19/04/2026

അതിസുന്ദരി : ഭാഗം 48

രചന – ആയിഷ അക്ബർ

പോകാൻ പുറപ്പെടും നേരം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത് കാർ മേഘങ്ങൾ പടർന്നിരുന്നു……

കെട്ടി പ്പിടിച്ചവരോട് യാത്ര പറയുമ്പോൾ അനുസരണയില്ലാതെ അവളുടേ മിഴിയും നിറഞ്ഞിരുന്നു…..

ചെറിയച്ഛൻ കച്ചവടം കഴിഞ്ഞ് പുലർച്ചെ എത്തിയിരുന്നു……

വീണ യും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി….

എന്നാൽ ഞങ്ങളോടൊപ്പം വരാൻ അവൾക്ക് ഒട്ടും താല്പര്യമില്ലാത്തത് പോലെ അവൾ മുഖം വീർപ്പിച്ചിട്ടുണ്ടായിരുന്നു…..

മുറ്റത്തേക്കിറങ്ങിയപ്പോഴേ വിദ്യയും കണ്ണനും യാത്രയയക്കാൻ എത്തിയിരുന്നു……

എത്തിയാലെന്റെ നമ്പറിൽ വിളിക്കണം…..
കാശി അതും പറഞ് കണ്ണനെ ഒന്ന് കെട്ടി പിടിച്ചു….

അപ്പൊ കാണാം……
വിദ്യ ക്കും അവൻ കൈ കൊടുത്തു….

ഈ രണ്ട് ദിവസങ്ങൾ കൊണ്ട് അവർക്ക് കാശിയെന്നത് അവരുടെ ആരൊക്കെയൊ ആയി മാറിയിട്ടുണ്ടെന്ന് അവരുടെ മുഖത് നിന്നും വായിച്ചെടുക്കാം….

അവനും തിരിച്ചങ്ങനെ തന്നെ…..
എത്രയൊ കാലമായിട്ട് സുഹൃത്തുക്കളായിട്ടുള്ളവരെ പോലെ യായിരുന്നു അവന്റെ വാക്കുകളും….

സൂര്യക്ക് മനസ്സിൽ അതിരറ്റ സന്തോഷം തോന്നുന്നുണ്ടായിരുന്നു…..

കാറിൽ കയറി ഡോർ അടക്കുമ്പോഴാണ് ബാക്ക് ഡോർ വളരേ ശക്തിയായി അടയുന്ന ശബ്ദം കേട്ടത്….

കാശിയും സൂര്യയും ഒരുമിച്ച് തന്നെ പിറകിലേക്ക് നോക്കിയിരുന്നു…..

എന്നാൽ അവർ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടും വീണ അവരിലേക്ക് നോക്കിയില്ല…..

അവൾ പുറത്തേക്ക് നോക്കിയാണ് ഇരിക്കുന്നതെങ്കിലും മുഖത് ദേഷ്യം നിറഞ്ഞു കാണുന്നുണ്ടായിരുന്നു…..

അവളിൽ നിന്ന് ഇങ്ങനൊരു പെരുമാറ്റം അവന് പരിചിതമല്ലാത്തത് കൊണ്ട് തന്നെ എന്തോ ഒരു പ്രയാസം തോന്നി…..

അവൻ സൂര്യയിലേക്കൊന്ന് നോക്കി….

അവൾക്കും ഒന്നും പറയാനില്ലെന്ന പോൽ പുറത്തേക്ക് നോക്കിയിരുന്നു….

കാറ് ആ മുറ്റം കടന്ന് പോകും തോറും മുത്തശ്ശനും മുത്തശ്ശിയും ചെറുതായി പിറകിലേക്ക് അകന്ന് പോകുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി യിരുന്നു…..

വീട് കണ്ണിൽ നിന്ന് മറഞ്ഞതും അവൾ പുറത്ത് നിന്നും കണ്ണുകൾ പറിച്ചെടുത്തു..

പെട്ടെന്നാണ് ഒരു ടിഷ്യു എടുത്ത് അവനവൾക്ക് നേരെ നീട്ടിയത്…..

തന്റെ നേരെ അത് നീട്ടി നിൽക്കുമ്പോഴും മുഖത്തു നോക്കുന്നില്ലായിരുന്നു….
ശ്രദ്ധ മുഴുവൻ ഡ്രൈവിങ്ങിലാണ്…..

