23/04/2026

അതിസുന്ദരി : ഭാഗം 05

രചന – ആയിഷ അക്ബർ

മുറിയിലെത്തിയതും ഓടി അവൾ കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു…..

ഇരു മിഴികളിലൂടെ ഒലിച്ചിറങ്ങുന്ന കാണുനീരിന്റെ ചൂടിനാൽ ഹൃദയം വേവുന്നത് അവളറിഞ്ഞിരുന്നു……

അവൻ ഇഷ്ടപ്പെട്ടത് വീണയെ ആയിരുന്നോ….

മുന്പേ ഇത് താനറിഞ്ഞിരുന്നുവെങ്കിൽ അവന്റെ താലിയൊരിക്കലും തന്റെ കഴുത്തിൽ വീഴില്ലെന്നവൾക്കുറപ്പായിരുന്നു …..

ഇനിയെന്ത് ചെയ്യാൻ കഴിയും…… സമയം ഒത്തിരി കടന്ന് പ്പോയി….

അതും തന്നെ പാടേ പരാചയപ്പെടുത്തി കൊണ്ട്…

തന്റെ ഫോട്ടോ കണ്ടവനിഷ്ടപ്പെടുമെന്ന് താനൊരിക്കൽ പോലും സ്വപ്നം കണ്ടിട്ടില്ല…

അവന് തന്നെ ഇഷ്ടപ്പെട്ടെന്ന് പറയുമ്പോഴും മനസ്സതിനെയൊർത് മതി മറന്ന് സന്തോഷിച്ചിട്ടില്ല…

തന്നെ അത്രയേറെ സന്തോഷിപ്പിച്ചത് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്തെ സന്തോഷം മാത്രമായിരുന്നു….

അച്ഛനും അമ്മയും മരിച്ചപ്പോഴും അവരുടെ സ്ഥാനത് തന്നെ വളർത്തി വലുതാക്കിയത് അവരായിരുന്നു….

നിറത്തിന്റെ പേരിൽ എലാവരും ഒറ്റപ്പെടുത്തുമ്പോഴും എന്റെ മോള് സുന്ദരിയാണെന്ന് പറഞ്ഞത് അവർ മാത്രമായിരുന്നു…..

അതവർക്കെന്നോടുള്ള സ്നേഹത്താൽ കാഴ്ച്ച മങ്ങിപ്പോയതാവാം…
അതുമല്ലെങ്കിൽ എന്നെ ആശ്വസിപ്പിക്കാനായിരിക്കാം……

അവളിൽ വേദന കലർന്ന പുച്ഛം നിറഞ്ഞു….

അപ്പച്ചി എനിക്ക് അവന്റെയൊരു ഫോട്ടോ കാണിച്ചു തരുമ്പോൾ സുമുഖനായ ആ ചെറുപ്പക്കാരൻ തന്റെ കനവുകളിലേക്ക് നീങ്ങി വന്നു തുടങ്ങിയിരുന്നു…..

ഓഹ്…. എന്തൊരു ഭംഗിയാ ചെക്കനെ കാണാൻ… അവളുടേ ഭാഗ്യം….
കറുത്തിരുണ്ട ഇവൾക്ക് ഇങ്ങനൊരു ചെക്കനെ കിട്ടിയല്ലോ…..

തന്നെ കേൾപ്പിച്ചും കേൾപ്പിക്കാതെയും അടക്കി പറച്ചിലുകൾ തുടർന്നിരുന്നു…..

വീണ മോളേ ചെക്കനെക്കാൾ സുന്ദരൻ സൂര്യ മോളുടെ ചെക്കനാണ്…..

വലിയമ്മ ചിരിച്ചു കൊണ്ടത് പറയുമ്പോൾ വീണയുടെ മുഖം മാറുന്നത് താൻ കണ്ടതായിരുന്നു….

എന്നാൽ അവളെയാണ് അവനാഗ്രഹിച്ചതെന്ന് അവളറിഞ്ഞിരുന്നെങ്കിൽ..

തന്നെ അവനിഷ്ടപ്പെട്ടെന്ന് അപ്പച്ചി പറയുമ്പോൾ താനളന്നത് ആ മനസ്സിന്റെ വിശാലതയായിരുന്നു…….

