19/04/2026

അതിസുന്ദരി : ഭാഗം 32

രചനആയിഷ അക്ബർ

അലക്കാനുള്ള തുണികളുമായി സൂര്യ താഴെക്കിറങ്ങി വരുമ്പോൾ സോഫയിൽ മുത്തശ്ശിയിരിക്കുന്നുണ്ടായിരുന്നു…..

അവർ വേഗം അവരുടെ മുറിയിലേക്ക് നടന്നു….

ഒരു ഭാഗത്തെ ജനലിലൂടെ നോക്കിയാൽ കുറച്ചപ്പുറത്തായി അലക്ക് കല്ല് കാണാം….

അവൾ വരുന്നതും നോക്കി അവരല്പ നേരം നിന്നു….

കുറച്ച് സമയം കഴിഞ് അവൾ കല്ലിനരികിലേക്കെത്തുമ്പോൾ സോപ്പ് പൊടിയിട്ട് വെച്ച ആ കുപ്പിയുമായി അവൾ അവിടേക്കെത്തി….

പിന്നീട് ബക്കറ്റിൽ സോപ്പ് പൊടി കലക്കുന്നതും ഒക്കെ നോക്കി കൊണ്ട് മുത്തശ്ശി ആ ജനലരികിൽ തന്നെ നിന്നിരുന്നു……

അന്ന് ആദ്യമായി അവർ അവളെ ശ്രദ്ധിക്കുകയായിരുന്നു….

അവൾ തുണികലോരോന്നായി സോപ് പൊടിയിലേക്കിടുമ്പോൾ അതിൽ അവർ കാശിയുടെ തുണികളെ തിരയുകയായിരുന്നു…..

അവളുടെ തുണികൾക്കിടയിൽ നിന്ന് അവന്റെ തുണികൾ അവൾ കൈകളിൽ എടുക്കുന്നത് കണ്ടപ്പോൾ തന്നെ ജനലിനിപ്പുറം നിൽക്കുന്ന ആ കണ്ണുകളിൽ ആശ്വാസം പരന്നിരുന്നു…..

അവർ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവർ പെട്ടെന്ന് തന്നെ കണ്ണുകൾ അവളിലേക്ക് നീക്കി….

കയ്യിലെടുത്ത അവന്റെ ഷർട്ട്‌ മുറുകെ പിടിച് നെഞ്ചോട് ചേർത്ത് വെക്കുന്ന കാഴ്ച അവരുടെ കണ്ണുകളിൽ പതിയുമ്പോൾ അവളുടേ അദരങ്ങളിൽ തെളിഞ്ഞു കാണുന്ന ആ പുഞ്ചിരിക്ക് വല്ലാത്തൊരു വശ്യത തോന്നിയിരുന്നു…..

അവനോടുള്ള സ്നേഹം ആ കണ്ണുകളിൽ കത്തി നിന്നിരുന്നു….

മുത്തശ്ശിക്ക് അത്ഭുതം തോന്നി…..

അവൾ അവനെ അത്ര മാത്രം സ്നേഹിക്കുന്നുണ്ടോ…..

ആ കണ്ണുകളിൽ കാണുന്ന തിളക്കം സത്യമല്ലെന്ന് വിശ്വസിക്കാൻ തനിക്കാവുന്നില്ല…..

അവളെ വെറുക്കുന്ന അവനെ എങ്ങനെ അവൾക്ക് സ്നേഹിക്കാൻ കഴിയുന്നു…

അതോ അവനവളെ വെറുക്കുന്നില്ലേ….

കാശിയെ കണ്ട് നേരിട്ടവന്റെ മനസ്സിലെന്താണെന്ന് അറിയണമെന്ന് അവർ കണക്ക് കൂട്ടി…..

പക്ഷെ…. ചോദിച്ചാൽ അവൻ തുറന്ന് പറയുമോ….

ഏയ്…. തന്നെ വേദനിപ്പിക്കേണ്ടെന്നു കരുതി ഒരു പക്ഷെ കള്ളം പറയുമായിരുക്കാം…

അവരോരു ചിന്തയോടെ കട്ടിലിലേക്കിരിക്കുമ്പോഴും കണ്ണുകൾ അവളിൽ തന്നെ തങ്ങി നിന്നിരുന്നു….

അപ്പോഴും അവളുടേ അദരങ്ങളിൽ പറ്റിപ്പിടിചിരുന്നൊരു പുഞ്ചിരിയിൽ അവനോടുള്ള പ്രണയം നിറഞ്ഞു നിന്നിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജയേ…… കാശിക്കുള്ള ഭക്ഷണം കൊടുത്തിരുന്നോ……

അത്….

രാത്രി വന്ന് മുത്തശ്ശിയത് ചോദിക്കുമ്പോൾ ജയ ഒന്ന് മടിച്ചു നിന്നു….