അവളത് വാങ്ങി വേഗം കണ്ണുകൾ അമർത്തി തുടച്ചു…

പിറകിലിരുന്ന് ഇതൊക്കെ കാണുമ്പോൾ വീണക്ക് വല്ലാതെ ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു….

അവൾ കണ്ണുകളടച്ചു അവരെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിലിരുന്നു……

പുറത്തേക്ക് നോക്കിയിരിക്കുന്ന തന്നിലേക്ക് പാറി വിഴുന്ന അവന്റെ നോട്ടങ്ങൾ അവളുടെയുള്ളിൽ ഒരു കുളിര് നിറച്ചിരുന്നു…..

താൻ തല ചെരിച്ചു നോക്കുമ്പോൾ പെട്ടെന്ന് കണ്ണുകൾ വെട്ടിക്കുന്നത് കാണുമ്പോൾ അവൾക്ക് ചിരി വന്നിരുന്നു…..

സ്റ്റിയറിങ്ങിൽ പിടിച്ച തന്റെ കയ്യിലേക്കും ആക്‌സിലേറ്ററിൽ അമർന്ന കാലിലേക്കും അങ്ങനെ തന്റെ ഓരോ ചലനങ്ങളിൽ അവൾ ഉറ്റ് നോക്കി കൊണ്ടിരിക്കുന്നത് കാശി ശ്രദ്ധിച്ചിരുന്നു…..

തന്റെ ഓരോ ചലനങ്ങൾക്കനുസരിച് അവളുടേ കണ്ണുകളും തന്നോടൊപ്പം ഡ്രൈവ് ചെയ്യുന്നത് പോലെ അവന് തോന്നി…..

എന്തേയ്…. ഡ്രൈവ് ചെയ്യണോ…..

അവൻ പെട്ടെന്നത് ചോദിക്കുമ്പോൾ അവൾ മിഴികളുയർത്തി അവനെ നോക്കി….

അപ്പോഴും അവൻ തന്നെ നോക്കുന്നില്ല…..

പുറത്തേക്ക് നോക്കിയാണിരിപ്പ്…..

ഇടത് കൈ സ്റ്റിയറിങ്ങിൽ വെച്ചിട്ടുണ്ട്….
വലത് കൈമുട്ട് വിൻഡോയിലേക്ക് കുത്തി വെച്ച് ചൂണ്ട് വിരൽ കൊണ്ടങ്ങനെ താടിക്ക് മേൽ തടവുന്നുണ്ട്…

എനിക്ക് ഡ്രൈവിംഗ് അറിയില്ല…..

അവൾ പെട്ടെന്നത് പറയുമ്പോൾ അവൻ അവൾക്ക് നേരെ മുഖം തിരിച്ചു….

അപ്പൊ അറിയാത്തതാണ് പ്രശ്നം…. അല്ലേ…..

അവനത് ചോദിക്കുമ്പോൾ ആ മിഴികളെ താങ്ങാൻ കഴിയുന്നില്ലെന്ന വണ്ണം അവൾ പുറത്തേക്ക് നോക്കിയിരുന്നു…..

പ്രണയാധുരമായ ഓരോ നോട്ടങ്ങൾ പോലും അത്രയേറെ മനോഹരമായിരുന്നത് കൊണ്ട് തന്നേ കാശിക്കും സൂര്യക്കും യാത്ര മടുപ്പ് തോന്നിയില്ല…..

എന്നാൽ ഇതെല്ലാം കണ്ടിരിക്കുന്ന വീണക്ക് അതത്ര രസം തോന്നിയിരുന്നില്ല….

എത്രയും പെട്ടെന്നൊന്നു വീട്ടിൽ എത്തിയിരുന്നെങ്കിൽ എന്നവളാലോചിച്ചു കൊണ്ടിരുന്നു….

നേരം ഉച്ചയായതും അത്യാവശ്യം വലിയൊരു റെസ്റ്റോറന്റ് നു മുമ്പിൽ വണ്ടി നിർത്തി…..

വാഷ് റൂമിൽ നിന്ന് കൈ കഴുകി യിറങ്ങി മൂന്ന് പേരും ഒരു ടേബിളിന് ചുറ്റുമായിരിന്നു……

കാശി ഷർട്ടിന്റെ കൈ അല്പം മുകളിലേക്ക് കയറ്റി വെച്ചു…

എന്താ വേണ്ടതെന്നു വെച്ചാ പറഞ്ഞോളൂ..

