രചന – ആയിഷ അക്ബർ
എല്ലാവരും ഒരുങ്ങിക്കോളൂ….
നമുക്ക് എല്ലാവർക്കും കൂടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഇന്ന് പോകണം…. നാളെ തന്നെ നമ്മൾ നാട്ടിലേക്ക് മടങ്ങും…..
രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ശങ്കരനത് പറഞ്ഞത്….
നാട്ടിലേക്ക് പോകുന്നു എന്നോർക്കുമ്പോൾ കാശിയുടെ മുഖത് പടർന്ന നിരാശ ഒപ്പിയെടുത്ത സൂര്യയുടെ ഹൃദയത്തിൽ പടർന്നത് ഒരു തരം പ്രയാസമായിരുന്നു…..
പോകുന്നത് അവരാണോ അതോ ഞങ്ങളാണോ എന്നത് അവൾ സ്വയം ചോദിച്ചു….
എന്താ അച്ഛാ… ഇത്ര പെട്ടെന്ന്….. ഒരാഴ്ച നിന്നിട്ട് പോകാമെന്നു അച്ഛൻ പറഞ്ഞിരുന്നതല്ലേ…..
ശങ്കരൻറെ വാക്കുകൾ കേട്ട് വീണ സങ്കടത്തോടെ കിരണിനെ നോക്കിയപ്പോഴായിരുന്നു കിരൺ അച്ഛനോടത് ചോദിച്ചത്…..
ആ…. ഞാനും അങ്ങനെയാ വിചാരിച്ചിരുന്നത്….. എന്നാൽ ഓഫീസിൽ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ട്…..അത് കൊണ്ട് നാളെ പുറപ്പെട്ടെ മതിയാകു…..
അത് കേട്ടതും വാടിയ വീണയുടെ മുഖം കണ്ട് കിരണിനും സങ്കടം തോന്നിയിരുന്നു…
നാട്ടിൽ നിന്നും വിട്ട് പോകാൻ കുറച്ച് സമയം കൂടെ കിട്ടുമെന്ന പ്രതീക്ഷയെ തല്ലി കെടുത്തിയ കുഞ്ഞ് നൊമ്പരത്തിലിരിക്കുന്നവൾക്ക് അരികിൽ കനലെറിയുന്ന ഹൃദയവുമായിരിക്കുന്നവളെ കാണാൻ കഴിഞ്ഞിരുന്നില്ല….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കുളിച്ചൊരുങ്ങി അവർക്കൊപ്പം സൂര്യയും മാറ്റി തുടങ്ങി…..
ഉള്ളതിൽ അവൾക്കിഷ്ടപ്പെട്ട ഒരു സാരിയെ
ഞൊറിഞ്ഞുടുത് കാതിൽ ഒരു കമ്മലെടുത്തിടുമ്പോഴായിരുന്നു മുറിയുടെ വാതിൽക്കൽ പിന്തിരിഞ്ഞ് നിൽക്കുന്നവനെ കാണുന്നത്……
തന്നെ കണ്ടത് കൊണ്ടായിരിക്കാം അവൻ അവിടെ തന്നെ നിൽക്കുന്നതെന്ന് അവളുഹിച്ചു….
അവൾ വേഗം മുറിയിൽ നിന്നും ഇറങ്ങി കൊടുക്കുമ്പോൾ അവൻ അവളുടേ മുഖത്ത് പോലും നോക്കാതെ മുറിയിലേക്ക് കയറി..
അപ്പോഴും അവളുടേ മനസ്സ് തീ ചൂളയിലെന്ന പോൽ വേവുന്നുണ്ടായിരുന്നു….
എന്തായിരിക്കും അവന്റെ ഉദ്ദേശം…..