അത്രയും നല്ല മനസ്സുള്ളവർക്കേ തന്നെ പോലൊരുത്തിയെ സ്വീകരിക്കാൻ കഴിയു എന്ന തോന്നൽ സ്വയം വന്നത് കൊണ്ടാവാം അത്……

എന്നാൽ തന്റെ മുഖം അവൻ ആദ്യമായി കാണുന്നത് ആ കല്യാണ പന്തലിൽ വെച്ചാണെന്ന് അന്നവന്റെ മുഖത്ത് കണ്ട ഞെട്ടലിൽ നിന്നും താൻ മനസ്സിലാക്കേണ്ടതായിരുന്നു……

ഓർക്കും തോറും ഹൃദയത്തിന്റെ ഭാരം കൂടി വരുന്നതിനനുസരിച് കണ്ണുനീരിന്റെ പ്രവാഹവും കൂടി കൊണ്ടിരുന്നു…..

അവന്റെ മുഖത്തെ ദേഷ്യവും ഭാവവും അപ്പച്ചിയോടുള്ള അവന്റെ സംസാരവും കേൾക്കുമ്പോൾ തന്നെ ഇവിടെ നിന്ന് കൂട്ടി കൊണ്ട് പോകാൻ പോലും അവൻ തുനിയില്ലെന്ന് തന്റെ മനസ്സ് പറയുന്നു…..

അപ്പോഴും നിറഞ്ഞു വരുന്ന മിഴികളാൽ തേങ്ങലിനെ അടക്കി പിടിച്ചു നിർത്തുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖം അവളുടേ ഓർമയിൽ തെളിഞ്ഞു വന്നു….

അവരെ കുറിച്ചാലോചിക്കുമ്പോൾ മാത്രം തന്റെ ഹൃദയം ഇത്രയേറെ നോവുന്നതെന്തിനെന്ന് തനിക്കറിയുന്നില്ല…..

അല്ലെങ്കിലും അത് തന്നെയാണ് ഒരു കണക്കിന് നല്ലത്….

പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞവൻ തിരുത്തി തന്നെ ജീവിതത്തിൽ നിന്നൊഴിവാക്കുകയാണ് നല്ലത്….

ഒരിക്കലും സ്നേഹിക്കാൻ കഴിയാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് അത് തന്നെയല്ലേ…

അപ്പൊഴും തന്നെയോർത്ത ദുഖിക്കു ന്ന വൃദ്ധ ഹൃദയങ്ങൾ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു…..

മനോഹരമായി വിരിച്ചിട്ട ആ ബെഡ് ഷീറ്റ് അവളുടേ കണ്ണിനീറിനാൽ കുതിർന്നിരുന്നു……

അവൻ ഇപ്പോൾ തന്നെ തന്നെ ഉപേക്ഷിച്ചു പോകുകയാണ് നല്ലതെന്ന് താൻ സ്വയം ആശ്വസിപ്പിക്കുമ്പോഴും അങ്ങനെ അല്ലായിരുന്നെങ്കിലെന്ന് മനസ്സ് അത്ര മേൽ കൊതിക്കുന്നത് അവളറിഞ്ഞിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കാശി അപ്പോഴും അതേ ഇരിപ്പായിരുന്നു…..

അമ്മ ചെയ്ത തെറ്റിനെ എത്ര മനോഹരമായി ന്യായീകരിക്കുന്നു…..

അവന് പുച്ഛം തോന്നി….

എന്നും അച്ഛൻ തനിക്കായിരുന്നു എല്ലാത്തിനും മുൻഗണന നൽകിയിരുന്നത്…. അതിൽ കിരണിനുള്ള ദേഷ്യം പോലെ തന്നെ അമ്മക്കുള്ള താല്പര്യ കുറവും തനിക്കറിയാം….

എന്നാൽ അതച്ഛനെ പേടിച് പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം……

അതിലവരെയും കുറ്റം പറയാനോക്കില്ലല്ലോ….
എവിടെ നിന്നോ വന്ന് കയറിയ ഒരുത്തനു അവർ കാണിക്കുന്ന ദയ തന്നെ അധികമല്ലേ…..

എങ്കിലും ഇത്രയും വലിയൊരു ചതി താൻ പ്രതീക്ഷിച്ചിട്ടില്ല….

