ്യയും കണ്ണനും കണ്ടിരുന്നു….

അവനെ കുറിച് ചോദിച്ചപ്പോഴേക്ക് അവളുടേ നാണം കണ്ടോ….

വിദ്യ അത് പറഞ് കളിയാക്കിയപ്പോഴാണ് ശെരിക്കും തന്റെ നുണക്കുഴികളിൽ നാണം വിരിഞ്ഞത്…..

അതേ അവന്റെ പ്രണയം തന്നെ ഏഴ് ജന്മങ്ങളിലേക്കും അവന്റേത് മാത്രമാക്കിയിരിക്കുകയാണെന്ന് പറയാനവൾക്ക് തോന്നി……

അപ്പൊ നിങ്ങള് രണ്ട് പേരും ഒരേ സിറ്റിയിൽ… അല്ലേ……

കണ്ണന്നത് ചോദിക്കുമ്പോൾ അവനിൽ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെങ്കിൽ കൂടി അവനെ കുറിച്ചൊരു വേദന അവരിൽ രണ്ട് പേരിലും നിറഞ്ഞിരുന്നു….

നേരം ഇരുട്ടാനായി…. നമുക്കിറങ്ങിയാലോ….

കണ്ണന്നതും പറഞ്ഞിറങ്ങിയപ്പോൾ അവരും കൂടെയിറങ്ങി….

അങ്ങ് ദൂരെ ആകാശത്തു ചെഞ്ചായം പരന്ന് കാണാം…..

സ്വർണ രശ്മികൾ തോട്ടിലെ വെള്ളത്തിൽ കിടന്ന് തിളങ്ങി…..

അങ്ങോട്ട് പോകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വെള്ളത്തിന്റെ ചൂടല്പം കുറഞ്ഞത് പോലെ അവർക്ക് തോന്നി…..

നമ്മുടെ രണ്ട് പേരുടെയും കാര്യം ഒരു വിധം ശെരിയായി….
ഇനി അവനു കൂടി എന്തെങ്കിലും നല്ലൊരു ജോലി ശെരിയായാൽ മതിയായിരുന്നു…..
പി എസ് സി പരീക്ഷകളൊക്കെ എഴുതുന്നുണ്ടവൻ…..

അവന്റെ വീടെത്തി അവൻ പോയപ്പോഴാണ് വിദ്യ സങ്കടത്തോടെ യത് പറഞ്ഞത്…..

ഒരു നെടു വീർപ്പോടെ സൂര്യയും ആ സങ്കടത്തിലേക്ക് പങ്കു ചേർന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സന്ധ്യാ നാമം ചൊല്ലി കഴിഞ്ഞ് അലമാര വലിപ്പിൽ നിന്നും ഒരു പുസ്തകമെടുത് കോലായിലിരുന്ന് വായിച്ചു തുടങ്ങിയിരുന്നവൾ …..

മുത്തശ്ശിയും മുത്തശ്ശനും ഉമ്മറതെ വരാന്തയിലിരിപ്പാണ്….

ചെറിയമ്മ അവിടേക്ക് മുരിങ്ങ മുറത്തി ലിട്ട് കൊണ്ട് വന്നു ടീവി ഓൺ ചെയ്തവിടെയിരുന്നു……

അപ്പോഴാണ് വീണയങ്ങോട്ട് വരുന്നത്….

നിറഞ്ഞ പുഞ്ചിരി ആ മുഖത്തുണ്ട്…..

കയ്യിൽ മൊബൈൽ ഫോണുമുണ്ട്…..

അപ്പച്ചി വിളിച്ചു വച്ചതേയുള്ളൂ അമ്മേ….
ഞാനില്ലാണ്ട് അപ്പച്ചിക്ക് സങ്കടം വരുവാണെന്ന് പറഞ്ഞു…..

അവളത് പറയുമ്പോൾ സൂര്യയേ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു…

അത് കണ്ടതും ചെറിയമ്മ വേഗം ടീവി ഓഫ്‌ ചെയ്തു….

അല്ല സൂര്യാ…. നിനക്ക് അവരൊന്നും വിളിക്കാറില്ലേ…

വീണ അവിടുത്തെ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടാവും അത് കൊണ്ട് തന്നെ കുത്തി നോവിക്കാനുള്ള പുറപ്പാടായിരിക്കുമെന്ന് അവൾക്ക് മനസ്സിലായി…..

ഇല്ലാ…..