അവരുടെ ഇടയിൽ നടന്നതൊന്നും ഞാൻ അറിഞ്ഞത് അവനിപ്പോഴും അറിയില്ല…
എന്നിട്ടും അവൻ അവഗണിക്കുന്നതിന്റെ കാരണം തന്നെ അറിയിക്കാൻ ശ്രമിക്കാത്തതെന്താണ്….
ഒരു പക്ഷെ താൻ ചോദിക്കാനോ അറിയാനോ ശ്രമിക്കാതെ അവനിൽ നിന്നകന്ന് നില്കുന്നത് കൊണ്ടാവാം….
അതുമല്ലെങ്കിൽ ഇന്നത്തോടെ എല്ലാം പറഞ്ഞ് തീർക്കാനായിരിക്കും….
ഒരു ദിവസത്തിന് വേണ്ടി തന്നെ ഒന്നും പറഞ്ഞ് ബോധിപ്പിക്കേണ്ടെന്ന് അവന് തോന്നിയിട്ടുണ്ടാവും…..
കല്യാണം കഴിഞ്ഞ് പിറ്റേന്ന് വീട്ടിൽ കൊണ്ട് വിട്ട പെണ്ണിനോട് ചുറ്റുമുള്ള എല്ലാവരുടെയും സമീപനം മനസ്സിൽ വന്നെങ്കിലും അതെല്ലാം നേരിടാൻ അവൾ മനസ്സിനെ പ്രാപ്തയാക്കിയിരുന്നു.. എന്നാൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നിറഞ്ഞ മിഴികൾ ഓർക്കുമ്പോൾ ഭൂമിയോന്ന് നിലച്ചു പോയെങ്കിൽ എന്നവൾക്ക് തോന്നി…..
അത്രത്തോളം അവരുടെ ദുഃഖം അവളെ കീറി മുറിക്കുന്നുണ്ടായിരുന്നു…..
അവന്റെ കൂടെ ഒരു ജീവിതം അവൾ സ്വപ്നത്തിൽ പോലും ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി മുത്തശ്ശനെയും മുത്തശ്ശിയെയും ഓർക്കുമ്പോൾ തന്റെ പ്രായസങ്ങളെ കുഴിച്ചു മൂടിയാണെങ്കിലും കഴിയുന്നത്ര ദിവസങ്ങളെങ്കിലും അവർക്ക് ആശ്വാസം നൽകണമെന്ന് മനസ് പറഞ്ഞ് കൊണ്ടിരിക്കുന്നു…
എന്നാൽ ഒന്നും തന്റെ കയ്യില്ലല്ലോ…
തന്റെ ജീവിതത്തിൽ താൻ തന്നെ ഒരു നോക്കു കുത്തിയാകുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവളറിയുകയായിരുന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സൂര്യ ഉമ്മറത്തേക്ക് വന്നപ്പോൾ എല്ലാവരും ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു….
വീണയെയും സൂര്യയെയും മാറി മാറി നോക്കി കിരണൊരു ചിരിയമർത്തുന്നത് സൂര്യ കണ്ടിരുന്നു..
എന്തോ വെട്ടി പിടിച്ചൊരു ഭാവം അവനിൽ നിറഞ്ഞു നിന്നിരുന്നു…..
സൂര്യക്ക് പുച്ഛം തോന്നി….
കിരണിന്റെ നോട്ടവും ചിരിയും കണ്ടത് കൊണ്ടാവാം വീണ അഭിമാനത്തോടെ നിന്നത്….
പോകാനുള്ള രണ്ട് കാറുകൾ വന്നെങ്കിലും കാശി അപ്പോഴും മാറ്റിയെത്തിയിട്ടില്ലായിരുന്നു….
കാശി…..
ശങ്കരൻ നീട്ടി വിളിച്ചു…
ദാ വരുന്നു അച്ഛാ..
കാശിയുടെ ശബ്ദം പതിയേ അവരിലേക്കെത്തി….
ആ എങ്കി നമുക്കിറങ്ങാം….
സൂര്യ….