അത്..സൂര്യ ഭക്ഷണവുമായി പോയിട്ടുണ്ട്……

ജയ അത് പറയുമ്പോൾ അവർ ഉറഞ്ഞു തുള്ളുമെന്ന് കരുതിയ ജയക്ക് തെറ്റ് പ്പോയിരുന്നു…

പകരം ആ കണ്ണുകളിൽ ഒരത്ഭുതം അവൾ കണ്ടു…

അതെന്തേയ്…..
അത്ര മാത്രം ചോദിച്ചു കൊണ്ട് നിർത്തി….

കാശി സാറ് പറഞ്ഞിരുന്നു ഇനി മുതൽ ഞങ്ങളോട് ഭക്ഷണവുമായി വരേണ്ടെന്ന്….

സൂര്യ കൊണ്ട് വരട്ടെ എന്നാണ് പറഞ്ഞത് ….

അവരല്പം ഭയത്തോടെയാണത് പറഞ്ഞതെങ്കിലും ആ കണ്ണുകളിൽ പ്രത്യേകിച്ചൊരു ദേഷ്യമൊന്നും ഉടലെടുത്തില്ലെന്ന് മാത്രമല്ല ഒരു തിളക്കം ജയ ശ്രദ്ധിച്ചിരുന്നു…..

അവൾക്ക് എന്തെന്ന് മനസ്സിലാകും മുന്പേ അവർ അവിടെ നിന്നും നടന്നകന്നു…..

അവർ നേരെ പോയത് മുറിയിലേക്കായിരുന്നു…..

ചൂരൽ കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ മനസ്സ് മുഴുവൻ കാശിയും സൂര്യയുമായിരുന്നു….

സൂര്യയുടെ കണ്ണുകളിൽ കണ്ട അവനോടുള്ള പ്രണയവും കാശി ജയയോട് പറഞ്ഞ വാക്കുകളും അവർ ചേർത്ത് വായിച്ചു കൊണ്ടേയിരുന്നു……

അവർക്കിടയിൽ പിണഞ്ഞു കിടക്കുന്നൊരാ അനുഭൂതിയെ അവരൊന്നു വരച്ചടുക്കാൻ ശ്രമിച്ചു…..

കാശി അവളെ പരിഗണിക്കുന്നതെന്ത് കൊണ്ടായിരിക്കാം…..

അവളോട് അവന് പ്രണയമാണെന്നാണോ….

ഏയ്…. ആയിരിക്കില്ലെന്ന് മനസ്സ് പറയുന്നു….

സഹതാപമോ സൗഹൃദമോ അങ്ങനെയെന്തെങ്കിലും ആവുമോ…..

എന്നാൽ അവളുടേ കണ്ണുകളിൽ താൻ കണ്ടത് കറ കളഞ്ഞ പ്രണയം തന്നെയാണ്….

അവർ വീണ്ടും ചിന്തകളിലേക്കാണ്ട് പോയി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അലമാരയിൽ മുൻപെങ്ങോ വെച്ച ഒരു ഇയർ ഫോൺ തിരയുകയായിരുന്നു കാശി….

ഒരു കാൽ അടുത്തുള്ള സ്ടൂളിലേക്ക് കയറ്റി വെച്ചിട്ടുണ്ട്…..

തുണികലോരോന്ന് എടുത്ത് നോക്കുമ്പോഴാണ് വല്ലാത്തൊരു ശബ്ദത്തോടെ എന്തോ ഒന്ന് താഴേക്ക് വീണ പോലെ കാശിക്ക് തോന്നിയത്……

അവൻ താഴേക്ക് നോക്കുമ്പോൾ അതൊരു ചിലങ്കയായിരുന്നു….

അല്പം പ്രയാസപ്പെട്ടാണെങ്കിലും
അവൻ കുനിഞ്ഞു കൊണ്ടതെടുത്തു…..

അവനത് കൈകളിലെടുക്കുമ്പോൾ മനസ്സിലെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു….

ഈ ചിലങ്ക അവളുടേതാകും….
എന്നാൽ ഇതണിഞ് ഇന്നേ വരെ താൻ കണ്ടിട്ടില്ലല്ലോ ….

അവൾ നൃത്തം ചെയ്യുമെന്ന് തനിക്കറിയില്ലായിരുന്നു….

അല്ലെങ്കിലും അവളുടേ ഇഷ്ടങ്ങളൊന്നും താനിത് വരെ ചോദിച്ചിട്ടുമില്ല….

അവന് അവനോട് തന്നെ ഒരു പുച്ഛം തോന്നി…..

അപ്പോഴും ചിലങ്കയിട്ട് കൈകൾ വിടർത്തി നൃത്തം ചെയ്യുന്ന അവളെ മനസ്സ് സങ്കൽപ്പിച്ചെടുത്തിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മൊബൈലിൽ നോക്കി കൊണ്ടിരിക്കുകയായിരുന്ന കാശി മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മുഖമുയർത്തിയൊന്നു നോക്കി……..