അവളോട്ടും മയമില്ലാതെ മുഖം പുസ്തകത്തിൽ നിന്നുയർത്താതെ തന്നെയാണത് പറഞ്ഞത്…..

അതിന്റെ വിഷമം നിന്റെ മുഖത്തെനിക്ക് കാണാനുണ്ട്…
രണ്ട് പേരും ഒരുമിച്ച് കയറി വന്നിട്ടും ഒരാളെ മാത്രം അവഗണിക്കുന്ന വിഷമം ചെറിയമ്മക്ക് മനസ്സിലാകും …..

അവർ ദുഃഖം നടിച്ചാണത് പറയുന്നതെങ്കിലും അതിൽ കലർന്ന പരിഹാസത്തെ തനിക്ക് വ്യക്തമായി തിരിച്ചറിയുന്നുണ്ടായിരുന്നു…..

എനിക്കെന്തിനു സങ്കടം വരണം…
ഞാൻ അവരെ കണ്ടല്ല ഇവിടെ നിന്നിറങ്ങിയത്….

എന്റെ കൈ പിടിച്ചു കൂടെ കൂട്ടിയ ആള് ദിവസവും വിളിക്കുന്നുണ്ട്…..
വേറെ ആരുടേയും വിളിക്ക് ഞാൻ കാത്തു നിൽക്കുന്നില്ല……എന്നാലല്ലേ സങ്കടം വരത്തുള്ളൂ…..

അവൾ യാതൊരു കൂസമില്ലാതെ അത് പറയുമ്പോ വീണയും ചെറിയമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി….

വാക്കുകൾ ഏറ്റില്ലെന്നുള്ളത് കൊണ്ട് തന്നെ അവരിലതൊരു നിരാശ നൽകി….

ഹാ…. അവനൊരു അനാഥനും ദരിദ്ര വാസിയും ആയത് കൊണ്ട് നീ രക്ഷപ്പെട്ടെടി…
അല്ലെങ്കിൽ നിന്നെ അവൻ ഏഴയലത്തേക്ക് അടുപ്പിക്കില്ലായിരുന്നു….

വീണ അവളുടേ അമർഷം അടക്കാനെന്ന വണ്ണമാണ് അത് പറഞ്ഞതെങ്കിലും സൂര്യയുടെ മുഖം മാറുന്നത് അവളിൽ സന്തോഷത്തിനിടം നൽകി….

സൂര്യക്ക് ഒരു തരം മരവിപ്പ് തോന്നി…..

അവളുടേ വാക്കുകൾ ഹൃദയത്തിൽ എവിടെയോ കൊളുത്തി വലിച്ചിരുന്നു…..

അവൻ സമ്പന്നനായിരുന്നെങ്കിൽ തന്നെ സ്നേഹിക്കുമായിരുന്നില്ലേ….

അവൾ സ്വയം ചോദിച്ചു…..

അവന്റെ ബലഹീനത കൾ കൊണ്ടാണോ അവൻ തന്നെ പ്രണയിച്ചത്…..

യഥാർത്ഥത്തിൽ അവൻ സമ്പന്നനാണെന്ന് അറിയുമ്പോഴോ….

വീണ പറഞ്ഞതും ശെരിയല്ലേ….

അത്രയൊന്നും താൻ ചിന്തിച്ചിട്ടില്ല….
തന്നെ സംബന്ധിച് അവനെന്നതിൽ കവിഞ് മറ്റൊന്നിനും പ്രസക്തിയുണ്ടായിരുന്നില്ല….

എന്നാൽ എല്ലാവർക്കും അങ്ങനെ യാകണമെന്നില്ലല്ലോ…..

അത് വരെ അവനെ ഓർക്കുമ്പോൾ ഹൃദയത്തിൽ അരിച്ചിറങ്ങിയ ആ കുളിര് പാടേ മാഞ്ഞു പോകുന്നത് അവളറിഞ്ഞിരുന്നു…..

അവൾക്കുള്ളിലെ ഭാരം മുഖത് പ്രകടമായത് കൊണ്ട് തന്നെ അത് വീണക്കും ചെറിയമ്മക്കും നൽകിയ ആശ്വാസം ചെറുതായിരുന്നില്ല….

എന്നാൽ വില കൂടിയ ആ കാറ് തറവാട് മുറ്റത്ത് വന്നു നിന്നത് അകത്തായിരുന്ന അവരറിഞ്ഞിരുന്നില്ല……

(തുടരും)