രണ്ട് പേരോടുമായാണ് അവനത് പറഞ്ഞത്…..

ഫ്രൈഡ് റൈസ് ആൻഡ് ബട്ടർ ചിക്കൻ…..

കാശി അവനുള്ള ഓർഡർ കൊടുക്കുമ്പോൾ വീണക്ക് വേണ്ടതെന്തൊക്കെയോ അവളും പറഞ്ഞു..

പുറത്തൊന്നും പോയി വലിയ ശീലമില്ലാത്തജ് കൊണ്ട് തന്നെ എന്ത്‌ പറയുമെന്നറിയാതെ സൂര്യ ഇരുന്നു….

തനിക്കെന്താ വേണ്ടത്….

മെനു കാർഡിലേക്ക് നോക്കിയിരിക്കുന്നവളുടെ കൈകളിൽ ഒന്ന് തട്ടിയാണ് അവനത് ചോദിച്ചത്…..

എന്തായാലും കുഴപ്പമില്ല..

അവളത് പറയുമ്പോൾ കൂടുതൽ അവളെ പ്രയാസപ്പെടുത്താൻ നിൽക്കാതെ അവൻ തന്നെ ഓർഡർ കൊടുത്തു….

വീണ പരിഹാസത്തോടെ അവളെ യൊന്നു നോക്കി ചിരിച്ചു…..

ഭക്ഷണം മുമ്പിൽ നിരന്നപ്പോഴും ചൂട് പാറുന്ന ഭക്ഷണം കുട്ടികളെ പോൽ കൊത്തി പെറുക്കുന്ന സൂര്യയെ ഒരു ചെറു ചിരിയോടെയാണ് കാശി നോക്കിയത്…..

ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കിയതും അവൻ തന്നെ അവളുടേ പാത്രത്തിലെ ഭക്ഷണം പതിയേ നിരത്തി കൊടുത്തു……

അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ലത്…..

ഒരു കുഞ്ഞിന്നോടെന്ന പോലൊരു വാത്സല്യമായിരുന്നു അവനിൽ കാണാൻ കഴിഞ്ഞത്……

വീണ കൗതുകത്തോടെയാണ് ആ കാഴ്ച കണ്ടത്….

പല തവണ കിരണി നോടൊപ്പം പുറത്തെല്ലാം പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം തനിക്കുണ്ടായിട്ടില്ല….

അവന്റെ പ്രവർത്തിയേക്കാളേറെ അവന്റെ മുഖത്തെ അവളോടുള്ള ആ ഒരു വികാരം അത്ര മേൽ തിളങ്ങിയിരുന്നു…..

വാത്സല്യമോ പ്രണയമോ അതും അതിനപ്പുറം എന്തൊക്കെയോ….

മൂന്ന് പേരും വീണ്ടും യാത്ര തുടരുമ്പോൾ സൂര്യയുടെ മിഴികൾ പതിയേ കൂമ്പിയടഞ്ഞു പോയിരുന്നു…..

വിശാലമായ ആ നെറ്റി തടത്തിൽ ചേർന്നു നിൽക്കുന്ന ആ കുഞ് ചുവന്ന പൊട്ടിനോട് അവന് വല്ലാത്തൊരു അസൂയ തോന്നി…..

അവൾ മയങ്ങി പ്പോയത് കൊണ്ട് തന്നെ അവളറിയാതെ അവളെ നോക്കാനുള്ള ഒരു അവസരം കൂടിയവനു കിട്ടി…

വണ്ടി എവിടെയെങ്കിലും കൊണ്ട് പോയി ഇടിക്കുവോ ആവോ….

ഇടയ്ക്കിടെ അവളെ ശ്രദ്ധിക്കുന്ന അവനെ കാൺകെ വീണ മനസ്സിൽ പിറു പിറുത്തു…..

അപ്പോഴാണ് കാറ്റിൽ മുടിയിഴകൾ അവളുടേ മുഖത്തേക്ക് പാറി വീണത്…

അവൻ ഇടത് കൈ കൊണ്ട് പതിയേ അവ പിറകിലേക്കൊതുക്കി വെച്ചു….

ഒന്നുമറിയാതെ ഉറങ്ങുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു……

ചുവന്ന ചുണ്ടുകൾ കാറ്റടിച്ചതിനാലാവാം വരണ്ടിരിക്കുന്നു…..