കയ്യിൽ ഭക്ഷണവുമായി മുറിയിലേക്ക് കയറി വരുന്ന സൂര്യയെ കണ്ടപ്പോൾ തന്നെ അവന്റെ കണ്ണുകൾ വിടർന്നു…..

അവൻ മൊബൈൽ മാറ്റി വെച്ച് ഭക്ഷണത്തിലേക്ക് തിരിയുമ്പോഴും ഒരു കുഞ്ഞ് പുഞ്ചിരി ആ മുഖത് പറ്റി പിടിച്ചിരിപ്പുണ്ടായിരുന്നു….

എന്നാൽ ഭക്ഷണം അവനരികിലായി വെച്ചു കൊണ്ട് അവൾ മുഖം കൂർപ്പിച്ചങ്ങനെ ഇരുന്നു….

അവൻ അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ അവന് നേരെ നോക്കിയില്ല…..

ഗ്ലാസിനുള്ളിലൂടെ ദൂരേക്കങ്ങനെ നോക്കിയിരുന്നു…..

തനിക്ക് കാഴ്ചകളോട് വലിയ താല്പര്യമാണല്ലേ….

പലപ്പോഴും അവൾ ചുറ്റും നോക്കി ആസ്വദിക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് അവനത് ചോദിച്ചത്….

അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ചയെന്താണ്‌ …

വായിലിട്ട ഭക്ഷണം ചവച്ചിറക്കി അവനത് ചോദിക്കുമ്പോൾ അവൾ ഓർമകളിലേക്ക് ഊളിയിട്ടു….

അൽപ നേരം അവളൊന്ന് നിശബ്ദയായി…..

മ്മ്…..?
അവൻ വീണ്ടും അവൾക്ക് നേരെ ചോദ്യമുയർത്തി….

ചുവപ്പും പച്ചയും ഇട കലർന്ന മുറ്റവും വഴിയും…
മുറ്റം നിറയെ കുറ്റി ചെടികളും ഇല ചെടികളും….

കരി പിടിച്ച ചിമ്മിനിയുള്ള ഒരടുക്കളയും….

തടി കൊണ്ടുള്ള മച്ചും അഴികളും ജനൽ പാളികളും…..

വിശാലമായ വരാന്തയിൽ മരത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന മുത്തശിയും ചൂരൽ കസേരയിലിരിക്കുന്ന മുത്തശ്ശനും……

അതിനു നടുവിലായി ചിലങ്കയണിഞ്ഞ…….

ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു തുടങ്ങിയവൾ പെട്ടെന്നവിടെ വാക്കുകൾക്ക് തടയിട്ടു…..

കാശി ഒരിളം ചിരിയാൽ അവളെ തന്നെ നോക്കി യിരിക്കുകയായിരുന്നു….

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ച അവളുടേ വീടാണെന്ന് പറയുമ്പോൾ ആ മുഖത്തെ തിളക്കം അവനങ്ങനെ ആസ്വദിച്ചിരുന്നു….

ചിലങ്കയണിഞ്ഞ…..?
അവൻ അവൾക്ക് നേരെ ചോദ്യമെറിഞ്ഞു…..

മ്മ് ച്ചും…. ഒന്നുമില്ല…..

അതും പറഞ്ഞവൾ അവൻ കഴിച്ച പാത്രമെടുത് തിരിഞ്ഞു……

അപ്പോഴാണ് ഒരു കിലുക്കം അവൾ കേട്ടത്….

പെട്ടെന്നവളൊന്ന് തിരിഞ്ഞു….

അവൻ കയ്യിൽ പിടിച്ച ചിലങ്ക കാൻകെ അവളുടേ ഉണ്ട കണ്ണുകൾ ഒന്ന് കൂടി വിടർന്നു…..

അവന്റെ മുഖം ഗൗരവത്തോടെയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒരു കുസൃതി ചിരി എവിടെയോ പറ്റിപ്പിടിച്ചിരുന്നു…..

ഇത്…. ഇത് നിന്റെയാണോ…

അവനത് ചോദിക്കുമ്പോൾ അവൾ അതേയെന്ന് തല കുലുക്കി…..

നീ നൃത്തം ചെയ്യുമെന്ന് എന്തേ പറഞ്ഞില്ല…..

കാശ്ശി ചോദിക്കുമ്പോൾ ആ മുഖത്തൊരു പരിഭവം കലർന്നിരുന്നോ….

എന്നോടാരും ചോദിച്ചില്ല….

അതും പറഞ്ഞു കൊണ്ട് കയ്യിൽ പിടിച്ച പാത്രങ്ങളുമായി അവൾ അവിടെ നിന്നും നടന്നു…..

കാശി ആ ചിലങ്കയിൽ മുറുകെ പിടിച്ചു…..
അപ്പോഴും അവന്റെ ചുണ്ടിൽ അവളെയോർത്തൊരു പുഞ്ചിരി തങ്ങി നിന്നിരുന്നു….

(തുടരും)