മോള് കാശ്ശിയോടൊപ്പം ആ കാറിൽ വന്നാൽ മതി….
അത് പറഞ്ഞു കൊണ്ട് ശങ്കരനിറങ്ങിയതും കൂടെ ഇറങ്ങേണ്ടത് നിർബന്ധിതമായ കിരണിന്റെയും വീണയുടെയും മുഖത്ത് ഒരു നിരാശ പടർന്നു….
ഒരു പക്ഷേ തനിച്ചോരു കാറിൽ പോകണമെന്ന് അവർ ആഗ്രഹിച്ചത് കൊണ്ടാവാം അത്….
എന്നാൽ അവനോടോപ്പം തനിച് പോകേണ്ട അവസ്ഥ ആലോചിച് തൊണ്ട വരളുകയായിരുന്നു സൂര്യക്കന്നേരം…..
അവർ പോയതും കാശി പുറത്തേക്ക് വന്നു….
അവർ പോയെന്ന് മനസ്സിലായതും അവൻ കാറിൽ കയറി….
പിറകെ അവളും…..
അറിയാതെ പോലും അവളിലേക്കൊരു നോട്ടം പാറി വീഴാതിരിക്കാൻ അവൻ പുറത്തേക്ക് നോട്ടം പായിച്ചു…..
അവനെ ശ്രദ്ധിക്കേണ്ടത് അവളുടെയും ആവശ്യമല്ലെന്ന ഭാവത്തിൽ അവളും കണ്ട് പരിചിതമായ ആ നാട്ടു കാഴ്ചകളിലേക്ക് ശ്രദ്ധ പതിപ്പിച്ചു…..
എങ്കിലും അവൻ അരികിലുള്ള നിമിഷങ്ങളത്രയും താനേറ്റ് വാങ്ങുന്ന അവഗണന യുടെ ആഴം എത്രത്തോളമാണെന്ന് അവൾ അളന്നെടുക്കുകയായിരുന്നു…..
ചിരിച്ചും കളിച്ചും തൊട്ടും തലോടിയും മതി മറന്ന് ആനന്ദിക്കുന്ന വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവർക്കിടയിലുള്ള അകലം കാറിന്റെ സീറ്റിലും പ്രകടമായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സൂര്യയും കാശിയും സഞ്ചരിച്ച കാർ തറവാട് മുറ്റത്തേക്കെത്തി യപ്പോൾ എല്ലാവരും ഉമ്മറത്തേക്ക് കയറിയിട്ടുണ്ടായിരുന്നു…
കാശിയും സൂര്യയും ഇറങ്ങിയതും എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് നീങ്ങി….
സൂര്യയെ എല്ലാവർക്കും കണ്ട് പരിചിതമായിരുന്നത് കൊണ്ട് തന്നെ ഉമ്മറത്തു നിരന്നു നിന്നിരുന്ന സൂര്യയുടെ ബന്ധുക്കളുടെ നോട്ടം മുഴുവൻ കാശ്ശിയിലേക്കായിരുന്നു….
എല്ലാവരും അവനെ നോക്കുന്നത് കണ്ടാണ് സൂര്യയും അവനെ നോക്കിയത്…..
മുന്തിരി നിറത്തിലുള്ള ജുബ്ബയും ഒരു മുണ്ടുമായിരുന്നു അവന്റെ വേഷം….
ഒരു വശത്തേക്ക് ചീകിയൊതുക്കിയ മുടിയും വെട്ടിയോതുക്കിയ താടിയും അവന്റെ ഭംഗി കൂട്ടിയിരുന്നു…..
തിണ്ണയിലേക്ക് കയറിയതും അവനെല്ലാവർക്ക് നേരെയും ഒന്ന് പുഞ്ചിരിക്കുമ്പോൾ ആദ്യമായായിരുന്നു അവന്റെ പല്ലുകളുടെ ഭംഗി അവൾ കാണുന്നത്….