നെറ്റിയിൽ പറ്റി ചേർന്ന് കാണുന്ന ആ കുഞ്ഞ് പൊട്ടിനു മീതെ തന്റെ ചുണ്ടുകൾ അമർത്താനാവനു തോന്നി….

വീണ ഇല്ലായിരുന്നെങ്കിൽ തീർച്ചയായും താനങ്ങനെയൊരു സാഹസത്തിനു മുതിർന്നേനെ എന്നവനോർത്തു…..

ഉച്ച തിരിഞ്ഞൊരു നാല് മണിയോടെ അവർ വീട്ടിലെത്തിയിരുന്നു…..

വീട്ടിലെത്തിയപ്പോഴാണ് വീണക്ക് ആശ്വാസം തോന്നിയത്….

അവളെ സ്വീകരിക്കാൻ ജാനകി അവിടെ ഉണ്ടായിരുന്നു….

എന്നാൽ സൂര്യയുടെ കണ്ണുകൾ മുത്തശ്ശിയെയാണ് തിരഞ്ഞത്…..

സ്നേഹ മോൾടെ വളയിടീക്കലായത് കൊണ്ട് മുത്തശ്ശി അങ്ങോട്ട് പോയിരിക്കുകയാണെന്ന് തന്നോട് പറഞ്ഞത് രമ ചേച്ചിയാണ്….

അത് കൊണ്ട് തന്നെ അടുക്കള വീണ്ടും അവരെറ്റെടുത്തിരിക്കുന്നു….

അവൾക്ക് വല്ലാത്ത ക്ഷീണം തോന്നിയിരുന്നു….

കാശി അപ്പോൾ തന്നെ കുളിച്ചൊരു ബനിയനും പാന്റും എടുത്തിട്ട് ബുള്ളറ്റിൽ കയറി പോകുന്നത് കണ്ടു….

അടുത്ത് എങ്ങോട്ടെങ്കിലുമാകുമെന്നവാളൂഹിച്ചു….

ഇരുട്ടി തുടങ്ങിയപ്പോഴേ ഭക്ഷണം കഴിച്ചവൾ കിടന്നു…..

ശരീരത്തിന് വല്ലാത്ത യാത്രാ ക്ഷീണമുണ്ടായിരുന്നു…..

എന്നാൽ കിടക്കും തോറും അവൻ വരട്ടെയെന്നൊരു ചിന്ത അവളിൽ നുരഞ്ഞു പൊന്തി…

ഇത്രയും ദിവസം താനല്ലേ അവന് ഭക്ഷണം കൊടുത്ത് കൊണ്ടിരുന്നത്….

ഇന്നതിന്റെ ആവശ്യമില്ലെന്നറിയാം… എങ്കിലും അവൾക്ക് മനസ്സിനെന്തോ ഒരു പ്രയാസം തോന്നി കിടന്നിടത് നിന്നും എഴുന്നേറ്റു……

ഓരോരുത്തരായി വന്നു ഭക്ഷണം കഴിച്ചു മുറിയിലേക്ക് പോയി…

അപ്പോഴും അവനെത്തിയിട്ടില്ലായിരുന്നു……

വിളമ്പി വെക്കേണ്ട…. ചേച്ചി പോയി കിടന്നോളു ഞാൻ എടുത്ത് കൊടുത്തോളാം…..

നേരം വൈകിയാൽ മേശ മേൽ ഭക്ഷണം വിളമ്പി വെച്ച് അവർ കിടക്കുകയാണ് പതിവ്……

പതിവ് പോലെ അവർ ഭക്ഷണം വിളമ്പി വെക്കാൻ തുടങ്ങുമ്പോഴാണ് അവളത് പറഞ്ഞത്…..

അവർ പോയി കഴിഞ്ഞും അവൾ അവന് വേണ്ടി കാത്തിരുന്നു……

വാച്ച് മാൻ ഗേറ്റ് തുറക്കുന്നതും ഗേറ്റ് കടന്ന് ബുള്ളറ്റ് അകത്തേക്ക് കയറി വരുന്നതും ജനലിലൂടെ കണ്ടത് കൊണ്ട് തന്നെ അവളെഴുന്നേറ്റ് വാതിൽ തുറന്നു…

അവനകത്തേക്ക് കയറുമ്പോൾ അവളെ കണ്ടതും അവന്റെ മുഖമൊന്നു വിടർന്നു….