അച്ഛനും കൂടി അറിഞ്ഞു കൊണ്ടാണെന്ന് കരുതി അച്ഛനെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് താനും ആ ഫോട്ടോ പോലും നോക്കാതെ വിവാഹത്തിന് സമ്മതിച്ചത്…..

ഇനിയെന്ത് ചെയ്യാൻ പറ്റും….

ഒരിക്കലും സ്നേഹിക്കാൻ കഴിയാത്ത അവളോടൊപ്പം പറ്റുന്നിടത്തോളം തള്ളി നീക്കണോ അതോ എല്ലാം തുറന്ന് പറഞ്ഞ് അവളെ ഇവിടെ വിട്ടിട്ട് പോകണോ….

കാശി….. നീ കിടന്നില്ലേ മോനെ…..

പെട്ടെന്ന് പിറകിൽ നിന്നും ശങ്കരന്റെ ചോദ്യം കേട്ടതും അവൻ അവിടെ നിന്നുമെഴുന്നേറ്റു….

ഇല്ലാ … കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു…. അത് തീർക്കട്ടെയെന്ന് കരുതി….

അടഞ്ഞു കിടക്കുന്ന ലാപ്ടോപിലേക്ക് ചൂണ്ടി അവനത് പറഞ്ഞ് നിർത്തുമ്പോൾ അയാൾ കാശിയുടെ തോളിൽ കൈ വെച്ചു….

ഇന്നിനി വർക്ക്‌ ഒക്കെ മതി…. മോന് പ്പോയി കിടന്നോ….

വാത്സല്യത്തോടെ അയാളത് പറയുമ്പോൾ ലാപ് ടോപ് പോലും അവിടെ തന്നെ വെച്ച് അവൻ മുറിയിലേക്ക് നടന്നു……

ഞാൻ അവളെ വേണ്ടെന്ന് പറഞ്ഞാൽ തന്നെ അത്രയേറെ സ്നേഹിക്കുന്ന അച്ഛനത് നാണക്കേടാകുമായിരിക്കുമെന്നവമോർത്തു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൻ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അവൾ ഉറങ്ങിയിരുന്നു…..

അതവനിൽ തീർത്ത ആശ്വാസം ചെറുതായിരുന്നില്ല…..

അവൻ കട്ടിലിന്റെ ഓരത്തേക്ക് ചേർന്നു കിടന്നു…..

അവൻ കിടന്നെന്ന് തോന്നിയതും നിദ്ര നടിച്ച് കിടന്ന നിറഞ്ഞു തുളുമ്പുന്ന മിഴികൾ അവൾ പതിയേ തുറന്നു …..

ഇരുട്ടിൽ അവളിൽ നിന്നുതീർന്നു വീഴുന്ന കണ്ണു നീരിനെ കാണാൻ ആരുമില്ലെന്നത് അവളിലുള്ള തിരിച്ചറിവായിരുന്നു…

അവന്റെ അവഗണന അത്രമേൽ തന്നെ സങ്കടപ്പെടുത്തുന്നത് കൊണ്ട് തന്നെയാണ് അവൾ മിഴികളടച്ചു കിടന്നത്…….

കട്ടിലിൽ തങ്ങൾക്കിടയിൽ തീർത്ത അകലതേക്കാൾ ജീവിതത്തിൽ അകലമുണ്ടെന്നത് അവൾ തിരിച്ചറിയുകയായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അതി രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞവൾ മുറിയിലേക്ക് വന്നതും സൂര്യ രശ്മികൾ ചെറുതായി ഭൂമിയിലേക്ക് എത്തി നോക്കി തുടങ്ങിയിരുന്നു…..

ആ കുഞ്ഞ് വെളിച്ചത്തിൽ അവന്റെ മുഖം അവൾ നോക്കി നിന്നു….

തന്നെ കാണുമ്പോൾ വലിഞ്ഞു മുറുകി താഴേക്ക് നോക്കി പോകുന്ന ആ മുഖത്തേക്കാൾ സുന്ദരമായൊരു ഭാവം അവനിൽ തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി….

എല്ലാം മറന്നുറങ്ങുമ്പോൾ ഒരു കുഞ്ഞ് പുഞ്ചിരി അവനിലുണ്ടോ എന്നവൾ ശ്രദ്ധിച്ചു….

ഇത് വരെ ചിരിച്ചു കണ്ടിട്ടില്ലാത്ത അവന്റെ പുഞ്ചിരി എങ്ങനെയായിരിക്കുമെന്നും അവൾ ചിന്തിച്ചു…..