മുത്തശ്ശനും മുത്തശ്ശിയും തങ്ങളുടെ നേർക്കൊടി വന്നു…..
അവരെ കണ്ടതും അവൻ ഏറെ ബഹുമാനത്തോടെ അവരുടെ കാൽക്കലേക്ക് വീണു ….
അവനെ എഴുന്നേൽപ്പിച്ചു വില കൂടിയ വാച് കെട്ടിയ കയ്യിൽ പിടിച്ചു കൊണ്ട് മുത്തശ്ശൻ അവനെ ചേർത്ത് പിടിക്കുമ്പോൾ പറയണോ വേണ്ടയൊ എന്ന സംശയതാൽ അവന്റെ മനസ്സിൽ കരുതിയതൊക്കെ എങ്ങോ മാഞ്ഞു പോയിരുന്നു….
ആനന്ദത്താൽ ആ കണ്ണുകൾ തന്റെ കുപ്പായതെ നനക്കുമ്പോൾ ഇവളെ ഇവിടെ നിർത്തി പോകുകയാണെന്ന് പറയാൻ കഴിയുന്ന അത്ര കല്ലല്ലോ തന്റെ മനസ്സ്…..
അവൻ അവരിൽ നിന്നകന്ന് മാറുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു വരുമോയെന്നവൻ ഭയന്നു….
മുന്പേ വന്ന തങ്ങളെക്കാൾ എന്തോ ഒരു പ്രത്യേകത സൂര്യയും കാശിയും വന്നപ്പോൾ ഉള്ളതായി വീണക്കും കിരണിനും തോന്നി…..
താനും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങിക്കാൻ കാലിലേക്ക് വീഴെണ്ടതായിരുന്നു…..
കിരണിന് കുറ്റബോധം തോന്നി…..
എന്നാൽ കാലിലേക്ക് വീണത് മാത്രമല്ല പെരുമാറ്റത്തിലും സംസാരത്തിലും കിരണിനില്ലാത്ത വല്ലാത്തൊരു പ്രത്യേകത കാശിയിലുള്ളതായി വീണക്ക് തോന്നിയിരുന്നു…
കുശുമ്പിനാൽ അവനെ നഷ്ടപ്പെടുത്തിയ കുറ്റബോധം ഹൃദയത്തെ കീഴ്പ്പെടുത്തുമ്പോഴും അപ്പച്ചിയുടെ വാക്കുകൾ വീണയുടെ കാതുകളിൽ നിറഞ്ഞു നിന്നിരുന്നു….
അതവളിലൊരു ആശ്വാസത്തിനിടം നൽകി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എല്ലാവരും കോലായിലിരുന്ന് സംസാരത്തിലാണ്….
വീണക്ക് ചുറ്റും ചെറിയമ്മയും മറ്റുള്ള വരെല്ലാം കൂടി നിന്നിട്ടുണ്ട്….
സൂര്യ തന്റെ മുറിയിലേക്ക് കയറി….
മാലയിട്ട് വെച്ച അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി….
വാതിലടച്ചു അവരിലേക്ക് നോക്കിയതും സങ്കടങ്ങൾ അണ പൊട്ടിയോഴുകുകയായിരുന്നു……
എന്നും തനിക്കവരോട് പങ്കു വെക്കാനുള്ളത് സങ്കടങ്ങളായിരുന്നു….
ഇന്നതേറിയെന്ന് മാത്രം….
അല്ലാ….എന്നും സങ്കടം കേട്ടവർക്ക് മടുത്തിട്ടുണ്ടാകും…. എന്നാ ഇനി സന്തോഷം പറയാൻ വരിക….
ജനലിലൂടെ കേട്ട ആ ശബ്ദത്തിലേക്ക് പെട്ടെന്നവളുടെ മിഴികൾ പതിഞ്ഞു നിന്നു…..
(തുടരും )

by