സാധാരണ താൻ ഇങ്ങനെ വൈകി വരുന്ന ദിവസങ്ങളിലൊന്നും കാത്തിരിക്കാൻ തനിക്കാരുമില്ലായിരുന്നു….

തന്നെയും കാത്തു മേശ മേൽ തണുത്തുറഞ്ഞു ഭക്ഷണം ഇരിക്കുന്നതെന്നൊഴിച്ചാൽ….

എന്നാൽ ഉറക്കം വന്നു തുടങ്ങിയ അവളുടേ മിഴികളിൽ നോക്കുമ്പോൾ അവൾ തനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഓർക്കുമ്പോഴേ അവന്റെ യുള്ളിലൊരു കുളിര് തോന്നി….

അവളവനെ അടിമുടിയൊന്ന് നോക്കി….

അവനാകെ വിയർത്തിട്ടുണ്ട്…..

മുടിയിൽ വിയർപ്പ് കൊണ്ടാവാം വല്ലാത്തൊരു നനവ്……..

ഭക്ഷണം…..

അവൻ അവളെ കടന്ന് മുകളിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അവളത് പറഞ്ഞത്….

ഹാ…. ഞാനൊന്ന് കുളിക്കട്ടെ….
ഫ്രണ്ട്സിനൊപ്പം അൽപ നേരം ബാഡ്മിന്റൺ കളിച്ചായിരുന്നു…
ആകെ വിയർത്തിരിക്കുവാ.

അതും പറഞ് അവൻ കോണിപ്പടികൾ കയറി….

അവൻ വരുന്നത് വരെ അവളും കാത്തിരുന്നു….

അവൻ താഴെക്കിറങ്ങി വരുമ്പോൾ അവൾ ഭക്ഷണം വിളമ്പി തുടങ്ങി….

ഒരു ത്രീ ഫോർത്തും കറുത്ത ബനിയനുമായിരുന്നു അവന്റെ വേഷം…..

ഈ ബനിയൻ നീ പോയത് മുതൽ ഇവിടെ കാണാനില്ലായിരുന്നല്ലോ….
നീ വന്നപ്പോ തിരിച്ചു വരുകയും ചെയ്തല്ലോ…
അതെങ്ങനെ….

അവൻ ഇട്ടിരുന്ന ബനിയനിൽ പിടിച്ചത് പറയുമ്പോൾ ഭക്ഷണം വിളമ്പി കൊണ്ടിരുന്ന അവളൊന്ന് പരുങ്ങി…..

ആ…. എനിക്ക…. റി… യില്ല….
വാക്കുകൾക്ക് നീളം കൂടിയിരുന്നു….

അത് താൻ പോകുമ്പോൾ കൊണ്ട് പോയതാണെന്ന് അവന് മനസ്സിലായിട്ടുണ്ടെന്ന് ആ മുഖത് നിന്നുമറിയാം….

അവൾ വേഗം അടുക്കളയിലേക്ക് നടന്നു…..

രണ്ട് പേരും മുറിയിൽ കയറി കിടക്കുമ്പോഴും അടക്കി പിടിച്ച വാക്കുകൾ അവരെ വീർപ്പു മുട്ടിച്ചിരുന്നു….

എങ്കിലും പരസ്പരം ഒന്നും മിണ്ടാതെ അന്നത്തെ രാത്രിയും കടന്നു പോയി….

എത്രയും പെട്ടെന്ന് കാശിയുടെ മുമ്പിൽ നിരത്താൻ എന്തെങ്കിലും തെളിവുകൾ കണ്ട് പിടിച്ചേ മതിയാവു എന്നവൾ മനസ്സിലുറപ്പിച്ചിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേ ദിവസം ഉച്ചയോടടുത്ത സമയം ജാനകി കുളി മുറിയിലാണെന്നത് ഉറപ്പ് വരുത്തി കൊണ്ടവൾ ആ മുറിയിലേക്ക് കടന്നു……

എന്തെങ്കിലും തനിക്കൊരു തെളിവ് അവിടെ നിന്ന് കിട്ടാതിരിക്കില്ലെന്ന് അവൾക്കും ഉറപ്പായിരുന്നു……

(തുടരും)

അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യൂ….ഇന്ന് തന്നെ ഉണ്ട്