ഞാൻ അവളുടേ ഫോട്ടോ കണ്ടിട്ടില്ല….

അവന്റെയാ വാക്കുകൾ നെഞ്ചിൽ പതിച്ചപ്പോൾ അവൾ പെട്ടെന്ന് അവന്റെ ഓർമയിൽ നിന്ന് മുക്തയായി…..

നിറഞ്ഞ മിഴികൾ ഇരു കൈ കൊണ്ടും അമർത്തി തുടച്ചവൾ അടുക്കളയിലേക്ക് നടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആരും എഴുന്നേറ്റ് വരാത്ത ആ അടുക്കളയിൽ അവൾ അവൾക്ക് പരിചയമുള്ളത് പോലെ ജോലികൾ ചെയ്ത് തുടങ്ങി……

കുറച് കഴിഞ്ഞപ്പോഴേക്കും ജാനകിയും എഴുന്നേറ്റ് വന്നെങ്കിലും അവർ തമ്മിൽ വലിയൊരു സംസാരമൊന്നുമുണ്ടായില്ല….

ചായയിൽ പഞ്ചസാര ഇട്ടിരുന്നോ….

തേങ്ങ ചിരവിയത് ഇത്ര മതിയോ…..

അങ്ങനെ കുറച് വാക്കുകളിൽ മാത്രം അവരുടെ സംസാരങ്ങൾ ഒതുങ്ങി…..

വീണ എഴുന്നേറ്റ് വന്നത് അല്പം വൈകിയാണെങ്കിലും പുഞ്ചിരിച്ചു കൊണ്ട് കുശലം പറഞ്ഞ് കൊണ്ടായിരുന്നു അവൾ നിന്നത്….

അപ്പച്ചിയും അത്രയേറെ സന്തോഷത്തോടെ അവളോട് സംസാരിച്ചിരുന്നു…..

അവർ തന്നിൽ ചുമത്തുന്ന ഒരകലം കൊണ്ടാവാം തനിക്കും അവരോട് അടുക്കാൻ കഴിയാത്തതെന്ന് അവളോർത്തു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറ്റം തൂക്കുമ്പോഴും അവൾ ചുറ്റും നടന്നു….

ആ വീടിന്റെ ഓരോ മാറ്റങ്ങളും അവൾക്കറിയുന്നുണ്ടായിരുന്നു…..

എഴുന്നേറ്റ് വരുന്ന കാശി കാണുന്നത് ചൂൽ കൈയിൽ പിടിച് മാവിന്റെ മുകളിലേക്ക് നോക്കി നിൽക്കുന്ന സൂര്യയെയാണ്….

അവളവിടെ ഉണ്ടെന്ന് അവനോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയാണ് ആ വഴി വന്നത്…..

അവൻ അവളെ കണ്ടതും പെട്ടെന്ന് നോട്ടം മാറ്റി….

മാവിന്റെ മുകളിൽ നിന്നും കണ്ണുകളെടുത്തപ്പോഴാണ് സൂര്യയും അവനെ കാണുന്നത്…..

താൻ വഴിയിൽ നിൽക്കുന്നത് കൊണ്ട് തന്നെ അതിലെ പോകാനുള്ള അവന്റെ പ്രയാസവും തന്നിലേക്ക് നോക്കേണ്ടി വരുമോയെന്ന വെപ്രാളവും അവന്റെ മുഖത്തുള്ളതായി അവൾക്ക് തോന്നി….

അവൾക്ക് പുച്ഛം തോന്നി….

അവനെ കണ്ടില്ലെന്ന മട്ടിൽ അവൾ അവിടെ നിന്നും മാറി നിൽക്കുമ്പോൾ കാശി ആഗ്രഹിച്ചത് അതായിരുന്നെങ്കിൽ കൂടി അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് സംശയങ്ങളായിരുന്നു…..

ഇന്നലെ തന്നിലേക്ക് പാറി വീഴുന്ന ആ നോട്ടങ്ങൾ ഇന്നവളിലില്ല….

ഒരു പക്ഷേ തന്റെ അവഗണന അവളറിയുന്നുണ്ടായിരിയ്ക്കാം…..

അവന് വല്ലാത്തൊരു പ്രയാസം തോന്നി….

(തുടരും )